Sunday, November 14, 2010

മൈ ഡിയര്‍ മീശ


ഓഫീസില്‍ പണിയൊന്നുമില്ലാതെ മീശയും തടവി ഇനി ബാക്കി ഉള്ള സമയം എങ്ങനെ കളയാം എന്ന് തല പുകഞ്ഞു ആലോചിച്ചു കൊണ്ടിരുന്ന എന്നെ ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണര്‍ത്തിച്ച "ട്ടോ" എന്ന ശബ്ദത്തിന്റെ ഉറവിടം അറിയാന്‍ വേണ്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് അപ്പുറത്തെ ക്യുബിക്കിളില്‍ ഇരിക്കുന്ന പ്രിയങ്ക ശര്‍മ എന്ന സുന്ദരിക്കുട്ടിയെ കുറച്ചു ദിവസമായി മുട്ടാന്‍ വേണ്ടി എന്‍റെ അടുത്ത് വന്നു ഓരോ കോമാളിത്തരങ്ങള്‍ കാട്ടിക്കൂട്ടി സ്വയം കോമാളി ആവുന്ന എന്‍റെ സഹമുറിയന്റെ തിരുമുഖം ആയിരുന്നു!

"എന്തുവാടെ ഇത് ? ബോംബ്‌ പൊട്ടിക്കാന്‍ വേറെ സ്ഥലം ഒന്നും കണ്ടില്ലേ ? " ഞെട്ടലില്‍ നിന്നും റിക്കവര്‍ ചെയ്തു മീശ പിരിച്ചു ദേഷ്യത്തോടെ ഞാന്‍ അരഞ്ഞു.. ഛെ.. ആരാഞ്ഞു.

"ചുമ്മാ.. വെറുതെ..." മറുപടി എനിക്കും, നോട്ടം പ്രിയങ്കക്കും !

ഇവനൊന്നും നന്നാവില്ലെന്നു മനസ്സില്‍ വിചാരിച്ചു എന്‍റെ ദിവാസ്വപ്നം കണ്ടിന്യു ചെയ്യാന്‍ തുടങ്ങുമ്പോള്‍ ആണ് ഞാന്‍ അത് കണ്ടത്. മീശ പിരിച്ചു കൊണ്ടിരുന്ന എന്‍റെ വിരലുകളുടെ ഇടയില്‍ മൈ... മൈ... അല്ലെങ്കില്‍ അത് വേണ്ട... മൈ ഡിയര്‍ മീശയുടെ 1 ശതമാനം പറിഞ്ഞു വന്നിരിക്കുന്നു. ഒരു പക്ഷെ ഞെട്ടലില്‍ സംഭവിച്ചതാവാം എന്ന് വിചാരിച്ചു സഹമുറിയനെ മൈ...മൈ.. മൈ ഫേവറിറ്റ് തെറിയും വിളിച്ചു ഞാന്‍ മീശ തടവല്‍ പുനരാരംഭിച്ചു. അധികം വൈകാതെ ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു. വീരപ്പനെയും ശിക്കാരി ശംഭുവിനെയും റോള്‍ മോഡല്‍ ആയി മനസ്സില്‍ കൊണ്ട് നടക്കുന്ന ഇതൊരു പുരുഷനെയും തളര്‍ത്തുന്ന ആ ഭീകര സത്യം :"മീശ കൊഴിച്ചില്‍"

ഇത്രയും കാലം പാല് കുടിച്ചാല്‍ ഉറുമ്പരിക്കും എണ്ണ തേച്ചില്ലേല്‍ പേനരിക്കും എന്ന് വിചാരിച്ചു ആറ്റു നോറ്റ് വളര്‍ത്തിയ എന്‍റെ പൊന്നോമന മീശ ഇതാ എന്നെ വിട്ടു പോകാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ ഇതെങ്ങനെ സഹിക്കും ? അന്നത്തെ ഓഫീസ് സമയം ഞാന്‍ എങ്ങനെയൊക്കെയോ തള്ളി നീക്കി.

തിരികെ റൂമില്‍ എത്തിയിട്ടും എനിക്കൊരു സമാധാനം കിട്ടുന്നില്ല. സഹമുറിയന്മാര്‍ മൂന്നെണ്ണം ഉണ്ടായിട്ടു എന്ത് കാര്യം? രണ്ടെണ്ണം ക്ലീന്‍ ഷേവ്. പിന്നെ ഒരുത്തനുണ്ട് - മീശ ഇല്ല, താടി ഉണ്ട്. ബുള്‍ഗാന്‍ ആണത്രേ ബുള്‍ഗാന്‍ ! ആട് വൈക്കോല്‍ കടിച്ചു പിടിച്ചിരിക്കുന്നത് പോലെയുണ്ട് കാണാന്‍.... കാലം പോയ ഒരു പോക്കേ. ഇവനോടൊക്കെ മീശ പ്രശ്നം പറയാതിരിക്കുന്നതാ നല്ലത്. ഇതൊരു രോഗമാണോ ഡോക്ടര്‍ എന്ന് ആരോട് ചോദിക്കും ? ഡോക്ടറുടെ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു ! ഞാന്‍ മൊബൈല്‍ എടുക്കുന്നു....

Call സുജിത്ത്
==========
"ഹലാ സുജിത്തേ..."
"ങാ പറയെടാ... എന്തുണ്ട് വിശേഷം ?"
"ഡാ... എന്‍റെ മീശ കൊഴിയുന്നു !"
"ഹാ ഹാ.. അതിനെന്താ... മീശയല്ലേ.. പല്ലോന്നും അല്ലല്ലോ... "
"എന്നാലും മീശ ഇല്ലാത്ത പുരുഷനും പല്ല് കൊഴിഞ്ഞ സിമ്മവും ഒരു പോലെയാടാ.."
"ഡാ... നീ വിചാരിക്കുംപോലെ ഒന്നുമല്ല.. മീശയിലല്ല കാര്യം... "
"പിന്നെ ?"
കര്‍ത്താവിന്റെ കുഞ്ഞാടായിരുന്ന സുജിത്ത് സാത്താന്റെ സന്തതിയായോ എന്ന് അറിയാന്‍ അവന്റെ അടുത്ത ടയലോഗിനായി ഞാന്‍ കാതോര്‍ത്തു.
"കീശയിലാ കാര്യം !" (ഹാവൂ !)
"എന്നാലും സ്വാമി രോമാനന്ദ തിരുവടികള്‍ ആയ നീ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരൂ !"
"ഒന്ന് പോടെ... ഞാന്‍ ഇവിടെ തലയിലെ മുടി കൊഴിച്ചില്‍ എങ്ങനെ കുറയ്ക്കാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴ അവന്റെ ഒരു മീശ... ഹും !"
എന്‍റെ മീശയെ അധിക്ഷേപിച്ചത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല....
"സുജിത്തേ... നിന്റെ താമസ സ്ഥലത്ത് കറുത്ത കരടിയെ കണ്ടതായി വാര്‍ത്ത കേട്ടു... നീ ഷര്‍ട്ട്‌ ഇടാതെ വല്ലോം പുറത്ത് ഇറങ്ങിയോ?"
അതിനു മറുപടിയായി കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ അഥവാ തെറി കേട്ടു തുടങ്ങിയപ്പോള്‍ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു !


Call സുബിന്‍
==========
"ഹലോ സുബിന്‍ "
"ഹലോ "
ആ ഹലോ കേട്ടപ്പോഴാണ് എനിക്ക് ബോധോദയം ഉണ്ടായത്. കൃഷിയിറക്കി ഒരു നെല്‍ കതിരിനായി കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന കര്‍ഷകന്റെ മനസ്സും, ഒരു തുള്ളി മഴയ്ക്ക്‌ വേണ്ടിയുള്ള വേഴാമ്പലിന്റെ ദാഹവും, പിഞ്ചു കുഞ്ഞിന്റെ പുഞ്ചിരി തൂകുന്ന "മീശ ഇല്ലാത്ത" സന്തൂര്‍ (ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല) മുഖവും ഉള്ള സുബിനെ ആണല്ലോ ഞാന്‍ അബദ്ധത്തില്‍ ഡയല്‍ ചെയ്തത്. എന്‍റെ മീശ പ്രശ്നം പറഞ്ഞു പാവം അവനെ കൂടുതല്‍ ദുഖിതന്‍ ആക്കാന്‍ ഞാന്‍ ഒരുക്കമല്ല!

"ഹലോ സുബിന്‍.. സുഖാണോ ? എനിക്ക് സുഖമാ... ഇവിടെ വേറെ വിശേഷം ഒന്നുമില്ല... അവിടെ നല്ല വിശേഷം തന്നെ എന്ന് കരുതുന്നു... സംസാരിച്ചതില്‍ സന്തോഷം.. അപ്പൊ ശരി... പിന്നെ വിളിക്കാം.. bye !"
"...."

ഇനി ഫ്രഞ്ച് ദാസപ്പന്‍ തന്നെ ശരണം !


Call ദാസപ്പന്‍
===========
"ഹലോ ദാസപ്പാ "
"ഹലോ ഹലോ ...നീ പറയുന്നത് ഒന്നും ക്ലിയര്‍ അല്ല.. ഇവിടെ റേഞ്ച് കുറവാ..എന്താടാ ?"
"എടാ.. എന്‍റെ മീശ കൊഴിയുന്നു !"
"ഹലോ...എന്ത് ? നിന്റെ ദോശ കരിയുന്നെന്നോ ? നീ പാചകവും തുടങ്ങിയാ...?? കരിയുന്നെങ്കില്‍ തിരിച്ചിടെടാ... മണ്ടന്‍ !"
"ഓ.. എടാ തലതിരിഞ്ഞവനേ ... റേഞ്ച് ഉള്ള വല്ലിടത്തും പോടാ... എന്‍റെ മീശ കൊഴിയുന്നെന്ന് !"
"മീശ കൊഴിച്ചില്‍... ബുഹഹഹ.. എന്‍റെ ഊശാന്‍ താടിയെ കളിയാക്കിയ നിനക്ക് അത് തന്നെ വരണമെടാ.. ഇവിടെ പ്രൊജക്റ്റ്‌ വര്‍ക്കുമായി തല പുകഞ്ഞു ഇരിക്കുവാ "
"തല പുകയാന്‍ നീ തലയില്‍ കുന്തിരിക്കം കത്തിച്ചു വെച്ചിട്ടുണ്ടോ ? എന്തെങ്കിലും പോംവഴി പറഞ്ഞു താടാ !"
"ഒരു വഴിയെ ഉള്ളു... പുകഞ്ഞ കൊള്ളിയും കൊഴിഞ്ഞ മീശയും പുറത്ത് ... ഷേവ് ചെയ്യുക !"
"എന്ത് ??? ഇത്ര കണ്ണില്‍ ചോരയില്ലാത്ത വര്‍ത്തമാനം പറയാന്‍ നിനക്ക് എങ്ങനെ മനസ്സ് വന്നു? എന്‍റെ പ്രിയപ്പെട്ട മീശ ഞാന്‍ എങ്ങനെ ഷേവ് ചെയ്തു കളയും ?"

"i will explain... സൂക്ഷിച്ചു കേട്ടോണം...
ആദ്യം Requirement Analysis - അതായത് മീശ എത്ര വളര്‍ന്നിട്ടുണ്ട്, എത്ര സമയം കൊണ്ട് ഷേവ് ചെയ്യണം, ഷേവ് ചെയ്യാന്‍ എത്ര പേര് വേണം എന്നിങ്ങനെ.. അടുത്തത് Tools - ഷേവിംഗ് സെറ്റ് അല്ലെങ്കില്‍ ബ്ലേഡ്, ഷേവിംഗ് കരീം, കണ്ണാടി etc... Environment - വീട്,റൂം അല്ലെങ്കില്‍ ബാര്‍ബര്‍ ഷോപ്പ്... പിന്നെ Design phase - ഷേവിംഗ് ക്രീമോ സോപ്പോ എടുത്ത് മീശക്കു മുകളില്‍ ഒരു design തീര്‍ക്കുക.. ഇനി Coding അഥവാ ചിരയ്ക്കല്‍ ആരംഭിക്കാം. എങ്ങാനും മുറിഞ്ഞു ചോര വന്നാല്‍ Exception അടിച്ചു എന്ന് ഓര്‍ക്കുക. ഇനി Testing - കണ്ണാടി നോക്കി എല്ലാം ക്ലീന്‍ ആയോ ഇല്ലെയോ എന്ന് verify ചെയ്യുക... ആയില്ലെങ്കില്‍ വീണ്ടും ചിരയ്ക്കുക.. ഏറ്റവും അവസാനം Deployment & Release - അതായത് മുഖം നല്ലോണം കഴുകിയിട്ട് ഗെറ്റ് ഔട്ട്‌ ഹൗസ് !"

ഇത്രയും കേട്ടതോടെ എന്‍റെ സ്വബോധം ഏതാണ്ട് നഷ്ടപ്പെട്ടു !
"എല്ലാം മനസ്സിലായി... ഇതൊരു രോഗമാണ് ദാസപ്പാ... gudnite !"

അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കൊതുകുകള്‍ പതിവിലും രൂക്ഷമായി അറ്റാക്ക്‌ നടത്തി. പോരാത്തതിനു മീശ പ്രശ്നവും! എന്തായാലും നേരം വെളുത്തപ്പോഴേക്കും ഞാന്‍ ഒരു തീരുമാനം എടുത്ത് കഴിഞ്ഞിരുന്നു.

പിറ്റേ ദിവസം പുഴുങ്ങിയ കോഴിമുട്ട കണക്കെ മിനുസമുള്ള മുഖവുമായി ഞാന്‍ ലോകത്തിനു മുന്നില്‍ ഇറങ്ങി ചെന്നു. മറ്റുള്ളവരുടെ "ദീപസ്തംഭം മഹാശ്ചര്യം" നോട്ടവും അടക്കം പറച്ചിലും പരിഹാസച്ചിരിയും ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ചുണ്ടിനു മുകളില്‍ നെഞ്ചും വിരിച്ചു നിന്നിരുന്ന മീശ ഇല്ലാത്തതിന്റെ ദുഃഖം ഞാന്‍ കടിച്ചമര്‍ത്തി. എന്‍റെ ക്യുബിക്കിളിലേക്ക് വേദനയോടെ നടന്നു നടക്കുമ്പോള്‍ പ്രിയങ്ക ശര്‍മ്മയും മുഖം പൊത്തി ചിരിക്കുന്നുണ്ടായിരുന്നു.

അത് കാണാത്ത ഭാവത്തില്‍ ഞാന്‍ സീറ്റില്‍ വന്നിരുന്നു സിസ്റ്റം ഓണ്‍ ചെയ്തു ഇനി എന്ത് ചെയ്യും എന്ന് ആലോചന തുടങ്ങാന്‍ നേരം അടുത്ത് നിന്നു ഒരു കിളിനാദം.

"hey... u look different...nice and cute !"

ഹെന്ത് ?? തള്ളെ... ഈ മോന്ത കൊള്ളാമെന്നു ആ ചെല്ലക്കിളി പറയണ കേട്ടാ... ഇത്രയും കാലം ഒന്ന് വിഷ് പോലും ചെയ്യാതെ ഇരുന്നവള്‍ ഇന്ന് മീശ പോയതോടെ ഇങ്ങോട്ട് മിണ്ടുന്നു. ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു - "താങ്ക്സ്"

മനസ്സില്‍ എവിടുന്നോ ഒരു മൂളിപ്പാട്ട് വന്നു ...'കഭി കഭി മേരെ ദില്‍ മെ ... '

9 comments:

  1. നല്ല പോസ്റ്റ്‌ !!!!! ക്ഷണികമായ ഈ ലോകത്ത് ബാഹ്യ സൗന്ദര്യത്തിനു ഒരു
    പ്രാധാന്യവുമില്ല. അഭി ....തെപ്പുപെട്ടിക്കു അഭിനന്ദനങ്ങള്‍!!!!!

    ReplyDelete
  2. നല്ല പോസ്റ്റ്‌ .. നിലയില്ലാകയത്തില്‍ പിടികിട്ടാതെ കിടന്നു കറങ്ങുന്ന വെറും മരപ്പാവകള്‍ മാത്രമാണ് നാം എന്ന് നീ മനസിലാക്കിയാല്‍ നന്ന്...തേപ്പ് പെട്ടിക്കു കിട്ടുനന്ദനങ്ങള്‍!!!!!

    ReplyDelete
  3. മീശക്കത കൊള്ളാം കേട്ടോ

    ReplyDelete
  4. ബ്ലോഗില്‍ എങ്ങനെയോ എത്തിപെട്ടതാ. നല്ലൊരു കഥ.. ജീവിത നൈമിഷികതയില്‍ ഈ മീശ കൊഴിച്ചിലിനും മുടി കൊഴിച്ചില്‍ - ഇതൊക്ക ഒരു പുറം പൂച്ചുകള്‍..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  5. എന്നാലും ഒരു പരിഹാരം കാണാന്‍ ദാസപ്പനെ വിളിച്ചു എന്ന് കേള്‍കുമ്പോള്‍......desp of the day!!

    ReplyDelete
  6. നൈസ് സ്റ്റോറി! ചിരിപ്പിച്ചു!
    സുബിനെ വിളിച്ചതും
    സുജിത്തിന് കൊടുത്ത ആ അവസാന ഡയലോഗും ഒരുപാട് ഇഷ്ടമായി!!

    ReplyDelete
  7. അത് ശരി..
    അപ്പോള്‍ ഈ പുരുഷകേസരികളൊക്കെ ഒരു മീശരോമം പോഴിയുമ്പോഴേക്ക് വെപ്രാളപ്പെടുന്നവരാണല്ലേ?
    പുതിയ വിവരത്തിനു നന്ദി..

    ReplyDelete