ദിവസങ്ങളോളം പണിയെടുത്തിട്ടു ലോക്കല്‍ ഹോട്ടലിലെ വെയിറ്റര്‍ നു ടിപ്സ് വെക്കുന്നത് പോലെ കിട്ടുന്ന ഏതാനും കുറച്ചു ലീവിന് ഞാന്‍ നാട്ടിലെത്തി. എന്നെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൂട്ടി കൊണ്ട് പോവാന്‍ സുജിത് വന്നിട്ടുണ്ടായിരുന്നു. പെട്ടികള്‍ അല്പം അധികം ഉണ്ടായിരുന്നതിനാല്‍ സുജിത്തിനെ പോലെ തടിമിടുക്കുള്ള ഒരാള്‍ കൂടെ ഉള്ളത് എനിക്ക് ഒരു ആശ്വാസമായിരുന്നു.
അമ്മിക്കല്ലിന്റെ ശരീരപ്രകൃതിയുള്ള സുജിത്തിനെ അന്വേഷിച്ച എന്റെ കണ്ണുകള്‍ ചെന്ന് പതിച്ചതോ മുരിങ്ങക്കായക്ക് വിഗ്ഗ് വെച്ചത് പോലത്തെ ഒരു രൂപത്തില്‍ ! താടിയും മുടിയും വളര്‍ത്തിയ ആ പട്ടിണി കോലം എന്റെ നേരെ നടന്നു വന്നു. ചിരിക്കുന്നുണ്ടോ എന്നറിയാന്‍ ടോര്‍ച് അടിച്ചു നോക്കേണ്ടി വരുമെന്നത് കൊണ്ട് ഞാന്‍ ചിരിച്ചില്ല. അപ്പോഴാണ് ഒരു ശബ്ദം !
“എന്താടാ മിഴിച്ചു നോക്കണേ ? ഇത് ഞാനാ !”
അതെ... സുജിത്തിന്റെ ശബ്ദം! ആ കോലത്തിന്റെ മുഖത്തുള്ള താടിമീശരോമ കുറ്റിക്കാട്ടില്‍ നിന്നും പുറപ്പെട്ട ആ ധ്വനി എന്റെ കാതില്‍ വന്നു പതിച്ചു.
“ഈശ്വരാ..... എന്ത് പറ്റിയെടാ നിനക്ക് ? വല്ല അസുഖവും വന്നോ? ഭക്ഷണം ഒന്നും കഴിക്കാറില്ലേ ? സന്യസിക്കാന്‍ തീരുമാനിച്ചോ? എന്തെങ്കിലും വിഷമം ഉണ്ടോ ?എപ്പടി ഇരുന്ത നീ ഇപ്പടി ആയിട്ടെന്‍ ?”
എല്ലാ ചോദ്യങ്ങള്‍ക്കും കൂടി സുജിത് ഒറ്റവാക്കില്‍ മറുപടി തന്നു യോഗം പിരിച്ചു വിട്ടു
“ഡയറ്റിംഗ് “
സന്തോഷമായി സുജിത്തേട്ടാ... ഇനി എന്റെ പെട്ടികള്‍ ആര് ചുമക്കും ? എന്റെ ബാഗ് ആര് ചുമക്കും? എന്നെ ആര് ചുമക്കും ?
അപ്പോള്‍ സുജിത് ചുമച്ചു !
“ഡാ... മഴ പെയ്യാന്‍ സാധ്യത ഉണ്ട്. എനിക്ക് തണുപ്പ് കൊള്ളാന്‍ വയ്യ. നല്ല ജലദോഷം ഉണ്ട്. വേഗം പോവാം”
ഞാന്‍ റെഡി. സുജിത്ത് മെലിഞ്ഞാല്‍ പെട്ടി താങ്ങരുത് എന്നുണ്ടോ ? ഐശ്വര്യമായി ലഗ്ഗേജ് ഞാന്‍ സുജിത്തിന് കൈമാറി. ചെറിയ പെട്ടി എനിക്കും വലിയ പെട്ടി സുജിത്തിനും. അവന്‍ വലിയ പെട്ടി വലിച്ചാ മതി ! സുജിത്തിന്റെ മുഖത്ത് ഒരു വിമ്മിഷ്ടം... സെക്കന്റ് ഹാന്‍ഡ് വണ്ടിയെ പരിശോധിക്കുന്നത് പോലെ അവന്‍ പെട്ടിയെ പരിശോധിക്കുന്നു. പെട്ടിയുടെ ഭാരവും ബലവും പിന്നെ വീല്‍ പഞ്ചര്‍ ആണോ എന്നൊക്കെ കാര്യമായി നോക്കുന്നു. ഇവനിതെന്തു പറ്റി?
“നോക്കി നില്‍ക്കാതെ വേഗം വലിച്ചോണ്ട് വാടാ “ എന്റെ ക്ഷമ നശിച്ചു തുടങ്ങി.
മനസ്സില്ലാമനസ്സോടെ സുജിത്ത് പെട്ടിയും വലിച്ചു നടന്നു തുടങ്ങി. ഞാന്‍ പത്തു ചുവടു മുന്നോട്ടു വെച്ചില്ല... അപ്പോഴേക്കും പിന്നില്‍ നിന്നും ദയനീയമായ ഒരു സ്വരം.
“എന്തോന്നാടെ ഇതിനകത്ത് ? കരിങ്കല്ല് വല്ലതും ആണോ? പതുക്കെ പോടാ... ഒടുക്കത്തെ വെയിറ്റ് !”
സുജിത്തിനെ ചുമക്കാന്‍ ഇനി കൂലിക്കാരെ വിളിക്കേണ്ടി വരുമോ എന്നാലോചിച്ചു മുന്നോട്ടു നടന്ന വീണ്ടും ഒരിടത്ത് എത്തി നിന്നു. ഏന്തി വലിഞ്ഞു പരവശനായി സുജിത്തും അവിടെ എത്തി.
ശ്വാസത്തിന് വേണ്ടി കിതക്കുന്നതിനിടെ അവന്‍ ചോദിച്ചു, “ എന്താടാ നിന്നത് ? തളര്‍ന്നു പോയോ ?”
ഞാന്‍ പുഞ്ചിരിച്ചു. എന്നിട്ട് നേരെ വിരല്‍ ചൂണ്ടി. സുജിത് അങ്ങോട്ട് നോക്കി. അവന്‍ ഞെട്ടി.
“ഓ ജീസസ്...”
ബാലികേറാമല പോലെ നമ്മുടെ മുന്നില്‍ സ്റേഷന്‍ മേല്‍പ്പാലം. അത് കേറിയാലെ ഒന്നാം പ്ലാറ്റ് ഫോമില്‍ എത്തുള്ളൂ ! പണ്ടേ ദുര്‍ബല ഇപ്പൊ ഗര്‍ഭിണി എന്ന് പറഞ്ഞത് പോലെയായി സുജിത്തിന്റെ അവസ്ഥ.
“നോ... നെവര്‍... ഈ പെട്ടിയും ക്യാരി ചെയ്തു ബ്രിഡ്ജ് കേറി ഇറങ്ങാന്‍ എനിക്ക് പറ്റില്ല.... ഐ ഡോണ്ട് ഹാവ് എനി സ്ട്രെങ്ങ്ത് ...!
സുജിത്തിന്റെ ശക്തി സുജിത്തിന് അറിയില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ ജാംബവാന്റെ റോള്‍ സ്വീകരിച്ചു.വാല്‍ ഇല്ലാത്ത ഹനുമാന്റെ റോളില്‍ തകര്‍ത്തു പെര്‍ഫോം ചെയ്യുന്ന സുജിത്തിനോട് അരുളി ചെയ്തു.
“സുജിത്ത് , മൈ സണ്‍... ഇറ്റ് ഈസ് വെരി ഈസി..... യു കാന്‍ ഡു ഇറ്റ് !”
സുജിത് അവന്റെ ഡയലോഗ് ഡെലിവറിയിലുള്ള കഴിവ് പുറത്തെടുത്തു :”പോടാ പട്ടീ !”
അവസാനം പെട്ടി എക്സ്ചേഞ്ച് ചെയ്യാതെ സുജിത് ഒരടി മുന്നോട്ടു വെക്കില്ല എന്നായപ്പോള്‍ എനിക്ക് ആ കടുംകൈ ചെയ്യേണ്ടി വന്നു. എന്റെ ഇരട്ടി വലിപ്പം ഉള്ള പെട്ടിയും താങ്ങി ഞാന്‍ പാലം കേറി ഇറങ്ങി. സത്യത്തില്‍ ശക്തി തിരിച്ചറിയാതെ പോയത് ഞാന്‍ ആയിരുന്നു ! കൂടാതെ മറ്റൊരു കാര്യം കൂടി ഞാന്‍ മനസ്സിലാക്കി – ചങ്ങാതി നന്നായാല്‍ പെട്ടി ചുമക്കണ്ട!
മഴ ചെറുതായി പെയ്തു തുടങ്ങിയതിനാല്‍ സുജിത്ത് കര്‍ചീഫ് എടുത്ത് തലയില്‍ കെട്ടി. പെട്ടികള്‍ ഒക്കെ പ്രയാസപ്പെട്ടു കാറിനകത്ത് കേറ്റി, എന്നിട്ട് ഞങ്ങള്‍ യാത്ര ആരംഭിച്ചു. സുജിത്ത് അപ്പോഴും തലേക്കെട്ട് മാറ്റിയിരുന്നില്ല. ഇത് ശ്രദ്ധിച്ച ഞാന്‍ പറഞ്ഞു," ഇപ്പൊ നിന്നെ കണ്ടാല്‍ തലയ്ക്കു അടി കിട്ടിയത് പോലെ ഉണ്ട്"സുജിത്ത് മൌനം പാലിച്ചു. എന്നിട്ട് കുറച്ചു കഴിഞ്ഞു പറഞ്ഞു," നിനക്കറിയാമോ? പണ്ട് കോളേജില്‍ വെച്ചു എനിക്ക് തലയ്ക്കടി കിട്ടി ഇത് പോലെ കെട്ടും കെട്ടി ഞാന്‍ നടന്നിട്ടുണ്ട് !"
വണ്ടിയുടെ വേഗതയ്കൊപ്പം സുജിത്തിനെ മനസ്സും പിന്നോട്ട് പോയി. ആ കഥന കഥ നിങ്ങള്‍ക്കും കേള്‍ക്കണ്ടേ ?
*ഫ്ലാഷ് ബാക്ക് *
ഫസ്റ്റ് ഇയര്‍ എഞ്ചിനീയറിംഗ് വര്‍ക്ക് ഷോപ്പ്. സ്മിത്തി ചെയ്യാന്‍ ഉള്ള ലോഹകഷണങ്ങള്‍ മുറിക്കാന്‍ വേണ്ടി ആരോഗ്യമുള്ള മൂന്ന് പേരുടെ സഹായം വേണ്ടി വന്നു. കലികാലം എന്ന് പറഞ്ഞാല്‍ മതിയല്ലോ... അന്ന് നല്ല ആരോഗ്യം ഉണ്ടായിരുന്നത് സുജിത്തിന്റെ കഷ്ടകാലം.അങ്ങനെ സുജിത്തിനും നറുക്ക് വീണു. പണി വളരെ എളുപ്പം. ഒരു നീണ്ട ലിവര്‍ മൂന്ന് പേരും ചേര്‍ന്നു താഴേക്കു ശക്തിയായി വലിക്കുക. ദാട്സ് ഓള്‍!
എല്ലാവരും ഉയരം അനുസരിച്ച് നിരന്നു നിന്നു. നമ്മുടെ കഥാനായകന്‍ ആയ സുജിത്ത് നടുക്ക് സ്ഥാനം പിടിച്ചു.
റെഡി... വണ്‍... ടൂ.. ത്രീ... ഠിം !
കമ്പി മുറിയുമ്പോ ഇങ്ങനെയും ശബ്ദമോ? സുജിത്ത് മാത്രം ഊഞ്ഞാലാ ഊഞ്ഞാലാ എന്ന് ആടി കൊണ്ടിരിക്കുന്നു. ഭൂമി കറങ്ങുന്നത് സുജിത്ത് അന്ന് നേരില്‍ കണ്ടു. തലയില്‍ കൈ വെച്ചപ്പോ ചോര പൊടിയുന്നു. ബാക്കി ദിവസം ലീവ് മേടിച്ചു നേരെ ആശുപത്രിയിലേക്ക്. അവിടെ ഉണ്ടായിരുന്ന നേഴ്സ് സുജിത്തിന്റെ ഹെയര്‍ സ്റ്റൈല്‍ നു കുഴപ്പം ഒന്നും ഉണ്ടാക്കാതെ തലയില്‍ നല്ലൊരു കെട്ട് കെട്ടിക്കൊടുത്തു.
വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടും സുജിത്തിന് ക്ലാസ്സ് കട്ട് ചെയ്യാന്‍ പേടിയായത് കൊണ്ടും പിറ്റേ ദിവസം തന്നെ ആശാന്‍ ഹാജര്‍. കാണുന്നവരോടൊക്കെ എന്ത് പറയും എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ബാത്‌റൂമില്‍ തെന്നി വീണെന്ന് പറയാമെന്നു വെച്ചാല്‍ പരിക്ക് നെറുകം തലയില്‍ ആണല്ലോ. ബാത്ത് റൂമില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടെന്നു കരുതി തറയിലേക്കു ഡൈവ് ചെയ്താല്‍ മാത്രമേ ഇങ്ങനെ ഒരു പരിക്ക് പറ്റാന്‍ സാധ്യത ഉള്ളു. ഇനി ഇപ്പൊ ആരെങ്കിലും ഇരുട്ടടി അടിച്ചെന്നു വിചാരിക്കുമോ? മാനം പോയത് തന്നെ.
ഇങ്ങനെ നൂറു കൂട്ടം സംശയങ്ങളുമായി സുജിത്ത് ക്ലാസ്സിനു മുന്നിലെത്തി, ഗുണ്ടകളെ അടിച്ചു നിലംപരിശാക്കി പരിക്ക് പറ്റിയ നായകനെ പോലെ വലതു കാല്‍ വെച്ചു ക്ലാസിനകത്തു കേറിയ സുജിത്തിനോട് പിന്‍ ബെഞ്ചില്‍ ഇരുന്ന ഏതോ ഒരു അലവലാതി ഉറക്കെ വിളിച്ചു ചോദിച്ചു....
"എന്ത് പറ്റി അളിയാ ? തലയില്‍ തേങ്ങാ വീണോ ?"
കഥ പറഞ്ഞു പൂര്‍ത്തിയാക്കിയ സുജിത്തിന്റെ മുഖത്ത് വിരിഞ്ഞ ചമ്മല്‍ എങ്ങനെയാ വര്‍ണ്ണിക്കുക ? പ്രൈസ് ലസ് !