Sunday, February 13, 2011

ട്രെയിന്‍ തേപ്പ് RELOADED

"നിന്നോട് നേരത്തെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ എത്ര പ്രാവശ്യം പറഞ്ഞതാ. ഇപ്പൊ എന്തായി? രണ്ട് പേര്‍ക്കും കൂടി ഒരു സീറ്റ്‌ !" ട്രെയിനില്‍ കേറാനുള്ള തിരക്കിനിടയിലും ഞാന്‍ ഹരിയെ ഓര്‍മിപ്പിക്കാന്‍ മറന്നില്ല.

"മിണ്ടാതെ നടക്കെടാ.. ! ഒരു സീറ്റ്‌ എങ്കിലും കിട്ടിയത് തന്നെ ഭാഗ്യം!" ഹരിയുടെ മറുപടി.

സീറ്റും തേടിയുള്ള യാത്ര അവസാനിച്ചതോ ഒരു ആള്‍ കൂട്ടത്തിനിടയില്‍ ! കുറെ ഗുജറാത്തി അമ്മച്ചിമാര്‍ ഞങ്ങളുടെ സീറ്റ്‌ ഉള്‍പെട്ട പ്രദേശത്ത് പെട്ടിയും ബാഗും കുത്തി നിറയ്ക്കുന്ന കാഴ്ചയാണ് ഞങ്ങളെ വെല്‍ക്കം ചെയ്തത്. അതിനിടയില്‍ കൂട്ടം തെറ്റി പോയ കുഞ്ഞാടിനെ പോലെ ഒരു മദാമ്മ അമ്മച്ചിയും! ഹരിയുടെ "എച്ചൂസ് മീ" ക്ക് മറുപടി നല്‍കിയ ഏക അമ്മച്ചി ആ മദാമ്മ ആയതിനാല്‍ അവരോടു നമ്മള്‍ കാര്യം അന്വേഷിച്ചു.

കഴിഞ്ഞ ജന്മം ചെയ്ത പാപത്തിന്റെ ഫലമോ എന്തോ അവരുടെ സീറ്റ്‌ ആ കൂട്ടത്തിന്റെ ഒത്ത നടുക്ക് ! വേറൊരു ഞെട്ടിപ്പിക്കുന്ന വസ്തുത അവരുടെ ഭര്‍ത്താവിനെ ആ കൂട്ടത്തിനിടയില്‍ നഷ്ടപ്പെട്ടു പോയത്രേ. ഞാനും ഹരിയും ഏന്തി വലിഞ്ഞു നോക്കിയപ്പോള്‍ അങ്ങ് അറ്റത്ത്‌ ജനല്‍ കമ്പിയില്‍ അള്ളി പിടിച്ച് ഒരു സായിപ്പ് ഇരിക്കുന്നുണ്ട്‌. പൊട്ടക്കിണറ്റിലെ തവള 'ക്രോം,ക്രോം' (ചളിയന്മാരുടെ ശ്രദ്ധക്ക് : ഗൂഗിള്‍ ക്രോം അല്ല) വിളിക്കുന്നത്‌ പോലെ 'ഡാര്‍ലിംഗ് ' എന്ന് ഇടയ്ക്കിടയ്ക്ക് ഭാര്യയെ അയാള്‍ വിളിക്കുന്നുണ്ട്.

അവസാനം കൊടുങ്കാറ്റ് ഒക്കെ അടങ്ങി രംഗം ശാന്തമായപ്പോള്‍ 'നാം രണ്ട്, നമുക്ക് ഒന്ന്' എന്ന് പറഞ്ഞു വെച്ച ഒറ്റ സീറ്റ്‌ ഞങ്ങള്‍ കൈയടക്കി. എതിര്‍ വശത്ത് ഗുജറാത്തി സൂപ്പര്‍സ്റ്റാര്‍ : 'ശാന്താ ബേന്‍'. ചെവിക്കല്ല് പൊട്ടുന്ന ഫ്രീക്വന്‍സിയിലെ അവര്‍ സംസാരിക്കൂ. സംസാര രീതി ആണെങ്കിലോ 'അമരം' സിനിമ ഗുജറാത്തിയില്‍ ഡബ് ചെയ്താല്‍ എങ്ങനെ ഇരിക്കുമോ അങ്ങനെയും ! നമുക്ക് അറിയാവുന്ന ഹിന്ദിയില്‍ കുറച്ചു കാര്യങ്ങള്‍ ഒക്കെ ചോദിച്ചു മനസ്സിലാക്കി. ഗുജറാത്തി സംഘം മൊത്തം 12 പേരുണ്ട്. അതിനിടയില്‍ എങ്ങനെയോ നമ്മള്‍ രണ്ടും സായിപ്പ് ഫാമിലിയും കുടുങ്ങി പോയി.

"എടാ.. നമുക്ക് TT യോട് പറഞ്ഞ് ഇവരെയൊക്കെ ഒന്നിച്ചു ആക്കിയിട്ടു ഇവിടം ഒരു ജില്ലയാക്കി പ്രഖ്യാപിച്ചാലോ?" - ഹരിയുടെ ആശയത്തിനോട് എനിക്കും യോജിപ്പായിരുന്നു.

അതിനിടയില്‍ ശാന്ത ബെന്‍ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പറഞ്ഞു - 'അവരുടെ കൂട്ടത്തിലുള്ള ഒരു അമ്മച്ചിയുടെ പേഴ്സ് കാന്മാനില്ലത്രേ ! ' എന്നിട്ട് ഞങ്ങളെ രണ്ട് പേരെയും ഒരു നോട്ടം ! ഞാന്‍ ഉടന്‍ തന്നെ ഹരിക്ക് ഒരു ബൈ പറഞ്ഞ് വേറെ സീറ്റ്‌ തപ്പി സ്കൂട്ടായി. ഹരി അവന്റെ ഏറ്റവും നിഷ്കളങ്കമായ മുഖഭാവം പുറത്തെടുത്ത് ഒരു ചിരി ചിരിച്ചു.

ആ ബഹളത്തില്‍ നിന്നും മാക്സിമം അകലെ ഒരു ഒഴിഞ്ഞ സീറ്റ്‌ കണ്ടുപിടിച്ച് ഞാന്‍ ഇരിപ്പുറച്ചു. അര മണിക്കൂര്‍ കഴിഞ്ഞ് മിസ്റ്റര്‍ ഹരി ജോയിന്‍ ചെയ്യുന്നു. മൊത്തത്തില്‍ ഒരു അവശ കേശവന്‍ ലുക്ക്‌ !

"എന്ത് പറ്റിയെടാ? പേഴ്സ് കിട്ടിയോ? " ഞാന്‍ ചോദിച്ചു.

"പിന്നേ.... കുറെ കിട്ടും. ഈ ബോഗി മൊത്തം അവര്‍ അരിച്ചു പെറുക്കി. ഇങ്ങനെ അന്വേഷിച്ചാല്‍ പിന്നെ ഡ്രൈവറുടെ കീശയില്‍ വരെ അന്വേഷിക്കേണ്ടി വരും. അതിനിടക്ക് അവരുടെ ഫോണില്‍ കൂടി ഉള്ള കീറി വിളിയും ! "

"ഓഹോ... അതിരിക്കട്ടെ. നീ എന്താ ഇങ്ങോട്ട് പോന്നെ ? സീറ്റ്‌ വേണ്ടേ ?"

ഹരി എന്നെ ദയനീയമായി നോക്കി - "അവിടെ ഇരുന്നിട്ട് ശ്വാസം മുട്ടുന്നെടാ.. ട്രെയിനില്‍ കേറിയപ്പോ മുതല്‍ അമ്മച്ചിമാര്‍ കപ്പലണ്ടിയും കപ്പ വറ്റലും ചിപ്സും എല്ലാം തട്ടാന്‍ തുടങ്ങിയതാ.. അതൊക്കെ ഇപ്പൊ ബോംബുകള്‍ ആയിട്ട് പൊട്ടി കൊണ്ടിരിക്കുവാ.. AC കമ്പാര്‍ട്ട്മന്റ്റ് ആയത്‌ കൊണ്ട് ജനല്‍ തുറന്നു ഓക്സിജന്‍ ശ്വസിക്കാനും നിവര്‍ത്തിയില്ല. നീ വന്നേ.. നമുക്ക് കുറച്ചു നേരം പുറത്ത് പോയി നില്‍ക്കാം."

അങ്ങനെ ഞങ്ങള്‍ രണ്ട് പേരും വാതിലിനു അടുത്തായി സ്ഥാനം പിടിച്ചു. അവിടെയും ഒരു അമ്മച്ചി. ബട്ട്‌ ഇത് മലയാളി ! രണ്ട് വയസുള്ള ഒരു ചുണ കുട്ടനെയും താങ്ങി പിടിച്ചു നില്‍ക്കുന്നു. കുലച്ച വാഴ പോലെ അമ്മച്ചി ബാലന്‍സ് കിട്ടാതെ ട്രെയിനില്‍ ആടി ആടി നില്കുന്നു. അമ്മച്ചിയുടെ പരിതാപകരമായ അവസ്ഥ കണ്ടത് കൊണ്ടോ ഹരിക്ക് കൊച്ചു കുട്ടികള്‍ ഒരു വീക്നെസ് ആയത്‌ കൊണ്ടോ എന്തോ... ഉടന്‍ തന്നെ 'മോനേ ചക്കരേ... ' എന്ന് വിളിച്ചു അമ്മച്ചിയുടെ കൈയില്‍ നിന്നും കൊച്ചിനെ കൈവശമാക്കി. എന്തതിശയം... ഇപ്പൊ ഹരി ആടാന്‍ തുടങ്ങി! "മുടിഞ്ഞ വെയിറ്റ് അളിയാ" ... അനുഭവിച്ചോ എന്ന് ഞാനും ! ഭാരം ഇറക്കി വെച്ച സമാധാനത്തില്‍ അമ്മച്ചിയും നില്‍പ്പ് തുടര്‍ന്നു.

അല്പം കഴിഞ്ഞപ്പോള്‍ കൊച്ച് ഞെരി പിരി കൊള്ളുന്നു. ഹരിക്ക് നല്ല ഇടിയും തൊഴിയും ഒക്കെ കിട്ടി തുടങ്ങി. ഇതെന്തു മറിമായം എന്ന് ഞങ്ങള്‍ പരസ്പരം നോക്കി. അപ്പോഴേക്കും അമ്മച്ചി ഞങ്ങളുടെ രക്ഷയ്ക്ക് എത്തി - "അയ്യോ മക്കളെ.. കൊച്ചിനെ ഇങ്ങു തന്നെ അവനെ ടോയിലറ്റില്‍ പോവാന്‍ വേണ്ടി കൊണ്ട് വന്നതാ.. ഒഴിയുന്നതും നോക്കി നില്‍ക്കുവായിരുന്നു ." നിമിഷ നേരം കൊണ്ട് കൊച്ചു കൂട് വിട്ടു കൂട് മാറി അമ്മച്ചിയുടെ തോളില്‍ സ്ഥാനം പിടിച്ചു !

"ജസ്റ്റ്‌ മിസ്സ്‌.. രക്ഷപ്പെട്ടു ! " ഹരിയുടെ ആശ്വാസ വാക്കുകള്‍.

"ഉവ്വ് ഉവ്വ്... അല്‍പ നേരം കൂടി കഴിഞ്ഞെങ്കില്‍ കൊച്ചിന്റെ വയറ്റില്‍ ന്യൂന മര്‍ദം രൂപാന്തരപെട്ടു നിന്റെ ശരീരത്തില്‍ 5 സെന്റി മീറ്റര്‍ മഴ രേഖപെടുത്തിയേനെ... ! നമുക്ക് സീറ്റില്‍ ചെന്നു ഇരിക്കാം."

തിരികെ ഹരിയുടെ സീറ്റില്‍ എത്തിയപ്പോള്‍ അവിടെ കച്ചേരി മേളം - അന്താക്ഷരി കളി ആരംഭിച്ചിരിക്കുന്നു. ഗുജറാത്തി, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് (മദാമ്മയുടെ വക ) ഗാനങ്ങളുടെ ഒരു അവിയല് പരുവം. ഹരി എത്തിയതും ശാന്ത ബേന്‍ അവനെയും ക്ഷണിച്ചു.

"ആജാ ബേട്ടാ... തൂ ഭി ഹമാരെ സാത്ത് ഗാ !"

ഹരി പാടി തുടങ്ങി ........

"നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു ?
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു ?
ഭൂമിയില്‍ വന്നവതാരമെടുത്ത ഇവരോടോ ?
ഇവിടെന്നെ ഇരുത്തിയ റെയില്‍വേയോടോ ?
ഇവിടെന്നെ ഉപേക്ഷിച്ച നിന്നോടോ ?
പിന്നെയോ... പത്ത് സീറ്റ്‌ അകലെ എന്നെ മാറ്റാത്ത കറുത്ത കോട്ടിട്ട TT യോടോ ?"

അന്താക്ഷരി കഴിഞ്ഞപ്പോ മൊബൈല്‍ ഫോണില്‍ പാട്ട് കേള്‍പ്പിക്കല്‍. അത് കഴിഞ്ഞ് കൂട്ട പ്രാര്‍ത്ഥന. എങ്ങനെയൊക്കെയോ രാത്രിയായി. അതിനിടയില്‍ എനിക്ക് ബെര്‍ത്ത്‌ ശരിയായി. ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ച് കിടക്കാന്‍ വേണ്ടി പോയ ഹരി ഞെട്ടുന്നു. സീറ്റിന്റെ അടിയില്‍ വെച്ചിരുന്ന ലഗ്ഗേജ് കാണുന്നില്ല. ഓപ്പോസിറ്റ് സീറ്റില്‍ ഇരുന്ന ശാന്ത ബെനോട്‌ ഹരി വിക്കി വിക്കി ചോദിച്ചു - " അമ്മച്ചീ.. ഏക്‌ പെട്ടി ഏക്‌ ബാഗ്‌ ഇത് വഴി പോവുന്നത് കീ ?"

ശാന്ത ബേന്‍ അപ്പുറത്തെ സീറ്റിനടിയിലേക്ക്‌ വിരല്‍ ചൂണ്ടി. അവിടെ ഏക്‌ പെട്ടി ഏക്‌ ബാഗ്‌ അവരുടെ പെട്ടികളുടെ കൂടെ ചങ്ങലയില്‍ വരിഞ്ഞു മുറുക്കി മണിചിത്രത്താഴിട്ടു പൂട്ടി കിടക്കുന്നു. ട്രെയിനില്‍ കള്ളന്മാരുടെ ശല്യമാ... അവരുടെ വിശദീകരണം!

'ശല്യമാ... കള്ളന്മാരുടെ അല്ലെന്നു മാത്രം' - ഹരിയുടെ ആത്മഗതം !

പിറ്റേ ദിവസം രാവിലെ അമ്മച്ചിമാരോട് വിട പറഞ്ഞ് പെട്ടിയും തൂക്കി ട്രെയിനില്‍ നിന്നു ഇറങ്ങാന്‍ നേരം ഞാന്‍ ഹരിയോട് ചോദിച്ചു, "എങ്ങനെ ഉണ്ടായിരുന്നു അളിയാ യാത്ര ?"

"ഇതൊരു മെഗാ തേപ്പായി പോയി അളിയാ !"

NB: ഹരി മാത്രമല്ല തേഞ്ഞത്. പാതിരാത്രി ഒരു അമ്മാവന്‍ എന്‍റെ നേരെ ഒപ്പോസിറെ ഉള്ള ബെര്‍ത്തില്‍ കേറി കിടന്നിട്ടു മോട്ടോര്‍ അഥവാ കൂര്‍ക്കം വലി സ്റ്റാര്‍ട്ട്‌ ചെയ്തു. എന്നാ 'ടമാര്‍' കൂര്‍ക്കം വലി ആയിരുന്നെന്നോ ? പിറ്റേ ദിവസം രാവിലെ 9 മണി ആയപ്പോള്‍ മാത്രമാണ് ബോഗി കുലുക്കി കൊണ്ടുള്ള ആ കൂര്‍ക്കം വലി അവസാനിച്ചത്‌ !

5 comments:

  1. hmm... bloggin amidst thepps... reminds me of those hectic journies... :P
    ii hari aa hari aano? ;)

    ReplyDelete
  2. peru select cheyyan marannu..

    ReplyDelete
  3. @aish
    ആ ഹരി തന്നെ ഈ ഹരി ;)

    ReplyDelete
  4. ഇത്ര വേഗം ട്രെയിനില്‍ നിന്നും ഇറങ്ങിയോ..??? കുറച്ചു കൂടി നീണ്ട യാത്രയാവാമായിരുന്നു...:P

    ReplyDelete
  5. @abhi... lol , nannaayi :P

    ReplyDelete