
"നീ പോടാ കൊരങ്ങാ....!"
കഷ്ടിച്ച് രണ്ട് ദിവസം മാത്രം പരിചയമുള്ള ഒരു പെണ്‍കുട്ടി മുഖത്ത് നോക്കി ഇങ്ങനെ വിളിച്ചാല്‍ എന്ത് തോന്നും ? ദേഷ്യം, അമ്പരപ്പ് അതോ തമാശ ? ഇത് കേട്ടിട്ട് ഞാന്‍ തിരികെ ഒന്നും വിളിക്കാതെ ചിരിച്ചു തള്ളിയത് അവളുടെ ചിരി കണ്ടിട്ടാണോ അതോ എന്നെക്കാളും ദയനീയമായ അവളുടെ ആരോഗ്യ സ്തിഥി കണ്ടിട്ടാണോ എന്നെനിക്കറിയില്ല.
അവള്‍ രേഷ്മ, എന്‍റെ കൂട്ടുകാരി. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ജനുവരി മാസം ജോലിക്ക് പ്രവേശിച്ചു ട്രെയിനിംഗ് തുടങ്ങുമ്പോള്‍ എന്‍റെ ഗ്രൂപ്പില്‍ അവളും ഉണ്ടായിരുന്നു. ട്രെയിനിംഗ് സമയത്തെ ഞങ്ങളുടെ പരിചയം കേവലം ചിരിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു. വിരലില്‍ എണ്ണാവുന്നത്ര പ്രാവശ്യം മാത്രമേ ഞാന്‍ അവളോട് മിണ്ടിയിട്ടുള്ളൂ.അത്രയും പ്രാവശ്യം 'പോടാ' വിളി കേട്ടിട്ടുമുണ്ട്. ട്രെയിനിംഗ് കഴിഞ്ഞു ഞങ്ങള്‍ വേറെ വേറെ ഓഫീസുകളില്‍ ആയി. ഒരു ദിവസം രാവിലെ അവിചാരിതമായി ഞാന്‍ രേഷ്മയെ കമ്പനി ബസ്സിനകത്ത് കണ്ടു. ഒന്നും സംസാരിച്ചില്ല. കാരണം ഞാന്‍ റോഡിലും അവള്‍ ബസ്സിനകത്തും ആയിരുന്നു ! അന്ന് എനിക്ക് ഒരു മെയില്‍ കിട്ടി.... Subject : Hi
- - - - - - " ഹലോ മാഷെ, സുഖാണോ ? എന്താ എന്നെ കണ്ടപ്പോള്‍ ഒരു ഞെട്ടല്‍ ? ഒന്ന് ചിരിച്ചു കൂടെ ? ജോലിയൊക്കെ എങ്ങനെ പോവുന്നു ? പറ്റുമെങ്കില്‍ reply ചെയ്യ്... ട്ടോ ! " - - - - -
ആ മെയിലിനു മറുപടി അയച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ സൌഹൃദം ശരിക്കും തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. മെയില്‍സ്, ചാറ്റിങ്, sms തുടങ്ങിയവയില്‍ കൂടി അത് പടര്‍ന്നു പന്തലിച്ചു. അങ്ങനെയിരിക്കെ എന്‍റെ പിറന്നാള്‍ വന്നെത്തി. പിറന്നാള്‍ എന്ന് കേള്‍ക്കുമ്പോള്‍ മറ്റൊരു സംഭവം കൂടി അതിനോടൊപ്പം വരും - ട്രീറ്റ് ! രേഷ്മക്കു ട്രീറ്റ് കിട്ടിയേ തീരൂ. സമ്മതിക്കാതെ തരമില്ലല്ലോ. വീക്കെണ്ട് ആവുമ്പോ ഡിന്നര്‍ മേടിച്ചു തരാമെന്നു പറഞ്ഞു അത് സോള്‍വ് ആക്കി.
ട്രീറ്റ് ദിവസം. രാത്രി 7 മണി ആയപ്പോള്‍ ഞാന്‍ രേഷ്മ കാത്തു നില്‍ക്കാമെന്ന് പറഞ്ഞ സ്ഥലത്തെത്തി. punctuality എനിക്ക് അല്പം കുറവായതിനാലും അവള്‍ക്കു വളരെ കൂടുതല്‍ ആയിരുന്നതിനാലും എനിക്ക് മുന്‍പേ അവള്‍ അവിടെ എത്തിയിരുന്നു. ബര്‍ത്ത്ഡേ വിഷ് ഒക്കെ പറഞ്ഞിട്ട് അവള്‍ എന്നെ അടുത്തുള്ള ഐസ് ക്രീം പാര്‍ലറിന്റെ മുന്നിലേക്ക് കൂട്ടികൊണ്ട് പോയി. ട്രീറ്റ് ഐസ് ക്രീമില്‍ ഒതുക്കമെന്ന എന്‍റെ കണക്കുകൂട്ടല്‍ ഒക്കെ തെറ്റാണെന്ന് മനസ്സിആവാന്‍ അധിക നേരം വേണ്ടി വന്നില്ല.
പാര്‍ലറിന്റെ അകത്തു നിന്നു അതാ ഒരു പെണ്‍പട ഇറങ്ങി വരുന്നു. അവളുടെ ഹോസ്റ്റലിലെ ഫ്രണ്ട്സ് ആന്‍ഡ് റൂം മേറ്റ്സ് ! അവളുടെ റൂം മേറ്റ്സ് നു എന്നെ അറിയാം. ബാകി ഫ്രണ്ട്സ് എല്ലാവരും എന്റെയും ഫ്രണ്ട്സ്. ഇനിയും പറഞ്ഞാല്‍ എന്‍റെ ട്രെയിനിംഗ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നവര്‍. കുറച്ചു കൂടി വ്യക്തമാക്കിയാല്‍ എന്‍റെ അതേ ഓഫീസില്‍ വര്‍ക്ക് ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ ! ഇങ്ങനെ ഒരു അവസ്ഥയില്‍ പെട്ടാല്‍ പിന്നെ എന്താ പറയേണ്ടേ ? പഴ്സില്‍ നിന്നു ഒരു രണ്ടായിരം രൂപ ബൈ ബൈ പറയുന്നത് പോലെ ഒരു ഫീലിംഗ്. അത്രയും രൂപ കൈയില്‍ ഇല്ല എന്നത് വേറെ കാര്യം. ക്രെഡിറ്റ് കാര്‍ഡ് കി ജയ് ! നേര്‍ച്ചക്കോഴി കശാപ്പുകാരനെ നോക്കുന്ന കൂട്ട് ഞാന്‍ രേഷ്മയെ നോക്കി. 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന ഭാവം! കാലിന്റെ അറ്റത്ത് നിന്നും ട്രാവല്‍ ചെയ്തു വന്ന ഞെട്ടലും ചമ്മലും മുഖത്ത് വരാതിരിക്കാന്‍ ഒരു വിഫല ശ്രമം നടത്തി കൊണ്ട് ഞാന്‍ ചോദിച്ചു :
"ആഹാ... എല്ലാരും ഉണ്ടല്ലോ... എന്താ ഇവിടെ ?"
"ഞങ്ങള്‍ വെറുതെ കറങ്ങാന്‍ ഇറങ്ങിയതാ.... പിന്നെ ഒരു ഐസ്ക്രീം തട്ടാമെന്നു കരുതി ഇങ്ങു പോന്നു... അല്ലാ, അഭി എന്താ ഇവിടെ ?"
".... ഞാന്‍ ... അത് .... പിന്നെ ..."
അപ്പോഴേക്കും രേഷ്മ ചാടി കേറി പറഞ്ഞു, " അവന്‍ എനിക്ക് ട്രീറ്റ് ചെയ്യാന്‍ വന്നതാ !"
എല്ലാവരും എന്നെ ഗൂഡമായി നോക്കി. ഞാന്‍ മാനത്ത് നോക്കി 'twinkle twinkle little star' മനസ്സില്‍ പാടി !
"അപ്പൊ ശരി... ഞങ്ങള്‍ പോവാ... "
എന്നെയും രേഷ്മയേയും തനിച്ചാക്കി അവര്‍ നടന്നകന്നു. അവര്‍ പോയതും രേഷ്മക്കു ഡോസ് കൊടുക്കല്‍ കര്‍മം ആരംഭിച്ചു.
"എടീ ദുഷ്ടേ.... ഇവരൊക്കെ കൂടെ ഉണ്ടെന്നു ഒരു മുന്നറിയിപ്പ് തന്നു കൂടായിരുന്നോ ? "
"പിന്നേ.... മുന്നറിയിപ്പ് തന്നിരുന്നെങ്കില്‍ നിന്റെ മുഖത്ത് തെളിഞ്ഞ ചമ്മല്‍ ലൈവ് ആയിട്ട് കാണാന്‍ പറ്റില്ലല്ലോ.... അത് കൊണ്ട് ഞാന്‍ മനപ്പൂര്‍വം പറയാത്തതാ ട്ടോ ..."
"നീ എല്ലാം പ്ലാന്‍ ചെയ്തു ഇറങ്ങിയിരിക്കുവാ അല്ലെ ? ഞാന്‍ വിചാരിച്ചു എല്ലാരും കൂടി എന്നെ മുടിപ്പിച്ചിട്ടേ പോവൂ എന്ന്‍ ..."
"അതേ... ഇഷ്ടപ്പെട്ടില്ലേ ? ഇഷ്ടപ്പെട്ടില്ലെങ്കിലും എനിക്കൊരു ചുക്കുമില്ല.. കേട്ടോടാ കൊരങ്ങാ... മുടിപ്പിക്കാമെന്നു വിചാരിച്ചതാ... പിന്നെ പാവമല്ലേ എന്ന് കരുതി വെറുതെ വിട്ടിരിക്കുന്നു !"
അങ്ങനെ പറഞ്ഞു പറഞ്ഞു ട്രീറ്റ് ഒരു ചൈനീസ് restaurant-ല്‍ നടത്താമെന്ന് തീരുമാനിച്ചു. ചൈനീസ് ഭക്ഷണവും ഞാനും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും അടുത്തൊന്നും വേറെ നല്ല ഹോട്ടല്‍ ഇല്ലാത്തതിനാല്‍ അവിടെ തന്നെ കേറി. കേവലം പതിനഞ്ച് രൂപക്ക് ചൈനീസ് തട്ടുകടയില്‍ നിന്നും ഫ്രൈഡ് റൈസും നൂഡില്‍സും ഒക്കെ കഴിച്ച ഓര്‍മയില്‍ മെനു കാര്‍ഡ് തുറന്ന ഞാന്‍ ഞെട്ടി (ഞെട്ടല്‍ നമ്പര്‍ 2). ഏതെടുത്താലും 200 രൂപ... അതില്‍ കുറഞ്ഞൊരു സംഭവം ഇല്ല ! എന്‍റെ ഒരു ഹിസ്റ്ററി എന്തെന്ന് വെച്ചാല്‍ ചൈനീസ് ഫുഡ് കഴിച്ചു പണി കിട്ടിയിട്ടുള്ള അവസരങ്ങള്‍ ആണ് കൂടുതല്‍. ഇത്രയും കാശ് മുടക്കി പണി ചോദിച്ചു മേടിക്കണോ ??
രേഷ്മയെ ഞെട്ടിച്ചു കൊണ്ട് (ഞാന്‍ മാത്രം ഞെട്ടിക്കൊണ്ടിരുന്നാല്‍ ഒരു രസമില്ലല്ലോ) ഞാന്‍ ഒരു പ്രഖ്യാപനം നടത്തി : ഞാന്‍ ഒന്നും കഴിക്കുന്നില്ല ! അവള്‍ കുറച്ചു നേരം തര്‍ക്കിചെങ്കിലും ഞാന്‍ വിട്ടു കൊടുത്തില്ല. പിന്നെ അവള്‍ ഓര്‍ഡര്‍ ചെയ്യുന്നതില്‍ നിന്നും കുറച്ചു എടുക്കാമെന്ന് ധാരണയായി. ഫ്രൈഡ് റൈസും ചിക്കനും ഓര്‍ഡര്‍ ചെയ്തു. വലിയൊരു പാത്രത്തില്‍ റൈസും പിന്നെ ആവശ്യത്തിലധികം ചിക്കനും എത്തി ചേര്‍ന്നു. വില അല്പം കൂടുതല്‍ ആണെങ്കിലും അതിനുള്ള സംഗതി ഉണ്ട്.... സന്തോഷം ! ഇനി ഇതെങ്ങനെ കഴിച്ചു തീര്‍ക്കും എന്നൊരു പ്രശ്നം മാത്രം ബാക്കി.... പറ്റുന്നത്രയും കഴിക്കാം... ബാക്കി പാര്‍സല്‍ ചെയ്യാം...സോ സിമ്പിള്‍ !
പക്ഷെ മെലിഞ്ഞ ശരീര പ്രകൃതം ഉള്ളവര്‍ ഭക്ഷണം കുറഞ്ഞ അളവില്‍ മാത്രം കഴിക്കൂ എന്ന ധാരണയെ കാറ്റില്‍ പറത്തി കൊണ്ട് രേഷ്മ തന്നെ മുക്കാല്‍ ഭാഗവും തീര്‍ത്തു ! എനിക്ക് ഒരു കാഴ്ചക്കാരന്റെ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പാര്‍സല്‍ ചെയ്യേണ്ട ആവശ്യമേ ഉണ്ടായില്ല. പാത്രങ്ങള്‍ ഒക്കെ ശൂന്യം. ഫ്രണ്ട്സിന്റെ മുന്നില്‍ വെച്ചു കൂടുതല്‍ നാണം കെടാതെ എന്നെ രക്ഷിച്ചത് കൊണ്ടും അവളുടെ കൈയില്‍ ഒരു ഗിഫ്റ്റ് ഉണ്ടായിരുന്നത് കൊണ്ടും രേഷ്മ കൈ കഴുക്കാന്‍ പോയപ്പോള്‍ ഞാന്‍ മുങ്ങിയില്ല..... പാവമല്ലേ... വെറുതെ വിട്ടിരിക്കുന്നു !
പിരിയാന്‍ നേരം രേഷ്മയുടെ കൈയില്‍ കുറെ ചോക്കോലേറ്റ് മേടിച്ചു കൊടുത്തു വിട്ടു - ഫ്രണ്ട്സ് നും റൂം മേറ്റ്സ് നും കൊടുക്കാനായിട്ട്... അവരില്ലാതെ എനിക്കെന്തു ആഘോഷം ;)
വാല്‍കഷണം : രേഷ്മ ഇപ്പോള്‍ കല്യാണം ഒക്കെ കഴിഞ്ഞു happily ever after ആയിട്ട് ഇരിക്കുന്നു. ഇത് വായിച്ചിട്ട് എന്നെ തെറി പറയാന്‍ വന്നാല്‍ എനിക്ക് ഒന്നേ പറയാനുള്ളൂ : 'താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ ഇപ്പോള്‍ പരിധിക്ക് പുറത്താണ് !'