ഈ മനുഷ്യന് എല്ലായിടത്തും ഉണ്ട്. പല വേഷത്തിലും പല രൂപത്തിലും ഇദ്ദേഹം നിങ്ങളുടെ ഒപ്പം കൂടും. ആദ്യനോട്ടത്തില്‍ പാവത്താനെ പോലെ ഇരിക്കുമെങ്കിലും ആക്രമണം തുടങ്ങിയാല്‍ പിന്നെ ജീവനും കൊണ്ടു ഓടുക മാത്രമേ ഒരു പോംവഴി ഉള്ളൂ. ആരാണ് ബോംബര്‍മാന്‍ ? എന്താണ് ഇത്ര ഭയപ്പെടാനുള്ളത് ? പറയാം.... അതിനു മുന്‍പ് ബോംബര്‍മാന്റെ ആക്രമണത്തില്‍ നിന്നും ജീവനും കൊണ്ടു രക്ഷപെട്ട രണ്ട് ചെറുപ്പക്കാരെ നമുക്ക് പരിചയപ്പെടാം - ദാസപ്പന് & ബിനു !
ഹൈദരാബാദ് തേപ്പ് കഴിഞ്ഞ് ദാസപ്പനെയും ബിനുവിനെയും ഞാന്‍ ട്രെയിനില്‍ തിരികെ യാത്രയാക്കുന്നു. AC കോച്ചില്‍ നഴ്സിംഗ് പഠിക്കാന്‍ വരുന്ന തരുണീ മണികളുടെ ഇടയില്‍ ഇരുന്നോണ്ട് ഒരു ഉല്ലാസ യാത്ര സ്വപ്നം കണ്ട അവന്മാരെ ഒരു ആന്ധ്രാ ഫാമിലിയിലെ രണ്ട് അമ്മച്ചിമാരുടെ ഇടയില്‍ പ്രതിഷ്ടിച്ചിട്ടു ടാറ്റാ പറഞ്ഞു ഞാന്‍ പോന്നു.വരാനിരിക്കുന്ന മാരക തേപ്പിനെ കുറിച്ച് പാവങ്ങള്‍ അറിയുന്നില്ലല്ലോ !
പിറ്റേ ദിവസം രാവിലെ ആന്ധ്രാ കുടുംബം ഏതോ സ്റ്റേഷനില്‍ ഇറങ്ങി പോയി. കോച്ച് കാലിയായി തുടങ്ങി. സമയം ഉച്ചക്ക് 12:30. തൃശൂര്‍ സ്റ്റേഷനില്‍ വണ്ടി എത്തി ചേര്‍ന്നു. ദാസപ്പനും ബിനുവും ഊണ് പാര്‍സല്‍ മേടിച്ചത് കഴിക്കാന്‍ തുടങ്ങി. ട്രെയിന്‍ പതുക്കെ അനങ്ങി തുടങ്ങിയപ്പോള്‍ അവര്‍ ഇരിക്കുന്ന കോച്ചില്‍ അയാള്‍ എത്തിച്ചേര്‍ന്നു - സാക്ഷാല്‍ ബോംബര്‍മാന്‍! ഇദ്ദേഹത്തെ നമുക്ക് മിസ്റ്റര്‍ B എന്ന് വിളിക്കാം.ഊണ് കഴിക്കല്‍ കോമ്പടീഷന് നടുവിലേക്ക് ഒരു ചെറു പുഞ്ചിരിയോടെ ആ ആജാനുബാഹു കടന്നു വന്നു. 'നമ്മളെ നോക്കി ചിരിക്കാന്‍ ഇയാളാരുവ്വാ' എന്ന മട്ടില്‍ അവരും തിരിച്ചു ഒരു ചിരി പാസ് ആക്കി. അവര്‍ ഇരിക്കുന്ന അതേ വശത്തുള്ള ഒറ്റ സീറ്റില്‍ ആ മനുഷ്യന് ഇരിപ്പുറച്ചു. എന്നിട്ട് മിസ്റ്റര്‍ B കലാപരിപാടികള്‍ ആരംഭിച്ചു. ആദ്യം ബാഗ് തുറന്നു ഒരു പൊതി പുറത്തെടുത്തു. നല്ല ബെസ്റ്റ് കപ്പയും മീന്‍കറിയും. ദാസപ്പനും ബിനുവും കഴിച്ചു തീരും മുന്‍പേ പുള്ളിക്കാരന് ഒരു കിലോയോളം വരുന്ന കപ്പ മുഴുവന്‍ തിന്നു ഏമ്പക്കം വിട്ടു. പിന്നെ ആര്‍ക്കും ശല്യം ഉണ്ടാക്കാതെ ഒരു പുസ്തകവും തുറന്നു പിടിച്ചു അതില്‍ മുഴുകി ഇരിപ്പായി. ബിനുവും ദാസപ്പനും അപ്പോഴേക്കും ആ ചെറിയ സ്ഥലം അവരുടെ തറവാട് സ്വത്താക്കി പ്രഖ്യാപിച്ചു ലാപ് ടോപ് ഒക്കെ പുറത്തെടുത്തു പാട്ടും കേട്ട് ഇരിപ്പ് തുടര്‍ന്നു.
ഒരു മണിക്കൂര്‍ നേരം പ്രശ്നമൊന്നുമില്ലാതെ യാത്ര തുടര്‍ന്നു. പെട്ടന്നാണ് ഒരു ഒച്ച കേട്ടത്. ചീറ്റിയ പടക്കത്തിന് തീ കൊളുത്തുമ്പോള്‍ ഉണ്ടാവുന്ന ശബ്ദം! ശബ്ദം കേട്ടതും ബിനുവിനു കാര്യം പിടികിട്ടി. അവന് ദാസപ്പനെ രൂക്ഷമായി നോക്കി. എന്നിട്ട് മനസ്സില്‍ വിചാരിച്ചു : "അലവലാതി... കണ്ടതെല്ലാം വാരി വലിച്ച് വിഴുങ്ങിക്കോളും. ഒത്തിരി ദേഹം, പക്ഷെ ഇത്തിരി ശബ്ദം ! എന്റെ പോന്നോ..."
പാട്ടും കേട്ടിരുന്ന പാവം ദാസപ്പന് ഇതൊന്നും അറിയുന്നില്ല. ബട്ട് എന്തോ ചീഞ്ഞു നാറുന്നത് ദാസപ്പന് മണത്തു കണ്ട് പിടിച്ചു! അവന് ബിനുവിനെ തുറിച്ചു നോക്കി. എന്നിട്ട് വിചാരിച്ചു: "ഒന്നും അറിയാത്ത പോലെ ഇരിക്കണ കണ്ടില്ലേ... ഇത്തിരി ദേഹം, പക്ഷെ ഒത്തിരി മണം... നാറി !"
അല്പ നേരം കഴിഞ്ഞപ്പോള്‍ അടുത്ത ശബ്ദം. ഇപ്പ്രാവശ്യം പടക്കം നല്ലോണം പൊട്ടി. രണ്ട് പേരും വ്യക്തമായി ശബ്ദം കേട്ടു. ശബ്ദത്തിന്റെ ഉറവിടം അറിയാന്‍ വേണ്ടി രണ്ട് പേരും തല തിരിച്ചു. മിസ്റ്റര്‍ B പുസ്തകത്തില്‍ നിന്നും കണ്ണെടുക്കാതെ ഇരിപ്പുണ്ടായിരുന്നു ! AC കോച്ചില്‍ തണുപ്പിനൊപ്പം പെര്‍ഫ്യും അളവും കൂടി കൂടി വന്നു. ദാസപ്പന് ബിനുവിനെ ദയനീയമായി നോക്കി. ബിനു അതിലും ദയനീയമായി ദാസപ്പനെ നോക്കി.
മിനിട്ടുകള്‍ കടന്നു പോയി. ഏറുപടക്കം മാറി ഓലപ്പടക്കം ആയി. ഓലപ്പടക്കം മാറി സാക്ഷാല്‍ മാലപ്പടക്കം വരെ എത്തി. ഇടയ്ക്കിടയ്ക്ക് ഗുണ്ടും ! അപൂര്‍വ്വം ചിലത് ചീറ്റി പോവുന്നു. കാതിനു സംഗീതവും കാറ്റിനു സുഗന്ധവും പരത്തി കൊണ്ടു ആ വെടിക്കെട്ട് തുടര്‍ന്നു.
ദാസപ്പനും ബിനുവും ശ്വാസമടക്കി പിടിച്ചിരുന്നു (വേറെ നിവര്‍ത്തിയില്ലല്ലോ). സഹികെട്ട് ബിനു ദാസപ്പനോട് ഒരു ചോദ്യം : "പഞ്ഞിയുണ്ടോ ദാസപ്പാ മൂക്കില്‍ വെക്കാന്‍ ?"
ദാസപ്പന് ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് പറഞ്ഞു : "പഞ്ഞിയില്ല.. പകരം ഹെഡ് സെറ്റ് ന്റെ ഇയര്‍ പ്ലുഗ് എടുത്ത് മൂക്കില്‍ തിരുകിക്കോ! "
മിസ്റ്റര്‍ B യുടെ നോണ്‍ സ്റ്റോപ്പ് കൊണ്ടാട്ടം തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ ബിനു വീണ്ടും : "ദാസപ്പാ... നിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ എനിക്ക് പണ്ട് സ്കൂളില്‍ വെച്ചു പഠിച്ച ഒരു കവിത ഓര്മ വരുന്നു... ഞാന്‍ അത് ചൊല്ലട്ടെ ?"
ദാസപ്പന്റെ കണ്ണ് തള്ളി.. ഇവനിതെന്തു പറ്റി ? എല്ലാം കൂടി വലിച്ച് കെട്ടി പാവം കിറുങ്ങി കാണും. അപ്പോഴേക്കും ബിനു ചൊല്ലി തുടങ്ങി....
"ചക്ഷു ശ്രവണ ഗളസ്ഥമാം ദര്‍ദുരം
ഭക്ഷണത്തിനപേക്ഷിക്കുന്നത് പോലെ
ദുര്‍ഗന്ധത്താല്‍ പരിഗ്രസ്തമാം ദാസപ്പന്
നാസികാ ദ്വാരത്താല്‍ ഓക്സിജന്‍ തേടുന്നു !"
ബിനുവിനു സാഷ്ടാംഗം വീണു കൊണ്ടു ദാസപ്പന് പറഞ്ഞു : "എടാ, എനിക്കും കവിത ചൊല്ലാന്‍ അറിയാം. എനിക്കും ഒരു കവിത ഓര്മ വരുന്നുണ്ട്... ഇന്നാ പിടിച്ചോ"
ഊശാന്‍ താടി തടവി കൊണ്ടു ആശാന് ദാസപ്പന് ചൊല്ലി തുടങ്ങി.....
"അങ്കിളിന് ചുവട്ടില്‍ നിന്ന-
ആദ്യത്തെ ബോംബു പൊട്ടേ,
ബിനു തന് നേത്രത്തില്‍ നിന്ന-
ഉതിര്ന്നൂ ചുടു കണ്ണീര് !"
ബിനുവിന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു തുളുമ്പി... "മകനെ... നീ ദാസപ്പന് അല്ലെടാ.... പൊന്നപ്പനാ... പൊന്നപ്പന് !"
യുദ്ധം തീര്‍ന്ന രണഭൂമി പോലെ രംഗം ശാന്തമായി. അവശേഷിച്ചത് നിങ്ങള്‍ ഊഹിച്ചത് പോലെ രണ്ട് പോരാളികള്‍ മാത്രം. ബിനു ദാസപ്പനോട് രഹസ്യം പറഞ്ഞു,"അളിയാ അങ്ങേരുടെ സിലിണ്ടര്‍ കാലിയായെന്നാ തോന്നുന്നെ... രക്ഷപെട്ടു!"
ദാസപ്പന് അപ്പോഴും ശ്വാസം വിടാന്‍ മടിച്ചു കൊണ്ടു മൂങ്ങയെ പോലെ മൂളി: "ഊം ഊം "
ശത്രുപാളയത്തിലേക്ക് ഒളികണ്ണിട്ടു നോക്കിയ കമാണ്ടര്‍ ബിനു ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടു !
മിസ്റ്റര്‍ B പുസ്തകം മടക്കി വെച്ചിട്ട് ബാഗിന്റെ അകത്തേക്ക് കൈ ഇട്ടു. എന്നിട്ട് ഒരു വലിയ പൊതി കപ്പ ചിപ്സ് എടുത്ത് വെച്ചു തീറ്റി തുടങ്ങി !
കമാണ്ടര്‍ ബിനു കമാണ്ടര്‍ ദാസപ്പനു വയര്‍ലെസ്സ് വഴി വിവരം അറിയിച്ചു... "ഹലോ ഹലോ ... ശത്രു വീണ്ടും ബോംബാക്രമണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്... വെടിമരുന്നു നിറച്ചു തുടങ്ങി.. ഏതു നിമിഷവും ആക്രമണം പ്രതീക്ഷിക്കാം... ഓവര്‍ !"
കമാണ്ടര്‍ ദാസപ്പന്: "ഹലോ ഹലോ ... ആര് യൂ ഷുവര്‍ ? ശത്രു നമ്മളെ തന്നെയാണോ ടാര്‍ജെറ്റ് ചെയ്തെക്കുന്നെ ? ഓവര്‍ !"
ബിനു വീണ്ടും ബൈനോക്കുലര്‍ കണ്ണടയിലൂടെ നോക്കി. മിസ്റ്റര്‍ B കാലുംമേല്‍ കാല് കേറ്റി വെച്ചു കുറച്ചു കൂടി ' ഫ്രീ ' ആയിട്ട് ഇരുന്നു.
ബിനു വീണ്ടും :"ഹലോ ഹലോ ... ശത്രു പീരങ്കി നമുക്ക് നേരെ ഉന്നം പിടിച്ചു കഴിഞ്ഞു..! ഇനി എന്ത് ചെയ്യും ? ഓവര്‍ "
കമാണ്ടര്‍ ദാസപ്പനു രണ്ടാമതൊന്നു ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല... "എസ്ക്കേപ്പ് ...!"
നിമിഷ നേരം കൊണ്ട് തുണിയും ബാഗും ലാപ് ടോപ്പും എല്ലാം വാരി പെറുക്കിയെടുത്തു ദാസപ്പനും ബിനുവും അടുത്ത കോച്ചിലേക്ക് ഓടെടാ ഓട്ടം !
Sunday, July 4, 2010
Subscribe to:
Posts (Atom)