Saturday, January 31, 2009

സദ്യ തേപ്പ്

എന്റെ കോളേജിന്റെ തൊട്ടടുത്ത്‌ തന്നെ ഒരു ഓടിറ്റൊരിയം ഉണ്ടായിരുന്നു. അവിടെ എല്ലാ ആഴ്ചയും മിനിമം മൂന്നോ നാലോ കല്യാണങ്ങള്‍ നടക്കുന്നതിനാല്‍ ഒട്ടുമിക്ക ദിവസങ്ങളിലും കോളേജിലെ കുറച്ചു പേരെങ്കിലും പട്ടിണി കൂടാതെ സദ്യ കഴിച്ചു പോവുന്നുണ്ടായിരുന്നു. എന്റെ ക്ലാസ്സിലും ഇങ്ങനെ ജീവിച്ചു പോവുന്നവര്‍ ഉണ്ടായിരുന്നു. അവരൊക്കെ ഉച്ചക്ക് മുന്പുള്ള ലാസ്റ്റ് ഹവര്‍ ആവുമ്പോഴേക്കും മുങ്ങും. സദ്യ ഒക്കെ കഴിച്ചു കഴിഞ്ഞിട്ട് ഞങ്ങളുടെ അടുത്ത് വന്നു വിശേഷങ്ങള്‍ പറയും. ഞാനും ചില സുഹൃത്തുക്കളും ഇതൊക്കെ കേട്ടു കേട്ടു ഒരു തീരുമാനത്തില്‍ എത്തി. ഞങ്ങള്‍ക്കും ഒരു തവണ സദ്യ കഴിക്കണം. ക്ലാസ്സില്‍ ഞങ്ങള്‍ക്ക് ക്ലീന്‍ ഇമേജ് ആയിരുന്നതിനാല്‍ ( ക്ലാസ്സ് കട്ട് ചെയ്തു പോവാനുള്ള ധൈര്യം ഇല്ലായിരുന്നു) ഞങ്ങള്‍ ലഞ്ച് ബ്രേകിനു "ഓപ്പറേഷന്‍ സദ്യ" നടപ്പാക്കാന്‍ തീരുമാനിക്കുന്നു.

12:30 നു ക്ലാസ്സ് തീര്‍ന്നതും ഞങ്ങള്‍ അഞ്ചു പേരടങ്ങുന്ന സംഘം പരിപാടി ആരംഭിക്കുന്നു. ആദ്യപടിയായി കൂട്ടുകാരുടെ ഹോസ്റ്റലില്‍ പോയി നമ്മുടെ കത്തിവേഷങ്ങള്‍ ഒക്കെ മാറ്റി നല്ല ഫുള്‍ സ്ലീവ് പ്ലെയിന്‍ ഷര്‍ട്ട് ഇടുന്നു. കോളേജ് സ്റ്റയിലില്‍ നിന്നും കല്യാണ സ്റ്റയിലില്‍ മാറിയിട്ട് ഞങ്ങള്‍ സദ്യ കഴിക്കാന്‍ വേണ്ടി മാര്‍ച്ച് നടത്തി. ഓടി എന്ന് പറയുന്നതാണ് ശരി , കാരണം സദ്യ എന്ന് കേട്ടപ്പോള്‍ തന്നെ വിശപ്പ്‌ ഇരട്ടിയായി. അങ്ങനെ ഓടികിതച്ചു അവിടെ എത്തിയപ്പോള്‍ ആ ഏരിയയില്‍ അധികം ആളുകള്‍ ഒന്നുമില്ല.

"ഈശ്വരാ... ഇന്നു കല്യാണം ഒന്നുമില്ലേ ? വന്നത് വെറുതെ ആയോ ?? "

"ഇല്ലെടാ... കല്യാണം ഒക്കെ ഉണ്ടായിരുന്നു... സദ്യ തീര്‍ന്നോ എന്നാണ് എന്റെ സംശയം.. ഞാന്‍ അപ്പോഴേ പറഞ്ഞതാ ക്ലാസ്സ് കട്ട് ചെയ്തു ഇറങ്ങാമെന്ന്... !!"

"ദേണ്ടെ... അതാണ്‌ ഊട്ടുപുരയെന്നു തോനുന്നു... വാടാ നമുക്കു അവിടെ ചെന്നു നോക്കാം !!"

നമ്മള്‍ ഒട്ടും സമയം കളയാതെ അങ്ങോട്ട് ചെന്നു. സംഭവം ശെരിയാണ്. അത് ഊട്ടുപുര തന്നെയായിരുന്നു. പക്ഷെ മൊത്തത്തില്‍ ഒഴിഞ്ഞു കിടക്കുന്നു. എല്ലാരും സദ്യ ഒക്കെ കഴിച്ചിട്ട് പൊടിയും തട്ടി പോയിരിക്കുന്നു.ഞങ്ങള്‍ക്ക് ആണെങ്കില്‍ വിശപ്പ്‌ സഹിക്കാനും വയ്യ. പാല്‍പായസം തരാമെന്നു പറഞ്ഞിട്ട് 50 പൈസയുടെ മിട്ടായി തന്നാല്‍ എന്താ അവസ്ഥ. എന്തെങ്കിലും കിട്ടാന്‍ സാധ്യത ഉണ്ടോ എന്നറിയാന്‍ വേണ്ടി ഞങ്ങള്‍ അകത്തു കേറി വിശദമായി ഒന്നു പരിശോധിച്ചു. അതാ.. ദൂരെ കുറച്ചു പേരു ഇരുന്നു സദ്യ കഴിക്കുന്നു... എല്ലാം കൂടി ഒരു 20 പേരു കാണും. എന്തെങ്ങിലും ആവട്ടെ... ഞങ്ങള്‍ ഉടന്‍ തന്നെ കൈ ഒക്കെ കഴുകി അവരുടെ അടുത്ത് ചെന്നു സ്ഥാനം പിടിച്ചു... ഹാവൂ.. എല്ലാംവിളമ്പാന്‍ തുടങ്ങുന്നതെ ഉള്ളു... രക്ഷപെട്ടു !

അങ്ങനെ ഇല വന്നു.. പപ്പടം, അച്ചാര്, കിച്ചടി, പച്ചടി, അവിയല്‍ ഓരോന്നായി വന്നു തുടങ്ങി. ചോറും കൂടി വന്നിട്ട് എല്ലാം കൂടി ചേര്ത്തു ഒരു പിടി പിടിക്കണം എന്നൊക്കെ മനസ്സില്‍ വിചാരിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് എന്റെ അടുത്തിരുന്നവന്‍ തോണ്ടുന്നു. സസ്പെന്‍സ് സിനിമയുടെ ക്ലൈമാക്സ് സീനില്‍ കറന്റ് പോയാല്‍ വരുന്ന മുഖഭാവത്തോടെ ഞാന്‍ അവനെ രൂക്ഷമായി നോക്കിയിട്ട് പറഞ്ഞു , "ആക്രാന്തം കാട്ടാതെടാ.. ചോറ് ഇപ്പൊ വരും.."

അവന്‍ ആണെങ്കില്‍ പരീക്ഷക്ക്‌ ബിറ്റ് വെച്ചു പിടിക്കപ്പെട്ടവനെ പോലെ എന്റെ ചെവിയില്‍ രഹസ്യമായി പറഞ്ഞു, " അതല്ലെടാ.. നമ്മള്‍ ആരുടെ കൂടെയാ ഇരിക്കുന്നെ എന്ന് നീ ശ്രദ്ധിച്ചോ ?"

ഇവനിതെന്തു പറ്റി ? സദ്യ കഴിച്ചാല്‍ പോരെ... ഇനി ഇപ്പൊ ഇവന് ആരുടെ കൂടെ ഇരുന്നു സദ്യ കഴിക്കണം ?!!... ഇങ്ങനെ പലവിധം സംശയങ്ങളുമായി ഞാന്‍ കൂടെ ആരാണ് ഇരിക്കുന്നതെന്ന് നോക്കി. ഞങ്ങള്‍ ഇരിക്കുന്ന സൈഡില്‍ ഒന്നു രണ്ടു ഫാമിലി ഇരിക്കുന്നുണ്ട്‌. ഇതിന് ഇവന്‍ കിടന്നു പരുങ്ങുന്നത് എന്തിനാ.. ഇനി ഇവന്റെ പഴയ കാമുകിയുടെ കല്യാണം ആണോ ?എന്തായാലും എതിര്‍വശത്ത് ഇരിക്കുന്നവരെ കൂടി ഒന്നു നോക്കികളയാം.. അവിടെയും അത് പോലെ കുറച്ചു പേരു ഇരിക്കുന്നു... പെട്ടെന്ന് ഫോക്കസ് ഒരിടത്ത് ഫിക്സ് ആയി. ഈ വേഷം ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. വെള്ള മുണ്ടും സില്‍ക്ക് ഷര്‍ട്ടും ഇട്ടു ഒരു വിദ്വാന്‍ ഇരിക്കുന്നു... തൊട്ടടുത്ത്‌ പട്ടുസാരിയും ഒരു കിലോഗ്രാം സ്വര്‍ണം ഒക്കെ ഇട്ടു ഒരു പെണ്‍കൊടിയും... അവരുടെ രണ്ടു വശത്തായി എക്സ്പൈറി ഡേറ്റ് കഴിഞ്ഞ കുറച്ചു സാധനങ്ങളും. കാര്യങ്ങളുടെ കിടപ്പ് വശം എനിക്ക് മനസ്സിലായി. അവസാന പന്തിയില്‍ പെണ്ണും ചെറുക്കനും അടുത്ത ബന്ധുക്കളും സദ്യ കഴിക്കുന്നതിന്റെ കൂടെയാണ് നമ്മള്‍ വലിഞ്ഞു കേറി വന്നിരിക്കുന്നെ !!

ഞാന്‍ പതുക്കെ കൂടെ ഉള്ളവരെ നോക്കി... അവരും എന്നെ പോലെ തന്നെ 'ഇനിയെന്ത്' എന്ന മട്ടില്‍ ഇരിക്കുന്നു. അടുത്തുള്ളവന്‍ വീണ്ടും തോണ്ടുന്നു, " എടാ.. എന്ത് ചെയ്യും ? ഇറങ്ങി പോയാലോ... ??"
ഇങ്ങനെ ക്ഷണിക്കാതെ പോവുമ്പോള്‍ ചെയ്യേണ്ട പ്രധാനപെട്ട കാര്യം തെണ്ടികള്‍ പറഞ്ഞില്ല -- 'ആദ്യത്തെ പന്തിയില്‍ തന്നെ ഇരുന്നു കഴിച്ചിട്ട് മുങ്ങിക്കോണം...!!'

ഞാന്‍ പറഞ്ഞു, " അത് ശെരിയാവില്ല... ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി സദ്യ കഴിച്ചിട്ടേ പോവുന്നുള്ളു... മാനം പോയാലും ഇവിടെ കാണികള്‍ കുറവാണല്ലോ എന്ന് ആശ്വസിക്കാം !!"അങ്ങനെ ചോറ് വന്നു... കറിയും വന്നു... പിന്നെ നമ്മുടെ ശ്രദ്ധ മുഴുവന്‍ ഇലയില്‍ മാത്രമായി. പപ്പടം ഒറ്റ അടിക്കു എത്ര പീസ് ആക്കാം, അച്ചാറും കിച്ചടിയും മിക്സ് ചെയ്താല്‍ കിട്ടുന്ന കറിക്ക് 'അച്ചടി' എന്ന് പേരിടാമോ , അവിയലില്‍ കിടക്കുന്ന മുരിങ്ങക്കയുടെ നീളം എത്ര മുതലായ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരം കണ്ടെത്താന്‍ ഒരു ശ്രമം തന്നെ അങ്ങ് നടത്തി.

ഇടയ്ക്ക് നോക്കിയപ്പോള്‍ കല്യാണപാര്ട്ടി ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നു. 'ഇവന്മാരൊക്കെ ആരുടെ കൂടെ വന്നതാണ് ?' എന്ന ഉത്തരം കിട്ടാത്ത വേറൊരു ചോദ്യം സോള്‍വ്‌ ചെയ്യാന്‍ അവര്‍ ശ്രമിക്കുവാണ് എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ആയിട്ട് അവരുടെ സംശയം തീര്ത്തു കൊടുക്കാന്‍ പോയില്ല. അടുത്തിരിക്കുന്നവന്‍ എന്നെ സമാധാനമായി കഴിക്കാനും സമ്മതിക്കില്ല എന്ന് വെച്ചാല്‍... അവന് സംശയങ്ങള്‍ തീരുന്നില്ല.. " എടാ.. നമ്മള്‍ ആരുടെ ഗ്രൂപ്പ് ആണെന്ന് ചോദിച്ചാല്‍ എന്ത് പറയണം ? "

"ആരെന്തു ചോദിച്ചാലും 'ഗഫൂര്‍ കാ ദോസ്ത് ' എന്ന് പറഞ്ഞാല്‍ മതി !! മിണ്ടാതിരുന്നു കഴിച്ചിട്ട് വേഗം സ്ഥലം കാലിയാക്കാന്‍ നോക്കെടാ !!"

അതിന് ശേഷം പിന്നെ അവന്‍ മിണ്ടിയിട്ടില്ല. എല്ലാരും ഇതൊരു 'ഗോമ്പെടിഷന്‍ ഐറ്റം ' പോലെ മത്സരിച്ചു തിന്നാന്‍ ആരംഭിച്ചു. അവസാനം പായസവും വന്നു. രക്ഷപെട്ടു എന്ന് വിച്ചരിചിരുന്നപ്പോള്‍ പായസത്തിന്റെ പിറകെ വീഡിയോ ക്യാമറയും പിടിച്ചു ഒരു കാലമാടന്‍ വരുന്നു... അയ്യയ്യോ... നമ്മുടെ ഒക്കെ പടം പിടിക്കാന്‍ പോവുന്നേ !! ആദ്യമായി അങ്ങേരു വരന്റെയും വധുവിന്റെയും മറ്റു പരിവാരങ്ങളുടെയും വീഡിയോ എടുക്കുന്നു. പിന്നെ നമ്മള്‍ അഞ്ചു പേരു ഇരിക്കുന്നിടത്തേക്ക്‌ വരുന്നു. പാവം... അങ്ങേരു എന്താണ് ചെയ്യുന്നതെന്ന് അങ്ങേരു അറിയുന്നില്ലല്ലോ.. പാഞ്ചാലി വസ്ത്ത്രാക്ഷേപം നടന്നപ്പോള്‍ പഞ്ച പാണ്ഡവന്മാര്‍ "ഓ മൈ ഗോഡ്" എന്ന് പറഞ്ഞു ഇരുന്നത് പോലെ ഞങ്ങളും ഇരുന്നു കൊടുത്തു.... ഞങ്ങള്‍ പായസം കഴിക്കുന്നതിന്റെ പല പല പോസുകള്‍ വീഡിയോ എടുത്തു തൃപ്തിയടഞ്ഞു അങ്ങേരു മടങ്ങുന്നു.. ബാക്കിയുള്ളവര്‍ എഴുന്നെല്കുന്നതിനു വളരെ മുന്പ് തന്നെ ഞങ്ങള്‍ കൈ കഴുകി സ്ഥലം കാലിയാക്കി..

എന്തായാലും കല്യാണപാര്‍ട്ടിക്കാര്‍ മാന്യന്മാര്‍ ആയിരുന്നത് കൊണ്ടു തടി കേടാകാതെ രക്ഷപെട്ടു. ഈ സംഭവത്തിനു ശേഷം ക്ഷണിക്കാത്ത കല്യാണത്തിന് പോവുന്ന പരിപാടി ഞങ്ങള്‍ ഉപേക്ഷിച്ചു. പേടി കൊണ്ടൊന്നുമല്ല കേട്ടോ... കാന്റീനില്‍ കിട്ടുന്ന ഊണിന്റെ സുഖമൊന്നും സദ്യക്കില്ലെന്നെ !!

Friday, January 23, 2009

ചെന്നൈ തേപ്പ്

പ്രിയപ്പെട്ട കൂട്ടുകാരെ.. നിങ്ങളുടെയൊക്കെ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി അറിയിച്ചു കൊള്ളുന്നു. സുബിനെ തേക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയതാണ് ഈ ബ്ലോഗ് എന്ന തെറ്റിധാരണ മാറ്റാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്.

എഞ്ചിനീയറിംഗ്
പരീക്ഷ എഴുതി കഴിഞ്ഞു റിസള്‍ട്ട് കാത്തു നില്ക്കുന്ന സമയം.. കണ്ടുമുട്ടുന്നവര്കെല്ലാം ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളു...
  1. റിസള്‍ട്ട് വന്നോ ?
  2. ജോലി വല്ലതും ആയോ ?
  3. ഇനി എന്താണ് ഭാവി പരിപാടി ?
ഇതിനൊക്കെ എനിക്ക് റെഡിമേഡ് ഉത്തരങ്ങളും ഉണ്ടായിരുന്നു... അവ ഇങ്ങനെ...
  1. ഇല്ല
  2. ഇല്ല
  3. അറിയില്ല !!
ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാര്‍... എവിടെ ചെന്നാലും ഒരു കാര്യം മാത്രം...അവസാനം റിസള്‍ട്ട് വന്നു... തട്ടിയും മുട്ടിയും പാസ് ആയി. അപ്പോള്‍ ചോദ്യങ്ങളുടെ എണ്ണം ഒരെണ്ണം കുറഞ്ഞു. ബാക്കി രണ്ടെണ്ണം കൂടുതല്‍ ആവേശത്തോടെ എല്ലാരും ചോദിയ്ക്കാന്‍ തുടങ്ങി. ഇങ്ങനെ ഇരിക്കുമ്പോള്‍ ആണ് നമ്മുടെ ദാസപ്പന് ചെന്നൈയില്‍ പോവേണ്ട ആവശ്യം വന്നത്. അവന്‍ അണ്ണാ യുനിവേര്സിടി പ്രോഡക്റ്റ് ആണ്. അവന്റെ റിസള്‍ട്ട് ഒക്കെ നേരത്തെ വന്നു. അതിന്റെ മാര്‍ക്ക് ലിസ്റ്റ് മേടിക്കാന്‍ ചെന്നൈയില്‍ അവന്റെ കോളേജില്‍ പോവണം.

കുറച്ചു ദിവസം മുങ്ങാന്‍ ഇതു തന്നെ പറ്റിയ അവസരം എന്ന് എനിക്ക് മനസ്സിലായി. ചെന്നൈ കാണുകയും ചെയ്യാം ചോദ്യങ്ങളില്‍ നിന്നു രക്ഷപെടുകയും ചെയ്യാം. അങ്ങനെജോലി അന്വേഷിക്കാന്‍ എന്ന വ്യാജേന ഞാനും ദാസപ്പനും ഒരു ആഴ്ച ചെന്നൈ നഗരത്തില്‍ അടിച്ച് പൊളിക്കാന്‍ യാത്ര തിരിക്കുന്നു.

ബസ്സ് യാത്ര മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരിക്കും എന്ന് ഞാന്‍ അപ്പോള്‍ അറിഞ്ഞില്ല. ഉച്ചക്ക് ഊണ് കഴിഞ്ഞു ഞങ്ങള്‍ രണ്ടു പേരും ബസില്‍ യാത്ര ആരംഭിക്കുന്നു. ആദ്യം യാത്രക്കാര്‍ അധികം ഇല്ലായിരുന്നെങ്ങിലും പിന്നെ ഓരോ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ കേറി തുടങ്ങി. എന്നാലും 'ബസ്സ്ഫുള്‍' ആയില്ല. ഞങ്ങളുടെ മുന്നില്‍ ഒരു സ്ത്രീയും അവരുടെ മകളും ആയിരുന്നു ഇരുന്നത്. മകള്‍ എന്ന് പറഞ്ഞാല്‍ ചെറിയ കുട്ടി ആണ് കേട്ടോ... അല്ലെങ്കില്‍ തന്നെ ഞങ്ങള്‍ രണ്ടു പേരും ഡിസന്റ് ആണ്.. സത്യം പറഞ്ഞാല്‍ വെറും നിഷ്കളങ്കര്‍..!!രാത്രി ഞങ്ങള്‍ പാര്‍സല്‍ ചെയ്തു കൊണ്ടു വന്ന ചപ്പാത്തിയും ബീഫ് ഫ്രൈയും കഴിച്ചു. പുറത്തു നിന്നു ഭക്ഷണം കഴിച്ചു വെറുതെ റിസ്ക് എടുക്കണ്ട എന്ന് വെച്ചു.

യാത്രയില്‍ ഉടനീളം ദാസപ്പന്‍ ചെന്നൈ വിശേഷങ്ങള്‍ വിളമ്പി. പഴയ പട്ടാളക്കാര്‍ പറയുന്നതു പോലെ ദാസപ്പന്‍ തുടങ്ങി... "വെന്‍ വാസ് ഇന്‍ ചെന്നൈ.." ലൈന്‍ കേട്ടപ്പോള്‍ തന്നെ ഞാന്‍ താടിക്ക് കൈയും കൊടുത്തു ഇരുന്നു പോയി..!!കോളേജില്‍ അവന്‍ ഹീറോ ആയിരുന്നു എന്നും പെണ്‍കുട്ടികളുടെ പ്രേമലേഖനങ്ങള്‍ തൂകി വിറ്റു അവന്‍ മരിന ബീച്ചില്‍ കപ്പലണ്ടി മേടിച്ചു കഴിക്കാരുണ്ടായിരുന്നു എന്നും അവന്റെ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ അവന് ഒരു പൈസ പോലും മുടക്കേണ്ടി വന്നില്ല, പകരം അതൊക്കെ അവന്റെ ഗേള്‍ ഫ്രണ്ട്സ് ചെയ്തു കൊടുക്കുമെന്നും നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു. പണ്ടത്തെ ദാസപ്പന്‍ തന്നെ അല്ലെ ഇതു എന്ന് ഞാന്‍ സൂക്ഷിച്ചു നോക്കി. അതെ !! പണ്ടു XL ആയിരുന്ന ഇവന്‍ ഇപ്പോള്‍ XXL ആയെന്നു മാത്രം. ഇതൊക്കെ അല്പം ഓവര്‍ അല്ലെ എന്ന് നിങ്ങള്ക്ക് തോന്നാം. ഓവറും കഴിഞ്ഞു ഓവര്‍ ബ്രിഡ്ജിന്റെ മുകളിലൂടെ ദാസപ്പന്‍ അവന്റെ കോടാലി ട്രാവല്‍സ് ഓടിച്ചു. രാത്രി ആവുന്നത് വരെ ഞാന്‍ "ങ്ങാ, അതെയോ, ഓഹോ, നീ ഭയങ്കരന്‍ തന്നെടാ" എന്നൊക്കെ പറഞ്ഞു അവനെ സുഖിപ്പിച്ചു. ഒന്‍പതു മണി ആയതും ഞാന്‍ "ഭയങ്കര ക്ഷീണം" എന്ന് പറഞ്ഞു കണ്ണ് പൂട്ടി. ദാസപ്പന്‍ അവന്റെ വായും പൂട്ടി. സമാധാനം !!

അങ്ങനെ എപ്പോഴോ ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു. നല്ല ഒന്നാന്തരം ഒരു പേടിസ്വപ്നവും കണ്ടു. അത് ഇപ്രകാരം ആയിരുന്നു. ഏതോ ഒരു ഭീകരജീവി "ഘ്രാ ഘ്രാ" എന്ന് ഒച്ച വെച്ചു കൊണ്ടു എന്നെ ഓടിക്കുന്നു. ഞാന്‍ മരണവെപ്രാളം കൊണ്ടു ഓടുന്നു. അതിനിടയില്‍ ജീവി എന്നെ മാന്തുന്നു. അതോടെ എന്റെ ശരീരം മുഴുവന്‍ ചൊറിയാന്‍ തുടങ്ങുന്നു. ഇങ്ങനെ ആകെ അസ്വസ്ഥനായി ഞാന്‍ ഞെട്ടി ഉണരുന്നു...!! അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത് ... ശബ്ദം ഇപ്പോഴും ഞാന്‍ കേള്‍ക്കുന്നു. ചൊറിച്ചിലിനും കുറവൊന്നുമില്ല.. ഇതെന്തു മറിമായം? ഇരുട്ടത്ത്‌ ഞാന്‍ കണ്ണുകള്‍ ഫോക്കസ് ചെയ്തു ചുറ്റുവട്ടം ഒന്നു സ്കാന്‍ ചെയ്തു. ശബ്ദത്തിന്റെ ഉറവിടം ഞാന്‍ കണ്ടു പിടിച്ചു !!

എന്റെ അടുത്തിരുന്നു ദാസപ്പന്‍ മോട്ടോര്‍ സ്റ്റാര്‍ട്ട് ചെയ്തത് പോലെ കൂര്‍ക്കം വലിക്കുന്നു. ബസ്സ് എഞ്ചിന്റെ ശബ്ദം ഒക്കെ ഇതു വെച്ചു നോക്കുമ്പോള്‍ ഒന്നുമല്ല. "കുര്‍ര്‍ കുര്‍ര്‍" എന്ത് ഈണത്തില്‍ ആണ് ഇവന്‍ ആലപിക്കുന്നത്. സംഗതികള്‍ ഒക്കെ പെര്‍ഫെക്റ്റ്!! അപ്പോള്‍ ഇതാണ് ഭീകരജീവി. 'ജുരാസ്സിക് പാര്ക്ക് ' , 'ഗോട്സില്ല' തുടങ്ങിയ പടങ്ങളില്‍ ദിനോസറിനു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയിട്ട് ഇവന് പോകാമായിരുന്നു എന്ന് ഒരു നിമിഷം ഞാന്‍ ആലോചിച്ചു പോയി. അത്രയ്ക്ക് സാമ്യം ഉണ്ടായിരുന്നു !!എന്നാലും ചൊറിച്ചിലിന്റെ ഗുട്ടന്‍സ് മനസ്സിലാവുന്നില്ലല്ലോ. അപ്പോഴാണ്‌ മുന്നിലുള്ള സീറ്റില്‍ നിന്നും പതിഞ്ഞ സ്വരത്തില്‍ "അയ്യോ അമ്മേ" എന്നുള്ള വിളികള്‍ കേട്ടത്... എന്താണ് സംഭവം എന്നറിയാന്‍ വേണ്ടി ഞാന്‍ എത്തി വലിഞ്ഞു നോക്കി.. !!

ഡിസ്കവറി ചാനല്‍ , അനിമല്‍ പ്ലാനെറ്റ് മുതലായ ചാനലുകളില്‍ ഇടയ്ക്കിടെ കാണാന്‍ പറ്റുന്ന ഒരു കഴ്ച്ചയുണ്ടല്ലോ... ഒരു മമ്മി കുരങ്ങു തന്റെ ബേബി കുരങ്ങിനെ മുന്നില്‍ പിടിച്ചിരുത്തി ചൊറിഞ്ഞു കൊടുക്കല്‍.അതിന്റെ മോഡേണ്‍ വെര്‍ഷന്‍ ആയിരുന്നു ഇവിടെ. ചൊറിച്ചില്‍ സഹിക്കാന്‍ വയ്യാതെ കുട്ടി അമ്മയുടെ സഹായം തേടിയതാണ്. അപ്പോള്‍ എനിക്ക് മാത്രമല്ലല്ലോ പ്രശ്നം. നട്ടപ്പാതിരക്കു തല പുകഞ്ഞു ആലോചിച്ചപ്പോള്‍ അത് വെറും ചിന്ന പ്രോബ്ലം ആണെന്ന് പിടികിട്ടി. മൂട്ട !! ലക്ഷുറി ബസ്സ് എന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം... മൂട്ടകള്‍ക്ക്‌ മാത്രം ഒരു കുറവുമില്ല..

പക്ഷെ ദാസപ്പന് മാത്രം ഒരു പ്രശ്നവുമില്ല.. മൂട്ടകളുടെ അറ്റാക്ക്‌ അറിയാത്തതാണോ എന്തോ, അവന്‍ കുംബകര്‍ണനെ പോലെ നിദ്ര തുടരുന്നു. ഒരു പക്ഷെ കൂര്‍ക്കംവലിയുടെ ശബ്ദം കേട്ടു പേടിച്ചു മൂട്ടകള്‍ എല്ലാം കൂടി എന്നെ ആക്രമിക്കുവായിരിക്കും... അല്ലെങ്കില്‍ ഇവന് തൊലിക്കട്ടി കൂടിയിരിക്കും... എന്തായാലും പാവം ഞാന്‍.. രക്തസാക്ഷി അഥവാ രക്തം ദാനം ചെയ്തു സാക്ഷിയെ പോലെ ഒന്നും ചെയ്യാന്‍ ആവാതെ ഇരിക്കേണ്ട അവസ്ഥ വന്നല്ലോ ദൈവമേ..

എങ്ങനെയൊക്കെയോ ഞാന്‍ നേരം വെളുപ്പിച്ചെടുത്തു. രാവിലെ ചെന്നൈ നഗരത്തില്‍ ബസ്സ് ബ്രേക്ക് ചവിട്ടുന്നു. ഞാനും ദാസപ്പനും ഒരു ഓട്ടോ പിടിച്ചു ദാസപ്പന്റെ കസിന്‍ താമസിക്കുന്ന ലോഡ്ജിലേക്ക് പോയി. അവിടെ ചെന്നിട്ടു ഒന്നു ഫ്രെഷ് ആവാമെന്ന് കരുതി ഷര്‍ട്ട്‌ ഊരുന്നു. എന്റെ വിശ്വരൂപം കണ്ടു ദാസപ്പന്റെ കസിന്‍ ഇങ്ങനെ ചോദിച്ചു " ഡേയ്... നീ ജിമ്മില്‍ പോവരുണ്ടോ ? "

ഇതു കെട്ട് ഞാന്‍ ഞെട്ടുന്നു. മുരിങ്ങകൊല് പോലെ ഇരിക്കുന്നെ എന്നെ കണ്ടിട്ട് ജിമ്മില്‍ പോവുന്നുണ്ടോ എന്നോ ? ഞാന്‍ പതുക്കെ അടുത്ത് കണ്ട കണ്ണാടിയിലേക്ക് ഒന്നു നോക്കി... അപ്പോഴുണ്ട് ദേഹത്ത് അവിടവിടെ വീര്‍ത്തിരിക്കുന്നു. "ചിലന്തി മാപ്പിള്ള " സിനിമയില്‍ നായകന്‍ ചിലന്തിയുടെ കടി കിട്ടിയതിനു ശേഷം സല്‍മാന്‍ ഖാനെ പോലെ മസിലും പെരുപ്പിച്ചു നില്‍കുന്ന ഒരു രംഗം ഉണ്ട്. അത് പോലെ മൂട്ടകളുടെ കടി കൊണ്ടു നീര് വന്നത് മസ്സില്‍ ആണെന്ന് തെറ്റിധരിച്ചു ചോദിച്ചതാണെന്ന് എനിക്ക് മനസ്സിലായി.

" പ്ഫാ പുല്ലേ... ഇന്നലെ ബസില്‍ വെച്ചു മൂട്ടകള്‍ കേറി നിരങ്ങി, ദാസപ്പന്റെ ഒന്നൊന്നര കൂര്‍ക്കംവലിയും സഹിച്ചു ഇപ്പൊ റൂമില്‍ എത്തിയപ്പോള്‍ ആളെ കളിയാക്കുന്നോ @#%&#$ !!!" ഇങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്. പക്ഷെ ഞാന്‍ ഉടന്‍ തന്നെ മാക്സിമം എയര്‍ കേറ്റി മിസ്റ്റര്‍ പോഞ്ഞിക്കര സ്റ്റയിലില്‍ ഇന്നാ പിടിച്ചോ എന്ന മട്ടില്‍ ഒരു പോസും കൊടുത്തിട്ട് ഇത്രയും പറഞ്ഞു ....

"എങ്ങനെ മനസ്സിലായീ ?? "

Monday, January 12, 2009

വീണ്ടും ഒരു അപ്പുക്കുട്ടന്‍

ലൊക്കേഷന്‍: ഒരു കല്യാണ റീസെപ്ഷന്‍

ഞങ്ങളുടെ ഉറ്റ സുഹൃത്ത് സുജിത്തിന്റെ പെങ്ങളുടെ വിവാഹത്തിന് ഞാനും ദാസപ്പനും കൂടി പോവുന്നു. പൊതുവെ പൊതു ചടങ്ങുകളില്‍ പോവാന്‍ ഞങ്ങള്‍ മടി കാട്ടാരുണ്ടെങ്കിലും ഇതു അങ്ങനെ ഒഴിഞ്ഞു മാറാന്‍ പറ്റിയ ഒരു സന്ദര്‍ഭം ആയിരുന്നില്ല. ഇങ്ങനെ ഉള്ള ചടങ്ങുകളില്‍ അധികം പോയി പരിചയം ഇല്ലാത്തതു കൊണ്ടാണോ എന്തോ 'ഡ്രസ്സ് കോഡ് ' എന്നൊരു സാധനത്തെ നീട്ട് ഞങ്ങള്‍ രണ്ടു പേരും ചിന്തിച്ചില്ല. അതിനെ കുറിച്ചു നമ്മളെ ഗൌരവമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് മറ്റാരുമല്ല... നിങ്ങളൊക്കെ ഊഹിച്ചത് പോലെ നമ്മുടെ പ്രിയപ്പെട്ട സുബിന്‍ തന്നെ ആയിരുന്നു. ആ സംഭവം ഇങ്ങനെ...

ആദ്യമായി ഞങ്ങളുടെ വസ്ത്രധാരണത്തെ പറ്റി ഒരു ഏകദേശ രൂപം തരാം.

ഞാന്‍ : കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ ഒരു മാസം വരെ നോണ്‍ സ്റ്റോപ്പ് ആയിട്ട് യുസ് ചെയ്ത് കടും നീല നിറത്തില്‍ അവിടെ അവിടെ കുമ്മായം പൂശിയത് പോലെ അടയാളങ്ങള്‍ വന്നു തുടങ്ങിയ ഒരു ജീന്‍സ് ഉം അതിന്റെ കൂടെ അന്ന് രാവിലെ അലമാരയില്‍ കൈയിട്ടപ്പോള്‍ തടഞ്ഞ ഒരു ഷര്‍ട്ട്‌ ഉം ( അത് ഇസ്ത്തിരിയിട്ടോ ഇല്ലെയോ എന്ന് എനിക്ക് ഇപ്പോഴും സംശയം ആണ് ... ദാസപ്പന്‍ പറയുന്നു ഇല്ലെന്നു !! )

ദാസപ്പന്‍ : പാന്റ്സ് ആണോ ജീന്‍സ് ആണോ എന്ന് എനിക്ക് കറക്റ്റ് ആയി ഓര്‍മയില്ല പക്ഷെ ദാസപ്പന്റെ ഷര്‍ട്ട്‌ ആയിരുന്നു താരം. മഞ്ഞ.... അതെ... നിങ്ങള്‍ കേട്ടത് ശെരിയാണ്.... മഞ്ഞ നിറത്തില്‍ മോഡേണ്‍ ആര്‍ട്ട് ചെയ്താല്‍ എങ്ങനെ ഇരിക്കും...? അത് പോലെ ഒരു ഷര്‍ട്ടും ഇട്ടു കൊണ്ടാണ് അവന്‍ വന്നത്.... അത് ഇട്ടു കൊണ്ടു ഒരു കിലോമീറ്റര്‍ ദൂരെ ഒരു ആള്‍കൂട്ടത്തില്‍ ദാസപ്പനെ തിരിച്ചറിയാന്‍ ഒരു പ്രയാസവുമില്ല... ഇതു കണ്ടു ഞാന്‍ വരെ ഞെട്ടി. അപ്പോള്‍ പിന്നെ ബാക്കി ഉള്ളവരുടെ കാര്യം പറയേണ്ടല്ലോ...

ഞങ്ങള്‍ രണ്ടു പേരും ഇങ്ങനെ ഉള്ള കോലത്തില്‍ വിവാഹത്തിന് പോവുന്നു. ക്രിസ്ത്യന്‍ വിവാഹം ആയിരുന്നതിനാല്‍ പള്ളിയില്‍ കുറെ നേരം നില്‍കേണ്ടി വന്നു. നിന്നു നിന്നു അവസാനം"എന്ത് പാപം ചെയ്തിട്ടാണ് എന്നെ ഇങ്ങനെ നിര്‍ത്തിയെ?" എന്ന് ചോദിക്കേണ്ട അവസ്ഥ വരെ ആയി... ചടങ്ങുകള്‍ ഒക്കെ തീരാന്‍ ഒരുപാടു സമയം എടുത്തു. ആ സമയം അത്രയും ഞങ്ങള്ക്ക് സഹനശക്തി നല്കിയത് വിവാഹവിരുന്നിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ആയിരുന്നു... വിരുന്നിന്നു വിളമ്പാന്‍ പോവുന്ന പല പല വിഭവങ്ങളെ കുറിച്ചു ചര്ച്ച ചെയ്ത് ഞങ്ങള്‍ സമയം തള്ളി നീക്കി... ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു സുജിത് ഞങ്ങളുടെ അടുത്ത് വന്നിട്ട് പതിയെ ചോദിച്ചു, " എടാ അലവലാതികളെ, നിങ്ങള്ക്ക് ഈ ഒരു ദിവസമെങ്ങിലും നല്ല രീതിയില്‍ ഡ്രസ്സ് ചെയ്ത് വന്നു കൂടെ ?"

അവനെ അടിമുടി നോക്കിയിട്ട് ഞാന്‍ ചോദിച്ചു," ചുരിദാര്‍ ഇട്ടിരിക്കുന്ന നീയാണോ ഞങ്ങളെ ഡ്രസ്സ് ഇടാന്‍ പഠിപ്പിക്കുന്നെ ?"

ഉടനെ ദാസപ്പന്‍ ചിരിച്ചോണ്ട്, " എടാ മണ്ടാ... ഇതു ചുരിദാര്‍ അല്ലെടാ... ഇതാണ് കിര്‍മാനി !!"

സുജിത് തലയില്‍ കൈ വെച്ചോണ്ട് പറഞ്ഞു," ബ്ലാടി ഫൂള്‍ ..... ഇതു കിര്‍മാനി അല്ലെടാ... ഇതാണ് ഷെര്‍വാണി.... നിന്നെ ഒക്കെ കല്യാണത്തിന് വിളിച്ച എന്നെ തല്ലണം..."

കൂടുതല്‍ നേരം സംസാരിച്ചാല്‍ സുജിത് അവന്റെ ഷാള്‍ എടുത്തു തലയില്‍ കെട്ടി ഞങ്ങളെ തൊഴിക്കും എന്ന് പേടിച്ചു ഞങ്ങള്‍ വിരുന്നു ഒരുക്കി വെച്ചിട്ടുള്ള ഓടിറ്റൊരിയം ലക്ഷ്യമാക്കി യാത്രയായി.

സുബിന്‍ നേരെ അവിടെ എത്തിച്ചേരും എന്നായിരുന്നു പറഞ്ഞിരുന്നെ. ഞങ്ങള്‍ അവിടെ ലാന്‍ഡ്‌ ചെയ്തപ്പോള്‍ അവന്‍ വന്നിട്ടില്ല. സുജിത്തിന്റെ കോളേജ് ഫ്രണ്ട്സ് ഒക്കെ വന്നിട്ടുണ്ട്. അവരുടെ കൂടെ ഞങ്ങളും നിന്നു. ദാസപ്പന്റെ ഷര്‍ട്ട്‌ ആയിരുന്നു ആദ്യമേ ഞങ്ങളുടെ ചര്‍ച്ചാവിഷയം. അങ്ങനെ ചര്‍ച്ചകളും വായിനോട്ടവു നല്ല രീതിയില്‍ മുന്നോട്ടു പോവുമ്പോള്‍ ആണ് അത് സംഭവിച്ചത്..!!!

ഞങ്ങള്‍ നില്കുന്നതിന്റെ അടുത്തായിട്ടു ഒരു ബൈക്ക് വന്നു ബ്രേക്ക് ഇടുന്നു. അതില്‍ നിന്നു ഒരു രൂപം ഇറങ്ങുന്നു. ജനകൂട്ടത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആ രൂപത്തില് പതിക്കുന്നു. സിനിമയില്‍ നായകന്‍ വരുമ്പോള്‍ ക്യാമറ കാലില്‍ നിന്നു തലയിലേക്ക് പോവുന്നത് പോലെ ഞങ്ങളുടെ കണ്ണുകള്‍ താഴേക്ക് പോവുന്നു. കാലില്‍ പളപള മിന്നുന്ന ഷൂസ് .... അലക്കി തേച്ച കറുത്ത പാന്റ്സ്.... അരക്കെട്ടില്‍ ബെല്‍റ്റ്‌... പിന്നെ ഒരു കറുത്ത പാടോ പുള്ളിയോ ഇല്ലാത്ത ഇളം നീല നിറത്തില്‍ ഒരു പ്ലെയിന്‍ ഷര്‍ട്ടും... മൊത്തത്തില്‍ ഒരു എക്സിക്യൂട്ടീവ് ലൂകും ആയിട്ട് സുബിന്‍ എന്റര്‍ ചെയ്യുന്നു..!!!

ആണുങ്ങള്‍ അസൂയയോടെയും പെണ്ണുങ്ങള്‍ ആരാധനയോടെയും നോക്കുന്നതിനിടെ സുബിന്‍ നടന്നു ഞങ്ങളുടെ അടുത്ത് വന്നു. വന്നുടനെ ദാസപ്പനെ നോക്കി ഒരു ചിരി.... വെറും ചിരി അല്ല ആക്കിച്ചിരി...
"എന്തോന്ന് വേഷങ്ങലാടെ ഇതു ?? നിനക്കു എവിടുന്നു കിട്ടിയെടാ ഈ ഷര്‍ട്ട്‌ ?? എങ്ങനെ തോന്നിയെടാ ഇവിടെ ഇങ്ങനെ ഒരു ഷര്‍ട്ടും ഇട്ടോണ്ട് വരാന്‍ ?? ഒരു കല്യാണത്തിന് വരുമ്പോള്‍ എങ്കിലും കുറച്ചു ഡിസന്റ് ആയിട്ട് വന്നു കൂടെ ?? എന്നെ കണ്ടു പഠിക്കു... "

ഞാന്‍ രക്ഷപെട്ടു എന്ന് സമാധാനിച്ചു ഇരിക്കുമ്പോള്‍ അവന്‍ എന്നെയും വെറുതെ വിട്ടില്ല.

"നിനക്കു ഈ ജീന്‍സ് ഇതു വരെ കളയാന്‍ സമയം ആയില്ലേ ? ഇതു നമ്മള്‍ നാല് വര്‍ഷം മുന്‍പ് ഒരുമിച്ചു പോയി മേടിച്ചതല്ലേ ?? കൊണ്ടു കളയെടാ... കുമ്മായം പൂശിയത് പോലെ ഉണ്ട് !!"

സുജിത്തിന്റെ കൂട്ടുകാരുടെ ഇടയില്‍ വെച്ചാണ് അവന്റെ ഈ ടയലോഗ്. ഞാനും ദാസപ്പനും കാറ്റു പോയ ബലൂണ്‍ പോലെ അങ്ങ് ചെറുതായി പോയി... "എന്നാലും ഈ കൊലച്ചതി നീ ഞങ്ങളോട് ചെയ്തല്ലോടാ... ഷൂ ഇട്ടാല്‍ കാല് ചൊറിയും എന്ന് പറഞ്ഞു നടന്നിരുന്ന നീ ഇന്നു ഷൂ ഇട്ടതു പോരാഞ്ഞിട്ട്‌ അത് പോളിഷ് വരെ ചെയ്തിരിക്കുന്നു.... ഇന്സേര്ട്ട് ചെയ്ത് വരാന്‍ ഇവിടെന്താ വല്ല ഇന്റര്‍വ്യൂ നടക്കുന്നുണ്ടോ ? എന്നാല്‍ പിന്നെ ഒരു ടൈ കൂടി കെട്ടി കൂടാരുന്നോ ??"

സുബിന്‍ ഗമയില്‍ പറഞ്ഞു," എടാ .... ഓരോരുത്തര്‍ക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്...!!"

അപ്പോഴേക്കും സുജിത് വന്നു. സുബിനെ കണ്ടപ്പോള്‍ സുജിത് നു പതിവില്ലാത്ത ആദരവ്.... "കൊള്ളാം സുബിനെ.... നീയെങ്ങിലും നല്ല രീതിയില്‍ ഡ്രസ്സ് ചെയ്ത് വന്നല്ലോ... നിന്നെ ഞാന്‍ അളിയന് പരിചയപെടുത്തി കൊടുക്കുന്നുണ്ട്... ഇവന്മാരെ ഒക്കെ ഇനി എങ്ങനെയാ അവിടെ കൊണ്ടു പോവുന്നെ.... എനിക്ക് തന്നെ മാനക്കേട്‌.... കൊമാളിവേഷവും തേഞ്ഞ ചെരിപ്പും ഇട്ടോണ്ട് ഓരോരുത്തന്മാര്‍ വന്നോളും...!!! "

ഒരു വിരുന്നു കഴിക്കാന്‍ എന്തൊക്കെ സഹിക്കണം ദൈവമേ !!

നട്ടുച്ച സമയം ആയതിനാല്‍ വെയില്‍ കൂടി കൂടി വന്നു. ഞങ്ങള്‍ അല്ലാതെ തന്നെ നല്ല ചൂടായി ഇരിക്കുന്നു. അപ്പോഴുണ്ട് സുബിന്‍ വീണ്ടും തുടങ്ങുന്നു.... "എടേ... നിനക്കൊന്നും ചൂടു എടുക്കുന്നില്ലേ ?? വെയില് കൊണ്ടു എന്റെ ഗ്ലാമര്‍ പോവുന്നു... നമുക്കു മരച്ചുവട്ടിലേക്ക് മാറി നിക്കാം... വെയിലും മാറും വായിനോട്ടവും നടക്കും... എങ്ങനെ ഉണ്ട് എന്റെ ഐഡിയ ? "

ഒന്നും മിണ്ടാന്‍ ആവാതെ ഞങ്ങള്‍ അവനെ പിന്‍തുടര്‍ന്നു... ദാസപ്പന്‍ എന്റെ ചെവിയില്‍ പറഞ്ഞു , "അളിയാ... ഇവന്റെ കൂടെ നടന്നാല്‍ ശെരിയാവില്ല... ഇവനെ കണ്ണ് വെക്കാതിരിക്കാന്‍ നമ്മള്‍ കൂടെ നടക്കുവാണെന്ന് ബാക്കി ഉള്ളവര്‍ പറയും... ഹും.. !!"

അങ്ങനെ മരത്തിന്റെ താഴെ ഞങ്ങള്‍ എത്തി വായിനോട്ടവും ആരംഭിച്ചു. പതിവിനു വിപരീതമായി പെണ്‍കുട്ടികള്‍ ഇങ്ങോട്ടും നോക്കുന്നുണ്ട്.. അതെന്താണ് അങ്ങനെ? നമ്മുടെ കൂടെ വേറെ ആരെങ്ങിലും നില്ക്കുന്നുണ്ടോ? ഞാനും ദാസപ്പനും തല ആദ്യം ഇടത്തോട്ടും പിന്നെ വലത്തോട്ടും തിരിക്കുന്നു. ഇല്ല... ആരും തന്നെ ഇല്ല... ലോക്ക് കിയാ ജായെ..

സുബിന് മാത്രം ഒരു കുലുക്കവും ഇല്ല... അവന്റെ തല അതേ പൊസിഷനില്‍ തന്നെ നിക്കുന്നു.. ഇനി പിന്നോട്ട് നോക്കണമെങ്കില്‍ സുബിന്‍ മൊത്തത്തില്‍ കറങ്ങുമോ എന്ന് വരെ ഞങ്ങള്‍ സംശയിച്ചു..
"കണ്ടോടാ... പെണ്‍കുട്ടികള്‍ ഒക്കെ എന്നെ നോക്കണേ... ഇതാണ് സിമ്പിള്‍ ആയിട്ട് ഡ്രസ്സ് ചെയ്താല്‍ ഉള്ള ഗുണം "

ഞങ്ങള്‍ : "പിന്നെ... അവര്ക്കു നിന്നെ നോക്കല്‍ അല്ലെ പണി..ഒന്നു പോടെ.. !!"

സുബിന്‍ : ".. അവരൊക്കെ നിങ്ങളെ നോക്കുവനെന്നാണോ വിചാരിച്ചേ... പെണ്‍കുട്ടികള്‍ക്ക് സിമ്പിള്‍ ആയിട്ട് ഡ്രസ്സ് ചെയ്യുന്ന ആണുങ്ങളെ ആണ് ഇഷ്ടം... ഡോണ്ട് ദേ ലൈക്‌ ? "

വരാനിരിക്കുന്ന സംഭവങ്ങള്‍ പാവം സുബിന്‍ അറിഞ്ഞില്ലല്ലോ... അത് അപ്പോള്‍ സംഭവിച്ചു... അത് എന്ന് വെച്ചാല്‍ ഇത്രേയുള്ളൂ...

"പ്ലക്ക് "

ഇങ്ങനെ ഒരു ശബ്ദവും സുബിന്റെ ഞെട്ടലും ഒരുമിച്ചായിരുന്നു.. മുകളില്‍ നിന്നു "ക്രാ ക്രാ" എന്നൊരു ശബ്ധം കൂടി ഫോളോ ചെയ്തപ്പോള്‍ ഞങ്ങള്ക്ക് കാര്യങ്ങള്‍ മനസ്സിലായി.... സംഭവങ്ങളുടെ പരിണിത ഫലമായി സുബിന്റെ ഇളം നീല ഷര്‍ട്ട്‌ന്റെ പിന്‍ഭാഗത്തായി സാമാന്യം വലിയ ഒരു കറുത്ത പാടു പ്രത്യക്ഷ്യപെടുന്നു.. ഞാന്‍ തല തല്ലി ചിരിക്കാന്‍ തുടങ്ങി .. ദാസപ്പന്‍ ആണെങ്ങിലോ ഉരുണ്ടു കിടന്നു ചിരി...

"ആഹാ... ഓഹോ.. ഇപ്പോള്‍ എങ്ങനെ ഉണ്ട് സുബിനെ ? നിനക്കു ഒരു ബ്യൂട്ടി സ്പോട്ട്ന്റെ കുറവുണ്ടായിരുന്നു... മുഖത്തായിരുന്നു വേണ്ടിയിരുന്നെ... സാരമില്ല.. !!"

സുബിന്‍ 'അവളുടെ രാവുകള്‍' പോസ്റ്റര്‍ലെ സീമയെ പോലെ നിന്നു. ഞങ്ങളുടെ ബഹളം കേട്ട് ചിലരൊക്കെ ശ്രദ്ധിച്ചു തുടങ്ങി.. സുബിന്‍ ദയനീയമായി ഞങ്ങളെ നോക്കി പറഞ്ഞു , " അളിയാ... നാറ്റിക്കരുത്.... ആരെങ്കിലും ഇങ്ങോട്ട് വരുന്നതിനു മുന്പ് തൂവാല കൊണ്ടു അതൊന്നു തുടച്ചു കളയെടാ.. പ്ലീസ് !!"

ഞാന്‍ വളരെ കഷ്ടപ്പെട്ട് ചിരി നിര്‍ത്തിയിട്ട്‌ പറഞ്ഞു , " അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി... ഇനി എന്തോന്ന് നാറാന്‍ ?? നീ നേരത്തെ പറഞ്ഞതു സത്യമാ.. പെണ്‍കുട്ടികള്‍ ഒക്കെ നിന്നെ തന്നെയാ നോക്കുന്നെ.. മാത്രമല്ല ചിരിക്കുന്നുണ്ട്.. എനിക്ക് സമാധാമായെടാ.. കാക്കക്ക് ഞാന്‍ ചിക്കന്‍ ബിരിയാണി മേടിച്ചു കൊടുക്കും !!"

ഞങ്ങളുടെ സഹായമില്ലാതെ സുബിന് ശുദ്ധികലശം നടത്താന്‍ സാധിക്കില്ല എന്ന സാഹചര്യം ഞങ്ങള്‍ മാക്സിമം ചൂഷണം ചെയ്തു. അവസാനം അവന്‍ കരയും എന്ന അവസ്ഥ ആയപ്പോള്‍ ഞങ്ങളുടെ മനസ്സലിഞ്ഞു. ഫ്രണ്ട്സ് ആയിപ്പോയില്ലേ ? സുബിനെ വീണ്ടും പഴയത് പോലെ ടിപ്പ്-ടോപ്പ് ആക്കി എടുത്തു... അതിന് മുന്പ് ഞങ്ങള്‍ മൊബൈലില്‍ പടം പിടിക്കാന്‍ മറന്നില്ല... എന്തിനും തെളിവ് വേണമല്ലോ... സുബിന് മറ്റൊരു സഹായം കൂടി ഞങ്ങള്‍ ചെയ്തു കൊടുത്തു... അവിടെ ഞങ്ങള്ക്ക് പരിചയമുള്ളവരും അല്ലാത്തവരും ആയിട്ടുള്ള എല്ലാവര്ക്കും കഥ ഞങ്ങള്‍ ഫോട്ടോ സഹിതം പറഞ്ഞു കേള്‍പ്പിച്ചു.. !!

സുബിന്‍ അന്ന് നടന്ന ഫോട്ടോ സെഷനില്‍ ചിരിച്ചിട്ടില്ല... ആരോടും ഒന്നും മിണ്ടിയില്ല... എന്തൊക്കെയോ കഴിച്ചെന്നു വരുത്തിയിട്ട് ഒരൊറ്റ മുങ്ങല്‍ ആയിരുന്നു...

പിന്നീട് പല ചടങ്ങുകളിലും ഞങ്ങള്‍ ഒത്തു കൂടിയിട്ടുണ്ടെങ്കിലും സുബിന്‍ പിന്നെ ടിപ്പ്-ടോപ്പ് വേഷത്തില്‍ ഇതു വരെ വന്നിട്ടില്ല... !!

Thursday, January 1, 2009

എംബണ്ടേ ചരിതം

സ്ഥലം : തിരുവനന്തപുരത്തെ വലിയതുറ കടല്പാലം

കഥാപാത്രങ്ങള്‍ : ഞാന്‍, ദാസപ്പന്‍, ജഗ്ഗു, സുബിന്‍

ജോലി ഒക്കെ ആയതില്‍ പിന്നെ എല്ലാവരും ഒത്തു കൂടുന്ന അവസരങ്ങള്‍ നന്നേ കുറഞ്ഞിരിക്കുന്നു. അങ്ങനെ ഒരു അവസരത്തില്‍ ആണ് ഈ സംഭവം നടന്നത്. മാസങ്ങള്‍ക്കു ശേഷം കിട്ടിയ കുറച്ചു അവധി ദിവസങ്ങളില്‍ ഞങ്ങള്‍ നാടു ചുറ്റാന്‍ ഇറങ്ങും. കടല്പാലം ഞങ്ങളുടെ ഒരു സ്ഥിരം ലൊക്കേഷന്‍ ആയിരുന്നു. ബൈക്കുകള്‍ ഒതുക്കി വെച്ചിട്ട് ഞങ്ങള്‍ കടല്പാലം ലക്ഷ്യമാക്കി നടന്നു തുടങ്ങി. കുറച്ചു നേരം കത്തി വെക്കുക്ക, കടലില്‍ സുര്യാസ്തമനം കാണുക പിന്നെ ഇന്ത്യന്‍ കോഫി ഹൌസില്‍ പോയി കുട്ലെട് കഴിക്കുക..അല്ലെങ്ങില്‍ കുറച്ചു കൂടി ഗ്രാന്‍ഡ്‌ ആയിട്ട് ഏതെങ്കിലും ഹോട്ടലില്‍ പോയി പൊറോട്ടയും ചിക്കന്‍ ഫ്രൈയും തട്ടുക... ഇതായിരുന്നു പ്ലാന്‍.

സുബിന്‍ അവന്റെ കോഴ്സ് വിശേഷങ്ങള്‍, ഞാനും ദാസപ്പനും ജോലിയുടെ വിശേഷങ്ങള്‍, ജഗ്ഗു തന്റെ പഠിപ്പിക്കല്‍ വിശേഷങ്ങള്‍ എല്ലാം പറഞ്ഞു തുടങ്ങി. ഓരോന്ന് പറഞ്ഞു പറഞ്ഞു ചര്ച്ച സിനിമകളെ കുറിച്ചായി. പുതിയ സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ വന്നാല്‍ അത് ഡൌണ്ലോഡ് ചെയ്തു കാണുക എന്നത് ഞങ്ങളുടെ സ്ഥിരം എര്പാട് ആയിരുന്നു. സുബിന്‍ ഒഴികെ ബാക്കി എല്ലാവര്ക്കും നല്ല കിടിലം ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്. ഞങ്ങള്‍ പരസ്പരം ഡൌണ്ലോഡ് വിശേഷങ്ങള്‍ ഘോരഘോരം പറയാന്‍ തുടങ്ങി.

ഞാന്‍: "ഡാ.. ഞാന്‍ രണ്ടു ദിവസം കൊണ്ടു അഞ്ചു സിനിമകള്‍ തീര്ത്തു"

ദാസപ്പന്‍: "ഞാന്‍ ഒരു ദിവസം കൊണ്ടു രണ്ടര സിനിമ തീര്ത്തു"

സിനിമകളില്‍ പൊതുവെ ഇന്റെരെസ്റ്റ്‌ ഇല്ലാതിരുന്ന ജഗ്ഗു പോലും വിട്ടു കൊടുത്തില്ല "ഞാന്‍ പാട്ടുകള്‍ ഡൌണ്ലോഡ് ചെയ്തു തകര്‍ക്കുവാ... "

ഇതൊക്കെ കേട്ട്‌ നിന്ന സുബിന്‍ ഡോഗ് ഷോവില്‍ വഴി തെറ്റി കേറി വന്ന ചൊക്ലി പട്ടിയുടെ അവസ്ഥയിലായി. ഇനി മിണ്ടിയില്ലെങ്ങില്‍ മാനം പോവും എന്ന് ഉറപ്പിച്ചപ്പോള്‍ സുബിന്‍ തന്റെ തൊണ്ട ഒക്കെ ഒന്നു ശെരിയാക്കി ഒരു വാചകം അങ്ങ് കാച്ചി.

"എനിക്കും നിങ്ങളെ പോലെ സ്പീഡ് ഉള്ള കണക്ഷന്‍ ഉണ്ടായിരുന്നെങ്ങില്‍ 'എംബണ്ടേ' ഡൌണ്ലോഡ് ചെയ്തേനെ !!!"

ഡിംഗ്

ഞങ്ങള്‍ മൂന്ന് പേരുടേയും ട്യൂബ് ലൈറ്റുകള്‍ മിന്നി കളിച്ചു. ഇതു വരെ കേള്‍കാത്ത എന്തോ ഒരു സാധനം സുബിന്‍ ഡൌണ്ലോഡ് ചെയ്യുമെന്ന്. എന്താണത്? സിനിമയോ, പാട്ടോ അതോ ഗെയിം ?ഇനി ഇന്നലെ ഇറങ്ങിയ വല്ല സോഫ്റ്റ്‌വെയര്‍ ആണോ ? സിനിമ ആണെങ്ങില്‍ അത് ഏത് ഭാഷ? പഴയതോ പുതിയതോ ? പാട്ടു ആണെങ്ങില്‍ അതിന്റെ മ്യൂസിക് ആര് ? ആര് പാടി ? ഗെയിം ആണെങ്ങില്‍ അത് കളിയ്ക്കാന്‍ ത്രീ ഡി കാര്‍ഡ് വേണോ ? സോഫ്റ്റ്‌വെയര്‍ ആണെങ്ങില്‍ എന്തിന് വേണ്ടി ഉള്ളത്? ഒരു സെക്കന്റ് കൊണ്ടു ഇത്ര അധികം സംശയങ്ങള്‍ ഞങ്ങളുടെ മനസ്സിലൂടെ കണ്ടന്നു പോയി... ആറടി പൊക്കമുള്ള സുബിന്‍ വീണ്ടും പൊങ്ങിയോ എന്ന് സംശയം..

ഞങ്ങള്‍ ഭയഭക്തി ബഹുമാനത്തോടെ സുബിന്‍ ഇനി എന്തൊക്കെ പറയും എന്ന് നോക്കി നിന്നു...എന്നാല്‍ സുബിന്‍ ആണെങ്ങിലോ 'ഇവന്മാര്‍ക്കെന്തു പറ്റി?' എന്ന ഭാവത്തില്‍ ഞങ്ങളെ നോക്കി കണ്ണ് തള്ളുന്നു. അവസാനം തോല്‍വി സമ്മതിച്ചു ഞങ്ങള്‍ സുബിനോട് തന്നെ ചോദിച്ചു..

"അളിയാ.. നീ ഇപ്പൊ പറഞ്ഞ "എംബണ്ടേ" എന്ന പടം എപ്പോ റിലീസ് ആയി ?? ഞങ്ങള്‍ അതിനെ കുറിച്ചു കേട്ടിട്ടില്ല..."
"എംബണ്ടേ പടം ആവില്ലെടാ... അത് വല്ല മ്യൂസിക് ട്രൂപ്പ് ആയിരിക്കും"
"എടാ.. എംബണ്ടേ ഗെയിം എന്താണ്? വെടി വെപ്പ് ആണോ ?"

അപ്പോള്‍ സുബിന്‍ വളരെ സീരിയസ് ആയിട്ട്, " അളിയാ... അത് സിനിമയും പാട്ടും ഒന്നുമല്ലെടാ ... എന്റെ ഒരു പ്രയോഗം ആണ്"


റിപ്ലേ !!!


"എംബണ്ടേ" ഡൌണ്ലോഡ് ചെയ്തേനെ... എന്നേ ഡൌണ്ലോഡ് ചെയ്തേനെ... ഞാന്‍ പണ്ടേ ഡൌണ്ലോഡ് ചെയ്തേനെ..

ഞാന്‍ + എന്നേ + പണ്ടേ = എംബണ്ടേ

ഓഹോ.. അപ്പൊ ഇതാണ് എംബണ്ടേ... മൂന്ന് പേരുടേയും ബ്രയിനില്‍ കാര്യങ്ങള്‍ ഉജാല മുക്കിയ തുണി പോലെ ക്ലിയര്‍ ആയി...ഞങ്ങള്‍ ഇപ്രാവശ്യം സുബിനെക്കാളും സീരിയസ് ആയിട്ട് ചോദിച്ചു," മോനേ... സുബിനെ... കുട്ടാ.. നീ എന്ത് ഡൌണ്ലോഡ് ചെയ്യുമെന്ന പറഞ്ഞെ ?? നീ ഒന്നു കൂടി പറഞ്ഞെ..."

സുബിന്‍ പറയുന്നു, "എംബണ്ടേ ഡൌണ്ലോഡ് ചെയ്തേനെ എന്ന്.. എന്താടാ മനസ്സിലായില്ലെ ?"

ഞങ്ങള്‍: "മനസ്സിലായില്ല... എന്ത് കുന്തമാടാ എംബണ്ടേ?"

സുബിന്‍: "നീയൊക്കെ കേരളത്തില്‍ തന്നെ ഉള്ളവര്‍ ആണോടെ ? നിനക്കൊന്നും എംബണ്ടേ എന്താണെന്നു അറിയില്ലേ ?"

ഞങ്ങള്‍ ആകെ ധര്‍മസങ്കടത്തില്‍ ആയി. ഇനി ഇവന്‍ പറയുന്നതു പോലെ വല്ല പ്രയോഗവും ഉണ്ടാവുമോ ? അവസാനം മണ്ടന്മാരായ ഞങ്ങള്‍ 'വെറും മണ്ടന്മാര്‍' ആവുമോ..? അത് അറിയാന്‍ ഇനി ഒരു വഴിയേ ഉള്ളു..

"സുബിനെ... നീ ഇവിടെ നിക്ക്.. ഞങ്ങള്‍ കപ്പലണ്ടി മേടിച്ചിട്ട് വരാം" എന്ന് പറഞ്ഞു ഞങ്ങള്‍ മുങ്ങുന്നു...കടല്‍ കാണാന്‍ കുറച്ചു കോളേജ് കുമാരികള്‍ ഉണ്ടായിരുന്നത് കൊണ്ടു സുബിന്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല.. നാശങ്ങള്‍ പോകട്ടെ എന്ന് മനസ്സില്‍ വിചാരിചോണ്ട് അവന്‍ പറഞ്ഞു, "ശരി.. ശരി.. തിരികെ വരുമ്പോ എനിക്കും മേടിച്ചോണ്ട് വാ.."

കുറച്ചു മാറി നിന്നിട്ട് നമ്മള്‍ പരിപാടി ആരംഭിച്ചു... ആദ്യം സാധനം കൈയില്‍ എടുക്കുന്നു.. സാധനം എന്ന് വെച്ചാല്‍ മൊബൈല് ഫോണ്‍. എന്നിട്ട് തിരുവനന്തപുരം മുതല്‍ കൊല്ലം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ള എല്ലാ അലവലാതി കൂട്ടുകാരെയും വിളിച്ചു അന്വേഷിച്ചു... "എന്താണ് എംബണ്ടേ??"

ചിലര്‍ അമ്പരക്കുന്നു... ചിലര്‍ പൊട്ടിച്ചിരിക്കുന്നു... വേറെ ചിലരോ നല്ല മുട്ടന്‍ തെറി വിളിക്കുന്നു...ഇതോടെ ഞങ്ങള്‍ ഒരു കാര്യം ഉറപ്പിച്ചു... സുബിന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പെട്ടെന്ന്‍ പറഞ്ഞപ്പോള്‍ നാവു സ്ലിപ് ആയിട്ട് ഇതു വരെ കേള്‍കാത്ത എന്തോ സംഭവം പുറത്തു വന്നതാണെന്നും എന്നാല്‍ അത് സമ്മതിച്ചു തരാനുള്ള സാമാന്യ മര്യാദ അവന്‍ കാണിക്കാതെ വീണിടത്ത് കിടന്നു ഉരുണ്ടു മറിഞ്ഞു തല കുത്തി നിന്നു കഥകളി കളിക്കുവാണ് . ഇവനെ അങ്ങനെ വിട്ടാല്‍ ശരിയാവില്ലാ...

വെറും കൈയോടെ വന്ന ഞങ്ങളെ കണ്ടു സുബിന്‍ ചോദിച്ചു," എവിടെയാടാ നീയൊക്കെ കൊണ്ടു വരാമെന്ന് പറഞ്ഞ കപ്പലണ്ടി?"

കപ്പലണ്ടി കിട്ടാത്ത സുബിനെ കണ്ടപ്പോള്‍ എന്തോ കിട്ടാത്ത അണ്ണാന്‍ , എല്ല് കിട്ടാത്ത പട്ടി മുതലായ ഉപമകള്‍ മനസ്സില്‍ തോന്നി. ബട്ട് ഞങ്ങള്‍ അത് പ്രകടിപ്പിച്ചില്ല.. സുബിനെ വടി ആക്കാന്‍ വേണ്ടി (അല്ലെങ്ങിലും വടി പോലെ ആണ് ഇരിക്കുന്നെ.. വടിയെ എങ്ങനെയാ വീണ്ടും വടി ആക്കണേ... ആ.. എന്തെങ്ങിലും ആവട്ടെ!) ഞങ്ങള്‍ പ്ലാന്‍ ചെയ്തത് പോലെ പെര്‍ഫോര്‍മന്‍സ് റൌണ്ട് തുടങ്ങുന്നു.

ഞാന്‍: " ഡാ സുബിനെ... നിനക്കു കപ്പലണ്ടി എംബണ്ടേ ഇഷ്ടമായിരുന്നോ.. ?"

ജഗ്ഗു : "നീ എംബണ്ടേ മണ്ടന്‍ ആയിരുന്നോ അതോ വളര്‍ന്നപ്പോള്‍ മണ്ടന്‍ ആയതാണോ ?"

ദാസപ്പന്‍ : "ഇവന്‍ എംബണ്ടേ ഇങ്ങനെ തന്നെ ആയിരുന്നു... ഓര്‍മയില്ലെടാ അഭീ.. എംബണ്ടേ നമ്മള്‍ ഒരേ സ്കൂളില്‍ എംബണ്ടേ ഒരു ക്ലാസ്സില്‍ എംബണ്ടേ ഒരേ ബെന്ചില്‍ ഒരുമിച്ചു പഠിച്ചപ്പോഴും ഇവന്‍ ഇങ്ങനെ തന്നെ ആയിരുന്നു.. അപ്പോള്‍ ഉറപ്പിച്ചോ.. ' എംബണ്ടേ സുബിന്‍ ' ഇങ്ങനെ തന്നെ ആയിരുന്നു... !!"

ഇതൊക്കെ കേട്ട്‌ കഴിഞ്ഞപ്പോള്‍ സുബിന്റെ തലയില്‍ ഒരു കപ്പലണ്ടി.. സോറി ബള്‍ബ് കത്തുന്നു.. !! പിന്നെ എംബണ്ടേ പോയിട്ട് "എം" എന്ന് പോലും സുബിന്‍ ആ ദിവസം മിണ്ടിയിട്ടില്ല. ആ നിമിഷം മുതല്‍ അനിശ്ചിതകാലത്തേക്ക് അവന്‍ മൌനവൃതം ആചരിച്ചു..

അങ്ങനെ സുബിന്റെ ഇരട്ടപേരുകളുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടി... മലയാള നിഘണ്ടുവില്‍ ചേര്‍ക്കുവാന്‍ പുതിയ ഒരു വാക്കും... !!

"എംബണ്ടേ" ചരിതം ഇവിടെ പൂര്‍ണമാവുന്നു.... !!