Thursday, December 31, 2009

പുതുവത്സരാശംസകള്‍

തേപ്പുപെട്ടിയില്‍ തേയ്യ്ക്കാനും തേയ്ക്കപെടാനും വരുന്നാ എല്ലാ മാന്യന്മാര്‍ക്കും അത്രയ്ക്ക് മാന്യന്മാരല്ലാത്തവര്‍ക്കും സഹോദരിമാര്‍ക്കും സഹ - ഉരിമാരല്ലാത്ത സുന്ദരിമാര്‍ക്കും ഈ തേപ്പു ഉന്തു വണ്ടി ചേര്‍ന്ന് വലിക്കുന്ന നമ്മുടെ വിനീതമായ തേപ്പു കൈയും പുതുവത്സരാശംസകളും...
എല്ല്ലാവര്‍ക്കും മംഗളം ഭവന്തു
മനോരമയും മാതൃഭൂമിയും ഭവന്തു

ഇനിയും വരുന്ന വര്‍ഷങ്ങളിലും നമ്മുടെ അന്സഹിക്കബില്‍ തേപ്പുകള്‍ സഹിച്ചു നമ്മോടപ്പം ഉണ്ടാവണം എന്ന പ്രാര്‍ഥനയോടെ ഞാന്‍ എന്റെ വാക്കുകള്‍ ചുരുക്കുന്നു
നന്ദി നമസ്കാരം

Saturday, December 26, 2009

സുരാഗുരാഗന്‍

സഹൃദയരേ... ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സുബിന്‍ തേപ്പുപെട്ടിയില്‍ തിരിച്ചെത്തുകയാണ്. ഈ ക്രിസ്മസ് ആഘോഷവേളയില്‍ സുബിന്‍ ഞങ്ങള്‍ക്ക് തന്ന വിരുന്നിനും വീഞ്ഞിനും നന്ദി പ്രകടിപ്പിച്ചു കൊണ്ടുള്ളതാണ് ഈ പോസ്റ്റ്‌ !

ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ്‌ ആയ എംബണ്ടേ ചരിതം നിങ്ങള്‍ എല്ലാരും ഓര്‍ക്കുമെന്ന് വിശ്വസിക്കുന്നു. പറയാന്‍ ഉദ്ദേശിച്ചത് ഒന്നും, പറഞ്ഞ് വന്നപ്പോള്‍ മറ്റൊന്നും ആയതാണ് വിഷയം. ഹിന്ദിക്കാരനായ ഓട്ടോ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ 'ഭയ്യാ... ഇദര്‍ ബെയ്ട്ടിയേ!' എന്ന് പറഞ്ഞ എന്‍റെ കൂട്ടുകാരനെ ഞാന്‍ ഈ അവസരത്തില്‍ സ്മരിക്കുന്നു. അന്നേരം ഓട്ടോക്കാരന്‍ 'ഞാന്‍ പിറകെ വന്നിരുന്നാല്‍ ഓട്ടോ നീ ഓടിക്കുമോടാ' എന്ന് ഹിന്ദിയില്‍ തിരിച്ചു ചോദിച്ചത് പാവത്തിന് മനസ്സിലാവാഞ്ഞതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. പറഞ്ഞ് വന്നത് എന്തെന്ന് വെച്ചാല്‍ സുബിന് അബദ്ധം പറ്റിയതാണ് എന്ന് കരുതിയത്‌ ഞങ്ങളുടെ വെറും തെറ്റിധാരണ മാത്രമാണ് എന്ന് വൈകിയാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. അവന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന ടാലെന്റ്റ് പുറത്ത് വന്ന സംഭവം ഇങ്ങനെ.

ഒരു ദിവസം വൈകുന്നേരം ഞങ്ങള്‍ ബീച്ചില്‍ പോവുന്നു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍, ദാസപ്പന്‍, സുബിന്‍,ബിനു,ഹരി എന്നിവര്‍. ബീച്ചിലെ ചെല്ലക്കിളികളെ ഒക്കെ സ്കാന്‍ ചെയ്ത് സൂര്യന്‍ മുങ്ങുന്നുത് വരെ ഈവനിംഗ് വാക്ക് നടത്തി. ചെല്ലക്കിളികള്‍ ആരും തന്നെ മൈന്‍ഡ് ചെയ്യാത്തതില്‍ ദാസപ്പന്‍ വിഷമം പ്രകടിപ്പിച്ചു,

"എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം നീരസ ഭാവം മാത്രം. എന്തുവാടെ ഇങ്ങനെ ?"

ഞാന്‍ ദാസപ്പനെ ആശ്വസിപ്പിച്ചു.

"വിഷമിക്കാതെ അളിയാ... നിനക്ക് ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ ? അവര്‍ക്ക് നിന്റെ ഒപ്പത്തിനൊപ്പം നില്ക്കാന്‍ പറ്റില്ല... അത് കൊണ്ടാ അങ്ങനെ "

"അപ്പൊ നീയോ ?"

"ഞാന്‍ പിന്നെ ജനിച്ചപ്പോള്‍ മുതല്‍ ഗ്ലാമര്‍ താരം അല്ലേ ? അത് കൊണ്ടു എവിടെ ചെന്നാലും എനിക്ക് ഫാന്‍സ്‌ ഉണ്ടാവും "

ദാസപ്പനു സഹിച്ചില്ല.

"അതേ അതേ... രണ്ട് ഫാന്‍സ്‌ ഉറപ്പാ... സീലിംഗ് ഫാനും ടേബിള്‍ ഫാനും... നിന്നെ പോലെ സുന്ദരന്‍, സുമുഖന്‍,സുശീലന്‍...... പിന്നെ പിന്നെ ...."

വിശേഷണങ്ങള്‍ കിട്ടാതെ ദാസപ്പന്‍ വിക്കി വിക്കി വിക്കിപീടിയ തപ്പാന്‍ ഒരുങ്ങുമ്പോള്‍ സുബിന്‍ ബോംബിടുന്നു !

"സുരാഗുരാഗന്‍ "

അന്തരീക്ഷം ഒരു നിമിഷത്തേക്ക് നിശ്ചലമായി, അടുത്ത നിമിഷം അവിടെ കേട്ടത് ഞങ്ങള്‍ നാല് പേരും സുബിനെ നോക്കി "ങേ..." എന്ന് കോറസ് പാടിയ ശബ്ദം ആയിരുന്നു.

"സുബിന്‍.... പ്ലീസ് റിപീറ്റ് !"

"സുരാഗുരാഗന്‍ "

ഞങ്ങള്‍ പരസ്പരം നോക്കി. മിന്നലിന്റെ കൂടെ തണ്ടര്‍ ഉള്ളത് പോലെ സുബിന്റെ കൂടെ ബ്ലണ്ടര്‍ ഉണ്ട് എന്ന് നേരത്തെ തെളിഞ്ഞതിനാല്‍ ഞങ്ങള്‍ വണ്ടര്‍ അടിക്കുന്നത് വെറുതെയാണെന്ന് ഉറപ്പിച്ചു. പക്ഷെ ഇങ്ങനെ ഒരു വാക്ക് ഉണ്ടാവുമോ എന്നൊരു സംശയം നമുക്ക് ഇല്ലാതിരുന്നില്ല, മലയാള സാഹിത്യവും സുബിനും തമ്മിലുള്ള ബന്ധം അലുവയും മീന്‍കറിയും പോലെ ആയതിനാലും ഇത്തരം കടുകട്ടി പ്രയോഗങ്ങള്‍ ബാലരമ, പൂമ്പാറ്റ തുടങ്ങിയവ പോയിട്ട് സുബിന്റെ ഇഷ്ടപുസ്തകമായ കളിക്കുടുക്കയില്‍ പോലും ഉണ്ടാവില്ല എന്നുള്ള വിശ്വാസം ഉള്ളത് കൊണ്ടും ഞങ്ങള്‍ അങ്ങനെ ഒരു സാധ്യത തള്ളിക്കളഞ്ഞു. എന്നിരുന്നാലും സംശയ നിവാരണത്തിനായി ഞങ്ങള്‍ സുബിനോട് തന്നെ ആ വാക്കിന്റെ അര്‍ത്ഥം ആരാഞ്ഞു,

"സുബിനേ... സുരാഗുരാഗന്‍ എന്ന് വെച്ചാല്‍ എന്താ ?"

"സുരാഗുരാഗന്‍ എന്ന് വെച്ചാല്‍ സുരാഗുരാഗന്‍ തന്നെ !"

"അതിന്റെ അര്‍ത്ഥം പറയെടാ...."

"അതിനു പ്രത്യേകിച്ച് അര്‍ത്ഥം ഒന്നുമില്ല "

"എന്ന് വെച്ചാല്‍ ?"

"ഈ പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ ഒരു വാക്ക് യോജിക്കുമെന്നു തോന്നി... അത് കൊണ്ടു ഞാന്‍ പറഞ്ഞു !"

"അതായത് നീ ഒരു വാക്ക് ഉണ്ടാക്കി പറഞ്ഞു ???? "

"അങ്ങനെയും പറയാം !"

"അപ്പൊ നിനക്ക് അബദ്ധം പറ്റിയതാണ് അല്ലേ ?"

അബദ്ധം എന്ന് കേട്ടതും സുബിന്റെ സാങ്കല്‍പ്പിക മീശ വിറച്ചു! കണ്ണുകള്‍ ചുവന്നു. മുഷ്ടി ചുരുട്ടി.ഒന്ന് കൂടി നിവര്‍ന്നു നിന്നു.സുബിന്‍ ശയന പ്രദക്ഷിണം തുടങ്ങാന്‍ പോവുന്നതിന്റെ സൂചനകള്‍ മാത്രമായിരുന്നു ഇതൊക്കെ. സ്റ്റാര്‍ട്ട്‌... ക്യാമറ... ഉരുളല്‍ !

"അബദ്ധമോ ? എന്ത് അബദ്ധം ? എനിക്ക് അബദ്ധം പറ്റാറില്ല !"

"അപ്പോള്‍ കേട്ടുകേള്‍വി ഇല്ലാത്ത അര്‍ത്ഥം അറിഞ്ഞൂടാത്ത ഒരു മണ്ടത്തരം വിളിച്ചു പറഞ്ഞത് ?"

"അത് ഈ സാഹചര്യത്തിന് യോജിച്ച ഒരു വാക്ക് ഞാന്‍ പറഞ്ഞു എന്ന് മാത്രം !"

"ഓഹോ.... പുതിയ പുതിയ വാക്കുകള്‍ സൃഷ്ടിക്കാന്‍ നീ ആര് ? എഴുത്തച്ഛന്റെ കൊച്ചു മോനോ ? "

"അത് ഒരു പ്രത്യേക കഴിവാണ്.... സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഞാന്‍ ഇനിയും ഇങ്ങനെ ഓരോന്ന് പറയും !"

"അപ്പൊ ഇതൊരു മെഗാ സീരിയല്‍ പോലെ തുടരാന്‍ ആണോ ഉദ്ദേശ്യം ? അബദ്ധം പറ്റിയെന്നു സമ്മതിക്കെടാ !"

രക്ഷയില്ലാ...! ഡയറക്ടര്‍ കട്ട്‌ പറഞ്ഞിട്ടും കഥാപാത്രത്തില്‍ നിന്നും പുറത്ത് വരാത്ത അഭിനേതാവിനെ പോലെ സുബിന്‍ വണ്ടിചക്രം എന്ന ക്യാരക്ടരില്‍ പരകായപ്രവേശം നടത്തി നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഉരുണ്ടു കൊണ്ടിരുന്നു.

"ഒരിക്കലുമില്ല... ഇതിനെ അബദ്ധം എന്നൊന്നും പറയാന്‍ പറ്റില്ലാ ". സുബിന്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല.

"അപ്പോള്‍ അര്‍ത്ഥമില്ലാത്ത വാക്കുകള്‍ വിളിച്ചു പറയുന്നത് മണ്ടത്തരം അല്ലാതെ പിന്നെന്താണ് ? "

"എല്ലാ വാക്കുകള്‍ക്കും അര്‍ത്ഥം ഉണ്ടാവണമെന്നില്ല... ഉദാഹരണത്തിന് 'സുബിന്‍' വാക്കിനു അര്‍ത്ഥമുണ്ടോ ?"

ആഹാ... അവസാനം ഒരു പിടിവള്ളി സുബിന്‍ തന്നെ തന്നിരിക്കുന്നു.

"മോനേ സുബിനേ .... എന്നാല്‍ ഒരു കാര്യം ചെയ്യ്‌... സുബിന്‍ എന്ന അര്‍ത്ഥമില്ലാത്ത പേരിന്റെ കൂടെ സുരാഗുരാഗന്‍ കൂടി ചേര്‍ത്തോ !"

അങ്ങനെ ഒരു ചെലവും കൂടാതെ പുതിയൊരു സൂപ്പര്‍ പേരും കിട്ടി സുബിന്‍ കുറച്ചു നേരത്തേക്കെങ്കിലും നിശബ്ദനായി. സംഭവം നടന്നിട്ട് നാളിതു വരെ അബദ്ധം പറ്റിയതാണെന്ന് സുബിന്‍ സമ്മതിച്ചിട്ടില്ല... എന്താ സുബിനേ ഇങ്ങനെ ??? :)

Thursday, November 26, 2009

ഹാപ്പി തേപ്പ്ഡേ


തേപ്പുപെട്ടിക്കു ഒന്നാം പിറന്നാള്‍ !!

ഒരു വര്‍ഷം മുന്‍പ് എന്‍റെ കുറച്ചു കൂട്ടുകാരെ തേയ്ക്കാന്‍ വേണ്ടി തുടങ്ങിയ ഈ ബ്ലോഗ്‌ ഇവിടം വരെ കൊണ്ടു എത്തിച്ചതില്‍ വായനക്കാരായ നിങ്ങളുടെ തേപ്പ് എത്രത്തോളം ഉണ്ടെന്നു പറഞ്ഞറിയിക്കാന്‍ വയ്യ. പോസ്റ്റുകള്‍വായിച്ച് അഭിപ്രായങ്ങള്‍ കമന്റ്സ് ആയും തെറി ആയും പിന്നെ നേരിട്ട് നല്ല രീതിയില്‍ അറിയിച്ചവര്‍ക്കും എന്‍റെ നന്ദി ഞാന്‍ ഇവിടെ രേഖപ്പെടുത്തി കൊള്ളുന്നു.

ബ്ലോഗ്‌ ഡിസൈന്‍ ആന്‍ഡ്‌ പരിപാടിസ് ചെയ്യാന്‍ എന്നോടൊപ്പം നിന്ന ദാസപ്പനു ഒരു എക്സ്ട്രാ നന്ദി !

തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊള്ളുന്നു... കൂടുതല്‍ തേപ്പുകളുമായി ഞാന്‍ ഇനിയും വരും... അത് വരെ വണക്കം !

Sunday, November 22, 2009

കടമറ്റത്ത്‌ കുട്ടപ്പന്‍

ധാ തരികിട ധി തരികിട ധും തരികിട തോം !

കുട്ടപ്പന്‍ കൈയില്‍ ബിയര്‍ കുപ്പികള്‍ അടങ്ങിയ കവറുമായി റൂമില്‍ എന്‍ട്രി നടത്തി. കുട്ടപ്പന്റെ വരവ് ഞങ്ങളെ എല്ലാം ഉന്മേഷഭരിതരാക്കി. എന്നാല്‍ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല. അവന്‍ കാലെടുത്തു വെച്ചതും കറന്റ്‌ പോയതും ഒരുമിച്ചായിരുന്നു.

"ഹോ... നശിപ്പിച്ചു... ഇന്ന് ഇനി കൊതുക് കടി കാരണം ഉറക്കവും ഉണ്ടാവില്ല "

"അതിനല്ലേടാ നിരത്തി വെച്ചിരിക്കുന്ന കുപ്പികള്‍... അത് കാലിയാക്കിയാല്‍ പിന്നെ എന്ത് കടിച്ചാലും ഉണരില്ല !"

ഞാന്‍ അപ്പോഴേക്കും മൊബൈല്‍ ഫോണിലെ ടോര്‍ച്ചുമായി മെഴുകുതിരി തപ്പി അടുക്കളയിലേക്കു നടന്നു. കത്തിച്ച മെഴുകുതിരി റൂമിന്റെ ഒത്ത നടുക്ക് കുപ്പികളുടെ അരികില്‍ തന്നെ സ്ഥാപിച്ചു.

"അപ്പൊ സംഭവം തുടങ്ങുവല്ലേ ?" കുട്ടപ്പന്‍ വിളിച്ചു കൂവി.

ഞങ്ങള്‍ എല്ലാരും ഒരു ഞെട്ടല്‍ അഭിനയിച്ചു.

"എടാ,,, ഞാന്‍ ഒരു അശരീരി കേട്ടെടാ ,,, നീ കേട്ടോ ? "

"അത് അശരീരി അല്ലെടാ... നമ്മുടെ കുട്ടപ്പനാ ... ഇരുട്ടായത് കൊണ്ടു കാണാത്തതാ... ഡാ കുട്ടപ്പാ.. ഒന്ന് ചിരിച്ചു കാണിച്ചേ,,, ഞങ്ങള്‍ എല്ലാരും നിന്നെ ഒന്ന് കാണട്ടെ !"

കുട്ടപ്പന്റെ കുരു പൊട്ടി. തന്റെ ഗ്ലാമറിനെ അലവലാതികള്‍ ചോദ്യം ചെയ്യാറായോ ?

"കൂടുതല്‍ ചിരിക്കേണ്ട... നീയൊക്കെ ഇരിക്കുന്നിടത്ത് നോക്കിയാല്‍ വെള്ള ഷര്‍ട്ട്‌ ഉണക്കാന്‍ ഇട്ടിരിക്കുവാ എന്നേ തോന്നൂ... "

വെള്ളമടി പുരോഗമിക്കവേ സംസാരം പ്രേതങ്ങളെ കുറിച്ചായി. എല്ലാവരും അവരവര്‍ക്കുണ്ടായ അനുഭങ്ങള്‍ പങ്കു വെക്കാന്‍ തുടങ്ങി.

"എന്‍റെ കുട്ടിക്കാലത്ത് വീട്ടിനടുത്ത് ഒരു കെട്ടിടം ഉണ്ടായിരുന്നു. അവിടെ ഞാന്‍ വെള്ള സാരി ഉടുത്ത രൂപങ്ങളെ കണ്ടിട്ടുണ്ട്.. !" രവി കഥ പറച്ചില്‍ തുടങ്ങി.

"നീ വ്യക്തമായി കണ്ടിട്ടുണ്ടോ ? ചുമ്മാ പുളുവടിക്കാതെ..." ഞങ്ങള്‍ കാത്തു കൂര്‍പ്പിച്ചു.

"ഞാന്‍ ദേ തൊട്ടടുത്ത്‌ കണ്ടിട്ടുണ്ട്. അതും ഒന്നല്ല... പല രൂപങ്ങള്‍ ഒരുമിച്ച് "

"ശോ.... എന്നിട്ട് ? നീ എപ്പോഴാ കണ്ടത്? രാത്രിയോ പകലോ ? കാണാന്‍ എങ്ങനെ ഉണ്ടായിരുന്നു ?"

"രാത്രിയെന്നോ പകലെന്നോ വ്യതാസം ഒന്നുമില്ലായിരുന്നു... എപ്പോഴും കാണാമായിരുന്നു... എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാല്‍ ചിലരെ കാണാന്‍ നല്ല ഭംഗിയായിരുന്നു... ചിലരെ കണ്ടാല്‍ പേടിയാവും..."

"ഓഹോ... ആ കെട്ടിടത്തിനെ എല്ലാരും എന്തായിരുന്നു വിളിച്ചിരുന്നത്‌ ? പ്രേതഭവനം ? ഭാര്‍ഗവീനിലയം ?"

"ഏയ്‌... അതൊന്നുമല്ല... ഞങ്ങള്‍ അതിനെ സര്‍ക്കാര്‍ ആശുപത്രി എന്ന് വിളിച്ചിരുന്നു !"

"#$%*%@&... എടാ മ മ മ ... മത്തങ്ങാ തലയാ... ഇനി ഒരക്ഷരം മിണ്ടിപ്പോവരുത്‌ !"

അടുത്തത് ബിജുവിന്റെ ഊഴം...

"പ്രേതം, ആത്മാവ്, ഭൂതം തുടങ്ങിയവയൊക്കെ കഥയിലും സിനിമയിലും ഒക്കെ ഉള്ളതാ... നമ്മള്‍ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. എല്ലാം മനസ്സിന്റെ തോന്നലുകള്‍ മാത്രം"

"എനിക്കും അങ്ങനെയാ തോന്നുന്നെ... ഹൊറര്‍ പടങ്ങള്‍ ഒക്കെ കണ്ട് നമ്മള്‍ തന്നെ ഓരോന്ന് ആലോചിച്ചു സ്വയം പേടിക്കും" ഞാനും ബിജുവിനൊപ്പം ചേര്‍ന്നു.

"അത് ശരിയാ... പണ്ട് EVIL DEAD 2 എന്നൊരു പടം കണ്ടിട്ട് രണ്ട് ദിവസം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല... അതില്‍ തലയില്ലാത്ത ഒരു പെണ്ണ് വന്ന് ഡാന്‍സ് കളിക്കുന്ന ഒരു സീന്‍ ഉണ്ട്... ഓര്‍ക്കുമ്പോ ഇപ്പോഴും പേടിയാവും !" രവി പേടി മാറാന്‍ കുപ്പിയില്‍ നിന്നു ഒരു കവിള്‍ കൂടി എടുത്തു.

"അതൊരു പഴയ പടം അല്ലേ ? അത് കഴിഞ്ഞു ഒരുപാട് പടങ്ങള്‍ വന്നല്ലോ... എന്തൊക്കെ പറഞ്ഞാലും നമ്മള്‍ മലയാളികള്‍ക്ക് രക്തം ഊറ്റികുടിക്കുന്ന യക്ഷികളോട് തന്നെയാണ് ഇഷ്ടം.... രക്തം പുരണ്ട ചുണ്ടുകള്‍ നക്കിതുടക്കുന്ന രംഗം ഓര്‍ക്കുമ്പോ തന്നെ ഒരുമാതിരിപ്പെട്ടവന്മാരോക്കെ പേടിക്കും" പ്ലേറ്റില്‍ നിന്നും കുറച്ചു അച്ചാര്‍ നക്കിക്കൊണ്ട്‌ ബിജു തുടര്‍ന്നു.

ഇത്രയൊക്കെ ആയിട്ടും കുട്ടപ്പന്‍ മാത്രം ഒന്നും മിണ്ടുന്നില്ല. എല്ലാം കേട്ടു പാവം പേടിച്ചു ജീവച്ഛവം ആയോ എന്നൊരു സംശയം വന്നതിനാല്‍ ഞാന്‍ ചോദിച്ചു," കുട്ടപ്പാ... നീ എന്താ ഒന്നും മിണ്ടാതെ ? പേടിച്ചു പോയോ ?"

കുട്ടപ്പന്‍ എല്ലാവരെയും ഒന്ന് ഇരുത്തി നോക്കി.

"പേടിക്കാനോ ? ഞാനോ ? പേടി എന്നൊരു വാക്ക് കുട്ടപ്പന്റെ ഡിക്ഷനറിയില്‍ ഇല്ല.... നിങ്ങള്‍ കടമറ്റത്ത്‌ കത്തനാര്‍ എന്ന് കേട്ടിട്ടുണ്ടോ ?"

"ഉണ്ട് കേട്ടിട്ടുണ്ട്... പുള്ളി നിന്റെ ആരാ ? വകയില്‍ ഒരു ഫാദര്‍ ആയിട്ട് വരുമോ ?" രവിയാണ് മറുപടി പറഞ്ഞത്.

"ഛീ... വൃത്തികേട്‌ പറയുന്നോടാ ???"

"അളിയാ നീ എന്നേ തെറ്റിദ്ധരിച്ചു.. ഫാദര്‍ എന്ന് വെച്ചാല്‍ അച്ചന്‍... ഡാഡി അല്ല !"

"ഓ അങ്ങനെ... പുള്ളിയും ഞാനും ഒരേ നാട്ടുകാരാ... അത് കൊണ്ടു ഏതു പ്രേതവും എന്നോട് കളിയ്ക്കാന്‍ ഒന്ന് മടിക്കും !"

"പിന്നെ പ്രേതം ബയോടാറ്റ ഒക്കെ നോക്കിയിട്ടല്ലേ വരുന്നത്... ഒന്ന് പോടാ ചെക്കാ..."

"നോക്കിയാലും നോക്കിയില്ലെങ്കിലും എന്നോട് കളിയ്ക്കാന്‍ വാരുന്ന പ്രേതത്തിനെ ഞാന്‍ പറ പറപ്പിക്കും !"

ഇത്രയും ആയ സ്ഥിതിക്ക് കുട്ടപ്പനെ അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

"കുട്ടപ്പാ... നിനക്കറിയാമോ? നമ്മുടെ റൂമിന്റെ മുകളിലത്തെ റൂമില്‍ ഒരു പെണ്ണ് ആത്മഹത്യ ചെയ്തിട്ടുണ്ട്. അന്തരീക്ഷത്തില്‍ ഒഴുകി നടക്കുന്ന ഒരു രൂപത്തെ പലരും കണ്ടതായി പറയുന്നുണ്ട് !"

"നീയൊക്കെ ഇത് എന്നേ പേടിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ലേ ?" കുട്ടപ്പന് വിശ്വാസം വരുന്നില്ല.

"അല്ലെടാ... സത്യം ... നീ അടിച്ച ടയലോഗ് ഒക്കെ പുള്ളിക്കാരി കേട്ടിട്ടുണ്ടെങ്കില്‍ സൂക്ഷിച്ചോ... നിന്റെ കാര്യം പോക്കാ !"

കുട്ടപ്പന് ചെറുതായി പേടി വന്ന് തുടങ്ങി.

"ഡാ... സത്യമാണോ ? ഇത് നേരത്തെ പറഞ്ഞ് കൂടായിരുന്നോ... വെറുതെ ഓരോന്ന് വിളിച്ചു കൂവിയല്ലോ... ഇനി എന്ത് ചെയ്യും ?"

"മെഴുകുതിരി കെടുത്തിയിട്ട്‌ കിടക്കുക... അല്ല പിന്നെ "

രാത്രി 2 മണി. കുട്ടപ്പന്‍ കണ്ണ് തുറന്നു. കലശലായ ദാഹം. വെള്ളം വെച്ചിരുന്ന കുപ്പി കാലി. ദ്രോഹികള്‍ എല്ലാം നേരത്തെ തന്നെ കുടിച്ചു തീര്‍ത്തു. ഇനി അടുക്കളയില്‍ പോയി വെള്ളം എടുത്തേ പറ്റൂ. ദാഹം സഹിക്കാന്‍ പറ്റുന്നില്ല. പോണോ വേണ്ടയോ ? കുട്ടപ്പന്‍ ധര്‍മ്മ സങ്കടത്തിലായി.

തലയില്ലാത്ത പെണ്ണ്, ഒഴുകി നടക്കുന്ന രൂപം എന്ന് വേണ്ട കുട്ടിക്കാലത്ത് കണ്ട കള്ളിയങ്കാട്ടു നീലിയിലെ രംഗങ്ങള്‍ മുതല്‍ ഇന്നലെ കണ്ട സിനിമാ പോസ്ടറിലെ രൂപം വരെ കുട്ടപ്പന്റെ മനസ്സിലൂടെ ഫാസ്റ്റ് ഫോര്‍വേഡ് നടത്തി. കൈയും കാലിനും ഒക്കെ മരവിപ്പ്. ശരീരം മൊത്തം വിയര്‍ത്തു കുളിച്ചിരിക്കുന്നു, കറന്റ്‌ വരാത്തതിനാല്‍ ലൈറ്റ് ഇടാനും നിവര്‍ത്തിയില്ല. കുട്ടപ്പന്‍ ഒരു നിമിഷം കണ്ണും പൂട്ടി കിടന്നു. എന്നിട്ട് രണ്ടും കല്‍പ്പിച്ചു എഴുന്നേറ്റു.

പിന്നെ അടുക്കളയിലോട്ട്‌ ഒരു ഓട്ടം ആയിരുന്നു ! കണ്ണ് ചിമ്മുന്ന വേഗത്തില്‍ കുട്ടപ്പന്‍ വെള്ളം വെച്ചിരിക്കുന്ന പാത്രത്തിനു അരികിലെത്തി. നല്ല നിലാവ് ഉണ്ടായിരുന്നതിനാല്‍ റൂമിനകം അത്യാവശ്യം കാണാന്‍ കഴിയുന്നുണ്ടായിരുന്നു. പാത്രത്തിലുണ്ടായിരുന്ന വെള്ളം പകുതിയും അകത്താക്കിയപ്പോഴാണ് കുട്ടപ്പന് ആശ്വാസമായത്. അതിനകം അല്പം ധൈര്യം കൂടി വന്നോ എന്നൊരു സംശയം. ഒരു മൂളിപ്പാട്ട് പാടിക്കൊണ്ട് കുട്ടപ്പന്‍ തിരികെ ബെഡ് റൂമിലേക്ക്‌ നടന്നു.

ബാല്‍കണിയിലേക്കു തുറന്നു കിടക്കുന്ന ജനലിലേക്ക് വെറുതെ ഒന്ന് നോക്കി. അവിടെ ഒരു രൂപം നില്ക്കുന്നുണ്ടോ ? കുട്ടപ്പന്‍ പ്രതിമ ആയി! ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. അതേ... ആരോ അവിടെ നില്‍ക്കുന്നു.. രൂപം ചെറുതായി അനങ്ങുന്നു! പെട്ടെന്ന് ഒരു കാറ്റടിച്ചു ! രൂപം ബാല്‍കണിയില്‍ നിന്നും താഴോട്ടു... ഇല്ല... താഴോട്ടു പോവാതെ കാറ്റത്ത്‌ പറന്നു നില്‍ക്കുന്നു... നിലാവത്ത് രൂപം കൂടുതല്‍ വ്യക്തമായി... ഒരു പെണ്ണിന്റെ ഉടല്‍...അതും തലയില്ലാതെ... ഇതവളാ ! മുകളിലത്തെ റൂമില്‍ തൂങ്ങി ചത്ത ചേച്ചി !! "എന്റമ്മോ " എന്ന് വിളിക്കാന്‍ കുട്ടപ്പന്‍ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ കുട്ടപ്പന്‍ നിന്നിടത്ത് ഓഫ്‌ ആയി വീണു.

പിറ്റേ ദിവസം ഞങ്ങള്‍ ഓരോരുത്തരായി എഴുന്നേറ്റു നോക്കുമ്പോള്‍ കണ്ട കാഴ്ച :

'വീണിതല്ലോ കിടക്കുന്നു ധരിത്രിയില്‍
ബോധം പോയി കുട്ടപ്പന്‍ ജഗ പോഗ '

മുഖത്ത് കുറച്ചു വെള്ളം തളിച്ചപ്പോള്‍ കുട്ടപ്പന്‍ കണ്ണ് തുറന്നു.

"എന്ത് പറ്റിയെടാ ? രാത്രിയില്‍ ഉരുണ്ടു വന്നതാണോ ?" ഞങ്ങള്‍ ചോദിച്ചു.

"ഉരുണ്ടത്‌ ഉരുട്ടിയതും ഒന്നുമല്ല... തൂങ്ങി മരിച്ച ആ പെണ്ണിനെ ഞാന്‍ കണ്ടെടാ... ദേ അവിടെ... "

ഞങ്ങളും ഒന്ന് ഞെട്ടി. കളി കാര്യമായോ? പേടിച്ചു പേടിച്ചു പതുക്കെ ഞങ്ങള്‍ ജനലിനരികിലേക്ക് നീങ്ങി. പുറത്തേക്കു നോക്കിയപ്പോ ആ രൂപം അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു.

മുകളിലത്തെ നിലയില്‍ ഉണക്കാനിട്ടിരുന്ന ചുരിദാറിന്റെ ടോപ്‌ പൊട്ടി വീണ കയറില്‍ നിന്നും പിടി വിടാതെ കാറ്റില്‍ അപ്പോഴും പറന്നു കളിക്കുന്നുണ്ടായിരുന്നു.... !

Saturday, October 24, 2009

വെള്ളത്തിലാശാന്‍

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ
രാജു തിരിഞ്ഞു നോക്കി
മുറ്റത്തൊരു മൈന............

ഇത് പഴയത്.... ഇതില്‍ അല്പം വെള്ളം ചേര്‍ത്താലോ... ???

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ
രാജു തിരിഞ്ഞു നോക്കി
തറയിലൊരു മൈ_ന്‍ വാളും വെച്ചു കിടക്കുന്നു....!!

വെള്ളമടി പാര്‍ട്ടികളില്‍ സ്ഥിരമായി കണ്ടു വരുന്ന ഒരു സംഭവ വികാസമാണ് പറഞ്ഞത്. വീക്കെന്‍ഡില്‍ വെള്ളമടി ഇല്ലാതെ നമുക്കെന്തു ആഘോഷം അല്ലേ ?



വാള് വെപ്പിന്റെ ചരിത്രം ഹോസ്റ്റല്‍ മുറികളിലെ തറകളില്‍ നിന്നും ടൂര്‍ പോയപ്പോള്‍ താമസിച്ച ഹോട്ടലുകളിലെ ബാത്ത് റൂമുകളില്‍ നിന്നും വായിച്ചു എടുക്കാവുന്നതാണ്. കൂര്‍ഗില്‍ ടൂര്‍ പോയപ്പോള്‍ നടന്ന സംഭവങ്ങള്‍ ഇപ്പോഴും നല്ലത് പോലെ ഓര്‍മ നില്‍ക്കുന്നു. ഹൈ റേഞ്ചിലെ തണുപ്പ് അസഹനീയം ആയപ്പോള്‍ അല്പം ചൂട് ഐറ്റംസ് അകത്താക്കാം എന്ന് എല്ലാവരും കൂടി തീരുമാനിച്ചു. മുന്തിയ ഇനം ഒന്നും കിട്ടിയില്ലെങ്കില്‍ എന്താ ലോക്കല്‍ ഐറ്റം മതിയല്ലോ... ലോക്കല്‍ ആണെങ്കില്‍ എന്ത്? രണ്ടെണ്ണം അകത്തു പോയതോടെ എല്ലാവരും ' ആട് പാമ്പേ ആടാട് പാമ്പേ' അവസ്ഥയില്‍ ആയി.

ചിരിക്കുട്ടന്‍ അപ്പോഴേക്കും ചിരിയുടെ വോളിയം കൂട്ടി. ഫിറ്റ്‌ ആയാല്‍ പിന്നെ നോണ്‍ സ്റ്റോപ്പ്‌ ചിരിയാണ്. അങ്ങനെയാണ് ആ പേര് കിട്ടിയത്. ബാബു തന്റെ ഗ്ലാസ്‌ റീഫില്‍ ചെയ്യാന്‍ ചെയ്യാന്‍ ശ്രമിക്കുവാണ്. ഗ്ലാസില്‍ മാത്രം ഒരു തുള്ളി വീഴുന്നില്ലെന്നു മാത്രം! മദ്യം പാഴാക്കാന്‍ പാടില്ലാത്തത് കൊണ്ട് അപകടം മുന്‍കൂട്ടി കണ്ട് ബാബുവിന് വേണ്ടി ഒരു കുപ്പി കരിങ്കാലി വെള്ളം നേരത്തെ തന്നെ റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു. കെമിസ്ട്രി ലാബില്‍ ടൈട്രേഷന്‍ ചെയ്യുമ്പോലെ ബാബു ആ കുപ്പിയും ഗ്ലാസും വെച്ചു പരീക്ഷണങ്ങള്‍ നടത്തി കൊണ്ടിരുന്നു.

മഹേഷ്‌ അവന്റെ പ്രേമകഥ ബോധം പോയ രഘുവിനോട് വിസ്തരിച്ചു പറഞ്ഞ് കൊണ്ടിരുന്നു. വാള് വെക്കണോ വേണ്ടയോ എന്ന് ഉറപ്പിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയ ജോജി ബാത്ത് റൂമിന്റെ വാതിലിനു അടുത്തായി ഒരു കസേര പിടിച്ചിട്ടു അവിടെ ആസനസ്ഥനായി (ഇനി പേടിക്കാനില്ലല്ലോ). റൂമിന്റെ മറ്റൊരു അറ്റത്ത്‌ തെറി വിളികളുടെ അകമ്പടിയില്‍ ചീട്ടു കളി പുരോഗമിക്കുന്നു. റമ്മി, ആസ്, ബ്ളഫ്ഫ്, സെറ്റ് എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞു ഒരു അവിയല്‍ പരുവത്തിലെ കളിയാണ് അവിടെ നടക്കുന്നത്. അതിനിടെ ഒരുത്തന്‍ ഫാനിന്റെ ചുവട്ടില്‍ ഇരുന്നു ചീട്ടു കൊട്ടാരം ഉണ്ടാക്കുന്നത് കണ്ട് നമ്മള്‍ ആരും ഞെട്ടിയില്ല !

ആരാദ്യം ആരാദ്യം എന്ന് പരസ്പരം നോക്കി ഇരിക്കുന്ന വേളയില്‍ വാളുമായി ചാടി വന്നത് നമ്മുടെ ഫയല്‍വാന്‍ അപ്പു ആയിരുന്നു. വാള്‍ എന്ന് പറഞ്ഞാല്‍ ഒറിജിനല്‍ വാള്‍ ! മൈസൂരില്‍ നിന്നും മേടിച്ച അത്യാവശ്യം മൂര്‍ച്ചയുള്ള ഒരു കുഞ്ഞു വാള്‍ കൈയില്‍ പിടിച്ചു ടിപ്പു സുല്‍ത്താന്‍ കുതിരപ്പുറത്തു നിന്നു ചാടിയത് പോലെ അപ്പു കട്ടിലില്‍ നിന്നും ഒരൊറ്റ ചാട്ടം! പാമ്പുകള്‍ എല്ലാം ചിതറി മാറി... എല്ലാര്‍ക്കും ജീവനില്‍ കൊതിയുണ്ടേ...! പിന്നെ അവിടെ ഒരു ഭീകര സ്ടണ്ട് ഒക്കെ നടന്നതിനു ശേഷം 'വാളെടുത്തവന്‍ വാളാല്‍' എന്ന് പറയുമ്പോലെ അപ്പു ഒരു വാള് വെച്ചു ഓഫ്‌ ആയി. വാളൊക്കെ കോരി എല്ലാവരെയും അവരവരുടെ റൂമില്‍ എത്തിക്കേണ്ട ചുമതല മുഴുവന്‍ ടൂര്‍ oragnisers എന്ന ഹതഭാഗ്യവാന്മാരുടെ തലയില്‍ ആയിരുന്നു. ഹോട്ടലിന്റെ മുറ്റത്ത്‌ സ്ഥാപിച്ച പെണ്ണിന്റെ പ്രതിമയോടു കൊച്ചുവര്‍ത്തമാനം പറഞ്ഞ് കൊണ്ടിരുന്ന ശശിയെ കുളിപ്പിച്ച് കിടത്തിയപ്പോള്‍ മാത്രമാണ് അവരുടെ അന്നത്തെ ജോലി തീര്‍ന്നത്.

പിറ്റേ ദിവസം അടുത്ത പുലിവാല്‍. ലോക്കല്‍ ഐറ്റം ആയത്‌ കൊണ്ട് കിക്ക് വിടുന്നില്ല! എല്ലാവര്‍ക്കും ഒരു അഴകൊഴമ്പന്‍ സ്വഭാവം. ബോധം ഉണ്ട് പക്ഷെ ഇല്ലെയോ എന്നൊരു സംശയം. എല്ലാത്തിനെയും organisers പായ്ക്ക് ചെയ്തു ബസില്‍ കെട്ടി വഴിയില്‍ ഒരു ഹോട്ടലില്‍ കേറ്റി മോരുംവെള്ളം കുടിപ്പിച്ചു. അപ്പോള്‍ മാത്രമാണ് തലയ്ക്ക്‌ അകത്തുള്ള ബള്‍ബിന്റെ വോള്‍ട്ടേജ് നേരെ ആയത്‌.

പറഞ്ഞ് വന്നത് വെള്ളത്തിലാശാനെ കുറിച്ചാണ്. ആശാന്‍ ഒരു സംഭവം ആണ് ! എവിടെ വെള്ളമടി ഉണ്ടോ അവിടെ ആശാന്‍ ഉണ്ട്. ഷെയര്‍ ഒന്നും ഇടാതെ വെള്ളമടിക്കാന്‍ ആശാനെ കഴിഞ്ഞേ വേറെ ആരുമുള്ളൂ. കാശ് ഇല്ലാഞ്ഞിട്ടല്ല , പിശുക്ക് തന്നെ! പ്രായത്തില്‍ മൂത്തത് ആയത്‌ കൊണ്ട് ഞങ്ങള്‍ സഹിച്ചു പോന്നു. പിന്നെ പാര്‍ട്ടികള്‍ ഉഷാറാക്കാന്‍ ആശാന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്. അങ്ങനെയിരിക്കെ ഒരിക്കല്‍ ആശാനുമായി ഞങ്ങള്‍ ഒന്ന് തെറ്റി. റൂമില്‍ വാള് വെച്ചു കുളമാക്കിയിട്ടു അത് വൃത്തിയാക്കാന്‍ ആശാന്‍ കൂട്ടാക്കിയില്ല. എങ്കില്‍ അടുത്ത പാര്‍ട്ടിയില്‍ ഒരു പണി കൊടുക്കുക തന്നെ എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ശനിയാഴ്ച രാത്രി പാര്‍ട്ടി ആരംഭിച്ചു. ആശാന്‍ പതിവ് പോലെ ഹാജര്‍. ഞങ്ങള്‍ അനിഷ്ടം ഒന്നും പുറമേ കാണിച്ചില്ല. വിസ്കി, വോഡ്ക, ബിയര്‍ എല്ലാം തയ്യാര്‍. പാര്‍ട്ടി ആരംഭിച്ചു. ഗ്ലാസ്സുകള്‍ ഒഴിഞ്ഞു കൊണ്ടിരുന്നു. ആശാന്‍ നാല് പെഗ് ഒക്കെ കഴിഞ്ഞു നല്ല ഫോമില്‍ ഇരിക്കുന്നു. ഇത് തന്നെ പറ്റിയ അവസരം. ആശാന് ഒരു സ്പെഷല്‍ ഡ്രിങ്ക് ഞങ്ങള്‍ ഉണ്ടാക്കി : വിസ്കി ആന്‍ഡ്‌ വോഡ്ക. വെള്ളം, സോഡാതുടങ്ങിയവ ഒഴിച്ച് അശുദ്ധം ആക്കിയില്ല . ഇപ്പോള്‍ കണ്ടാല്‍ ഒരു നോര്‍മല്‍ പെഗ് പോലെ തന്നെ ഉണ്ട്. ഗ്ലാസ്‌ ആശാന് മുന്നിലേക്ക് നീക്കി വെച്ചിട്ട് ഞങ്ങള്‍ പ്രോഗ്രാം ആരംഭിച്ചു.

"ആശാനെ.... ആശാന്‍ ഫിറ്റ്‌ ആണോ ?"

"ഫിറ്റോ.... ഞാനോ? ഞാന്‍ ഫിറ്റ്‌ ആവാന്‍ ഇത്രയൊന്നും പോര... കേട്ടോടാ ____മോനെ !"

"എന്നാല്‍ ഞാന്‍ പറയുന്നു ആശാന് ഈ ഗ്ലാസ്‌ തീര്‍ക്കാന്‍ പറ്റില്ലെന്ന്... ബെറ്റ്‌ ഉണ്ടോ ?"

"ഉണ്ട്.... ഈ ഗ്ലാസ്‌ ഒറ്റ വലിക്കു ഞാന്‍ തീര്‍ക്കും.... കാണണോ ?"

"എന്നാല്‍ അതൊന്നു കണ്ടിട്ട് തന്നെ ബാക്കി കാര്യം !"

ആശാന്‍ ഗ്ലാസ്‌ ഉയര്‍ത്തി. ഞങ്ങളെയും ഗ്ലാസ്സിനെയും മാറി മാറി നോക്കി. പിന്നെ കണ്ണും പൂട്ടി ഒരു കുടി ! കുടിച്ചു തീര്‍ന്നതും 'പിശ്‌ശ്ശ്ശ്ശ്ശ്ശ്ശ് ' എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. വായില്‍ നിന്നും പുക വന്നോ എന്നൊരു സംശയം. നാവിന്റെ തുമ്പ് മുതല്‍ വയറ്റിന്റെ അണ്ടകടാഹം വരെ പുകഞ്ഞു കാണണം. നിലത്തേക്ക്‌ വെച്ച ഗ്ലാസ്‌ ചരിഞ്ഞതിനൊപ്പം ആശാനും കൂടെ ചരിഞ്ഞു !

സുപ്രഭാതത്തില്‍ ആശാന്‍ ഞങ്ങളുടെ മുഖങ്ങള്‍ കണി കണ്ടുണര്‍ന്നു. ആയാസപ്പെട്ട്‌ കിടപ്പില്‍ നിന്നു എഴുന്നേറ്റു നിലത്തു കുത്തിയിരുന്ന് ഞങ്ങളെ ഒന്ന് കൂടെ നോക്കി.

"എങ്ങോട്ടാടാ രാവിലെ ഒരുങ്ങി കെട്ടി പോവുന്നെ ? സിനിമക്കാണോ ? "

"സിനിമയോ ? അപ്പൊ ആശാന്‍ ഇന്ന് ഓഫീസിലേക്കില്ലേ ?"

"എന്ത് ? ഓഫീസോ ? ഞായറാഴ്ചയോ ?"

"ഹ ഹ ഹ ...ആശാനെ ഇന്ന് തിങ്കളാഴ്ചയാ... ഇന്നലെ മുഴുവന്‍ ആശാന്‍ ഫ്യൂസ് പോയി കിടക്കുവായിരുന്നു... എന്നാലും എന്നാ ഉറക്കമായിരുന്നു ഇത് ? അപ്പൊ ഞങ്ങള്‍ ഇറങ്ങുവാ...!"

ആശാന്‍ വീണ്ടും ഫ്ലാറ്റ് !

Wednesday, October 21, 2009

ഒരു കമ്പ്യുട്ടറിന്റെ ആത്മഗതം

ബ്ലോഗിങ്ങ് തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ എഴുതിയ ഒരു സംഭവം ( ചെറുകഥ എന്നൊക്കെ പറയാമോ എന്നറിയില്ല... എന്നാലും വായിച്ചു നോക്കിക്കോ )

സമയം രാവിലെ 10:30. എന്നെത്തെയും പോലെ ഇന്നും ഉണരാന്‍ താമസിച്ചു. ആരെങ്കിലും വന്ന് സ്വിച്ച് ഓണ്‍ ചെയ്താല്‍ മാത്രമല്ലേ ഉണരാന്‍ സാധിക്കൂ. ഏതെങ്കിലും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ CEO ഉപയോഗിക്കുന്ന സിസ്റ്റം ആവാനായിരുന്നു എന്‍റെ ആഗ്രഹം... പക്ഷെ ഞാന്‍ ഒരു ലാപ്‌ ടോപ്‌ അല്ലല്ലോ. അവസാനം വന്ന് പെട്ടതോ.... ബിസിനസ് വെയിറ്റ് അഥവാ 'ബെഞ്ച്‌' എന്ന് ചെല്ലപ്പേരിട്ടു വിളിക്കുന്ന സ്ഥലത്ത്!

ഇവിടെ വന്നതില്‍ പിന്നെയാണ് ഞാന്‍ അലസ ജീവിതം തുടങ്ങിയത്. മുന്‍പ് ഞാന്‍ നെറ്റ്വര്‍കിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു. അവിടെ എനിക്കൊന്നു കണ്ണടക്കാന്‍ പോലും സമയം കിട്ടുമായിരുന്നില്ല. എപ്പോഴും പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍, പുതിയ കാര്യങ്ങള്‍ ചെയ്യല്‍,ചുറ്റും സുഹൃത്തുക്കള്‍.... സമയം പോവുന്നത് ഞാന്‍ അറിയാറില്ലായിരുന്നു. കാലത്തിനനുസരിച്ച് ഞാനും വയസ്സനായി. പുതിയ ചുറുചുറുക്കുള്ള പയ്യന്മാര്‍ വന്നപ്പോള്‍ പഴഞ്ചനായ എന്‍റെ സ്ഥാനം ബെഞ്ചിലേക്കായി.

'ബെഞ്ച്‌' എന്ന് പറയുന്നത് കമ്പനിയുടെ യുവത്വത്തിന്റെ പ്രതീകമാണെങ്കിലും കമ്പ്യൂട്ടറുകളെ വെച്ചു നോക്കിയാല്‍ 'റിട്ടയര്‍മെന്റ്റ്‌ ഹോം', മ്യൂസിയം, ശ്മശാനം എന്നൊക്കെ പറയാം. എന്നെ പോലെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നു പെന്‍ഷന്‍ പ്രായമെത്തിയ മോഡലുകള്‍ എല്ലാം അവസാനകാലം ചിലവഴിക്കാന്‍ ഇവിടെ എത്തിയിട്ടുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ ആണല്ലോ നമ്മള്‍! കാര്യങ്ങള്‍ പറഞ്ഞ് പറഞ്ഞ് ബൂട്ടിംഗ് കഴിഞ്ഞത് ഞാന്‍ അറിഞ്ഞില്ല.

എന്നും രാവിലെ ഒരേ ഭക്ഷണം കഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ ?എന്‍റെ കാര്യവും ഒട്ടും വ്യതസ്തമല്ല. ടൈം ഷീറ്റ്, മെയില്‍സ്‌, ചാറ്റിങ്, ഫ്ലാഷ് ഗെയിംസ് ഇതൊക്കെയല്ലാതെ എന്‍റെ പ്രോസേസ്സര്‍ ചാലഞ്ചിംഗ് ആയിട്ട് എന്തെങ്കിലും ജോലി ചെയ്ത കാലം ഞാന്‍ മറന്നു തുടങ്ങി. പിന്നെ ഈ വയസ്സാം കാലത്ത് എടുത്താല്‍ പൊങ്ങാത്ത ഭാരം തലയിലേക്ക് എടുത്തു വെയ്ക്കാതിരിക്കുന്നതാണ് നല്ലത്.

സമയം വൈകുന്നേരം 4:30. എനിക്ക് ഉറങ്ങാനുള്ള സമയം ആവുന്നു. ബെഞ്ചില്‍ 24 മണിക്കൂറും കണ്ണ് തുറന്നു ഇരിക്കേണ്ട ആവശ്യമില്ല. ഈ റിട്ടയര്‍മെന്റ്റ്‌ ജീവിതത്തോട് ഞാന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ശിഷ്ട ജീവിതം ഇങ്ങനെ ഒക്കെ അങ്ങ് പോവട്ടെ. അപ്പോള്‍ എല്ലാവര്ക്കും ഗുഡ്‌ ബൈ....

" IT IS NOW SAFE TO TURN OFF YOUR COMPUTER "

Sunday, October 18, 2009

ഓപ്പറേഷന്‍ നിര്‍മ്മാല്യം

സമയം രാവിലെ 2:30. മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നു. ഉറക്കച്ചടവില്‍ എങ്ങനെയൊക്കെയോ കണ്ണ് മിഴിച്ചു ഫോണ്‍ എടുത്തു നോക്കി. ദാസപ്പന്‍ ആണ് !

"ഹലോ "

"ഡാ... ഞാന്‍ മൂന്ന് മണി കഴിയുമ്പോള്‍ അങ്ങ് വരാം. റെഡി ആയി ഇരുന്നോ. ബിനുവിനെ വിളിച്ചു കാര്യം പറഞ്ഞേരെ"

"ഓക്കേ !"

അതിരാവിലെ ഈ മൂവര്‍ സംഘം തേങ്ങാ മോഷണത്തിന് പോവുന്ന ഒരു കോമഡി കഥയോ കൊട്ടേഷന് പോവുന്ന ഒരു ആക്ഷന്‍ ത്രില്ലറോ അല്ല ഇത്. മനസ്സ് നിറയെ ഭക്തി മാത്രം ഉള്ള മൂന്ന് ചെറുപ്പക്കാര്‍ രാവിലെ 3:30 നു ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിര്‍മാല്യം തൊഴാന്‍ പോവുന്ന ഒരു സംഭവം മാത്രം !

ഈ ക്ഷേത്രത്തിന്റെ ഒരു സവിശേഷതയാണ് മുണ്ട്. ഞാന്‍ മുണ്ടില്ല, നീ മുണ്ട് എന്നതിലെ മുണ്ടല്ല.... 'ദാസപ്പനു മുണ്ടില്ല ബിനുവോ തോര്‍ത്തില്ല' എന്നതിലെ മുണ്ട്. ആണുങ്ങള്‍ മുണ്ട് ഉടുത്തോണ്ട് വേണം ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാന്‍. അതിനാല്‍ തലേ ദിവസം തന്നെ ഞാന്‍ അമ്മയോട് കാര്യം അവതരിപ്പിച്ചു. അമ്മ ഒരു മുണ്ട് എടുത്തു തന്നു.

"അമ്മേ, നേര്യത് സാരി അല്ല ചോദിച്ചേ, ഒരു ചെറിയ മുണ്ടാ !"

"മൈ ഡിയര്‍ സണ്‍, ഇത് മുണ്ട് തന്നെയാ .... ഡബിള്‍ മുണ്ട് "

"ഡബിള്‍ മുണ്ട് എന്ന് വെച്ചാല്‍ നമ്മുടെ ഡബിള്‍ സൈസില്‍ ഉള്ള മുണ്ട് എന്നാണോ ?"

"ഒന്ന് പോടാ... ഇവിടെ ഇതേ ഉള്ളു... വേണമെങ്കില്‍ ഇതും ഉടുത്തോണ്ട് പൊയ്ക്കോ!"

അന്നേരം സംഗതി കാര്യമായിട്ട് എടുത്തില്ലെങ്കിലും രാവിലെ കുളിയൊക്കെ കഴിഞ്ഞു മുണ്ട് ഉടുക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് പ്രശ്നങ്ങള്‍. എങ്ങനെയൊക്കെ ഉടുത്തിട്ടും ശരിയാവുന്നില്ല. ഒരു സിംഗിള്‍ മുണ്ട് കിട്ടിയിരുന്നെങ്കില്‍ മര്യാദക്ക് ഉടുക്കാമായിരുന്നു ഊ ഊ ഊ ! അവസാനം സാരി ചുറ്റുന്നത്‌ പോലെ ചുറ്റി കെട്ടി വെച്ചു. വലിയ കുഴപ്പമില്ല. നടക്കാന്‍ മാത്രം അല്പം ബുദ്ധിമുട്ട്... നോ പ്രോബ്ലം. ക്ഷേത്രത്തില്‍ പ്രദക്ഷിണം വെക്കാന്‍ അല്ലേ പോവുന്നെ.. ഓട്ടം മത്സരം ഒന്നും അല്ലല്ലോ. അപ്പോഴാണ്‌ റോഡില്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു സ്കിഡ്‌ ചെയ്യുന്ന ഒരു ഒച്ച കേട്ടത് - ദാസപ്പന്‍ എത്തിയിട്ടുണ്ട് !

കാറില്‍ ഞങ്ങള്‍ ബിനുവിനെ പൊക്കാന്‍ യാത്രയായി. ഞാന്‍ ദാസപ്പനോട് ബ്രേക്ക്‌ ടെസ്റ്റ്‌ ചെയ്യാന്‍ ഉണ്ടായ കാരണം ആരാഞ്ഞു.

"എന്താടാ രാവിലെ റോഡില്‍ തെന്നി കളിച്ചത് ?"

"ഒന്നും പറയേണ്ട... വിജനമായ റോഡില്‍ ഞാന്‍ ചീറി പാഞ്ഞു വരികയായിരുന്നു. അപ്പോഴാണ്‌ റോഡിന്റെ നടുക്ക് ഒരു പ്ലാസ്റ്റിക്‌ കവര്‍ കിടക്കുന്നത് കണ്ടത്...."

"ഇങ്ങനെ ബ്രേക്ക്‌ ഇടാന്‍ മാത്രം ആ പ്ലാസ്റ്റിക്‌ കവറിനകത്തു ഷാംപെയിന്‍ കുപ്പി ആയിരുന്നോ ?"

"ഛെ....രാവിലെ മനുഷ്യനെ ആശിപ്പിക്കാതെടെ... അതൊന്നുമല്ല. അടുത്ത് വന്നപ്പോള്‍ ആ പ്ലാസ്റ്റിക്‌ കവര്‍ Transformers സിനിമയിലെ റോബോട്ടുകളെ പോലെ രൂപം മാറി ഒരു പട്ടി ആയി തീര്‍ന്നു. പിന്നെ ഒന്നും നോക്കിയില്ല.... ഒറ്റ ചവിട്ട്‌ ! പട്ടിയെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വണ്ടി നിന്നു. അലവലാതി പട്ടി ഒരു താങ്ക്സ് പോലും പറയാതെ എന്നെ നോക്കി കുരച്ചിട്ടു എങ്ങോട്ടോ പോയി !"

ബിനുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അവനും എന്‍റെ അതേ അവസ്ഥയില്‍ മുണ്ട് ചുറ്റിക്കെട്ടി നില്‍ക്കുന്നു.

"അളിയാ.... ഇതെപ്പോ അഴിഞ്ഞു എന്ന് ചോദിച്ചാല്‍ മതി. മിക്കവാറും നിനക്ക് ബ്ലോഗ്ഗില്‍ ഇടാനുള്ള വകുപ്പ് ഇന്ന് തന്നെ കിട്ടും !"

അധികം വൈകാതെ ഞങ്ങള്‍ ക്ഷേത്ര സന്നിധിയില്‍ എത്തി. നടക്കാനുള്ള ബുദ്ധിമുട്ട് കാരണം ദാസപ്പന്‍ മുന്നിലും ഞാനും ബിനുവും താറാവ് കുഞ്ഞുങ്ങളെ പോലെ ചെറിയ സ്ടെപ്പുകള്‍ വെച്ചു കൊണ്ട് പിന്നിലുമായി നടന്നു. അങ്ങനെ എന്‍റെ പിറന്നാള്‍ ദിവസം വിഷ്ണു ഭഗവാനെ മുഖം കാണിച്ച് wishlist ഒക്കെ വിസ്തരിച്ചു പറഞ്ഞു കേള്‍പ്പിച്ചു. ബിനു പേടിച്ചത് പോലെ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല... നാട്ടുകാരുടെ ഭാഗ്യം! എല്ലാം മംഗളകരമായി നടത്തിയിട്ട് അഞ്ച് മണിക്ക് ഞങ്ങള്‍ തിരികെ യാത്രയായി.

വാല്‍കഷ്ണം : ദാസപ്പന്‍ മനമുരുകി പ്രാര്‍ത്ഥിച്ചത്‌ എന്ത് ? ഉത്തരം : 'ദൈവമേ, തിരികെ പോവുമ്പോള്‍ ആ transformer പട്ടി കാറിനു മുന്നില്‍ വട്ടം ചാടരുതേ !'

Saturday, October 10, 2009

നിനക്കായ്




നീ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയെന്നു കേട്ടു
അതേ ... തുടങ്ങി..

നീ എന്താ എന്നെ കുറിച്ച് എഴുതാതെ?
നിന്നെ കുറിച്ച് എന്തെഴുതാന്‍ ?

അതെന്താ... എന്നെ കുറിച്ച് എഴുതാന്‍ നിനക്ക് ഓര്‍മ്മകള്‍ ഒന്നുമില്ലേ ?
ഉണ്ട്... ഒരുപാട് ഉണ്ട്... അതൊക്കെ എന്‍റെ സ്വന്തമല്ലേ... അതൊന്നും ഞാന്‍ ആരുമായും പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല..

കള്ളം.... നിനക്ക് എന്നോട് ഇപ്പൊ ഒരു സ്നേഹവുമില്ല... വന്ന് വന്ന് എന്നെ ഇപ്പൊ വേണ്ട.
അതൊക്കെ നിന്റെ തോന്നലാ... നിന്നെ കുറിച്ച് എഴുതാത്തതില്‍ അല്ലേ നിനക്ക് പരിഭവം... പകരം നിനക്ക് ഒരു സമ്മാനം തന്നാല്‍ മതിയോ ?

എന്ത് സമ്മാനം ?
ഞാന്‍ ഒരു പടം വരച്ച് ബ്ലോഗ്ഗില്‍ ഇടാം.. അത് നിനക്ക് ഡെഡിക്കേറ്റ് ചെയ്യാം... എന്താ?

ദേ... വല്ല കുരങ്ങന്റെയും പടം ഇട്ടാല്‍ എന്‍റെ വിധം മാറും... ബ്ലോഗ്ഗില്‍ എല്ലാരേയും തേയ്ക്കല്‍ ആണല്ലോ പരിപാടി..!!
ഈ പടം നിനക്ക് ഇഷ്ടപ്പെടും തീര്‍ച്ച !

************* Dedicated to someone special ***********

Thursday, October 8, 2009

ജൂനിയര്‍ മാന്‍ഡ്രേക്ക്

ചെറുപ്പത്തില്‍ എനിക്ക് മാജിക്കിനോട് ഭയങ്കര ഇഷ്ടം ആയിരുന്നു. അന്തരീക്ഷത്തില്‍ നിന്നും പൂക്കള്‍ വരുത്തുന്ന, തൊപ്പിയില്‍ നിന്നും മുയലിനെ എടുക്കുന്ന, ആടിനെ പട്ടിയാക്കുന്ന മജിഷ്യനെ ടിവിയില്‍ കാണുമ്പോള്‍ തന്നെ ഞാന്‍ തുള്ളിച്ചാടാന്‍ തുടങ്ങും. ഓരോ മാജിക്ക് കാണുമ്പോഴും അത് എങ്ങനെയാ ചെയ്തേ എന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുമെങ്കിലും ഒന്നും നടക്കാറില്ല. അങ്ങനെയിരിക്കെ മാജിക്ക് സ്വയം പഠിച്ചാലോ എന്നൊരു ഐഡിയ എന്‍റെ തലയില്‍ ഉദിച്ചു. വീട്ടില്‍ ഇരിക്കുന്ന സാധനങ്ങള്‍ വെച്ചു പരീക്ഷണങ്ങള്‍ നടത്താം... ഫീസും ലാഭം! പോരാത്തതിന് എന്ത് മാജിക്ക് കാണിക്കാനും ഉള്ള മന്ത്രവും അറിയാം : "ആബ്ര കടാബ്ര"

ആദ്യമായി കയറിനെ രണ്ടായി മുറിച്ചു വീണ്ടും കൂട്ടിച്ചേര്‍ക്കുന്ന മാജിക്ക്. അടുക്കളയില്‍ ഒരു മുങ്ങി തപ്പല്‍ നടത്തിയപ്പോള്‍ അഞ്ച് മീറ്റര്‍ നീളത്തില്‍ കയറ് കിട്ടി. അവിടെ നിന്നു തന്നെ ഒരു കറി കത്തിയും അടിച്ചു മാറ്റി പഠനം ആരംഭിക്കുന്നു. മജിഷ്യന്‍ ടിവിയില്‍ കാണിച്ചത് പോലെ കൃത്യം പകുതി വെച്ചു മുറിച്ചു, എന്നിട്ട് മുറിഞ്ഞ രണ്ട് അറ്റവും ചേര്‍ത്തു പിടിച്ചു കണ്ണും പൂട്ടി മന്ത്രം ചൊല്ലി. ഒന്നും സംഭവിച്ചില്ല !!! ഞാന്‍ ഒന്ന്,കയര്‍ ഒന്ന് എന്നത് ഇപ്പൊ ഞാന്‍ ഒന്ന്,കയര്‍ രണ്ട് ആയെന്നു മാത്രം. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. വീണ്ടും മുറിച്ചു.... കുച്ച് നഹി ! വീണ്ടും.... അങ്ങനെ മുറിച്ചു മുറിച്ചു അഞ്ച് മീറ്റര്‍ കയറിനെ ഞാന്‍ 25 സെന്റീമീറ്റര്‍ നീളമുള്ള ഇരുപത് കഷണങ്ങള്‍ ആക്കി(കണക്ക് ശരിയല്ലേ?). അതോടെ ഞാന്‍ ആ മാജിക്ക് വെച്ചു കെട്ടി !

തുണി വിരിക്കാന്‍ വേണ്ടി മേടിച്ച കയര്‍ എവിടെ പോയി എന്ന് അന്വേഷിച്ചു വന്ന അമ്മ നോക്കുമ്പോള്‍ കണ്ട കാഴ്ച : എല്ലാം തുണ്ടം തുണ്ടം ആയി കിടക്കുന്നു. ഉടന്‍ തന്നെ എന്നെ വിളിച്ചു ക്രോസ് വിസ്താരം നടത്തി. അളവും നീളവും എല്ലാം കൃത്യമായി നോക്കിയിട്ട് കരണ്ട് നശിപ്പിക്കുന്ന എലിയുടെ കഥ എനിക്ക് പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റിയില്ല. അത് കൊണ്ട് രണ്ട് അടി കിട്ടിയെങ്കിലും ഞാന്‍ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.

അടുത്ത ഐറ്റം മൃഗങ്ങളെ വെച്ചുള്ള മാജിക്ക്. മുയലിനെ ഒപ്പിക്കാന്‍ ഒരു നിവര്‍ത്തിയുമില്ല. അതിനും ഞാന്‍ പരിഹാരം കണ്ടുപിടിച്ചു. വീട്ടിലുള്ള പൂച്ചക്കുട്ടി മതിയല്ലോ...!! അങ്ങനെ പൂച്ചക്കുട്ടിയെ മയത്തില്‍ എടുത്തു കൊണ്ട് വന്നു മാജിക്ക് ആരംഭിച്ചു. മജിഷ്യന്‍ പെട്ടിക്കുള്ളിലെ മുയലിനെ അപ്രത്യക്ഷം ആക്കുന്നത് പോലെ ഞാന്‍ തൊട്ടിക്കുള്ളിലെ പൂച്ചയെ കാണാതാക്കും... അല്ല പിന്നെ! ഫൈവ് സ്റ്റാര്‍ഡിന്നര്‍ പ്രതീക്ഷിച്ചു എന്‍റെ ഒപ്പം വന്ന പൂച്ച അടുത്ത നിമിഷം തോട്ടിക്കുള്ളില്‍. കമിഴ്ത്തി വെച്ചിരിക്കുന്ന തൊട്ടിയെ നോക്കി മന്ത്രം ഉരുവിട്ടു... എന്നിട്ട് സാവധാനം ഉയര്‍ത്തി...!

പ്ലാസ്റ്റിക്‌ മീനിനെ വിഴുങ്ങിയത് പോലെ പൂച്ചക്കുട്ടി എന്നെ മിഴിച്ചു നോക്കുന്നു... പിന്നെ പതുക്കെ സ്ഥലം വിടാന്‍ ഒരുങ്ങി. ഞാന്‍ സമ്മതിക്കുമോ?? പൂച്ച വീണ്ടും തോട്ടിക്കുള്ളില്‍. ഇപ്പ്രാവശ്യം മന്ത്രം കൂടുതല്‍ ഉച്ചത്തില്‍ കൂവി. തൊട്ടിക്കു ചുറ്റും നടന്നു. അന്തരീക്ഷത്തില്‍ നിന്നു കാര്‍ബണ്‍ ടൈ ഓക്സൈഡ് തോട്ടിയിലേക്ക് വിതറി. അല്പം പ്രതീക്ഷയോടെ തോട്ടി പൊക്കി നോക്കി. പ്രാണന്‍ തിരിച്ചു കിട്ടിയ പൂച്ചക്കുട്ടി ഓടെടാ ഓട്ടം... അതിനു കാര്യം പിടിക്കിട്ടി! താന്‍ ഒരു ഭ്രാന്തന്‍ ശാസ്ത്രജ്ഞന്റെ പരീക്ഷണ വസ്തു ആയിരുന്നു എന്ന് വൈകിയെങ്കിലും അത് മനസ്സിലാക്കി.

'വിടമാട്ടേ.... ഉന്നെ ഞാന്‍ വിടമാട്ടേന്‍... ഇന്നേക്ക് ദുര്‍ഗാഷ്ടമി... ഉന്നെ തൊട്ടിക്കുളെ ആക്കി ഉന്നോട ബോഡിയെ ആവിയാക്കാതെ എന്നോടെ ആത്മാ ശാന്തി അടയാത്...' വീടിനു ചുറ്റും രണ്ട് റൌണ്ട് ഓടിയെങ്കിലും പൂച്ചക്കുട്ടിയെ കിട്ടി... ക്യാറ്റ്‌ ഇന്‍സൈഡ്‌ ബക്കറ്റ്‌ എഗൈന്‍ ! മന്ത്രം സമയം എടുത്തു ചൊല്ലി. തൊട്ടിക്കു കുറച്ചു ഇടിയും ചവിട്ടും കൊടുത്തു... ഒന്നിനും ഒരു കുറവ് വേണ്ട. എല്ലാം കഴിഞ്ഞു പതുക്കെ തൊട്ടി പൊക്കി നോക്കി. സഹികെട്ട പൂച്ചക്കുട്ടി എന്‍റെ കൈയില്‍ ഒരു മാന്തും വെച്ചു തന്നിട്ട് ഓടി മതിലിന്റെ മണ്ടയില്‍ കേറി... എന്നിട്ട് അവിടെ നിന്നു കുറെ തെറി വിളി : 'ങ്യാവോ ങ്യാ ങ്യാവൂ ങ്യാ' . അതിന്റെ വിവര്‍ത്തനം ഇങ്ങനെ ആയിരിക്കാം : 'എനിക്ക് മാജിക്ക് അറിയില്ലാന്നു ഈ മറുതായോട് ആരെങ്കിലും പറഞ്ഞു കൊടുക്കെടാ '

അടുത്ത ദിവസം രാവിലെ എന്ത് മാജിക്ക് പരീക്ഷിക്കാം എന്ന് ആലോചിക്കുമ്പോഴാണ് പേപ്പര്‍ വെച്ചുള്ള മാജിക്ക് ഓര്‍മ വന്നത്. മജിഷ്യന്‍ പേപ്പര്‍ നാലായി കീറുന്നു, ചുരുട്ടുന്നു, മന്ത്രം പറയുന്നു... പേപ്പര്‍ പഴയ പടി ആവുന്നു. അത് പഠിക്കുക തന്നെ ! മേശപ്പുറത്തു ന്യൂസ്‌ പേപ്പര്‍ ഇരിക്കുന്നു. ഐശ്വര്യമായിട്ടു ഫ്രണ്ട് പേജ് എടുക്കുന്നു, കീറുന്നു, മന്ത്രം ചൊല്ലുന്നു...പഴയ പടി ആവുന്നില്ല. സ്പോര്‍ട്സ് പേജ് എടുക്കുന്നു, കീറുന്നു... ഫലം തഥൈവ. സപ്പ്ലിമെന്റ്റ്‌ വരെ കീറി പീസ്‌ പീസ്‌ ആക്കിയിട്ടും രക്ഷയില്ല. എത്ര ആലോചിച്ചിട്ടും എന്താണ് പ്രശ്നം എന്ന് പിടിക്കിട്ടുന്നില്ല.. പേപ്പറിന്റെ പ്രശ്നമാണോ അതോ കീറിയതിന്റെ കുഴപ്പമോ?

ചൂടുള്ള വാര്‍ത്ത വായിക്കാമെന്ന മോഹവുമായി അച്ഛന്‍ അപ്പോള്‍ റൂമിലേക്ക്‌ വന്ന് നോക്കിയപ്പോഴോ : മാജിക്കും പേപ്പര്‍ കഷ്ണങ്ങളും പിന്നെ ഞാനും !

പേപ്പര്‍ കിട്ടാതെ ചായ ഇറങ്ങില്ലെന്നു വാശി പിടിക്കുന്ന അച്ഛന്‍ അലറി : "എന്തോന്നാടാ ഇത് ?"

ഞാന്‍ : "അത്... ഞാന്‍.. മാജിക്ക് പഠിക്കുവായിരുന്നു..!!"

അച്ഛന്‍: "ഓഹോ... എനിക്കും മാജിക്ക് അറിയാമെടാ... നിന്നെ അപ്രത്യക്ഷം ആക്കുന്ന മാജിക്ക് കാണണോ?"

അച്ഛനില്‍ ഒളിച്ചിരുന്ന മജിഷ്യന്‍ അന്ന് പുറത്ത് വന്നു. അച്ഛന്‍ ചൂരല്‍ എടുത്തപ്പോഴേക്കും ഞാന്‍ ആ പരിസരത്ത് നിന്നും അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു !

Wednesday, October 7, 2009

ബ്രേക്കിംഗ് ന്യൂസ്‌

"നിഷാന്ത്‌..... ഇത് സ്റ്റുഡിയോയില്‍ നിന്നാണ്.... കേള്‍ക്കുന്നുണ്ടോ ?"
"കേള്‍ക്കുന്നുണ്ട്‌ ജോസഫ്‌ ...!!"
"നിഷാന്ത്‌ ഇപ്പോള്‍ സംഭവ സ്ഥലത്തുണ്ടോ? എന്താണ് അവിടുത്തെ അവസ്ഥ ?"
"ഞാന്‍ ഇപ്പോള്‍ റോഡ്‌ അപകടം നടന്ന മാര്‍ക്കറ്റ്‌ ജങ്ക്ഷനില്‍ ഉണ്ട്. രണ്ട് ഇരു ചക്ര വാഹനങ്ങള്‍ ആണ് അപകടത്തില്‍ പെട്ടത്. സഡന്‍ ബ്രേക്ക്‌ ഇട്ട ബസിനു പിന്നില്‍ വന്നു ഇടിക്കുകയായിരുന്നു.സംഭവം നടന്നപ്പോള്‍ ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ബസിനു പിന്നില്‍ നടുവേ പിളര്‍ന്ന തണ്ണിമത്തന്‍ കഷണങ്ങള്‍ പോലെ വാഹനങ്ങള്‍ ഒരെണ്ണം ഇടത്തോട്ടും ഒരെണ്ണം വലത്തോട്ടും ചെരിഞ്ഞു കിടപ്പുണ്ട്. വാഹനം ഓടിച്ചിരുന്നവര്‍ അപ്പോള്‍ തന്നെ ചാടി ഇറങ്ങിയതിനാല്‍ കുഴപ്പം ഒന്നും പറ്റിയില്ല. എന്നാല്‍ ബസിനു അകത്തു സഞ്ചരിച്ച ഒരാള്‍ക്ക് multiple fractures ഉണ്ടായി എന്നൊരു അത്ഭുതകരമായ വസ്തുത അറിയിച്ചു കൊള്ളട്ടെ... "
"ബസിനകത്തു സഞ്ചരിച്ച ആള്‍ക്ക് പരിക്കോ... അത് കുറച്ചു കൂടി വിശദീകരിക്കാമോ ?"

"തീര്‍ച്ചയായും. സംഭവത്തില്‍ പരിക്കേറ്റ ആന്റോ ഇപ്പൊ നമ്മോടൊപ്പം ഉണ്ട്. ആന്റോ... എങ്ങനെയാണ് താങ്കള്‍ ഈ അവസ്ഥയില്‍ എത്തിയത് ?"
"ഒന്നും പറയേണ്ട എന്‍റെ സാറേ... കഴിഞ്ഞ സ്റ്റോപ്പില്‍ നിന്നും നല്ല വണ്ണമുള്ള ഒരു ചേച്ചിയും അവരുടെ സുന്ദരിയായ അനിയത്തിയും കേറി. ബസില്‍ സീറ്റ്‌ ഒഴിവ് ഇല്ലായിരുന്നു.രണ്ട് പേരുടെ സീറ്റില്‍ ഞാനും പ്രായമായ ഒരു അമ്മച്ചിയും. പരോപകാരം ചെയ്യാമെന്ന് കരുതി ഞാന്‍ സീറ്റ്‌ ഒഴിഞ്ഞു കൊടുത്തു. എന്നാല്‍ അവര്‍ അനിയത്തിയെ പിടിച്ചു ഇരുത്തി. എന്നിട്ട് എന്നോട് മുന്നോട്ടു നീങ്ങി നില്‍ക്കാനും പറഞ്ഞു. അവരുടെ അനിയത്തിയെ വായിനോക്കതിരിക്കാന്‍ വേണ്ടിയായിരിക്കും. വെളുക്കാന്‍ തേച്ചു പാണ്ടായെന്നു പറഞ്ഞാല്‍ മതിയല്ലോ. അപ്പോഴാണ്‌ ഈ സഡന്‍ ബ്രേക്ക്‌ ! ബാലന്‍സ് തെറ്റിയ ചേച്ചി മലമ്പാമ്പ് പിടിക്കണ പോലെ എന്നെ കേറി പിടിച്ചു. താങ്ങാനായില്ല എന്‍റെ സാറേ... ഞാന്‍ വീണു പോയി. എന്തായാലും ഭാഗ്യത്തിന് ഒന്നും പറ്റിയില്ല...."
"എന്ത് ??? ഒന്നും പറ്റിയില്ലെന്നോ ? അപ്പൊ ആര്‍ക്കോ ഒടിവും ചതവും സംഭവിച്ചു എന്ന് പറഞ്ഞത് ?"
"അത് എനിക്കല്ല... കണ്ടക്ടര്‍ക്കാ... ഞങ്ങള്‍ രണ്ടും കൂടി വീണത്‌ അങ്ങേരുടെ പുറത്താ... വീഴ്ച മുഴുവന്‍ പാവം താങ്ങി... പപ്പടം പൊടിയുന്നത് പോലെ എന്തൊക്കെയോ ശബ്ദം കേട്ടു ! എല്ലാവരും കൂടി അങ്ങേരെ പെറുക്കി എടുത്തു ഓട്ടോയില്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ടുണ്ട് !"

(സ്റ്റുഡിയോയില്‍ നിന്നു ) "നിഷാന്ത്... ട്രാഫിക്‌ പോലീസിന്റെ അനാസ്ഥ കാരണമാണ് അപകടം ഉണ്ടായത് എന്നൊരു ആരോപണം ഉണ്ട്. അതില്‍ എത്രത്തോളം സത്യം ഉണ്ട് ?"
"ജോസഫ്‌.... ഈ ആരോപണത്തിന് മറുപടി പറയാന്‍ ഇവിടെ ട്രാഫിക്‌ നിയന്ത്രിക്കുന്ന പുരുഷോത്തമന്‍ സാര്‍ നമ്മോടൊപ്പം ഉണ്ട്. എന്താണ് സര്‍ റോഡ്‌ അപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നത് ? ഡ്യൂട്ടി സമയത്ത് ഡിസൈനര്‍ ഷര്‍ട്ട്‌ ഇട്ടു കൊണ്ടു വന്നാല്‍ പാവം ജനങ്ങള്‍ സാറിനെ എങ്ങനെ തിരിച്ചറിയും ?"
"താന്‍ എന്തോക്കെയാടോ ഈ പറയുന്നേ ? ഇത് എന്‍റെ യുണിഫോം തന്നെയാ !"
"ട്രാഫിക്‌ പോലീസിന്റെ യുണിഫോം വെള്ളയില്‍ നിന്നും പിങ്കില്‍ ചുവന്ന പുള്ളികള്‍ എന്നതാക്കിയോ സര്‍ ?"
"എടോ.... ഇത് മുറുക്കാന്‍ മഴ പെയ്തതാ ! ബസില്‍ നിന്നും ഒരുത്തന്‍ മുറുക്കാന്‍ തുപ്പിയത് സഡന്‍ ബ്രേക്ക്‌ കാരണം ലക്‌ഷ്യം തെറ്റി എന്നെ അഭിഷേകം ചെയ്തതാ... അവനിപ്പോ സ്റ്റേഷനില്‍ ചോര തുപ്പുന്നുണ്ടാവും... ആരുടെ അനാസ്ഥ കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് അറിയാന്‍ ദേ ആ നിക്കണ നാണി തള്ളയോട് പോയി ചോദിക്ക്... അവര് കാരണമാ ബസ്‌ നിര്‍ത്തേണ്ടി വന്നത് !"

"അപകടത്തിനു കാരണക്കാരി എന്ന് പറയപ്പെടുന്ന നാണി തള്ള നമ്മളോടൊപ്പം ഉണ്ട്. നാണി തള്ള എന്തിനാണ് ബസ്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് ? എന്തായിരുന്നു ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ ഉണ്ടായ കാരണം ?"
" എന്‍റെ കുഞ്ഞേ ...പ്രായം കുറെ ആയില്ലേ... മറവി ഒക്കെ നല്ലോണം ഉണ്ട്. ബസ്സില്‍ നിന്നിറങ്ങി ചന്തയിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു കാര്യം ഓര്‍മ വന്നത്.. ഓര്‍മ വന്ന സ്ഥിതിക്ക് അത് അങ്ങനെ വിട്ടു കളയാന്‍ പാടില്ലല്ലോ. ഞാന്‍ ഉടനെ വലിയ വായില്‍ നിലവിളിച്ചോണ്ട് ബസിന്റെ പിറകെ എന്നാലാവും വിധം ഓടി. ഈശ്വരാനുഗ്രഹം കൊണ്ട് ബസ്‌ പെട്ടെന്ന് നിന്നു...!"
"അപ്പോള്‍ വിലപിടിപ്പുള്ള എന്തോ ഒന്ന് ബസില്‍ വെച്ചു മറന്നതിനാണ് നാണി തള്ള ബസ്‌ നിര്‍ത്തിച്ചത്.... എന്നിട്ട് ആ സാധനം കിട്ടിയോ? വിരോധമില്ലെങ്കില്‍ അതെന്താണെന്ന് പറയാമോ? മാല? വള? കമ്മല്‍?"
"അതൊന്നുമല്ല മക്കളെ... അഞ്ച് രൂപ തുട്ടു കൊടുത്ത് നാല് രൂപേടെ ടിക്കറ്റ്‌ എടുത്തിട്ട് ബാക്കി ഒരു രൂപ മേടിച്ചില്ല... ഇറങ്ങി കഴിഞ്ഞപ്പോഴാ ഓര്‍ത്തത്‌... മോന്‍ കണ്ടക്ടറെ ഇവിടെ എങ്ങാനും കണ്ടോ ?"
"------"

Saturday, October 3, 2009

ഐ. ടി. പഴഞ്ചൊല്ലുകള്‍

ഫ്രണ്ട്സ്‌ ബ്ലോഗേഴ്സ് ആന്‍ഡ്‌ കണ്ട്രിമെന്‍,

ഞാന്‍ ഇവിടെ കുറച്ചു .ടി. പഴഞ്ചൊല്ലുകള്‍ പരിച്ചയപെടുത്തുന്നു . വായിച്ചിട്ട് അഭിപ്രായങ്ങള്‍ അറിയിക്കുക.

* അല്പന് ഓണ്‍ സൈറ്റ് കിട്ടിയാല്‍ അര്‍ദ്ധ രാത്രിയും പണിയെടുക്കും
* പ്രൊജക്റ്റ്‌ മാനേജരെ കോഡ് എഴുതാന്‍ പഠിപ്പിക്കണോ ?
* മുറ്റത്തെ പ്രോഗ്രാമ്മര്‍ക്ക് വിലയില്ല
* ടെസ്ടെര്ക്കെന്താ കോഡ്‌ എഴുതുന്നിടത് കാര്യം ?
* കോഡ് എഴുതാന്‍ ഞങ്ങളും കാശ് വാങ്ങാന്‍ കമ്പനിയും
* ടെസ്ടര്‍ പഠിച്ചാല്‍ പ്രോഗ്രാമ്മര്‍ ആവുമോ ?
* ബഗ് ആണെങ്കില്‍ ബഗ് ഷീറ്റില്‍ ഇടാം, ഷോ സ്ടോപ്പര്‍ ആണെങ്കിലോ ?
* നിന്നെ പോലെ നിന്റെ കോഡ് ടെസ്റ്റ്‌ ചെയ്യുന്നവനെയും സ്നേഹിക്കുക
* ലീവ് കിട്ടാന്‍ പ്രൊജക്റ്റ്‌ മാനേജര്‍ കാലും പിടിക്കണം
* ആരാന്റെ പ്രൊജക്റ്റ്‌ റിവ്യൂ നടക്കുമ്പോള്‍ കാണാന്‍ നല്ല ചേല്
* ഓണ്‍ സൈറ്റ് കിട്ട്യോനറിയില്ല കിട്ടാത്തവന്റെ ദുഖം
* കോഡ് കണ്ടാല്‍ അറിയാം ബഗ്ഗിന്റെ പഞ്ഞം
* കിട്ടാത്ത ഓണ്‍ സൈറ്റ് പുളിക്കും
* ബഗ്ഗിനെ പേടിച്ചു ജോലി കളയണോ ?
* ടെസ്ടര്‍ ഉള്ളപ്പോ ടെസ്ടരുടെ വില അറിയില്ല
* ഒന്നുകില്‍ പ്രോഗ്രാമ്മറുടെ നെഞ്ചത്ത് അല്ലെങ്കില്‍ കമ്പനിക്കു പുറത്ത്
* സമ്പത്തു കാലത്ത് സര്‍ട്ടിഫികെഷന്‍സ് എടുത്താല്‍ ആപത്തു കാലത്ത് കമ്പനി ചാടാം
* കുരയ്ക്കും മാനേജര്‍ കടിക്കില്ല
* കാണം വിറ്റും പ്രൊജക്റ്റ്‌ തീര്‍ക്കണം
* ടീം ലീടിനു വെച്ചത് പ്രൊജക്റ്റ്‌ മാനേജര്‍ക്ക് കൊണ്ടു
* പ്രൊജക്റ്റ്‌ കിട്ടിയാലും ഓണ്‍ സൈറ്റ് പോയാലും അപ്പ്രൈസല്‍ കുമ്പിളില്‍ തന്നെ
* പ്രോഗ്രാമോ പ്രോഗ്രാമറോ ആദ്യം ഉണ്ടായേ ?
* എന്തായാലും പ്രൊജക്റ്റ്‌ മീറ്റിങ്ങിനു കേറി, ഇനി തെറി കേട്ടിട്ട് ഇറങ്ങാം
* മാനേജര്‍ ചൊല്ലും പ്രോഗ്രാം ആദ്യം ക്രാഷ്‌ ആവും, പിന്നെ വര്‍ക്ക്‌ ചെയ്യും
* അടി തെറ്റിയാല്‍ കമ്പനിയും വീഴും
* മാനേജര്‍ സ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടേണം ഓണ്‍ സൈറ്റ്
* എററുകള്‍ എല്ലാം ബഗ് അല്ല
* മാനേജര്‍ക്ക് രിക്വൈര്‍മെന്റ്റ്‌ ഒന്ന് തെറ്റിയാല്‍, പ്രോഗ്രാമര്‍ക്ക് ആറ് തെറ്റും
* ലോജിക് ഏതായിരുന്നാലും പ്രോഗ്രാം വര്‍ക്ക്‌ ചെയ്താല്‍ മതി
* തേടിയ കോഡ് ഗൂഗിളില്‍ കിട്ടി
* വേലിയില്‍ ഇരുന്ന ബഗ്ഗിനെ എടുത്തു ടെസ്ടര്‍ക്ക് കൊടുത്ത മാതിരി
* പ്രോഗ്രാം വര്‍ക്ക്‌ ചെയ്യിച്ചാല്‍ പോരെ, ബഗ് എണ്ണണോ ?
* ലേ ഓഫ്‌ പോലെ വന്നത് വാണിംഗ് പോലെ പോയി
* പ്രോഗ്രാമറെ ടെസ്ടര്‍ ചതിച്ചാല്‍, ടെസ്ടരെ ഡെലിവറി ഹെഡ് ചതിക്കും
* രാജിക്കത്ത് കൊടുക്കുകയും ചെയ്തു, ഓഫര്‍ ലെറ്റര്‍ കിട്ടിയുമില്ല
* ആ കമ്പനിയില്‍ നിക്കുമ്പോ ഈ കമ്പനിയില്‍ ബോണസ്
* കോഡ് തെറ്റിയെന്നു കരുതി കമ്പ്യൂട്ടര്‍ തല്ലി പൊളിക്കരുത്
* ഗതി കെട്ടാല്‍ പ്രോഗ്രാമ്മര്‍ ഗൂഗിളിലും തപ്പും
* പ്രോഗ്രാമര്‍ ഇച്ഛിച്ചതും മാനേജര്‍ കല്പിച്ചതും ഓണ്‍ സൈറ്റ്
* ദാനം കിട്ടിയ അപ്പ്രൈസലില് കൂടുതല്‍ ചോദിക്കരുത്
* വേണമെങ്കില്‍ ഓണ്‍ സൈറ്റ് ബെഞ്ചില്‍ ഇരിക്കുമ്പോഴും കിട്ടും
* ജോലിയും ചെയ്തു, സ്റ്റാറ്റസ് റിപ്പോര്‍ട്ടും അയച്ചു എന്നിട്ടും മാനേജര്‍ക്ക് മുറുമുറുപ്പ്
* കോഡിംഗ് ദു:ഖമാണുണ്ണീ ബെഞ്ച്‌ അല്ലോ സുഖപ്രദം
* മാനേജര്‍ എത്ര പ്രൊജക്റ്റ്‌ കണ്ടതാ
* കഴിവ് നന്നായിരിക്കുമ്പോള്‍ കമ്പനി ചാടണം
* ഒരു വട്ടം നല്ല റേറ്റിംഗ് കിട്ടിയെന്നു കരുതി എല്ലാ വട്ടവും അങ്ങനെ ആവുമോ ?
* മാനേജര്‍ക്ക് ഡെമോ കൊടുക്കുകയും വേണം, ഓണത്തിന് നാട്ടിലും പോണം
* ഗൂഗിള്‍ ഉണ്ടെങ്കില്‍ ഏതു പ്രോഗ്രാമ്മും എഴുതാം
* മാനേജരില്ലാ ദിവസം ടീം ലീഡ്‌ രാജാവ്
* ടീം ലീടിനു ഡൌട്ട് വന്നാല്‍ മാനേജരോട് ചോദിക്കാം, മാനേജര്‍ക്ക് ഡൌട്ട് വന്നാലോ?
* മണ്ണും ചാരി നിന്ന കമ്പനി മില്യണ്‍ ഡോളര്‍ പ്രോജക്ടും കൊണ്ടു പോയി
* ബഗ് ഉണ്ടായാല്‍ പോര ബഗ് റിപ്പോര്‍ട്ട്‌ ഉണ്ടാക്കണം
* സോപ്പിടുന്ന പ്രോഗ്രാമ്മര്‍ക്കെ അപ്പ്രൈസല്‍ ഉള്ളു
* റിസഷന്റെ കൂടെ ലേ ഓഫ്‌ കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ
* പ്രോഗ്രാം നന്നായാല്‍ ടെസ്റ്റിംഗ് വേണ്ട
* പാണ്ടന്‍ എന്‍ജിനിയറുടെ രെസുമിന്‍ ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല
* പ്രോഗ്രാമ്മര്‍ക്ക് പ്രാണ വേദന, മാനേജര്‍ക്ക് വീണ വായന
* പ്രൊജക്റ്റ്‌ കൊടുത്താലും സോര്‍സ് കോഡ് കൊടുക്കരുത്‌
* ഓണ്‍ സൈറ്റ് കിട്ടുവോളം നാരായണ, ഓണ്‍ സൈറ്റ് കിട്ട്യാലോ കൂരായണ
* പ്രോഗ്രാം എഴുതിയാല്‍ പോര, വര്‍ക്ക്‌ ചെയ്യണം

ലിസ്റ്റ് അപൂര്‍ണം ആണ്. നിങ്ങള്‍ക്കു തോന്നുന്ന ചൊല്ലുകള്‍ കൂടെ ചേര്‍ക്കുക.
സസ്നേഹം,
അഭി

Monday, September 28, 2009

ഒരു ഡിന്നറിന്റെ ഓര്‍മയ്ക്ക്




"നീ പോടാ കൊരങ്ങാ....!"

കഷ്ടിച്ച് രണ്ട് ദിവസം മാത്രം പരിചയമുള്ള ഒരു പെണ്‍കുട്ടി മുഖത്ത് നോക്കി ഇങ്ങനെ വിളിച്ചാല്‍ എന്ത് തോന്നും ? ദേഷ്യം, അമ്പരപ്പ് അതോ തമാശ ? ഇത് കേട്ടിട്ട് ഞാന്‍ തിരികെ ഒന്നും വിളിക്കാതെ ചിരിച്ചു തള്ളിയത് അവളുടെ ചിരി കണ്ടിട്ടാണോ അതോ എന്നെക്കാളും ദയനീയമായ അവളുടെ ആരോഗ്യ സ്തിഥി കണ്ടിട്ടാണോ എന്നെനിക്കറിയില്ല.

അവള്‍ രേഷ്മ, എന്‍റെ കൂട്ടുകാരി. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ജനുവരി മാസം ജോലിക്ക് പ്രവേശിച്ചു ട്രെയിനിംഗ് തുടങ്ങുമ്പോള്‍ എന്‍റെ ഗ്രൂപ്പില്‍ അവളും ഉണ്ടായിരുന്നു. ട്രെയിനിംഗ് സമയത്തെ ഞങ്ങളുടെ പരിചയം കേവലം ചിരിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു. വിരലില്‍ എണ്ണാവുന്നത്ര പ്രാവശ്യം മാത്രമേ ഞാന്‍ അവളോട്‌ മിണ്ടിയിട്ടുള്ളൂ.അത്രയും പ്രാവശ്യം 'പോടാ' വിളി കേട്ടിട്ടുമുണ്ട്. ട്രെയിനിംഗ് കഴിഞ്ഞു ഞങ്ങള്‍ വേറെ വേറെ ഓഫീസുകളില്‍ ആയി. ഒരു ദിവസം രാവിലെ അവിചാരിതമായി ഞാന്‍ രേഷ്മയെ കമ്പനി ബസ്സിനകത്ത് കണ്ടു. ഒന്നും സംസാരിച്ചില്ല. കാരണം ഞാന്‍ റോഡിലും അവള്‍ ബസ്സിനകത്തും ആയിരുന്നു ! അന്ന് എനിക്ക് ഒരു മെയില്‍ കിട്ടി.... Subject : Hi

- - - - - - " ഹലോ മാഷെ, സുഖാണോ ? എന്താ എന്നെ കണ്ടപ്പോള്‍ ഒരു ഞെട്ടല്‍ ? ഒന്ന് ചിരിച്ചു കൂടെ ? ജോലിയൊക്കെ എങ്ങനെ പോവുന്നു ? പറ്റുമെങ്കില്‍ reply ചെയ്യ്‌... ട്ടോ ! " - - - - -

ആ മെയിലിനു മറുപടി അയച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ സൌഹൃദം ശരിക്കും തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. മെയില്‍സ്‌, ചാറ്റിങ്, sms തുടങ്ങിയവയില്‍ കൂടി അത് പടര്‍ന്നു പന്തലിച്ചു. അങ്ങനെയിരിക്കെ എന്‍റെ പിറന്നാള്‍ വന്നെത്തി. പിറന്നാള്‍ എന്ന് കേള്‍ക്കുമ്പോള്‍ മറ്റൊരു സംഭവം കൂടി അതിനോടൊപ്പം വരും - ട്രീറ്റ്‌ ! രേഷ്മക്കു ട്രീറ്റ്‌ കിട്ടിയേ തീരൂ. സമ്മതിക്കാതെ തരമില്ലല്ലോ. വീക്കെണ്ട് ആവുമ്പോ ഡിന്നര്‍ മേടിച്ചു തരാമെന്നു പറഞ്ഞു അത് സോള്‍വ്‌ ആക്കി.

ട്രീറ്റ്‌ ദിവസം. രാത്രി 7 മണി ആയപ്പോള്‍ ഞാന്‍ രേഷ്മ കാത്തു നില്‍ക്കാമെന്ന് പറഞ്ഞ സ്ഥലത്തെത്തി. punctuality എനിക്ക് അല്പം കുറവായതിനാലും അവള്‍ക്കു വളരെ കൂടുതല്‍ ആയിരുന്നതിനാലും എനിക്ക് മുന്‍പേ അവള്‍ അവിടെ എത്തിയിരുന്നു. ബര്‍ത്ത്ഡേ വിഷ് ഒക്കെ പറഞ്ഞിട്ട് അവള്‍ എന്നെ അടുത്തുള്ള ഐസ് ക്രീം പാര്‍ലറിന്റെ മുന്നിലേക്ക് കൂട്ടികൊണ്ട് പോയി. ട്രീറ്റ്‌ ഐസ് ക്രീമില്‍ ഒതുക്കമെന്ന എന്‍റെ കണക്കുകൂട്ടല്‍ ഒക്കെ തെറ്റാണെന്ന് മനസ്സിആവാന്‍ അധിക നേരം വേണ്ടി വന്നില്ല.

പാര്‍ലറിന്റെ അകത്തു നിന്നു അതാ ഒരു പെണ്‍പട ഇറങ്ങി വരുന്നു. അവളുടെ ഹോസ്റ്റലിലെ ഫ്രണ്ട്സ് ആന്‍ഡ്‌ റൂം മേറ്റ്സ് ! അവളുടെ റൂം മേറ്റ്സ് നു എന്നെ അറിയാം. ബാകി ഫ്രണ്ട്സ് എല്ലാവരും എന്റെയും ഫ്രണ്ട്സ്. ഇനിയും പറഞ്ഞാല്‍ എന്‍റെ ട്രെയിനിംഗ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നവര്‍. കുറച്ചു കൂടി വ്യക്തമാക്കിയാല്‍ എന്‍റെ അതേ ഓഫീസില്‍ വര്‍ക്ക്‌ ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ ! ഇങ്ങനെ ഒരു അവസ്ഥയില്‍ പെട്ടാല്‍ പിന്നെ എന്താ പറയേണ്ടേ ? പഴ്സില്‍ നിന്നു ഒരു രണ്ടായിരം രൂപ ബൈ ബൈ പറയുന്നത് പോലെ ഒരു ഫീലിംഗ്. അത്രയും രൂപ കൈയില്‍ ഇല്ല എന്നത് വേറെ കാര്യം. ക്രെഡിറ്റ്‌ കാര്‍ഡ് കി ജയ് ! നേര്‍ച്ചക്കോഴി കശാപ്പുകാരനെ നോക്കുന്ന കൂട്ട് ഞാന്‍ രേഷ്മയെ നോക്കി. 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന ഭാവം! കാലിന്റെ അറ്റത്ത്‌ നിന്നും ട്രാവല്‍ ചെയ്തു വന്ന ഞെട്ടലും ചമ്മലും മുഖത്ത് വരാതിരിക്കാന്‍ ഒരു വിഫല ശ്രമം നടത്തി കൊണ്ട് ഞാന്‍ ചോദിച്ചു :

"ആഹാ... എല്ലാരും ഉണ്ടല്ലോ... എന്താ ഇവിടെ ?"

"ഞങ്ങള്‍ വെറുതെ കറങ്ങാന്‍ ഇറങ്ങിയതാ.... പിന്നെ ഒരു ഐസ്ക്രീം തട്ടാമെന്നു കരുതി ഇങ്ങു പോന്നു... അല്ലാ, അഭി എന്താ ഇവിടെ ?"

".... ഞാന്‍ ... അത് .... പിന്നെ ..."

അപ്പോഴേക്കും രേഷ്മ ചാടി കേറി പറഞ്ഞു, " അവന്‍ എനിക്ക് ട്രീറ്റ്‌ ചെയ്യാന്‍ വന്നതാ !"

എല്ലാവരും എന്നെ ഗൂഡമായി നോക്കി. ഞാന്‍ മാനത്ത് നോക്കി 'twinkle twinkle little star' മനസ്സില്‍ പാടി !

"അപ്പൊ ശരി... ഞങ്ങള്‍ പോവാ... "

എന്നെയും രേഷ്മയേയും തനിച്ചാക്കി അവര്‍ നടന്നകന്നു. അവര്‍ പോയതും രേഷ്മക്കു ഡോസ് കൊടുക്കല്‍ കര്‍മം ആരംഭിച്ചു.

"എടീ ദുഷ്ടേ.... ഇവരൊക്കെ കൂടെ ഉണ്ടെന്നു ഒരു മുന്നറിയിപ്പ് തന്നു കൂടായിരുന്നോ ? "

"പിന്നേ.... മുന്നറിയിപ്പ് തന്നിരുന്നെങ്കില്‍ നിന്റെ മുഖത്ത് തെളിഞ്ഞ ചമ്മല്‍ ലൈവ് ആയിട്ട് കാണാന്‍ പറ്റില്ലല്ലോ.... അത് കൊണ്ട് ഞാന്‍ മനപ്പൂര്‍വം പറയാത്തതാ ട്ടോ ..."

"നീ എല്ലാം പ്ലാന്‍ ചെയ്തു ഇറങ്ങിയിരിക്കുവാ അല്ലെ ? ഞാന്‍ വിചാരിച്ചു എല്ലാരും കൂടി എന്നെ മുടിപ്പിച്ചിട്ടേ പോവൂ എന്ന്‍ ..."

"അതേ... ഇഷ്ടപ്പെട്ടില്ലേ ? ഇഷ്ടപ്പെട്ടില്ലെങ്കിലും എനിക്കൊരു ചുക്കുമില്ല.. കേട്ടോടാ കൊരങ്ങാ... മുടിപ്പിക്കാമെന്നു വിചാരിച്ചതാ... പിന്നെ പാവമല്ലേ എന്ന് കരുതി വെറുതെ വിട്ടിരിക്കുന്നു !"

അങ്ങനെ പറഞ്ഞു പറഞ്ഞു ട്രീറ്റ്‌ ഒരു ചൈനീസ് restaurant-ല്‍ നടത്താമെന്ന് തീരുമാനിച്ചു. ചൈനീസ് ഭക്ഷണവും ഞാനും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും അടുത്തൊന്നും വേറെ നല്ല ഹോട്ടല്‍ ഇല്ലാത്തതിനാല്‍ അവിടെ തന്നെ കേറി. കേവലം പതിനഞ്ച് രൂപക്ക് ചൈനീസ് തട്ടുകടയില്‍ നിന്നും ഫ്രൈഡ്‌ റൈസും നൂഡില്‍സും ഒക്കെ കഴിച്ച ഓര്‍മയില്‍ മെനു കാര്‍ഡ്‌ തുറന്ന ഞാന്‍ ഞെട്ടി (ഞെട്ടല്‍ നമ്പര്‍ 2). ഏതെടുത്താലും 200 രൂപ... അതില്‍ കുറഞ്ഞൊരു സംഭവം ഇല്ല ! എന്‍റെ ഒരു ഹിസ്റ്ററി എന്തെന്ന് വെച്ചാല്‍ ചൈനീസ് ഫുഡ്‌ കഴിച്ചു പണി കിട്ടിയിട്ടുള്ള അവസരങ്ങള്‍ ആണ് കൂടുതല്‍. ഇത്രയും കാശ് മുടക്കി പണി ചോദിച്ചു മേടിക്കണോ ??

രേഷ്മയെ ഞെട്ടിച്ചു കൊണ്ട് (ഞാന്‍ മാത്രം ഞെട്ടിക്കൊണ്ടിരുന്നാല്‍ ഒരു രസമില്ലല്ലോ) ഞാന്‍ ഒരു പ്രഖ്യാപനം നടത്തി : ഞാന്‍ ഒന്നും കഴിക്കുന്നില്ല ! അവള്‍ കുറച്ചു നേരം തര്‍ക്കിചെങ്കിലും ഞാന്‍ വിട്ടു കൊടുത്തില്ല. പിന്നെ അവള്‍ ഓര്‍ഡര്‍ ചെയ്യുന്നതില്‍ നിന്നും കുറച്ചു എടുക്കാമെന്ന് ധാരണയായി. ഫ്രൈഡ്‌ റൈസും ചിക്കനും ഓര്‍ഡര്‍ ചെയ്തു. വലിയൊരു പാത്രത്തില്‍ റൈസും പിന്നെ ആവശ്യത്തിലധികം ചിക്കനും എത്തി ചേര്‍ന്നു. വില അല്പം കൂടുതല്‍ ആണെങ്കിലും അതിനുള്ള സംഗതി ഉണ്ട്.... സന്തോഷം ! ഇനി ഇതെങ്ങനെ കഴിച്ചു തീര്‍ക്കും എന്നൊരു പ്രശ്നം മാത്രം ബാക്കി.... പറ്റുന്നത്രയും കഴിക്കാം... ബാക്കി പാര്‍സല്‍ ചെയ്യാം...സോ സിമ്പിള്‍ !

പക്ഷെ മെലിഞ്ഞ ശരീര പ്രകൃതം ഉള്ളവര്‍ ഭക്ഷണം കുറഞ്ഞ അളവില്‍ മാത്രം കഴിക്കൂ എന്ന ധാരണയെ കാറ്റില്‍ പറത്തി കൊണ്ട് രേഷ്മ തന്നെ മുക്കാല്‍ ഭാഗവും തീര്‍ത്തു ! എനിക്ക് ഒരു കാഴ്ചക്കാരന്റെ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പാര്‍സല്‍ ചെയ്യേണ്ട ആവശ്യമേ ഉണ്ടായില്ല. പാത്രങ്ങള്‍ ഒക്കെ ശൂന്യം. ഫ്രണ്ട്സിന്റെ മുന്നില്‍ വെച്ചു കൂടുതല്‍ നാണം കെടാതെ എന്നെ രക്ഷിച്ചത്‌ കൊണ്ടും അവളുടെ കൈയില്‍ ഒരു ഗിഫ്റ്റ് ഉണ്ടായിരുന്നത് കൊണ്ടും രേഷ്മ കൈ കഴുക്കാന്‍ പോയപ്പോള്‍ ഞാന്‍ മുങ്ങിയില്ല..... പാവമല്ലേ... വെറുതെ വിട്ടിരിക്കുന്നു !

പിരിയാന്‍ നേരം രേഷ്മയുടെ കൈയില്‍ കുറെ ചോക്കോലേറ്റ് മേടിച്ചു കൊടുത്തു വിട്ടു - ഫ്രണ്ട്സ് നും റൂം മേറ്റ്സ് നും കൊടുക്കാനായിട്ട്... അവരില്ലാതെ എനിക്കെന്തു ആഘോഷം ;)

വാല്‍കഷണം : രേഷ്മ ഇപ്പോള്‍ കല്യാണം ഒക്കെ കഴിഞ്ഞു happily ever after ആയിട്ട് ഇരിക്കുന്നു. ഇത് വായിച്ചിട്ട് എന്നെ തെറി പറയാന്‍ വന്നാല്‍ എനിക്ക് ഒന്നേ പറയാനുള്ളൂ : 'താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ ഇപ്പോള്‍ പരിധിക്ക് പുറത്താണ് !'

Monday, September 21, 2009

വെന്‍ ഐ വാസ് ഇന്‍ സ്കൂള്‍

കുട്ടിക്കാലം! രാവിലെ എഴുന്നെല്‍ക്കുമ്പോ മെത്ത നനഞ്ഞോ ഇല്ലെയോ എന്ന് നോക്കുന്ന ഒരു കാലമുണ്ടായിരുന്നല്ലോ.. അത് തന്നെ! മിട്ടായും കഴിച്ചു കളിപ്പാട്ടങ്ങളുടെ കൂടെ ഗുസ്തി കൂടി കൊണ്ട് നടന്ന എന്നെ വീട്ടുകാര്‍ സ്കൂളില്‍ കൊണ്ട് പോയി ചേര്‍ത്തു. ആദ്യമൊക്കെ ഭയങ്കര വിഷമം ആയിരുന്നെങ്കിലും പിന്നെ അതൊക്കെ ശീലമായി.

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സ്കൂളില്‍ സ്പോര്‍ട്സ് ഡേ ആണത്രേ. ഫസ്റ്റ് ആവുന്നവര്‍ക്ക് ഗപ്പ്‌ കിട്ടും പോലും. എങ്കില്‍ പിന്നെ നമുക്കും ഒന്ന് നോക്കി കളയാം എന്ന് എന്‍റെ കുഞ്ഞു മനസ്സ് മന്ത്രിച്ചു. അങ്ങനെ യാതൊരു പരിശീലനമോ മുന്‍പരിചയമോ ഇല്ലാതെ തന്നെ ഗപ്പ്‌ ഒപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

സ്പോര്‍ട്സ് ഡേ! ആദ്യത്തെ മത്സരം സ്പൂണില്‍ നാരങ്ങ വെച്ചിട്ട് ആ നാരങ്ങാ താഴെ വീഴാതെ ഒരു പോയിന്റില്‍ നിന്നു മറ്റൊരു പോയിന്റ് വരെ സ്പീഡില്‍ നടക്കുക... വെരി സിമ്പിള്‍! എല്ലാവരും സ്ടാര്ട്ടിംഗ് പോയിന്റില്‍ റെഡി ആയി. വിസില്‍ ഊതിയതും ഞാന്‍ ഒരു സ്റ്റെപ്പ് വെച്ചു. അടുത്ത സ്റ്റെപ്പ് വെച്ചത് നാരങ്ങ ആണെന്ന് മാത്രം. എന്നെ കൊണ്ട് ഒരു ഗുണവും ഇല്ല എന്ന് മനസ്സിലാക്കിയത് പോലെ നാരങ്ങ ഒറ്റയ്ക്ക് ഫിനിഷിങ് പോയിന്റ് ലക്ഷ്യമാക്കി ഉരുണ്ടു പോവുന്നു. ഞാനുണ്ടോ വിടുന്നു. സ്പൂണും കടിച്ചു പിടിച്ചു പിന്നാലെ പോയി അതിനെ എടുത്തു പോക്കറ്റിലാക്കി. ഗുപ്പ്‌ കിട്ടിയില്ലെങ്കിലും ഒരു കപ്പ്‌ നാരങ്ങ വെള്ളത്തിനുള്ള വകയെങ്കിലും വേണമല്ലോ. അങ്ങനെ ആ മത്സരം അവിടെ അവസാനിച്ചു.

അടുത്തത് തവളച്ചാട്ടം. വെരി വെരി സിമ്പിള്‍! എത്രയെത്ര തവളച്ചാട്ടം ചാടിയിട്ടുള്ളവനാ ഈ ഉറുമീസ്. അതിലും പങ്കെടുക്കാന്‍ ഞാന്‍ ചാടി ചാടി പോയി. മത്സരത്തിനു മുന്‍പ് പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണല്ലോ.... വീണ്ടും വിസില്‍ മുഴങ്ങുന്നു. ലങ്കയിലേക്ക് എടുത്തു ചാടിയ ഹനുമാന്‍ സ്വാമിയെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ ചാട്ടം ആരംഭിച്ചു. ഒരു പത്ത് ചാട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ ചുറ്റും വെറുതെ ഒന്ന് കണ്ണോടിച്ചു നോക്കി. അടുത്തെങ്ങും ആരും തന്നെയില്ല. എനിക്ക് വയ്യ. അവസാനം ഗപ്പ്‌ കിട്ടാന്‍ പോവുന്നു. സന്തോഷം കൊണ്ടെനിക്ക് ചാടാന്‍ വയ്യേ ! ട്രാക്കിന്റെ പകുതി പോലും ആയിട്ടില്ല. എന്നാലെന്ത് ? ഞാന്‍ തന്നെ ഫസ്റ്റ്...!

അപ്രതീക്ഷിതമായി എനിക്കൊരു വെളിപാട് ഉണ്ടായി.രാവിലെ കഴിച്ച ഇഡലിയും സാമ്പാറും എന്‍റെ കൂടെ ചാടുന്നു! വയറ്റിനകത്ത് എല്ലാം കൂടി കലങ്ങി മറിയുന്നു. ഞാന്‍ പതുക്കെ ചാട്ടത്തിന്റെ സ്പീഡ് കുറച്ചു. ആ തക്കത്തിന് ബാക്കി ഉള്ളവരൊക്കെ വാലിനു തീ പിടിച്ച കണക്ക് പാഞ്ഞു വരുന്നു. സ്പീഡ് കൂടാന്‍ ഒരു നിവര്‍ത്തിയുമില്ല. അവസാനം ട്രാക്കിന്റെ മുക്കാല്‍ ഭാഗം ആയപ്പോ ഞാന്‍ പെരുമ്പാമ്പിനെ കണ്ട തവളയെ പോലെ അട്ടെന്‍ഷന്‍ ആയി. പിന്നെ പതുക്കെ സാവധാനം എഴുന്നേറ്റു. കാലുകള്‍ രണ്ടും അടുപ്പിച്ചു വെച്ചു പതുക്കെ ടോയിലെറ്റ്‌ ലക്ഷ്യമാക്കി നടത്തം ആരംഭിച്ചു.

വളരെ പെട്ടെന്ന് തന്നെ കാര്യം സാധിച്ചു ഞാന്‍ തിരിച്ചെത്തി. മത്സരം മിസ്സ്‌ ആവാന്‍ പാടില്ലല്ലോ. എന്‍റെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ട് അടുത്ത മത്സരം പ്രഖ്യാപിച്ചു - തീറ്റ മത്സരം! 5 മിനിറ്റ്‌ കൊണ്ട് മാക്സിമം പഴം അകത്താക്കുക. നിരത്തി വെച്ചിരിക്കുന്ന പഴകുലകളെ ഞാന്‍ ഒന്ന് നോക്കി. പിന്നെ ടോയിലെട്ടിലേക്കു പോവുന്ന വഴിയിലേക്കും ഒന്ന് നോക്കി. സ്വയം ചോദിച്ചു : "ഇനി ഒരു വര കൂടി വരേണ്ടി വരുമോ? ". റിസ്ക്‌ എടുക്കാന്‍ തയ്യാര്‍ അല്ലാത്തതിനാല്‍ ഞാന്‍ ഒഴിഞ്ഞു മാറി. കാരണം ചോദിച്ചു വന്ന കൂട്ടുകാരോട് ഞാന്‍ ഡയറ്റിംഗ് ആണെന്ന് പറഞ്ഞു. ഇവര്‍ക്ക് എന്തൊക്കെ അറിയണം... ഹും !

ഉച്ചക്ക് ശേഷം മത്സരങ്ങള്‍ വീണ്ടും ആരംഭിച്ചു. ആദ്യം ബോള്‍ പെറുക്കല്‍ മത്സരം! സംഭവം എന്താണെന്ന് ഒരു പിടിയുമില്ല. എന്നാലും പേര് കൊടുത്തു. മത്സരം തുടങ്ങുന്നതിനു മുന്‍പേ കാര്യങ്ങള്‍ വിവരിച്ചു തന്നു. സ്റ്റാര്‍ടിംഗ് പോയിന്റില്‍ ഒരു ബാസ്കെറ്റ്‌ ഉണ്ട്. ട്രാക്കില്‍ കുറെ ബോള്‍ വെച്ചിട്ടുണ്ട്. ആ ബോള്‍ എല്ലാം ബാസ്കെറ്റിന്റെ അകത്തു ആക്കണം. ഒരു ബോള്‍ ബാസ്കെറ്റിന്റെ അകത്തു ഇട്ടതിനു ശേഷമേ അടുത്ത ബോള്‍ എടുക്കാവൂ. അങ്ങനെ മൊത്തം അഞ്ചു ബോള്‍ ആദ്യം ആര് കുട്ടയുടെ അകത്തു ആക്കുന്നുവോ അവര് ജയിക്കും. ഞാന്‍ കുറച്ചു നേരം ചിന്താവിഷ്ടനായി. ഈ മത്സരം ബുദ്ധി കൊണ്ട് ജയിക്കണം !

വിസില്‍ മുഴങ്ങി. ഞാന്‍ ഓടി. ബോള്‍ പെറുക്കി. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ! ആഹാ... എല്ലാവരും രണ്ടാമത്തെ ബോള്‍ എടുക്കുന്ന സമയം കൊണ്ട് അഞ്ച് ബോളും നിറച്ചു കുട്ടയും ഉയര്‍ത്തി പിടിച്ചു കൈയടി ഏറ്റു വാങ്ങാന്‍ വേണ്ടി ഞാന്‍ നിന്നു. ഒരു നിമിഷത്തെ നിശ്ശബ്ദത. പിന്നെ അവിടെ ഒരു കൂട്ടച്ചിരി ആയിരുന്നു. മത്സരത്തില്‍ പങ്കെടുത്തവര്‍ പോലും മത്സരം മറന്നു ചിരി! എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ നിന്ന എന്‍റെ നേരെ കൈ ചൂണ്ടി ടീച്ചര്‍ പറഞ്ഞു : "ടിസ്ക്വാളിഫയീട്..!" ഞാന്‍ കുട്ടയും എടുത്തു കൊണ്ട് ഓടിയതാണ് കാരണമത്രേ. കുട്ടയും എടുത്തു നിമിഷ നേരം കൊണ്ട് അഞ്ചു ബോളും പെറുക്കി ഫിനിഷിങ് പോയിന്റില്‍ എത്തിയ ഞാന്‍ ആരായി ?? എന്‍റെ ബുദ്ധിപരമായ നീക്കത്തെ അപമാനിച്ചതിന് പ്രതിഷേധമായി പിന്നീടുള്ള മത്സരങ്ങളില്‍ ഒന്നും ഞാന്‍ പങ്കെടുത്തില്ല !


Thursday, September 10, 2009

ഹൈദരാബാദ് തേപ്പ്

തേപ്പുപെട്ടിയിലെ അന്‍പതാമത്തെ പോസ്റ്റ്‌ എഴുതുന്ന ഈ അവസരത്തില്‍ ബ്ലോഗ്‌ വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും എന്‍റെ നന്ദി ഞാന്‍ ഇവിടെ അറിയിച്ചു കൊള്ളുന്നു (നന്ദി മാത്രമേ ഒള്ളോ എന്ന് ചോദിച്ചു കളയല്ലേ)

ഇത്രയും പോസ്റ്റുകളില്‍ ഇത് വരെ വരാത്ത ഒരു കഥാപാത്രത്തെ ആണ് ഞാന്‍ ഇപ്പോള്‍ പരിചയപെടുത്താന്‍ പോവുന്നത്. നമ്മുടെ എല്ലാം പ്രിയങ്കരനായ ബിനു! ബിനുവിനെ കുറിച്ച് പറയുകയാണെങ്കില്‍ അവനു പത്ത് തലയാ... തനി രാവണന്‍! നമ്മുടെ കോളേജിലെ ചെസ്സ്‌ ചാമ്പ്യന്‍. എഞ്ചിനീയറിംഗ് വര്‍ക്ക്‌ ഷോപ്പില്‍ കാര്‍പെന്‍ട്രി ചെയ്യുമ്പോള്‍ കൈ മുറിഞ്ഞു രണ്ട് തുള്ളി ചോര കണ്ടപ്പോള്‍ മയക്കുവെടി കൊണ്ട ആനയെ പോലെ ചെരിഞ്ഞവന്‍ ബിനു. ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങള്‍ അറിയാതെ ഡ്രൈവിംഗ് പഠിക്കാന്‍ വേണ്ടി ഒരുത്തന്റെ കൈനെടിക്‌ ഹോണ്ട മേടിച്ചു താമരശ്ശേരി ചൊരം ഇറങ്ങി വാഴയില്‍ ഇടിച്ചു നിര്‍ത്തിയത് പോലെ കോളേജിന്റെ അകത്തു വെറുതെ കിടന്ന ബസ്സില്‍ നല്ലൊരു ഇടി ഇടിച്ചു അവിടെയും ഫ്ലാറ്റ് ആയവന്‍ ബിനു (ഭാഗ്യത്തിന് ബസ്സിനു ഒന്നും സംഭവിച്ചില്ല). എഞ്ചിനീയറിംഗ് പഠിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ പരീക്ഷകള്‍ എഴുതി ജോലി കരസ്ഥമാക്കി ബാക്കി ഒള്ളവന്മാരെ IT ഫീല്‍ഡില്‍ സാമ്പത്തിക മാന്ദ്യം കാരണം കമ്പനിയില്‍ നിന്നു ചവിട്ടി പുറത്താക്കിയപ്പോള്‍ പരിപ്പ് വടയും ചായയും മേടിച്ചു തന്ന് ആശ്വസിപ്പിച്ചവന്‍ ബിനു !

പക്ഷെ ബിനുവിന്റെ ആദ്യത്തെ ഹൈദരാബാദ് യാത്ര അവനു ഒരു ഒന്നൊന്നര തേപ്പ് ആവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ദാസപ്പന്‍, ബിനു, ഹരി തുടങ്ങിയവര്‍ ഒരു ദിവസം യാത്ര തിരിക്കുന്നു. ഹരി ബാംഗ്ലൂരില്‍ നിന്നും ബിനു ആന്‍ഡ്‌ ദാസപ്പന്‍ തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ കേറുന്നു. ബിനുവിന്റെ കണ്ടകശനി ആ യാത്ര തുടങ്ങിയപ്പോള്‍ തന്നെ തുടങ്ങുന്നു. യാത്രയുടെ തലേ ദിവസം ദാസപ്പന്റെ ടിക്കറ്റ്‌ കണ്‍ഫേം ആവുന്നു, ബിനു അപ്പോഴും RAC..! പിന്നീട് ടിക്കറ്റ്‌ ചെക്ക്‌ ചെയ്യാന്‍ വന്ന TT മാരെ ദാസപ്പന്‍ കണ്ണുരുട്ടിയും കണ്ണിറുക്കിയും കാലു പിടിച്ചും സമാധാനിപ്പിച്ചു വിട്ടു. ബിനു A/C കോച്ചില്‍ തന്നെ യാത്ര പൂര്‍ത്തിയാക്കിയതിന്റെ ക്രഡിറ്റ്‌ മുഴുവന്‍ ദാസപ്പന് മാത്രം. ആകെമൊത്തം 10 TT മാറി മാറി വന്നു എന്ന് ബിനു പറയുന്നു. ഇനി അവന്‍ കറുത്ത കുപ്പായമിട്ട എല്ലാവരെയും TT ആയിട്ട് തെറ്റിധരിച്ചോ എന്നറിയില്ല.

അങ്ങനെ ഹൈദരാബാദില്‍ എത്തിയ ആദ്യ ദിവസം തന്നെ ബിരിയാണി കഴിച്ചിട്ട് ഞങ്ങള്‍ നാല് പേരും കറങ്ങാന്‍ ഇറങ്ങി. സ്നോ വേള്‍ഡ്, ബിര്‍ള മന്ദിര്‍ ഒക്കെ കണ്ടിട്ട് രാത്രി IMAX ലെ McDonalds-ല്‍ ബര്‍ഗര്‍ കഴിക്കാന്‍ കേറുന്നു. ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈ, കോള എല്ലാം വന്നപ്പോള്‍ ബിനുവിന്റെ അകത്തു ഉറങ്ങി കിടന്ന തീറ്റിപണ്ടാരം സട കുടഞ്ഞു എഴുന്നേറ്റു. ഞൊടിയിട കൊണ്ട് എല്ലാം അപ്രത്യക്ഷം. ബിനുവിന്റെ ഗ്ലാസും ഫ്രീ കിട്ടിയ കുഞ്ഞു ഗ്ലാസും എന്റെയും ഹരിയുടെയും ദാസപ്പന്റെയും ഗ്ലാസില്‍ നിന്നും കുടിച്ച വകയും എല്ലാം കൂടി ഒരു ലിറ്ററില്‍ കൂടുതല്‍ കോളയും അവന്‍ അകത്താക്കി. അങ്ങനെ ഒരു യുദ്ധം കഴിഞ്ഞു തളര്‍ന്നു അവശരായി ഞങ്ങള്‍ റൂമില്‍ വന്നു കിടപ്പായി.

പിറ്റേ ദിവസം രാവിലെ ഏതാണ്ട് അഞ്ചു മണി ആയപ്പോള്‍ എന്തോ ശബ്ദം കേട്ടു ഞാന്‍ ഉണര്‍ന്നു. ചുറ്റും നോക്കിയപ്പോള്‍ ഒരു ബോഡി മിസ്സിംഗ്‌. അതാ ബാത്രൂം തുറന്നു ഒരു തോര്‍ത്തും കെട്ടി ബിനു ഇറങ്ങി വരുന്നു. മൊത്തത്തില്‍ നനഞ്ഞു കുളിച്ചു നില്കുന്നു. ഞാന്‍ കണ്ണ് തിരുമ്മി ഇത് സ്വപ്നം വല്ലതും ആണോ എന്ന് നോക്കി. ബിനുവിന്റെ സ്വഭാവം വെച്ച് നോക്കിയാല്‍ തരം കിട്ടിയാല്‍ ഉറങ്ങുന്ന ടൈപ്പ് ആണ്. ഉറക്കം ആയാല്‍ കുംഭകര്‍ണനു സമം! (ഉറക്കം മാത്രം). ഇതിപ്പോ രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റു കുളിച്ചു കുട്ടപ്പനായി വന്നു നില്‍ക്കുന്നു. കാലം പോയ പോക്കേ ! എന്തായാലും ബിനുവിനെ കണ്ടു പഠിക്കാന്‍ മനസ്സില്ലാത്തത് കൊണ്ട് ഞാന്‍ വീണ്ടും ഉറക്കമായി.

പിന്നെ കണ്ണ് തുറന്നത് 7 മണിക്കാണ്. അപ്പോഴേക്കും ഹരിയും ദാസപ്പനും എഴുന്നേറ്റു. എന്നാല്‍ ബിനു വീണ്ടും കിടപ്പ് തുടരുന്നു. ഇതെന്തു മറിമായം ? രാവിലെ എഴുന്നേറ്റു കുളിച്ചിട്ടു വീണ്ടും കിടക്കുന്നോ ? ഞാന്‍ ചോദിച്ചു : " ഡാ ബിനു... നീ രാവിലെ കുളിച്ചിട്ടു വീണ്ടും ഉറങ്ങുന്നോ ? എന്ത് പറ്റി ??"

ബിനു ഒരു ചമ്മിയ ചിരി ചിരിച്ചു. എന്നിട്ട് പറഞ്ഞു, " കുളിയോ ?? ആര് കുളിച്ചു ? രാവിലെ വയറ്റിനകത്ത് ഒരു ന്യൂനമര്‍ദ്ധം രൂപാന്തരപ്പെട്ടു. പിന്നെ കക്കൂസില്‍ പോയി പേമാരി പോലെ വാള് വെച്ചപ്പോഴാ ആശ്വാസം ആയത്‌. അങ്ങനെ വിയര്‍ത്തു കുളിച്ചു വന്നതായിരിക്കും നീ കണ്ടത് !"

അങ്ങനെ ബിനുവിനു പണി കിട്ടി. അന്ന് കറങ്ങാന്‍ വരില്ല എന്ന് വാശി പിടിച്ച ബിനുവിനെ അനുനയിപ്പിക്കാന്‍ ദാസപ്പന്‍ രംഗപ്രവേശം ചെയ്തു. സംഭാഷണം ഇങ്ങനെ :-

ദാസ്‌ : "ബിനു.... നീ വന്നെ പറ്റൂ... നീ ഇല്ലാതെ നമുക്കെന്തു ജലദോഷം... ഛെ ആഘോഷം ?"
ബിനു : "അതി മനോഹരമായിരിക്കുന്നു ദാസപ്പാ !"
ദാസ്‌ : "എന്നെയാണോ ഉദേശിച്ചത്‌ ?"
ബിനു : "നിന്നെയല്ല... നിന്റെ ഷര്‍ട്ട്‌ ! കണ്ണടിച്ചു പോവുന്ന ചൊമല കളര്‍.... എനിക്ക് അത് കാണുമ്പോഴേ വാള് വെക്കാന്‍ തോന്നുന്നു!"
( ചുവന്ന adidas T shirt ഇട്ടു നിന്ന ദാസപ്പന് അത് സഹിക്കാനായില്ല... )
ദാസ്‌ : "പോടാ തെണ്ടി... 750 രൂപ കൊടുത്തു മേടിച്ച ഒറിജിനല്‍ T shirt ആണിത്....!"
ബിനു: "പഷ്ട്ട് !!! എടാ മണ്ടാ .... 150 രൂപയുടെ സാധനം 750 എന്ന് പറഞ്ഞപ്പോള്‍ ഒറിജിനല്‍ തന്നെ എന്ന് വിചാരിച്ചു മേടിചോളും... !"

എഴുന്നേല്‍ക്കാന്‍ വയ്യെങ്കിലും നാക്കിനു മാത്രം ഒരു പ്രശ്നവുമില്ലാത്ത ബിനുവിന്റെ വക ഐശ്വര്യമായി ഒരു ഗോള്‍ മേടിച്ചു ദാസപ്പന്‍ പിന്‍വാങ്ങുന്നു. അവസാനം ബിനു വരാമെന്ന് സമ്മതിച്ചു (conditions apply). കൊച്ചു കുട്ടികള്‍ക്ക് കുപ്പിപാല് കരുതുന്നത് പോലെ ബിനുവിനു ഒരു energy drink കരുതണം. ORS അഥവാ Electral powder ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആ കുപ്പിയുമായിട്ടയിരുന്നു ബിനു രണ്ട് ദിവസം തള്ളി നീക്കിയത്...!! Golconda ഫോര്‍ട്ട്‌, രാമോജി ഫിലിം സിറ്റി ഇതൊക്കെ കറങ്ങാന്‍ ബിനുവിനു താങ്ങായത് ആ കുപ്പിയില്‍ നിന്നുള്ള ഊര്‍ജം മാത്രമാണ് എന്ന് പറഞ്ഞാല്‍ ആരും ഞെട്ടരുത് !

നമ്മളൊക്കെ ഓരോ ഹോട്ടലില്‍ കേറി വെട്ടി വിഴുങ്ങുമ്പോള്‍ ബിനു കുറച്ചു വെള്ളം കുടിച്ചും കുപ്പി റീഫില്‍ ചെയ്തും സമയം കളഞ്ഞു. അവസാനം കറക്കം ഒക്കെ കഴിഞ്ഞത് കേരളത്തിലേക്ക് തിരിച്ചുള്ള ട്രെയിന്‍ യാത്രയിലും ഒരു കുപ്പി energy drink കരുതാന്‍ ബിനു മറന്നില്ല. പണ്ടേ ചുള്ളികമ്പ്, ഇപ്പോഴോ ഈര്‍ക്കില്‍ എന്ന് പറഞ്ഞത് പോലെയായി തിരികെ പോവുമ്പോള്‍ ബിനുവിന്റെ കോലം!

വാല്‍കഷ്ണം : തന്റെ ജീവന്‍ നിലനിര്‍ത്തിയ ആ കുപ്പിയെ ബിനു ഷോകേസില്‍ തനിക്കു കിട്ടിയ ട്രോഫികള്‍ക്കൊപ്പം പ്രതിഷ്ടിച്ചു എന്നാണ് അവസാനം കിട്ടിയ വാര്‍ത്ത. ദഹനക്കേട് ഇടക്കിടക്കിടക്ക്‌ ബിനുവിനെ പിടികൂടുന്നതിനാല്‍ അവന്റെ ആരോഗ്യവും ആക്രാന്തവും ദിനംപ്രതി കുറഞ്ഞു വരുന്നു എന്ന വിവരവും അറിയിച്ചു കൊള്ളുന്നു.

Tuesday, September 1, 2009

ആദ്യാനുഭവം

ദേ ചേട്ടാ.... വേണ്ടാ...

എന്ത് വേണ്ടാന്നു ?

ഈ പരിപാടി വേണ്ട... അത്ര തന്നെ... എനിക്ക് കണ്ട്രോള്‍ കിട്ടുന്നില്ലാ...

നീ വെറുതെ എന്റെ കണ്ട്രോള്‍ കളയിക്കല്ലേ... പറയുന്നതു അനുസരിച്ചാല്‍ മതി...

എനിക്ക് വയ്യ... ആരെങ്കിലും കണ്ടാലോ... എന്തെങ്കിലും അബദ്ധം കാണിച്ചിട്ട് എനിക്ക് നാണം കെടാന്‍ വയ്യ...

ഇവിടെങ്ങും ആരുമില്ല... നമ്മള്‍ രണ്ടു പേരു മാത്രം.... പിന്നെ ആദ്യത്തെ പ്രാവശ്യം ആവുമ്പോള്‍ നമ്മള്‍ വിചാരിക്കുന്നതു പോലെ കാര്യങ്ങള്‍ നടന്നു എന്ന് വരില്ല... പക്ഷെ നമ്മള്‍ വീണ്ടും ട്രൈ ചെയ്യണം...

എന്നാലും എനിക്ക് പേടിയാ..

എന്തിനാ പേടിക്കുന്നെ ? നീ വിചാരിക്കുന്നതു പോലെ ഇതു വലിയ ആനക്കാര്യം ഒന്നുമല്ല... നീ ആ കൈ എടുത്തു ഇതിലോട്ടു ഒന്നു പിടിച്ചേ... എന്നിട്ട് ഞാന്‍ സ്റ്റാര്‍ട്ട്‌ പറയുമ്പോ നേരത്തെ കാണിച്ചു തന്നത് പോലെ ചെയ്തു തുടങ്ങിക്കോ...

എന്നാലും...

നീ എന്റെ ക്ഷമ പരീക്ഷിക്കരുത്... വെപ്പ്രാളം കാണിക്കാതിരുന്നാല്‍ മതി... വളരെ പതുക്കെ സാവധാനം ചെയ്താല്‍ മതി... പേടിക്കണ്ടാ...

എനിക്കറിയില്ല... ഞാന്‍ ശ്രമിച്ചു നോക്കാം !

ഗുഡ്‌... അപ്പൊ എല്ലാം ഓര്‍മയുണ്ടല്ലോ.. സ്റ്റാര്‍ട്ട്‌ !

....................!!!

എന്ത് പറ്റി ചേട്ടാ ????

നീ ക്ലച്ച് വേഗം വിട്ടു... ആക്സിലരെഷന്‍ കൊടുത്തുമില്ല... വണ്ടി ഓഫ്‌ ആയതാ...

ഇതാ ഞാന്‍ ആദ്യമേ പറഞ്ഞെ എനിക്ക് ഡ്രൈവിംഗ് പഠിക്കണ്ടാന്ന്.....!!!

Wednesday, August 19, 2009

ബാറാം തമ്പുരാന്‍

മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിനു ഹാനികരം..... വിശ്വാസം ഇല്ലെങ്കില്‍ ഇത് വായിച്ചു നോക്കൂ...

സംഭവം നടക്കുന്നത് എന്റെ കൂട്ടുകാരന്‍ സണ്ണിയുടെ ട്രീറ്റ്‌ ദിവസം. പുള്ളിക്കാരന്‍ onsite പോയതിന്റെയും പിന്നെ രണ്ട് മാസം കഴിഞ്ഞുള്ള കല്യാണത്തിന്റെയും ട്രീറ്റ്‌ ഒരുമിച്ചു നടത്താന്‍ തീരുമാനിക്കുന്നു. എന്നെയും രാജുവിനെയും ക്ഷണിച്ചു. കിട്ടിയ അവസരം പാഴാക്കാതെ ഞങ്ങള്‍ ചാടി പുറപ്പെട്ടു. അങ്ങനെ ഞങ്ങള്‍ മൂന്ന് പേരും കൂടി ഒരു ദിവസം വൈകിട്ട് നഗരത്തിലെ ഒരു മുന്തിയ ബാറില്‍ പോവുന്നു. മൂന്ന് നിലയുള്ള ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ ആണ് ബാര്‍. അകത്തു മുഴുവന്‍ ഇരുട്ടാണ്‌. നമ്മുടെ മുന്നില്‍ ഇരിക്കുന്നവന്റെ മുഖം സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ കാണാന്‍ പറ്റൂ... അത്രയും വെളിച്ചമേ ഉള്ളു. ഹാളില്‍ പല ഭാഗത്തായി ടിവി വെച്ചിട്ടുണ്ട്. അതില്‍ ഏതെങ്കിലും മ്യൂസിക്‌ ചാനലും. കള്ളും കുടിക്കാം പാട്ടും കേള്‍ക്കാം. നല്ല സെറ്റ്അപ്പ്‌ !

സണ്ണി : "മക്കളെ... എന്ത് പറയണം ?"

ഞാനും രാജുവും പരസ്പരം നോക്കി. പിറ്റേ ദിവസം ഓഫീസ് ഉള്ളതിനാല്‍ ഹോട്ട് ഐറ്റംസ് കഴിച്ചാല്‍ ഉണ്ടാവുന്ന തലവേദന പരിഗണിച്ചു ഞങ്ങള്‍ ബിയര്‍ മതിയെന്ന് തീരുമാനിച്ചു. ടച്ചിങ്ങ്സിന് ചിക്കന്‍ 65.

രണ്ട് മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ മേശപ്പുറത്തു മൂന്ന് കുപ്പി ബിയറും ഒരു പ്ലേറ്റ് ചിക്കനും എത്തിച്ചേര്‍ന്നു. സണ്ണി ഒരു കവിള്‍ കുടിച്ചിട്ട് പറഞ്ഞു," എന്നതാടാ ഇത് ? ഇതിനെ ഒക്കെയാണോ ബിയര്‍ എന്ന് പറയുന്നത്. ഞാന്‍ UK യില്‍ വെച്ച് രണ്ട് കാന്‍ ബിയര്‍ ദിവസവും കുടിക്കുമായിരുന്നു. അതായിരുന്നു ബിയര്‍. ഇതൊരുമാതിരി കയ്പ്പ് വെള്ളം... ഛെ !"

രാജു അപ്പോഴേക്കും ഒരു ഗ്ലാസ്‌ തീര്‍ത്തു. "എന്റെ സണ്ണിച്ചാ... ഇവിടെ ഇതൊക്കെയേ കിട്ടൂ... കയ്പ്പുണ്ടോ എന്ന് നോക്കട്ടെ..." അവന്‍ അടുത്ത ഗ്ലാസ്‌ നിറയ്ക്കാന്‍ തുടങ്ങി.

എന്റെ ഗ്ലാസ്‌ അപ്പോഴും നിറഞ്ഞു തുളുമ്പി ഇരിക്കുന്നു. slow and steady. ഇല്ലെങ്കില്‍ steady ആയിട്ട് എഴുന്നെല്‍ക്കില്ല.എളുപ്പം തീര്‍ക്കുന്നതിലല്ല, തീര്‍ത്തിട്ട് എങ്ങനെ പോവുന്നു എന്നതിലാണ് കാര്യം... നോട്ട് ദി പോയിന്റ്‌ !

മുക്കാല്‍ കുപ്പി തീര്‍ന്നപ്പോഴേക്കും സണ്ണി വാചാലനായി. സണ്ണിച്ചന്‍ സണ്ണി അച്ചന്‍ ആയിട്ട് രൂപാന്തരപ്പെട്ടു.

"മക്കളെ... നിങ്ങളെക്കാളും രണ്ട് വയസ്സ് കൂടുതല്‍ ഉണ്ടെനിക്ക്. ജീവിതം കുറെ കണ്ടതാ ഞാന്‍. അത് കൊണ്ട് പറയുവാ.. ഉള്ള സമയം ആസ്വദിക്കുക. കഴിഞ്ഞു പോയ കാലത്തെ കുറിച്ചോര്‍ത്തു സങ്കടപെടരുത്...."

രാജു: "ശരി അച്ചോ.... സോറി സണ്ണിച്ചോ..."

ഞാന്‍: " ഇയാള് ഇത്ര പെട്ടെന്ന് ഫിറ്റ്‌ ആയോ ?"

സണ്ണി: "ഞാന്‍ ഫിറ്റ്‌ ആവാനോ ? ബെസ്റ്റ്... അതിനു കുപ്പികള്‍ ഇനിയും ഒഴിയണം. സായിപ്പന്മാരുടെ കൂടെ വെള്ളമടിച്ചിട്ട് ഈ സണ്ണി ഫിറ്റ്‌ ആയിട്ടില്ല... ഡു യു നോ ദാറ്റ്‌ ?"

പിന്നെ എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് സ്റ്റാര്‍ മൂവീസ് വെച്ചത് പോലെ സണ്ണി നോണ്‍ സ്റ്റോപ്പ്‌ ആയിട്ട് ഇംഗ്ലീഷില്‍ വാചകമടി തുടങ്ങി. ഞാനും രാജുവും subtitle ഇല്ലാത്ത ചൈനീസ് പടം കാണുന്നത് പോലെ സണ്ണിയെ നോക്കി കുറച്ചു നേരം ഇരുന്നു. അവസാനം ഒരു കാര്യം പറഞ്ഞത് മാത്രം ഞങ്ങള്‍ക്ക് മനസ്സിലായി. അത് ഇപ്രകാരം : " ഡു യു വാണ്ട്‌ മോര്‍ ബിയര്‍ ?"

രാജു വേണം എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. വാ തുറന്നു നാല് ഇംഗ്ലീഷ് പറയാന്‍ ഇതാണ് പറ്റിയ അവസരം എന്ന് മനസ്സിലാക്കിയ ഞാന്‍ ഉടന്‍ തന്നെ തട്ടി വിട്ടു : " നോട് ഒണ്‍ലി ബിയര്‍ ബട്ട്‌ ആള്‍സോ ചിക്കന്‍ !"

സണ്ണിക്ക് സന്തോഷം. ഇംഗ്ലീഷ് പറയാന്‍ ഒരു കൂട്ട് കിട്ടിയല്ലോ എന്ന ഭാവം മുഖത്ത് ! പിന്നെ രാജുവിനെ നോക്കി നാല് വര്‍ത്തമാനവും... പരിഭാഷ ഇങ്ങനെ : "എടാ മരങ്ങോടാ.... നിനക്ക് ഒരു വിചാരം ഉണ്ട്... സൌന്ദര്യവും മസിലും പെണ്ണുങ്ങളെ ആകര്‍ഷിക്കുമെന്ന്... എന്നാല്‍ നമ്മുടെ പെരുമാറ്റം വ്യക്തിത്വം തുടങ്ങിയവയാണ് എല്ലാരും നോക്കുന്നത്... നീ നിന്റെ പെണ്ണിനോട് ഫോണില്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടു. പെണ്‍കുട്ടികളോട് ഇങ്ങനെ ആണോ സംസാരിക്കുക ?"

ചിക്കന്‍ തിന്നു കൊണ്ടിരുന്ന രാജു അവസാനത്തെ ചോദ്യം കേട്ടു മുള്ള് തൊണ്ടയില്‍ കുടുങ്ങിയ പൂച്ചയെ പോലെ ഒരു നോട്ടം നോക്കി. 'കാലമാടന്‍ വേറെ എന്തൊക്കെ കേട്ടിട്ടുണ്ടോ എന്തോ ദൈവമേ' എന്ന് സ്വയം പറഞ്ഞു കാണണം.

സണ്ണി പിന്നെയും ഉപദേശങ്ങള്‍ തുടര്‍ന്നു. രാജു എല്ലാം മൂളി കേട്ടു കൊണ്ടിരുന്നു. പ്രേമം പെരുമാറ്റം തുടങ്ങിയവയെ കുറിച്ച് സണ്ണി രാജുവിന് തിയറി ക്ലാസ്സ്‌ എടുക്കുമ്പോള്‍ ചിക്കനെ എങ്ങനെ സ്നേഹിക്കാം പെരുമാറാം എന്നിവയെ കുറിച്ച് ഞാന്‍ practical ക്ലാസ്സ്‌ എടുത്തു. ഇംഗ്ലീഷില്‍ ക്ലാസ്സ്‌ എടുത്തു തകര്‍ക്കുന്നതിനോടൊപ്പം രണ്ടാമത്തെ ബിയര്‍ കുപ്പിയും കാലിയായി.

അകത്തു പോയ സാധനം പ്രവര്‍ത്തനം ആരംഭിച്ചു തുടങ്ങി. ഞങ്ങള്‍ മൂന്ന് പേര്‍ക്കും അത് മനസ്സിലായി. രാജു അപ്പോഴേക്കും ഇതൊരു ഗോംബടിഷന്‍ ഐറ്റം ആക്കി മൂന്നാമത്തെ കുപ്പി പറയാന്‍ റെഡി ആയി നില്‍ക്കുന്നു. എല്ലാവരെയും നിശബ്ദരാക്കി കൊണ്ട് സണ്ണിച്ചന്‍ ഒരു പ്രസ്താവന ഇറക്കുന്നു :"ഞാന്‍ ഒന്ന് ബാത്ത് റൂം വരെ പോയിട്ട് വരാം"

അങ്ങനെ പുള്ളിക്കാരന്‍ ടോയിലെറ്റില്‍ പോയി വന്നിട്ട് പരിപാടി മുന്നോട്ടു കൊണ്ട് പോവാം എന്ന ധാരണയില്‍ ഞങ്ങള്‍ സമ്മതിച്ചു. ആഫ്ടര്‍ ഓള്‍ ട്രീറ്റ്‌ തരുന്നത് സണ്ണി ആണല്ലോ !

നിമിഷങ്ങള്‍ കടന്നു പോയി.ബാത്ത് റൂമിലേക്കെന്നും പറഞ്ഞു പോയ മനുഷ്യനെ കാണ്മാനില്ല! സണ്ണിച്ചന്‍ മിസ്സിംഗ്‌ കേസ് അന്വേഷിക്കാന്‍ ഞാന്‍ രാജുവിനെ പറഞ്ഞു വിട്ടു. ടോയിലെട്ടിന് അകത്തു കടന്ന രാജുവിനെ വരവേറ്റത് മുട്ട് കുത്തി തല കുമ്പിട്ടു നിക്കുന്ന സണ്ണി ആയിരുന്നു. 'ഇതാണോ പ്രാര്‍ത്ഥിക്കാന്‍ കണ്ട നേരം' എന്നും പറഞ്ഞു രാജു സണ്ണിയുടെ അടുത്തേക്ക് വന്നപ്പോഴാണ് കാര്യങ്ങള്‍ ക്ലിയര്‍ ആയത്‌. ആയുധം വെച്ച് കീഴടങ്ങിയ പടയാളിയെ പോലെ സണ്ണിച്ചന്‍ വാളും വെച്ച് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയി ഇരിക്കുന്ന ഇരിപ്പായിരുന്നു അത്.

ഞാനും രാജുവും കൂടി പുള്ളിയെ താങ്ങിയെടുത്ത് തിരികെ കൊണ്ട് വന്നു കസേരയില്‍ ഇരുത്തി. വടിവാളിനു പിറകെ കൊടുവാള്‍ എന്നത് പോലെ നമ്മള്‍ ഇരുന്നിടത്ത് സണ്ണി അടുത്ത ഔട്പുട്ട് പ്രയോഗം നടത്തുന്നു. വെയിറ്റര്‍ ഓടി വന്നിട്ട് ക്ലീനിംഗ് ചാര്‍ജ് എടുക്കും എന്ന് ഭീഷണിപ്പെടുത്തി. ഇനിയും അവിടെ നിന്നാല്‍ മാനം പോവും എന്ന് ഉറപ്പിച്ച നമ്മള്‍ ഉടന്‍ തന്നെ ബില്‍ പേ ചെയ്തിട്ട് ബാറിനു പുറത്തിറങ്ങി.

അത്രയും നേരം ദേഷ്യം അടക്കിപ്പിടിച്ചിരുന്ന രാജു പെട്ടെന്ന് പൊട്ടിത്തെറിച്ചു : "ഉപദേശിക്കാന്‍ വന്നിരിക്കുന്ന തെണ്ടി! രണ്ട് കുപ്പി അകത്തോട്ടു പോയില്ല... അപ്പോഴേക്കും ദേ ഇഴയുന്നു... താനൊക്കെ ആണെന്നും പറഞ്ഞു എന്തിനാടോ നടക്കുന്നെ ?"

കുറച്ചു ബാറ്ററി ലൈഫ് അപ്പോഴും ബാക്കി ഉണ്ടായിരുന്ന സണ്ണി പതുക്കെ പറഞ്ഞു ഒപ്പിച്ചത് ഇങ്ങനെ : "ഷട്ട് അപ്പ്‌ ബ്ലടി ഫൂള്‍!"

ഇത് കേട്ടതോടെ രാജുവിന് ദേഷ്യം ഇരട്ടിയായി. "അവന്റെ ഒരു ഇംഗ്ലീഷ്... എനിക്കും അറിയാമെടാ ഇംഗ്ലീഷ്.... @#(&#&$($^#!*^#....."

കൊടുങ്ങലൂര്‍ ഭരണി പാട്ടും eminem റാപ്പ് സോങ്ങും ഒരുമിച്ചു കേള്‍ക്കുന്ന അതേ എഫ്ഫക്റ്റ്‌....! ഇംഗ്ലീഷ് ഡിക്ഷനറിയില്‍ പുതുതായി ചേര്‍ക്കാന്‍ എന്ത് മാത്രം വാക്കുകള്‍ ഉണ്ടെന്നു എനിക്ക് അന്നാണ് മനസ്സിലായത്‌. ആഹഹ.... ! എന്താ ലാംഗ്വേജ്.... എന്താ ഫ്ലോ...!

ഞങ്ങള്‍ രണ്ട് പേരുടെ തോളില്‍ താങ്ങി സണ്ണി പടികള്‍ ഇറങ്ങി കൊണ്ടിരിക്കുമ്പോഴാണ് രാജു ഈ തെറി ടെടികെഷന്‍ നടത്തിയത്. അതും പോരാഞ്ഞിട്ട്‌ അവസാനത്തെ പടിക്കെട്ട് എത്തിയപ്പോള്‍ രാജു നൈസ് ആയിട്ട് മാറി. നീര്‍ക്കോലിക്ക് പെരുമ്പാമ്പിനെ താങ്ങാന്‍ കഴിയുവോ ??? പുട്ടുകുടം കണക്കെ സണ്ണിച്ചന്‍ പടിക്കെട്ടിലൂടെ ശയന പ്രദക്ഷിണം നടത്തി താഴെ റോഡില്‍ ഉള്ള പോസ്റ്റില്‍ ഇടിച്ചു നിന്നു. അതേ പോസ്റ്റില്‍ ഞങ്ങള്‍ സണ്ണിയെ ചാരി വെച്ചിട്ട് ഒരു ഓട്ടോ പിടിച്ചു.

റൂമിലേക്ക്‌ തിരിച്ചുള്ള യാത്രക്കിടെ രാജുവിന്റെ ബാക്ക്ഗ്രൌണ്ട് മുസിക്കില്‍ സണ്ണിയുടെ പെര്‍ഫോര്‍മന്‍സ് റൌണ്ട് ! സണ്ണിയുടെ അടക്കിപിടിച്ചുള്ള 'ഷട്ട് അപ്പ്‌' വിളികളും പിച്ചാത്തി പേനാക്കത്തി മുതലായ കുഞ്ഞു വാളുകള്‍ പുറത്തെടുക്കാന്‍ ഉള്ള ശ്രമവും ഒഴിച്ച് നിര്‍ത്തിയാല്‍ രണ്ട് പേരും നന്നായി പെര്‍ഫോം ചെയ്തു എന്നാണ് ജഡ്ജ് ആയ എന്റെ അഭിപ്രായം. രാജു യാത്രയില്‍ ഉടനീളം പാട്ടിന്റെ ടെമ്പോ കീപ്‌ ചെയ്തു എന്നതാണ് ഇവിടെ എടുത്തു പറയേണ്ട മറ്റൊരു വസ്തുത. എന്തായാലും പാതിരാത്രി ഓട്ടോ കഴുകി കൊടുക്കേണ്ട ഗതികേട് സംഭവിച്ചില്ല. ഓട്ടോയില്‍ എങ്ങാനും വാള് വെച്ചിരുന്നെങ്കില്‍ പിറ്റേന്ന് സണ്ണിച്ചന്‍ ഓടയില്‍ നിന്നു ഇറങ്ങി വരുന്ന കാഴ്ച പലരും കണ്ടേനെ... നൂറു തരം !

റൂമിലേക്ക്‌ തൂക്കിയെടുത്തു കൊണ്ട് വന്നിട്ട് ഞങ്ങള്‍ സണ്ണിയെ ഒരു മൂലയിലേക്ക് ചുരുട്ടികൂട്ടിയെറിഞ്ഞു. പിറ്റേ ദിവസം ഉച്ചക്ക് ശരീരമാസകലം വേദനയോടെ ബോധം തെളിഞ്ഞ സണ്ണിച്ചന്‍ ഓഫീസില്‍ പോയ എന്നെയും രാജുവിനെയും മൊബൈലില്‍ മാറി മാറി വിളിച്ചിട്ട് ഒരു ചോദ്യം മാത്രമേ ചോദിച്ചുള്ളൂ :" എടാ ദ്രോഹികളെ ... നിങ്ങളെന്നെ എന്നതാടാ കുടിപ്പിച്ചേ ??!!"

Tuesday, August 4, 2009

കാത്തിരിപ്പ്‌

വെള്ളിയാഴ്ച ദിവസം. ജോലി കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ വല്ലാത്ത ഒരു സന്തോഷം. ഇനി രണ്ടു ദിവസം സമാധാനമായിട്ടിരിക്കാമല്ലോ. അപ്പോഴാണ്‌ ഞാന്‍ നിന്റെ കാര്യം ഓര്‍ത്തത്‌. നിന്നെ കണ്ടിട്ട് കഷ്ടിച്ച് ഒരു മാസം ആവുന്നത്തെ ഉള്ളു. പക്ഷെ എന്താണെന്നറിയില്ല... ഞാന്‍ നിന്നെ ഒരുപാടു മിസ്സ്‌ ചെയ്യുന്നു...! ആകെയുള്ള ആശ്വാസം നീ തിങ്കളാഴ്ച എത്തുമല്ലോ എന്നുള്ളത് മാത്രമാണ്.

നല്ല ക്ഷീണം ഉണ്ടായിരുന്നതിനാല്‍ കിടന്നപ്പോള്‍ തന്നെ ഞാന്‍ ഉറങ്ങി. നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ സ്വപ്നത്തിലും എന്നെ വെറുതെ വിട്ടില്ല. നമ്മള്‍ ആദ്യമായി കണ്ടു മുട്ടിയതും അപ്പോള്‍ എനിക്കുണ്ടായ വീര്‍പ്പുമുട്ടലും ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.നമ്മള്‍ ഒരുമിച്ചു ചിലവഴിച്ച ആ നല്ല നിമിഷങ്ങള്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് മറക്കാന്‍ കഴിയുന്നില്ല. പിന്നീട് നീ എന്നെ വിട്ടു പോയി. പക്ഷെ ഞാന്‍ കാത്തിരുന്നു..... എനിക്കറിയാമായിരുന്നു... നീ വരുമെന്ന്... ആ ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരുന്നു.... ഇപ്പോഴും കാത്തിരിക്കുന്നു.

ശനിയാഴ്ച ഞാന്‍ ഉണര്‍ന്നപ്പോള്‍ ഉച്ച ആവാറായി. ബ്രേക്ക്‌ ഫാസ്റ്റ് വേണ്ടാന്നു വെച്ചു. ഇനി ഊണ് മതി.

**ട്രിംഗ് ട്രിംഗ് **

മൊബൈല് നിലവിളിച്ചതാ.... ആരാണാവോ ? ഫോണ്‍ എടുത്തു നോക്കി. ഒരു കൂട്ടുകാരന്‍.

"ഹലോ"

"ഹലോ... ഡാ ഞാനാ... നീ ഉച്ചക്ക്‌ സിനിമയ്ക്കു വരുന്നുണ്ടോ? ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനാ..."

"ഇല്ലെടാ.. ഞാന്‍ വരുന്നില്ല... ഒരു മൂഡ്‌ ഇല്ല... "

"ഹും... ശരി ശരി... അപ്പൊ വെക്കട്ടെ "

സിനിമ കാണണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. പക്ഷെ നീയില്ലാതെ ഞാന്‍ എങ്ങനെ സിനിമയ്ക്കു പോവും. പോയാല്‍ തന്നെയും എന്റെ ചിന്ത സിനിമയില്‍ ആയിരിക്കില്ല, നിന്നെ കുറിച്ചു മാത്രം ആയിരിക്കും. അതിലും നല്ലതല്ലേ പോവാതിരിക്കുന്നത്.

ഉച്ചക്കും രാത്രിയും എന്തൊക്കെയോ കഴിച്ചെന്നു വരുത്തി. നീ പോയതില്‍ പിന്നെ ആഹാരത്തിനോടും ഒരു തരം വിരക്തി. നമ്മള്‍ ഒരുമിച്ചായിരുന്നപ്പോള്‍ കഴിച്ച സ്വാദിഷ്ടമായ വിഭവങ്ങളുടെ രുചി ഇപ്പോഴും എന്റെ നാക്കിന്‍ തുമ്പത്ത് ഉണ്ട്. അതൊക്കെ ഒരിക്കല്‍ കൂടെ ആസ്വദിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഉറങ്ങാന്‍ കിടന്നു.

ഞായറാഴ്ചയും ഞാന്‍ താമസിച്ചു എഴുന്നേറ്റു. ഭക്ഷണം ദിവസം രണ്ടു നേരം ആക്കിയതില്‍ പിന്നെ ഞാന്‍ ഒരുപാടു ക്ഷീണിച്ചിട്ടുണ്ട്. നേരിട്ടു കാണുമ്പോള്‍ നിനക്കതു മനസ്സിലാവും.... നിന്റെ വേര്പാട് അത്ര മാത്രം എന്നില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു... ദിവസങ്ങള്‍ക്കു ദൈര്‍ഘ്യം ഏറിയത് പോലെ ഒരു തോന്നല്‍... ഒരു പക്ഷെ നിന്നെ കാണാനുള്ള ആകാംഷ കൊണ്ടാകാം... അവസാനത്തെ കുറച്ചു സമയം തള്ളി നീക്കാനാണല്ലോ ഏറ്റവും ബുദ്ധിമുട്ട് !

നാളത്തെ നിന്റെ വരവിനെ കുറിച്ചു മാത്രമായിരുന്നു എന്റെ ചിന്ത. വന്നിട്ട് വേണം നമുക്കു കുറച്ചു ദിവസങ്ങള്‍ അടിച്ചുപൊളിക്കാന്‍... കറക്കം, താമസം,ഭക്ഷണം എല്ലാം ഞാന്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞു... നീ എന്നെ പിരിഞ്ഞു പോയപ്പോള്‍ ആശ്വസിപ്പിക്കാന്‍ പലരും വന്നു... കൂടെ സഹതപിക്കാന്‍ എല്ലാര്‍ക്കും പറ്റും.... പക്ഷെ നിനക്കു പകരം വെയ്ക്കാന്‍ അവര്‍ക്ക് കഴിയുമോ ? ഇല്ല... ഒരിക്കലുമില്ല..! നീ വന്നതിനു ശേഷം എനിക്ക് അവരുടെ മുന്‍പില്‍ തലയുയര്‍ത്തി നടക്കണം.

തിങ്കളാഴ്ച ഞാന്‍ അതിരാവിലെ ഉണര്‍ന്നു. കുളിച്ചിട്ടു അമ്പലത്തില്‍ പോയി. തിരികെ റൂമില്‍ എത്തി. ഓഫീസിലേക്ക് പോവാന്‍ തയ്യാറായി. ഇന്നു ഞാന്‍ വളരെ അധികം സന്തുഷ്ടനാണ്. എന്തിന് വേണ്ടിയാണോ ഞാന്‍ കാത്തിരുന്നത്, ഇന്നത്‌ സഫലമാവാന്‍ പോവുന്നു. അതെ... ഇന്നാണ് ആ ദിവസം... ശമ്പളദിവസം !!!

Sunday, July 26, 2009

നാരങ്ങാ മിട്ടായി

"മമ്മീ മമ്മീ.... വാണ്ട്‌ സ്നിക്കെര്‍സ് നൌ !" എട്ടു വയസുകാരി അര്‍ച്ചന ഉച്ചത്തില്‍ ബഹളം വെച്ചു തുടങ്ങി.

"അച്ചൂ... ടോള്‍ഡ്‌ യു... ഞാന്‍ പിന്നെ തരാം !" ഇന്ദുവിന് ചെറുതായി ദേഷ്യം വന്നു തുടങ്ങി.

"നോ മമ്മീ... എനിക്ക് ഇപ്പൊ കിട്ടണം !" അച്ചു വിടാന്‍ ഭാവമില്ല.

ഇന്ദുവിന്റെ അമ്മ ദേവകി അപ്പൊ മുറിയിലേക്ക് കടന്നു വന്നു.

"എന്താമോളിങ്ങു വന്നെ..." ദേവകി അച്ചുവിനെ അടുത്ത് പിടിച്ചു ചോക്ലേറ്റ് വേണമെന്നു പറഞ്ഞു വാശി പിടിക്കുന്നതാ..."

"മോളിങ്ങു വന്നെ..." ദേവകി അച്ചുവിനെ അടുത്ത് പിടിച്ചു നിര്ത്തി.

"മോള്‍ക്ക്‌ യാത്ര ചെയ്തതിന്റെ ക്ഷീണം ഒന്നുമില്ലേ? മോള് കുളിച്ചു സുന്ദരികുട്ടിയായിട്ടു വാ... ഞാന്‍ മോള്‍ക്ക്‌ വേണ്ടി പായസം ഉണ്ടാക്കി വെച്ചിട്ടുണ്ട്..."

"നോ ഗ്രാന്‍ഡ്‌ മാ.... എനിക്ക് ക്ഷീണം ഒന്നുമില്ല... എനിക്ക് പായസം വേണ്ട... സ്നിക്കെര്സ് മതി" അച്ചു നിന്നു ചിണുങ്ങി.

"നീ ആള് കൊള്ളാമല്ലോ... ഇങ്ങനെ മിട്ടായി തിന്നുന്നത്‌ നല്ല ശീലമല്ല... നീ എന്നെ കണ്ടു പഠിക്ക് "

"ഉവ്വ ഉവ്വ... ഇതാരാ മിട്ടായി തിന്നില്ലാന്നു പറയണേ.... അച്ചുമോളിങ്ങു വന്നേ " വാസുദേവന്‍ പുറത്തു നിന്നു വിളിച്ചു.

"ഗ്രാന്‍ഡ്‌ പാ !" അച്ചു ഉറക്കെ വിളിച്ചോണ്ട് വാസുദേവന്റെ അരികിലേക്ക് ഓടി.

"മോള്‍ക്ക്‌ അറിയാമോ ? മോള്‍ടെ ഗ്രാന്‍ഡ്‌ മാ കുട്ടികാലത്ത് ഭയങ്കര മിട്ടായി കൊതിച്ചി ആയിരുന്നു"

"ഈസ്‌ ദാറ്റ്‌ ട്രു... ഗ്രാന്‍ഡ്‌ പാ? ഗ്രാന്‍ഡ്‌ മാ ഒരു ദിവസം എത്ര സ്നിക്കെര്‍സ് കഴിക്കുമായിരുന്നു?"

" അന്ന് സ്നിക്കെര്സ് ഒന്നുമില്ല മോളെ... ആകെ ഉണ്ടായിരുന്നത് നാരങ്ങമിട്ടായി ആയിരുന്നു"

"നാരങ്ങ... ?"

"അതെ... നാരങ്ങ ചെറു കഷണങ്ങളായി മുറിച്ച പോലെ.... മഞ്ഞയും ഓറഞ്ചും നിറങ്ങളില്‍... മുറുക്കാന്‍ കടകളില്‍ കുപ്പികള്‍ നിറച്ചും നാരങ്ങ മിട്ടായി ഉണ്ടായിരുന്നു... രണ്ട് അണ കൊടുത്താല്‍ ഒരു പിടി നിറച്ചു കടലാസില്‍ പൊതിഞ്ഞു തരും"

"യു മീന്‍ ന്യൂസ് പേപ്പര്‍ ? അപ്പൊ പ്ലാസ്റ്റിക് പാക്കിംഗ് ഒന്നുമില്ലേ ഗ്രാന്‍ഡ്‌ പാ ?"

"എന്ത് പ്ലാസ്റ്റിക് ? അന്നൊക്കെ മനുഷ്യന്റെ അകവും പുറവും ഒക്കെ വൃത്തിയുള്ളതായിരുന്നു.... അപ്പൊ പറഞ്ഞു വന്നത് നിന്റെ ഗ്രാന്‍ഡ്‌ മാ യുടെ കാര്യം... ഗ്രാന്‍ഡ്‌ മാ ആഴ്ചയില്‍ രണ്ടു മൂന്ന് വട്ടം പോയി നാരങ്ങ മിട്ടായി മേടിക്കും... എന്നിട്ട് ആരും കാണാതെ ഒറ്റയ്കിരുന്നു തിന്നു തീര്‍ക്കും !"

"പിന്നെ... നിങ്ങള്‍ എത്ര പ്രാവശ്യം എന്റെ കൈയില്‍ നിന്നു തട്ടിയെടുത്തിട്ടുണ്ട് ?" ദേവകിയും കഥ പറച്ചിലില്‍ പങ്കു ചേര്‍ന്നു.

" അത് പിന്നെ ചോദിച്ചിട്ട് തന്നില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യാന്‍ ? അയല്‍വാസിയായ ഞാന്‍ ഒരു ദിവസം നോക്കുമ്പോള്‍ പറമ്പിന്റെ അകത്തു മാവിന്‍ ചുവട്ടില്‍ പമ്മിയിരുന്നു നാരങ്ങമിട്ടായി കഴിക്കുന്നു. കണ്ടപ്പോള്‍ എനിക്കും കൊതി വന്നു. ഒരെണ്ണം തരുമോ എന്ന് മര്യാദക്ക് ചോദിച്ചു. തന്നില്ല ! അപ്പോഴാ തട്ടിപ്പറിച്ചത്‌.... അന്ന് നിന്റെ ഗ്രാന്‍ഡ്‌ മായും നിന്നെ പോലെ 'മിട്ടായി വേണം.... ഇപ്പൊ വേണം' എന്ന് പറഞ്ഞു കരഞ്ഞു "

"എന്നിട്ട് ഗ്രാന്‍ഡ്‌ പാ എന്ത് ചെയ്തു? " അച്ചു ആകാംഷയോടെ ചോദിച്ചു.

"എന്ത് ചെയ്യാന്‍ ? ഞാന്‍ തിരികെ എന്റെ വീട്ടില്‍ പോയി അച്ഛന്റെ മേശക്കകത്തു നിന്നു പൈസ മോഷ്ടിച്ച് മിട്ടായി മേടിച്ചു കൊടുത്തു... അപ്പോഴാ ഗ്രാന്‍ഡ്‌ മാ കരച്ചില്‍ നിര്‍ത്തിയത്.... അങ്ങനെ മിട്ടായി കൊടുത്തും വാങ്ങിയും ഇവള്‍ എന്റെ തലയില്‍ ആയി !"

"മിട്ടായി കഴിച്ചു കഴിച്ചു ഞങ്ങള്ക്ക് രണ്ടു പേര്‍ക്കും ഷുഗറും ആയി" ദേവകി ചിരിച്ചു കൊണ്ടു പറഞ്ഞു.

കഥയൊക്കെ കേട്ടിട്ട് അച്ചു കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് ഓടിചെന്നു ഇന്ദുവിനോട് എന്തോ രഹസ്യം പറഞ്ഞു.

" .... അച്ഛാ.... അച്ഛന്റെ കഥ കേട്ടിട്ട് ഇവള്‍ ചോദിക്കുന്നത് കേട്ടോ ?"

"എന്താ മോളേ ?"

"ഇവള്‍ക്ക് മൈക്കിളിനെ കല്യാണം കഴിക്കേണ്ടി വരുമോ എന്ന് !"

"ആരാ മോളേ മൈക്കിള്‍ ?"

"സ്റ്റേട്സില്‍ ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു ബ്രിട്ടീഷ്‌ ഫാമിലി താമസിക്കുന്നുണ്ട്. അവരുടെ മകന്റെ പേരാ മൈക്കിള്‍.... രണ്ടും ഒരുമിച്ചാ സ്കൂളില്‍ പോക്കും കളിയും എല്ലാം !"

അച്ചു ഇന്ദുവിന്റെ പിറകില്‍ ഒളിച്ചു നിന്നു കൊണ്ടു പറഞ്ഞു, "മൈക്കിള്‍ എന്റെ കൈയില്‍ നിന്നും സ്നിക്കെര്‍സ് തട്ടിപറിക്കും. എന്നെ എപ്പോഴും കളിയാക്കും.... ഡോണ്ട് ലൈക്‌ ഹിം ഗ്രാന്‍ഡ്‌ പാ !"

വാസുദേവന്‍ ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് ദേവകിയെ നോക്കി കണ്ണിറുക്കി കൊണ്ടു പറഞ്ഞു.

"ഇന്നത്തെ കാലത്തു അതും സംഭവിച്ചു കൂടായ്കയില്ല !"

Tuesday, July 14, 2009

ചിന്ന സഹായം

"ഹലോ അളിയാ... ഇതു ഞാനാ..."
"ആ നീയോ... എന്നാ ഉണ്ടെടാ വിശേഷങ്ങള്‍ ?"

"ഓ എന്ത് പറയാന്‍... ഇങ്ങനെ ഒക്കെ പോവുന്നു... നിനക്കു സുഖാണോ ?"
"എന്നാ പറയാന്നാന്നെ ? ഇവിടെയും അതെ അവസ്ഥ തന്നെ.. "

"അളിയാ.. ഞാന്‍ വിളിച്ചത്... എനിക്ക് ഒരു ചിന്ന സഹായം വേണം..."
"സഹായമോ ? എന്നതാടാ ? നിന്റെ പണി വല്ലോം തെറിക്കുമോ ? നീ പേടിക്കെന്ടെടാ ഊവേ ഞാനും കൂടെ ഉണ്ട്... നമുക്കു നാട്ടില്‍ പോയി വല്ല ചായക്കടയും തുടങ്ങി ജീവിക്കാമെന്നെ... എനിക്ക് ഇവിടം മടുത്തു !"

"തമാശിക്കല്ലേ അളിയാ... അതല്ല ഞാന്‍ പറഞ്ഞു വന്നത്... "
"പിന്നെ ? നിനക്കു കാശ് വല്ലോം വേണോ? ഞാനേ ഇവിടെ പിച്ചക്കാരനായി ഇരിക്കുവാന്നെ.... അതിരിക്കട്ടെ നിനക്കു എത്രയാ വേണ്ടേ ?"

"അതൊന്നുമല്ലെടാ.... പറയുന്നതു കേള്‍ക്ക്... "
"ആഹാ ... ഇപ്പൊ പിടികിട്ടി... നീയും ലവളും കൂടി ഒളിച്ചോടാന്‍ തീരുമാനിച്ചു അല്ലെ? എടാ ഭയങ്കരാ.. നിന്നെ കുറിച്ചു ഞാന്‍ ഇത്രയും വിചാരിച്ചില്ല... എന്റെ പോന്നോ! പണ്ടു മൂക്കും ഒലിപ്പിച്ചോണ്ട് നടന്ന ചെറുക്കനാ... ഇപ്പൊ ഒരു പെണ്ണിന്റെ പിറകെ ഒലിപ്പിച്ച് നടന്നു അവസാനം കെട്ടാന്‍ പോണു.... കാലം പോയ ഒരു പോക്കേ.... എന്തായാലും അളിയാ എന്റെ വക എല്ലാ ആശംസകളും നേരുന്നു... അല്ലാതെ ഈ കാര്യത്തില്‍ എനിക്ക് നിന്നെ ഒരു വിധത്തിലും സഹായിക്കാന്‍ പറ്റില്ല.... പെണ്ണ് കേസാ... ഒന്നാമത്തെ ഇപ്പൊ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന് പറഞ്ഞാലേ പെണ്ണ് കിട്ടില്ല.... അതിന്റെ കൂടെ ഇതും കൂടി ആയാല്‍ ഞാന്‍ പിന്നെ പള്ളീലച്ചന്‍ ആവേണ്ടി വരും !"

"അല്ലെങ്കിലും നീ ഈ കാര്യത്തില്‍ സഹായിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.... പക്ഷെ ഇതു സംഗതി വേറെ... ഞാന്‍ പറയുന്നതു നീ ഒന്നു കേള്‍ക്കുമോ?"
"അപ്പൊ ഇതൊന്നുമല്ലേ കാര്യം? ശരി അളിയാ... നീ പറ.... ഞാന്‍ എന്നതാ നിനക്കു ചെയ്തു തരേണ്ടത്‌?"

"അത് പിന്നെ.... വേറൊന്നുമല്ല... ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി.... അളിയന്‍ അത് വായിച്ചു കമന്റ്‌ ഇടണം... പിന്നെ ഓഫീസില്‍ കൂടെ വര്‍ക്ക്‌ ചെയ്യുന്ന എല്ലാരെ കൊണ്ടും കമന്റ്‌ ഇടീക്കണം... ബ്ലോഗ് അഡ്രസ്‌ ഞാന്‍ sms അയക്കാം... ഇപ്പൊ പറഞ്ഞാല്‍ അളിയന്‍ മറന്നാലോ? ഇനിയും കുറെ പേരെ വിളിക്കാനുണ്ടേ... അല്പം തിരക്കുണ്ട്‌...... അപ്പൊ എല്ലാം പറഞ്ഞ പോലെ !"
"............."

Monday, July 6, 2009

എങ്കിലുമെന്റെ ആശാനെ......!

എന്റെ സുഹൃത്തായ സുജിത്ത് അഥവാ ഗാസ്തറിന്റെ മറ്റൊരു വീരസാഹസിക കഥയാണ്‌ ഇപ്പ്രാവശ്യം ഞാന്‍ അവതരിപ്പിക്കുന്നത് ....

ചെന്നൈയിലെ ഏകാന്തവാസം ഒക്കെ അവസാനിപ്പിച്ചു സുജിത്ത് നാട്ടില്‍ തിരിച്ചെത്തി. മാതാപിതാക്കള്‍ ഗള്‍ഫില്‍ ആയതിനാല്‍ സുജിത് തന്റെ വീട്ടില്‍ വീണ്ടും ഏകാന്തവാസം ആരംഭിച്ചു. അപ്പോഴാണ്‌ പ്രശ്നങ്ങളുടെ തുടക്കം. സമയം കളയാന്‍ യാതൊരു മാര്‍ഗവും കാണുന്നില്ല. വീട്ടില്‍ ടിവി ഉണ്ട്, കേബിള്‍ കണക്ഷന്‍ ഇല്ല. കമ്പ്യൂട്ടര്‍ ഉണ്ട്, ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ല. പുസ്തകം ഉണ്ട്, വായിക്കാന്‍ ക്ഷമ ഇല്ല. സ്റ്റൗ ഉണ്ട്, പാചകം അറിയില്ല. വണ്ടി ഉണ്ട്, പെട്രോള്‍ അടിക്കാന്‍ കാശില്ല. ഇപ്പൊ പുള്ളിക്കാരന്റെ അവസ്ഥയെ കുറിച്ച് ഒരു ഏകദേശ രൂപം കിട്ടി കാണുമെന്നു വിശ്വസിക്കുന്നു.

സെമിത്തേരിക്കു അടുത്താണ് സുജിത്തിന്റെ വീടെങ്കിലും പ്രേതങ്ങള്‍ പോലും അവനു കമ്പനി കൊടുക്കാന്‍ തയ്യാറല്ലെന്ന് വേണം നമ്മള്‍ കരുതാന്‍. സുജിത്തിന്റെ സുവിശേഷ പ്രസംഗം പേടിച്ചു പ്രേതങ്ങള്‍ കുഴിമാടത്തിനു അകത്തു തന്നെ കഴിഞ്ഞു പോന്നു.

അങ്ങനെയിരിക്കെ അവനു ഒരു ദിവസം ഒരു ഐഡിയ തോനുന്നു. ബീമാപ്പള്ളിയില്‍ പോയി കുറച്ചു ഇംഗ്ലീഷ് സിനിമ DVD മേടിക്കുക. സിനിമകള്‍ കണ്ടു സമയം കളയുക. പിന്നെ അവന്‍ ഒട്ടും താമസിച്ചില്ല. അന്ന് വൈകുന്നേരം തന്നെ കാറും എടുത്തു ബീമാപള്ളിയിലേക്ക് വെച്ച് പിടിച്ചു. അവിടെ എത്തിയപ്പോഴാണ് വേറെ ചില പ്രശ്നങ്ങള്‍.കടന്നല്‍ കൂട്ടില്‍ കല്ലെറിഞ്ഞത് പോലെ ആ പരിസരം മുഴുവന്‍ പോലീസുകാര്‍!പോരാത്തതിന് ഒറ്റ CD കട പോലും തുറന്നിട്ടില്ല. ഒന്നാം തിയതി ബിവറേജ് കടയുടെ മുന്‍പില്‍ തൊണ്ട നനയ്ക്കാന്‍ വന്ന കുടിയനെ പോലെയായി സുജിത്തിന്റെ അവസ്ഥ. എന്തായാലും വന്ന സ്ഥിതിക്ക് ഇവിടെ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വേണ്ടി സുജിത്ത് കാര്‍ ഒരു സൈഡില്‍ ഒതുക്കിയിട്ടു ചുമ്മാ നടന്നു.

"വന്നത് വെറുതെയായി... ഒരു കട പോലും തുറന്നിട്ടില്ലല്ലോ കര്‍ത്താവേ !" സുജിത്ത് മനസ്സില്‍ കരുതി.

വഴിയെ കൂടി പോയ ഒരു പയ്യനെ തടഞ്ഞു നിര്‍ത്തി സുജിത്ത് ചോദിച്ചു, " അനിയാ.... ഇവിടെ എന്താ ഇത്ര പോലീസ് ? ഇന്ന് ബന്ദ്‌ വല്ലതും ആണോ ?"

പയ്യന്‍ സുജിത്തിനെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു," അപ്പൊ അണ്ണന്‍ കാര്യങ്ങള് ഒന്നും അറിഞ്ഞില്ലീ ? കഴിഞ്ഞ ആഴ്ച ഇവിടെ അടി നടന്നീ. രണ്ടെണ്ണത്തിനെ വെട്ടി തള്ളി. അതോടെ പോലീസുകാര് വന്നു കടകളൊക്കെ അടപ്പിച്ചു ! ഇപ്പൊ കച്ചോടം ഒന്നുമില്ല "

"ഓഹോ... എനിക്ക് കുറച്ചു ഇംഗ്ലീഷ് DVD വേണമായിരുന്നല്ലോ. ഇനി ഇപ്പൊ എന്താ ചെയ്ക ?"

"തള്ളെ അത്രേയുള്ളൂ ? അത് നമ്മള് ഏറ്റു ! പക്ഷെ റേറ്റ് അല്പം കൂടും. ഒരു DVD ക്ക് 30 രൂപ തരണം"

"തരാം.... പുതിയ ഇംഗ്ലീഷ് പടങ്ങളുടെ ഒരു മൂന്ന് നാല് DVD കൊണ്ട് വാ !"

പയ്യന്‍ ചുറ്റും നോക്കി. എന്നിട്ട് പറഞ്ഞു, " ഞാന്‍ നമ്മടെ ആശാനോട് പറയാം. പുള്ളിക്കാരന് ഇംഗ്ലീഷ് പടങ്ങള്‍ വലിയ പിടിയില്ല. എന്നാലും ഒള്ളത് കൊണ്ട് വരും. അണ്ണന്‍ ദാ ആ കാണുന്ന കടയുടെ പിറകില്‍ ചെന്ന് നിക്ക്. അഞ്ചു മിനിറ്റ്‌ കഴിയുമ്പോ ആശാന്‍ സാധനവുമായി വരും! "

അങ്ങനെ സുജിത്ത് 'സാധനം കൈയിലുണ്ടോ' എന്ന് മനസ്സില്‍ വിളിച്ചോണ്ട് കടയുടെ പിന്നില്‍ ചെന്ന് തപസ്സു തുടങ്ങി. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ഒരു മീശക്കാരന്‍ അമ്മാവന്‍ കടയുടെ പിന്നിലേക്കു കൈയും വീശി വരുന്നു. സുജിത്തിനെ കണ്ടു അങ്ങേരു ബ്രേക്ക്‌ ഇട്ടു നിന്നു. പിന്നെ ഉടുത്തിരുന്ന മുണ്ടിന്റെ അകത്തേക്ക് കൈ കടത്തി !

"കര്‍ത്താവേ ? ഇങ്ങേരിതു എന്തിനുന്നുള്ള പുറപ്പാടാ? ഗുണ്ടായിസമോ അതോ കുണ്ടായിസമോ?" സുജിത്ത് മനസ്സില്‍ ഹല്ലെലുയാ പാടാന്‍ തുടങ്ങി !

അപ്പോള്‍ ആശാന്‍ മുണ്ടിനകത്തു നിന്നും ഒരു ന്യൂസ്‌ പേപ്പര്‍ പൊതി എടുത്തു സുജിത്തിന് കൊടുത്തു. എന്നിട്ട് പറഞ്ഞു, " രണ്ട് ഇംഗ്ലീഷ് പടമുണ്ട് കേട്ടാ... നമ്മക്ക് ഇതൊന്നും വലിയ പിടിയില്ല.....പിന്നെ കിട്ടിയത് എടുത്തോണ്ട് പോന്നു... മോന്‍ 60 രൂപ തന്നാട്ടെ!"

സുജിത്ത് സന്തുഷ്ടനായി. അതിലുപരി ആശ്വാസവും! കര്‍ത്താവിനു സ്തുതി പാടികൊണ്ട് അവന്‍ ആ പോതികെട്ടു മേടിച്ചു കാശ് കൊടുത്തു. തിരികെ മടങ്ങാന്‍ പോയപ്പോള്‍ ആശാന്‍ പിന്നില്‍ നിന്നും വിളിച്ചു.

"മോനെ... അത് കൈയില്‍ കൊണ്ട് പോണ്ടാ... പോലീസുകാര്‍ക്ക് സംശയം തോന്നും. മോന്‍ ഷര്‍ട്ട്‌ പൊക്കിയിട്ട് പാന്റ്സിനകതെക്ക്‌ പൊതി തിരുകി കേറ്റിക്കോ... എന്നിട്ട് ഒന്നുമറിയാത്തപോലെ പൊയ്ക്കോ !"

"ശരി ആശാനെ..."

ആശാന്റെ ഉപദേശം അവന്‍ ശിരസ്സാവഹിക്കുന്നു. അങ്ങനെ വയറ്റില്‍ സിക്സ് പാക്കിനു പകരം ഡിവിഡി പാക്കുമായി സുജിത്ത് കാറിനടുത്തേക്ക് പമ്മി പമ്മി നടന്നു. കുഴപ്പമൊന്നും ഇല്ല. കാറില്‍ കേറി സ്റ്റാര്‍ട്ട്‌ ചെയ്തു ബീമാപ്പള്ളി ഏരിയ കഴിഞ്ഞിട്ട് സുജിത്ത് വണ്ടി നിര്‍ത്തി. ഏതൊക്കെ പടങ്ങളാണ് എന്നറിയാന്‍ വേണ്ടി അവന്‍ പൊതി അഴിക്കാന്‍ തുടങ്ങി. അകത്തുള്ള ഡിവിഡികള്‍ കണ്ടു സുജിത്ത് അറിയാതെ 'ഓ ജീസസ്' എന്ന് വിളിച്ചു പോയി.

പൊതിക്കുള്ളിലെ സിനിമകള്‍ : ടൈറ്റാനിക് & മാട്രിക്സ് !

Sunday, June 21, 2009

ട്രെയിന്‍ തേപ്പ്

ട്രെയിനില്‍ ദൂരയാത്ര ചെയ്യുക എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അത് ഒറ്റയ്ക്കാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അടുത്ത സീറ്റില്‍ എങ്ങനയുള്ളവര്‍ ആണ് എന്നതിനെ അപേക്ഷിച്ചിരിക്കും അങ്ങോട്ടുള്ള യാത്രയുടെ അവസ്ഥ. സ്റ്റേഷനില്‍ വന്നു ചാര്‍ട്ട് നോക്കുമ്പോള്‍ തന്നെ നമുക്ക് ഒരു ഏകദേശ ധാരണ കിട്ടും. മിക്കവാറും എന്തെങ്കിലും ഫാമിലി ആയിരിക്കും. മുത്തശ്ശിയും മുത്തച്ചനും ചെറുമക്കളും ഒക്കെ ഉണ്ടെങ്കില്‍ കെങ്കേമം. അങ്ങനെ സംഭവിച്ചാല്‍ ഉള്ള ഗുണങ്ങള്‍ എന്തൊക്കെയെന്നു വെച്ചാല്‍ പിള്ളേര്‍ തമ്മില്‍ ഗുസ്തി നടത്തുമ്പോള്‍ റഫറി ആവാം, രാത്രി മുത്തശ്ശി കഥകള്‍ കേട്ട് ഉറങ്ങാം എന്നിവയാണ്. അതല്ലെങ്കില്‍ കപ്പിള്‍സ്‌ വിത്ത്‌ ഓര്‍ വിത്തൌട്ട് കുട്ടിച്ചാത്തന്‍സ് ആയിരിക്കും. അവരായി അവരുടെ പാടായി. നമ്മള്‍ പിന്നെ പുറത്തു നോക്കി തെങ്ങാകുലകളുടെ ആട്ടം നോക്കിയിരുന്നാല്‍ മതി.

ചുരുക്കം ചില അവസരങ്ങളില്‍ നമ്മളെ പോലെ തരികിട പാര്‍ടീസിനെ കൂട്ട് കിട്ടും. എങ്കില്‍ ചീട്ടു കളിച്ചും തമാശ പറഞ്ഞും യാത്ര ആനന്ദകരം ആക്കാം. ഇനി പറയാന്‍ പോവുന്ന കാര്യം സംഭവിക്കാനുള്ള സാധ്യത ആയിരത്തില്‍ ഒന്ന് മാത്രമാണ്. ചാര്‍ട്ട് നോക്കുമ്പോള്‍ നിങ്ങള്‍ ഇരിക്കുന്ന സ്ഥലത്ത് ബാക്കി സീറ്റുകളില്‍ എല്ലാം പെണ്‍കുട്ടികള്‍! (ഓവര്‍ ആണല്ലേ ? എനിക്കും തോന്നി). എല്ലാം എന്നുള്ളത് പോട്ടെ. കുറഞ്ഞ പക്ഷം ഒരു പെണ്‍കുട്ടിയെങ്കിലും! മനസ്സില്‍ 'No:20 മദ്രാസ്‌ മെയില്‍', 'Jab we met' തുടങ്ങിയ സിനിമകളിലെ സീന്‍സ്‌ ഒക്കെ ഒന്ന് റീവൈണ്ട് ചെയ്തു സീറ്റ്‌ കണ്ടുപിടിച്ച് ആളെ കാത്തിരിക്കുമ്പോഴായിരിക്കും അടുത്ത് നിന്ന് ഒരു അപശബ്ദം കേള്‍ക്കുക.

"എച്ചുസ്‌ മി .... ഒറ്റയ്ക്കാണോ ?"

ഒറ്റയ്ക്കല്ല.... കൂടെ ഈ പെട്ടിയും ബാഗും ഒക്കെ ഉണ്ട് എന്ന് പറയാന്‍ പറ്റില്ലല്ലോ. "അതെ " എന്നൊരു ഉത്തരം പറഞ്ഞാല്‍ സീറ്റ്‌ എക്സ്ചേഞ്ച് എന്ന് പറയപ്പെടുന്ന പ്രോഗ്രാമിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. അങ്ങനെ എക്സ്ചേഞ്ച് ചെയ്തു കിട്ടിയ സീറ്റില്‍ ചെന്നാല്‍ വീണ്ടും മേല്‍പറഞ്ഞ രീതിയില്‍ ആയിരിക്കും അവസ്ഥ. പല പ്രാവശ്യം ട്രെയിനില്‍ യാത്ര ചെയ്തു റിസര്‍ച്ച് നടത്തി കണ്ടത്തിയ വിവരങ്ങള്‍ ആണിത്. റിസര്‍ച്ച് നടത്താതെ ഈ സംഭവവികാസത്തെ 'പാപി ചെല്ലുന്നിടം പാതാളം' എന്നും വിളിക്കാം.

അങ്ങനെ ഹൈദരാബാദില്‍ നിന്ന് നാട്ടിലേക്ക് ഒരു യാത്ര. ഞാന്‍ ഒറ്റയ്ക്കും. ആദ്യമേ തന്നെ ലിസ്റ്റ് നോക്കി. എന്റെ സീറ്റ്‌ നമ്പര്‍ 55. അടുത്ത സീറ്റ്‌ നോക്കി. '56 - Jennifer - F - 24'. ഗുണ്ടൂരില്‍ നിന്ന് കേറും . പാലക്കാട്‌ ഇറങ്ങും. വേഗം അകത്തു കേറി സീറ്റ്‌ കണ്ടുപിടിച്ചു. ആശ്വാസമായി. സിംഗിള്‍ സീറ്റ്‌ ആണ്. അപ്പൊ പിന്നെ ആരും അങ്ങനെ മാറി ഇരിക്കാന്‍ പറയില്ല. ഗുണ്ടൂര്‍ എത്താന്‍ വൈകുന്നേരം ആവും. അത് വരെ കാത്തിരിക്കുക തന്നെ. അടുത്തുള്ള സീറ്റുകളില്‍ ഒക്കെ ഒന്ന് സ്കാന്‍ ചെയ്തു നോക്കി. സ്കാന്‍ റിസള്‍ട്ട്‌ = O. ഇനി ജെന്നിഫര്‍ തന്നെ ശരണം !

പാട്ട് കേട്ടും ഉറങ്ങിയും പുറത്തെ കാഴ്ചകള്‍ കണ്ടും 6 മണി ആയപ്പോ ഗുണ്ടൂര്‍ എത്തി. ഉടന്‍ തന്നെ ഞാന്‍ സ്റ്റേഷനിലേക്ക് ചാടി ഇറങ്ങി. ബോഗിയുടെ ഒരു വാതിലില്‍ നിന്ന് മറ്റേ വാതിലിലേക്ക് രണ്ട് പ്രാവശ്യം മാര്‍ച്ച് ചെയ്തു. ജെന്നിഫര്‍ എന്ന് പേരിടാന്‍ സാധ്യതയുള്ള ആരും തന്നെ കേറുന്നില്ല. കുറച്ചു നേരം അവിടെ കറങ്ങി തിരിഞ്ഞു നിന്നെങ്കിലും ആരും വന്നില്ല. ഗുണ്ടൂരില്‍ ഒരു 10 മിനിറ്റ്‌ എങ്കിലും വണ്ടി നിര്‍ത്തിയിടും. സമയം കളയാന്‍ എന്തെങ്കിലും വേണമല്ലോ. ഞാന്‍ ഒരു ബുക്ക്‌ കട തപ്പി നടപ്പായി. അവസാനം ബുക്സ് ഒക്കെ മേടിച്ചു ഒരു ചായ ഒക്കെ കുടിച്ചു ഞാന്‍ പതുക്കെ ട്രെയിനില്‍ കേറി.

ങേ ??? എന്താത് ? എന്റെ സീറ്റില്‍.... അതാ ഇരിക്കുന്നു... ഒരു വലിയ......സുന്ദരമായ ബാഗ്‌ ! സീറ്റിന്റെ അടിയില്‍ ഒരു വലിയ പെട്ടി.... കാലു വെക്കുന്നിടത് ഒരു കാര്‍ഡ്ബോര്‍ഡ് ബോക്സ്‌.... മുകളില്‍ വേറെ ഒരു പെട്ടി! ആകെമൊത്തം എന്റെ സ്ഥലം കൈയേറ്റം ചെയ്തിരിക്കുന്നു. അഭയാര്‍ഥി ക്യാമ്പില്‍ വന്നു കേറിയത്‌ പോലെ ആയി എന്റെ അവസ്ഥ. ഇതിന്റെയൊക്കെ ഉടമസ്ഥ ഫോണും പിടിച്ചു സുഖമായി സീറ്റില്‍ ഇരിക്കുന്നു. മിസ്‌ ജെന്നിഫര്‍ !

"രണ്ട് സീറ്റിലായി ഇരുന്നോരുത്തനെ
വണ്ടിയില്‍ നില്‍ക്ക വെച്ചതും ഭവാന്‍
മുകളിലെ നല്ലൊരു ബെര്‍ത്തില്‍ നിറച്ചും
തുകലിന്‍ സഞ്ചികള്‍ കേറ്റിയതും ഭവാന്‍"

ദേഷ്യം എന്റെ തലയാകുന്ന പ്രെഷര്‍ കുക്കറില്‍ വിസില്‍ അടിച്ചു. ഞാന്‍ ചെറുതായി ഒന്ന് ചുമച്ചു. കേട്ടില്ലാ ! അല്പം കൂടി ഉച്ചത്തില്‍ ചുമച്ചു... ഫോണില്‍ അപ്പുറത്തുള്ള ആളും ചുമക്കയാണോ? അത് കൊണ്ടാണോ കേള്‍ക്കാതെ? നോ രക്ഷ ! അടുത്ത സൌണ്ട് എഫ്ഫക്റ്റ്‌ ആര്‍ക്കും അവഗണിക്കാന്‍ പറ്റുന്നത്ആയിരുന്നില്ല !

"ങ്യാച്ചീ ......!"

ട്രെയിന്‍ ഒരു നിമിഷത്തേക്ക് നിശ്ചലമായി. അടുത്ത സീറ്റില്‍ കിടന്നു ഉറങ്ങിയിരുന്ന മനുഷ്യന്‍ ഞെട്ടി എഴുന്നേറ്റു ചുറ്റും നോക്കി ഒരു കോട്ടുവാ ഇട്ടിട്ടു വീണ്ടും കിടന്നു ഉറങ്ങാന്‍ തുടങ്ങി! ബിസ്കറ്റ്‌ തിന്നു കൊണ്ടിരുന്ന കുട്ടി അവസാനത്തെ ബിസ്കറ്റ്‌ എടുത്തു തറയില്‍ കളഞ്ഞിട്ടു കവര്‍ തിന്നാന്‍ ആരംഭിച്ചു! ജെന്നിഫര്‍ ടോര്‍ച്ച്‌ കണ്ട മൌസിനെ പോലെ സീറ്റിന്റെ ഒരു മൂലയില്‍ ചുരുണ്ടു കൂടി എന്നെ നോക്കി.

ഞാന്‍ വളരെ ഗൌരവത്തില്‍ പറഞ്ഞു, " എന്റെ സീറ്റ്‌ ആണ് ഇത് !"

"ഓ സോറി" - ഈ ദിവസം ആ കുട്ടി പറയാന്‍ പോവുന്ന അവസാന വാക്കുകള്‍ അതായിരുന്നു എന്ന് ഞാന്‍ അറിഞ്ഞില്ല.

പെട്ടിയും ബാഗും ഒക്കെ മാറ്റി വെച്ചിട്ട് പുള്ളിക്കാരി ഉടന്‍ തന്നെ ഒരു ഇംഗ്ലീഷ് നോവല്‍ എടുത്തു വായന തുടങ്ങി. പാവത്തിന് നാളെ പരീക്ഷ കാണും. എത്ര ശ്രദ്ധയോടെയാ വായിക്കണേ ! ഞാന്‍ ശല്യം ചെയ്യാന്‍ പോയില്ല. നമ്മുടെ പുസ്തകം എടുത്തു ഞാനും വായന തുടങ്ങി - ബോബനും മോളിയും !

അര മണിക്കൂര്‍ കൊണ്ട് ഞാന്‍ മൂന്ന് ബുക്കും വായിച്ചു തീര്‍ത്തു. അപ്പോഴേക്കും ഫുഡ്‌ വന്നു. ഞാന്‍ കഴിക്കുമ്പോഴും അവള്‍ വായന തുടരുന്നു. പുള്ളിക്കാരി ഒന്നും കഴിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് തോന്നുന്നു. ചിലപ്പോ dieting ആയിരിക്കും. ഹേ... ആവില്ല! ട്രെയിനില്‍ കേറുന്നതിനു മുന്‍പ് മൂക്കുമുട്ടെ തിന്നു കാണും. ഇനി സ്ലീപിംഗ് പില്‍സിനു പകരം ആയിരിക്കും ഈ ബുക്ക്‌ വായന.

കൈ കഴുകി കുറച്ചു നേരം വാതിലിനടുത്ത് നിന്ന് കാറ്റൊക്കെ കൊണ്ടിട്ടു ഞാന്‍ തിരികെ സീറ്റില്‍ എത്തി. സീറ്റില്‍ ഒരു ശവം ! തല മുതല്‍ കാലു വരെ മൂടി പുതച്ച് ജെന്നിഫര്‍ ശവാസനത്തില്‍ കിടപ്പായി. ഭാഗ്യത്തിന് മുകളിലെ ബെര്‍ത്ത്‌ കാലിയാക്കി വെച്ചിട്ടുണ്ട്. ഞാന്‍ എന്നോട് തന്നെ ഒരു ഗുഡ്‌ നൈറ്റ്‌ പറഞ്ഞിട്ട് മുകളില്‍ വലിഞ്ഞു കേറി. സമയം 9 ആയതേ ഉള്ളു. കിടന്നിട്ടു ഉറക്കം വരണ്ടേ? ശവത്തിനു കാവലിരിക്കുന്ന പോലീസുകാരനെ പോലെ ഞാന്‍ കുറെ നേരം കണ്ണും ചിമ്മി ഇരുന്നിട്ട് എപ്പോഴോ ഉറങ്ങി.

രാവിലെ 9 മണി വരെ സുഖമായി ഉറങ്ങി. മരക്കൊമ്പില്‍ നിന്ന് വേതാളം വിക്രമാദിത്യനെ നോക്കുന്നത് പോലെ ഞാന്‍ താഴെ കിടന്നിരുന്ന ജെന്നിഫരിനെ നോക്കി. ഭാഗ്യം ! എഴുന്നേറ്റു. നോവല്‍ വായന തുടരുകയാ. ഞാന്‍ താഴെ ഇറങ്ങി ബ്രഷും പേസ്റ്റും ഒക്കെ എടുത്തോണ്ട് ഒന്ന് ഫ്രഷ്‌ ആയിട്ട് തിരികെ വന്നു എന്റെ സീറ്റില്‍ ഇരുന്നു.

"ഇതാ ബ്രേക്ക്‌ ഫാസ്റ്റ് ..." ഒരു പൊതി എനിക്ക് നീട്ടിയിട്ട്‌ ജെന്നിഫര്‍ പറഞ്ഞു.

ഓ... ഞാന്‍ ഉറക്കമായിരുന്നത് കൊണ്ട് പൊതി അവളുടെ കൈയില്‍ കൊടുത്തതാവാം. പൊതി മേടിച്ചു ഞാന്‍ പറഞ്ഞു - "താങ്ക് യു !"

"ഹായ് ... ഞാന്‍ ജെന്നിഫര്‍ "

ആ പേര് ആദ്യമായി കേള്‍ക്കുന്ന ഭാവത്തില്‍ ഞാന്‍ പറഞ്ഞു - "ഹലോ... ഞാന്‍ അഭി "

"ഇന്നലെ എനിക്ക് ഭയങ്കര ക്ഷീണം ആയിരുന്നു... അതാ ഒന്നും പറയാതെ ഞാന്‍ കിടന്നെ... ഒന്നും തോന്നരുതേ ട്ടോ "

എന്ത് തോന്നാന്‍ ? ബാക്കി ഉള്ളവര്‍ ഒക്കെ ചുമ്മാ സമയം കളയാന്‍ അല്ലെ ഉറങ്ങുന്നത്.. ഹും !

"ഇറ്റ്സ് ok !"

പിന്നെ സ്വിച്ച് ഓണ്‍ ചെയ്തത് പോലെ വാചകം ആയിരുന്നു. ഗുണ്ടൂരില്‍ നിന്ന് പാലക്കാടിലേക്ക് shift ചെയ്യുവാണ്, ആദ്യമായിട്ടാണ് ഒറ്റയ്ക്ക് യാത്ര, ബുക്കും വെച്ചോണ്ട് ഇരുന്നാല്‍ വായിനോക്കികള്‍ (ഞാന്‍ അല്ല) ഒന്നും ശല്യം ചെയ്യില്ലാന്ന് ഫ്രണ്ട്സ്‌ പറഞ്ഞെന്നും അങ്ങനെ അങ്ങനെ നോണ്‍ സ്റ്റോപ്പ്‌ കൊണ്ടാട്ടം ആയിരുന്നു പിന്നെ അവിടെ! ചുരുക്കി പറഞ്ഞാല്‍ ഒരു മിനി FM റേഡിയോ.

അവസാനം പത്തര ആയപ്പോള്‍ പാലക്കാട്‌ എത്തി. സംഭാഷണത്തിന് എമര്‍ജന്‍സി ബ്രേക്ക്‌ വലിച്ചോണ്ട് ജെന്നിഫര്‍ ഒരു ചോദ്യം ചോദിച്ചു.....

"അഭി.... ലഗ്ഗേജ് ഇറക്കാന്‍ എന്നെ ഒന്ന് സഹായിക്കുമോ ?"

എന്റമ്മേ.... കൂലിക്കാരെ വിളിച്ചു ഇറക്കേണ്ട സാധനങ്ങള്‍ ഞാന്‍ ഒറ്റയ്ക്ക് താങ്ങാനോ ? ഇന്നലെ ആലുവാമണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ലാതിരുന്നിട്ട് ഇന്ന് രാവിലെ എന്തായിരുന്നു സ്നേഹം! എല്ലാം ഇതിനു വേണ്ടിയായിരുന്നു അല്ലെ ? പറ്റില്ലെന്ന് എങ്ങനെയാ പറയുക ? എന്റെ ഇരട്ടി സൈസ് ഉള്ള പെട്ടികളും ബാഗും നോക്കി ഞാന്‍ പറഞ്ഞു - "നോ പ്രോബ്ലം"

മിസ്റ്റര്‍ ബ്രഹ്മചാരിയിലെ മോഹന്‍ലാലിനെ മനസ്സില്‍ ധ്യാനിച്ചു ലഗ്ഗേജ് ഓരോന്നായി ഇറക്കാന്‍ തുടങ്ങി. എല്ലാത്തിനും മുടിഞ്ഞ ഭാരം. അകത്തു കരിങ്കല്ലാണോ എന്ന് വരെ എനിക്ക് സംശയം തോന്നി.

"നല്ല വെയിറ്റ് ഉണ്ടോ ? ഞാന്‍ സഹായിക്കണോ ? കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ?" - ഇടയ്ക്കിടയ്ക്ക് ഈ വക ചോദ്യങ്ങള്‍ !!

"വേണ്ട... ഐ വില്‍ മാനേജ് ! " ഞാന്‍ പറയും. ഉവ്വ് ! മാനേജ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും ബോഡി ഡാമേജ് ആവുന്ന കാര്യത്തില്‍ ഒരു തീരുമാനം ആയി !

അങ്ങനെ മൂന്ന് നാല് മിനിറ്റ്‌ കൊണ്ട് എല്ലാം പുറത്തു എത്തിച്ചു.

"താങ്ക് യു അഭി.... പോര്‍ട്ടര്‍മാരെ വിളിച്ചെങ്കില്‍ ഇപ്പൊ ഒരു നൂറു രൂപ പോയി കിട്ടിയേനെ... thank you so much !"

ട്രെയിനില്‍ ചാരി നിന്ന് ഞാന്‍ വെറുതെ ചിരിച്ചു (നേരെ നില്ക്കാന്‍ വയ്യാത്തത് കൊണ്ടാ). താങ്ക്സ് മാത്രമേ ഉള്ളല്ലേ ? അഞ്ചു രൂപയുടെ ഒരു ബോഞ്ചി വെള്ളം മേടിച്ചു താടീ !

അപ്പോഴതാ മാടപ്രാവിനെ സോറി മാടിനെ പോലെയുള്ള ഒരു മനുഷ്യന്‍ ഓടികിതച്ചു വരുന്നു. ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ ജെന്നിഫര്‍ ആളെ പരിചയപ്പെടുത്തുന്നു.

"ഇത് എന്റെ husband - ജോസ് !"

അമ്പടി! ഈ തടിമാടന്‍ ഉണ്ടായിട്ടാണോ എന്നെ കൊണ്ട് പെട്ടി മുഴുവന്‍ എടുപ്പിച്ചത്. കീരിക്കാടന്‍ ജോസിനെ കണ്ട കൊച്ചിന്‍ ഹനീഫയുടെ ചിരി എന്റെ മുഖത്തും എങ്ങനെയോ വന്നു.

"ചേട്ടാ.. ഇത് അഭി... എന്റെ ലഗ്ഗേജ് മുഴുവന്‍ ഇറക്കി തന്നത് അഭിയാ !"

ആഹാ... എന്നെ കേവലം ഒരു പോര്‍ട്ടര്‍ ആകിയല്ലെടീ ടോട്ടരെ (മോളെ ) !

കീരിക്കാടന്‍ എന്നെയും പെട്ടികളെയും മാറി മാറി നോക്കി. പറഞ്ഞത് വിശ്വാസം വരാത്തത് പോലെ. എന്നിട്ട് ജെന്നിഫരിനോട് തുള്ളാന്‍ തുടങ്ങി - "നിന്നോട് ഞാന്‍ പറഞ്ഞതല്ലേ എല്ലാം കൂടി ചുമന്നോണ്ട് വരരുതെന്ന് ? "

ജെന്നിഫര്‍ : "പിന്നെ പാത്രങ്ങളൊക്കെ കളഞ്ഞിട്ടു വരാനോ ?"

ഓഹോ... അപ്പൊ ബാഗിനകത്തു കരിങ്കല്ല് അല്ല ... കറിചട്ടിയായിരുന്നു !

കീരി : "ഇനി ഇതൊക്കെ എങ്ങനെ സ്റ്റേഷന് വെളിയില്‍ എത്തിക്കും ?"

രണ്ട് പേരും നേര്‍ച്ചക്കോഴിയെ പോലെ എന്നെ നോക്കി. പക്ഷെ എന്റെ ഭാഗ്യത്തിന് അപ്പോഴേക്കും ട്രെയിന്‍ കൂവി. ഗുഡ്‌ ബൈ പറഞ്ഞു സീറ്റില്‍ എത്താന്‍ എനിക്ക് രണ്ട് സെക്കന്റ്‌ മാത്രമേ വേണ്ടി വന്നുള്ളു‌ !

പിന്നീടുള്ള യാത്ര മുഴുവന്‍ ഞാന്‍ മൌനവ്രതം അനുഷ്ഠിച്ചു !