Sunday, June 21, 2009

ട്രെയിന്‍ തേപ്പ്

ട്രെയിനില്‍ ദൂരയാത്ര ചെയ്യുക എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അത് ഒറ്റയ്ക്കാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അടുത്ത സീറ്റില്‍ എങ്ങനയുള്ളവര്‍ ആണ് എന്നതിനെ അപേക്ഷിച്ചിരിക്കും അങ്ങോട്ടുള്ള യാത്രയുടെ അവസ്ഥ. സ്റ്റേഷനില്‍ വന്നു ചാര്‍ട്ട് നോക്കുമ്പോള്‍ തന്നെ നമുക്ക് ഒരു ഏകദേശ ധാരണ കിട്ടും. മിക്കവാറും എന്തെങ്കിലും ഫാമിലി ആയിരിക്കും. മുത്തശ്ശിയും മുത്തച്ചനും ചെറുമക്കളും ഒക്കെ ഉണ്ടെങ്കില്‍ കെങ്കേമം. അങ്ങനെ സംഭവിച്ചാല്‍ ഉള്ള ഗുണങ്ങള്‍ എന്തൊക്കെയെന്നു വെച്ചാല്‍ പിള്ളേര്‍ തമ്മില്‍ ഗുസ്തി നടത്തുമ്പോള്‍ റഫറി ആവാം, രാത്രി മുത്തശ്ശി കഥകള്‍ കേട്ട് ഉറങ്ങാം എന്നിവയാണ്. അതല്ലെങ്കില്‍ കപ്പിള്‍സ്‌ വിത്ത്‌ ഓര്‍ വിത്തൌട്ട് കുട്ടിച്ചാത്തന്‍സ് ആയിരിക്കും. അവരായി അവരുടെ പാടായി. നമ്മള്‍ പിന്നെ പുറത്തു നോക്കി തെങ്ങാകുലകളുടെ ആട്ടം നോക്കിയിരുന്നാല്‍ മതി.

ചുരുക്കം ചില അവസരങ്ങളില്‍ നമ്മളെ പോലെ തരികിട പാര്‍ടീസിനെ കൂട്ട് കിട്ടും. എങ്കില്‍ ചീട്ടു കളിച്ചും തമാശ പറഞ്ഞും യാത്ര ആനന്ദകരം ആക്കാം. ഇനി പറയാന്‍ പോവുന്ന കാര്യം സംഭവിക്കാനുള്ള സാധ്യത ആയിരത്തില്‍ ഒന്ന് മാത്രമാണ്. ചാര്‍ട്ട് നോക്കുമ്പോള്‍ നിങ്ങള്‍ ഇരിക്കുന്ന സ്ഥലത്ത് ബാക്കി സീറ്റുകളില്‍ എല്ലാം പെണ്‍കുട്ടികള്‍! (ഓവര്‍ ആണല്ലേ ? എനിക്കും തോന്നി). എല്ലാം എന്നുള്ളത് പോട്ടെ. കുറഞ്ഞ പക്ഷം ഒരു പെണ്‍കുട്ടിയെങ്കിലും! മനസ്സില്‍ 'No:20 മദ്രാസ്‌ മെയില്‍', 'Jab we met' തുടങ്ങിയ സിനിമകളിലെ സീന്‍സ്‌ ഒക്കെ ഒന്ന് റീവൈണ്ട് ചെയ്തു സീറ്റ്‌ കണ്ടുപിടിച്ച് ആളെ കാത്തിരിക്കുമ്പോഴായിരിക്കും അടുത്ത് നിന്ന് ഒരു അപശബ്ദം കേള്‍ക്കുക.

"എച്ചുസ്‌ മി .... ഒറ്റയ്ക്കാണോ ?"

ഒറ്റയ്ക്കല്ല.... കൂടെ ഈ പെട്ടിയും ബാഗും ഒക്കെ ഉണ്ട് എന്ന് പറയാന്‍ പറ്റില്ലല്ലോ. "അതെ " എന്നൊരു ഉത്തരം പറഞ്ഞാല്‍ സീറ്റ്‌ എക്സ്ചേഞ്ച് എന്ന് പറയപ്പെടുന്ന പ്രോഗ്രാമിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. അങ്ങനെ എക്സ്ചേഞ്ച് ചെയ്തു കിട്ടിയ സീറ്റില്‍ ചെന്നാല്‍ വീണ്ടും മേല്‍പറഞ്ഞ രീതിയില്‍ ആയിരിക്കും അവസ്ഥ. പല പ്രാവശ്യം ട്രെയിനില്‍ യാത്ര ചെയ്തു റിസര്‍ച്ച് നടത്തി കണ്ടത്തിയ വിവരങ്ങള്‍ ആണിത്. റിസര്‍ച്ച് നടത്താതെ ഈ സംഭവവികാസത്തെ 'പാപി ചെല്ലുന്നിടം പാതാളം' എന്നും വിളിക്കാം.

അങ്ങനെ ഹൈദരാബാദില്‍ നിന്ന് നാട്ടിലേക്ക് ഒരു യാത്ര. ഞാന്‍ ഒറ്റയ്ക്കും. ആദ്യമേ തന്നെ ലിസ്റ്റ് നോക്കി. എന്റെ സീറ്റ്‌ നമ്പര്‍ 55. അടുത്ത സീറ്റ്‌ നോക്കി. '56 - Jennifer - F - 24'. ഗുണ്ടൂരില്‍ നിന്ന് കേറും . പാലക്കാട്‌ ഇറങ്ങും. വേഗം അകത്തു കേറി സീറ്റ്‌ കണ്ടുപിടിച്ചു. ആശ്വാസമായി. സിംഗിള്‍ സീറ്റ്‌ ആണ്. അപ്പൊ പിന്നെ ആരും അങ്ങനെ മാറി ഇരിക്കാന്‍ പറയില്ല. ഗുണ്ടൂര്‍ എത്താന്‍ വൈകുന്നേരം ആവും. അത് വരെ കാത്തിരിക്കുക തന്നെ. അടുത്തുള്ള സീറ്റുകളില്‍ ഒക്കെ ഒന്ന് സ്കാന്‍ ചെയ്തു നോക്കി. സ്കാന്‍ റിസള്‍ട്ട്‌ = O. ഇനി ജെന്നിഫര്‍ തന്നെ ശരണം !

പാട്ട് കേട്ടും ഉറങ്ങിയും പുറത്തെ കാഴ്ചകള്‍ കണ്ടും 6 മണി ആയപ്പോ ഗുണ്ടൂര്‍ എത്തി. ഉടന്‍ തന്നെ ഞാന്‍ സ്റ്റേഷനിലേക്ക് ചാടി ഇറങ്ങി. ബോഗിയുടെ ഒരു വാതിലില്‍ നിന്ന് മറ്റേ വാതിലിലേക്ക് രണ്ട് പ്രാവശ്യം മാര്‍ച്ച് ചെയ്തു. ജെന്നിഫര്‍ എന്ന് പേരിടാന്‍ സാധ്യതയുള്ള ആരും തന്നെ കേറുന്നില്ല. കുറച്ചു നേരം അവിടെ കറങ്ങി തിരിഞ്ഞു നിന്നെങ്കിലും ആരും വന്നില്ല. ഗുണ്ടൂരില്‍ ഒരു 10 മിനിറ്റ്‌ എങ്കിലും വണ്ടി നിര്‍ത്തിയിടും. സമയം കളയാന്‍ എന്തെങ്കിലും വേണമല്ലോ. ഞാന്‍ ഒരു ബുക്ക്‌ കട തപ്പി നടപ്പായി. അവസാനം ബുക്സ് ഒക്കെ മേടിച്ചു ഒരു ചായ ഒക്കെ കുടിച്ചു ഞാന്‍ പതുക്കെ ട്രെയിനില്‍ കേറി.

ങേ ??? എന്താത് ? എന്റെ സീറ്റില്‍.... അതാ ഇരിക്കുന്നു... ഒരു വലിയ......സുന്ദരമായ ബാഗ്‌ ! സീറ്റിന്റെ അടിയില്‍ ഒരു വലിയ പെട്ടി.... കാലു വെക്കുന്നിടത് ഒരു കാര്‍ഡ്ബോര്‍ഡ് ബോക്സ്‌.... മുകളില്‍ വേറെ ഒരു പെട്ടി! ആകെമൊത്തം എന്റെ സ്ഥലം കൈയേറ്റം ചെയ്തിരിക്കുന്നു. അഭയാര്‍ഥി ക്യാമ്പില്‍ വന്നു കേറിയത്‌ പോലെ ആയി എന്റെ അവസ്ഥ. ഇതിന്റെയൊക്കെ ഉടമസ്ഥ ഫോണും പിടിച്ചു സുഖമായി സീറ്റില്‍ ഇരിക്കുന്നു. മിസ്‌ ജെന്നിഫര്‍ !

"രണ്ട് സീറ്റിലായി ഇരുന്നോരുത്തനെ
വണ്ടിയില്‍ നില്‍ക്ക വെച്ചതും ഭവാന്‍
മുകളിലെ നല്ലൊരു ബെര്‍ത്തില്‍ നിറച്ചും
തുകലിന്‍ സഞ്ചികള്‍ കേറ്റിയതും ഭവാന്‍"

ദേഷ്യം എന്റെ തലയാകുന്ന പ്രെഷര്‍ കുക്കറില്‍ വിസില്‍ അടിച്ചു. ഞാന്‍ ചെറുതായി ഒന്ന് ചുമച്ചു. കേട്ടില്ലാ ! അല്പം കൂടി ഉച്ചത്തില്‍ ചുമച്ചു... ഫോണില്‍ അപ്പുറത്തുള്ള ആളും ചുമക്കയാണോ? അത് കൊണ്ടാണോ കേള്‍ക്കാതെ? നോ രക്ഷ ! അടുത്ത സൌണ്ട് എഫ്ഫക്റ്റ്‌ ആര്‍ക്കും അവഗണിക്കാന്‍ പറ്റുന്നത്ആയിരുന്നില്ല !

"ങ്യാച്ചീ ......!"

ട്രെയിന്‍ ഒരു നിമിഷത്തേക്ക് നിശ്ചലമായി. അടുത്ത സീറ്റില്‍ കിടന്നു ഉറങ്ങിയിരുന്ന മനുഷ്യന്‍ ഞെട്ടി എഴുന്നേറ്റു ചുറ്റും നോക്കി ഒരു കോട്ടുവാ ഇട്ടിട്ടു വീണ്ടും കിടന്നു ഉറങ്ങാന്‍ തുടങ്ങി! ബിസ്കറ്റ്‌ തിന്നു കൊണ്ടിരുന്ന കുട്ടി അവസാനത്തെ ബിസ്കറ്റ്‌ എടുത്തു തറയില്‍ കളഞ്ഞിട്ടു കവര്‍ തിന്നാന്‍ ആരംഭിച്ചു! ജെന്നിഫര്‍ ടോര്‍ച്ച്‌ കണ്ട മൌസിനെ പോലെ സീറ്റിന്റെ ഒരു മൂലയില്‍ ചുരുണ്ടു കൂടി എന്നെ നോക്കി.

ഞാന്‍ വളരെ ഗൌരവത്തില്‍ പറഞ്ഞു, " എന്റെ സീറ്റ്‌ ആണ് ഇത് !"

"ഓ സോറി" - ഈ ദിവസം ആ കുട്ടി പറയാന്‍ പോവുന്ന അവസാന വാക്കുകള്‍ അതായിരുന്നു എന്ന് ഞാന്‍ അറിഞ്ഞില്ല.

പെട്ടിയും ബാഗും ഒക്കെ മാറ്റി വെച്ചിട്ട് പുള്ളിക്കാരി ഉടന്‍ തന്നെ ഒരു ഇംഗ്ലീഷ് നോവല്‍ എടുത്തു വായന തുടങ്ങി. പാവത്തിന് നാളെ പരീക്ഷ കാണും. എത്ര ശ്രദ്ധയോടെയാ വായിക്കണേ ! ഞാന്‍ ശല്യം ചെയ്യാന്‍ പോയില്ല. നമ്മുടെ പുസ്തകം എടുത്തു ഞാനും വായന തുടങ്ങി - ബോബനും മോളിയും !

അര മണിക്കൂര്‍ കൊണ്ട് ഞാന്‍ മൂന്ന് ബുക്കും വായിച്ചു തീര്‍ത്തു. അപ്പോഴേക്കും ഫുഡ്‌ വന്നു. ഞാന്‍ കഴിക്കുമ്പോഴും അവള്‍ വായന തുടരുന്നു. പുള്ളിക്കാരി ഒന്നും കഴിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് തോന്നുന്നു. ചിലപ്പോ dieting ആയിരിക്കും. ഹേ... ആവില്ല! ട്രെയിനില്‍ കേറുന്നതിനു മുന്‍പ് മൂക്കുമുട്ടെ തിന്നു കാണും. ഇനി സ്ലീപിംഗ് പില്‍സിനു പകരം ആയിരിക്കും ഈ ബുക്ക്‌ വായന.

കൈ കഴുകി കുറച്ചു നേരം വാതിലിനടുത്ത് നിന്ന് കാറ്റൊക്കെ കൊണ്ടിട്ടു ഞാന്‍ തിരികെ സീറ്റില്‍ എത്തി. സീറ്റില്‍ ഒരു ശവം ! തല മുതല്‍ കാലു വരെ മൂടി പുതച്ച് ജെന്നിഫര്‍ ശവാസനത്തില്‍ കിടപ്പായി. ഭാഗ്യത്തിന് മുകളിലെ ബെര്‍ത്ത്‌ കാലിയാക്കി വെച്ചിട്ടുണ്ട്. ഞാന്‍ എന്നോട് തന്നെ ഒരു ഗുഡ്‌ നൈറ്റ്‌ പറഞ്ഞിട്ട് മുകളില്‍ വലിഞ്ഞു കേറി. സമയം 9 ആയതേ ഉള്ളു. കിടന്നിട്ടു ഉറക്കം വരണ്ടേ? ശവത്തിനു കാവലിരിക്കുന്ന പോലീസുകാരനെ പോലെ ഞാന്‍ കുറെ നേരം കണ്ണും ചിമ്മി ഇരുന്നിട്ട് എപ്പോഴോ ഉറങ്ങി.

രാവിലെ 9 മണി വരെ സുഖമായി ഉറങ്ങി. മരക്കൊമ്പില്‍ നിന്ന് വേതാളം വിക്രമാദിത്യനെ നോക്കുന്നത് പോലെ ഞാന്‍ താഴെ കിടന്നിരുന്ന ജെന്നിഫരിനെ നോക്കി. ഭാഗ്യം ! എഴുന്നേറ്റു. നോവല്‍ വായന തുടരുകയാ. ഞാന്‍ താഴെ ഇറങ്ങി ബ്രഷും പേസ്റ്റും ഒക്കെ എടുത്തോണ്ട് ഒന്ന് ഫ്രഷ്‌ ആയിട്ട് തിരികെ വന്നു എന്റെ സീറ്റില്‍ ഇരുന്നു.

"ഇതാ ബ്രേക്ക്‌ ഫാസ്റ്റ് ..." ഒരു പൊതി എനിക്ക് നീട്ടിയിട്ട്‌ ജെന്നിഫര്‍ പറഞ്ഞു.

ഓ... ഞാന്‍ ഉറക്കമായിരുന്നത് കൊണ്ട് പൊതി അവളുടെ കൈയില്‍ കൊടുത്തതാവാം. പൊതി മേടിച്ചു ഞാന്‍ പറഞ്ഞു - "താങ്ക് യു !"

"ഹായ് ... ഞാന്‍ ജെന്നിഫര്‍ "

ആ പേര് ആദ്യമായി കേള്‍ക്കുന്ന ഭാവത്തില്‍ ഞാന്‍ പറഞ്ഞു - "ഹലോ... ഞാന്‍ അഭി "

"ഇന്നലെ എനിക്ക് ഭയങ്കര ക്ഷീണം ആയിരുന്നു... അതാ ഒന്നും പറയാതെ ഞാന്‍ കിടന്നെ... ഒന്നും തോന്നരുതേ ട്ടോ "

എന്ത് തോന്നാന്‍ ? ബാക്കി ഉള്ളവര്‍ ഒക്കെ ചുമ്മാ സമയം കളയാന്‍ അല്ലെ ഉറങ്ങുന്നത്.. ഹും !

"ഇറ്റ്സ് ok !"

പിന്നെ സ്വിച്ച് ഓണ്‍ ചെയ്തത് പോലെ വാചകം ആയിരുന്നു. ഗുണ്ടൂരില്‍ നിന്ന് പാലക്കാടിലേക്ക് shift ചെയ്യുവാണ്, ആദ്യമായിട്ടാണ് ഒറ്റയ്ക്ക് യാത്ര, ബുക്കും വെച്ചോണ്ട് ഇരുന്നാല്‍ വായിനോക്കികള്‍ (ഞാന്‍ അല്ല) ഒന്നും ശല്യം ചെയ്യില്ലാന്ന് ഫ്രണ്ട്സ്‌ പറഞ്ഞെന്നും അങ്ങനെ അങ്ങനെ നോണ്‍ സ്റ്റോപ്പ്‌ കൊണ്ടാട്ടം ആയിരുന്നു പിന്നെ അവിടെ! ചുരുക്കി പറഞ്ഞാല്‍ ഒരു മിനി FM റേഡിയോ.

അവസാനം പത്തര ആയപ്പോള്‍ പാലക്കാട്‌ എത്തി. സംഭാഷണത്തിന് എമര്‍ജന്‍സി ബ്രേക്ക്‌ വലിച്ചോണ്ട് ജെന്നിഫര്‍ ഒരു ചോദ്യം ചോദിച്ചു.....

"അഭി.... ലഗ്ഗേജ് ഇറക്കാന്‍ എന്നെ ഒന്ന് സഹായിക്കുമോ ?"

എന്റമ്മേ.... കൂലിക്കാരെ വിളിച്ചു ഇറക്കേണ്ട സാധനങ്ങള്‍ ഞാന്‍ ഒറ്റയ്ക്ക് താങ്ങാനോ ? ഇന്നലെ ആലുവാമണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ലാതിരുന്നിട്ട് ഇന്ന് രാവിലെ എന്തായിരുന്നു സ്നേഹം! എല്ലാം ഇതിനു വേണ്ടിയായിരുന്നു അല്ലെ ? പറ്റില്ലെന്ന് എങ്ങനെയാ പറയുക ? എന്റെ ഇരട്ടി സൈസ് ഉള്ള പെട്ടികളും ബാഗും നോക്കി ഞാന്‍ പറഞ്ഞു - "നോ പ്രോബ്ലം"

മിസ്റ്റര്‍ ബ്രഹ്മചാരിയിലെ മോഹന്‍ലാലിനെ മനസ്സില്‍ ധ്യാനിച്ചു ലഗ്ഗേജ് ഓരോന്നായി ഇറക്കാന്‍ തുടങ്ങി. എല്ലാത്തിനും മുടിഞ്ഞ ഭാരം. അകത്തു കരിങ്കല്ലാണോ എന്ന് വരെ എനിക്ക് സംശയം തോന്നി.

"നല്ല വെയിറ്റ് ഉണ്ടോ ? ഞാന്‍ സഹായിക്കണോ ? കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ?" - ഇടയ്ക്കിടയ്ക്ക് ഈ വക ചോദ്യങ്ങള്‍ !!

"വേണ്ട... ഐ വില്‍ മാനേജ് ! " ഞാന്‍ പറയും. ഉവ്വ് ! മാനേജ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും ബോഡി ഡാമേജ് ആവുന്ന കാര്യത്തില്‍ ഒരു തീരുമാനം ആയി !

അങ്ങനെ മൂന്ന് നാല് മിനിറ്റ്‌ കൊണ്ട് എല്ലാം പുറത്തു എത്തിച്ചു.

"താങ്ക് യു അഭി.... പോര്‍ട്ടര്‍മാരെ വിളിച്ചെങ്കില്‍ ഇപ്പൊ ഒരു നൂറു രൂപ പോയി കിട്ടിയേനെ... thank you so much !"

ട്രെയിനില്‍ ചാരി നിന്ന് ഞാന്‍ വെറുതെ ചിരിച്ചു (നേരെ നില്ക്കാന്‍ വയ്യാത്തത് കൊണ്ടാ). താങ്ക്സ് മാത്രമേ ഉള്ളല്ലേ ? അഞ്ചു രൂപയുടെ ഒരു ബോഞ്ചി വെള്ളം മേടിച്ചു താടീ !

അപ്പോഴതാ മാടപ്രാവിനെ സോറി മാടിനെ പോലെയുള്ള ഒരു മനുഷ്യന്‍ ഓടികിതച്ചു വരുന്നു. ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ ജെന്നിഫര്‍ ആളെ പരിചയപ്പെടുത്തുന്നു.

"ഇത് എന്റെ husband - ജോസ് !"

അമ്പടി! ഈ തടിമാടന്‍ ഉണ്ടായിട്ടാണോ എന്നെ കൊണ്ട് പെട്ടി മുഴുവന്‍ എടുപ്പിച്ചത്. കീരിക്കാടന്‍ ജോസിനെ കണ്ട കൊച്ചിന്‍ ഹനീഫയുടെ ചിരി എന്റെ മുഖത്തും എങ്ങനെയോ വന്നു.

"ചേട്ടാ.. ഇത് അഭി... എന്റെ ലഗ്ഗേജ് മുഴുവന്‍ ഇറക്കി തന്നത് അഭിയാ !"

ആഹാ... എന്നെ കേവലം ഒരു പോര്‍ട്ടര്‍ ആകിയല്ലെടീ ടോട്ടരെ (മോളെ ) !

കീരിക്കാടന്‍ എന്നെയും പെട്ടികളെയും മാറി മാറി നോക്കി. പറഞ്ഞത് വിശ്വാസം വരാത്തത് പോലെ. എന്നിട്ട് ജെന്നിഫരിനോട് തുള്ളാന്‍ തുടങ്ങി - "നിന്നോട് ഞാന്‍ പറഞ്ഞതല്ലേ എല്ലാം കൂടി ചുമന്നോണ്ട് വരരുതെന്ന് ? "

ജെന്നിഫര്‍ : "പിന്നെ പാത്രങ്ങളൊക്കെ കളഞ്ഞിട്ടു വരാനോ ?"

ഓഹോ... അപ്പൊ ബാഗിനകത്തു കരിങ്കല്ല് അല്ല ... കറിചട്ടിയായിരുന്നു !

കീരി : "ഇനി ഇതൊക്കെ എങ്ങനെ സ്റ്റേഷന് വെളിയില്‍ എത്തിക്കും ?"

രണ്ട് പേരും നേര്‍ച്ചക്കോഴിയെ പോലെ എന്നെ നോക്കി. പക്ഷെ എന്റെ ഭാഗ്യത്തിന് അപ്പോഴേക്കും ട്രെയിന്‍ കൂവി. ഗുഡ്‌ ബൈ പറഞ്ഞു സീറ്റില്‍ എത്താന്‍ എനിക്ക് രണ്ട് സെക്കന്റ്‌ മാത്രമേ വേണ്ടി വന്നുള്ളു‌ !

പിന്നീടുള്ള യാത്ര മുഴുവന്‍ ഞാന്‍ മൌനവ്രതം അനുഷ്ഠിച്ചു !

Sunday, June 14, 2009

ഹസ്തരേഖ

അരണ്ട വെളിച്ചം, അടുത്തെങ്ങും ആരെയും കാണാനില്ല…

പേടിപ്പെടുത്തുന്ന നിശബ്ദത…. ചീവീടുകളുടെ ശബ്ദം മാത്രം DTS സൌണ്ടില്‍...

ഞാന്‍ ചുറ്റിലും നോക്കി.

ഒരു നിലയില്‍ ഡ്രാക്കുള . അതിന് മുകളില്‍ Jekyll and Hyde, അതിനും മണ്ടേല്‍ Frankenstein…

അങ്ങനെ നിര നിരയായി ഓരോരോ നിലകളില്‍ ഇരുന്നു താഴേക്ക്‌ എത്തി വലിഞ്ഞു നോക്കി ഇരിക്കുന്ന അവരുടെ ഇടയില്‍ കൂടി ഞാന്‍ നടന്നു.

എന്റെ ചുറ്റിലും നൂറ്റാണ്ടുകളുടെ പൊടിയും പിടിച്ചു stuff ചെയ്ത മമ്മിയെ കണക്കു അടര്‍ന്നു വീണു തുടങ്ങിയ പുസ്തക ലക്ഷങ്ങള്‍ !!!

വലിയ വായനശാല, തൊട്ടാല്‍ പൊടി പറക്കുന്ന അവിടെ ഇരുന്നു ചിലര്‍ പുസ്തകങ്ങള്‍ വായിക്കുന്നു, ചിലര്‍ കാര്‍ന്നു തിന്നുന്നു, ഞാന്‍ മുന്നോട്ടു നടന്നു....

പുസ്തകങ്ങളുടെ മറവില്‍ ഒരാള്‍ ഒമര്‍ ഖയാമിന്റെ പ്രിയസഖിയുമായി ലൈന്‍ അടിക്കുന്നു, വേറൊരാള്‍ പമ്മന്റെ "കമ്മലുമായി" അല്പം ചമ്മലോടെ എന്നെ നോക്കി ഇളിച്ചു അത് കണ്ടു പേടിച്ചു മുഖം തിരിച്ച ഞാന്‍ കണ്ടത് ഒ ചന്ദുമേനോന്റെ ഇന്ദുലേഖയുമായ് ഒരാള്‍ ഒരു മറവിലേക്ക് നീങ്ങുന്നതാണ്, ഇനിയും എന്തൊക്കെ കാണേണ്ടി വരും എന്ന് ചിന്തിച്ചു ഞാന്‍ മുന്നോട്ടു നീങ്ങിയപ്പോ എന്നെ തള്ളിമാറ്റി ഒരാള്‍ അതി വേഗത്തില്‍ ഒരു കയറും കൈയില്‍ വച്ചു ഫാന്‍ ലക്ഷ്യമാക്കി നടന്നു പോയി, അയാള്‍ എന്തേലും അവിവേകം കാട്ടുമോ എന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ ആ ഫാനിന്റെ മൂട്ടില്‍ ചെന്നു കയര്‍ (തകഴിയുടെ) തുറന്നു വച്ചു വായന തുടങ്ങി .അതിന്ടുത്തൊരാള്‍് ഡ്രാക്കുള്യെയും ശകുന്തള്യെയും ഒരുമിച്ചു കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്നു....വൃത്തികെട്ടവന്‍ !!!

ഹൂ horrible... .ഒരു Urban legend ഷൂട്ട്‌ ചെയ്യാന്‍ പറ്റിയ സിറ്റുവേഷന്‍.

തൊട്ടാല്‍ ആസ്ത്മ പിടിച്ചാലോ എന്ന് ഭയന്നും പുസ്തകങ്ങള്‍ക്ക് പുറകില്‍ സ്വൈര വിഹാരം നടത്തുന്ന ഇഴ -ഹിമ്ശ്രജന്തു സമൂഹത്തിനെയും ഞാനായി ശല്യപ്പെടുത്തണ്ട എന്നും കരുതി അല്പം സൂക്ഷിച്ചു ഭയത്തോട് കൂടി എന്റെ സുഹൃത്തിനെ കാത്തു ഞാനവിടെ നിന്നു.

അപ്പോഴാണ് എന്റെ കണ്ണില്‍ അത് ഉടക്കിയത് “ഹസ്തരേഖ ശാസ്ത്രം ”.

ഹൊ .. എന്തോരോക്കെ അപ്പോ... ഈ എഴുതി വചേക്കണത് അന്ധവിശ്വാസങ്ങ്ള്‍്സ് .

ഓ ... എന്നെ കുറിച്ചു ഞാന്‍ പറയാന്‍ മറന്നു, ഞാനൊരു നിരീശ്വരവാദിയാണ്. ഇന്നേ വരെ ഞാന്‍ ഒരു അമ്പലത്തില്‍ അറിയാതെ പോലും എത്തി നോക്കീട്ടില്ല ...

പിന്നെ ചിലപ്പം ഈ പരീക്ഷ ആകുമ്പഴും ലോട്ടറി ടിക്കറ്റ്‌ എടുക്കുമ്പോഴും വേറെ എന്തേലും സങ്ങടം ഒള്ളപഴും മാത്രമെ ഞാന്‍ ഈശ്വരനെ വിളിക്കാറും വഴിപാടു നടത്താറും ഒക്കെ ഒള്ളു......ആ കാര്യത്തില്‍ ഞാനൊരു പക്കാ കമ്മ്യൂണിസ്റ്റ് ആണ് ....

അത് കൊണ്ടു തന്നെ ശാസ്ട്രീയമല്ലാത്ത ഇത്തരം ശാസ്ത്രങ്ങളെ എനിക്ക് ഫയങ്കര പുച്ഛം ആണ്.

“ഡാ കുറേ നേരമായോ വന്നിട്ട് ?”

“ഹൊ .. പേടിപ്പിച്ചു കളഞ്ഞല്ലോടെയ് ”

“ങ്ഹാ .. ഹസ്തരേഖ ശാസ്ത്രം.. അപ്പൊ ഇതൊക്കെ വായിച്ചു തുടങ്ങിയാ മ്മ് ? കല്യാണം കഴിഞ്ഞു ഒരു കൊച്ചായപ്പോ വിശ്വാസങ്ങള്‍ ഒക്കെ വന്നു തുടങ്ങിയാടെയ് ങ്ങേയ് ഹി ഹി ഹി “

“ഒന്നു പോടാ.. നിന്നെ കാണാഞ്ഞു ചുമ്മാ നിന്നപ്പോ ഒന്നു മറിച്ച് നോക്കിയെന്നെ ഒള്ളു.."

"ഹൂ എന്തോക്കെയടെയ് ഇതില്‍ എഴുതി വച്ചിരിക്കനത്.. ഇതും ഒരു ശാസ്ത്രം ഫൂ… കൈയിലെ രേഖങള്‍ കൈ തുറക്കുകയും അടക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ് അല്ലാതെ ..”

“ഓഹോ ഞാന്‍ വിചാരിച്ചു പണ്ടു സ്കൂളില്‍ വച്ചു ടീച്ചര്‍ കൈയില്‍ അടിച്ചതോണ്ടാണ് ഇതു ഒണ്ടായതെന്നു…"

"ഒന്നു പോടാ.. ഇതിലൊക്കെ സത്യമുണ്ട് എനിക്ക് അനുഭവമുണ്ട്.."

"എന്റെ കൈ നോക്കി ഒരാള്‍ പറഞ്ഞതൊക്കെ സത്യമായിടുണ്ട് … എന്റെ ജോലി , അത് എത്രാം വയസില്‍.. എന്റെ ഭാര്യ …”

അത് ആണായിരിക്കോ പെണായിരിക്കോ … “

“ങേ … ഒന്നു പോടാ …”

“ആഹ .. നീ പറ ”

“ഹും എനിക്ക് കുട്ടികള്‍ എത്ര …”

“അതിലെതൊക്കെ നിന്റെ ..”

“ഡാ….”

“ഓ സോറി സോറി.. നീ പറ ”

“മ്മ് ഇതെല്ലാം അങ്ങേരു കറക്റ്റ് ആയിട്ട് പ്രവചിച്ചതാണ് , അന്ന് ഇതു തമാശ ആയി തോന്നിയെങ്ങിലും ഇതൊക്കെ നടന്നപ്പോ ആണ് വിശ്വാസം വന്നത്. എനിക്കും ഇപ്പൊ കൈ നോക്കാന്‍ കുറച്ചു അറിയാം .. നീ ആ കൈ ഒന്നു കാണിച്ചേഡാ

“ഓ ഇന്നാ നോക്ക്.. ബട്ട്‌ പൈസ വേണമെന്നു പറയരുത് ”

“ഓ വേണ്ട.. നിന്റെ കല്യാണം… മ്മ് … 29 -ആം വയസ്സില്‍ ആയിരുന്നു.. പിന്നെ നിനക്കു ഒരു മകള്‍ മാത്രമെ ഒള്ളു .. സത്യമല്ലേ”

“പോടാ .. ഇതൊക്കെ നിനക്കു അറിയാവുന്ന കാര്യങ്ങള്‍ അല്ലെ ”

“ഹി ഹി ഹി… അത് ശെരി ആണ് ബട്ട്‌ എനിക്ക് ഇതേ നോക്കാന്‍ അറിയൂ ഹി ഹി ഹി … ഡാ നിന്റെ ഈ കൈയിലെ വശത്ത് ചെറു വിരലിനു താഴെ ഉള്ള വര ഇല്ലേ? അതാണ്‌ എത്ര കുട്ടികള്‍ ഉണ്ടാകും എന്ന് അറിയാനുള്ള രേഖ, കട്ടി ഉള്ള ഒറ്റ രേഖ ആണ്‍കുട്ടി, കട്ടി കുറവാണേല്‍ പെണ്‍കുട്ടി ..

"ഡാ നിന്റെ രേഖക്ക് കട്ടി കുറവാ so u have a… ”

“ഹും മ്മ് .. daughter.. ok ok അതെന്തെലും ആവട്ട് .. ബാ നമുക്കു പോകാം .. അവന്റെ ഒരു കൈ നോട്ടം ..”

4 പെഗ് അടിച്ച് 4 വീലില് ഞാന്‍ വീട്ടിലെത്തി, പയ്യെ താക്കോലെടുത്ത് കതകു തുറന്നു കയറി ..

മോളും മിനിയും ഉറക്കം ആയികാണും

ബെഡ് റൂമിലെ ലൈറ്റിന്റെ വെട്ടത്തില്‍ ഞാന്‍ മോളെ നോക്കി, അവള്‍ നല്ല ഉറക്കം.

മിനി കണ്ണുകള്‍ക്ക്‌ മീതെ കൈ വച്ചു ഉറങ്ങുന്നു, വെള്ളത്തിന്റെ പുറത്തു ആയതു കൊണ്ടാണോ എന്തോ അറിയില്ല അവള്‍ നല്ല സുന്ദരി ആയരിക്കുന്നു … bootiful lady

ഇനി എങ്ങാനും വീട് മാറിപ്പോയോ ?

ഞാന്‍ ഒന്നു കൂടി നോക്കി .. ഏയ് ഇല്ല അതവള … തവള തന്നെ

അവളെ വിളിക്കാനായി തുടങ്ങിയപ്പോ ആണ് ഞാന്‍ അത് കണ്ടത്.. ആ നേരിയ വെളിച്ചത്തിലും വളരെ വ്യക്തമായി ഞാന്‍ അത് കണ്ടു


“അവളുടെ ചെറു വിരലിനു താഴെ കട്ടി ഉള്ള 2 രേഖകള്‍ ”

ങേ !!! ഈശ്വരാ….. നീയും എന്നെ തേച്ചോ !!! ഞാന്‍ തേക്കപ്പെട്ടോ….?

NB: വിവാഹിതര്‍ ഇതു വായിച്ചു കുടുംബ ദാമ്പത്യ പ്രശ്നങ്ങള്‍ കത്തി കുത്ത്, ഉലക്ക കൊണ്ടുള്ള പോര് എന്നിവ ഉണ്ടായാല്‍ ബ്ലോഗ് ഉടമകള്‍ അതിന് ഉത്തരവാദികള്‍ അല്ലായിരിക്കുനതാണ് എന്നും അത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരം നല്കുന്നതലെന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.


Tuesday, June 9, 2009

ചെമ്മീന്‍ ഫ്രൈ

നല്ല വലിയ ചെമ്മീന്‍ തോലൊക്കെ ഉരിച്ച്‌ വൃത്തിയാക്കി മസാല ഒക്കെ പുരട്ടി കുറച്ചു നേരം വെച്ചിട്ട് എണ്ണയില്‍ ഇട്ടു വറുത്തെടുത്തു കഴിക്കുക! ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പല്‍ ഓടിക്കാന്‍ വെള്ളം വന്നു കാണുമല്ലോ (വെജിട്ടെരിയന്‍സ് പ്ലീസ് എച്ചുസ്‌ മി). ഇതൊരു പാചക പോസ്റ്റ്‌ ആണെന്ന് വിചാരിച്ചു ക്ലിക്ക് ചെയ്തു വന്ന എന്റെ സുഹൃത്തുക്കളോട് ആദ്യമേ തന്നെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പറഞ്ഞു കൊള്ളട്ടെ - ഇതൊരു പാചക പോസ്റ്റ്‌ അല്ല ! (വാല്‍ക്കഷ്ണം നോക്കുക... ചെമ്മീനിന്റെ അല്ല പോസ്റ്റിന്റെ) അങ്ങനെ ആദ്യം തന്നെ തേപ്പ് നല്‍കി കൊണ്ട് ചെമ്മീന്‍ ഫ്രൈ എങ്ങനെ കഴിക്കാം എന്ന പരിപാടി തുടങ്ങുകയായി.

ആവശ്യമുള്ള സാധനങ്ങള്‍ :-

ചെമ്മീന്‍ ഫ്രൈ കിട്ടുന്ന ഹോട്ടല്‍ - 1
പഴ്സില്‍ കാശ് - ആവശ്യത്തിന്
വിശപ്പ്‌ - ആവശ്യത്തിലധികം

ഇത്യാദി സാധനങ്ങള്‍ ഒക്കെ ലിസ്റ്റ് പ്രകാരം കണ്ടുപിടിച്ച് പ്രത്യേകിച്ച് വിശപ്പ്‌ അല്പം കൂടുതല്‍ ആയപ്പോള്‍ ഞാന്‍ ഓഫീസില്‍ നിന്ന് ഊണ് കഴിക്കാന്‍ ഇറങ്ങി. ഹൈദരാബാദില്‍ മലയാളി ഹോട്ടലുകള്‍ വളരെ കുറവാണ്. ഏതെങ്കിലും ഒരു ഹോട്ടലില്‍ പോയാലോ കഴുത്ത് അറുക്കുന്ന റേറ്റ് ആയിരിക്കും. എന്നാലും നമ്മുടെ നാട്ടിലെ ഭക്ഷണം കഴിക്കാമല്ലോ എന്നൊരു ആശ്വാസത്തില്‍ എല്ലാരും കാശ് നോക്കാതെ ഫുഡ്‌ വാങ്ങി കഴിക്കാറുണ്ട്. എന്റെ ഓഫീസിന്റെ അടുത്തും ഇങ്ങനെ ഒരു ഹോട്ടല്‍ ഉണ്ട്. നമുക്ക് പിന്നെ ആന്ധ്രാ ഫുഡ്‌ വലിയ ഇഷ്ടം അല്ലാത്തത് കൊണ്ട് ഈ ഹോട്ടലില്‍ പോയി വയറു നിറയ്ക്കുകയും പോക്കറ്റ്‌ കാലിയാക്കുകയും ചെയ്തു പോരുന്നു.

അങ്ങനെ ഞാന്‍ നട്ടുച്ചയ്ക്ക് നടന്നു ഈ ഹോട്ടലില്‍ എത്തി ഏറ്റവും ചെലവു കുറഞ്ഞ ഐറ്റം ഓര്‍ഡര്‍ ചെയ്യുന്നു - ഊണ് ! അങ്ങനെ ഊണിനു കാത്തിരിക്കുമ്പോള്‍ അപ്പുറത്ത് നിന്നാരോ ചെമ്മീന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്യുന്നു. ഓഹോ... അപ്പോള്‍ ഇന്ന് സ്പെഷ്യല്‍ ആയിട്ട് ചെമ്മീന്‍ ഉണ്ട്. ഹൈദരാബാദില്‍ ഈ വക ഐറ്റംസ് ഒക്കെ കിട്ടാന്‍ വലിയ പാടാ. ഉടന്‍ തന്നെ ഓര്‍ഡര്‍ എടുക്കാന്‍ വന്ന ചേട്ടനെ വിളിച്ചു ഞാനും ഒരു ചെമ്മീന്‍ ഫ്രൈ പറഞ്ഞു. അല്പം താമസം ഉണ്ടെന്നു പറഞ്ഞെങ്കിലും ഞാന്‍ അത് കാര്യമാക്കിയില്ല. ഇന്ന് ചെമ്മീനും കൂട്ടി ഒരു പിടി പിടിച്ചിട്ടു തന്നെ ബാക്കി കാര്യം.

ഊണ് വേഗം വന്നു. ചോറും സാമ്പാറും ഒക്കെ വിളമ്പിയിട്ട് ചേട്ടന്‍ പറഞ്ഞു, " ഫ്രൈ ഇപ്പൊ കൊണ്ട് വരാം ട്ടോ !"

വിശന്നു കുടല് കരിഞ്ഞിരിക്കുന്നത് കാരണം ചോറും മുന്നില്‍ വെച്ച് കാത്തിരിക്കാനോന്നും വയ്യ. ഉരുട്ടി വിഴുങ്ങുക തന്നെ. വിശപ്പിനു അല്പം ആശ്വാസം കിട്ടിയിട്ട് ബാക്കി ചോറ് ഫ്രൈ കൂട്ടി തട്ടാം. അങ്ങനെ ഒരു അറ്റത്ത്‌ നിന്ന് ഞാന്‍ കഴിച്ചു തുടങ്ങി.

ഇടയ്ക്കിടയ്ക്ക് ഞാന്‍ ചേട്ടനെ നോക്കുന്നുണ്ട്. പുള്ളി "ഇപ്പ ശരിയാക്കിത്തരാം" എന്ന ലൈനില്‍ തന്നെ !

ചോറ് തീര്‍ന്നു കൊണ്ടിരിക്കുന്നു. വിശപ്പ്‌ കുറഞ്ഞു കൊണ്ടിരിക്കുന്നു. ചെമ്മീന്‍ ഫ്രൈ ആയികൊണ്ടിരിക്കുന്നോ ആവോ.ചെമ്മീന്‍ സിനിമയിലെ പരീക്കുട്ടിയെ പോലെ ഞാനും 'ചെമ്മീന്‍ ഫ്രൈ നീ വരൂ' പാടി തുടങ്ങി. അവസാനം തൈരും കൂട്ടി കഴിക്കാന്‍ മാത്രം അല്പം ചോറ് ബാക്കി ഉള്ളപ്പോള്‍ ചേട്ടന്‍ ഒരു പ്ലേറ്റ് ഉം കൊണ്ട് വന്നു. കൂടെ ഒരു ഗ്ലാസ്‌ വെള്ളവും.

കണ്ണ് നട്ടു കാത്തിരുന്നിട്ട് കിട്ടിയ ചെമ്മീന്‍ ഫ്രൈ എവിടെയെന്നു ഞാന്‍ പാത്രത്തിലേക്ക് നോക്കി. ങേ...?? ഇതെന്താ കുറെ സവാള വട്ടത്തില്‍ അരിഞ്ഞിട്ടിരിക്കുന്നു. കൂട്ടിനു കാപ്സികം ആന്‍ഡ്‌ കാബേജ് ! ഇവിടെ സാധാരണ ഹോട്ടലില്‍ ചെന്നിട്ടു എന്തെങ്കിലും ഓര്‍ഡര്‍ ചെയ്താല്‍ ഒരു പാത്രത്തില്‍ സവാളയും നാരങ്ങയും കൊണ്ട് തരാറുണ്ട്. മെയിന്‍ ഐറ്റം വരുന്നത് വരെ നാരങ്ങ ചാറ് ഒഴിച്ച് ഉള്ളി നക്കി നക്കി ഇരിക്കാന്‍ വേണ്ടിയാണ്. ഇതിപ്പോ കഴിച്ചു തീരാറായപ്പോള്‍ എന്തിനാ ഇത് കൊണ്ട് വന്നത്? ഇത് എന്നെ വല്ലാതെ കുഴച്ചു .തൈരും ചോറും ഞാന്‍ വീണ്ടും വീണ്ടും കുഴച്ചു.

അങ്ങനെ സിമന്റ്‌ കുഴക്കുന്നത് പോലെ ചോറ് കുഴചോണ്ട് ഇരുന്നപ്പോള്‍ പെണ്ണുകാണാന്‍ പോവുമ്പോ കതകിന്റെ പിന്നില്‍ നിന്ന് പെണ്ണ് ഒളിച്ചു നോക്കുന്നത് പോലെ സവാളയുടെ അടിയില്‍ നിന്നും എന്തോ ഒന്ന് എന്നെ നോക്കുന്നു. സംശയം തീര്‍ക്കാന്‍ വേണ്ടി ഞാന്‍ സവാള, കാപ്സിക്കം ഇത്യാദി സംഭവങ്ങള്‍ ഒക്കെ പാത്രത്തിന്റെ ഒരു വശത്തേക്ക്‌ നിക്ഷേപിച്ചു. അങ്ങനെ ആളെ പിടികിട്ടിപ്പോയി. നമ്മടെ ചെമ്മീന്‍ കുട്ട്യാ. പാത്രത്തിന്റെ ഒത്ത നടുക്ക് ഒളിച്ചിരിക്കുവാ ല്ലേ ?!

ഇത്രയും നേരം കാത്തിരുന്നു കിട്ടിയതല്ലേ ? ടേസ്റ്റ് എങ്ങനെ ഉണ്ടെന്നു അറിയാന്‍ വേണ്ടി ഒരെണ്ണം എടുത്തു. അയ്യോടാ... ഇതിനു 25 പൈസേടെ വലിപ്പം അല്ലെ ഉള്ളു. പാത്രത്തില്‍ ബാക്കിയുള്ളതും കൂടി നോക്കി. എല്ലാം മാത്തമാടിക്സാ! ഏറ്റവും വലുതിനു കഷ്ടിച്ച് 50 പൈസേടെ വലിപ്പം വരും. അങ്ങനെ മൊത്തം 12 എണ്ണം. അതും മാവില്‍ മുക്കിയത് കൊണ്ട് ഇത്രയെങ്കിലും ആയി. ചെമ്മീന്‍ കറി പറഞ്ഞിരുന്നേല്‍ അതില്‍ മുങ്ങി തപ്പേണ്ടി വരുമായിരുന്നല്ലോ!

ചെമ്മീന്‍ തേപ്പ് എന്ന് പറയുന്നത് ഇതാണല്ലേ മൈ ഡിയര്‍ ചേട്ടായീ ! ഗ്ലാസില്‍ വെള്ളം കൊണ്ട് വെച്ചത് എന്തിനാണെന്ന് ഇപ്പൊ മനസ്സിലായി. ഗുളിക വിഴുങ്ങുന്നത് പോലെ എല്ലാം കൂടി ഒരുമിച്ചു അണ്ണാക്കിലേക്ക് തള്ളിയിട്ടു ഒഴിക്കാന്‍ വേണ്ടിയിട്ടല്ലേ. ഒന്നും മിണ്ടാനാവാതെ ഞാന്‍ 'ചെമ്മീന്‍ ഫ്രൈ എന്ന് പറയപ്പെടുന്ന ഐറ്റം' കൂട്ടി ഊണ് കഴിച്ചു തീര്‍ത്തു.

ക്യാഷ് കൌണ്ടറില്‍ എത്തിയപ്പോഴാണ് തേപ്പ് തീര്‍ന്നിട്ടില്ല എന്ന് മനസ്സിലായത്‌. ഒരു പ്ലേറ്റിനു 50 രൂപ !! അതായത് ഒരു ചെമ്മീന്‍ പീസിന്റെ (ആര് ? ഷീലയോ? ആ പീസല്ല... ഇത് കഷണം) വില 4 രൂപയില്‍ കൂടുതല്‍ !! അത് നല്ല വലിയ മീന്‍ ആയിരുന്നെങ്കില്‍ പോട്ടെന്നു വെക്കാം. ഇത് ഒരുമാതിരി കൊറിക്കണ കപ്പലണ്ടിയുടെ സൈസ്. പറഞ്ഞിട്ട് കാര്യമില്ല... യോഗം തന്നെ! പഴ്സില്‍ നിന്ന് ഒരു നൂറു രൂപ നോട്ട് എന്നെ നോക്കി ബൈ ബൈ പറഞ്ഞു.

കാശ് മേടിച്ചിട്ട് ഹോട്ടല്‍ ഉടമ എന്നോട് ചോദിച്ചു : " ഇപ്പൊ കാണാനേ ഇല്ലല്ലോ ?"

ഞാനും തിരിച്ചു ചിരിച്ചു. മനസ്സില്‍ ഇത്രയും പറഞ്ഞു, " കാണാനേ ഇല്ല എന്ന് പറഞ്ഞത് ശരിയാ... കറിയില്‍ ആണെന്ന് മാത്രം!"

വാല്‍ക്കഷ്ണം : എന്തായാലും വന്നു... ഇനി പടത്തില്‍ കാണുന്ന സംഭവം എങ്ങനെയാ ഉണ്ടാക്കുന്നേ എന്ന് അറിയണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ മതി !

Sunday, June 7, 2009

കുളി

ഹുമാനപ്പെട്ട അധ്യക്ഷന്‍സ്‌ drainage റോഡ് അപ്പി

എത്രയും പ്രിയപൊട്ടന്‍ ഊളന്കുഴി ദാസപ്പന്‍

മറ്റു some പൂജ്യരായ മഹാ തേപ്പുകളെ എല്ലാവര്ക്കും ഏന്റെ വിനീതമായ കൂമ്പിനിടി

ഞാന്‍ ജഗ്ഗു, വഴിയേ പോയ എന്നെ വിളിച്ചിറക്കി ഈ തേപ്പു ലോകത്ത് വച്ചു അലക്കി തേക്കാന്‍ തീരുമാനിച്ച എല്ലാവര്ക്കും ഏന്റെ നന്ദി

(നന്ദി മാത്രമെ ഒള്ളു ഇതിന്റെ പേരില്‍ ചെലവു ചോയികല്ല്)

ഞാന്‍ തൊടങ്ങാന്‍ പോവുകാണ് അത് തേപ്പാണോ വയ്പ്പാണോ തേപ്പുപെട്ടി ആണോ മരപ്പട്ടി ആണോ എന്നൊന്നും എനിക്ക് അറിയില്ല,,

പക്ഷെ...

ഏന്റെ ജീവിതത്തില്‍ സംഭവിച്ച രസകരം എന്ന് ഞാന്‍ വിശ്വസിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ ഇതാ നിങ്ങള്‍ക്കായ്‌ ,
കൊള്ളമെങ്ങില്‍ പ്രോത്സാഹിപ്പിക്കുക ഇല്ലെങ്ങിലും പ്രോതസഹനം ഒട്ടും കുറയ്ക്കണ്ട

ആദ്യമായ്‌ നിങ്ങള്‍ക്കായ്‌ എന്റെ ഒരു

കുളി


: വെളുപ്പാന്‍ കാലത്തു തണുത്ത വെള്ളത്തില്‍ കുളിക്കുക ,

പിന്നെ, അങ്ങേര്‍ക്കു * അങ്ങനെയെല്ലാം പറയാം , പ്രവര്‍ത്തികേണ്ടത് ഞാന്‍ അല്ലെ :

(* അങ്ങേരു എന്ന് പറഞ്ഞാല്‍ , പൊതു അറിവിലെക്കായ്‌ പറയാം , എന്റെഹെല്‍ത്ത്‌ ടൂറിസം സര്‍ ആണ് , ജയമണി സര്‍ , കേരള യുനിവേര്‍സിറ്റി ഫിനാന്‍ഷ്യല്‍ഓഫീസര്‍ .)

എന്തൊരു തണുപ്പ് , പണ്ടാരം .”

(അതേയ് ഇതു വെളുപ്പാന്‍ കാലം ഒന്നും അല്ല , പുലര്നിട്ടു നാഴിക പലതു കഴിഞ്ഞു , സമയം 8:15 ആയി .)

: ചുമ്മാതിരിയെടാ , നിന്നോടരെങ്ങില്ലും ഇപ്പൊ വല്ലതും ചോദിച്ചോ ?

എടാ ചോദിചോന്നു ? :

(തെറ്റിധരികരുത് , കുളിമുറിയില്‍ ഞാന്‍ മാത്രമെ ഉള്ളു , മറ്റേ ശബ്ദം എന്റെ മനസാനെ . എപ്പോഴും ഇങ്ങനെയാ എന്തെങ്ങിലും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും , ഉള്‍വിളി or something; for eg; ഏമ്പക്കം …..)

: 1 കപ്പ്‌ വെള്ളം എടുത്തിട്ട് പതുക്കെ 1 വിരല്‍ അതിലേക്കു താഴ്ത്തി നോക്കുക , അപ്പോള്‍ അത് പാകം ആയിട്ടുണ്ടോ എന്നറിയാന്‍ കഴിയും . പാകം ആയിട്ടുണ്ടെങ്ങില്‍ , അഥവാ തണുപ്പ് ലേശം മാറിയിട്ടുന്ടെങ്ങില്‍ പതുക്കെ അത് ഒഴിക്കാം ,


അതേയ് , ഞാന്‍ പാചക വിധി വിസ്തരിച്ചതൊന്നും അല്ല . ഈ തണുത്ത വെള്ളം ദേഹത്തൊഴിക്കുന്ന കലാപരിപാടി വിശദീകരിച്ചതാണ് .

അങ്ങനെ ഒഴിച്ചു , ഛെ , അതല്ല കപ്പില്‍ നിന്നും വെള്ളം ഒഴിച്ചെന്നു .

ഹൊ എന്റമ്മോ എന്തൊരു തണുപ്പ് .
തറ്യില്ലാന്ന് ഒഴിച്ചത് , അത് തെറിച്ചു ദേഹത്ത് വീഴുമല്ലോ , തണുപ്പിനു ഒരു കുറവുണ്ടാകും അപ്പോള്‍ .
പയ്യെ പയ്യെ ദേഹത്ത് ഒരു കപ്പ്‌ ഒഴിച്ചു ,

ഈ സ്റ്റേജ് വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണ് വളരെ നാളത്തെ പരിശ്രമവും പരിശീലനവും ഇതിന് ആവശ്യം ആണ് , ഇല്ലെങ്ങില്‍ തണുത്തു ചത്തു പോകും .

അങ്ങനെ ആ difficult സ്റ്റേജ് കഴിഞ്ഞു , ഇനി കുഴപ്പം ഇല്ല ,
പെട്ടെന്ന് തന്നെ 2-3 കപ്പ്‌ വെള്ളം ഒഴിച്ചു , അങ്ങനെ തണുപ്പിനെ തോല്‍പിച്ചു .

“ആരോഗ്യം തരുന്ന സോപ്പ് എടുത്തു ദേഹം മുഴുവന്‍ പതയില്‍ പുതച്ചു , Shahrukh ഖാന്‍ കുളിക്കുന്ന സോപ്പ് ഇന്നലെ തീര്‍ന്ന് പോയി , ഇല്ലെങ്ങില്‍ അതില്‍ പുതച്ചു കരീനയെ സ്വപ്നം കാണാമായിരുന്നു .


അങ്ങനെ നിന്നപ്പോഴാണ് 1 ഫോണ്‍ , വല്യമ്മ ഫോണ്‍ എടുത്തു ,landline ആണ് .
:

ഹലോ
ഉണ്ടല്ലോ , അവന്‍ കുളിക്കുകയാണ്

: എനിക്കാണ് , ആരാകും ?, എന്തോ .
ഇവനൊന്നും വേറെ 1 പണിയും ഇല്ലേ രാവിലെ ആകുമ്പോ തുടങ്ങും ഫോണ്‍ എടുത്തുകുത്താന്‍.... കുത്തേ കെ ബച്ചേ . ഫൂ ..........
മാന്യന്മാരെ നേരെ കുളിക്കാനും തമ്മസികൂല .

(ഡേയ് മാന്യാ , 15 മിനിട്ട് ആയി , നിര്‍ത്തടേ നിന്റെ പള്ളി നീരാട്ട് , ഇപ്പൊ ക്ലാസ്സ് തുടങ്ങും

: ശരി ശരി , ഒറ്മിപ്പിചതിനു നന്ദി ഡാന്ഗ്സ് ,(മനസാണ് ) ഇവനെ കൊണ്ടു ഇങ്ങനെകുറെ ഗുനംസ് ഒക്കെ ഉണ്ട് കേട്ടാ :

ഡ്രസ്സ്‌ ചെയ്തു പെട്ടെന്ന് കഴിക്കാനായ്‌ ചെന്നു .

ആരാ വല്യമ്മാ വിളിച്ചത് ? ”

എന്തോ , പേരു പറഞ്ഞില്ല ,
അതല്ലെടാ എനിക്ക് മനസിലാകാതെ.... ,
നീ ഉണ്ടോ എന്ന് ചോദിച്ചു , ഞാന്‍ ഉണ്ടെന്നും പറഞ്ഞു ,
പക്ഷെ നീ കുളിക്കുകയാണ് എന്ന് പറഞ്ഞപ്പോ അവന്‍ ....,

sorry wrong number ആയിരിക്കും എന്ന് പറഞ്ഞു വെച്ചു കളഞ്ഞു .” )

ഹൂ...
TISHHHHHHH……………. അതൊരു വല്ലാത്ത വയ്പ്പ് ആയി പോയി ... !!!

Wednesday, June 3, 2009

സെമിത്തേരിയിലെ പ്രേതം

"എടി മറിയാമ്മേ... ഞാന്‍ ഇവിടെ കുപ്പിയില്‍ വെച്ചിരുന്ന സാധനം എന്തിയേടി ?"
"കുപ്പിയോ... നിങ്ങള്‍ എന്നതാ മനുഷ്യനെ ഈ പുലമ്പുന്നത് ? ഞാന്‍ ഒരു കുപ്പിയും കണ്ടില്ല "
"എന്തോ... സത്യം പറയെടീ? നീ അത് കുപ്പിയോടെ വിഴുങ്ങിയോ? ഞാന്‍ ഇനി എങ്ങനെ ഉറങ്ങും?!! ഞാന്‍ ഷാപ്പിലേക്ക് പോവാ "
"ദേ... കള്ളും കുടിച്ചു നാല് കാലില്‍ ഇങ്ങോട്ട് വരേണ്ട... അവിടെ വഴിയില്‍ സെമിത്തേരി ഉണ്ടല്ലോ... അതിനകത്ത്‌ വല്ല കുഴിയിലും കിടന്നോ"
"ഇവിടെ കിടക്കുന്നതിലും ഭേദം അതാ... നീ ആ ടോര്‍ച്ച്‌ ഇങ്ങു തന്നേടീ ... ഷാപ്പ്‌ അടക്കുന്നതിനു മുന്‍പ് എനിക്ക് പോയി വരണം "

കൂരിരുട്ടില്‍ ടോര്‍ച്ചും പിടിച്ചു അവുസേപ്പ്‌ ഷാപ്പ്‌ ലക്ഷ്യമാക്കി നടന്നു. ചന്ദ്രന് ഒരു ഹലോ പറയാമെന്നു വെച്ച് മുകളിലേക്ക് നോക്കിയപ്പോള്‍ മൂപ്പരെ കാണാനില്ല.

"ഓഹോ.. എന്നെ കാത്തു കൊള്ളാന്‍ നീ മുകളില്‍ ഉണ്ടല്ലോ എന്ന വിശ്വാസത്തിലാണ് ഞാന്‍ ഇറങ്ങി തിരിച്ചത്... കര്‍ത്താവേ കാത്തുകൊള്ളേണമേ !"

നടന്നു നടന്നു അവുസേപ്പ്‌ സെമിത്തേരിക്കു അടുത്തെത്തി. കാറ്റിനു പതിവില്ലാതെ ഒരു തണുപ്പ്. ഇനി താന്‍ വിയര്‍ക്കുന്നതിന്റെ ആവുമോ. ഹേയ്യ്.. ഇതൊക്കെ വെറും തോന്നലാ. അവുസേപ്പ്‌ വാച്ചിലേക്ക് നോക്കി. സമയം 10:30. പ്രേതങ്ങള്‍ ഇറങ്ങി നടക്കുന്ന സമയം ആയിട്ടില്ല. അവരുടെ ക്ലോക്കില്‍ പാതിരാത്രി 12 മണിക്കല്ലേ അലാറം അടിക്കൂ. ഒന്നും പേടിക്കാനില്ല.

വിറയ്ക്കുന്ന കാല്‍വെപ്പുകളോടെ അവുസേപ്പ്‌ സെമിത്തേരിക്കു അരികിലൂടെ നടക്കാന്‍ ആരംഭിച്ചു. രാത്രി ഇത് വഴി വരാന്‍ ആരും ധൈര്യപ്പെടാറില്ല. കല്ലറകളുടെ മുകളില്‍ രൂപങ്ങള്‍ ഇരിക്കുന്നതായിട്ടു പലരും കണ്ടിട്ടുണ്ടത്രേ. മൊത്തത്തില്‍ വെള്ള മൂടിയ രൂപങ്ങള്‍! അകത്തു കിടന്നു ചൂട് സഹിക്കാന്‍ വയ്യാതായപ്പോള്‍ കാറ്റ് കൊള്ളാന്‍ ഇറങ്ങിയതാവും. പാവങ്ങള്‍! കഴുത്തില്‍ കിടന്ന കുരിശു മാല അവിടെ തന്നെ ഉണ്ടോ എന്ന് ഒരിക്കല്‍ കൂടി അയാള്‍ പരിശോധിച്ചു.

" ശീ "

"കര്‍ത്താവേ... സെമിത്തേരിക്കു അകത്തു നിന്നാണല്ലോ ശബ്ദം കേട്ടത്". അവുസേപ്പ്‌ പ്രതിമ ആയി.

നോക്കണോ വേണ്ടയോ അതോ കണ്ണും പൂട്ടി ഓടണോ ? ചിന്താവിഷ്ടനായ അവുസേപ്പിനെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ശബ്ദം - " ശീ "

കുരിശു മാലയില്‍ മുറുക്കെ പിടിച്ചു അവുസേപ്പ്‌ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി. അവിടെ.... അവിടെ... കല്ലറയുടെ മുകളില്‍ ഒരു വെളുത്ത രൂപം ഇരിക്കുന്നു!

തൊണ്ട വറ്റി. ശരീരം തളരുന്നു. ആകെ മൊത്തം ഒരു മരവിപ്പ്. എന്നാലും ധൈര്യം മുഴുവനും ചോര്‍ന്നു പോയിട്ടില്ല. അവുസേപ്പ്‌ രണ്ടും കല്‍പ്പിച്ചുചോദിച്ചു.

"ആ... ആരാ ? "

വെളുത്ത രൂപം പതുക്കെ തിരിഞ്ഞു. അവുസേപ്പ്‌ ഒന്ന് നോക്കിയതെ ഉള്ളു. വെള്ള തല മുടി.തിളങ്ങുന്ന കണ്ണുകള്‍. വായില്‍ നിന്നും രണ്ട് ദംഷ്ട്രകള്‍. വെളുത്തു നീണ്ടപല്ലുകള്‍. ഡ്രാക്കുളയെ പോലെ.

ഈശോയേന്നു വിളിച്ചോണ്ട് അവുസേപ്പ്‌ വീട് ലക്ഷ്യമാക്കി ഒറ്റയോട്ടം!

++++++++++++++++++++++++++++++++++++++++++++++++++++++++++++++

ജോസ് തന്റെ സോഡാകുപ്പി കണ്ണട തുടച്ചിട്ടു വാച്ചിലേക്ക് നോക്കി. സമയം 10:30. വീട്ടില്‍ വെച്ചാണേല്‍ അമ്മച്ചി കണ്ടാല്‍ പ്രശ്നമാ. ഇവിടാവുമ്പോ ഒരു കുഴപ്പവുമില്ല. മാത്രമല്ല ഇവിടുത്തെ പ്രേതകഥകള്‍ കാരണം ആരും ഇങ്ങോട്ട് വരുകയുമില്ല. തോളില്‍ കിടന്ന തോര്‍ത്തെടുത്ത് ജോസ് തല വഴി ഇട്ടു. ഇനി ആരെങ്കിലും വന്നാലും തിരിച്ചറിയരുതല്ലോ.

സ്വസ്ഥമായി ഇരിക്കാന്‍ പറ്റിയ ഒരു കല്ലറ കണ്ടുപിടിച്ചു അതിനു മേലെ ഇരുന്നു. പോക്കെറ്റില്‍ നിന്നും സിഗരറ്റ് പാക്കറ്റ് കൈയിലെടുത്തു. മൂക്കില്‍ കൂടി പുകവലിക്കുന്നത് എങ്ങനെയാണെന്ന് ഒന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം.

ജോസ് സിഗരറ്റ് പതുക്കെ നാസാദ്വാരത്തിലേക്ക് കേറ്റി. "ആ....ച്ച്ചി !"

സിഗരറ്റ് തെറിച്ചു പോവുന്നു. വീണ്ടും അടുത്ത തുമ്മല്‍. "ആ... ച്ച്ചി !"

മൂക്കില്‍ കൂടി ശ്വാസം വിടുന്നത് കൊണ്ടാണ് ഈ പ്രശ്നം. ഐഡിയ! ജോസ് രണ്ട് സിഗരറ്റ് എടുത്തു രണ്ട് നാസാദ്വാരത്തിലേക്കും കേറ്റി. എന്നിട്ട് വായിലൂടെ ശ്വാസം വിടാന്‍ തുടങ്ങി. തീ കൊടുക്കാന്‍ തീപ്പെട്ടി തപ്പുമ്പോള്‍ പിറകില്‍ നിന്ന് ഒരു ശബ്ദം - " ആ... ആരാ ?"

"കര്‍ത്താവേ ചതിച്ചല്ലോ.... യേത് കാലമാടനാ ഈ നേരത്ത് ?" ജോസ് മനസ്സിലോര്‍ത്തു കൊണ്ട് തിരിഞ്ഞു.

ശേഷം ചിന്ത്യം !