Saturday, May 30, 2009

കല്യാണരാമന്‍

കുറച്ചു കാലം മുന്‍പ് എന്റെ കൂട്ടുകാരനായ അനില്‍ TG അവനെ കുറിച്ചു ഒരു തേപ്പ് കഥ എഴുതണം എന്നൊരു അപേക്ഷ മുന്നോട്ടു വെച്ചിരുന്നു. ഈ പോസ്റ്റ് അവന് ഡെഡിക്കേറ്റ് ചെയ്യുന്നു.

ആറടി പൊക്കവും അതിനൊത്ത വണ്ണവും കാണാന്‍ അതിസുന്ദരനും ആയ ഒരു രൂപം മനസ്സില്‍ വിചാരിക്കുക. ഇനി അതിന് നേരെ വിപരീതമായ ഒരു രൂപം സങ്കല്‍പ്പിക്കുക. അതാണ്‌ അനില്‍. നമ്മളൊക്കെ ഡ്രസ്സ്‌ മേടിക്കാന്‍ പോവുമ്പോള്‍ അനില്‍ കിഡ്സ്‌ വെയര്‍ സെക്ഷനില്‍ അലഞ്ഞു തിരിഞ്ഞു നടക്കും. ബസില്‍ സ്ടുടെന്റ്സ് ടിക്കറ്റില്‍ സ്ഥിരം യാത്ര ചെയ്യുന്ന ഇവന്‍ തരം കിട്ടിയാല്‍ യാത്രക്കാരുടെ മടിയില്‍ ഇരിക്കാനും മടി കാട്ടാറില്ല. ഇന്ത്യയിലെ ഏറ്റവും ചെറിയ ബോഡി ബില്ടെര്‍ സ്ഥാനം കരസ്ഥമാക്കാന്‍ വേണ്ടി ആശാന്‍ ഇപ്പോള്‍ ജിമ്മിലും പോയി തുടങ്ങിയിട്ടുണ്ട്.

അനിലിന്റെ കൂട്ടുകാരന്‍ കിരണിന്റെ ചേച്ചിയുടെ കല്യാണം ആണ് ലൊക്കേഷന്‍. അനിലിനു കൂട്ടായി ദാസപ്പനും അനീഷും ഉണ്ട്. കൃത്യനിഷ്ടത മൂന്നിന്റെയും കൂടപ്പിറപ്പ് ആയതു കൊണ്ടു താലികെട്ട് കഴിഞ്ഞിട്ടാണ് എല്ലാരും എത്തിച്ചേര്‍ന്നത്. പിന്നെ കിരണിനെ ഒക്കെ കണ്ടുപിടിച്ചു തല കാണിച്ചു വധൂവരന്മാരുടെ ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തപ്പോഴേക്കും സമയം കുറച്ചായി. അതിനാല്‍ രണ്ടാമത്തെ പന്തിയില്‍ ആണ് എല്ലാരും സദ്യ ഉണ്ണാന്‍ കേറിയത്‌.ഒരു വരിയുടെ അവസാന മൂന്ന് സീറ്റുകളില്‍ അനീഷ്‌, നടുക്ക് ദാസപ്പന്‍ പിന്നെ ഏറ്റവും അറ്റത്ത്‌ അനിലും സ്ഥാനം പിടിച്ചു. മേശപ്പുറത്തു അപ്പോള്‍ പേപ്പര്‍ വിരിച്ചിട്ടിട്ടുണ്ട്. ഇല ഇട്ടു തുടങ്ങുന്നതെ ഉള്ളു. രാവിലെ മുതല്‍ പട്ടിണി കിടന്നത് ഈ ഒരു സംഭവത്തിനു വേണ്ടിയാണല്ലോ. അങ്ങനെ നമ്മുടെ കഥാനായകന്മാര്‍ ഇരിക്കുന്ന വരിയിലും ഇല ഇട്ടു തുടങ്ങി. അനീഷിനു കിട്ടി. ദാസപ്പന് കിട്ടി. അനിലിന്റെ അടുത്ത് എത്തിയപ്പോള്‍ ഇല തീര്‍ന്നു പോയി. തന്റെ ഊഴം വന്നപ്പോള്‍ ടിക്കറ്റ്‌ കൌണ്ടറില്‍ ഹൌസ് ഫുള്‍ ബോര്‍ഡ്‌ കണ്ട ഭാവത്തോടെ അനില്‍ ആ ചേട്ടനെ നോക്കി.

"അയ്യോടാ.. മോന്‍ വിഷമിക്കേണ്ട... മോന് വേണ്ടി ഒരു ചെറിയ ഇല ഞാന്‍ ഇപ്പൊ കൊണ്ട് വരാം !"

ഇത് കേട്ട ദാസപ്പന്‍ ഞെട്ടുന്നു. അവന്‍ കാര്യങ്ങള്‍ വിശദമാക്കുന്നു.

"ചേട്ടാ... ഈ രൂപം കണ്ടു തെറ്റിദ്ധരിക്കരുത്. ഒടുക്കത്തെ തീറ്റിയാ. ചേട്ടന്‍ കിട്ടാവുന്നതില്‍ ഏറ്റവും വലിയ ഇല തന്നെ കൊണ്ട് വരണേ ! "

അനിലിനു കുറച്ചു സന്തോഷമായി. ദാസപ്പന്‍ തന്നെ കുറിച്ച് ഒരു നല്ല കാര്യം എങ്കിലും പറഞ്ഞല്ലോ. എന്തായാലും ചേട്ടന്‍ പറഞ്ഞത് പോലെ തന്നെ ചെയ്തു. അനിലിനെ പൊതിഞ്ഞു കെട്ടി കൊണ്ട് പോവാന്‍ പാകത്തില്‍ ഒരു ഇല തന്നെ കൊണ്ട് വന്നു വെച്ചു

അടുത്തതായി പഴം വിളമ്പാന്‍ തുടങ്ങി. അത്ഭുതമെന്നു പറയട്ടെ ഇപ്പ്രാവശ്യവും അനിലിന്റെ അടുത്ത് എത്തിയപ്പോള്‍ പഴം തീരുന്നു. പഴം വിളമ്പിയ ചേട്ടന്‍ അനിലിന്റെ വാടിയ മുഖം കണ്ടു അവനെ ആശ്വസിപ്പിച്ചു.

"കുട്ടാ... കരയാതെ. ഞാന്‍ ഇപ്പൊ പോയി പഴം കൊണ്ട് വരാം. അത് വരെ മോന്‍ ഈ മാമന്റെ പഴം വെച്ചോ !"

ഇങ്ങനെ പറഞ്ഞോണ്ട് അയാള്‍ ദാസപ്പന്റെ ഇലയില്‍ വെച്ചിരുന്ന പഴം എടുത്തു അനിലിന്റെ കൈയില്‍ കൊടുത്തു. കൈയില്‍ ഒളിമ്പിക്‌ ടോര്‍ച്ച്‌ കിട്ടിയത് പോലെ ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അനില്‍ പഴവും പിടിച്ചോണ്ട് ദാസപ്പനെ നോക്കി. ദാസപ്പന്‍ തനിക്കു കിട്ടിയ പുതിയ പദവിയില്‍ ഞെട്ടി തരിച്ചു ഇരിക്കുന്നു. പുതിയ ബന്ധങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നു ഈ ആഴ്ചത്തെ വാരഫലത്തില്‍ കണ്ടത് ഇവന്റെ മാമന്‍ ആവാന്‍ ആയിരുന്നോ എന്ന് ഒരു നിമിഷത്തേക്ക് ദാസപ്പന്‍ ആലോചിച്ചു.

"ഡാ ദാസപ്പാ... അങ്ങേരു പറഞ്ഞത് കേട്ടില്ലേ? നീ എന്റെ മാമന്‍ ആണെന്ന് ! ചില്ലി മാന്‍... ഛെ.. സില്ലി മാന്‍ !"

"അളിയാ... പതുക്കെ പറയെടാ... ചുറ്റും പെണ്ണുങ്ങളൊക്കെ ഉണ്ട് !"

"അതിനെന്താടാ ? ഞാന്‍ ഇനി നിന്നെ അങ്ങനെയേ വിളിക്കൂ... മാമാ "

ഉച്ചത്തിലുള്ള ആ വിളി കേട്ട് അപ്പുറത്തെ വരിയില്‍ ഇരുന്ന രണ്ട് പെണ്‍കൊടികള്‍ ദാസപ്പനെ രൂക്ഷമായി നോക്കി. ഇവന്‍ തന്റെ അഭിമാനം സാമ്പാറില്‍ മുക്കും എന്ന് ഉറപ്പിച്ച ദാസപ്പന്‍ ആ കടുംകൈ ചെയ്തു. അടുത്ത പ്രാവശ്യം അനിലിനു 'മാ' എന്ന് പറയാനെ കഴിഞ്ഞുള്ളൂ.രണ്ടാമത്തെ 'മാ' പറയും മുന്‍പ് അവന്റെ കൈയില്‍ ഇരുന്ന പഴം ദാസപ്പന്‍ വായില്‍ തിരുകി കേറ്റി. പഴം കൊണ്ട് വരാന്‍ പോയ ചേട്ടന്‍ തിരികെ വന്നപ്പോള്‍ നമ്മുടെ അനില്‍ എല്ല് കടിച്ചു പിടിച്ച ടോബര്‍മാനെ പോലെ കണ്ണും തള്ളി ഇരിക്കുന്നു.

"മോന്‍ ആള് കൊള്ളാമല്ലോ. വിശപ്പ്‌ സഹിക്കാന്‍ വയ്യാതായപ്പോള്‍ തീറ്റി തുടങ്ങി അല്ലെ. ഒരു പഴം കൂടി പിടിച്ചോ. പിന്നെ തൊണ്ടയില്‍ കുടുങ്ങാതെ സൂക്ഷിക്കണേ !"

ഉവ്വ് ഉവ്വ്. ശല്യം സഹിക്കാന്‍ വയ്യാതെ തിരുകി കേറ്റിയതാണെന്നു ആരും അറിയണ്ട.ദാസപ്പന്‍ മനസ്സില്‍ കരുതി. അനീഷ്‌ ഇതൊന്നും അറിയാതെ അവന്റെ സ്വന്തം ലോകത്തില്‍ ഇരിക്കുവാണ്. വെബ്‌ ഡിസൈനര്‍ ആയ അവന്‍ ആ ഏരിയയില്‍ ഉള്ള ചെല്ലക്കിളികളെ ആരെയെങ്കിലും തന്റെ വെബില്‍ വീഴ്ത്താന്‍ പറ്റുമോ എന്ന് സ്കാന്‍ ചെയ്യുവാണ്. അതിനോടൊപ്പം ഇലയില്‍ കറികള്‍ കൊണ്ട് പുതിയ ഡിസൈനുകള്‍ തീര്‍ക്കാനും അവന്‍ ശ്രമിക്കുന്നുണ്ട്. അനിലിന്റെ തോള്ളവിളി തന്റെ പ്രോഗ്രാം എക്സിക്യുഷനില്‍ ബഗ് ആയിട്ട് കടന്നു വന്നപ്പോള്‍ ദാസപ്പന്‍ ചെയ്ത പഴം ഹാണ്ടലിംഗ് അനീഷിനു നന്നേ ഇഷ്ടപ്പെട്ടു.

ചോറും കറികളും പരിപ്പും ഒക്കെ വന്നു. ദാസപ്പന്‍ പപ്പടം എടുത്തു പരിപ്പിന് പുറത്തു കൂടി ടൈറ്റാനിക് കപ്പല്‍ കടലില്‍ കൂടി പോവുന്നത് പോലെ ഓടിക്കുന്നു. പിന്നെ ഐസ് ബെര്‍ഗ് ഇല്ലാതെ തന്നെ പപ്പടം തവിട് പൊടി ആക്കുന്നു. ഇതൊക്കെ കണ്ടു അനിലിനു സഹിക്കുന്നില്ല.

"എന്തുവാടെ ഇത്? പരിപ്പില്‍ പപ്പടം ഓടിച്ചു കളിക്കുന്നോ? നീ ആരെടെ കപ്പിത്താനോ?" അനില്‍ ചോദിച്ചു.

"അതെ... ക്യാപ്ടന്‍ ജാക്ക് സ്പാരോ !" (pirates of caribbean) ദാസപ്പന്‍ ഗമയില്‍ പറഞ്ഞു.

അനില്‍ അവനെ അടിമുടി നോക്കി.

"പിന്നേ.. ജാക്ക് സ്പാരോ പോലും... നിനക്ക് പറ്റിയ പേര് ഞാന്‍ പറയാം. ക്യാപ്ടന്‍ ചക്ക കുരുവി...!"

അനീഷിന്റെ ചുമ കേട്ടപ്പോഴാണ് ദാസപ്പന് സ്ഥലകാല ബോധം വന്നത്. പാവം അനീഷ്‌ 'ചക്ക കുരുവി' എന്നാ പേര് കേട്ട് ചിരിച്ചു ചിരിച്ചു ചോറ് കപ്പി! വില്ലന്മാര്‍ കത്തി കാട്ടി നാട്ടുകാരെ നിശബ്ധര്‍ ആക്കുന്നത് പോലെ ദാസപ്പന്‍ തന്റെ ഇലയില്‍ ഇരുന്ന പഴം എടുത്തു അനിലിനു നേരെ ചൂണ്ടി. അവനു കാര്യം മനസ്സിലായി. അനില്‍ പിന്നെ നിശബ്ദനായി ചോറ് വിഴുങ്ങുന്നതില്‍ തന്റെ ശ്രദ്ധ കേന്ദ്രികരിച്ചു.

സദ്യ ഉണ്നുന്നതില്‍ മൂന്ന് പേരും ഒന്നിനൊന്നു മെച്ചം ആയിരുന്നു. വിളമ്പുന്ന ആളുകള്‍ ഭൂമി സൂര്യനെ ചുറ്റുന്നത്‌ പോലെ ഇവര്‍ക്ക് ചുറ്റും കറങ്ങി നടന്നു. അനിലിനു വിളമ്പുന്ന മനുഷ്യന്‍ ഇടയ്ക്കിടയ്ക്ക് അവന്റെ സീറ്റിന്റെ അടിയില്‍ ഒക്കെ നോക്കുന്നുണ്ട്. ഇത് കണ്ടു അനിലിനു പരിഭ്രമം.അവന്‍ ദാസപ്പനോട് സംശയം ചോദിച്ചു.

"എടാ ദാസപ്പാ... അങ്ങേരു എന്തിനാടാ എന്നെ ഇങ്ങനെ വല്ലാത്ത രീതിയില്‍ നോക്കണേ ?"

"നിന്റെ ഗ്ലാമര്‍ കണ്ടിട്ടാവും... അല്ല പിന്നെ "

"തമാശ വിട്.... ദാ നോക്ക്... അങ്ങേരു വീണ്ടും എന്റെ ചുറ്റും കറങ്ങി നിന്നിട്ട് പോയി !"

ദാസപ്പന്‍ സിടുവേഷന്‍ അനലൈസ് ചെയ്തു. അവന്റെ തലയിലെ പൊടി പിടിച്ചു കിടന്ന ബള്‍ബ്‌ കത്തി.

"നീ പേടിക്കേണ്ട.. നീ ഇതൊക്കെ ശെരിക്കും തിന്നുവാണോ അതോ പൊതിഞ്ഞു കെട്ടി കൊണ്ട് പോവാണോ എന്ന് പുള്ളിക്കാരന്‍ വെരിഫൈ ചെയ്തതാ... അമ്മാതിരി വെട്ടല്ലെയോ വെട്ടുന്നെ !"

അനിലിനു സമാധാനമായി. അവസാനം എല്ലാരും പായസം ഒക്കെ കഴിച്ചു കൈ കഴുകാന്‍ എഴുന്നേല്‍ക്കുന്നു. അനില്‍ അപ്പോഴും ഒരു കുന്നു ചോറും വെച്ച് വെയിറ്റ്ചെയ്യുവാനു.

"ഡാ... നീ ഇത് വരെ കഴിഞ്ഞില്ലേ ? ഈ ചോറ് എന്തിനാ ബാക്കി വെച്ചേക്കുന്നെ ? "

"അതോ .... ഇനി മോര് കൊണ്ട് വരും. അതും കൂട്ടി കഴിക്കാന്‍ വേണ്ടിയാ.. നിങ്ങള്‍ പൊയ്ക്കോ....ഞാന്‍ വന്നോളാം !"

ദാസപ്പനും അനീഷും പുറത്തിറങ്ങി അനിലിനെ വെയിറ്റ് ചെയ്തു തുടങ്ങി. കാത്തിരുന്നു കാത്തിരുന്നു അടുത്ത പന്തിയില്‍ ആളുകള്‍ കഴിച്ചു തുടങ്ങിയിട്ടും അനിലിനെ കാണ്മാനില്ല. പിന്നെയും ഒരു 10 മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ആശാന്‍ ആടിയാടി വരുന്നു.

"നീ എന്തെടുക്കുവാരുന്നു? എത്ര നേരമായി ഞങ്ങള്‍ കാത്തിരിക്കുന്നു !"

"അതോ... ഒന്നും പറയണ്ട... മോര് ആരും കൊണ്ട് വന്നില്ല.... കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്ത പന്തിയിലേക്കുള്ള വിളമ്പല്‍ തുടങ്ങി. ചോറ് വേസ്റ്റ് ആക്കാന്‍ പാടില്ലല്ലോ. അത് കൊണ്ട് ഞാന്‍ ബാക്കി ഉണ്ടായിരുന്ന ചോറ് വെച്ച് ഒരു റൌണ്ട് കൂടി സദ്യ കഴിച്ചിട്ട് വേഗം ഇറങ്ങി !"

ദാസപ്പനും അനീഷും ഫ്ലാറ്റ് !!


വാല്‍ക്കഷ്ണം : ഈ സംഭവങ്ങള്‍ ഒക്കെ വിശദമായി വിവരിച്ചു തന്ന ദാസപ്പനുള്ള നന്ദി (തേപ്പ്) ഈ പോസ്റ്റില്‍ ഞാന്‍ രേഖപെടുത്തുന്നു . ഈ ബ്ലോഗ്ഗില്‍ കഥാപാത്രങ്ങള്‍ ആവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി സമീപിക്കുക !

Wednesday, May 27, 2009

സ്റ്റാര്‍ സിങ്ങര്‍ തേപ്പ്

കമ്പനിയില്‍ പണി എടുത്താല്‍ മാത്രം പോര മറ്റുള്ളവര്‍ക്ക് പണി കൊടുക്കുകയും വേണം എന്ന് വെച്ചാല്‍ എന്താ ചെയ്യുക. ട്രെയിനിംഗ് തീരാറായ സമയത്തു എല്ലാ ബാച്ചും പരിപാടികള്‍ അവതരിപ്പിക്കണം പോലും. മുങ്ങി നടന്ന ഞങ്ങളെ പൊക്കി പണി ചോദിച്ചു മേടിച്ചാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

തട്ടിക്കൂട്ടാന്‍ ഏറ്റവും എളുപ്പമായ സംഭവം തന്നെ ഞങ്ങള്‍ തിരഞ്ഞെടുത്തു : സമൂഹ ഗാനം അഥവാ ഗ്രൂപ്‌ സോന്ഗ് ! എന്നാല്‍ ഇതു ഒരു വ്യത്യസ്തമായ പരിപാടി ആയി തീര്‍ന്നു. നല്ലൊരു പാട്ടു ഇങ്ങനെയും പാടാം, കണ്ടു കൊണ്ടിരിക്കുന്നവരെ ഇങ്ങനെയും തേയ്ക്കാം, പാട്ടും ഡാന്‍സും അറിയാത്തവര്‍ പരിപാടി അവതരിപ്പിച്ചാല്‍ ഇങ്ങനെ ഇരിക്കും തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റുന്ന ഒരു വിജ്ഞാനപ്രദമായ വീഡിയോ കൂടിയാണിത് .കണ്ടിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കൂ, ഞാന്‍ പറഞ്ഞതു ശരിയല്ലേ എന്ന് !എന്തായാലും പരിപാടിക്ക് ശേഷം ഞങ്ങള്‍ എല്ലാരും സ്ടാര്സ് ആയി. സിങ്ങേര്‍സ് ആയോ എന്ന് മാത്രം ചോദിക്കരുത് !

Sunday, May 24, 2009

ഞാന്‍ കഥയെഴുതുകയാണ്...

"ഡാ.. ഞാന്‍ ഒരു കഥ എഴുതി !"
"തള്ളേ കലിപ്പ്... നീ കഥ എഴുതിയെന്നാ ? നിന്റെ ഉള്ളില്‍ ബോധം കെട്ട് കിടന്ന കഥാകൃത്തിനെ നീ പടക്കങ്ങള് പൊട്ടിച്ചു ഉണര്‍ത്തിയാടെ ? എന്തെരേലും ആവട്ടെ... നീ വായിച്ചു കേപ്പിക്കെടെ.. "
"ദാ കേട്ടോളൂ..."

'അവന് അവളെ ഭയങ്കര ഇഷ്ടമായിരുന്നു. അവള്‍ക്കു അവനെയും. രണ്ടു പേരും പരസ്പരം ഒരുപാടു ഇഷ്ടപ്പെട്ടു. അവരുടെ ഇഷ്ടം കൂടുന്നതല്ലാതെ കുറയുന്നില്ലായിരുന്നു. എല്ലാവരും ഇവരുടെ ഇഷ്ടം മാതൃക ആക്കി !'

"നിര്‍ത്ത്‌ നിര്‍ത്ത്‌.... എന്തെരെടെ ഇതു ? ആരെടെ ലവനും ലവളും. പേരുകള്‍ ഒന്നുമില്ലേ? ലപ്പ്‌ ആണല്ലേ വിഷയം. സത്യം പറയെടെ. ഇതു എന്റെ കഥ വല്ലോം ആണോ?"
"ഇതു ആധുനിക കഥ ആണെടാ... നീ ഇടയ്ക്ക് വെച്ചു നിര്‍ത്താതെ മുഴുവന്‍ കേള്‍ക്ക് "
"കഥയില്‍ ഇഷ്ടങ്ങള് കൊറേ ഒണ്ടല്ലോ ... അത് കേള്‍ക്കാന്‍ കഷ്ടങ്ങള് തന്നെ അണ്ണാ... നീ വായിക്ക് "

'അവര്‍ രണ്ടു പേരും ഒരു ദൂര യാത്രക്ക് പുറപ്പെട്ടു. വഴിയില്‍ വെച്ചു അവള്‍ക്കു ദാഹിച്ചു. കൈയില്‍ വെള്ളം ഉണ്ടായിരുന്നത് തീര്‍ന്നു പോയി. അവന്‍ ചുറ്റും നോക്കിയിട്ട് പറഞ്ഞു : ദാ... മലയുടെ മുകളില്‍ വെള്ളം കിട്ടും. നമുക്കു അങ്ങോട്ട് പോവാം.
അങ്ങനെ രണ്ടു പേരും മല കേറാന്‍ തുടങ്ങി. '

"അല്ല അളിയാ ഒരു സംശയം. മലയുടെ മണ്ടയില്‍ ബേക്കറി കണ്ടിട്ടാണോ അവന്‍ അങ്ങനെ പറഞ്ഞെ അതോ വല്ല അണ്ണാച്ചിയും അവിടെ ബോഞ്ചിവെള്ളങ്ങള് വെച്ചോണ്ട് ഇരിപ്പോണ്ടായിരുന്നാ?"
"ഓ നശിപ്പിച്ചു. അവിടെ മിണ്ടാതിരിക്കെടാ "

'മുകളില്‍ എത്തിയപ്പോള്‍ അവിടെ ഒരു കിണര്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും വെള്ളം കോരി കുടിച്ചു രണ്ടു പേരും ദാഹം അകറ്റി. തിരികെ മല ഇറങ്ങുമ്പോള്‍ അവന്റെ കാലിടറി. അവന്‍ വീണു. ഉരുണ്ടുരുണ്ട്‌ വീണു. അവന്റെ നെറ്റി പൊട്ടി ചോര ഒഴുകി.

അവള്‍ അവന്റെ പിന്നാലെ നിലവിളിച്ചോണ്ട് ഓടി വന്നു. അവന്റെ നെറ്റിയിലെ ചോര കണ്ടു അവള്‍ക്കു വിഷമമായി. അവള്‍ തന്റെ വസ്ത്രത്തില്‍ നിന്നു ഒരു കഷ്ണം തുണി കീറി മുറിവ് വെച്ചു കെട്ടി.

അവളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകി. അവന്റെ മുഖത്ത് ഒരു പുഞ്ചിരി മാത്രം. അവളെ ആശ്വസിപ്പിക്കാന്‍ അവന്‍ പറഞ്ഞു : സാരമില്ല'

"എടാ.. നിര്‍ത്തെടാ നിന്റെ വായന. ഇതു നീ സ്വന്തം ആയിട്ട് എഴുതിയതാണോ ?"
"അതെ അളിയാ... എന്താ സംശയം ?"
"ഓഹോ... എങ്കില്‍ ലവന്റെ പേരു ജാക്ക് എന്നും ലവളുടെ പേരു ജില്‍ എന്നും ആയിരിക്കും അല്ലെ? "
"നീ ഇതു എന്തൊക്കെയാ പറയുന്നേ ?"
"എടാ മണ്ടന്‍ കൊണാപ്പി..... നീ എന്നെ വെറും മണ്ടന്‍ ആക്കല്ലെടെ.. ജാക്ക് ആന്‍ഡ്‌ ജില്‍ വെന്റ് അപ്പ് ദി ഹില്‍ ടു ഫെച്ച് എ പെയില്‍ ഓഫ് വാട്ടര്‍........ ഇതല്ലെടാ നിന്റെ കഥ ?"
"എന്റെ അളിയാ നിനക്കു അങ്ങനെ തോന്നിയോ? ആ കഥ വേറെ... ഈ കഥ വേറെ"
"ഉവ്വ് ഉവ്വ്... ആളെ വിട് അണ്ണാ... ഇനിയും കേള്‍ക്കാന്‍ ഒള്ള ശക്തി ഇല്ല !"

"ഛെ... അവന്‍ വരെ മനസ്സിലാക്കി.... വേറെ കഥ എഴുതുന്നതാ നല്ലത് !"


'ഒരിടത്ത് മേരി എന്നൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവള്‍ക്കു കൂട്ടായി ഒരു ആട്ടിന്‍കുട്ടിയും. മേരിക്ക് ആട്ടിന്‍കുട്ടിയെ വലിയ ഇഷ്ടമായിരുന്നു. ആട്ടിന്കുട്ടിക്കു തിരിച്ചും.................................................'

Friday, May 22, 2009

അമാവാസിഅന്ന് ഒരു കറുത്തവാവ് ആയിരുന്നു.എങ്ങും കുറ്റാ കുരിരുട്ടു.ബസ്‌ സ്റ്റോപ്പില്‍ വണ്ടി ഇറങ്ങി സഹദേവന്‍ ഒന്ന് ചുറ്റും കണ്ണോടിച്ചു നോക്കി.. സമയം സന്ധ്യ കഴിഞ്ഞു ഏറെ ആയിരിക്കുന്നു.. എങ്ങും ഒരു മനുഷ്യര്‍ പോലുമില്ല . തന്‍റെ ഉള്ളില്‍ ലേശം ഭയം ഉണ്ടോന്നു ഒരു സംശയം..." ഏയ്‌ ഇല്ലിയാ ..! തനിക്കു പണ്ടേ ഈ യക്ഷിയിലും പ്രേതത്തിലും ഒന്നും വിശ്വാസം ഇല്ല .. ഈ ഇരുട്ടത്ത്‌ ഏതേലും പിടിച്ചുപറിക്കാരോ കള്ളന്മാരോ പതുങ്ങി ഇരിപ്പുണ്ടോ എന്ന് ഒരു പേടി !"

ഇനിയും രണ്ടു കിലോമീറ്റര്‍ നടന്നാലേ തന്‍റെ ഇല്ലം എത്തു. എവിടെയൊക്കെയോ പട്ടികള്‍ ഓരിയിടുന്ന ശബ്ദം കേള്‍ക്കാം. അമാവാസിക്കും പട്ടികള്‍ ഒരിയിടുന്നതിലും എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് സഹദേവന്‍ വെറുതെ ആലോചിച്ചു. തന്നെ ആരോ പിന്തുടരുന്നത് പോലെ തോന്നിയപ്പോള്‍ അയാള്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി. അതെ.. താന്‍ ഒറ്റയ്ക്കല്ല.. കറുത്ത ഒരു നാടന്‍ ശ്വാനന്‍ തന്റെ പിന്നാലെ ഉണ്ട്. സഹദേവന്‍ ഒരു കല്ലെടുത്ത്‌ എറിഞ്ഞു," ഓടെടാ... നീ നമ്മളെ പേടിപ്പിക്കാന്‍ വന്നിരിക്ക്യാ ?" നടത്തത്തിന്റെ വേഗത കൂട്ടാനും അയാള്‍ മറന്നില്ല.

സഹദേവന്‍ തന്‍റെ ഇല്ലത്തേക്ക് വന്നു കയറി.. എങ്ങും ഒരു പ്രകാശനാളം ഇല്ല.. "ഇവിടെ എല്ലാര്‍ക്കും എന്താ സന്ധ്യ കഴിഞ്ഞാല്‍ ഒരു വിളക്ക് കത്തിച്ചു വയിക്കാന്‍ വയ്യേ..? ഹും! ഇപ്പോള്‍ എങ്ങും സീരിയല്‍ ഭ്രാന്ത് ആണെല്ലോ.. കള്ളന്‍ കയറിയാല്‍ കൂടെ അറിയില്യ ..! "

വീടിന്‍റെ മുന്‍വാതില്‍ അടച്ചിരിക്കുന്നു... "ഹാവു..! അത്രേലും ചെയ്തിട്ട് ഉണ്ടെല്ലോ...' സഹദേവന്‍ മനസ്സില്‍ പറഞ്ഞു ..

ഉമ്മറത്ത്‌ നിന്ന് കൊണ്ട് അയാള്‍ തന്റെ പ്രിയപത്നി രാധികയെ ഉറക്കെ വിളിച്ചു... "രാധികേ കതകു തുറക്കു.. നാം വന്നിരിക്കുന്നു.. എന്താ നിനക്ക് സന്ധ്യക്ക്‌ ഉമ്മറത്ത്‌ ഒരു വിളക്ക് കത്തിച്ചു വച്ചൂടെ ??" സഹദേവന്‍ തന്‍റെ തോളില്‍ തൂക്കിയിരുന്ന ബാഗ്‌ എടുത്തു താഴെ വച്ചു.. മുറ്റത്ത്‌ വച്ചിരുന്ന കിണ്ടിയിലെ വെള്ളം കൊണ്ട് തന്‍റെ കാലു കഴുകി.

അകത്തു ആളനക്കം ഒന്നും കാണാത്തത് കൊണ്ട് അയാള്‍ പതുക്കെ വാതിലില്‍ മുട്ടി നോക്കി. ഒരു ഞരങ്ങലോടെ വാതില്‍ തുറന്നു.

"ആഹ ... ഇത് നല്ല കാര്യമായി പോയി... വാതില്‍ അടച്ചിട്ടുണ്ട്.. എന്നാല്‍ അകത്തു നിന്ന് പൂട്ടിയിട്ടില്ല... കേമം !"

ഇവളിത് എവിടെ പോയി കിടക്കുവാ ? സഹദേവന്‍ മനസ്സില്‍ ഓര്‍ത്തു. വെട്ടവും വെളിച്ചവുമില്ലാതെ ഇല്ലം കണ്ടാല്‍ ഒരു ഭാര്‍ഗവി നിലയം പോലെ ഉണ്ട്. താന്‍ പണ്ടേ പറഞ്ഞതാ പട്ടണത്തില്‍ വീട് വാടകയ്ക്ക് എടുത്തു അങ്ങോട്ട്‌ താമസം മാറാം എന്ന്.പക്ഷെ രാധിക സമ്മതിക്കണ്ടേ? അവള്‍ക്കു ജനിച്ചു വളര്‍ന്ന വീട് വിട്ടു പോവാന്‍ മനസ്സ് വരുന്നില്ലത്രേ. അച്ഛനും അമ്മയും അകാലത്തില്‍ മരണമടഞ്ഞ അവളെ പിന്നെ നോക്കിയതും വളര്‍ത്തിയതും ഒക്കെ അവളുടെ ഇളയമ്മ ആയിരുന്നു. ഇപ്പൊ കല്യാണം കഴിഞ്ഞതോടെ അവര് അവരുടെ മക്കളുടെ ഒപ്പം പോയി. അല്ലെങ്കില്‍ തന്നെ ഇനി രാധിക്കക്ക് താനുണ്ടല്ലോ. സഹദേവന്‍ ഓര്‍മകളില്‍ മുഴുകി.

അകത്തു കേറി സ്വിച്ച് ഇട്ടപ്പോഴാണ് കാര്യം മനസ്സിലായത്‌. കറന്റ്‌ ഇല്ല. താന്‍ വരുമ്പോള്‍ നല്ല കാറ്റ് വീശുന്നത് സഹദേവന്‍ ഓര്‍ത്തു.പോസ്റ്റ്‌ വല്ലതും ഒടിഞ്ഞു വീണു കാണും. അമ്മാതിരി കാറ്റ് അല്ലെയോ വീശിയെ. ഇന്നത്തെ കാര്യം തീരുമാനമായി. "കറന്റ്‌ ഇല്ലെങ്കില്‍ ഒരു മെഴുകുതിരിയോ മണ്ണെണ്ണ വിളക്കോ കത്തിച്ചു വെച്ച് കൂടെ ? ഇരുട്ടത്ത്‌ ഇരിക്കാന്‍ ഈ കുട്ടിക്കെന്താ വട്ടുണ്ടോ ? രാധികേ... എവിടെയാ നീയ് ?"

സഹദേവന്‍ തപ്പി തടഞ്ഞു അടുക്കളയില്‍ എത്തിച്ചേര്‍ന്നു. അടുപ്പിന്റെ അടുത്ത് കിടന്ന തീപ്പെട്ടി എടുത്തു. ഒരു കൊള്ളി എടുത്തു ഉരച്ചു.

"ങ്യാ.... !!!!"

ഞെട്ടി തിരിഞ്ഞ സഹദേവന്‍ തിളങ്ങുന്ന രണ്ടു കണ്ണുകള്‍ മാത്രമേ കണ്ടുള്ളൂ. അപ്പോഴേക്കും കൊള്ളി അണഞ്ഞു.

"നാശം പിടിച്ച പൂച്ച. ഈ ജന്തുവിനെ അടുക്കളയില്‍ കേറ്റരുത്‌ എന്ന് എത്ര പ്രാവശ്യം പറഞ്ഞതാ... രാധികേ.. എവിടെ പോയി കിടക്കുവാ നീ? എനിക്ക് ദേഷ്യം വരണുട്ടോ.. ഒളിച്ചു കളിയ്ക്കാന്‍ പറ്റിയ സമയം അല്ലിത് !"

അടുത്ത കൊള്ളി ഉരച്ചു അത് അണയുന്നതിനു മുന്‍പ് സഹദേവന്‍ ഒരു മെഴുകുതിരി കത്തിച്ചു. പിന്നെ വീട് മുഴുവന്‍ അരിച്ചു പെറുക്കി. ഇല്ല.. രാധിക വീട്ടില്‍ ഇല്ല. നൂറു തരം. ഇനിയിപ്പോ സര്‍പ്പകാവില്‍ എങ്ങാനും പോയി കാണുമോ? നേരം ഇരുട്ടുന്നതിനു മുന്‍പ് അവിടെ പോയി വിളക്ക് വെക്കണം എന്ന് പറഞ്ഞാല്‍ കേള്‍ക്കില്ല. സീരിയല്‍ ഒക്കെ കഴിഞ്ഞു സാവധാനമേ പോവതുള്ളൂ.കൈയില്‍ ഒരു ടോര്‍ച്ചും പിടിച്ചോണ്ട് പോവുമ്പോള്‍ ചിലപ്പോഴൊക്കെ താനും കൂടെ പോവാറുണ്ട്. സഹദേവന്‍ ടോര്‍ച്ച്‌ വെച്ചിരിക്കുന്ന സ്ഥലം നോക്കി. അവിടം ശൂന്യം. അപ്പോള്‍ അവിടെ പോയത് തന്നെ.

മെഴുകുതിരി കാറ്റത്ത്‌ അണയാന്‍ സാധ്യത ഉള്ളത്‌ കൊണ്ട് സഹദേവന്‍ ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചിട്ട് അതുമായി വീടിന്റെ പിന്‍വശത്തേക്ക്‌ നടന്നു. അവിടം ഒരു ചെറിയ കാട് തന്നെയാണ്. സര്‍പ്പകാവ് കുറച്ചു ഉള്ളിലേക്കാണ്. ഒരു ചെറിയ ഇടവഴിയില്‍ കൂടി നടന്നു വേണം അവിടെ എത്താന്‍. രാത്രിയിലെ പലവിധ ജീവികളുടെ ഒച്ച സഹദേവനെ കുറച്ചൊന്നുമല്ല ഭയപെടുത്തിയത്. മെഴുകുതിരിനാളം ആടുന്നത് അനുസരിച്ച് നിഴലുകള്‍ നൃത്തം വെക്കുന്നു. ചീവീടുകള്‍ അതിനു സംഗീതം നല്‍കുന്നു. തന്റെ ഹൃദയം പടപട മിടിക്കുന്നത്‌ സഹദേവന്‍ കേട്ടു "ഈശ്വരാ.. കാത്തുകൊള്ളേണമേ" അയാള്‍ പ്രാര്‍ത്ഥിച്ചു. പാലമരത്തിന്റെ മുകളില്‍ ഇരുന്നു ഒരു മൂങ്ങ ഇതൊക്കെ വീക്ഷിച്ചു കൊണ്ടിരുന്നു.

അവസാനം സര്‍പ്പകാവ് എത്താറായി. സഹദേവന്റെ കണക്കുക്കൂട്ടല്‍ തെറ്റിയില്ല. അവിടെ അരണ്ട വെളിച്ചത്തില്‍ ഒരു സ്ത്രീരൂപം!

"രാധികേ... നീ എന്താ അവിടെ കാണിക്കണേ ... ഇങ്ങോട്ട് വര്യാ ... ഞാന്‍ എത്ര നേരമായി നിന്നെ അന്വേഷിക്കണൂ.."

"ദേവേട്ടന്‍ വന്നുവോ .. ഞാന്‍ ദേവേട്ടനെ കാത്തിരുന്നു മടുത്തപ്പോ വെറുതെ നടക്കാന്‍ ഇറങ്ങിയതാ ... അപ്പോഴേക്കും കറന്റും പോയി .. "

ആ രൂപം തിരിഞ്ഞു. അതെ... രാധിക തന്നെ.. പക്ഷെ എന്തോ ഒരു മാറ്റം. ഇത് വരെ മുഖത്ത് കാണാത്ത ഒരു തരം ഭാവം. സഹദേവന്‍ അവളുടെ അടുത്തേക്ക് നടക്കാന്‍ഒരുങ്ങി.

"ദേവേട്ടന്‍ വീട്ടിലേക്കു പൊയ്കൊള്ളൂ... എന്നിട്ട് ഉഷാറായി ഒന്ന് കുളിച്ചു വര്യാ... അപ്പോഴേക്കും ഞാന്‍ അത്താഴം വിളമ്പാം !"

അവളുടെ ശബ്ദത്തില്‍ ആജ്ഞയുടെ ഒരു സ്വരം കലര്‍ന്നത് കൊണ്ടോ എന്തോ സഹദേവന് എതിരഭിപ്രായം പറയാന്‍ തോന്നിയില്ല.

"നിന്റെ കൈയില്‍ ടോര്‍ച്ച്‌ ഇല്ലേ കുട്ട്യേ ? ഈ കൂരിരുട്ടില്‍ നീ ഇവിടെ ഉണ്ടോ ഇല്ലെയോ എന്ന് പോലും കാണാന്‍ സാധിക്കുന്നില്ല !"

"ദേവേട്ടന്‍ പേടിക്കണ്ട... എനിക്ക് ഈ വഴി ഒക്കെ നല്ല പരിചയമാ ... ഞാന്‍ എത്തിക്കോളാം.. ദേവേട്ടന്‍ നടന്നോളു‌ "

മനസ്സില്ലാമനസ്സോടെ സഹദേവന്‍ വീട്ടിലേക്കു തിരികെ നടക്കാന്‍ ആരംഭിച്ചു. ഇടയ്ക്കു തിരിഞ്ഞു നോക്കിയപ്പോള്‍ രാധിക ഒരു പുഞ്ചിരി തൂകി നില്‍പ്പുണ്ട്‌. ആ കാഴ്ച എന്ത് കൊണ്ട് തന്നെ ഭയപ്പെടുത്തുന്നു എന്ന് അയാള്‍ക്ക്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പാലമരത്തില്‍ മൂങ്ങ ഇരുന്നിടം അപ്പോള്‍ ശൂന്യം ആയിരുന്നു.

വീട്ടില്‍ എത്തിയ സഹദേവന്‍ തന്റെ മുറിയില്‍ നിന്ന് തോര്‍ത്തും മുണ്ടും എടുത്തു കുളിമുറിയില്‍ കേറി. പൈപ്പ് തുറന്നപ്പോള്‍ കാറ്റ് മാത്രം.

"കറന്റും ഇല്ല... വെള്ളവുമില്ല.. ഇന്നൊരു നശിച്ച ദിവസം തന്നെ ആണല്ലോ !" ഇങ്ങനെ പിറുപിറുത്തു കൊണ്ട് അയാള്‍ കിണറ്റിന്‍ കരയിലേക്ക് നീങ്ങി.

മണ്ണെണ്ണ വിളക്ക് കിണറിന്റെ അടുത്ത് തറയില്‍ വെച്ചിട്ട് സഹദേവന്‍ തൊട്ടിയെടുത്തു കിണറ്റിലേക്ക് എറിഞ്ഞു. അപ്പോള്‍ ഉണ്ടായ ശബ്ദം കേട്ടു കാട്ടില്‍ നിന്ന് ഒരു കൂട്ടം വവ്വാലുകള്‍ പറന്നു ഉയര്‍ന്നു. ക്ഷീണം കാരണം വളരെ ആയാസപ്പെട്ട്‌ അയാള്‍ വെള്ളം നിറഞ്ഞ തൊട്ടി മുകളിലേക്ക് വലിച്ചു എടുത്തു. വെള്ളം തലയിലേക്ക് ഒഴിക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ അത് ശ്രദ്ധിച്ചത്. തൊട്ടിയില്‍ ഒരു തിളക്കം. വെള്ളത്തിനൊപ്പം എന്തോ ഒരു സാധനം കൂടി കിടപ്പുണ്ട്. സഹദേവന്‍ പതുക്കെ തൊട്ടി ചെരിച്ചു വെള്ളം കളഞ്ഞു. അപ്പോള്‍ കണ്ടു... തോട്ടിക്കകത്തു രാധികയുടെ കൈയില്‍ ഉണ്ട് എന്ന് പറയപ്പെടുന്നു ടോര്‍ച്ച്‌ !!

"ഇത്... എങ്ങനെ... അപ്പൊ രാധിക പറഞ്ഞത്... ??" വാക്കുകള്‍ അയാളുടെ തൊണ്ടയില്‍ കുടുങ്ങി.

ടോര്‍ച്ച്‌ എടുത്തു അതിന്റെ സ്വിച്ചില്‍ വിരല്‍ അമര്‍ത്തി. അത് തെളിഞ്ഞു. സഹദേവന്‍ രണ്ടും കല്‍പ്പിച്ചു കിണറ്റിന്റെ അകത്തേക്ക് ടോര്‍ച്ച്‌ തെളിയിച്ചു. അപ്പോള്‍ കണ്ട കാഴ്ച! തന്റെ രാധിക... അതിനകത്ത്‌... കണ്ണുകള്‍ മേല്പോട്ട് ആയി... മുഖം വീര്‍ത്ത്..ചലനമറ്റു കിടക്കുന്നു. ഇനിയൊരിക്കലും ദേവേട്ടാ എന്ന് അവള്‍ വിളിക്കില്ല. സഹദേവന് അയാളുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എല്ലാം ഒരു ദുസ്വപ്നം മാത്രംആവണേ എന്ന് അയാള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു.

അപ്പോള്‍ താന്‍ സര്‍പ്പകാവില്‍ വെച്ച് കണ്ടതും സംസാരിച്ചതും ഒക്കെ ആരോടായിരുന്നു? അത് തന്റെ രാധിക അല്ലായിരുന്നോ?

"ദേവേട്ടാ... !"

പിന്നില്‍ നിന്നും ഒരു വിളി. അതിനൊപ്പം തണുത്ത ഒരു കൈപത്തി തോളില്‍ പതിച്ചു.

"അമ്മേ.... എന്നെ ഒന്നും ചെയ്യരുതേ... !"
"എന്താടി നിലവിളിക്കുന്നെ ? ഇത് ഞാനാ !"
"ഹോ... നിങ്ങളായിരുന്നോ മനുഷ്യാ... ഞാന്‍ പേടിച്ചു പോയല്ലോ.. "
"കണ്ട വാരികയിലെ പ്രേത നോവലൊക്കെ വായിചോണ്ടിരുന്നോളും... പോയി ചായ ഉണ്ടാക്കെടീ !"

Saturday, May 16, 2009

ബ്ലോഗിങ്ങ് @ ഹോം

"ചേട്ടാ... ഒന്നു അടുക്കളയിലേക്കു വരാമോ ?"
"ദാ.. ഇപ്പൊ വരാം... ഞാന്‍ 'ഭാര്യമാരെ എങ്ങനെയൊക്കെ സഹായിക്കാം?' എന്ന ബ്ലോഗ് പോസ്റ്റ് ഒന്നു എഴുതി തീര്‍ത്തോട്ടെ !"
"ഹും!"

അല്‍പ സമയം കഴിഞ്ഞ്...

"ചേട്ടാ... ഒന്നു വന്നെ... ഒരു കാര്യം പറയാനുണ്ട്‌ !"
"ഓ... ശല്യം ചെയ്യാതെടീ... ഞാന്‍ അടുത്ത പോസ്റ്റ് എഴുതി തുടങ്ങി - 'അന്നന്നുള്ള ജോലികള്‍ തീര്‍ക്കുന്നതിന്റെ ഗുണം'... ഇതും കൂടി തീര്‍ത്തോട്ടെ !"
"എന്റെ തലവിധി !"

ഊണുസമയം.

"ഊണ് തയ്യാറായോടീ ? വിശന്നിട്ടു വയ്യ !"
"ഉവ്വ് ഉവ്വ്... ദാ കഴിച്ചോ "
"ഇതെന്താടി മീന്‍കറിക്ക് ഉപ്പ് കുറവും എരിവു കൂടുതലും ?"
"ഇന്നെനിക്കു വൃതമാ.. കറി രുചിച്ചു നോക്കാന്‍ വേണ്ടിയാ നിങ്ങളെ ആദ്യം വിളിച്ചത് "
"ഓഹോ.. സാരമില്ല... ഇന്നത്തേക്ക് ഞാന്‍ ക്ഷമിച്ചു..."

"അയ്യേ... ഇതെന്താ... മീന്‍ നേരാവണ്ണം വെന്തിട്ടില്ലല്ലോ... ഇതെങ്ങനെയാ കഴിക്കണേ?"
"അതേ... ഗ്യാസ്‌ തീരാറായി എന്ന് ഞാന്‍ രണ്ടു ദിവസമായി പറഞ്ഞതു വല്ലോം ഓര്‍മ്മയുണ്ടോ ? ഇപ്പൊ അത് തീര്‍ന്നു.. അത് പറയാനാ ഞാന്‍ രണ്ടാമത് വിളിച്ചത്... ഇനിയെങ്കിലും ആ നശിച്ച ബ്ലോഗ് പരിപാടി നിര്‍ത്തി നന്നാവാന്‍ നോക്ക് മനുഷ്യാ !"

*****ജാഗ്രതൈ*****

ഇതെന്താ ??

"ദേ... ഇങ്ങോട്ട് നോക്കിക്കേ..."
"ഉം... എന്താ ?"
"ഇതു എന്താണെന്ന് പറയാമോ? "
"എവിടെ ?"
"ഈ കടലാസില്‍ കാണുന്നത്.... എന്താണെന്ന് പറ !"
"കുതിര !"
"കുതിരക്ക് തുമ്പിക്കൈ ഉണ്ടാവുമോ ? ഒന്ന് കൂടി നോക്കിക്കേ..."
"ആന ?"
"അതെ... ആന !"
"ഇതില്‍ ആനേടെ തല മാത്രമെ ഉള്ളല്ലോ "
"ബാക്കി വരയ്ക്കാന്‍ മറന്നു പോയതാ ... സാരമില്ല"

5 മിനിറ്റ്‌ കഴിഞ്ഞ്...

"ഇതെന്താണെന്നു പറ !"
"എനിക്കറിയാം... ആന"
"ഹാവൂ.. മിടുക്കി!"

"അപ്പൊ അമ്മൂമ്മ പോയി വോട്ട് ചെയ്തിട്ട് വാ.. ഓര്‍മയുണ്ടല്ലോ... ആനയുടെ പടത്തിന്റെ അടുത്തുള്ള ബട്ടന്‍ അമര്‍ത്തുക... ഞാന്‍ ഈ ഓട്ടോയുടെ അടുത്ത് ഉണ്ടാവും"

Friday, May 15, 2009

ടൂര്‍ തേപ്പ്

കോളേജ് ടൂറില്‍ നടന്ന ഒരു തേപ്പ് ഞാന്‍ മുന്പ് പറഞ്ഞിട്ടുണ്ട്. അതിന് പുറമെ ഒരുപാടു തേപ്പുകള്‍ സംഭവിച്ചിട്ടുള്ളത് കൊണ്ടു ഒരു സീരീസ്‌ ആയിട്ട് അവതരിപ്പിക്കാന്‍ ഞാന്‍ ഇവിടെ ശ്രമിക്കുവാണ്‌.

ബസില്‍ അടിപൊളി പാട്ടൊക്കെ ഇട്ടു എല്ലാരും തുള്ളിച്ചാടി ടൂര്‍ ആരംഭിക്കുന്നു. ഇട്ടാവട്ടത്ത്‌ വെറുതെ കൈയും പൊക്കി ചാടിയാല്‍ അതിനെ ഡാന്‍സ് എന്ന് പറയുന്നതു കൊണ്ടു എല്ലാരും ഈ കലാപരിപാടിയില്‍ പങ്കെടുത്തു വിജപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു. ആ കാലഘട്ടത്തില്‍ വിജയുടെ പാട്ടുക്കള്‍ക്ക് ആണ് ഡിമാണ്ട്. "അപ്പടി പോട്", "മച്ചാ പേരു മധുരൈ", "കൊക്കര കൊക്കാരക്കോ" ഇതൊക്കെ ഇട്ടാല്‍ പിന്നെ ആരും ഇരിക്കാറില്ല. പെണ്ണുങ്ങള്‍ക്ക്‌ പൊതുവെ ഹിന്ദി പാട്ടുകള്‍ ആണ് താത്പര്യം എങ്കിലും നമ്മള്‍ അതൊന്നും വക വെച്ചുകൊടുത്തില്ല. അങ്ങനെ 'ഹാപ്പിലി എവര്‍ ആഫ്ടര്‍' മോടെലില്‍ പോവുമ്പോ അത് സംഭവിച്ചു. ബസിന്റെ ടയര്‍ പഞ്ചര്‍ ആയി ! ഒരു മണിക്കൂര്‍ കൊണ്ടു ടയര്‍ മാറ്റി ഇട്ടു വീണ്ടും തുള്ളല്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ വീണ്ടും അതെ ടയര്‍ പഞ്ചര്‍ ആയി. ചൂടു കൊണ്ടാണത്രേ. ബസിന്റെ നടുവിനിട്ട്‌ ചാടിയതിന്റെ ചൂടാണോ എന്തോ. വീണ്ടും ഒരു മണിക്കൂര്‍ ഡിലെ. മൂന്നാമതൊരു തവണ കൂടി പഞ്ചര്‍ ആയതോടെ ടൂര്‍ കുളമാവുമെന്നു ഉറപ്പായി. ഇനി ദൈവം തന്നെ ശരണം.

ബസിന്റെ ഒരു മൂലയില്‍ കിടന്ന പഴയ കാസ്സെട്ടുകളില്‍ നിന്നു ഒരു ഭക്തിഗാന കാസറ്റ് പോക്കുന്നു. ഇടുന്നു. എല്ലാരും അടങ്ങി ഒതുങ്ങി സീറ്റില്‍ ഇരുന്നു നാമം ജപിക്കാന്‍ തുടങ്ങുന്നു. അത്ഭുതമെന്നു പറയട്ടെ, അന്ന് പിന്നെ ടയര്‍ പഞ്ചര്‍ ആയില്ല ! (നടന്ന സംഭവം ആണ്) പിന്നെ പ്രശ്നം ഉണ്ടായതു ടൂര്‍ തീര്‍ന്നു ബസ്സ് തൃശ്ശൂരില്‍ എത്തിയപ്പോഴാണ്. അപ്പോള്‍ പഞ്ചര്‍ അല്ല ബസ്സ് ബ്രേക്ക്‌ ഡൌണ്‍ ആയി. രാത്രി 12 മണിക്ക് റോഡിലൂടെ ബസ്സ് തള്ളി അത് സ്റ്റാര്‍ട്ട്‌ ആക്കാന്‍ ഒരു ശ്രമം ഒക്കെ നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. അവസാനം വേറെ ബസ്സ് വന്നിട്ടാണ് ഞങ്ങളെ കൊണ്ടു പോയത്. എന്തായാലും ഒരു സംഭവ ബഹുലമായ ടൂര്‍ തന്നെ ആയിരുന്നു!

പിന്നൊരു ടൂറില്‍ ഞങ്ങള്‍ മൂന്നാര്‍ പോയി. നല്ല പച്ചപ്പ്‌ വിരിച്ച സ്ഥലം. ഇടയ്ക്കിടയ്ക്ക് ചെറിയ ജലാശയങ്ങളും. പക്ഷെ എനിക്ക് അവിടെ എത്തിയത് മുതല്‍ എന്തോ ഒരു വല്ലായ്മ. തലേ രാത്രി ഉറക്കം ശരിയാവാത്തത് കൊണ്ടോ അതോ ഇനി ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചത് കുറഞ്ഞു പോയതോ എന്തോ... ആകപ്പാടെ നല്ല ക്ഷീണം. ഞങ്ങള്‍ നാലഞ്ചു പേരു ഒരുമിച്ചു പുല്ലില്‍ കൂടി കാര്യങ്ങളൊക്കെ പറഞ്ഞു നടക്കുവാണ്. ഞാന്‍ ചെറുതായി ആടി തുടങ്ങി(ക്ഷീണം കൊണ്ടുള്ളത്.. ഡോണ്ട് മിസ്സ്‌അന്ടര്സ്ടന്ദ്‌). കണ്ണില്‍ ഇരുട്ട് കേറുക എന്നൊക്കെ കേട്ടിട്ടുണ്ട്.. അപ്പോള്‍ അനുഭവിച്ചു അറിഞ്ഞു. ഇടയ്ക്കിടയ്ക്ക് ആരോ ലൈറ്റ് ഓഫ്‌ ചെയ്യുന്ന എഫ്ഫക്റ്റ്‌. "എന്നെ ആരെങ്കിലും പിടിച്ചോ" എന്നും പറഞ്ഞോണ്ട് ഞാന്‍ നേരെ മുന്നിലേക്ക് 'പോത്തോ' എന്ന് വീഴുന്നു. ജീവിതത്തില്‍ ആദ്യത്തെ ബോധംകെടല്‍ !

ദരിദ്രവാസികള്‍ ആരും എന്നെ പിടിച്ചില്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നേരെ മുന്‍പില്‍ ഒരു ചെളിക്കുഴി ഉണ്ടായിരുന്നത് കൊണ്ടു അവര്‍ രണ്ടു വശത്തായി നീങ്ങി നടന്നു. നടുവില്‍ പോയ്കൊണ്ടിരുന്ന എന്റെ ബ്രയിന് അവിടെ വെച്ചാണല്ലോ ഷട്ട്ഡൌണ്‍ ചെയ്യാന്‍ തോന്നിയത്. എന്തായാലും ചെളിയില്‍ ലാന്‍ഡ്‌ ചെയ്തത് കൊണ്ടു എല്ലിനും പല്ലിനും ഡാമേജ് ഒന്നും സംഭവിച്ചില്ല. പോരാത്തതിന് ചെളി സ്കിന്‍ ട്രീട്മെന്റിനു നല്ലതാണെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. അങ്ങനെ ഒക്കെ വിചാരിച്ചു ആശ്വസിപ്പിച്ച എന്നെ എല്ലാരും കൂടി തൂക്കിയെടുത്തു ഒരു പൈപ്പ് ന്റെ ചോട്ടില്‍ പ്രതിഷ്ടിച്ചു അഭിഷേകം നടത്തി. അവിടെ ഒരു ചേട്ടന്‍ പൈനാപ്പിള്‍ അരിഞ്ഞു വില്‍ക്കുന്നുണ്ടായിരുന്നു. പുള്ളിക്കാരന്റെ കൈയില്‍ നിന്ന്നു ഒരു പൈനാപ്പിള്‍ മൊത്തം കഴിച്ചപ്പോള്‍ ആണ് ബാറ്ററി വീണ്ടും ഫുള്‍ ആയത്‌.ഡിസൈനര്‍ വേഷത്തില്‍ തിരികെ ബസ്സ് കേറാന്‍ വന്നപ്പോള്‍ ഞാന്‍ ആരോടും 'ചെളി ട്രീട്മെന്റ്റ്' കഥ പറഞ്ഞില്ല. അങ്ങനെ അവര്‍ സൌന്ദര്യം കൂട്ടണ്ട !

അടുത്ത സ്റ്റോപ്പ്‌ ബാംഗ്ലൂര്‍ ! ബാംഗ്ലൂര്‍ എന്ന് കേള്‍കുമ്പോള്‍ തന്നെ പയ്യന്മാര്‍ക്കൊക്കെ ഒരു രോമാഞ്ചമാണ്. കാരണം ഞാന്‍ പറയേണ്ടല്ലോ :) അത്രയും നേരം നാട്ടിന്‍പുറത്തെ കോവാലന്മാരെ പോലെ നടന്നവന്മാരോക്കെ ബാംഗ്ലൂര്‍ എത്തിയപ്പോള്‍ പരിഷ്കാരികളായി മാറി. ഷൂസ്, കൂളിംഗ് ഗ്ലാസ്‌, കൈയിലും കഴുത്തിലും ചങ്ങല, ജാകെറ്റ്‌ എന്ന് വേണ്ട ചിലരെ കണ്ടിട്ട് തിരിച്ചറിയാന്‍ പറ്റാത്ത കോലത്തിലായി. ചോദിച്ചപ്പോള്‍ പറയുവാ, " യോ മാന്‍... ദിസ്‌ ഈസ്‌ ബാംഗ്ലൂര്‍ ഫാഷന്‍ ഫോര്‍ നൈറ്റ്‌ ലൈഫ് !" സന്തോഷമായി !

നമ്മുടെ കൂട്ടത്തിലുള്ള ജോണിക്ക് ഇതു കണ്ടു സഹിച്ചില്ല. വേഷം ഇല്ലെങ്ങിലെന്താ... പുതിയത് മേടിച്ചിട്ട് തന്നെ ബാക്കി കാര്യം. അങ്ങനെ അവന് കത്തിവേഷം മേടിക്കാന്‍ ഞങ്ങള്‍ രാത്രി ഷോപ്പിങ്ങിനു ഇറങ്ങി. ജോണി മുന്നിലും ഞങ്ങള്‍ പിന്നിലുമായി നടന്നു തുടങ്ങി. ഓരോ തുണിക്കട എത്തുമ്പോഴും ജോണി അവിടെ കേറും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. അവന്‍ അതൊന്നും മൈന്‍ഡ് ചെയ്യുന്നു കൂടി ഇല്ല. ഇനി ഇവന് അറിയാവുന്ന കട വല്ലതും ഉണ്ടാവുമോ ? എങ്കില്‍ തുച്ചമായ റേറ്റില്‍ നമുക്കും മേടിക്കണം. അവസാനം നടന്നു നടന്നു ജോണി ഒരു വഴിയോരത്ത് ഷര്‍ട്ടും പാന്റും ഒക്കെ കൂട്ടി ഇട്ടു വില്കുന്ന ഒരു കച്ചവടക്കാരന്റെ മുന്‍പില്‍ നിന്നു.

"ഒരു ദിവസത്തേക്ക് ഇവിടുത്തെ തുണി ഒക്കെ മതിയെടെ " അവന്‍ പറഞ്ഞു. ഓഹോ... അമ്പട പിച്ചക്കാരാ... ഇതു നേരത്തെ പറഞ്ഞു കൂടാരുന്നോ?

"ചേട്ടാ... ഒരു അടിപൊളി പാന്റ്സ് പോരട്ടെ.. ലൈറ്റ് കളര്‍ മതി. അതാവുമ്പോ ഡാര്‍ക്ക്‌ ഷര്‍ട്ട്‌ നു മാച്ച് ആവും. ഏറ്റവും വില കുറഞ്ഞത് മതി കേട്ടാ !"

ഹൌ ! ആ അവസാനത്തെ വാചകം വേണ്ടിയിരുന്നോടാ കശ്മലാ... ഞങ്ങള്‍ രണ്ടു സ്റ്റെപ്പ് പിന്നോട്ട് നീങ്ങി മാനത്തേക്ക് നോക്കി നക്ഷത്രങ്ങള്‍ എണ്ണാന്‍ തുടങ്ങി. ഞങ്ങള്‍ ഇവന്റെ കൂടെ വന്നതല്ല, ഇവനെ വഴിയില്‍ നിന്നു കളഞ്ഞു കിട്ടിയതാണ് ചേട്ടാ എന്ന് മനസ്സില്‍ പറഞ്ഞു.

സൈസ് ഒക്കെ ചോദിച്ചിട്ട് ചേട്ടന്‍ ഒരു പാന്റ് എടുത്തിട്ട് പറഞ്ഞു, "ഇതാ! നല്ല തുണിയാ.. വില 700 രൂപ !"

ജോണി എടുത്ത വായില്‍ പറഞ്ഞു, "700 രൂപയോ ? ഇതിനൊ? എന്താ ചേട്ടാ ഇതു ? ഞാന്‍ ഒരു 250 തരും."

ഞങ്ങള്‍ നാല് സ്റ്റെപ്പ് പിന്നോട്ട് നീങ്ങി. ഇവന്‍ മാനത്ത് നോക്കാതെ തന്നെ നക്ഷത്രം കാണും. കിട്ടാനുള്ളത് മൊത്തത്തില്‍ അവന്‍ തന്നെ മേടിച്ചോട്ടെ. നമ്മള്‍ പങ്കു പറ്റാന്‍ പോവുന്നില്ല.

ജോണി തന്റെ ലേലം വിളിയില്‍ ഉറച്ചു നിന്നു. 250 ഇല്‍ നിന്നും അഞ്ചു പൈസ കൂടില്ല. അവസാനം ചേട്ടന് സഹികെട്ടു. പുള്ളിക്കാരന്‍ വേറെ ഒരു പാന്റ്സ് എടുത്തു. എന്നിട്ട് പറഞ്ഞു "300 രൂപയ്ക്കു വേണമെങ്കില്‍ ഇതു തരാം."

കേട്ടപാടെ ജോണി അത് ചാടി മേടിച്ചു വാങ്ങി കാശും കൊടുത്തു സ്ഥലം കാലിയാക്കി. "കണ്ടോടാ മക്കളെ പാതിവിലക്ക് ഞാന്‍ മേടിച്ചത്... വിലപേശല്‍ ഒരു കഴിവാണ്... അത് എല്ലാര്ക്കും കിട്ടില്ല !"

തിരികെ ഹോട്ടല്‍ എത്തുന്നത്‌ വരെ ഇനി ഇവനെ സഹിക്കണമല്ലോ എന്ന് വിചാരിച്ചു ഞങ്ങള്‍ നടന്നു.ഞാനും എന്റെ ഒരു കൂട്ടുകാരനും മുന്നിലും ബാക്കി ഉള്ളവര്‍ പിന്നിലും. അല്പം വിജനമായ സ്ഥലം. ഒരു പാര്ക്ക് ആണെന്ന് തോനുന്നു. കമ്പി വേലി പോലത്തെ മതില്‍ ആണ്. അകത്തു കുറ്റാകൂരിരുട്ട്. ഇടയ്ക്കിടയ്ക്ക് ഹൊറര്‍ പടങ്ങളില്‍ കേള്‍കുന്ന അപശബ്ധങ്ങള്‍ കേള്‍കുന്നുവോ എന്നൊരു സംശയം. ഞങ്ങള്‍ ഓരോന്ന് പറഞ്ഞു നടന്നു കൊണ്ടിരുന്നപ്പോള്‍ ഒരു ശബ്ദം.

"ശ്ശ്ശ്ശ്ഷ്..."

ഞാന്‍ നിന്നു. കൂടെ ഉള്ളവനും നിന്നു. "നീ എന്തെങ്കിലും കേട്ടോ ?" ഞാന്‍ ചോദിച്ചു.

"അതെ... ആരോ വിളിക്കുന്നത് പോലെ... ശ്ശ്ശ്ശ്ശ്ഷ് എന്നൊരു ശബ്ദം!"

ഞങ്ങള്‍ വീണ്ടും ശ്രദ്ധിച്ചു. വീണ്ടും ആ ശബ്ദം -"ശ്ശ്ശ്ശ്ഷ്....."

വേലിയുടെ അപ്പുറത്ത് നിന്നാണ് ആ ശബ്ദം. ഞങ്ങള്‍ പതുക്കെ തിരിഞ്ഞു അങ്ങോട്ട് നോക്കി. 'കള്ളിയന്ക്കാട്ടു നീലി' എന്ന് കേള്‍ക്കുമ്പോള്‍ വെള്ള സാരി ഒക്കെ ഉടുത്ത ഒരു ചേച്ചിയുടെ ഔട്ട് ഓഫ് ഫോക്കസ് രൂപം മനസ്സില്‍ വരില്ലേ... അത് പോലെ വെള്ള വേഷം ഒക്കെ ഉടുത്തു ഒരു പെണ്ണ് ചിരിച്ചു കൊണ്ടു വേലിയുടെ അപ്പുറത്ത് നിന്നു മാടി വിളിക്കുന്നു. രണ്ടു സെക്കന്റ്‌ നേരം ഞങ്ങള്‍ ഫ്രീസ് ആയി നിന്നു. പിന്നെ "അയ്യോ" എന്ന് നിലവിളിച്ചോണ്ട് ഒരു ഓട്ടം ആയിരുന്നു.

നിലവിളി കേട്ടപ്പോള്‍ 'പ്രേതവും' വിരണ്ടെന്നു തോന്നുന്നു. പ്രേതം നിലം തൊടാതെ ഓടുന്നു. പോരാത്തതിന് അകത്തു നിന്നു പലഭാഗങ്ങളിലായി ആരൊക്കെയോ ഓടുന്ന ശബ്ദം. ഇതെന്താ പ്രേതങ്ങളുടെ സംസ്ഥാന സമ്മേളനമോ? ഞങ്ങള്‍ ഓടുന്നത് കണ്ടു പിറകെ നടന്നവന്മാരും ഓടി. കുറച്ചകലെ ചെന്നിട്ടു ഞങ്ങള്‍ നിന്നു.

"എന്താടാ ?? എന്തിനാടാ നിങ്ങള്‍ ഓടിയത് ?"

"അവിടെ... അവിടെ... പ്രേതം ... വെള്ള സാരി... വിളിച്ചു.. " കൂടെ ഉള്ളവന്‍ വിക്കി വിക്കി പറഞ്ഞു.

അപ്പോഴുണ്ട് രണ്ടു പോലീസുകാര്‍ ബൈക്കില്‍ വന്നു ഞങ്ങളുടെ അടുത്ത് സ്റ്റോപ്പ്‌ ഇട്ടു.

"നിങ്ങള്‍ എന്താ ഇവിടെ കറങ്ങി നടക്കുന്നെ ? "

"സാറേ.. ഞങ്ങള്‍ തുണി മേടിക്കാന്‍ ഇറങ്ങിയതാ.. തിരികെ ഹോട്ടലിലേക്ക് പോവുകയാ.."

അവര്‍ ഞങ്ങളെ സൂക്ഷിച്ചു നോക്കി. പറഞ്ഞതു വിശ്വാസമായി എന്ന് തോന്നുന്നു.

"ശെരി ശെരി... ഈ സ്ഥലം അത്ര ശെരിയല്ല... പെണ്ണ് കേസില്‍ അകത്തു കിടക്കണ്ടെങ്കില്‍ വേഗം സ്ഥലം കാലിയാക്കാന്‍ നോക്ക് !"

ഓഹോ... അപ്പൊ അങ്ങനെ ആണ് കാര്യങ്ങള്‍. പ്രേതം വിളിച്ചത് ചുണ്ണാമ്പു കിട്ടാന്‍ വേണ്ടിയല്ല. എന്തായാലും ഹോട്ടല്‍ എത്തുന്നത്‌ വരെ ബാക്കി ഉള്ളവന്മാര്‍ക്ക് കളിയാക്കാന്‍ ഒരു സംഭവം ആയി.

റൂമില്‍ എത്തിയപ്പോള്‍ ജോണി തന്റെ പുതിയ പാന്റ്സ് ട്രൈ ചെയ്യാന്‍ പോയി. അകത്തു പോയ ഉള്ള ആവേശം തിരികെ വന്നപ്പോള്‍ ഇല്ല.

"എടാ... ഈ പാന്റിനു എന്തോ പ്രശ്നം ഉണ്ട്. ഭയങ്കര ഇറുക്കം. വലിച്ചു കേറ്റാന്‍ പെട്ട പാടു എനിക്കറിയാം."

ഞങ്ങള്‍ പാന്റ് മേടിച്ചു പരിശോധന തുടങ്ങി. ഷേപ്പ് ഇല്‍ തന്നെ എന്തോ വശപിശക്‌. പോരാത്തതിന് സിപ്‌ ഇല്ല. ബട്ടണ്‍, കൊളുത്ത് മുതലായവ ഒന്നുമില്ല.. ആക്കപ്പാടെ ഒരു കയറു മാത്രം. അത് വലിച്ചു കെട്ടണം. ആഹാ... സംഭവം പിടിക്കിട്ടി. റൂമില്‍ കൂട്ടച്ചിരി മുഴങ്ങി.

ജോണി അപ്പോഴും ഒന്നുമറിയാത്ത കുഞ്ഞാടിനെ പോലെ നില്കുന്നു.

"എന്താടാ ചിരിക്കുന്നെ ? എന്താടാ പ്രശ്നം ?"

"എടാ... അങ്ങേരു നിന്നെ തേചെടാ... ഇതു ലേഡീസ് പാന്റ്സാ !"

കൂടുതല്‍ തേപ്പുകള്‍ വരും പോസ്റ്റുകളില്‍........ :)

വിയര്‍പ്പിന്റെ വില

"ഇതാര് പരമുവോ ... വഴിയൊക്കെ ഓര്‍മ്മയുണ്ടോ ഇയാള്‍ക്ക് ?"
"അതെന്താ തമ്പ്രാ... അങ്ങനെ ചോദിച്ചത് ? തമ്പ്രാന്‍ വിളിപ്പിച്ചത് അറിഞ്ഞിട്ടു വന്നതാ.. "
"ഉവ്വ് പരമു.. കുറച്ചു കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടായിരുന്നു.. അതിനാണ് നോം വിളിപ്പിച്ചത്.."
"ചോദിച്ചോളൂ തമ്പ്രാ"
"പരമു എത്ര മാസമായി ഇവിടെ പണിയെടുത്തു തുടങ്ങിയിട്ട് ?"
"ആറു മാസമായി"
"വന്നപ്പോള്‍ പരമുവിന്‌ പണിയെടുക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നല്ലോ.. ഇപ്പോള്‍ എങ്ങനെ ഉണ്ട് ?"
"ഇപ്പോള്‍ കുഴപ്പമില്ലാതെ ചെയ്യാന്‍ പറ്റുന്നുണ്ട്"
"ഇപ്പ്രാവശ്യം വിളവെടുപ്പ്‌ മോശാണല്ലോ പരമുവേ... അപ്പടി കീടങ്ങള്‍ ആണല്ലോ"
"അത് പിന്നെ... അടിയന്‍ ഉണ്ടാക്കണ കീടനാശിനിക്ക് വേണ്ടത്ര ഫലം കിട്ടണില്ല്യ.. പോരാത്തതിന്ഇപ്പൊ എലികളുടെ ശല്യവും ഉണ്ടേ.. അടിയന്‌ എലികളെ കൈകാര്യം ചെയ്തു വേണ്ടത്ര പരിചയംപോര"
"അപ്പൊ പരമു പറഞ്ഞു വരണത് നോം നേരിട്ടു വന്നു എലികളെ പിടിക്കണം എന്നാണോ?"
"അങ്ങനെ അല്ല തമ്പ്രാ... തെക്കേലെ കേശവന്‍ വേലയില്‍ മിടുക്കനാ.. അവന്‍ കുറച്ചു ദിവസംകൂടെ നിന്നാല്‍ അടിയന്‌ ഒരു സഹായമായി"
"അപ്പൊ കേശവന്റെ കൃഷി ആരു നോക്കും ? അല്ലെങ്കിലേ അവന്‍ ആളൊരു മടിയനാ...രണ്ടും കൂടി ഇനിരണ്ടും കൂടി കള്ളും കുടിച്ചു നടക്കുമോ എന്നും എനിക്ക് സംശയം ഇല്ലാതില്ല.. അങ്ങനെ വല്ലതുംമനസ്സിലിരിപ്പുണ്ടോ?"
"ദൈവദോഷം പറയല്ലേ തമ്പ്രാ... നമ്മള്‍ രണ്ടു പേരും എല്ല് മുറിയെ പണിയെടുക്കും.. തമ്പ്രാന്‍പേടിക്കേണ്ട"
"കച്ചവടം ഒക്കെ മോശമാണെന്ന് പരമുവിന്‌ അറിയാലോ.. പത്തായത്തില്‍ ആണെങ്കില്‍ നെല്ലുംകഷ്ടിയാ... ഇപ്പ്രാവശ്യം മുണ്ട് മുറുക്കി കെട്ടേണ്ടി വരും.. ഞാന്‍ പറഞ്ഞു വരുന്നതു പരമുവിന്‌മനസ്സിലാവുന്നുണ്ടോ ?"
"ഉവ്വ് തമ്പ്രാ.. മനസ്സിലാവുന്നുണ്ട്.. അടിയന്‍ തയ്യാറാണ്... തമ്പ്രാന്‍ കല്പിച്ചാലും"
"കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ ഇവിടെ അന്യദേശക്കാര്‍ കുറെ പേരു വന്നിട്ടുണ്ടെന്ന് പരമുഅറിഞ്ഞു കാണുമല്ലോ... നോം പറഞ്ഞു എന്ന് മാത്രം.."
"മനസ്സിലായി തമ്പ്രാ !"
"എന്നാല്‍ പരമു പൊയ്കൊള്ളൂ !"
.
.
"ആഹാ.. തലവേദന ആണെന്നും പറഞ്ഞു ഉച്ചക്ക് ഓഫീസില്‍ നിന്നു പോയെന്ന് അറിഞ്ഞു. എന്ത് പറ്റി ?"
"... ഒന്നും പറയേണ്ട. പെര്‍ഫോര്‍മന്‍സ് അപ്പ്രൈസലിന്ടെ ഭാഗമായി ഇന്നു മാനേജരുമായിഇന്റര്‍വ്യൂ ഉണ്ടായിരുന്നു.. അത് കഴിഞ്ഞപ്പോ ഓഫീസില്‍ ഇരിക്കാന്‍ തോന്നിയില്ല... ഇവിടെ വന്നുകിടന്നുറങ്ങി !"

Tuesday, May 12, 2009

പാവം ഞാന്‍

സമയം രാത്രി 11:30. നിലാവത്ത് വിജനമായ വഴിയിലൂടെ അവള്‍ നടന്നു വരികയായിരുന്നു. നടത്തം എന്ന് പറയാന്‍ പറ്റില്ല. എത്രയും പെട്ടെന്ന് സ്വന്തം വീട്ടില്‍ എത്തുക. ഇതു മാത്രമായിരുന്നു അവളുടെ ലക്ഷ്യം. കുറച്ചകലെ റോഡിന്റെ അരികത്തു നിന്നു കൊണ്ടു ഞാന്‍ അവളുടെ പരിഭ്രമം കലര്‍ന്ന മുഖം കണ്ടു. വിടര്‍ന്ന കണ്ണുകള്‍. ചുവന്ന ചുണ്ട്. അല്പം മേക്കപ്പ്‌ ഇട്ടിട്ടുണ്ടോ എന്നൊരു സംശയം. അല്ല.. ഇട്ടിട്ടുണ്ട് ! കൈയില്‍ ഒരു ബാഗ്‌. ഒരു പക്ഷെ ഹോസ്റ്റലില്‍ നിന്നു അവധിക്കു വീട്ടില്‍ വരുന്നതാവം. എങ്കിലും രാത്രി ഒറ്റയ്ക്ക് ഇങ്ങനെ പോവുന്നല്ലോ... ധൈര്യം സമ്മതിച്ചേ പറ്റൂ ! എന്റെ ചിന്തകള്‍ കാട് കേറിക്കൊണ്ടിരുന്നു...

പൊടുന്നനെ അവള്‍ നിന്നു. മുന്നില്‍ ഉള്ള കുറ്റിക്കാട്ടിലേക്ക് അവള്‍ കാതുകള്‍ കൂര്‍പ്പിച്ചു.അവളുടെ കണ്ണുകളില്‍ ഭീതി നിഴലിച്ചു. ചീവീടുകളുടെ കച്ചേരിക്ക്‌ ഭംഗം വരുത്തിക്കൊണ്ട് അവിടെ കുറെ കാലടിശബ്ധങ്ങള്‍ കേട്ടു. അവള്‍ അലറി വിളിച്ചോണ്ട് ഓടാന്‍ ശ്രമിച്ചു. പക്ഷെ അതിന് മുന്പ് തന്നെ നാലഞ്ചു പേരു ചേര്‍ന്ന ഒരു സംഘം അവളെ വളഞ്ഞു.

"രക്ഷിക്കണേ... ആരെങ്കിലും വരണേ... !" നിശബ്ദതയെ കീറിമുറിച്ച്‌ കൊണ്ടു നിലവിളികള്‍ മുഴങ്ങി. അവളുടെ രണ്ടു കൈയിലും പിടിത്തം വീണു. ബാഗ്‌ ആരോ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു. അവള്‍ കുതറി മാറാന്‍ ശ്രമിച്ചു. പക്ഷെ ഒരു കൂട്ടം ചെന്നായ്ക്കള്‍ക്കു മുന്നില്‍ മാന്‍പേടയ്ക്ക് എത്ര നേരം പിടിച്ചു നില്ക്കാന്‍ പറ്റും ?

"എന്നെ ഒന്നു ചെയ്യരുതേ.... അയ്യോ ! ആരെങ്കിലും ഒന്നു വരണേ !" അവള്‍ നിലവിളിച്ചു കൊണ്ടിരുന്നു. പരിസരത്തൊന്നും ഒരു കുഞ്ഞു പോലുമില്ല. രക്ഷിക്കാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷ ഒട്ടും തന്നെ വേണ്ട.

പ്രാണരക്ഷാര്‍ത്ഥം അവള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ചുറ്റും നോക്കി. നിലാവിന്റെ വെളിച്ചത്തില്‍ ദൂരെ എന്റെ രൂപം അവള്‍ കണ്ടു. പ്രതീക്ഷയുടെ ചെറിയ ഒരു വെളിച്ചം അവളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടുവോ ? അവള്‍ എന്റെ നേരെ നോക്കി‌ നിലവിളിക്കാന്‍ തുടങ്ങി.

എന്ത് ചെയ്യും? അവളെ രക്ഷിക്കണം എന്നുണ്ട് . പക്ഷെ കൈകാലുകള്‍ അനങ്ങുന്നില്ല. ഒച്ചയുണ്ടാക്കി അക്രമികളുടെ ശ്രദ്ധ ആകര്‍ഷിക്കാം എന്ന് വിചാരിച്ചപ്പോള്‍ ശബ്ദം പുറത്തു വരുന്നില്ല. ഭയം കൊണ്ടാണോ? അതോ അവള്‍ എന്റെ ആരുമല്ല എന്ന തോന്നല്‍ കാരണമാണോ? അറിയില്ല... ഒന്നു ചെയ്യാന്‍ കഴിയുന്നില്ല. ഞാന്‍ നിര്‍വികാരമായി നോക്കി നിന്നു.

അവള്‍ നിശബ്ദയായി തോല്‍വി സമ്മതിച്ചു. എല്ലാരും ചേര്ന്നു അവളെ കുറ്റിക്കാട്ടിന്റെ അകത്തേക്ക് വലിച്ചിഴചോണ്ട് പോയി. ആ കാഴ്ച കാണാനാവാതെ ചന്ദ്രന്‍ ഒരു മേഘത്തിനു പിന്നിലേക്കു മറഞ്ഞു. എല്ലാത്തിനും മൂകസാക്ഷിയായി ഞാന്‍ മാത്രം.

നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തും. ഇങ്ങനെ ഒരു സംഭവം മുന്നില്‍ നടക്കുമ്പോള്‍ എന്ത് കൊണ്ടു പ്രതികരിച്ചില്ല... അതിനെതിരെ പോരാടിയില്ല? കണ്മുന്നില്‍ നടക്കുന്ന നല്ലതും ചീത്തയുമായ സംഭവങ്ങള്‍ നിസ്സഹായനായി കണ്ടു നില്‍ക്കാം എന്നല്ലാതെ കേവലം ഒരു പ്രതിമ മാത്രമായ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും ?

Sunday, May 10, 2009

ഏകാന്തത

അവന്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സമൂഹം അവനെ ഒറ്റപ്പെടുത്തിയതല്ല. അവന്‍ സ്വയം തിരഞ്ഞെടുത്ത ഒരു വഴി ആയിരുന്നു അത്. എന്ത് കൊണ്ടു ഇങ്ങനെ ആയി എന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരുപക്ഷെ ഇതു ജീവിതത്തിന്റെ ചെറിയ ഒരു പരീക്ഷ മാത്രം ആയിരിക്കാം.

ഏകാന്തതയെ അവന്‍ പ്രണയിച്ചു. ചുമരുകളോട് അവന്‍ കഥ പറഞ്ഞു. ഒറ്റയ്ക്കായതോടെ തന്റെ മേല്‍ പതിച്ച അധിക ചുമതലകള്‍ സന്തോഷത്തോടെ അവന്‍ സ്വീകരിച്ചു. അവയൊക്കെ കൃത്യമായി ചെയ്തു തീര്‍ക്കുവാന്‍ ശ്രദ്ധിച്ചു. ആ മുറി അവന്റെ സാമ്രാജ്യമായി മാറി. അവന്‍ രാജാവും.

ഒരു കൂട്ട് വേണമെന്ന തോന്നല്‍ ഒരിക്കല്‍ പോലും അവന്റെ മനസ്സില്‍ ഉദിച്ചില്ല. ഒറ്റയ്ക്കുള്ള ജീവിതരീതിയോടു അവന്‍ അത്ര മാത്രം പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. 'ഇതാണ് ജീവിതം.. ബന്ധങ്ങളുടെ ചങ്ങലകളില്ലാതെ, പ്രണയത്തിന്റെ വേദന ഇല്ലാതെ, സൌഹൃദത്തിന്റെ കാപട്യം ഇല്ലാത്ത ജീവിതം... ഞാന്‍ ഈ ജീവിതം ഇഷ്ടപെടുന്നു !'

സന്തുഷ്ടമായ അവന്റെ ജീവിതത്തില്‍ ആകസ്മികമായ ചില സംഭവങ്ങള്‍ അരങ്ങേറിയത് വളരെ പെട്ടന്നായിരുന്നു. താന്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ അവനെ ഒരു ദിവസം പിടികൂടി. ഭൂതപ്രേതപിശാച് തുടങ്ങിയവയില്‍ ഒന്നും അവന് വിശ്വാസമില്ലായിരുന്നു. അതിനാല്‍ തന്നെ രാത്രിയില്‍ കേള്‍ക്കുന്ന കാല്‍പെരുമാറ്റം, കതകില്‍ ആരോ തട്ടുന്ന ശബ്ദം തുടങ്ങിയവയൊക്കെ അവന്‍ തോന്നല്‍ മാത്രമാണെന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു.

ദിവസങ്ങള്‍ കഴിയുന്തോറും അവന്റെ അസ്വസ്ഥത കൂടി കൂടി വന്നു. ഏകാന്തതയെ അവന്‍ വെറുത്തു തുടങ്ങി. ചുവരുകളെ അവന്‍ ഭയപ്പെട്ടു. ആ മുറി അവന് ഒരു തടവറ ആയി അനുഭവപ്പെട്ടു. അപ്പോഴും തന്റെ കൂടെ ആരോ ഉണ്ടെന്നു അവന് ഉറപ്പായിരുന്നു. അവസാനം അവന്‍ അത് കണ്ടുപിടിക്കുക തന്നെ ചെയ്തു.

ഏകാന്തത സഹിക്കാന്‍ വയ്യാതെ ആത്മാവ് പുതിയ ഒരു ലോകത്തേക്ക് യാത്രയായപ്പോള്‍ അവന്റെ തണുത്തുറഞ്ഞ ശരീരം വീണ്ടും ഒറ്റയ്ക്കായി....!

Thursday, May 7, 2009

ബാര്‍ബേറിയന്‍ തേപ്പ്

പാഷാണത്തിന്റെ 'കേശഭാരം' എന്ന പോസ്റ്റ് കണ്ടപ്പോള്‍ മുതല്‍ ഇതു എഴുതണമെന്നു വിചാരിച്ചതാണ്. ഇപ്പോഴാണ് അതിനുള്ള സമയവും സാവകാശവും കിട്ടിയത്.

കോളേജ് ജീവിതം ഒക്കെ കഴിഞ്ഞു റിസള്‍ട്ട്‌ വരാന്‍ കാത്തിരിക്കുന്ന സമയം. കോളേജിലോ 'മൊട' കാണിക്കാന്‍ പറ്റിയില്ല. അത് കഴിഞ്ഞിട്ടെന്കിലും കാണിക്കാമെന്നു വിചാരിച്ചു നടക്കുമ്പോഴാണ് നാട്ടില്‍ ' ഹെയര്‍ സ്ട്രയിട്ടെനിംഗ് ' ജ്വരം പിടിപെടുന്നത്. അന്ന് ധോനി, ജോണ്‍ എബ്രഹാം തുടങ്ങിയവര്‍ മുടി ഒക്കെ വളര്‍ത്തി കാറ്റത്ത്‌ പറപ്പിച്ചു നടക്കുന്നത് കണ്ടപ്പോള്‍ എനിക്കും ദാസപ്പനും ഒരു മോഹം. എന്ത് കൊണ്ടു നമുക്കും നേരെ ആയിക്കൂടാ ? സോറി ! മുടി നേരെയാക്കി കൂടാ ?

ഞങ്ങള്‍ ഉടന്‍ തന്നെ ബ്യൂട്ടി കന്സല്ടന്റ്റ്‌ ആയ സുജിത്തിനെ കോണ്ടാക്റ്റ് ചെയ്തു. സുജിത് അപ്പോള്‍ തൊണ്ണൂറുകളിലെ 'പങ്ക് ' സ്റ്റൈലില്‍ നടക്കുന്നു. കാലം മാറിയതൊന്നും അവന്‍ അറിയുന്നില്ല. പിറകില്‍ കൊഴിവാല് പോലെ മുടിയും വളര്‍ത്തി അത് ഇനി എങ്ങനെ കുതിരവാല് ആക്കും എന്ന് റിസര്‍ച്ച് നടത്തുന്ന അവന് ഈ വിഷയത്തില്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ അറിവ് കാണും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അവനെ സമീപിച്ചു. പോരാത്തതിന് ഓരോ ആഴ്ചയും ഓരോ മുഖം ആണ് അവന്. താടിയിലും മീശയിലും അവന്‍ ചെയ്യാത്ത പരീക്ഷണങ്ങള്‍ ഇല്ല.ഒരു ദിവസം താടി കാണും, മീശ കാണില്ല. പിന്നെ മീശ കാണും, താടി കാണില്ല. പിന്നെ രണ്ടും കാണില്ല !

ഉടന്‍ പരിഹാരവും കിട്ടി. അവന് അറിയാവുന്ന ഒരു ബാര്‍ബര്‍ ഷോപ്പ്/ ബ്യൂട്ടി പാര്‍ലര്‍ ഉണ്ട്. അവിടെ മുടി നിവര്‍ത്തുന്ന പരിപാടികള്‍ ഒക്കെ ഉണ്ട്. പക്ഷെ ഇപ്പോള്‍ ഉള്ള അത്ര മുടി പോര. നല്ല നീളം വേണമത്രേ. അപ്പോള്‍ തന്നെ ഞാനും ദാസപ്പനും കൂടി ഒരു തീരുമാനം എടുക്കുന്നു. ഇനി രണ്ടു മാസത്തേക്ക്‌ നോ ഹെയര്‍ കട്ട്‌ ! സ്ട്രയിട്ടെനിങ്ങില്‍ താത്പര്യം ഇല്ലെങ്കില്‍ തന്നെയും ഞങ്ങള്‍ക്ക് കമ്പനി തരാന്‍ വേണ്ടി അവനും വെറുതെ മുടി വളര്‍ത്താന്‍ തീരുമാനിച്ചു.

മുടി വളര്‍ത്തുന്നത് അത്ര എളുപ്പം പണി അല്ല എന്ന് വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ മനസ്സിലാക്കി. പ്രത്യേകിച്ച് ചുരുണ്ട മുടി. അത് ചീകി വെക്കാന്‍ തന്നെ എന്ത് കഷ്ടപ്പാടാണ്. ഞാനും ദാസപ്പനും കൂടി എത്ര ചീപ്പുകള്‍ നശിപ്പിച്ചു. അവസാനം ദാസപ്പന്റെ വീട്ടില്‍ ചീപ്പ് കാണാന്‍ ഇല്ലെങ്കില്‍ അത് അവന്റെ തലയില്‍ അന്വേഷിച്ചാല്‍ മതിയെന്ന അവസ്ഥ ആയി. എണ്ണയും ഹെയര്‍ ജെല്ലും കൂട്ടി കുഴച്ച് തേച്ചിട്ടും മുടി ഒതുങ്ങുന്നില്ല എന്ന് പറഞ്ഞാല്‍ ഉള്ള അവസ്ഥ നിങ്ങള്ക്ക് ഊഹിക്കാമല്ലോ. മൊത്തത്തില്‍ ഒരു പ്രാന്തന്‍ എഫ്ഫക്റ്റ്‌. സുജിത്തിന്റെ വക ആയി "ചകിരിതലയന്‍", "ചട്ടിത്തലയന്‍" തുടങ്ങിയ വിളികള്‍ ഞങ്ങള്‍ കേട്ടില്ല എന്ന് ഭാവിച്ചു. അവന് പുതിയ ഒരു പേരു കൊടുക്കാനും ഞങ്ങള്‍ മറന്നില്ല - "നൂഡില്‍സ് രാമന്‍" തലയില്‍ നൂഡില്‍സ് വെച്ചിരിക്കുന്നത്‌ പോലെയായി അവന്റെ അവസ്ഥ. സ്ട്രയിട്ടെനിംഗ് കഴിയ്യട്ടെ! അത് വരെ സഹിക്കുക തന്നെ.

ഇനി ഇതിന്റെ നല്ല വശങ്ങള്‍ എന്തെന്ന് വെച്ചാല്‍ നമ്മുടെ പൊക്കം ഒന്നര ഇഞ്ച് കൂടി. തൊപ്പി, ഹെല്‍മെറ്റ്‌ തുടങ്ങിയവ ഉപയോഗിക്കേണ്ടി വരുന്നില്ല. ഇനി തലയില്‍ എന്തെങ്കിലും ചുമടു എടുക്കണമെങ്കില്‍ തുണി വെച്ചു കുഷന്‍ ചെയ്യേണ്ടി വരുന്നില്ല. ഇനി പക്ഷി സ്നേഹി ആണെങ്കില്‍ ഒരു കുരുവി കുടുംബത്തിനു താല്‍കാലികമായി താമസിക്കാനുള്ള ഒരു ഫ്ലാറ്റ് തന്നെ തലയില്‍ ഉണ്ട്. അങ്ങനെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുടിയന്മാരായി നടന്നു അവസാനം ആ സുദിനം വന്നെത്തി.

ഞങ്ങള്‍ രണ്ടും കൂടി ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചേര്‍ന്നു. ആദ്യമേ തന്നെ ഞങ്ങള്‍ വന്നത് എന്തിനാണെന്ന് അറിയിച്ചു. അവിടെ നിന്ന മനുഷ്യന്‍ മുടി ഒക്കെ പിടിച്ചു നോക്കിയിട്ട് പറഞ്ഞു, " നീളം പോര... വേണമെങ്കില്‍ മുന്‍പില്‍ മാത്രം സ്ട്രയിട്ടെന്‍ ചെയ്തു തരാം"

ഓഹോ.. നീളം പോരെന്നോ? ഇപ്പോള്‍ തന്നെ ഒരു അരവട്ടന്‍ ലുക്ക്‌ ആണ്. ഇനിയും മുടി വളര്‍ത്തിയാല്‍ നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്തു ഊളമ്പാറയില്‍ എത്തിക്കും. ഞങ്ങള്‍ ചിരിച്ച് കൊണ്ടു പറഞ്ഞു, "മതി ചേട്ടാ... അത് മതി "

അയാള്‍ ഞങ്ങളെ അകത്തേക്ക് വിളിച്ചോണ്ട് പോയി. എന്നിട്ട് രണ്ടു കസേരകളില്‍ ഇരുത്തി. ഉടുപ്പ് നനയാതിടിക്കാന്‍ ഒരു തുണി എടുത്തു കെട്ടി. പിന്നെ ഞങ്ങളെ ഒരു വലിയ വാഷ്‌ ബേസിന്റെ അടുത്ത് കൊണ്ടുപോയിട്ടു തല അതിന്റെ അകത്തോട്ടു വെക്കാന്‍ പറഞ്ഞു. എന്തിനുള്ള പുറപ്പാടാണോ എന്തോ? വെച്ചു കഴിഞ്ഞതും തലയില്‍ കൂടി ഒരു ബക്കറ്റ്‌ വെള്ളം കമിഴ്ത്തി !

"അയ്യോ ചേട്ടാ... ഞാന്‍ കുളിചിട്ടാ വന്നത്. ദെ ഇവനെ കുളിപ്പിച്ചോ... അവന്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമെ കുളിക്കൂ !"

ദാസപ്പന്‍ എന്നെ രൂക്ഷമായി നോക്കി.

"സോറി... ഇപ്പൊ മഴക്കാലം ആണെന്ന് മറന്നു പോയി. അപ്പൊ മാസത്തില്‍ ഒരിക്കല്‍ അല്ലെടാ !"

"നിന്നെ ഞാന്‍ പിന്നെ എടുത്തോളാം !" ദാസപ്പന്‍ അലറി.

"നിങ്ങള്‍ പേടിക്കണ്ട... ഇതു ഹെയര്‍ വാഷ്‌ ചെയ്യുന്നതാ !" ചേട്ടന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

വാഷ്‌ കഴിഞ്ഞിട്ട് തലയില്‍ എന്തോ ഒരു സാധനം തേച്ചു പിടിപ്പിച്ചു. ഇപ്പൊ രണ്ടു പേരും തലയില്‍ ചീനിച്ചട്ടി കമിഴ്ത്തി വെച്ചത് പോലെ ഉണ്ട്. ട്യൂബ് ലൈറ്റിന്റെ വെട്ടത്തില്‍ തല വെട്ടിത്തിളങ്ങുന്നു. അങ്ങനെ അര മണിക്കൂര്‍ അതേ അവസ്ഥയില്‍ ഇരുന്നു. അത് കഴിഞ്ഞു വീണ്ടും ഒരു വാഷ്‌. ഇപ്പോള്‍ മുടി കുറച്ചൊക്കെ മാറിയിട്ടുണ്ട്. ഇത്രേ ഉള്ളോ കാര്യം? ഇതു വെരി സിമ്പിള്‍ ആണല്ലോ. ശെരിക്കുള്ള തേപ്പ് തുടങ്ങാന്‍ ഇരിക്കുന്നത്തെ ഉള്ളു എന്ന് ഞങ്ങള്‍ അറിഞ്ഞില്ല.

ചേട്ടന്‍ കൈയില്‍ ഒരു കുന്ത്രാണ്ടവും ആയിട്ട് വരുന്നു. എന്താണെന്നു ചോദിച്ചപ്പോള്‍ മുടി അയണ്‍ ചെയ്യാനുള്ളതാണെന്നു. അതായത് മുടി തേക്കാന്‍ കൊണ്ടു വന്ന തേപ്പ് പെട്ടിയാണെന്ന് ! ആഹാ... അപ്പൊ പരിപാടി തുടങ്ങാന്‍ പോവുന്നത്തെ ഉള്ളു.

ആ കുന്ത്രാണ്ടം പ്ലഗ് ചെയ്തിട്ട് അങ്ങേരു മുടിയുടെ നീളം ഒക്കെ നോക്കിയിട്ട് എവിടം വരെ സ്ട്രയിട്ടെന്‍ ചെയ്യാന്‍ പറ്റും എന്നൊക്കെ പറഞ്ഞു തന്നു. ഞങ്ങള്‍ തലകുലുക്കി സമതിച്ചു. ആദ്യം ദാസപ്പന്റെ ഊഴം. മുടി കുറേശെ എടുത്തു ഈ കുന്ത്രാണ്ടത്തിന്റെ രണ്ടു പ്ലേറ്റിന്റെ ഇടയിലോട്ടു വെച്ചിട്ട് തേച്ചു എടുക്കുന്നു. ശ്ശ്ശ്ശ്ശ്ഷ് എന്നൊരു ഒച്ചയും കുറച്ചു പുകയും. തല പുകയുക എന്നൊക്കെ പറയുന്നതു ഇതാണോ എന്തോ. അങ്ങനെ ഓരോ മുടിയിഴയും 'എന്നെ കൊന്നേ' എന്ന് പറഞ്ഞോണ്ട് വടി ആവുന്നു. ഇതിന്റെ ഒരു പ്രശ്നം എന്തെന്ന് വെച്ചാല്‍ എങ്ങാനും ആ കുന്ത്രാണ്ടം തലയോട്ടിയില്‍ തട്ടിയാല്‍ അതിന്റെ ചൂടു ബ്രെയിന്‍ വഴി മെടുള്ള ഒബ്ലോങ്ങട്ടയില്‍ കൂടി അണ്ണാക്കില്‍ നിന്നും "കിയ്യോ" എന്നൊരു സൌണ്ട് വേവ് ആയും കണ്ണില്‍ നിന്നും കണ്ണുനീര്‍ എന്ന ലിക്വിഡ് ആയും പുറത്തു വരും എന്നുള്ളത് മാത്രമാണ്.

അങ്ങനെ പുകച്ചിലും തേപ്പും എല്ലാം കഴിഞ്ഞപ്പോള്‍ ദാസപ്പന്റെ തലയില്‍ തെങ്ങിന്‍പ്പൂക്കുല ഫിറ്റ്‌ ചെയ്തു വെച്ചത് പോലെ ആയി. അടുത്തത് എന്റെ ഊഴം. എല്ലാം കഴിഞ്ഞപ്പോള്‍ ചെറിയ ഒരു വ്യത്യാസം. തെങ്ങിന്‍പൂക്കുലയ്ക്ക് പകരം വെഞ്ചാമരം ഫിറ്റ്‌ ചെയ്തത് പോലെയാണെന്ന് മാത്രം. പിന്നെ ചെറിയ ഒരു ഹെയര്‍ കട്ടും തന്നിട്ട് ഞങ്ങളെ പറഞ്ഞു വിട്ടു.

ഇറങ്ങാന്‍ നേരം ദാസപ്പന്‍ എന്നോട് ചോദിച്ചു ," എടാ... രണ്ടു ദിവസം കുളിക്കരുതെന്നല്ലേ അങ്ങേരു പറഞ്ഞതു ?"
"നീ അങ്ങനയേ കേള്‍ക്കൂ... രണ്ടു ദിവസം തല നനക്കരുതെന്നാ.. അത് കഴിഞ്ഞു വീണ്ടും വന്നു എന്തോ ചെയ്യണം... മുടി കൊഴിയാതിരിക്കാന്‍ വേണ്ടിയാണ്"

അങ്ങനെ ഈ പുതിയ കോലത്തില്‍ ഞങ്ങള്‍ സുബിന്റെ വീട്ടില്‍ ഒരു വിസിറ്റ് നടത്തി. അവന്‍ ഞങ്ങളെ കണ്ടു ഞെട്ടി. സംഭവങ്ങള്‍ ഒക്കെ കേട്ടപ്പോള്‍ അവനും ഒരു ആഗ്രഹം. ഒന്നു ചെയ്താലോ. പക്ഷെ അധികം വൈകാതെ അവന്‍ ആ തീരുമാനം മാറ്റി. അതിന് കാരണം എന്തെന്ന് വെച്ചാല്‍ മുടികൊഴിച്ചില്‍ പ്രശ്നം. പോരാത്തതിന് ഒന്നര രണ്ടു മാസം കഴിഞ്ഞപ്പോള്‍ സ്ട്രിട്ടെനിംഗ് എഫ്ഫക്റ്റ്‌ ഒക്കെ അങ്ങ് പോയി. പിന്നെ മുടി വളര്‍ത്തുന്നതിനും ഒരു ലിമിറ്റ് ഒക്കെ ഇല്ലേ (ആണുങ്ങള്‍ക്ക് !). അങ്ങനെ കുറെ കാലം മൊട ഒക്കെ കാണിച്ചിട്ട് ഞങ്ങള്‍ രണ്ടു പേരും മുടി ഒക്കെ വെട്ടി നല്ല കുട്ടികളായി നടക്കുമ്പോള്‍ അത് സംഭവിച്ചു.

കുറച്ചു ദിവസങ്ങളായി സുബിന്റെ ഒരു വിവരവുമില്ല. വെറുതെ അവന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവന്റെ അമ്മ പറയുന്നു -" മക്കളെ, അവന്‍ മൊട്ടയടിച്ചു. അത് കൊണ്ടു പുറത്തിറങ്ങാതെ വീട്ടില്‍ ഒളിച്ചിരിക്കുവാ!"

ഞങ്ങള്‍ ഉടനെ ഒരു ക്യാമറയും എടുത്തു കൊണ്ടു സുബിന്റെ വീട്ടില്‍ വെച്ചു പിടിച്ചു. ആദ്യം സുബിന്‍ ഞങ്ങളെ കാണാന്‍ കൂട്ടാക്കിയില്ലെന്കിലും അവന്റെ വീട്ടുകാരെ പേടിച്ചു റൂം തുറന്നു തന്നു. ക്യാമറ കണ്ടതോടെ സുബിന്‍ മുളക് കടിച്ച കുരങ്ങനെ പോലെ അക്രമാസക്തനായി. പക്ഷെ എങ്ങനെയൊക്കെയോ ഞങ്ങള്‍ കുറച്ചു ഫോട്ടോസ് എടുത്തു. എന്തിനാണ് മോട്ടയടിച്ചതെന്നുള്ള ചോദ്യത്തിന്റെ സുബിന്റെ ഉത്തരം കെട്ട് ഞങ്ങള്‍ ബോധം കേട്ടില്ലെന്നെ ഉള്ളു.

"ഇനി വളര്‍ന്നു വരുന്ന മുടി ഒക്കെ സ്ട്രയിറ്റ്‌ ആയിരിക്കും. നീയൊക്കെ ഇത്രയും കാശ് കൊടുത്തു ചെയ്യിച്ചത് ഞാന്‍ കുറച്ചു സമയമെടുത്ത് ചെയ്യാമെന്ന് വെച്ചു. എങ്ങനെ ഉണ്ട് എന്റെ ബുദ്ധി ?"

പക്ഷെ മാസങ്ങള്‍ക്ക് ശേഷം സുബിന്റെ ബുദ്ധിപരമായ നീക്കം ശുദ്ധമണ്ടത്തരം ആയിരുന്നു എന്ന് തെളിയിക്കപ്പെട്ടു. സുബിന്റെ വളരന്നു വന്ന മുടി പന്തീരാണ്ട് കൊല്ലം കുഴലിന്റെ അകത്തു കിടന്ന പട്ടിയുടെ വാല് പോലെ വളഞ്ഞു തന്നെ ഇരുന്നു. അവസാനം സുബിന്‍ ആ കടുംകൈ ചെയ്യാന്‍ തന്നെ തീരുമാനിച്ചു : മുടി വളര്‍ത്തിയിട്ടു പാര്‍ലറില്‍ പോയി സ്ട്രയിട്ടെന്‍ ചെയ്യുക !

അങ്ങനെ വളര്‍ത്തി വളര്‍ത്തി തോള് വരെ മുടി വളര്‍ത്തി എന്ന് സുബിന്‍ അവകാശപെടുന്നു. ഇതൊക്കെ സുബിന്റെ MCA കോഴ്സ് കഴിഞ്ഞിട്ടാനെന്നു ഓര്‍ക്കുക. പിന്നെ എന്തോ ആവശ്യത്തിനു സുബിന്‍ കോളേജില്‍ പോവുന്നു. ഈ കോലത്തില്‍ സുബിനെ വെല്‍കം ചെയ്തത് പലവിധ അഭിപ്രായങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു. എന്നാല്‍ പിറ്റേ ദിവസം തന്നെ സുബിന്‍ പിന്നില്‍ വളര്‍ന്നു കിടന്ന മുടി വെട്ടി മുന്‍വശം മാത്രം സ്ട്രയിട്ടെന്‍ ചെയ്തു.

ഇതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. സുബിനെ ദൂരെ നിന്നു കണ്ട ചിലര്‍ പുതിയ ഏതോ പെണ്‍കുട്ടി കോഴ്സ് വിവരങ്ങള്‍ അന്വേഷിക്കാന്‍ വന്നതാണെന്ന് വിചാരിച്ചു റാഗ് ചെയ്യാന്‍ ശ്രമിച്ചെന്നും പിന്നെ സീനിയര്‍ ആണെന്ന് മനസ്സിലായപ്പോള്‍ സോറി പറഞ്ഞു മുങ്ങിയത്രേ. സുബിന്റെ ക്ലാസ്സ് മേറ്റ്സ് അവന് സാരി ആണോ ചുരിദാര്‍ ആണോ കൂടുതല്‍ ചേര്‍ച്ച എന്ന വിഷയത്തില്‍ ഗ്രൂപ്പ് ഡിസ്കഷന്‍ നടത്തിയത്രേ. സുബിന് അല്പമെങ്കിലും ആശ്വാസം നല്കിയത് അവന്റെ ഗേള്‍ ഫ്രണ്ട്സ്‌ ഒരു നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ മാത്രമാണ്.ഇപ്പോള്‍ അവനെ കാണാന്‍ ഒരു സിനിമ നടനെ പോലെ ആണ്. സുബിന്‍ ആകാംഷയോടെ അത് ആരാണെന്നു അന്വേഷിച്ചു. അതാരാണെന്നു വെച്ചാല്‍ 'ചാന്തുപൊട്ട്' സിനിമയില്‍ ദിലീപ് മീശ എടുത്തു കളഞ്ഞാല്‍ സുബിന്റെ അതേ ഫേസ് കട്ട് ആണ് പോലും !

ഏറ്റവും അവസാനം കേട്ടത് എന്താണെന്നു വെച്ചാല്‍ മുഖത്ത് അല്പം പൌരുഷം വരുത്താന്‍ വേണ്ടി സുബിന്‍ ഇപ്പോള്‍ 'കരടി നെയ്യ്‌' അന്വേഷിച്ചു നടക്കുവാണ് !