Tuesday, June 29, 2010

തേപ്പ് @ കോഫി ഹൗസ്


സാധാരണ മലയാളികള്‍ക്ക് പഴ്സിന്റെ ഭാരം കുറയാതെയും ശരീരഭാരം കൂടാതെയും ഭക്ഷണം കഴിക്കാന്‍ പറ്റുന്ന ഒരു നല്ല സ്ഥലമാണ് കോഫി ഹൗസ്. ബീച്ചില്‍ പോയി വായിനോട്ടവും കോഫി ഹൗസില്‍ കേറി കടലെറ്റ് തീറ്റിയും ഞങ്ങളുടെ സ്ഥിരം വിനോദങ്ങളില്‍ ഒന്ന് മാത്രം. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍, ദാസപ്പന്‍,അശ്വിന്‍ പിന്നെ ഹരി. ഇതില്‍ പരിചയമില്ലാത്ത കഥാപാത്രം അശ്വിന്‍ !

ആശ്വിനെ കുറിച്ച് പറയുവാണേല്‍ സുന്ദരന്‍,സുമുഖന്‍,സുശീലന്‍,സുരാഗുരാഗന്‍ എന്നൊക്കെ പറഞ്ഞേ തീരൂ. ഈ പോസ്റ്റിന്റെ കൂടെയുള്ള പടം കണ്ടാല്‍ നിങ്ങളും അത് തന്നെ പറയും. ആ നിഷ്കളങ്കമായ മുഖത്ത് നിന്നു കണ്ണെടുക്കാന്‍ തോന്നില്ല. കണ്ടാല്‍ ഒരു പാവത്താന്റെ ലുക്ക്‌ ഒക്കെ ഉണ്ടെങ്കിലും ആള് ഫയങ്കരനാ ! നമ്മുടെ ഭാഗത്ത്‌ നിന്നു എന്തെങ്കിലും ഒരു പാസ്‌ കിട്ട്യാല്‍ മതി,അശ്വിന്‍ ഗോള്‍ അടിച്ചു കേറ്റും.നൂറു തരം!. ഉറങ്ങി കിടക്കുന്നവനെ വിളിച്ചുണര്‍ത്തി ഗോള്‍ അടിച്ച ചരിത്രമുണ്ട്, പിന്നല്ലേഉണര്‍ന്നിരിക്കുന്നവര്‍ ‍! എന്നിരുന്നാലും ആശ്വിനും ഒരിക്കല്‍ തേഞ്ഞു തരിപ്പണമായി... ആ സംഭവം ഇങ്ങനെ.

അശ്വിന്‍ ചെന്നൈയില്‍ നിന്നും ലീവിന് വന്നപ്പോള്‍ ഒരു ദിവസം ഞങ്ങള്‍ കോഫി ഹൗസില്‍ ഒത്തു കൂടി. പതിവ് പോലെ കടലെറ്റ് തീറ്റി ഒക്കെ കഴിച്ചു കഴിഞ്ഞ് തളര്‍ന്നിരിക്കുമ്പോള്‍ വെയിറ്റര്‍ ചേട്ടന്‍ വന്നു കുടിക്കാന്‍ എന്തെങ്കിലും വേണോ എന്ന് ചോദിക്കുന്നു. അശ്വിന്‍ ഉടന്‍ തന്നെ ചാടി കേറി പറഞ്ഞു : " ലെമനേട് (lemonade)!"

വെയിറ്റര്‍ ചേട്ടന്‍ : "എന്തെടുക്കാന്‍ ?" പാവത്തിന് കാര്യം പിടികിട്ടിയില്ല !

അശ്വിന്‍ വീണ്ടും: "ലെമനേട്... ലെമണ്‍ ജൂസ്, ഐസ്, വാട്ടര്‍..."

അശ്വിന്‍ ലെമണ്‍ ട്രീ കേറും എന്നൊരു അവസ്ഥ എത്തുന്നതിനു മുന്‍പ് ഹരി ഇടപെട്ടു :"ചേട്ടാ.. എല്ലാര്‍ക്കും നാരങ്ങവെള്ളം !"

വെയിറ്റര്‍ ചേട്ടന്‍ ആശ്വിനെ അടിമുടി ഒന്ന് നോക്കിയിട്ട് പോയി. അവനു അപ്പോഴും കാര്യങ്ങള്‍ പിടികിട്ടുന്നില്ല.

"ലെമനേട് എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാന്‍ എന്താ ഇത്ര ബുദ്ധിമുട്ട് ?"

ഞങ്ങള്‍ ആകെ ആശയ കുഴപ്പത്തില്‍ ആയി. പണ്ടൊക്കെ 'ഉപ്പിട്ട് ഒരു ബോഞ്ചി വെള്ളം താ അണ്ണാ' എന്നും പറഞ്ഞോണ്ട് നടന്ന ചെറുക്കനായിരുന്നു. ഇപ്പൊ വാ തുറന്നാല്‍ 'ലെമനേട്' ! കാലം പോയ ഒരു പോക്കേ... !

അശ്വിന്‍ പിന്‍വാങ്ങുന്നില്ല. "ചെന്നൈയില്‍ ഒക്കെ ഞാന്‍ ഇങ്ങനെ തന്നെയാ ഓര്‍ഡര്‍ ചെയ്യുന്നേ"

ഗോള്‍ കേറ്റാന്‍ ഇത് തന്നെ പറ്റിയ അവസരം. ഞങ്ങള്‍ മൂന്ന് പേരും തുടങ്ങി.

ദാസപ്പന്‍: "അതേയതേ... ചെന്നൈയില്‍ നീ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കേറി കഞ്ഞിയും പയറും കൊഴുക്കട്ടയും ഓര്‍ഡര്‍ ചെയ്യാറുണ്ട് അല്ലേ ?"

ഹരി: "അങ്ങനെ അല്ലെടാ... ചെന്നൈയില്‍ ഇവന്‍ തട്ടുകടയില്‍ ചെന്ന്‌ കാശ്മീരി പുലാവും മലായ് കൊഫ്തയും ഓര്‍ഡര്‍ ചെയ്യാറുണ്ട് ... ആം ഐ കറക്റ്റ് ?"

ഞാന്‍ : " ഹോട്ടലും തട്ടുകടയും ഒക്കെ പോട്ടെ.... പൂക്കടയില്‍ ചെന്നിട്ടു 'കോളിഫ്ലവര്‍ ഉണ്ടോ' എന്ന് നീ ചോദിച്ചിട്ടില്ലെടാ?"

അശ്വിന്റെ തലയിലെ ട്യൂബ് ലൈറ്റ് അവസാനം ഓണ്‍ ആയി.

"എന്തെര് പറയാന്‍ എന്‍റെ അളിയാ....വയറ് നിറഞ്ഞു ... കത്തിയും മുള്ളും ഒക്കെ ഇട്ടിട്ടു വാടേ.. ബോഞ്ചി വെള്ളങ്ങള് കുടിച്ചിട്ട് വേഗം പോവാം..!"

Tuesday, June 22, 2010

മൊബൈല്‍ തേപ്പ്

സമയം ഉച്ചക്ക് 2 മണി കഴിഞ്ഞു 25 മിനിറ്റ്. കമ്പനിയില്‍ എല്ലാവരും ലഞ്ച് അടിച്ചതിന്റെ ക്ഷീണത്തില്‍ അവരവരുടെ ക്യുബിക്കിളില്‍ ഉറങ്ങാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ചു ഇരിക്കുന്നു. ഇര വിഴുങ്ങിയ ആനക്കൊണ്ടയെ പോലെ ദാസപ്പനും കസേരയില്‍ ചുരുണ്ട് കൂടി ഇരിപ്പുണ്ട്. മുന്നിലുള്ള കമ്പ്യൂട്ടര്‍ സ്ക്രീനില്‍ SQL server. ഡാറ്റാബേസ് കൊറികള്‍ (query) തിരിച്ചും മറിച്ചും എക്സിക്യൂട്ട് ചെയ്ത് പരവശനാവുന്നതല്ലാതെ ഉത്തരം മാത്രം കിട്ടുന്നില്ല. ഈ കൊറികള്‍ കൂടാതെ വൈകിട്ട് ചായക്കൊപ്പം കൊറിക്കാന്‍ പരിപ്പുവടയാണോ അതോ പഴംപൊരിയാണോ എന്നതും ഉത്തരം കിട്ടാത്ത വേറൊരു ചോദ്യം !

ട്രിംഗ് ട്രിംഗ് .... ട്രിംഗ് ട്രിംഗ് !

നിശബ്ദതയ്ക്കു ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു കൊണ്ടു ദാസപ്പന്റെ മൊബൈല്‍ തുള്ളിക്കളിച്ചു. എടുത്ത് നോക്കിയപ്പോള്‍ 'unknown number'. ഇതാരപ്പാ എന്ന് മനസ്സിലോര്‍ത്തു കൊണ്ടു അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

'ഹലോ'
'ഹലോ.....'

അപ്പുറത്ത് നിന്നും ഒരു കിളിനാദം. പെണ്ണ് തന്നെ ! അത്രയും നേരം വാതം വന്നവനെ പോലെ തളര്‍ന്നു കിടന്ന ദാസപ്പന്‍ അടുത്ത നിമിഷം കോമ്പ്ലാന്‍ ബോയ്‌ ആയി.

'ഹലോ... ആരാ ??'
'എന്നെ മനസ്സിലായില്ലേ ? നമ്മള്‍ ഇതിനു മുന്‍പ് സംസാരിച്ചിട്ടുണ്ട് !'

ങേ ??? ദാസപ്പന്‍ കണ്ഫ്യുഷ്യസ് ആയി. ആരാണാവോ ? ബാംഗ്ലൂര്‍ ടീന ? ചെന്നൈ അനന്തലക്ഷ്മി അതോ ഇനി കൊച്ചിയിലെ ആതിര എന്നൊക്കെ പറയാന്‍ ദാസപ്പന്‍ ആഗ്രഹിച്ചു. പക്ഷെ ചുമ്മാ പറഞ്ഞിട്ടെന്തു കാര്യം? ദാസപ്പന്‍ മനസ്സില്‍ ഒരു കൊറി അയച്ചു.

SELECT * FROM പഴയ_കേസുകെട്ട്‌ WHERE സ്റ്റാറ്റസ് = SINGLE order by സൌന്ദര്യം

'ആരാണെന്നു മനസ്സിലാവുന്നില്ല... എങ്ങനെയാ പരിചയം ?'
'ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ... ഇനി ഇത് ഇങ്ങനെ നീട്ടിക്കൊണ്ടു പോവാന്‍ പറ്റില്ല...'

ദാസപ്പന്റെ തലയില്‍ ഒരു കൊള്ളിയാന്‍ മിന്നി! എന്ത് നീട്ടിക്കൊണ്ടു പോവാന്‍ ? അവന്‍ ഉടന്‍ തന്നെ കൊറിയില്‍ ചില മാറ്റങ്ങള്‍ വരുത്തി.

SELECT * FROM പഴയ_കേസുകെട്ട്‌ WHERE ഭാവി IN (പാര, തേപ്പ്, പെരുവഴി, കെണി, പോക്കുമുതല്‍) ORDER BY DISTANCE_FROM_TVM

'കുട്ടി എന്തൊക്കെയ പറയുന്നേ ? എനിക്കൊന്നും മനസ്സിലാവുന്നില്ല !'
'ഇപ്പൊ തന്നെ എല്ലാവരും അറിഞ്ഞു തുടങ്ങി. എന്തൊരു നാണക്കേടാ... ഒന്ന് ആലോചിച്ചു നോക്കൂന്നെ ! ഇനിയെങ്കിലും ഞാന്‍ പറയുന്നത് ഒന്ന് കേട്ടുകൂടെ ?'

AC മുറിയില്‍ ഇരുന്നിട്ട് കൂടി ദാസപ്പന്‍ വിയര്‍ത്തു കുളിച്ചു. എല്ലാരും എന്ന് പറഞ്ഞാല്‍ ആരോക്കെയാടീ കൊച്ചേ ?? നാട്ടുകാര്‍,വീട്ടുകാര്‍,കൂട്ടുകാര്‍ തുടങ്ങിയ കാറുകള്‍ ആയിരിക്കും! തല്ല് മേടിച്ചു കൂട്ടുന്ന വഴി അറിയൂല. ഈ അപവാദം എങ്ങാനും ഓഫീസിലെ റിസപ്ഷനിസ്റ്റ് സുന്ദരി അറിഞ്ഞാല്‍ പിന്നെ ഇവിടെ നിന്നു രാജിവെക്കാനേ നിവര്‍ത്തിയുള്ളൂ.. മൗസ് വെച്ചു സ്ക്രീന്‍ രണ്ട് തവണ റിഫ്രഷ് ചെയ്തിട്ട് എല്ലാം ശരിയാവാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു. ദാസപ്പന്‍ അവസാനമായി മനസ്സില്‍ വിചാരിച്ച കൊറികള്‍ ഇപ്രകാരം...

DELETE പഴയ_കേസുകെട്ട്‌
UPDATE ജീവിതം SET സ്റ്റാറ്റസ് = ബ്രഹ്മചാരി
COMMIT

രണ്ടും കല്‍പ്പിച്ചു ദാസപ്പന്‍ ദേഷ്യത്തില്‍ ചോദിച്ചു...

'നീ എതാടി പെണ്ണേ ? കുറച്ചു നേരമായല്ലോ മനുഷ്യനെ വടി ആക്കണ വര്‍ത്തമാനം തുടങ്ങിയിട്ട്... ആരാണെന്ന് മര്യാദയ്ക്ക് പറഞ്ഞോ...അതാ നല്ലത്...'

അപ്പുറത്ത് നിശബ്ധത... അടുത്ത നിമിഷം മറുപടി വന്നു...

'നിനക്ക് ഈ ബോറടിപ്പിക്കുന്ന ട്രിംഗ് ട്രിംഗ് മാറ്റി നല്ല അടിപൊളി പാട്ട് ഇട്ടു കൂടെ..??? **ഡിഷ്‌** (സൌണ്ട് എഫ്ഫക്റ്റ്‌)
-- കേട്ടില്ലേ കേട്ടില്ലേ എന്‍റെ കള്ള ചെറുക്കന് കല്യാണം --- ഈ പാട്ട് നിങ്ങളുടെ കോളര്‍ ട്യൂണ്‍ ആയി സെറ്റ് ചെയ്യാന്‍ 1 അമര്‍ത്തുക !'

**ഡിഷ്‌** (വീണ്ടും സൌണ്ട് എഫ്ഫക്റ്റ്‌ )... ഫോണ്‍ തറയിലേക്കു വലിച്ച് എറിയുമ്പോ ഉണ്ടാവുന്ന ശബ്ദം ഒന്ന് കേള്‍ക്കേണ്ടത് തന്നെയാണേ !