Saturday, October 24, 2009

വെള്ളത്തിലാശാന്‍

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ
രാജു തിരിഞ്ഞു നോക്കി
മുറ്റത്തൊരു മൈന............

ഇത് പഴയത്.... ഇതില്‍ അല്പം വെള്ളം ചേര്‍ത്താലോ... ???

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ
രാജു തിരിഞ്ഞു നോക്കി
തറയിലൊരു മൈ_ന്‍ വാളും വെച്ചു കിടക്കുന്നു....!!

വെള്ളമടി പാര്‍ട്ടികളില്‍ സ്ഥിരമായി കണ്ടു വരുന്ന ഒരു സംഭവ വികാസമാണ് പറഞ്ഞത്. വീക്കെന്‍ഡില്‍ വെള്ളമടി ഇല്ലാതെ നമുക്കെന്തു ആഘോഷം അല്ലേ ?



വാള് വെപ്പിന്റെ ചരിത്രം ഹോസ്റ്റല്‍ മുറികളിലെ തറകളില്‍ നിന്നും ടൂര്‍ പോയപ്പോള്‍ താമസിച്ച ഹോട്ടലുകളിലെ ബാത്ത് റൂമുകളില്‍ നിന്നും വായിച്ചു എടുക്കാവുന്നതാണ്. കൂര്‍ഗില്‍ ടൂര്‍ പോയപ്പോള്‍ നടന്ന സംഭവങ്ങള്‍ ഇപ്പോഴും നല്ലത് പോലെ ഓര്‍മ നില്‍ക്കുന്നു. ഹൈ റേഞ്ചിലെ തണുപ്പ് അസഹനീയം ആയപ്പോള്‍ അല്പം ചൂട് ഐറ്റംസ് അകത്താക്കാം എന്ന് എല്ലാവരും കൂടി തീരുമാനിച്ചു. മുന്തിയ ഇനം ഒന്നും കിട്ടിയില്ലെങ്കില്‍ എന്താ ലോക്കല്‍ ഐറ്റം മതിയല്ലോ... ലോക്കല്‍ ആണെങ്കില്‍ എന്ത്? രണ്ടെണ്ണം അകത്തു പോയതോടെ എല്ലാവരും ' ആട് പാമ്പേ ആടാട് പാമ്പേ' അവസ്ഥയില്‍ ആയി.

ചിരിക്കുട്ടന്‍ അപ്പോഴേക്കും ചിരിയുടെ വോളിയം കൂട്ടി. ഫിറ്റ്‌ ആയാല്‍ പിന്നെ നോണ്‍ സ്റ്റോപ്പ്‌ ചിരിയാണ്. അങ്ങനെയാണ് ആ പേര് കിട്ടിയത്. ബാബു തന്റെ ഗ്ലാസ്‌ റീഫില്‍ ചെയ്യാന്‍ ചെയ്യാന്‍ ശ്രമിക്കുവാണ്. ഗ്ലാസില്‍ മാത്രം ഒരു തുള്ളി വീഴുന്നില്ലെന്നു മാത്രം! മദ്യം പാഴാക്കാന്‍ പാടില്ലാത്തത് കൊണ്ട് അപകടം മുന്‍കൂട്ടി കണ്ട് ബാബുവിന് വേണ്ടി ഒരു കുപ്പി കരിങ്കാലി വെള്ളം നേരത്തെ തന്നെ റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു. കെമിസ്ട്രി ലാബില്‍ ടൈട്രേഷന്‍ ചെയ്യുമ്പോലെ ബാബു ആ കുപ്പിയും ഗ്ലാസും വെച്ചു പരീക്ഷണങ്ങള്‍ നടത്തി കൊണ്ടിരുന്നു.

മഹേഷ്‌ അവന്റെ പ്രേമകഥ ബോധം പോയ രഘുവിനോട് വിസ്തരിച്ചു പറഞ്ഞ് കൊണ്ടിരുന്നു. വാള് വെക്കണോ വേണ്ടയോ എന്ന് ഉറപ്പിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയ ജോജി ബാത്ത് റൂമിന്റെ വാതിലിനു അടുത്തായി ഒരു കസേര പിടിച്ചിട്ടു അവിടെ ആസനസ്ഥനായി (ഇനി പേടിക്കാനില്ലല്ലോ). റൂമിന്റെ മറ്റൊരു അറ്റത്ത്‌ തെറി വിളികളുടെ അകമ്പടിയില്‍ ചീട്ടു കളി പുരോഗമിക്കുന്നു. റമ്മി, ആസ്, ബ്ളഫ്ഫ്, സെറ്റ് എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞു ഒരു അവിയല്‍ പരുവത്തിലെ കളിയാണ് അവിടെ നടക്കുന്നത്. അതിനിടെ ഒരുത്തന്‍ ഫാനിന്റെ ചുവട്ടില്‍ ഇരുന്നു ചീട്ടു കൊട്ടാരം ഉണ്ടാക്കുന്നത് കണ്ട് നമ്മള്‍ ആരും ഞെട്ടിയില്ല !

ആരാദ്യം ആരാദ്യം എന്ന് പരസ്പരം നോക്കി ഇരിക്കുന്ന വേളയില്‍ വാളുമായി ചാടി വന്നത് നമ്മുടെ ഫയല്‍വാന്‍ അപ്പു ആയിരുന്നു. വാള്‍ എന്ന് പറഞ്ഞാല്‍ ഒറിജിനല്‍ വാള്‍ ! മൈസൂരില്‍ നിന്നും മേടിച്ച അത്യാവശ്യം മൂര്‍ച്ചയുള്ള ഒരു കുഞ്ഞു വാള്‍ കൈയില്‍ പിടിച്ചു ടിപ്പു സുല്‍ത്താന്‍ കുതിരപ്പുറത്തു നിന്നു ചാടിയത് പോലെ അപ്പു കട്ടിലില്‍ നിന്നും ഒരൊറ്റ ചാട്ടം! പാമ്പുകള്‍ എല്ലാം ചിതറി മാറി... എല്ലാര്‍ക്കും ജീവനില്‍ കൊതിയുണ്ടേ...! പിന്നെ അവിടെ ഒരു ഭീകര സ്ടണ്ട് ഒക്കെ നടന്നതിനു ശേഷം 'വാളെടുത്തവന്‍ വാളാല്‍' എന്ന് പറയുമ്പോലെ അപ്പു ഒരു വാള് വെച്ചു ഓഫ്‌ ആയി. വാളൊക്കെ കോരി എല്ലാവരെയും അവരവരുടെ റൂമില്‍ എത്തിക്കേണ്ട ചുമതല മുഴുവന്‍ ടൂര്‍ oragnisers എന്ന ഹതഭാഗ്യവാന്മാരുടെ തലയില്‍ ആയിരുന്നു. ഹോട്ടലിന്റെ മുറ്റത്ത്‌ സ്ഥാപിച്ച പെണ്ണിന്റെ പ്രതിമയോടു കൊച്ചുവര്‍ത്തമാനം പറഞ്ഞ് കൊണ്ടിരുന്ന ശശിയെ കുളിപ്പിച്ച് കിടത്തിയപ്പോള്‍ മാത്രമാണ് അവരുടെ അന്നത്തെ ജോലി തീര്‍ന്നത്.

പിറ്റേ ദിവസം അടുത്ത പുലിവാല്‍. ലോക്കല്‍ ഐറ്റം ആയത്‌ കൊണ്ട് കിക്ക് വിടുന്നില്ല! എല്ലാവര്‍ക്കും ഒരു അഴകൊഴമ്പന്‍ സ്വഭാവം. ബോധം ഉണ്ട് പക്ഷെ ഇല്ലെയോ എന്നൊരു സംശയം. എല്ലാത്തിനെയും organisers പായ്ക്ക് ചെയ്തു ബസില്‍ കെട്ടി വഴിയില്‍ ഒരു ഹോട്ടലില്‍ കേറ്റി മോരുംവെള്ളം കുടിപ്പിച്ചു. അപ്പോള്‍ മാത്രമാണ് തലയ്ക്ക്‌ അകത്തുള്ള ബള്‍ബിന്റെ വോള്‍ട്ടേജ് നേരെ ആയത്‌.

പറഞ്ഞ് വന്നത് വെള്ളത്തിലാശാനെ കുറിച്ചാണ്. ആശാന്‍ ഒരു സംഭവം ആണ് ! എവിടെ വെള്ളമടി ഉണ്ടോ അവിടെ ആശാന്‍ ഉണ്ട്. ഷെയര്‍ ഒന്നും ഇടാതെ വെള്ളമടിക്കാന്‍ ആശാനെ കഴിഞ്ഞേ വേറെ ആരുമുള്ളൂ. കാശ് ഇല്ലാഞ്ഞിട്ടല്ല , പിശുക്ക് തന്നെ! പ്രായത്തില്‍ മൂത്തത് ആയത്‌ കൊണ്ട് ഞങ്ങള്‍ സഹിച്ചു പോന്നു. പിന്നെ പാര്‍ട്ടികള്‍ ഉഷാറാക്കാന്‍ ആശാന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്. അങ്ങനെയിരിക്കെ ഒരിക്കല്‍ ആശാനുമായി ഞങ്ങള്‍ ഒന്ന് തെറ്റി. റൂമില്‍ വാള് വെച്ചു കുളമാക്കിയിട്ടു അത് വൃത്തിയാക്കാന്‍ ആശാന്‍ കൂട്ടാക്കിയില്ല. എങ്കില്‍ അടുത്ത പാര്‍ട്ടിയില്‍ ഒരു പണി കൊടുക്കുക തന്നെ എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ശനിയാഴ്ച രാത്രി പാര്‍ട്ടി ആരംഭിച്ചു. ആശാന്‍ പതിവ് പോലെ ഹാജര്‍. ഞങ്ങള്‍ അനിഷ്ടം ഒന്നും പുറമേ കാണിച്ചില്ല. വിസ്കി, വോഡ്ക, ബിയര്‍ എല്ലാം തയ്യാര്‍. പാര്‍ട്ടി ആരംഭിച്ചു. ഗ്ലാസ്സുകള്‍ ഒഴിഞ്ഞു കൊണ്ടിരുന്നു. ആശാന്‍ നാല് പെഗ് ഒക്കെ കഴിഞ്ഞു നല്ല ഫോമില്‍ ഇരിക്കുന്നു. ഇത് തന്നെ പറ്റിയ അവസരം. ആശാന് ഒരു സ്പെഷല്‍ ഡ്രിങ്ക് ഞങ്ങള്‍ ഉണ്ടാക്കി : വിസ്കി ആന്‍ഡ്‌ വോഡ്ക. വെള്ളം, സോഡാതുടങ്ങിയവ ഒഴിച്ച് അശുദ്ധം ആക്കിയില്ല . ഇപ്പോള്‍ കണ്ടാല്‍ ഒരു നോര്‍മല്‍ പെഗ് പോലെ തന്നെ ഉണ്ട്. ഗ്ലാസ്‌ ആശാന് മുന്നിലേക്ക് നീക്കി വെച്ചിട്ട് ഞങ്ങള്‍ പ്രോഗ്രാം ആരംഭിച്ചു.

"ആശാനെ.... ആശാന്‍ ഫിറ്റ്‌ ആണോ ?"

"ഫിറ്റോ.... ഞാനോ? ഞാന്‍ ഫിറ്റ്‌ ആവാന്‍ ഇത്രയൊന്നും പോര... കേട്ടോടാ ____മോനെ !"

"എന്നാല്‍ ഞാന്‍ പറയുന്നു ആശാന് ഈ ഗ്ലാസ്‌ തീര്‍ക്കാന്‍ പറ്റില്ലെന്ന്... ബെറ്റ്‌ ഉണ്ടോ ?"

"ഉണ്ട്.... ഈ ഗ്ലാസ്‌ ഒറ്റ വലിക്കു ഞാന്‍ തീര്‍ക്കും.... കാണണോ ?"

"എന്നാല്‍ അതൊന്നു കണ്ടിട്ട് തന്നെ ബാക്കി കാര്യം !"

ആശാന്‍ ഗ്ലാസ്‌ ഉയര്‍ത്തി. ഞങ്ങളെയും ഗ്ലാസ്സിനെയും മാറി മാറി നോക്കി. പിന്നെ കണ്ണും പൂട്ടി ഒരു കുടി ! കുടിച്ചു തീര്‍ന്നതും 'പിശ്‌ശ്ശ്ശ്ശ്ശ്ശ്ശ് ' എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. വായില്‍ നിന്നും പുക വന്നോ എന്നൊരു സംശയം. നാവിന്റെ തുമ്പ് മുതല്‍ വയറ്റിന്റെ അണ്ടകടാഹം വരെ പുകഞ്ഞു കാണണം. നിലത്തേക്ക്‌ വെച്ച ഗ്ലാസ്‌ ചരിഞ്ഞതിനൊപ്പം ആശാനും കൂടെ ചരിഞ്ഞു !

സുപ്രഭാതത്തില്‍ ആശാന്‍ ഞങ്ങളുടെ മുഖങ്ങള്‍ കണി കണ്ടുണര്‍ന്നു. ആയാസപ്പെട്ട്‌ കിടപ്പില്‍ നിന്നു എഴുന്നേറ്റു നിലത്തു കുത്തിയിരുന്ന് ഞങ്ങളെ ഒന്ന് കൂടെ നോക്കി.

"എങ്ങോട്ടാടാ രാവിലെ ഒരുങ്ങി കെട്ടി പോവുന്നെ ? സിനിമക്കാണോ ? "

"സിനിമയോ ? അപ്പൊ ആശാന്‍ ഇന്ന് ഓഫീസിലേക്കില്ലേ ?"

"എന്ത് ? ഓഫീസോ ? ഞായറാഴ്ചയോ ?"

"ഹ ഹ ഹ ...ആശാനെ ഇന്ന് തിങ്കളാഴ്ചയാ... ഇന്നലെ മുഴുവന്‍ ആശാന്‍ ഫ്യൂസ് പോയി കിടക്കുവായിരുന്നു... എന്നാലും എന്നാ ഉറക്കമായിരുന്നു ഇത് ? അപ്പൊ ഞങ്ങള്‍ ഇറങ്ങുവാ...!"

ആശാന്‍ വീണ്ടും ഫ്ലാറ്റ് !

Wednesday, October 21, 2009

ഒരു കമ്പ്യുട്ടറിന്റെ ആത്മഗതം

ബ്ലോഗിങ്ങ് തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ എഴുതിയ ഒരു സംഭവം ( ചെറുകഥ എന്നൊക്കെ പറയാമോ എന്നറിയില്ല... എന്നാലും വായിച്ചു നോക്കിക്കോ )

സമയം രാവിലെ 10:30. എന്നെത്തെയും പോലെ ഇന്നും ഉണരാന്‍ താമസിച്ചു. ആരെങ്കിലും വന്ന് സ്വിച്ച് ഓണ്‍ ചെയ്താല്‍ മാത്രമല്ലേ ഉണരാന്‍ സാധിക്കൂ. ഏതെങ്കിലും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ CEO ഉപയോഗിക്കുന്ന സിസ്റ്റം ആവാനായിരുന്നു എന്‍റെ ആഗ്രഹം... പക്ഷെ ഞാന്‍ ഒരു ലാപ്‌ ടോപ്‌ അല്ലല്ലോ. അവസാനം വന്ന് പെട്ടതോ.... ബിസിനസ് വെയിറ്റ് അഥവാ 'ബെഞ്ച്‌' എന്ന് ചെല്ലപ്പേരിട്ടു വിളിക്കുന്ന സ്ഥലത്ത്!

ഇവിടെ വന്നതില്‍ പിന്നെയാണ് ഞാന്‍ അലസ ജീവിതം തുടങ്ങിയത്. മുന്‍പ് ഞാന്‍ നെറ്റ്വര്‍കിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു. അവിടെ എനിക്കൊന്നു കണ്ണടക്കാന്‍ പോലും സമയം കിട്ടുമായിരുന്നില്ല. എപ്പോഴും പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍, പുതിയ കാര്യങ്ങള്‍ ചെയ്യല്‍,ചുറ്റും സുഹൃത്തുക്കള്‍.... സമയം പോവുന്നത് ഞാന്‍ അറിയാറില്ലായിരുന്നു. കാലത്തിനനുസരിച്ച് ഞാനും വയസ്സനായി. പുതിയ ചുറുചുറുക്കുള്ള പയ്യന്മാര്‍ വന്നപ്പോള്‍ പഴഞ്ചനായ എന്‍റെ സ്ഥാനം ബെഞ്ചിലേക്കായി.

'ബെഞ്ച്‌' എന്ന് പറയുന്നത് കമ്പനിയുടെ യുവത്വത്തിന്റെ പ്രതീകമാണെങ്കിലും കമ്പ്യൂട്ടറുകളെ വെച്ചു നോക്കിയാല്‍ 'റിട്ടയര്‍മെന്റ്റ്‌ ഹോം', മ്യൂസിയം, ശ്മശാനം എന്നൊക്കെ പറയാം. എന്നെ പോലെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നു പെന്‍ഷന്‍ പ്രായമെത്തിയ മോഡലുകള്‍ എല്ലാം അവസാനകാലം ചിലവഴിക്കാന്‍ ഇവിടെ എത്തിയിട്ടുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ ആണല്ലോ നമ്മള്‍! കാര്യങ്ങള്‍ പറഞ്ഞ് പറഞ്ഞ് ബൂട്ടിംഗ് കഴിഞ്ഞത് ഞാന്‍ അറിഞ്ഞില്ല.

എന്നും രാവിലെ ഒരേ ഭക്ഷണം കഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ ?എന്‍റെ കാര്യവും ഒട്ടും വ്യതസ്തമല്ല. ടൈം ഷീറ്റ്, മെയില്‍സ്‌, ചാറ്റിങ്, ഫ്ലാഷ് ഗെയിംസ് ഇതൊക്കെയല്ലാതെ എന്‍റെ പ്രോസേസ്സര്‍ ചാലഞ്ചിംഗ് ആയിട്ട് എന്തെങ്കിലും ജോലി ചെയ്ത കാലം ഞാന്‍ മറന്നു തുടങ്ങി. പിന്നെ ഈ വയസ്സാം കാലത്ത് എടുത്താല്‍ പൊങ്ങാത്ത ഭാരം തലയിലേക്ക് എടുത്തു വെയ്ക്കാതിരിക്കുന്നതാണ് നല്ലത്.

സമയം വൈകുന്നേരം 4:30. എനിക്ക് ഉറങ്ങാനുള്ള സമയം ആവുന്നു. ബെഞ്ചില്‍ 24 മണിക്കൂറും കണ്ണ് തുറന്നു ഇരിക്കേണ്ട ആവശ്യമില്ല. ഈ റിട്ടയര്‍മെന്റ്റ്‌ ജീവിതത്തോട് ഞാന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ശിഷ്ട ജീവിതം ഇങ്ങനെ ഒക്കെ അങ്ങ് പോവട്ടെ. അപ്പോള്‍ എല്ലാവര്ക്കും ഗുഡ്‌ ബൈ....

" IT IS NOW SAFE TO TURN OFF YOUR COMPUTER "

Sunday, October 18, 2009

ഓപ്പറേഷന്‍ നിര്‍മ്മാല്യം

സമയം രാവിലെ 2:30. മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നു. ഉറക്കച്ചടവില്‍ എങ്ങനെയൊക്കെയോ കണ്ണ് മിഴിച്ചു ഫോണ്‍ എടുത്തു നോക്കി. ദാസപ്പന്‍ ആണ് !

"ഹലോ "

"ഡാ... ഞാന്‍ മൂന്ന് മണി കഴിയുമ്പോള്‍ അങ്ങ് വരാം. റെഡി ആയി ഇരുന്നോ. ബിനുവിനെ വിളിച്ചു കാര്യം പറഞ്ഞേരെ"

"ഓക്കേ !"

അതിരാവിലെ ഈ മൂവര്‍ സംഘം തേങ്ങാ മോഷണത്തിന് പോവുന്ന ഒരു കോമഡി കഥയോ കൊട്ടേഷന് പോവുന്ന ഒരു ആക്ഷന്‍ ത്രില്ലറോ അല്ല ഇത്. മനസ്സ് നിറയെ ഭക്തി മാത്രം ഉള്ള മൂന്ന് ചെറുപ്പക്കാര്‍ രാവിലെ 3:30 നു ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിര്‍മാല്യം തൊഴാന്‍ പോവുന്ന ഒരു സംഭവം മാത്രം !

ഈ ക്ഷേത്രത്തിന്റെ ഒരു സവിശേഷതയാണ് മുണ്ട്. ഞാന്‍ മുണ്ടില്ല, നീ മുണ്ട് എന്നതിലെ മുണ്ടല്ല.... 'ദാസപ്പനു മുണ്ടില്ല ബിനുവോ തോര്‍ത്തില്ല' എന്നതിലെ മുണ്ട്. ആണുങ്ങള്‍ മുണ്ട് ഉടുത്തോണ്ട് വേണം ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാന്‍. അതിനാല്‍ തലേ ദിവസം തന്നെ ഞാന്‍ അമ്മയോട് കാര്യം അവതരിപ്പിച്ചു. അമ്മ ഒരു മുണ്ട് എടുത്തു തന്നു.

"അമ്മേ, നേര്യത് സാരി അല്ല ചോദിച്ചേ, ഒരു ചെറിയ മുണ്ടാ !"

"മൈ ഡിയര്‍ സണ്‍, ഇത് മുണ്ട് തന്നെയാ .... ഡബിള്‍ മുണ്ട് "

"ഡബിള്‍ മുണ്ട് എന്ന് വെച്ചാല്‍ നമ്മുടെ ഡബിള്‍ സൈസില്‍ ഉള്ള മുണ്ട് എന്നാണോ ?"

"ഒന്ന് പോടാ... ഇവിടെ ഇതേ ഉള്ളു... വേണമെങ്കില്‍ ഇതും ഉടുത്തോണ്ട് പൊയ്ക്കോ!"

അന്നേരം സംഗതി കാര്യമായിട്ട് എടുത്തില്ലെങ്കിലും രാവിലെ കുളിയൊക്കെ കഴിഞ്ഞു മുണ്ട് ഉടുക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് പ്രശ്നങ്ങള്‍. എങ്ങനെയൊക്കെ ഉടുത്തിട്ടും ശരിയാവുന്നില്ല. ഒരു സിംഗിള്‍ മുണ്ട് കിട്ടിയിരുന്നെങ്കില്‍ മര്യാദക്ക് ഉടുക്കാമായിരുന്നു ഊ ഊ ഊ ! അവസാനം സാരി ചുറ്റുന്നത്‌ പോലെ ചുറ്റി കെട്ടി വെച്ചു. വലിയ കുഴപ്പമില്ല. നടക്കാന്‍ മാത്രം അല്പം ബുദ്ധിമുട്ട്... നോ പ്രോബ്ലം. ക്ഷേത്രത്തില്‍ പ്രദക്ഷിണം വെക്കാന്‍ അല്ലേ പോവുന്നെ.. ഓട്ടം മത്സരം ഒന്നും അല്ലല്ലോ. അപ്പോഴാണ്‌ റോഡില്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു സ്കിഡ്‌ ചെയ്യുന്ന ഒരു ഒച്ച കേട്ടത് - ദാസപ്പന്‍ എത്തിയിട്ടുണ്ട് !

കാറില്‍ ഞങ്ങള്‍ ബിനുവിനെ പൊക്കാന്‍ യാത്രയായി. ഞാന്‍ ദാസപ്പനോട് ബ്രേക്ക്‌ ടെസ്റ്റ്‌ ചെയ്യാന്‍ ഉണ്ടായ കാരണം ആരാഞ്ഞു.

"എന്താടാ രാവിലെ റോഡില്‍ തെന്നി കളിച്ചത് ?"

"ഒന്നും പറയേണ്ട... വിജനമായ റോഡില്‍ ഞാന്‍ ചീറി പാഞ്ഞു വരികയായിരുന്നു. അപ്പോഴാണ്‌ റോഡിന്റെ നടുക്ക് ഒരു പ്ലാസ്റ്റിക്‌ കവര്‍ കിടക്കുന്നത് കണ്ടത്...."

"ഇങ്ങനെ ബ്രേക്ക്‌ ഇടാന്‍ മാത്രം ആ പ്ലാസ്റ്റിക്‌ കവറിനകത്തു ഷാംപെയിന്‍ കുപ്പി ആയിരുന്നോ ?"

"ഛെ....രാവിലെ മനുഷ്യനെ ആശിപ്പിക്കാതെടെ... അതൊന്നുമല്ല. അടുത്ത് വന്നപ്പോള്‍ ആ പ്ലാസ്റ്റിക്‌ കവര്‍ Transformers സിനിമയിലെ റോബോട്ടുകളെ പോലെ രൂപം മാറി ഒരു പട്ടി ആയി തീര്‍ന്നു. പിന്നെ ഒന്നും നോക്കിയില്ല.... ഒറ്റ ചവിട്ട്‌ ! പട്ടിയെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വണ്ടി നിന്നു. അലവലാതി പട്ടി ഒരു താങ്ക്സ് പോലും പറയാതെ എന്നെ നോക്കി കുരച്ചിട്ടു എങ്ങോട്ടോ പോയി !"

ബിനുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അവനും എന്‍റെ അതേ അവസ്ഥയില്‍ മുണ്ട് ചുറ്റിക്കെട്ടി നില്‍ക്കുന്നു.

"അളിയാ.... ഇതെപ്പോ അഴിഞ്ഞു എന്ന് ചോദിച്ചാല്‍ മതി. മിക്കവാറും നിനക്ക് ബ്ലോഗ്ഗില്‍ ഇടാനുള്ള വകുപ്പ് ഇന്ന് തന്നെ കിട്ടും !"

അധികം വൈകാതെ ഞങ്ങള്‍ ക്ഷേത്ര സന്നിധിയില്‍ എത്തി. നടക്കാനുള്ള ബുദ്ധിമുട്ട് കാരണം ദാസപ്പന്‍ മുന്നിലും ഞാനും ബിനുവും താറാവ് കുഞ്ഞുങ്ങളെ പോലെ ചെറിയ സ്ടെപ്പുകള്‍ വെച്ചു കൊണ്ട് പിന്നിലുമായി നടന്നു. അങ്ങനെ എന്‍റെ പിറന്നാള്‍ ദിവസം വിഷ്ണു ഭഗവാനെ മുഖം കാണിച്ച് wishlist ഒക്കെ വിസ്തരിച്ചു പറഞ്ഞു കേള്‍പ്പിച്ചു. ബിനു പേടിച്ചത് പോലെ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല... നാട്ടുകാരുടെ ഭാഗ്യം! എല്ലാം മംഗളകരമായി നടത്തിയിട്ട് അഞ്ച് മണിക്ക് ഞങ്ങള്‍ തിരികെ യാത്രയായി.

വാല്‍കഷ്ണം : ദാസപ്പന്‍ മനമുരുകി പ്രാര്‍ത്ഥിച്ചത്‌ എന്ത് ? ഉത്തരം : 'ദൈവമേ, തിരികെ പോവുമ്പോള്‍ ആ transformer പട്ടി കാറിനു മുന്നില്‍ വട്ടം ചാടരുതേ !'

Saturday, October 10, 2009

നിനക്കായ്




നീ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയെന്നു കേട്ടു
അതേ ... തുടങ്ങി..

നീ എന്താ എന്നെ കുറിച്ച് എഴുതാതെ?
നിന്നെ കുറിച്ച് എന്തെഴുതാന്‍ ?

അതെന്താ... എന്നെ കുറിച്ച് എഴുതാന്‍ നിനക്ക് ഓര്‍മ്മകള്‍ ഒന്നുമില്ലേ ?
ഉണ്ട്... ഒരുപാട് ഉണ്ട്... അതൊക്കെ എന്‍റെ സ്വന്തമല്ലേ... അതൊന്നും ഞാന്‍ ആരുമായും പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല..

കള്ളം.... നിനക്ക് എന്നോട് ഇപ്പൊ ഒരു സ്നേഹവുമില്ല... വന്ന് വന്ന് എന്നെ ഇപ്പൊ വേണ്ട.
അതൊക്കെ നിന്റെ തോന്നലാ... നിന്നെ കുറിച്ച് എഴുതാത്തതില്‍ അല്ലേ നിനക്ക് പരിഭവം... പകരം നിനക്ക് ഒരു സമ്മാനം തന്നാല്‍ മതിയോ ?

എന്ത് സമ്മാനം ?
ഞാന്‍ ഒരു പടം വരച്ച് ബ്ലോഗ്ഗില്‍ ഇടാം.. അത് നിനക്ക് ഡെഡിക്കേറ്റ് ചെയ്യാം... എന്താ?

ദേ... വല്ല കുരങ്ങന്റെയും പടം ഇട്ടാല്‍ എന്‍റെ വിധം മാറും... ബ്ലോഗ്ഗില്‍ എല്ലാരേയും തേയ്ക്കല്‍ ആണല്ലോ പരിപാടി..!!
ഈ പടം നിനക്ക് ഇഷ്ടപ്പെടും തീര്‍ച്ച !

************* Dedicated to someone special ***********

Thursday, October 8, 2009

ജൂനിയര്‍ മാന്‍ഡ്രേക്ക്

ചെറുപ്പത്തില്‍ എനിക്ക് മാജിക്കിനോട് ഭയങ്കര ഇഷ്ടം ആയിരുന്നു. അന്തരീക്ഷത്തില്‍ നിന്നും പൂക്കള്‍ വരുത്തുന്ന, തൊപ്പിയില്‍ നിന്നും മുയലിനെ എടുക്കുന്ന, ആടിനെ പട്ടിയാക്കുന്ന മജിഷ്യനെ ടിവിയില്‍ കാണുമ്പോള്‍ തന്നെ ഞാന്‍ തുള്ളിച്ചാടാന്‍ തുടങ്ങും. ഓരോ മാജിക്ക് കാണുമ്പോഴും അത് എങ്ങനെയാ ചെയ്തേ എന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുമെങ്കിലും ഒന്നും നടക്കാറില്ല. അങ്ങനെയിരിക്കെ മാജിക്ക് സ്വയം പഠിച്ചാലോ എന്നൊരു ഐഡിയ എന്‍റെ തലയില്‍ ഉദിച്ചു. വീട്ടില്‍ ഇരിക്കുന്ന സാധനങ്ങള്‍ വെച്ചു പരീക്ഷണങ്ങള്‍ നടത്താം... ഫീസും ലാഭം! പോരാത്തതിന് എന്ത് മാജിക്ക് കാണിക്കാനും ഉള്ള മന്ത്രവും അറിയാം : "ആബ്ര കടാബ്ര"

ആദ്യമായി കയറിനെ രണ്ടായി മുറിച്ചു വീണ്ടും കൂട്ടിച്ചേര്‍ക്കുന്ന മാജിക്ക്. അടുക്കളയില്‍ ഒരു മുങ്ങി തപ്പല്‍ നടത്തിയപ്പോള്‍ അഞ്ച് മീറ്റര്‍ നീളത്തില്‍ കയറ് കിട്ടി. അവിടെ നിന്നു തന്നെ ഒരു കറി കത്തിയും അടിച്ചു മാറ്റി പഠനം ആരംഭിക്കുന്നു. മജിഷ്യന്‍ ടിവിയില്‍ കാണിച്ചത് പോലെ കൃത്യം പകുതി വെച്ചു മുറിച്ചു, എന്നിട്ട് മുറിഞ്ഞ രണ്ട് അറ്റവും ചേര്‍ത്തു പിടിച്ചു കണ്ണും പൂട്ടി മന്ത്രം ചൊല്ലി. ഒന്നും സംഭവിച്ചില്ല !!! ഞാന്‍ ഒന്ന്,കയര്‍ ഒന്ന് എന്നത് ഇപ്പൊ ഞാന്‍ ഒന്ന്,കയര്‍ രണ്ട് ആയെന്നു മാത്രം. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. വീണ്ടും മുറിച്ചു.... കുച്ച് നഹി ! വീണ്ടും.... അങ്ങനെ മുറിച്ചു മുറിച്ചു അഞ്ച് മീറ്റര്‍ കയറിനെ ഞാന്‍ 25 സെന്റീമീറ്റര്‍ നീളമുള്ള ഇരുപത് കഷണങ്ങള്‍ ആക്കി(കണക്ക് ശരിയല്ലേ?). അതോടെ ഞാന്‍ ആ മാജിക്ക് വെച്ചു കെട്ടി !

തുണി വിരിക്കാന്‍ വേണ്ടി മേടിച്ച കയര്‍ എവിടെ പോയി എന്ന് അന്വേഷിച്ചു വന്ന അമ്മ നോക്കുമ്പോള്‍ കണ്ട കാഴ്ച : എല്ലാം തുണ്ടം തുണ്ടം ആയി കിടക്കുന്നു. ഉടന്‍ തന്നെ എന്നെ വിളിച്ചു ക്രോസ് വിസ്താരം നടത്തി. അളവും നീളവും എല്ലാം കൃത്യമായി നോക്കിയിട്ട് കരണ്ട് നശിപ്പിക്കുന്ന എലിയുടെ കഥ എനിക്ക് പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റിയില്ല. അത് കൊണ്ട് രണ്ട് അടി കിട്ടിയെങ്കിലും ഞാന്‍ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.

അടുത്ത ഐറ്റം മൃഗങ്ങളെ വെച്ചുള്ള മാജിക്ക്. മുയലിനെ ഒപ്പിക്കാന്‍ ഒരു നിവര്‍ത്തിയുമില്ല. അതിനും ഞാന്‍ പരിഹാരം കണ്ടുപിടിച്ചു. വീട്ടിലുള്ള പൂച്ചക്കുട്ടി മതിയല്ലോ...!! അങ്ങനെ പൂച്ചക്കുട്ടിയെ മയത്തില്‍ എടുത്തു കൊണ്ട് വന്നു മാജിക്ക് ആരംഭിച്ചു. മജിഷ്യന്‍ പെട്ടിക്കുള്ളിലെ മുയലിനെ അപ്രത്യക്ഷം ആക്കുന്നത് പോലെ ഞാന്‍ തൊട്ടിക്കുള്ളിലെ പൂച്ചയെ കാണാതാക്കും... അല്ല പിന്നെ! ഫൈവ് സ്റ്റാര്‍ഡിന്നര്‍ പ്രതീക്ഷിച്ചു എന്‍റെ ഒപ്പം വന്ന പൂച്ച അടുത്ത നിമിഷം തോട്ടിക്കുള്ളില്‍. കമിഴ്ത്തി വെച്ചിരിക്കുന്ന തൊട്ടിയെ നോക്കി മന്ത്രം ഉരുവിട്ടു... എന്നിട്ട് സാവധാനം ഉയര്‍ത്തി...!

പ്ലാസ്റ്റിക്‌ മീനിനെ വിഴുങ്ങിയത് പോലെ പൂച്ചക്കുട്ടി എന്നെ മിഴിച്ചു നോക്കുന്നു... പിന്നെ പതുക്കെ സ്ഥലം വിടാന്‍ ഒരുങ്ങി. ഞാന്‍ സമ്മതിക്കുമോ?? പൂച്ച വീണ്ടും തോട്ടിക്കുള്ളില്‍. ഇപ്പ്രാവശ്യം മന്ത്രം കൂടുതല്‍ ഉച്ചത്തില്‍ കൂവി. തൊട്ടിക്കു ചുറ്റും നടന്നു. അന്തരീക്ഷത്തില്‍ നിന്നു കാര്‍ബണ്‍ ടൈ ഓക്സൈഡ് തോട്ടിയിലേക്ക് വിതറി. അല്പം പ്രതീക്ഷയോടെ തോട്ടി പൊക്കി നോക്കി. പ്രാണന്‍ തിരിച്ചു കിട്ടിയ പൂച്ചക്കുട്ടി ഓടെടാ ഓട്ടം... അതിനു കാര്യം പിടിക്കിട്ടി! താന്‍ ഒരു ഭ്രാന്തന്‍ ശാസ്ത്രജ്ഞന്റെ പരീക്ഷണ വസ്തു ആയിരുന്നു എന്ന് വൈകിയെങ്കിലും അത് മനസ്സിലാക്കി.

'വിടമാട്ടേ.... ഉന്നെ ഞാന്‍ വിടമാട്ടേന്‍... ഇന്നേക്ക് ദുര്‍ഗാഷ്ടമി... ഉന്നെ തൊട്ടിക്കുളെ ആക്കി ഉന്നോട ബോഡിയെ ആവിയാക്കാതെ എന്നോടെ ആത്മാ ശാന്തി അടയാത്...' വീടിനു ചുറ്റും രണ്ട് റൌണ്ട് ഓടിയെങ്കിലും പൂച്ചക്കുട്ടിയെ കിട്ടി... ക്യാറ്റ്‌ ഇന്‍സൈഡ്‌ ബക്കറ്റ്‌ എഗൈന്‍ ! മന്ത്രം സമയം എടുത്തു ചൊല്ലി. തൊട്ടിക്കു കുറച്ചു ഇടിയും ചവിട്ടും കൊടുത്തു... ഒന്നിനും ഒരു കുറവ് വേണ്ട. എല്ലാം കഴിഞ്ഞു പതുക്കെ തൊട്ടി പൊക്കി നോക്കി. സഹികെട്ട പൂച്ചക്കുട്ടി എന്‍റെ കൈയില്‍ ഒരു മാന്തും വെച്ചു തന്നിട്ട് ഓടി മതിലിന്റെ മണ്ടയില്‍ കേറി... എന്നിട്ട് അവിടെ നിന്നു കുറെ തെറി വിളി : 'ങ്യാവോ ങ്യാ ങ്യാവൂ ങ്യാ' . അതിന്റെ വിവര്‍ത്തനം ഇങ്ങനെ ആയിരിക്കാം : 'എനിക്ക് മാജിക്ക് അറിയില്ലാന്നു ഈ മറുതായോട് ആരെങ്കിലും പറഞ്ഞു കൊടുക്കെടാ '

അടുത്ത ദിവസം രാവിലെ എന്ത് മാജിക്ക് പരീക്ഷിക്കാം എന്ന് ആലോചിക്കുമ്പോഴാണ് പേപ്പര്‍ വെച്ചുള്ള മാജിക്ക് ഓര്‍മ വന്നത്. മജിഷ്യന്‍ പേപ്പര്‍ നാലായി കീറുന്നു, ചുരുട്ടുന്നു, മന്ത്രം പറയുന്നു... പേപ്പര്‍ പഴയ പടി ആവുന്നു. അത് പഠിക്കുക തന്നെ ! മേശപ്പുറത്തു ന്യൂസ്‌ പേപ്പര്‍ ഇരിക്കുന്നു. ഐശ്വര്യമായിട്ടു ഫ്രണ്ട് പേജ് എടുക്കുന്നു, കീറുന്നു, മന്ത്രം ചൊല്ലുന്നു...പഴയ പടി ആവുന്നില്ല. സ്പോര്‍ട്സ് പേജ് എടുക്കുന്നു, കീറുന്നു... ഫലം തഥൈവ. സപ്പ്ലിമെന്റ്റ്‌ വരെ കീറി പീസ്‌ പീസ്‌ ആക്കിയിട്ടും രക്ഷയില്ല. എത്ര ആലോചിച്ചിട്ടും എന്താണ് പ്രശ്നം എന്ന് പിടിക്കിട്ടുന്നില്ല.. പേപ്പറിന്റെ പ്രശ്നമാണോ അതോ കീറിയതിന്റെ കുഴപ്പമോ?

ചൂടുള്ള വാര്‍ത്ത വായിക്കാമെന്ന മോഹവുമായി അച്ഛന്‍ അപ്പോള്‍ റൂമിലേക്ക്‌ വന്ന് നോക്കിയപ്പോഴോ : മാജിക്കും പേപ്പര്‍ കഷ്ണങ്ങളും പിന്നെ ഞാനും !

പേപ്പര്‍ കിട്ടാതെ ചായ ഇറങ്ങില്ലെന്നു വാശി പിടിക്കുന്ന അച്ഛന്‍ അലറി : "എന്തോന്നാടാ ഇത് ?"

ഞാന്‍ : "അത്... ഞാന്‍.. മാജിക്ക് പഠിക്കുവായിരുന്നു..!!"

അച്ഛന്‍: "ഓഹോ... എനിക്കും മാജിക്ക് അറിയാമെടാ... നിന്നെ അപ്രത്യക്ഷം ആക്കുന്ന മാജിക്ക് കാണണോ?"

അച്ഛനില്‍ ഒളിച്ചിരുന്ന മജിഷ്യന്‍ അന്ന് പുറത്ത് വന്നു. അച്ഛന്‍ ചൂരല്‍ എടുത്തപ്പോഴേക്കും ഞാന്‍ ആ പരിസരത്ത് നിന്നും അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു !

Wednesday, October 7, 2009

ബ്രേക്കിംഗ് ന്യൂസ്‌

"നിഷാന്ത്‌..... ഇത് സ്റ്റുഡിയോയില്‍ നിന്നാണ്.... കേള്‍ക്കുന്നുണ്ടോ ?"
"കേള്‍ക്കുന്നുണ്ട്‌ ജോസഫ്‌ ...!!"
"നിഷാന്ത്‌ ഇപ്പോള്‍ സംഭവ സ്ഥലത്തുണ്ടോ? എന്താണ് അവിടുത്തെ അവസ്ഥ ?"
"ഞാന്‍ ഇപ്പോള്‍ റോഡ്‌ അപകടം നടന്ന മാര്‍ക്കറ്റ്‌ ജങ്ക്ഷനില്‍ ഉണ്ട്. രണ്ട് ഇരു ചക്ര വാഹനങ്ങള്‍ ആണ് അപകടത്തില്‍ പെട്ടത്. സഡന്‍ ബ്രേക്ക്‌ ഇട്ട ബസിനു പിന്നില്‍ വന്നു ഇടിക്കുകയായിരുന്നു.സംഭവം നടന്നപ്പോള്‍ ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ബസിനു പിന്നില്‍ നടുവേ പിളര്‍ന്ന തണ്ണിമത്തന്‍ കഷണങ്ങള്‍ പോലെ വാഹനങ്ങള്‍ ഒരെണ്ണം ഇടത്തോട്ടും ഒരെണ്ണം വലത്തോട്ടും ചെരിഞ്ഞു കിടപ്പുണ്ട്. വാഹനം ഓടിച്ചിരുന്നവര്‍ അപ്പോള്‍ തന്നെ ചാടി ഇറങ്ങിയതിനാല്‍ കുഴപ്പം ഒന്നും പറ്റിയില്ല. എന്നാല്‍ ബസിനു അകത്തു സഞ്ചരിച്ച ഒരാള്‍ക്ക് multiple fractures ഉണ്ടായി എന്നൊരു അത്ഭുതകരമായ വസ്തുത അറിയിച്ചു കൊള്ളട്ടെ... "
"ബസിനകത്തു സഞ്ചരിച്ച ആള്‍ക്ക് പരിക്കോ... അത് കുറച്ചു കൂടി വിശദീകരിക്കാമോ ?"

"തീര്‍ച്ചയായും. സംഭവത്തില്‍ പരിക്കേറ്റ ആന്റോ ഇപ്പൊ നമ്മോടൊപ്പം ഉണ്ട്. ആന്റോ... എങ്ങനെയാണ് താങ്കള്‍ ഈ അവസ്ഥയില്‍ എത്തിയത് ?"
"ഒന്നും പറയേണ്ട എന്‍റെ സാറേ... കഴിഞ്ഞ സ്റ്റോപ്പില്‍ നിന്നും നല്ല വണ്ണമുള്ള ഒരു ചേച്ചിയും അവരുടെ സുന്ദരിയായ അനിയത്തിയും കേറി. ബസില്‍ സീറ്റ്‌ ഒഴിവ് ഇല്ലായിരുന്നു.രണ്ട് പേരുടെ സീറ്റില്‍ ഞാനും പ്രായമായ ഒരു അമ്മച്ചിയും. പരോപകാരം ചെയ്യാമെന്ന് കരുതി ഞാന്‍ സീറ്റ്‌ ഒഴിഞ്ഞു കൊടുത്തു. എന്നാല്‍ അവര്‍ അനിയത്തിയെ പിടിച്ചു ഇരുത്തി. എന്നിട്ട് എന്നോട് മുന്നോട്ടു നീങ്ങി നില്‍ക്കാനും പറഞ്ഞു. അവരുടെ അനിയത്തിയെ വായിനോക്കതിരിക്കാന്‍ വേണ്ടിയായിരിക്കും. വെളുക്കാന്‍ തേച്ചു പാണ്ടായെന്നു പറഞ്ഞാല്‍ മതിയല്ലോ. അപ്പോഴാണ്‌ ഈ സഡന്‍ ബ്രേക്ക്‌ ! ബാലന്‍സ് തെറ്റിയ ചേച്ചി മലമ്പാമ്പ് പിടിക്കണ പോലെ എന്നെ കേറി പിടിച്ചു. താങ്ങാനായില്ല എന്‍റെ സാറേ... ഞാന്‍ വീണു പോയി. എന്തായാലും ഭാഗ്യത്തിന് ഒന്നും പറ്റിയില്ല...."
"എന്ത് ??? ഒന്നും പറ്റിയില്ലെന്നോ ? അപ്പൊ ആര്‍ക്കോ ഒടിവും ചതവും സംഭവിച്ചു എന്ന് പറഞ്ഞത് ?"
"അത് എനിക്കല്ല... കണ്ടക്ടര്‍ക്കാ... ഞങ്ങള്‍ രണ്ടും കൂടി വീണത്‌ അങ്ങേരുടെ പുറത്താ... വീഴ്ച മുഴുവന്‍ പാവം താങ്ങി... പപ്പടം പൊടിയുന്നത് പോലെ എന്തൊക്കെയോ ശബ്ദം കേട്ടു ! എല്ലാവരും കൂടി അങ്ങേരെ പെറുക്കി എടുത്തു ഓട്ടോയില്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ടുണ്ട് !"

(സ്റ്റുഡിയോയില്‍ നിന്നു ) "നിഷാന്ത്... ട്രാഫിക്‌ പോലീസിന്റെ അനാസ്ഥ കാരണമാണ് അപകടം ഉണ്ടായത് എന്നൊരു ആരോപണം ഉണ്ട്. അതില്‍ എത്രത്തോളം സത്യം ഉണ്ട് ?"
"ജോസഫ്‌.... ഈ ആരോപണത്തിന് മറുപടി പറയാന്‍ ഇവിടെ ട്രാഫിക്‌ നിയന്ത്രിക്കുന്ന പുരുഷോത്തമന്‍ സാര്‍ നമ്മോടൊപ്പം ഉണ്ട്. എന്താണ് സര്‍ റോഡ്‌ അപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നത് ? ഡ്യൂട്ടി സമയത്ത് ഡിസൈനര്‍ ഷര്‍ട്ട്‌ ഇട്ടു കൊണ്ടു വന്നാല്‍ പാവം ജനങ്ങള്‍ സാറിനെ എങ്ങനെ തിരിച്ചറിയും ?"
"താന്‍ എന്തോക്കെയാടോ ഈ പറയുന്നേ ? ഇത് എന്‍റെ യുണിഫോം തന്നെയാ !"
"ട്രാഫിക്‌ പോലീസിന്റെ യുണിഫോം വെള്ളയില്‍ നിന്നും പിങ്കില്‍ ചുവന്ന പുള്ളികള്‍ എന്നതാക്കിയോ സര്‍ ?"
"എടോ.... ഇത് മുറുക്കാന്‍ മഴ പെയ്തതാ ! ബസില്‍ നിന്നും ഒരുത്തന്‍ മുറുക്കാന്‍ തുപ്പിയത് സഡന്‍ ബ്രേക്ക്‌ കാരണം ലക്‌ഷ്യം തെറ്റി എന്നെ അഭിഷേകം ചെയ്തതാ... അവനിപ്പോ സ്റ്റേഷനില്‍ ചോര തുപ്പുന്നുണ്ടാവും... ആരുടെ അനാസ്ഥ കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് അറിയാന്‍ ദേ ആ നിക്കണ നാണി തള്ളയോട് പോയി ചോദിക്ക്... അവര് കാരണമാ ബസ്‌ നിര്‍ത്തേണ്ടി വന്നത് !"

"അപകടത്തിനു കാരണക്കാരി എന്ന് പറയപ്പെടുന്ന നാണി തള്ള നമ്മളോടൊപ്പം ഉണ്ട്. നാണി തള്ള എന്തിനാണ് ബസ്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് ? എന്തായിരുന്നു ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ ഉണ്ടായ കാരണം ?"
" എന്‍റെ കുഞ്ഞേ ...പ്രായം കുറെ ആയില്ലേ... മറവി ഒക്കെ നല്ലോണം ഉണ്ട്. ബസ്സില്‍ നിന്നിറങ്ങി ചന്തയിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു കാര്യം ഓര്‍മ വന്നത്.. ഓര്‍മ വന്ന സ്ഥിതിക്ക് അത് അങ്ങനെ വിട്ടു കളയാന്‍ പാടില്ലല്ലോ. ഞാന്‍ ഉടനെ വലിയ വായില്‍ നിലവിളിച്ചോണ്ട് ബസിന്റെ പിറകെ എന്നാലാവും വിധം ഓടി. ഈശ്വരാനുഗ്രഹം കൊണ്ട് ബസ്‌ പെട്ടെന്ന് നിന്നു...!"
"അപ്പോള്‍ വിലപിടിപ്പുള്ള എന്തോ ഒന്ന് ബസില്‍ വെച്ചു മറന്നതിനാണ് നാണി തള്ള ബസ്‌ നിര്‍ത്തിച്ചത്.... എന്നിട്ട് ആ സാധനം കിട്ടിയോ? വിരോധമില്ലെങ്കില്‍ അതെന്താണെന്ന് പറയാമോ? മാല? വള? കമ്മല്‍?"
"അതൊന്നുമല്ല മക്കളെ... അഞ്ച് രൂപ തുട്ടു കൊടുത്ത് നാല് രൂപേടെ ടിക്കറ്റ്‌ എടുത്തിട്ട് ബാക്കി ഒരു രൂപ മേടിച്ചില്ല... ഇറങ്ങി കഴിഞ്ഞപ്പോഴാ ഓര്‍ത്തത്‌... മോന്‍ കണ്ടക്ടറെ ഇവിടെ എങ്ങാനും കണ്ടോ ?"
"------"

Saturday, October 3, 2009

ഐ. ടി. പഴഞ്ചൊല്ലുകള്‍

ഫ്രണ്ട്സ്‌ ബ്ലോഗേഴ്സ് ആന്‍ഡ്‌ കണ്ട്രിമെന്‍,

ഞാന്‍ ഇവിടെ കുറച്ചു .ടി. പഴഞ്ചൊല്ലുകള്‍ പരിച്ചയപെടുത്തുന്നു . വായിച്ചിട്ട് അഭിപ്രായങ്ങള്‍ അറിയിക്കുക.

* അല്പന് ഓണ്‍ സൈറ്റ് കിട്ടിയാല്‍ അര്‍ദ്ധ രാത്രിയും പണിയെടുക്കും
* പ്രൊജക്റ്റ്‌ മാനേജരെ കോഡ് എഴുതാന്‍ പഠിപ്പിക്കണോ ?
* മുറ്റത്തെ പ്രോഗ്രാമ്മര്‍ക്ക് വിലയില്ല
* ടെസ്ടെര്ക്കെന്താ കോഡ്‌ എഴുതുന്നിടത് കാര്യം ?
* കോഡ് എഴുതാന്‍ ഞങ്ങളും കാശ് വാങ്ങാന്‍ കമ്പനിയും
* ടെസ്ടര്‍ പഠിച്ചാല്‍ പ്രോഗ്രാമ്മര്‍ ആവുമോ ?
* ബഗ് ആണെങ്കില്‍ ബഗ് ഷീറ്റില്‍ ഇടാം, ഷോ സ്ടോപ്പര്‍ ആണെങ്കിലോ ?
* നിന്നെ പോലെ നിന്റെ കോഡ് ടെസ്റ്റ്‌ ചെയ്യുന്നവനെയും സ്നേഹിക്കുക
* ലീവ് കിട്ടാന്‍ പ്രൊജക്റ്റ്‌ മാനേജര്‍ കാലും പിടിക്കണം
* ആരാന്റെ പ്രൊജക്റ്റ്‌ റിവ്യൂ നടക്കുമ്പോള്‍ കാണാന്‍ നല്ല ചേല്
* ഓണ്‍ സൈറ്റ് കിട്ട്യോനറിയില്ല കിട്ടാത്തവന്റെ ദുഖം
* കോഡ് കണ്ടാല്‍ അറിയാം ബഗ്ഗിന്റെ പഞ്ഞം
* കിട്ടാത്ത ഓണ്‍ സൈറ്റ് പുളിക്കും
* ബഗ്ഗിനെ പേടിച്ചു ജോലി കളയണോ ?
* ടെസ്ടര്‍ ഉള്ളപ്പോ ടെസ്ടരുടെ വില അറിയില്ല
* ഒന്നുകില്‍ പ്രോഗ്രാമ്മറുടെ നെഞ്ചത്ത് അല്ലെങ്കില്‍ കമ്പനിക്കു പുറത്ത്
* സമ്പത്തു കാലത്ത് സര്‍ട്ടിഫികെഷന്‍സ് എടുത്താല്‍ ആപത്തു കാലത്ത് കമ്പനി ചാടാം
* കുരയ്ക്കും മാനേജര്‍ കടിക്കില്ല
* കാണം വിറ്റും പ്രൊജക്റ്റ്‌ തീര്‍ക്കണം
* ടീം ലീടിനു വെച്ചത് പ്രൊജക്റ്റ്‌ മാനേജര്‍ക്ക് കൊണ്ടു
* പ്രൊജക്റ്റ്‌ കിട്ടിയാലും ഓണ്‍ സൈറ്റ് പോയാലും അപ്പ്രൈസല്‍ കുമ്പിളില്‍ തന്നെ
* പ്രോഗ്രാമോ പ്രോഗ്രാമറോ ആദ്യം ഉണ്ടായേ ?
* എന്തായാലും പ്രൊജക്റ്റ്‌ മീറ്റിങ്ങിനു കേറി, ഇനി തെറി കേട്ടിട്ട് ഇറങ്ങാം
* മാനേജര്‍ ചൊല്ലും പ്രോഗ്രാം ആദ്യം ക്രാഷ്‌ ആവും, പിന്നെ വര്‍ക്ക്‌ ചെയ്യും
* അടി തെറ്റിയാല്‍ കമ്പനിയും വീഴും
* മാനേജര്‍ സ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടേണം ഓണ്‍ സൈറ്റ്
* എററുകള്‍ എല്ലാം ബഗ് അല്ല
* മാനേജര്‍ക്ക് രിക്വൈര്‍മെന്റ്റ്‌ ഒന്ന് തെറ്റിയാല്‍, പ്രോഗ്രാമര്‍ക്ക് ആറ് തെറ്റും
* ലോജിക് ഏതായിരുന്നാലും പ്രോഗ്രാം വര്‍ക്ക്‌ ചെയ്താല്‍ മതി
* തേടിയ കോഡ് ഗൂഗിളില്‍ കിട്ടി
* വേലിയില്‍ ഇരുന്ന ബഗ്ഗിനെ എടുത്തു ടെസ്ടര്‍ക്ക് കൊടുത്ത മാതിരി
* പ്രോഗ്രാം വര്‍ക്ക്‌ ചെയ്യിച്ചാല്‍ പോരെ, ബഗ് എണ്ണണോ ?
* ലേ ഓഫ്‌ പോലെ വന്നത് വാണിംഗ് പോലെ പോയി
* പ്രോഗ്രാമറെ ടെസ്ടര്‍ ചതിച്ചാല്‍, ടെസ്ടരെ ഡെലിവറി ഹെഡ് ചതിക്കും
* രാജിക്കത്ത് കൊടുക്കുകയും ചെയ്തു, ഓഫര്‍ ലെറ്റര്‍ കിട്ടിയുമില്ല
* ആ കമ്പനിയില്‍ നിക്കുമ്പോ ഈ കമ്പനിയില്‍ ബോണസ്
* കോഡ് തെറ്റിയെന്നു കരുതി കമ്പ്യൂട്ടര്‍ തല്ലി പൊളിക്കരുത്
* ഗതി കെട്ടാല്‍ പ്രോഗ്രാമ്മര്‍ ഗൂഗിളിലും തപ്പും
* പ്രോഗ്രാമര്‍ ഇച്ഛിച്ചതും മാനേജര്‍ കല്പിച്ചതും ഓണ്‍ സൈറ്റ്
* ദാനം കിട്ടിയ അപ്പ്രൈസലില് കൂടുതല്‍ ചോദിക്കരുത്
* വേണമെങ്കില്‍ ഓണ്‍ സൈറ്റ് ബെഞ്ചില്‍ ഇരിക്കുമ്പോഴും കിട്ടും
* ജോലിയും ചെയ്തു, സ്റ്റാറ്റസ് റിപ്പോര്‍ട്ടും അയച്ചു എന്നിട്ടും മാനേജര്‍ക്ക് മുറുമുറുപ്പ്
* കോഡിംഗ് ദു:ഖമാണുണ്ണീ ബെഞ്ച്‌ അല്ലോ സുഖപ്രദം
* മാനേജര്‍ എത്ര പ്രൊജക്റ്റ്‌ കണ്ടതാ
* കഴിവ് നന്നായിരിക്കുമ്പോള്‍ കമ്പനി ചാടണം
* ഒരു വട്ടം നല്ല റേറ്റിംഗ് കിട്ടിയെന്നു കരുതി എല്ലാ വട്ടവും അങ്ങനെ ആവുമോ ?
* മാനേജര്‍ക്ക് ഡെമോ കൊടുക്കുകയും വേണം, ഓണത്തിന് നാട്ടിലും പോണം
* ഗൂഗിള്‍ ഉണ്ടെങ്കില്‍ ഏതു പ്രോഗ്രാമ്മും എഴുതാം
* മാനേജരില്ലാ ദിവസം ടീം ലീഡ്‌ രാജാവ്
* ടീം ലീടിനു ഡൌട്ട് വന്നാല്‍ മാനേജരോട് ചോദിക്കാം, മാനേജര്‍ക്ക് ഡൌട്ട് വന്നാലോ?
* മണ്ണും ചാരി നിന്ന കമ്പനി മില്യണ്‍ ഡോളര്‍ പ്രോജക്ടും കൊണ്ടു പോയി
* ബഗ് ഉണ്ടായാല്‍ പോര ബഗ് റിപ്പോര്‍ട്ട്‌ ഉണ്ടാക്കണം
* സോപ്പിടുന്ന പ്രോഗ്രാമ്മര്‍ക്കെ അപ്പ്രൈസല്‍ ഉള്ളു
* റിസഷന്റെ കൂടെ ലേ ഓഫ്‌ കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ
* പ്രോഗ്രാം നന്നായാല്‍ ടെസ്റ്റിംഗ് വേണ്ട
* പാണ്ടന്‍ എന്‍ജിനിയറുടെ രെസുമിന്‍ ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല
* പ്രോഗ്രാമ്മര്‍ക്ക് പ്രാണ വേദന, മാനേജര്‍ക്ക് വീണ വായന
* പ്രൊജക്റ്റ്‌ കൊടുത്താലും സോര്‍സ് കോഡ് കൊടുക്കരുത്‌
* ഓണ്‍ സൈറ്റ് കിട്ടുവോളം നാരായണ, ഓണ്‍ സൈറ്റ് കിട്ട്യാലോ കൂരായണ
* പ്രോഗ്രാം എഴുതിയാല്‍ പോര, വര്‍ക്ക്‌ ചെയ്യണം

ലിസ്റ്റ് അപൂര്‍ണം ആണ്. നിങ്ങള്‍ക്കു തോന്നുന്ന ചൊല്ലുകള്‍ കൂടെ ചേര്‍ക്കുക.
സസ്നേഹം,
അഭി