Saturday, December 26, 2009

സുരാഗുരാഗന്‍

സഹൃദയരേ... ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സുബിന്‍ തേപ്പുപെട്ടിയില്‍ തിരിച്ചെത്തുകയാണ്. ഈ ക്രിസ്മസ് ആഘോഷവേളയില്‍ സുബിന്‍ ഞങ്ങള്‍ക്ക് തന്ന വിരുന്നിനും വീഞ്ഞിനും നന്ദി പ്രകടിപ്പിച്ചു കൊണ്ടുള്ളതാണ് ഈ പോസ്റ്റ്‌ !

ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ്‌ ആയ എംബണ്ടേ ചരിതം നിങ്ങള്‍ എല്ലാരും ഓര്‍ക്കുമെന്ന് വിശ്വസിക്കുന്നു. പറയാന്‍ ഉദ്ദേശിച്ചത് ഒന്നും, പറഞ്ഞ് വന്നപ്പോള്‍ മറ്റൊന്നും ആയതാണ് വിഷയം. ഹിന്ദിക്കാരനായ ഓട്ടോ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ 'ഭയ്യാ... ഇദര്‍ ബെയ്ട്ടിയേ!' എന്ന് പറഞ്ഞ എന്‍റെ കൂട്ടുകാരനെ ഞാന്‍ ഈ അവസരത്തില്‍ സ്മരിക്കുന്നു. അന്നേരം ഓട്ടോക്കാരന്‍ 'ഞാന്‍ പിറകെ വന്നിരുന്നാല്‍ ഓട്ടോ നീ ഓടിക്കുമോടാ' എന്ന് ഹിന്ദിയില്‍ തിരിച്ചു ചോദിച്ചത് പാവത്തിന് മനസ്സിലാവാഞ്ഞതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. പറഞ്ഞ് വന്നത് എന്തെന്ന് വെച്ചാല്‍ സുബിന് അബദ്ധം പറ്റിയതാണ് എന്ന് കരുതിയത്‌ ഞങ്ങളുടെ വെറും തെറ്റിധാരണ മാത്രമാണ് എന്ന് വൈകിയാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. അവന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന ടാലെന്റ്റ് പുറത്ത് വന്ന സംഭവം ഇങ്ങനെ.

ഒരു ദിവസം വൈകുന്നേരം ഞങ്ങള്‍ ബീച്ചില്‍ പോവുന്നു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍, ദാസപ്പന്‍, സുബിന്‍,ബിനു,ഹരി എന്നിവര്‍. ബീച്ചിലെ ചെല്ലക്കിളികളെ ഒക്കെ സ്കാന്‍ ചെയ്ത് സൂര്യന്‍ മുങ്ങുന്നുത് വരെ ഈവനിംഗ് വാക്ക് നടത്തി. ചെല്ലക്കിളികള്‍ ആരും തന്നെ മൈന്‍ഡ് ചെയ്യാത്തതില്‍ ദാസപ്പന്‍ വിഷമം പ്രകടിപ്പിച്ചു,

"എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം നീരസ ഭാവം മാത്രം. എന്തുവാടെ ഇങ്ങനെ ?"

ഞാന്‍ ദാസപ്പനെ ആശ്വസിപ്പിച്ചു.

"വിഷമിക്കാതെ അളിയാ... നിനക്ക് ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ ? അവര്‍ക്ക് നിന്റെ ഒപ്പത്തിനൊപ്പം നില്ക്കാന്‍ പറ്റില്ല... അത് കൊണ്ടാ അങ്ങനെ "

"അപ്പൊ നീയോ ?"

"ഞാന്‍ പിന്നെ ജനിച്ചപ്പോള്‍ മുതല്‍ ഗ്ലാമര്‍ താരം അല്ലേ ? അത് കൊണ്ടു എവിടെ ചെന്നാലും എനിക്ക് ഫാന്‍സ്‌ ഉണ്ടാവും "

ദാസപ്പനു സഹിച്ചില്ല.

"അതേ അതേ... രണ്ട് ഫാന്‍സ്‌ ഉറപ്പാ... സീലിംഗ് ഫാനും ടേബിള്‍ ഫാനും... നിന്നെ പോലെ സുന്ദരന്‍, സുമുഖന്‍,സുശീലന്‍...... പിന്നെ പിന്നെ ...."

വിശേഷണങ്ങള്‍ കിട്ടാതെ ദാസപ്പന്‍ വിക്കി വിക്കി വിക്കിപീടിയ തപ്പാന്‍ ഒരുങ്ങുമ്പോള്‍ സുബിന്‍ ബോംബിടുന്നു !

"സുരാഗുരാഗന്‍ "

അന്തരീക്ഷം ഒരു നിമിഷത്തേക്ക് നിശ്ചലമായി, അടുത്ത നിമിഷം അവിടെ കേട്ടത് ഞങ്ങള്‍ നാല് പേരും സുബിനെ നോക്കി "ങേ..." എന്ന് കോറസ് പാടിയ ശബ്ദം ആയിരുന്നു.

"സുബിന്‍.... പ്ലീസ് റിപീറ്റ് !"

"സുരാഗുരാഗന്‍ "

ഞങ്ങള്‍ പരസ്പരം നോക്കി. മിന്നലിന്റെ കൂടെ തണ്ടര്‍ ഉള്ളത് പോലെ സുബിന്റെ കൂടെ ബ്ലണ്ടര്‍ ഉണ്ട് എന്ന് നേരത്തെ തെളിഞ്ഞതിനാല്‍ ഞങ്ങള്‍ വണ്ടര്‍ അടിക്കുന്നത് വെറുതെയാണെന്ന് ഉറപ്പിച്ചു. പക്ഷെ ഇങ്ങനെ ഒരു വാക്ക് ഉണ്ടാവുമോ എന്നൊരു സംശയം നമുക്ക് ഇല്ലാതിരുന്നില്ല, മലയാള സാഹിത്യവും സുബിനും തമ്മിലുള്ള ബന്ധം അലുവയും മീന്‍കറിയും പോലെ ആയതിനാലും ഇത്തരം കടുകട്ടി പ്രയോഗങ്ങള്‍ ബാലരമ, പൂമ്പാറ്റ തുടങ്ങിയവ പോയിട്ട് സുബിന്റെ ഇഷ്ടപുസ്തകമായ കളിക്കുടുക്കയില്‍ പോലും ഉണ്ടാവില്ല എന്നുള്ള വിശ്വാസം ഉള്ളത് കൊണ്ടും ഞങ്ങള്‍ അങ്ങനെ ഒരു സാധ്യത തള്ളിക്കളഞ്ഞു. എന്നിരുന്നാലും സംശയ നിവാരണത്തിനായി ഞങ്ങള്‍ സുബിനോട് തന്നെ ആ വാക്കിന്റെ അര്‍ത്ഥം ആരാഞ്ഞു,

"സുബിനേ... സുരാഗുരാഗന്‍ എന്ന് വെച്ചാല്‍ എന്താ ?"

"സുരാഗുരാഗന്‍ എന്ന് വെച്ചാല്‍ സുരാഗുരാഗന്‍ തന്നെ !"

"അതിന്റെ അര്‍ത്ഥം പറയെടാ...."

"അതിനു പ്രത്യേകിച്ച് അര്‍ത്ഥം ഒന്നുമില്ല "

"എന്ന് വെച്ചാല്‍ ?"

"ഈ പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ ഒരു വാക്ക് യോജിക്കുമെന്നു തോന്നി... അത് കൊണ്ടു ഞാന്‍ പറഞ്ഞു !"

"അതായത് നീ ഒരു വാക്ക് ഉണ്ടാക്കി പറഞ്ഞു ???? "

"അങ്ങനെയും പറയാം !"

"അപ്പൊ നിനക്ക് അബദ്ധം പറ്റിയതാണ് അല്ലേ ?"

അബദ്ധം എന്ന് കേട്ടതും സുബിന്റെ സാങ്കല്‍പ്പിക മീശ വിറച്ചു! കണ്ണുകള്‍ ചുവന്നു. മുഷ്ടി ചുരുട്ടി.ഒന്ന് കൂടി നിവര്‍ന്നു നിന്നു.സുബിന്‍ ശയന പ്രദക്ഷിണം തുടങ്ങാന്‍ പോവുന്നതിന്റെ സൂചനകള്‍ മാത്രമായിരുന്നു ഇതൊക്കെ. സ്റ്റാര്‍ട്ട്‌... ക്യാമറ... ഉരുളല്‍ !

"അബദ്ധമോ ? എന്ത് അബദ്ധം ? എനിക്ക് അബദ്ധം പറ്റാറില്ല !"

"അപ്പോള്‍ കേട്ടുകേള്‍വി ഇല്ലാത്ത അര്‍ത്ഥം അറിഞ്ഞൂടാത്ത ഒരു മണ്ടത്തരം വിളിച്ചു പറഞ്ഞത് ?"

"അത് ഈ സാഹചര്യത്തിന് യോജിച്ച ഒരു വാക്ക് ഞാന്‍ പറഞ്ഞു എന്ന് മാത്രം !"

"ഓഹോ.... പുതിയ പുതിയ വാക്കുകള്‍ സൃഷ്ടിക്കാന്‍ നീ ആര് ? എഴുത്തച്ഛന്റെ കൊച്ചു മോനോ ? "

"അത് ഒരു പ്രത്യേക കഴിവാണ്.... സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഞാന്‍ ഇനിയും ഇങ്ങനെ ഓരോന്ന് പറയും !"

"അപ്പൊ ഇതൊരു മെഗാ സീരിയല്‍ പോലെ തുടരാന്‍ ആണോ ഉദ്ദേശ്യം ? അബദ്ധം പറ്റിയെന്നു സമ്മതിക്കെടാ !"

രക്ഷയില്ലാ...! ഡയറക്ടര്‍ കട്ട്‌ പറഞ്ഞിട്ടും കഥാപാത്രത്തില്‍ നിന്നും പുറത്ത് വരാത്ത അഭിനേതാവിനെ പോലെ സുബിന്‍ വണ്ടിചക്രം എന്ന ക്യാരക്ടരില്‍ പരകായപ്രവേശം നടത്തി നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഉരുണ്ടു കൊണ്ടിരുന്നു.

"ഒരിക്കലുമില്ല... ഇതിനെ അബദ്ധം എന്നൊന്നും പറയാന്‍ പറ്റില്ലാ ". സുബിന്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല.

"അപ്പോള്‍ അര്‍ത്ഥമില്ലാത്ത വാക്കുകള്‍ വിളിച്ചു പറയുന്നത് മണ്ടത്തരം അല്ലാതെ പിന്നെന്താണ് ? "

"എല്ലാ വാക്കുകള്‍ക്കും അര്‍ത്ഥം ഉണ്ടാവണമെന്നില്ല... ഉദാഹരണത്തിന് 'സുബിന്‍' വാക്കിനു അര്‍ത്ഥമുണ്ടോ ?"

ആഹാ... അവസാനം ഒരു പിടിവള്ളി സുബിന്‍ തന്നെ തന്നിരിക്കുന്നു.

"മോനേ സുബിനേ .... എന്നാല്‍ ഒരു കാര്യം ചെയ്യ്‌... സുബിന്‍ എന്ന അര്‍ത്ഥമില്ലാത്ത പേരിന്റെ കൂടെ സുരാഗുരാഗന്‍ കൂടി ചേര്‍ത്തോ !"

അങ്ങനെ ഒരു ചെലവും കൂടാതെ പുതിയൊരു സൂപ്പര്‍ പേരും കിട്ടി സുബിന്‍ കുറച്ചു നേരത്തേക്കെങ്കിലും നിശബ്ദനായി. സംഭവം നടന്നിട്ട് നാളിതു വരെ അബദ്ധം പറ്റിയതാണെന്ന് സുബിന്‍ സമ്മതിച്ചിട്ടില്ല... എന്താ സുബിനേ ഇങ്ങനെ ??? :)

2 comments:

  1. vann theppu tanne mashe!!! there were a lot of punches ... keep goin'

    ReplyDelete
  2. അവന്റെ ഒരാഗ്രഹമല്ലേ ...നിങ്ങളങ്ങ് സമ്മതിച്ചു കൊടുക്കെന്നെ

    ReplyDelete