Friday, December 30, 2011

പാചകറാണി

--- കല്യാണ പിറ്റേന്ന് ---

"എടീ... നിനക്ക് പാചകം വല്ലതും അറിയാവോ ?"

"പിന്നേ... ഞാന്‍ അസ്സലായി potato curry വെക്കും "

"എങ്കില്‍ ‍ഇന്ന് അത് തന്നെ ആയിക്കോട്ടെ ! "

-- ഒരു മണിക്കൂര്‍ കഴിഞ്ഞ്--

"ചേട്ടാ... ദോശയും കറിയും റെഡി !"

"ആഹാ... അതിമനോഹരമായിരിക്കുന്നു... നിന്നെ അല്ല... നിന്റെ പാചകം ആണ് ഉദ്ദേശിച്ചത് !"

"ഒന്ന് പോ ചേട്ടാ അവിടുന്ന്..."

--- അടുത്ത ദിവസം ---

"ഇന്നെന്താടി സ്പെഷല്‍ ??"

"ഇന്ന് ചപ്പാത്തി ആന്‍ഡ്‌ കിഴങ്ങ് സ്റ്റൂ !"

"എടീ.. ഈ കിഴങ്ങ് സ്റ്റൂ കഴിച്ചപ്പോ ... 'ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാല്‍ ഉപമ '... "

"എന്താ ചേട്ടാ... ഉപ്പുമാവോ ? അത് വേറെ ഒരു ദിവസം ഉണ്ടാക്കി തരാമേ !"

"ഉപ്പുമാവ് അല്ലേടി കഴുതേ ... 'ഉപമ'... അല്ലെങ്കിലും നിന്നോടിതോന്നും പറഞ്ഞിട്ട് കാര്യമില്ല "

--- അതിനുമടുത്ത ദിവസം ---

"ബ്രേക്ക്ഫാസ്റ്റ് ആയോടീ ? "

"ആയി ചേട്ടാ.. ഇടിയപ്പവും ആലൂ മസാലയും... നോര്‍ത്ത് ഇന്ത്യന്‍ ഡിഷ്‌ ആണ്... ട്രൈ ചെയ്തു നോക്കൂ... "

"ആഹാ... ഇത് കഴിച്ചപ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് ...'അതു താനല്ലെയോ ഇത് എന്ന് വർണ്ണ്യത്തിലാശങ്ക....' "

"വയറ്റിലെ ശങ്ക ഒക്കെ തീര്‍ത്തിട്ട് കഴിക്കാന്‍ വന്ന പോരായിരുന്നോ ??"

"നോ കമന്റ്സ് !"

--- അതേ ദിവസം രാത്രി ----

"നാളെ എന്തുണ്ടാക്കണം ചേട്ടാ ?"

"ഓര്‍മിപ്പിച്ചത് നന്നായി.... അമ്മേ... അമ്മേ, നാളെ രാവിലെ ഇഡലിയും സാമ്പാറും മതി ട്ടോ !"

(ശുഭം)

Tuesday, December 27, 2011

ഗുരുവായൂര്‍ തേപ്പ്


കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഗുരുവായൂര്‍ പോവണമെന്ന് ഫാമിലി-in-laws ണ് ഒരേ നിര്‍ബന്ധം. അങ്ങനെയെങ്കിലും ഗുരുവായൂര്‍ കാണാമല്ലോ എന്ന് വിചാരിച്ചു ഞാനും സമ്മതം മൂളി. ഞാനും വൈഫും (നിഷ) ഡാഡിയും മമ്മിയും പിന്നേ നിഷയുടെ ചേച്ചിയും ഭര്‍ത്താവും രണ്ട് മക്കളും അടങ്ങുന്ന സംഘം ഒരു കാറില്‍ യാത്ര തിരിച്ചു.

അല്‍പ ദൂരം പോയിട്ട് കാര്‍ ഒരു കടയുടെ മുന്നില്‍ നിര്‍ത്തി ഡാഡി കുറെ പ്ലാസ്റ്റിക്‌ കവര്‍ മേടിക്കുന്നു. എനിക്ക് ഒന്നും തന്നെ മനസ്സിലാവുന്നില്ല. അതിനു ശേഷം കാറില്‍ ഇരിക്കുന്ന ഓരോരുത്തര്‍ക്കും കവര്‍ വിതരണം ചെയ്യുന്നു. അവസാനം എന്‍റെ ഊഴം എത്തി.

"മോന് കവര്‍ വേണോ ?"

എന്‍റെ മനസ്സില്‍ സംശയങ്ങളുടെ തിരയിളക്കം! ഇനി ഗുരുവായൂരില്‍ നിന്നും എന്തെങ്കിലും മേടിച്ചു കവറിലാക്കി കൊണ്ട് വരാന്‍ വേണ്ടിയിട്ടാണോ മുന്‍കൂട്ടി തരുന്നേ ?

"വേണ്ട ഡാഡി... അതിന്റെ ഒന്നും ആവശ്യം ഇല്ല. ഇതിലും വലിയ കവര്‍ എന്‍റെ കൈയില്‍ ഉണ്ട്. ഞാന്‍ അത് ഉപയോഗിച്ച് കൊള്ളാം !"

എല്ലാവരും എന്നെ പകച്ചു നോക്കുന്നു. രംഗം കൂടുതല്‍ വഷളം ആകും മുന്‍പ് നിഷ ഇടപെട്ടു.

"അയ്യോ ചേട്ടാ... അത് യാത്ര ചെയ്യുമ്പോ vomit ചെയ്യാന്‍ തോന്നിയാല്‍ ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാ... നമ്മുടെ കുടുംബത്തില്‍ ഡാഡി ഒഴികെ എല്ലാര്‍ക്കും ആ പ്രശ്നം ഉണ്ട് !"

ആഹാ.. അങ്ങനെ ആണോ കാര്യങ്ങള്‍.... വയറിനകത്ത്‌ തിരയിളക്കം വരുമ്പോ വിമാനത്തില്‍ ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കണം എന്ന് അതിനകത്തുള്ള പെങ്കൊച്ചുങ്ങള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് എന്തായാലും എനിക്ക് ആദ്യത്തെ അനുഭവം ആയിരുന്നു !

"എനിക്ക് അങ്ങനത്തെ പ്രശ്നങ്ങള്‍ ഒന്നുമില്ല. ഡാഡി കവര്‍ നിഷയ്ക്ക് കൊടുത്തേരെ..."

കവര്‍ കിട്ടി വണ്ടി അല്പം മുന്നോട്ടു നീങ്ങിയതും മമ്മി ഉത്ഘാടനം നിര്‍വഹിച്ചു. യാത്ര പുരോഗമിക്കുന്തോറും ഓരോരുത്തരായി നാരങ്ങ മണപ്പിക്കാനും വിക്ക്സ് ഗുളിക കഴിക്കാനും ആരംഭിച്ചു (അതൊക്കെ നേരത്തെ സ്റ്റോക്ക്‌ നിറച്ചു വെച്ചിട്ടുണ്ടായിരുന്നു ) .

നിഷ പതിവിലും സന്തോഷവതിയായി കാണപ്പെട്ടു.

"എന്ത് പറ്റിയെടീ... ഭയങ്കര സന്തോഷമാണല്ലോ ??" ഞാന്‍ ചോദിച്ചു.

"അത് പിന്നെ ... ഞാന്‍ ഇത് വരെ vomit ചെയ്തില്ലാ ...!"

"മണ്ടി പെണ്ണേ... അതിനു കല്യാണം കഴിഞ്ഞിട്ട് രണ്ട് ദിവസം അല്ലെ ആയുള്ളൂ...!!"

"അയ്യോ... ഈ മനുഷ്യന്റെ കാര്യം ! ഞാന്‍ ആ vomit ന്റെ കാര്യം (പച്ച മാങ്ങ പച്ച മാങ്ങാ... ) അല്ല പറഞ്ഞത് !"

"ഐ അം ദി സോറി !"

യാത്ര മദ്ധ്യേ വടക്കുംനാഥ ക്ഷേത്രത്തില്‍ കൂടി ഒന്ന് കേറി. പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞു തിരികെ വന്നു കാറില്‍ കേറാന്‍ നേരം ചേച്ചിയുടെ മകള്‍ കുക്ക് എന്നോടൊരു ചോദ്യം : "ചാച്ചന്‍ (കൊച്ചച്ചന്‍ ) അല്ലെ നടയ്ക്കിരിക്കുന്നത് ?"

എന്‍റെ ഗുരുവായൂരപ്പാ... ഞാന്‍ എന്താ ഈ കേള്‍ക്കുന്നത് ? നടയ്ക്കിരുത്തുകയോ ?? പണ്ടൊക്കെ ആനകളെ ആയിരുന്നല്ലോ നടയ്ക്കിരുത്തുന്നത്. ആ സമ്പ്രദായം മാറി ഇപ്പൊ മരുമക്കളെ നടയ്ക്കിരുത്താന്‍ ആരംഭിച്ചോ ?? ഇതിനായിരുന്നോ ഉടനെ തന്നെ യാത്ര പോവണമെന്ന് പറഞ്ഞത് ? അമ്പല നടയില്‍ എന്നെ ഇരുത്തിയിട്ട് ഭാര്യയും കുടുംബവും ടാറ്റാ പറഞ്ഞു പോവുന്ന രംഗം ഒരു നിമിഷത്തേക്ക് ഞാന്‍ ഒന്നാലോചിച്ചു നോക്കി. ഹോ.. ഭയാനകം തന്നെ !

ഞാന്‍ ഇടിവെട്ടിയ തെങ്ങിനെ പോലെ വാടി നില്‍ക്കുന്നത് കണ്ട് കുക്കു ചോദ്യം ആവര്‍ത്തിച്ചു - "ചാച്ചാ...ചാച്ചന്‍ സീറ്റില്‍ നടുക്കിരിക്കുമോ ? എനിക്ക് സൈഡ് സീറ്റ്‌ വേണം !"

ഹാവൂ.. മനസ്സില്‍ ഒരു മുല്ലപ്പെരിയാര്‍ പെയ്തിറങ്ങി. ഇത് നേരത്തെ അങ്ങ് പറഞ്ഞു കൂടായിരുന്നോ ?? അല്ലെങ്കില്‍ തന്നെ വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് 'മലയാലം' വഴങ്ങാന്‍ കുറച്ചു ബുദ്ധിമുട്ടാ....!

"പിന്നെന്താ... നടുക്കോ താഴെയോ കാറിന്റെ മണ്ടയില്‍ വേണമെങ്കിലും ഇരിക്കാം. എന്നെ കളഞ്ഞിട്ടു പോവാതിരുന്നാ മതി !"

അന്ന് രാത്രി ഗുരുവായൂര്‍ തങ്ങിയിട്ടു പിറ്റേ ദിവസം രാവിലെ ദര്‍ശനം കഴിഞ്ഞ് തിരികെ യാത്ര ആരംഭിച്ചു. ഇപ്പ്രാവശ്യവും കവര്‍ വിതരണം ചെയ്യാന്‍ ഡാഡി മറന്നില്ല. എല്ലാവരും പതിവ് കലാപ്രകടനങ്ങള്‍ കാഴ്ച വെച്ച് തുടങ്ങി. അതിന്റെ കൂടെ നിഷയും 'അയ്യോ വയ്യേ ' എന്ന് പറഞ്ഞു മൂക്കില്‍ ഒരു നാരങ്ങ മൂക്കുത്തിയും അണിഞ്ഞു ഇരിപ്പായി. അവളെ ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു..

"എടീ .. നീ വിഷമിക്കാതെ... ഇതൊക്കെ സ്വാഭാവികം... കൈയില്‍ കവരും മൂക്കില്‍ നാരങ്ങയും വെച്ച് കൊണ്ട് ഇനി എത്രയോ യാത്രകള്‍ ബാക്കി കിടക്കുന്നു. .."

"അതല്ല ചേട്ടാ പ്രശ്നം... നമ്മള്‍ വള മേടിക്കാന്‍ കേറിയപ്പോ അവിടെ നിന്ന ഒരു പെങ്കൊച്ചു എന്നെ കേറി 'ആന്റീ' എന്ന് വിളിച്ചില്ലേ... ആ കൊച്ചിന് എട്ട്-ഒന്‍പതു വയസ്സല്ലേ കാണൂ ??? "

ഞാന്‍ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു -"എട്ടും ഒന്‍പതും കൂടി കൂട്ടിയാല്‍ എത്രയാണോ ഏതാണ്ട് അത്രയും വയസ്സ് കാണും !"

വെടിമരുന്ന് ശാലയിലേക്ക് ആണ് ബോംബ്‌ എറിയുന്നതെന്ന് എനിക്ക് മനസ്സിലായത് പിന്നീടാണ്.

"ചേട്ടന്‍ ആ കൈ ഒന്ന് നീട്ടിക്കേ... " നിഷ ഭാവഭേദമില്ലാതെ പറഞ്ഞു.

"എന്ത് പറ്റി ? " ഞാന്‍ കൈ നീട്ടി കൊണ്ട് ചോദിച്ചു.

നിഷ അവളുടെ കൈയില്‍ ഉണ്ടായിരുന്ന നാരങ്ങ എനിക്ക് തന്നിട്ട് പറഞ്ഞു - "ഇന്ന് രാത്രി ഇത് പിഴിഞ്ഞ് കുടിച്ചിട്ട് കിടന്നു ഉറങ്ങിക്കോ ട്ടോ !"

പിന്നീടുള്ള യാത്ര ഒരു അവാര്‍ഡ്‌ പടത്തിനു തുല്യമായിരുന്നു...!

(ശുഭം)