
സാധാരണ മലയാളികള്‍ക്ക് പഴ്സിന്റെ ഭാരം കുറയാതെയും ശരീരഭാരം കൂടാതെയും ഭക്ഷണം കഴിക്കാന്‍ പറ്റുന്ന ഒരു നല്ല സ്ഥലമാണ് കോഫി ഹൗസ്. ബീച്ചില്‍ പോയി വായിനോട്ടവും കോഫി ഹൗസില്‍ കേറി കടലെറ്റ് തീറ്റിയും ഞങ്ങളുടെ സ്ഥിരം വിനോദങ്ങളില്‍ ഒന്ന് മാത്രം. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍, ദാസപ്പന്‍,അശ്വിന്‍ പിന്നെ ഹരി. ഇതില്‍ പരിചയമില്ലാത്ത കഥാപാത്രം അശ്വിന്‍ !
ആശ്വിനെ കുറിച്ച് പറയുവാണേല്‍ സുന്ദരന്‍,സുമുഖന്‍,സുശീലന്‍,സുരാഗുരാഗന്‍ എന്നൊക്കെ പറഞ്ഞേ തീരൂ. ഈ പോസ്റ്റിന്റെ കൂടെയുള്ള പടം കണ്ടാല്‍ നിങ്ങളും അത് തന്നെ പറയും. ആ നിഷ്കളങ്കമായ മുഖത്ത് നിന്നു കണ്ണെടുക്കാന്‍ തോന്നില്ല. കണ്ടാല്‍ ഒരു പാവത്താന്റെ ലുക്ക് ഒക്കെ ഉണ്ടെങ്കിലും ആള് ഫയങ്കരനാ ! നമ്മുടെ ഭാഗത്ത് നിന്നു എന്തെങ്കിലും ഒരു പാസ് കിട്ട്യാല്‍ മതി,അശ്വിന്‍ ഗോള്‍ അടിച്ചു കേറ്റും.നൂറു തരം!. ഉറങ്ങി കിടക്കുന്നവനെ വിളിച്ചുണര്‍ത്തി ഗോള്‍ അടിച്ച ചരിത്രമുണ്ട്, പിന്നല്ലേഉണര്‍ന്നിരിക്കുന്നവര്‍ ! എന്നിരുന്നാലും ആശ്വിനും ഒരിക്കല്‍ തേഞ്ഞു തരിപ്പണമായി... ആ സംഭവം ഇങ്ങനെ.
അശ്വിന്‍ ചെന്നൈയില്‍ നിന്നും ലീവിന് വന്നപ്പോള്‍ ഒരു ദിവസം ഞങ്ങള്‍ കോഫി ഹൗസില്‍ ഒത്തു കൂടി. പതിവ് പോലെ കടലെറ്റ് തീറ്റി ഒക്കെ കഴിച്ചു കഴിഞ്ഞ് തളര്‍ന്നിരിക്കുമ്പോള്‍ വെയിറ്റര്‍ ചേട്ടന്‍ വന്നു കുടിക്കാന്‍ എന്തെങ്കിലും വേണോ എന്ന് ചോദിക്കുന്നു. അശ്വിന്‍ ഉടന്‍ തന്നെ ചാടി കേറി പറഞ്ഞു : " ലെമനേട് (lemonade)!"
വെയിറ്റര്‍ ചേട്ടന്‍ : "എന്തെടുക്കാന്‍ ?" പാവത്തിന് കാര്യം പിടികിട്ടിയില്ല !
അശ്വിന്‍ വീണ്ടും: "ലെമനേട്... ലെമണ്‍ ജൂസ്, ഐസ്, വാട്ടര്‍..."
അശ്വിന്‍ ലെമണ്‍ ട്രീ കേറും എന്നൊരു അവസ്ഥ എത്തുന്നതിനു മുന്‍പ് ഹരി ഇടപെട്ടു :"ചേട്ടാ.. എല്ലാര്‍ക്കും നാരങ്ങവെള്ളം !"
വെയിറ്റര്‍ ചേട്ടന്‍ ആശ്വിനെ അടിമുടി ഒന്ന് നോക്കിയിട്ട് പോയി. അവനു അപ്പോഴും കാര്യങ്ങള്‍ പിടികിട്ടുന്നില്ല.
"ലെമനേട് എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാന്‍ എന്താ ഇത്ര ബുദ്ധിമുട്ട് ?"
ഞങ്ങള്‍ ആകെ ആശയ കുഴപ്പത്തില്‍ ആയി. പണ്ടൊക്കെ 'ഉപ്പിട്ട് ഒരു ബോഞ്ചി വെള്ളം താ അണ്ണാ' എന്നും പറഞ്ഞോണ്ട് നടന്ന ചെറുക്കനായിരുന്നു. ഇപ്പൊ വാ തുറന്നാല്‍ 'ലെമനേട്' ! കാലം പോയ ഒരു പോക്കേ... !
അശ്വിന്‍ പിന്‍വാങ്ങുന്നില്ല. "ചെന്നൈയില്‍ ഒക്കെ ഞാന്‍ ഇങ്ങനെ തന്നെയാ ഓര്‍ഡര്‍ ചെയ്യുന്നേ"
ഗോള്‍ കേറ്റാന്‍ ഇത് തന്നെ പറ്റിയ അവസരം. ഞങ്ങള്‍ മൂന്ന് പേരും തുടങ്ങി.
ദാസപ്പന്‍: "അതേയതേ... ചെന്നൈയില്‍ നീ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കേറി കഞ്ഞിയും പയറും കൊഴുക്കട്ടയും ഓര്‍ഡര്‍ ചെയ്യാറുണ്ട് അല്ലേ ?"
ഹരി: "അങ്ങനെ അല്ലെടാ... ചെന്നൈയില്‍ ഇവന്‍ തട്ടുകടയില്‍ ചെന്ന് കാശ്മീരി പുലാവും മലായ് കൊഫ്തയും ഓര്‍ഡര്‍ ചെയ്യാറുണ്ട് ... ആം ഐ കറക്റ്റ് ?"
ഞാന്‍ : " ഹോട്ടലും തട്ടുകടയും ഒക്കെ പോട്ടെ.... പൂക്കടയില്‍ ചെന്നിട്ടു 'കോളിഫ്ലവര്‍ ഉണ്ടോ' എന്ന് നീ ചോദിച്ചിട്ടില്ലെടാ?"
അശ്വിന്റെ തലയിലെ ട്യൂബ് ലൈറ്റ് അവസാനം ഓണ്‍ ആയി.
"എന്തെര് പറയാന്‍ എന്‍റെ അളിയാ....വയറ് നിറഞ്ഞു ... കത്തിയും മുള്ളും ഒക്കെ ഇട്ടിട്ടു വാടേ.. ബോഞ്ചി വെള്ളങ്ങള് കുടിച്ചിട്ട് വേഗം പോവാം..!"