Wednesday, April 29, 2009

കൂളര്‍ തേപ്പ്

ഹൈദരാബാദില്‍ സമ്മര്‍ എന്ന് പറഞ്ഞാല്‍ അത് ഒരു ഒന്നൊന്നര സമ്മര്‍ തന്നെയാണ്. അതിനെക്കാളും ഒടുക്കത്തെ ചൂടാണ് അതിന് മേലോട്ടുള്ള സ്ഥലങ്ങളില്‍. അവിടെയൊക്കെ അടിയന്‍ വിസിറ്റ് നടത്താത്തത് കൊണ്ടു തത്കാലം ഹൈദരാബാദ് വേനല്‍ വിശേഷങ്ങള്‍ പറയുവാനെ നിവര്‍ത്തിയുള്ളൂ.

ഇവിടുത്തെ പ്രത്യേകത എന്തെന്ന് വെച്ചാല്‍ എത്ര ചൂടാണെങ്കിലും വിയര്‍ക്കത്തില്ല. ഹുമിടിട്ടി (സോറി.. അതിന്റെ മലയാളം അറിയില്ല) കുറവാണത്രേ. അത് കൊണ്ടു ഒരു മാതിരി പുഴുങ്ങുന്ന എഫ്ഫക്റ്റ്‌ ആണ് ഫലം. മൈക്രോവേവ്‌ അവനില്‍ ചിക്കെന്റെ അവസ്ഥ എങ്ങനെയാണെന്ന് മനസ്സിലായത് ഇവിടെ ചൂടു തുടങ്ങിയപ്പോള്‍ മാത്രം ആണ്.

അങ്ങനെ ചൂടു അന്‍സഹിക്കബിള്‍ ആയപ്പോള്‍ ഞങ്ങള്‍ റൂം മേറ്റ്സ് എല്ലാരും ചേര്ന്നു ഒരു കൂളര്‍ മേടിക്കാന്‍ തീരുമാനിച്ചു. വിലയോ തുച്ഛം ഗുണമോ മെച്ചം. അല്ലെങ്കില്‍ തന്നെ മൂന്ന് മാസത്തേക്ക് AC മേടിക്കാന്‍ പറ്റില്ലല്ലോ. പോരാത്തതിന് കറന്റ് ബില്‍ ആര് കൊടുക്കും. അന്ന് സാമ്പത്തികമാന്ദ്യം ഒന്നുമില്ലെങ്കില്‍ തന്നെയും നമുക്കു എപ്പോഴും മാന്ദ്യം തന്നെയാ. അങ്ങനെ ഒരു നല്ല ദിവസം നോക്കി കൂളര്‍ മേടിക്കാന്‍ രണ്ടു പേരു പോയി.

കൂളര്‍ എന്താണെന്നു സഹമുറിയന്‍ അപ്പോള്‍ വിവരിച്ചു തന്നു. ഒരു കൂട്...അതിനകത്ത്‌ ഒരു പമ്പും ഫാനും. നമ്മള്‍ വെള്ളം നിറച്ചു കഴിഞ്ഞിട്ട് പമ്പ് ഓണ്‍ ചെയ്യുമ്പോള്‍ ചെറിയ ട്യുബിലൂടെ വെള്ളം കൂടിന്റെ മുകളില്‍ നിന്നു താഴേക്ക് ഒഴുകും. ഇങ്ങനെ വെള്ളം ഒഴുകുന്ന വശങ്ങളില്‍ വൈക്കോല് പോലെ ഒരു സംഭവം വെച്ചിട്ടുണ്ട്. അത് നനയും. പിന്നെ ഫാന്‍ ഓണ്‍ ചെയ്യുമ്പോള്‍ നനഞ്ഞ വശങ്ങളില്‍ നിന്നു ചൂടു കാറ്റിനെ തണുപ്പിച്ചു പുറത്തോട്ടു വീശി നമ്മളെ കുളിര് കൊരിക്കും. കേട്ടപ്പോള്‍ തന്നെ ചെറിയ ഒരു കുളിര് !

അങ്ങനെ സംസാരിച്ചിരുന്നപ്പോള്‍ മേടിക്കാന്‍ പോയവര്‍ ഓട്ടോയില്‍ തിരിച്ചെത്തി. ഓട്ടോയുടെ മുകളില്‍ വാഷിംഗ്‌ മെഷീന്‍ പോലെ ഒരു സംഭവം കെട്ടി വെച്ചിട്ടുണ്ട്. കൂളര്‍ ഇത്രയും വലുതായിരിക്കുമെന്ന്‌ പ്രതീക്ഷിച്ചില്ല. എന്തായാലും സംഭവം എത്തിയല്ലോ. എല്ലാരും കൂടി താങ്ങി പിടിച്ചു അത് റൂമില്‍ എത്തിച്ചു.

സംഭവം കൊള്ളാം. ഉരുട്ടി കൊണ്ടു നടക്കാന്‍ താഴെ വീല്‍ ഒക്കെ ഉണ്ട്. ഞങ്ങള്‍ ഉടന്‍ തന്നെ അത് ടെസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. കൂളര്‍ മേടിച്ചോണ്ട് വന്നവര്‍ അപ്പോഴേക്കും കഴിക്കാന്‍ പോയി. ആദ്യം വെള്ളം നിറയ്ക്കല്‍ ആണ്. അതിന് ഒരു ചെറിയ ഓപ്പണിംഗ് മാത്രമെ ഉള്ളു. ഹോസ് ഉണ്ടായിരുന്നെങ്കില്‍ എളുപ്പം നിറയ്ക്കാമായിരുന്നു. ഹോസ് ഇല്ല ! അപ്പൊ ഇനി ഏക വഴി ബക്കറ്റില്‍ വെള്ളം നിറച്ചു മഗ് വച്ച കോരി അതില്‍ ഒഴിക്കുക. ഞാന്‍ ബക്കറ്റില്‍ വെള്ളം എത്തിക്കാന്‍ തുടങ്ങി. കൂടെ ഉള്ളവന്‍ മഗില്‍ കോരി നിറച്ചു കൊണ്ടിരുന്നു. റൂമില്‍ ഒരു ചെറിയ ബള്‍ബിന്റെ വെട്ടത്തില്‍ ആണ് ഈ പരിപാടി.

അങ്ങനെ നല്ല രീതിയില്‍ സംഭവം മുന്നോട്ടു പോയ്കൊണ്ടിരുന്നു. പക്ഷെ ഒഴിച്ചിട്ടും ഒഴിച്ചിട്ടും കൂളര്‍ നിറയുന്നില്ല. ഇതിന് ഇത്ര മാത്രം കാപ്പാസിട്ടിയോ? ഇനി ഒരു തവണ നിറച്ചാല്‍ ഒരു ആഴ്ച നിറയ്ക്കേണ്ടി വരില്ലേ ? മഗില്‍ കോരി ഒഴിച്ച് ഒഴിച്ച് സഹമുറിയന്‍ തളര്‍ന്നു.

"എടാ... ഇതു വരെ അത് നിറഞ്ഞില്ലേ? കുറെ ഒഴിച്ചല്ലോ !" ഞാന്‍ ചോദിച്ചു.

"ഇല്ലെടാ... പകുതി ആയതേ ഉള്ളു... ഇതു നിറക്കുന്നത് ഇത്രയും മിനക്കെട്ട പരിപാടി ആണെന്ന് അറിഞ്ഞില്ല" അവന്‍ മറുപടി നല്കി.

അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്. അവന്‍ വെള്ളം നിറയ്ക്കുന്നതിനു അടുത്തായി തറയില്‍ വെള്ളം കെട്ടി കിടക്കുന്നു. ഇവന് സൂക്ഷിച്ചു നിറച്ചു കൂടെ ?

"നീ എവിടെയാടാ വെള്ളം ഒഴിക്കുന്നത് ? നോക്ക്... തറയില്‍ ഒക്കെ വെള്ളം വീഴ്ത്തി. അതൊക്കെ നീ തന്നെ തുടച്ചു മാറ്റണം" ഞാന്‍ ദേഷ്യപ്പെട്ടു.

അപ്പോഴാണ്‌ അവനും അത് കാണുന്നത്. " അത് ഞാന്‍ ചെയ്തതല്ല... നീ ബക്കറ്റില്‍ വെള്ളം കൊണ്ടു വന്നപ്പോള്‍ വീണതാവും. നീ തന്നെ അത് തുടച്ചോ !"

അങ്ങനെ വരാന്‍ വഴിയില്ലല്ലോ. ഞാന്‍ കൂളറിന്റെ അടുത്ത് ചെന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ വെള്ളം അവിടെ മാത്രമല്ല. അവന്‍ മുട്ടുകുത്തി ഇരുന്നതിന്റെ മറുവശത്ത് തറയില്‍ മുഴുവന്‍ വെള്ളം. ഇവന്‍ ഇനി ഇതിനകത്തോട്ടു തന്നെ അല്ലെ ഒഴിചോണ്ടിരുന്നെ ? തറയില്‍ ഇരുന്നും കിടന്നും ഉരുണ്ടും പരിശോധിച്ചപ്പോള്‍ പിടികിട്ടി.... കൂളര്‍ ചോരുന്നു ! ചുമ്മാതല്ല.

"എടാ... കൂളര്‍ ലീക്ക്‌ ചെയ്യുന്നെടാ !" എന്തോ വലിയ കണ്ടുപിടിത്തം നടത്തിയത് പോലെ സഹമുറിയന്‍ പറഞ്ഞു.

"ഓഹോ... നിനക്കെങ്ങനെ മനസ്സിലായി ?"

"അതോ ? എന്റെ ലുങ്കി മുഴുവന്‍ നനഞ്ഞു. ഇപ്പോഴാ ഞാന്‍ ശ്രദ്ധിച്ചേ !"

"ഓഹോ... കാല്‍ച്ചുവട്ടില്‍ നിന്നും ലുങ്കി ഒലിച്ചു പോവുന്നത് നീ അറിഞ്ഞില്ലേ? കൂളറിന്റെ അകത്തു പാതിരാപടം കണ്ടുകൊണ്ടിരിക്കുവായിരുന്നോ ? "

അപ്പോഴേക്കും കഴിക്കാന്‍ പോയവര്‍ തണുത്ത കാറ്റു കൊള്ളാം എന്നുള്ള പ്രതീക്ഷയില്‍ മടങ്ങി എത്തി. കൂളരില്‍ ചോര്‍ച്ച എന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖത്തുള്ള സന്തോഷവും ചോര്‍ന്നു പോയി. ഉടന്‍ തന്നെ ഇന്‍പുട്ട് ചെയ്ത വെള്ളം മുഴുവന്‍ കൂളര്‍ ചരിച്ചു ഔട്പുട്ട് ചെയ്തിട്ട് അവന്മാര്‍ ഓട്ടോയില്‍ അതും വെച്ചു കെട്ടി കൊണ്ടു പോയി. ഭാഗ്യത്തിന് നേരത്തെ വന്ന ഓട്ടോക്കാരന്‍ അതിനടുത്ത് സിഗരറ്റും വലിച്ചോണ്ട് നില്‍പ്പുണ്ടായിരുന്നു. അത് കൊണ്ടു സംഭവങ്ങള്‍ വിവരിച്ചു സമയം കളയേണ്ടി വന്നില്ല.

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുതിയ കൂളര്‍ എത്തിച്ചേര്‍ന്നു. ഇപ്പ്രാവശ്യം ചോര്‍ച്ച ആദ്യമേ ടെസ്റ്റ്‌ ചെയ്യാന്‍ ഒരു ബക്കറ്റ്‌ വെള്ളം ഒഴിച്ചിട്ടു ഞങ്ങള്‍ നാല് പേരും നാല് വശങ്ങളിലായി നിന്നു ICU ഇല്‍ കിടക്കുന്ന പേഷിയന്റിനെ നോക്കുന്ന ഡോക്ടര്‍മാരെ പോലെ നിലയുറപ്പിച്ചു. കുഴപ്പം ഒന്നുമില്ല. അങ്ങനെ ഞങ്ങള്‍ വീണ്ടും വെള്ളം നിറക്കാന്‍ തുടങ്ങി. ഇപ്പ്രാവശ്യം കൂളര്‍ നിറഞ്ഞു. പക്ഷെ പ്രശ്നങ്ങള്‍ തുടങ്ങാന്‍ ഇരിക്കുന്നത്തെ ഉണ്ടായിരുന്നുള്ളു.

തനിക്ക് മുന്നേ മറ്റൊരു കൂളര്‍ റൂമില്‍ കേറിയത്‌ കൊണ്ടോ അതോ വലതു വീലിനു പകരം ഇടതു വീല്‍ ആദ്യം കേറ്റിയത് കൊണ്ടോ എന്തോ കൂളര്‍ പ്രതിഷേധം രേഖപ്പെടുത്തി. എങ്ങനെയെന്നു വെച്ചാല്‍ ഫുള്‍ ടാങ്ക് ആയ കൂളരിനെ തള്ളി ബെഡ് റൂമില്‍ എത്തിക്കാന്‍ നോക്കിയപ്പോള്‍ അതിന്റെ ഒരു വീല്‍ അതാ ഒടിഞ്ഞു ഉരുണ്ടു കാശിക്കു പോവുന്നു. കൂളര്‍ അങ്ങനെ ഒരു വശം ചരിഞ്ഞു ലാലേട്ടനെ പോലെ 'നീ പോ മോനേ ദിനേശാ' എന്ന് ഞങ്ങളെ നോക്കി വിളിക്കുന്നത് പോലെ തോന്നി.

ഞാന്‍ വെറുതെ ബാല്‍ക്കണിയില്‍ നിന്നു താഴോട്ടു നോക്കിയപ്പോള്‍ ആ ഓട്ടോക്കാരന്‍ അപ്പോഴും 'ഞാന്‍ നിക്കണോ അതോ പോവണോ' എന്ന മട്ടില്‍ അവിടെ തന്നെ നില്‍പ്പുണ്ട്‌. ഇനിയും ഇതും താങ്ങി കൊണ്ടു പോവുക എന്ന് വെച്ചാല്‍... രാത്രി കട അടയ്ക്കുന്ന സമയവും ആയി. ഇനി ഇതും കൊണ്ടു ചെന്നാല്‍ ഇവന്മാര്‍ കൂളര്‍ ഒക്കെ കൊണ്ടു പോയി കേടാക്കുവാണോ എന്ന് തെറ്റിദ്ധരിച്ചാലോ? അവസാനം ചോര്‍ച്ച ഇല്ലാത്തതു കൊണ്ടു ഉള്ളത് കൊണ്ടു അഡ്ജസ്റ്റ് ചെയ്യാം എന്ന് തീരുമാനം ആയി.

വീല്‍ ഇല്ലെങ്കില്‍ എന്താ പ്രശ്നം എന്ന് നിങ്ങള്ക്ക് സംശയം തോന്നാം. ഉരുട്ടി കൊണ്ടു പോവാന്‍ മാത്രം അല്ല വീല്‍. കൂളര്‍ നേരാവണ്ണം ഇരുന്നില്ലെങ്ങില്‍ പമ്പ് ഓണ്‍ ചെയ്യുമ്പോള്‍ മുകളില്‍ കൂടി വെള്ളം ചോരും. അത് കൊണ്ടു വീലിനു പകരം ഒരു സിമന്റ്‌ സ്ലാബില്‍ കൂളരിനെ പ്രതിഷ്ടിച്ചു. അങ്ങനെ സാധനം കട്ടപ്പുറത്ത് ഇരുന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വേനല്‍ അവസാനിച്ചതോടെ ശെരിക്കും കട്ടപ്പുറതായി. റൂമിന്റെ ഒരു മൂലയില്‍ കൂളര്‍ ഉപേക്ഷിക്കപ്പെട്ടു.

കഴിഞ്ഞ മാസം വീണ്ടും വേനല്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടി 'ഓര്‍മ്മയുണ്ടോ ഈ മുഖം? ' എന്നും ചോദിച്ചോണ്ട് കൂളരിനെ സമീപിച്ചു. വീണ്ടും പ്രതിഷേധം രേഖപെടുത്തിയത് രണ്ടാമതൊരു വീലിനെ രാമേശ്വരതോട്ടു പറഞ്ഞു വിട്ടു കൊണ്ടു ആയിരുന്നു. കൂളര്‍ ഇപ്പോള്‍ ഹൈ ഹീല്‍ ചെരുപ്പിട്ട പെണ്‍കുട്ടിയെ പോലെ നില്ക്കുന്നു. വേറെ സിമന്റ്‌ കട്ട ഒന്നും ഇല്ലാത്തതു കൊണ്ടു കാല്‍ വെച്ചു പിടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ആദ്യം കൂളരിനെ കുളിപ്പിച്ച് കുട്ടപ്പന്‍ ആക്കിയെടുതിട്ടു ഓപ്പറേഷന്‍ കാല് വാരല്‍ ആരംഭിച്ചു. രണ്ടു പ്ലാസ്റ്റിക് ഗ്ലാസ്‌ എടുക്കുന്നു. അതിനകത്ത്‌ ന്യൂസ് പേപ്പര്‍ കുത്തി നിറയ്ക്കുന്നു. വീല്‍ പോയിടത്ത് ഈ സംഭവം വെച്ചു പിടിപ്പിക്കുന്നു. ലെവല്‍ കറക്റ്റ് ആവുന്നത് വരെ ന്യൂസ് പേപ്പറിന്റെ അളവ് കൂട്ടിയും കുറച്ചും അട്ജസ്റ്മന്റ്സ് നടത്തുന്നു. അവസാനം സംഭവം നേരെയാക്കി. ടെസ്റ്റ്‌ ചെയ്തു നോക്കിയപ്പോള്‍ കുഴപ്പം ഒന്നുമില്ല. അങ്ങനെ ഈ വേനല്‍ കാലവും കൂളറിന്റെ സഹായത്തോടെ തീര്‍ക്കാമെന്ന് വിശ്വസിക്കുന്നു.

അപ്പോള്‍ പറഞ്ഞു വന്നത് എന്തെന്ന് വെച്ചാല്‍ ... എന്തെരപ്പി ? ഇങ്ങനെയൊക്കെ നടന്നാല്‍ മതിയാ ? ഓഫീസില്‍ AC യില്‍ ഇരുന്നോണ്ട് ഇതൊക്കെ വായിച്ചു തള്ളാതെ പണികളൊക്കെ ചെയ്യിന്‍. എന്നാല്‍ അല്ലെ മാസാവസാനം ശമ്പളങ്ങള്‍ ഒക്കെ കിട്ടിയിട്ട് ഒരു കൂളര്‍ ഒക്കെ മേടിക്കാന്‍ ഒക്കതോള്ളൂ !



Tuesday, April 28, 2009

പല്ല് തേപ്പ്

അവതാരകന്‍ : (Darz) ദാസപ്പന്‍

ഇത് ശരിക്കും നടന്ന ഒരു സംഭവം ആണ്. എന്റെ കുറച്ചു ഫ്രണ്ട്സ് ... അവര്‍ ഒരുമിച്ചു ഒരു വീട്ടില്‍ ആണ് താമസം.ഈ കഥയിലെ കഥാപാത്രങ്ങള്‍ -- ടോമ്മി,രാജു, സാജന്‍

ടോമ്മി കൊച്ചിയിലെ ഒരു പ്രമുഖ കാള്‍ സെന്ററില്‍ വര്‍ക്ക് ചെയ്യുന്നു.... പഠിച്ചതും വളര്‍ന്നതും ഒക്കെ വിദേശത്ത് ആയിരുന്നത് കാരണം അവന്‍ ആള് ഒരു ഹൈ ഫൈ ആണ് .ടോമ്മി ഉപയോഗിക്കുന്നത് കൂടുതലും വിദേശ നിര്‍മിത സോപ്പും പൌഡറും ഒക്കെ ആണ്.. ഇതൊക്കെ അടിച്ചു മാറ്റി ഉപയോഗിക്കുന്നത് രാജുവിന് ഒരു ഹരം ആയിരുന്നു...!!

അങ്ങനെ ഒരു ദിവസം വന്നെത്തി. അന്ന് തിരുവനന്തപുരത്തേക്ക് പോകാന്‍ വേണ്ടി അതി രാവിലെ തന്നെ രാജു ഉറക്കം എഴുനേറ്റു... ഉറക്കം എഴുന്നേറ്റ ഉടനെ പല്ല് തെയ്ക്യാന്‍ തയാറെടുപ്പ് തുടങ്ങി. ടൂത്ത് ബ്രഷ് തപ്പി കണ്ടു പിടിച്ചു... അപ്പോഴാണ്‌ അവനു ഓര്‍മ വന്നത് റൂമില്‍ പേസ്റ്റ് ഇല്ല ! ഇനി ഇപ്പോള്‍ എന്ത് ചെയ്യും.? ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് കടയില്‍ പോയി പേസ്റ്റ് വാങ്ങാന്‍ അവന്‍ മടിച്ചു നിന്നു.

അപ്പോള്‍ ആണ് അവന്റെ തലയില്‍ ഒരു 1000 വാട്ട്സ് ബള്‍ബ് കത്തിയത്...! " ഇന്ന് ക്ലോസ് അപ് പുഞ്ചിരി ഇല്ലെങ്കില്‍ എന്ത് ?? ടോമ്മി‌ടെ കൈയില്‍ ഏതേലും ഫോറിന്‍ ടൂത്ത് പേസ്റ്റ് ഉണ്ടാകും.. "

അവന്‍ നേരെ ടോമ്മിയുടെ ബാഗ് ലക്ഷ്യമാക്കി നടന്നു... ടോമ്മി നല്ല ഉറക്കത്തില്‍ ആണ്... അത് കാരണം അവന്‍ ലൈറ്റ് ഓണ്‍ ചെയ്തു അവനെ ഉണര്‍ത്താതെ ഇരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു .. അങ്ങനെ ഒരു വിധം തപ്പി തടഞ്ഞു അവന്‍ പേസ്റ്റ് കണ്ടു പിടിച്ചു.. പൊട്ടിക്കാത്ത പുതിയ പാക്കറ്റ് ആണ്... "ഹ ഹ... ഉത്‌ഘാടനം ഞാന്‍ തന്നെ... " അവന്റെ മനസ് മന്ത്രിച്ചു.

ടൂത്ത് ബ്രഷ് നിറയെ പേസ്റ്റ് എടുത്തു കൊണ്ട് അവന്‍ വാഷ് ബേസിന്റെ മുന്നില്‍ എത്തി , പല്ല് തേപ്പു തുടങ്ങി. "നല്ല ഒരു ടേസ്റ്റ്.. മിന്റ് ഫ്ലേവര്‍ ആണെന്നാ തോന്നുന്നേ.. എന്തായാലും കൊള്ളാം..! പക്ഷെ എത്ര ഇട്ടു ഒരച്ചിട്ടും അത്രെക്കു അങ്ങ് പതയുന്നില്ല... ഹും ചിലപ്പോള്‍ ഫോറിന്‍ പേസ്റ്റ് ഒക്കെ അങ്ങനെ ആയിരിക്കും !

ഉറങ്ങി കിടക്കുന്ന ടോമ്മിയെ നോക്കി അവന്‍ മനസ്സില്‍ രണ്ടു തെറി വിളിച്ചു... "പന്ന #$#$$@ ഒരു നല്ല പേസ്റ്റ് വാങ്ങി വച്ചൂടെ..!! " എന്തായാലും അത് വച്ച് തന്നെ അവന്‍ പല്ല് തേച്ചു.. കണ്ണാടിയില്‍ നോക്കി പല്ലിനു നല്ല തിളക്കം... "പതഞ്ഞില്ലെന്കില്‍ എന്ത് ?സാധനം കിടിലം അല്ലെ !"

അങ്ങനെ കുളിയും ഒരുക്കവും ഒക്കെ കഴിഞ്ഞു രാജു പോകാന്‍ തയാര്‍ ആയി !! ഇനിയും ഒരു അര മണിക്കൂര്‍ കഴിഞ്ഞു ഇറങ്ങിയാല്‍ മതി ... വണ്ടി വരാന്‍ ഇനിയും സമയം ഉണ്ട്.. അപ്പോഴേക്കും വീട്ടില്‍ ഉള്ള എല്ലാരും എഴുനേറ്റു ... മറ്റൊരു മുറിയില്‍ കിടന്നു ഉറങ്ങുവായിരുന്ന സാജന്‍ എഴുനേറ്റു അവിടെ എല്ലാം എന്തോ തപ്പി നടക്കുന്നു ..

ഇത് കണ്ട ടോമ്മി അവനോടു ചോദിച്ചു - "എന്തുവാടെ നീ കാലത്തെ പരത്തി പരത്തി നടക്കുന്നെ..?"

സാജന്‍- "എടാ ഇന്നലെ ഒരു തുള്ളി ഉറങ്ങിയിട്ട് ഇല്ല .. രാത്രി മുഴുവന്‍ കൊതുക് കടിച്ചു കൊന്നു ...ഞാന്‍ വാങ്ങി വച്ച ഒടോമോസ് (ODOMOS -Mosquito repellent cream) കാണുന്നില്ല .. അതാ ഞാന്‍ തപ്പുന്നെ"

ടോമ്മി - "എടാ അത് അവിടെ വാഷ് ബേസിന്റെ അടുത്തല്ലേ നീ വച്ചിരുന്നെ.. ആരേലും മാറി എടുക്കേണ്ട എന്ന് കരുതി ഞാന്‍ എന്റെ ബാഗില്‍ എടുത്തു വച്ചു"

സാജന്‍ ഓടി ചെന്ന്‌ ടോമ്മിയുടെ ബാഗില്‍ നിന്ന് ഒടോമോസ് എടുത്തു... "ആഹാ നീ ഇത് പൊട്ടിച്ചു ഉപയോഗികുകയും ചെയ്താ..?"

അപ്പോഴേക്കും മുറ്റത്ത് നിന്നിരുന്ന രാജു വാള് വച്ചു തുടങ്ങിയിരുന്നു.ശബ്ദം കേട്ട് അങ്ങോട്ട്‌ ചെന്ന ടോമ്മിക്കും സാജനും കാര്യം പിടികിട്ടി.... രാജു തിരിഞ്ഞു നോക്കിയപ്പോഴേക്കും അവര്‍ തല തല്ലി ചിരിക്കാന്‍ തുടങ്ങി ...!!

Sunday, April 26, 2009

വെട്ട്‌

"അളിയാ... വെട്ടല്ലെടാ "
"രക്ഷയില്ല മോനേ... നിന്നെ വെട്ടിയേ പറ്റൂ"
"നീ വെട്ടെടാ.. അവന്‍ അങ്ങനെ പലതും പറയും"
"എടാ... കണ്ണില്‍ ചോരയില്ലാത്തവന്മാരെ... ഞാന്‍ ഇവിടെ എത്ര വെട്ടു കൊണ്ടു കിടക്കുവാ... നിനക്കൊന്നും അത് പ്രശ്നമല്ല അല്ലേടാ ?"
"എന്ത് പ്രശ്നം? ഇതു നിന്റെ യോഗം ആണെന്ന് മാത്രം വിചാരിച്ചാല്‍ മതി "
"ഡാ.. വെട്ടെടാ. വെറുതെ സമയം കളയാതെ. ഇനി പോലീസ് എങ്ങാനും വന്നാല്‍ പണിയാകും!"
"സോറി അളിയാ... ഞാന്‍ വെട്ടുവാ... ഇന്നാ പിടിച്ചോ "
........
....
..
.

"ദേ... ഞാന്‍ നിര്‍ത്തി. ഇനി കഴുത കളിയ്ക്കാന്‍ എന്നെ കിട്ടില്ല. അല്ലെങ്കിലും ചീട്ടു കളിക്കുന്നത് നല്ലതല്ല !"

Tuesday, April 14, 2009

വിഷുക്കെണി



നാളെ
വിഷു.കണി ഒരുക്കണം. ആദ്യം താന്‍ തന്നെ അത് കാണുകയും വേണം. അവന്‍ മനസ്സില്‍ ഉറപ്പിച്ചു.

ഈ വിവരം കൂടെ താമസിക്കുന്നവന്മാരോട് പറഞ്ഞപ്പോള്‍ അവന്മാര്‍ക്കൊക്കെ ചിരി. ഹും! തനിക്ക് ആരുടേയും സഹായം വേണ്ട. താന്‍ ഒറ്റയ്ക്ക് തന്നെ എല്ലാം ഒരുക്കും. അപ്പോഴാണ്‌ അടുത്ത പ്രശ്നം. കുറെ സാധനങ്ങള്‍ ഒക്കെ വേണം. എസ്പെഷല്ലി കൊന്നപ്പൂവ്. ഈ രാത്രി ഇനി അതിനൊക്കെ എവിടെ പോവും? അവന്‍ തലപുകഞ്ഞു ആലോചിച്ചു. ഐഡിയ !!

"നീ കഴിക്കാന്‍ വരുന്നില്ലേ ?"

"ഇല്ല... നിങ്ങള്‍ പൊയ്ക്കോ.. എനിക്ക് കുറച്ചു പണിയുണ്ട്. ഞാന്‍ ബ്രെഡ് കഴിച്ചോളാം"

അങ്ങനെ എല്ലാരും പോയപ്പോള്‍ അവന്‍ കണി ഒരുക്കാന്‍ തുടങ്ങി. അധികം കഷ്ടപെടെണ്ടി വന്നില്ല. 10 മിനിറ്റ് കൊണ്ടു കാര്യം കഴിഞ്ഞു . ഇനി നാളെ രാവിലെ എഴുന്നേറ്റു കണി കണ്ടാല്‍ മാത്രം മതി.

റൂം മേറ്റ്സ് തിരികെ എത്തിയപ്പോഴേക്കും അവന്‍ ഉറക്കമായിരുന്നു. അവന്‍ കണി ഒരുക്കിയത് എവിടെയാണെന്നു അവര്‍ എല്ലായിടത്തും നോക്കി. ഒന്നും കണ്ടില്ല.

"പാവം.. കണി ഒരുക്കല്‍ രക്ഷയില്ലെന്നു മനസ്സിലായപ്പോ മതിയാക്കി ഉറങ്ങിയതാവും" അവര്‍ പരസ്പരം പറഞ്ഞു.

വിഷുദിനം.

രാവിലെ 6 മണിക്ക് തന്നെ അവന്‍ ഉണര്‍ന്നു. താന്‍ കണി ഒരുക്കിയത് ആരും അറിഞ്ഞിട്ടില്ല. അവന്‍ ഉള്ളാലെ ചിരിച്ചു. കണി കണ്ടിട്ട് വേണം ഇവന്മാരെ ഒക്കെ വിളിച്ചു തന്റെ ബുദ്ധി കാണിച്ച് കൊടുക്കാന്‍. വിഷു ആയിട്ട് കിടന്നു ഉറങ്ങിക്കോളും! ഉടന്‍ തന്നെ അവന്‍ തന്റെ രണ്ടു കണ്ണും പൊത്തി പിടിച്ചു. എന്തൊക്കെ സംഭവിച്ചാലും ഇനി കണി കാണാന്‍ മാത്രമേ ഈ കണ്ണുകള്‍ തുറക്കാവൂ.

പതുക്കെ കിടക്കയില്‍ നിന്നു എഴുന്നേറ്റു നടക്കാന്‍ തുടങ്ങി. ധും! ആരുടെയോ എവിടെയോ ചവിട്ടു കൊണ്ടു!

"അയ്യോ.... നോക്കി നടക്കെടാ @#$#@&%$^$#@ !"

ഓഹ് ! ചെവി പൊത്താന്‍ കൈകള്‍ ഇല്ലല്ലോ. വിഷു ആയി പോയി. ഇല്ലെങ്കില്‍ ഇവന്മാരൊക്കെ ചെവി ടെട്ടോള്‍ ഉപയോഗിച്ചു കഴുകേണ്ടി വന്നേനെ! ഇന്നു അല്പം മാന്യന്‍ ആയി നടക്കാം.

*ക്ടിന്‍* ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന സെല്‍ ഫോണ്‍ ആണെന്ന് തോന്നുന്നു. ആര്‍ക്കോ വിഷുവിനു പുതിയ മൊബൈല് മേടിക്കാന്‍ യോഗമുണ്ട്. ഉടനെ അറിയാം.

അവസാനം തപ്പി തടഞ്ഞു കണി ഒരുക്കി വെച്ചിരിക്കുന്ന സ്ഥലത്തു അവന്‍ എത്തി. കൈ കൊണ്ടു തൊട്ടു ഉറപ്പു വരുത്തി. ഇതു തന്നെ. പക്ഷെ കണ്ണ് ഇപ്പൊ തുറക്കാന്‍ പാടില്ല. സിഗ്നല്‍ കിട്ടണം. അവന്‍ കാത്തിരുന്നു. ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ സിഗ്നല്‍ കിട്ടി. യെസ്! അങ്ങനെ താന്‍ ഇതാ കണി കാണാന്‍ പോവുന്നു.

അവന്‍ പതുക്കെ കണ്ണ് തുറന്നു. തന്റെ മുന്നില്‍ ഇരിക്കുന്ന ലാപ്ടോപില്‍ തെളിഞ്ഞു വരുന്നു. ഇന്നലെ കഷ്ടപ്പെട്ട് സേര്ച്ച് ചെയ്തു കണ്ടുപിടിച്ച കണിക്കൊന്നയുടെ വാള്‍പേപ്പര്‍ നു പകരം തന്നെ നോക്കി പല്ലിളിച്ചു കാണിക്കുന്ന കുരങ്ങിന്റെ പടം !

അവന് വേണ്ടി കണി ഒരുക്കിയവര്‍ അകത്തെ മുറിയില്‍ ഇരുന്നു ചിരി തുടങ്ങി കഴിഞ്ഞിരുന്നു !



എല്ലാവര്ക്കും വിഷുദിനാശംസകള്‍ !

image courtesy : http://www.flickr.com/photos/dijis/

Thursday, April 9, 2009

ഒറ്റമൂലി

വൈകുന്നേരം ഓഫീസില്‍ നിന്നു വന്നു കേറിയപ്പോള്‍ തുടങ്ങിയ പരാതി പറച്ചിലാണ് . രാജീവന് തല പെരുത്തു തുടങ്ങി. ഗീത ചിലപ്പോള്‍ അങ്ങനെയാണ്. ചെറിയ കാര്യം മതി ടെന്‍ഷന്‍ അടിക്കാന്‍.

എന്നെത്തെയും പോലെ ചായ ചോദിച്ചപ്പോള്‍ പറയുവാണ്, "എന്റെ കാര്യത്തില്‍ നിങ്ങള്ക്ക് ഒരു ശ്രദ്ധയുമില്ല, ഞാന്‍ എങ്ങനെയെങ്ങിലും ജീവിച്ചോട്ടെ, നിങ്ങളോട് ഞാന്‍ പരാതി പറയാന്‍ പാടില്ല, പറഞ്ഞാല്‍ കുറ്റം, പരാതി പറയുന്നതു ഉത്തമഭാര്യയുടെ ലക്ഷണമല്ല പോലും, എല്ലാം സഹിക്കണം, ക്ഷമിക്കണം.."ഇങ്ങനെ കാട് കേറിയപ്പോള്‍ അയാള്‍ മിണ്ടാതെ അടുക്കളയില്‍ ചെന്നു ഒരു ഗ്ലാസ് വെള്ളം കുടിച്ചു തൃപ്തിയടഞ്ഞു.

കുറച്ചു നേരം TV കാണാമെന്നു വെച്ചപ്പോള്‍ അടുക്കളയില്‍ നിന്നും അശരീരികള്‍ വീണ്ടും : "ഞാന്‍ ഇവിടെ എന്റെ പ്രിയപ്പെട്ട സീരിയല്‍ ഒക്കെ വേണ്ടാന്നു വെച്ചിട്ട് പണിയെടുക്കുന്നു. എന്നാല്‍ ഒന്നു വന്നു സഹായിക്കുമോ അതുമില്ല. ബാക്കി ഉള്ളവര്‍ പണിയെടുക്കുമ്പോള്‍ കുത്തിയിരുന്ന് TV കാണാന്‍ ഒരു മടിയുമില്ല".

രാജീവന്‍ ഇപ്പ്രാവശ്യവും ഒന്നും മിണ്ടിയില്ല. TV ഓഫ് ചെയ്തിട്ട് ബെഡ് റൂമിലേക്ക്‌ നടന്നു. അവിടെയും ഗീതയുടെ ഒച്ച ഒഴുകിയെത്തി. അത് ഇപ്പ്രകാരം : "എനിക്ക് നടുവേദന ഉണ്ടെന്നു പറഞ്ഞിട്ട് രണ്ടു മാസമായി. എന്നാല്‍ ഒന്നു ഡോക്ടറിന്റെ അടുത്ത് കൊണ്ടു പോവുകയോ അതല്ലെങ്ങില്‍ വീട്ടു വേലയ്ക്കു ആളെ വെക്കുകയോ ചെയ്യത്തില്ല. ഇവിടത്തെ പണിയൊക്കെ കഴിഞ്ഞു ഞാന്‍ കിടന്നോ ഇല്ലയോ എന്നൊന്നും പ്രശ്നമില്ല. ഓഫീസില്‍ നിന്നു വന്നാല്‍ ചായയും കുടിച്ചു കിടക്കാന്‍ എന്തൊരു ഉത്സാഹമാ!"

രാജീവന്‍ ബെഡില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഗീതയുടെ ശബ്ദം അസഹ്യമായി തുടങ്ങി. ക്ഷമയുടെ നെല്ലിപ്പലക കാണാന്‍ തുടങ്ങുന്നു. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു ആശുപത്രിയിലേക്ക് പൊക്കി കൊണ്ടു പോവുമ്പോ തലയില്‍ തേങ്ങ വീണെന്ന് പറഞ്ഞാലുള്ള അവസ്ഥ. അയാള്‍ കുറച്ചു നേരം ചിന്താമഗ്നനായി. ഇതിന് ഒരു ഒറ്റമൂലി മാത്രമെ ഉള്ളു.

പതുക്കെ അയാള്‍ ബെഡ് റൂമിലെ അലമാര തുറന്നു. ഏറ്റവും താഴത്തെ തട്ടില്‍ നിന്നും ഒരു സാധനം പൊടി തട്ടി എടുത്തു. പണ്ടു താന്‍ മേടിച്ചു വെച്ച തോക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അയാള്‍ പരിശോധിച്ച് ഉറപ്പു വരുത്തി. എന്നിട്ട് പതുക്കെ അത് ലോഡ് ചെയ്തു.

ഒരൊറ്റ വെടി മാത്രമെ പാടുള്ളു. അതോടെ ഈ പ്രശ്നം തീരണം. തീരും ! ഉറച്ച കാല്‍വെപ്പുകളോടെ രാജീവന്‍ മുറിക്കു പുറത്തിറങ്ങി. ഗീത തന്റെ വരവ് അറിയാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. പതുക്കെ അടുക്കളയിലേക്കു എത്തി നോക്കിയപ്പോള്‍ പാത്രം കഴുകി കൊണ്ടിരിക്കുന്ന ഗീതയെ രാജീവന്‍ കണ്ടു. ശബ്ദം ഒന്നും ഉണ്ടാക്കാതെ അയാള്‍ അവളുടെ തൊട്ടു പിന്നാലെ നിലയുറപ്പിച്ചു.

പതുക്കെ അയാള്‍ തോക്ക് ഉയര്ത്തി. അത് ഗീതയുടെ തലയുടെ നേര്‍ക്ക്‌ ചൂണ്ടി. തലയും തോക്കും തമ്മില്‍ ഒട്ടും അകലം ഇല്ല. ഒരു വെടിയില്‍ എല്ലാം ക്ലോസ് ! അയാളുടെ ചുണ്ടില്‍ വികൃതമായ ഒരു ചിരി വിടര്‍ന്നു.കാഞ്ചി വലിച്ചു !

.......ഠോ.........

അടുക്കളയില്‍ ആ ശബ്ദം മാറ്റൊലി കൊണ്ടു. ഗീത ഞെട്ടി വിറച്ചു തിരിഞ്ഞു നോക്കി. അവിടെ അതാ രാജീവന്‍ ഒരു മാസം മുന്പ് ദീപാവലിക്ക് മേടിച്ച കളിത്തോക്ക്‌ തന്റെ നേരെ ചൂണ്ടി നില്ക്കുന്നു. നിമിഷങ്ങള്‍ കടന്നു പോയി.... ഒന്ന്...രണ്ട്...മൂന്ന്.......പത്ത് ! ആരും ഒന്നും മിണ്ടിയില്ല.

അവസാനം രാജീവന്‍ പറഞ്ഞു, " ഒരു മണിക്കൂറായി നീ മാറുന്നില്ല മാറുന്നില്ല എന്ന് പറഞ്ഞോണ്ടിരുന്ന ഇക്കിള്‍ ഇപ്പൊ മാറിയല്ലോ ! "

Saturday, April 4, 2009

ബോട്ട് തേപ്പ്

കാമ്പസ് ജീവിതത്തില്‍ ഒരുപാടു തേപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ നിന്നും ഒരു തേപ്പ് ഞാന്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

കോളേജില്‍ മറക്കാന്‍ പറ്റാത്ത ഒരുപാടു അനുഭവങ്ങള്‍ സംഭവിക്കുന്ന ഒരു മെഗാ ഇവന്റ് ആണ് 'ടൂര്‍'. എല്ലാ വര്‍ഷവും ഒരു ടൂര്‍ എങ്കിലും നടക്കാറുണ്ട് അല്ലെങ്കില്‍ നടത്തിക്കാറുണ്ട്. അങ്ങനെ ഒരിക്കല്‍ പോയ ടൂറില്‍ കൊടൈക്കനാല്‍ ഒരു സ്റ്റോപ്പ് ആയിരുന്നു.

അവിടുത്തെ പ്രകൃതി രമണീയമായ കാഴ്ചകള്‍ ഒക്കെ ഞങ്ങള്‍ ആസ്വദിച്ചു. അതിനിടെ അവിടെ ഒരു സംഭവം ഞങ്ങള്‍ കണ്ടു. കൊടൈക്കനാല്‍ കായലില്‍ പെഡല്‍ ബോട്ട് ഓടിക്കാന്‍ കൊടുക്കുന്നു. മണിക്കൂറിനു തുച്ഛമായ വാടക മാത്രം. ഞങ്ങള്‍ ഉടന്‍ തന്നെ അങ്ങോട്ട് വെച്ചു പിടിച്ചു. ഞങ്ങള്‍ എന്ന് വെച്ചാല്‍ ഞാനും പിന്നെ സഹപാഠികള്‍ ആയ അസീബും ബിജുവും. കാശ് അടച്ചു രസീതും മേടിച്ചു ഞങ്ങള്‍ ക്യുവില്‍ കേറി നിന്നു. ബോട്ടുകള്‍ വരുന്നതനുസരിച്ച്‌ ആളുകളെ കേറ്റി വിട്ടുകൊണ്ടിരുന്നു.

ഒരു ബോട്ടിന്റെ കപ്പാസിറ്റി മൂന്ന് പേരാണ്. രണ്ടു പേരു പെഡല്‍ ചവിട്ടണം. മൂന്നാമന്‍ സ്ടീര്‍ ചെയ്യണം. എന്റെ കൂടെ ഉള്ള ബിജു ആണേങ്കില്‍ നല്ല വണ്ണം ഉള്ള കൂട്ടത്തിലാണ്. അസീബിനും മോശമില്ലാത്ത വണ്ണം ഉണ്ട്. അപ്പോള്‍ അവര് രണ്ടു പേരും പെഡല്‍ ചവിട്ടുന്നു. ഞാന്‍ പങ്കായം പിടിക്കുന്നു. ആദ്യം എനിക്ക് അല്പം വിഷമം തോന്നിയെന്കിലും ബോട്ടിംഗ് ഒക്കെ കഴിഞ്ഞു വരുന്നവരുടെ അവസ്ഥ കണ്ടപ്പോള്‍ അതൊക്കെ മാറി. ഒരു മണിക്കൂര്‍ പെഡല്‍ ചെയ്യുന്നത് അത്ര എളുപ്പം പണിയൊന്നുമല്ല. അങ്ങനെ ഞങ്ങള്‍ ഓരോരുത്തരായി ബോട്ടില്‍ കേറി സംഭവബഹുലമായ യാത്രക്ക് തയ്യാറാവുന്നു.

രണ്ടു പേരും പെഡല്‍ ചെയ്യാന്‍ തുടങ്ങി. ഞാന്‍ സ്ടീരിംഗ് അഥവാ ഒരു ലിവറില്‍ പിടിച്ചോണ്ട് പിറകില്‍ ഇരിക്കുന്നു. അതിന്റെ ഓപ്പറേഷന്‍ മനസ്സിലാക്കാന്‍ കുറച്ചു സമയം എടുത്തു. അത് കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി. ബോട്ട് എന്റെ കണ്ട്രോളില്‍ ആയപ്പോള്‍ ഞാന്‍ ടൈറ്റാനിക് കപ്പലിന്റെ കപ്പിത്താന്റെ അവസ്ഥയിലേക്ക് ഉയര്‍ന്നു. എന്ജിന് പവര്‍ പോര എന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ആജ്ഞാപിച്ചു, " വേഗം ചവിട്ടെടാ... നിനക്കൊന്നും ആരോഗ്യം ഒട്ടുമില്ലല്ലോ. 10 മിനിറ്റ് ചവിട്ടിയപ്പോള്‍ തന്നെ തളര്‍ന്നല്ലോ"

ഇതു മാത്രമല്ലായിരുന്നു പ്രശ്നം. വേറെ ബോട്ടുകളില്‍ നല്ല സുന്ദരിമാര്‍ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നുണ്ട്. അവരുടെ ഒക്കെ ഏഴയലത്ത് എത്തണമെങ്കില്‍ എന്‍ജിന്‍ സ്പീഡ് വേണമല്ലോ. എനിക്ക് നിര്‍ദേശങ്ങള്‍ നല്കാന്‍ മാത്രമല്ലെ പറ്റൂ. എന്ത് ചെയ്യാന്‍? ക്യാപ്റ്റന്‍ ആയി പോയില്ലേ? അങ്ങനെ അതിവിധഗ്ദ്ധമായി ഞാന്‍ ബോട്ടിനെ ആ കായലില്‍ കൂടി പറപ്പിച്ചു കൊണ്ടിരുന്നു. കൂട്ടത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാനും മറന്നില്ല.

ആദ്യമാദ്യം അവര്‍ കാര്യമായി എടുത്തില്ല. പിന്നെ സഹികെട്ടപ്പോള്‍ ബിജു ഒരു ചോദ്യം : "നിനക്കു നീന്താന്‍ അറിയാമോ?"

ആ ഒറ്റചോദ്യത്തില്‍ നിന്നു അവന്‍ എന്താണ് ഉദ്ദേശിച്ചതെന്നു എനിക്ക് മനസ്സിലായി. പിന്നെ ഞാന്‍ മര്യാദയുള്ള ക്യാപ്റ്റന്‍ ആയി മാറി. അങ്ങനെ ഒരു മണിക്കൂര്‍ ഏതാണ്ട് തീരാറായപ്പോള്‍ ഞങ്ങള്‍ ബോട്ട് തടി കൊണ്ടു കെട്ടിയിട്ടുള്ള പ്ലാറ്റ്ഫോം ലക്ഷ്യമാക്കി അടുപ്പിക്കാന്‍ നോക്കി. അപ്പോഴാണ്‌ പ്രശ്നം. ഞങ്ങള്‍ അവിടേക്ക് എത്തുമ്പോള്‍ വേറെ ഏതെങ്കിലും ബോട്ട് അവിടെ അടുപ്പിക്കും. ഞങ്ങള്‍ വീണ്ടും U ടേണ്‍ അടിച്ച് വരുമ്പോള്‍ അതെ അവസ്ഥ. ബോട്ടില്‍ U ടേണ്‍ അടിക്കുക എന്ന് പറയുന്നതു ചില്ലറ കാര്യമല്ല. പോരാത്തതിന് ഇന്ധനം ഏതാണ്ട് കത്തിതീരാറായി.

അവസാനം രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ ബോട്ട് അടുപ്പിക്കുന്നു. അപ്പോള്‍ ഉണ്ട് അടുത്ത പ്രശ്നം. ബോട്ട് ബാലന്‍സ് ചെയ്തു ഓരോരുത്തരായി എങ്ങനെ ഇറങ്ങും? ബോട്ട് അടുപ്പിച്ചപ്പോള്‍ ബിജു ആയിരുന്നു പ്ലാട്ഫോര്‍മിന്റെ അടുത്ത് ഉണ്ടായിരുന്നത്. അവന്‍ ചാടി ഇറങ്ങി. ബോട്ട് പെട്ടന്ന് ആടി ഉലയാന്‍ തുടങ്ങി. ഞാനും അസീബും കൂടി ബോട്ടില്‍ ചെറിയ ഡാന്‍സ് ഒക്കെ കളിച്ചു വീണ്ടും നേരെയാക്കി. കായലില്‍ അത്യാവശ്യം ഒഴുക്കുള്ളത് കൊണ്ടു വീണ്ടും ബോട്ട് അടുപ്പിക്കേണ്ടി വന്നു.

അസീബ് ഇറങ്ങാന്‍ പോയപ്പോള്‍ ഞാന്‍ പറഞ്ഞു, " എടാ ഞാന്‍ ഇറങ്ങാം. നീ ഇറങ്ങിയാല്‍ ബോട്ട് വീണ്ടും അടുപ്പിക്കാന്‍ ആരുമില്ല. ഞാന്‍ ഇറങ്ങി കഴിഞ്ഞാല്‍ നിനക്കു കുറച്ചു പെഡല്‍ ചെയ്തു ബോട്ട് അടുപ്പിക്കാം.. എന്നിട്ട് ഇറങ്ങുകയും ചെയ്യാം"

പാവം അസീബ് അത് വിശ്വസിച്ചു. അങ്ങനെ ഇപ്പ്രാവശ്യം ഞാന്‍ ചാടി ഇറങ്ങി. ഉടന്‍ തന്നെ അസീബ് അതിവേഗം പെഡല്‍ ചെയ്തു ബോട്ട് അടുപ്പിക്കുന്നു. ചാടി ഇറങ്ങാന്‍ നോക്കുമ്പോള്‍ ബോട്ട് പതുക്കെ അനങ്ങുന്നു.അസീബ് കണ്ണുമടച്ചു വലതു കാലെടുത്തു പ്ലാട്ഫോര്‍മിലേക്ക് വെക്കുന്നു. ഇപ്പൊ ഒരു കാല്‍ കരയിലും ഒരു കാല്‍ ബോട്ടിലും. അപ്പോഴേക്കും ഞാനും ബിജുവും കൂടി അവന്‍റെ കൈയില്‍ പിടിച്ചു കരയിലേക്ക് വലിച്ചു കേറ്റി.അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കരക്ക്‌ കേറിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ബോട്ട് തന്ന തമിഴന്‍ അസീബിനെ രൂക്ഷമായി നോക്കുന്നു. എന്താണ് സംഭവം എന്ന് മനസ്സിലാകാതെ നില്‍ക്കുമ്പോള്‍ അയാള് കായലിലേക്ക് കൈ ചൂണ്ടുന്നു.

അതാ.. അവിടെ... ഞങ്ങള്‍ ഇത്രയും നേരം യാത്ര ചെയ്ത... ഞാന്‍ ക്യാപ്റ്റന്‍ ആയിരുന്ന ബോട്ട് അനാഥപ്രേതത്തെ പോലെ ഒഴുകി നടക്കുന്നു. ബാക്ക്ഗ്രൌണ്ട് മ്യൂസിക് : " കണ്ണീര്‍ കായലില്‍ ഏതോ.... കടലാസിന്റെ തോണി..."അവസാനം ചാടി ഇറങ്ങിയ അസീബ് ബോട്ടില്‍ കെട്ടിയിരുന്ന കയറ് ആ തമിഴനെ എല്പിച്ചില്ല. പിന്നെ പറയേണ്ടല്ലോ... ബോട്ട് കൈ വിട്ടു പോയി !

ഞങ്ങള്‍ വീണ്ടും തമിഴനെ നോക്കി. ഇപ്പ്രാവശ്യം അങ്ങേരു അസീബിന്റെ നേരെ കൈ ചൂണ്ടുന്നു, "അട പാപി, അറിവ് കേട്ട മുണ്ടം ! എന്നോടെ ബോട്ടെ തിരുമ്പി കൊണ്ടു വാടാ... മൂന്ചിയെ പാര്... തിരുട്ടു റാസ്കല്‍... $#$&*@#മഹനേ ! "

തെറിയുടെ ഡോസ് കൂടുന്നത് കണ്ടപ്പോള്‍ ഞാനും ബിജുവും അവിടെ നിന്നു മുങ്ങി.ഇതെന്താപ്പാ ഇങ്ങേരു പറയുന്നതു എന്ന ഭാവത്തില്‍ അസീബ് വായും പൊളിച്ചു നില്‍ക്കുന്നതിനിടെ വെറുതെ ഒന്നു തിരിഞ്ഞു നോക്കുന്നു. ഞങ്ങളെ കാണാത്തപ്പോള്‍ അസീബ് ചെവിയും പൊത്തി ഓടുന്നു.

ഓടികിതച്ചു വരുന്ന അസീബിനോട് ഞങ്ങള്‍ ചോദിച്ചു," എടാ.. അങ്ങേരു എന്താടാ പറഞ്ഞെ ?"

അസീബ് കുറച്ചു നേരം ആലോചിച്ചിട്ട് പറഞ്ഞു," അതോ ? അതൊന്നുമില്ലെടാ... സാരമില്ല മോനേ. ഒരു അബദ്ധം ആര്ക്കും പറ്റും. മോന്‍ പൊയ്ക്കോ എന്നാ പറഞ്ഞെ!"

അത്രയും നേരം അടക്കിപ്പിടിച്ചു വെച്ചിരുന്ന ചിരി പുറത്തു വന്നു. "ഉവ്വുവ്വ്... മോനേ എന്ന് വിളിക്കുന്നത് ഞങ്ങളും കേട്ടു. അതുകൊണ്ടല്ലേ ഞങ്ങള്‍ ആദ്യം മുങ്ങിയത് !"