Thursday, February 11, 2010

അവതാരം

ഇത് ഹോളിവുഡ് ചിത്രമായ 'അവതാര്‍' ന്റെ റിവ്യൂ അല്ല. പകരം ആ സിനിമ കാണാന്‍ പോയ ചില അവതാരങ്ങള്‍ക്കു നേരിടേണ്ടി വന്ന കുറച്ചു സംഭവങ്ങള്‍ മാത്രം. ഈ പോസ്റ്റില്‍ പ്രത്യക്ഷപ്പെടുന്ന അവതാരങ്ങള്‍ : ഞാന്‍, ദാസപ്പന്‍, ബിനു, സുബിന്‍.

ടിക്കറ്റ്‌ നേരത്തെ ബുക്ക്‌ ചെയ്തതിനാല്‍ ബുദ്ധിമുട്ടൊന്നുമില്ലാതെ ഞങ്ങള്‍ തിയേറ്ററിന്റെ അകത്തു കേറി സീറ്റുകളില്‍ സ്ഥാനം ഉറപ്പിച്ചു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ലൈറ്റ് ഒക്കെ ഓഫ്‌ ആയി. ആദ്യമായി ഒരു 3D പടത്തിന്റെ ട്രെയിലര്‍ ആയിരുന്നു കാണിച്ചത്. ഉടന്‍ തന്നെ ഞങ്ങള്‍ 3D കണ്ണട ഒക്കെ എടുത്തു വെച്ചു.ട്രെയിലര്‍ കഴിഞ്ഞപ്പോള്‍ അങ്ങേ അറ്റത് നിന്നും ഒരു അശരീരി സുബിന്റെ വക.
"എടാ, നിങ്ങള്‍ക്ക് 3D എഫെക്റ്റ് വല്ലതും തോന്നിയോ? എനിക്ക് മൊത്തത്തില്‍ ഒരു മങ്ങല്‍!"

ഞങ്ങള്‍ പരസ്പരം നോക്കി ഇവന് മാത്രം എന്താണാവോ പ്രശ്നം? ഇനി 3D കണ്ണടക്കു വല്ല പ്രശ്നവും ഉണ്ടോ?

"ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെടാ. നിനക്ക് മാത്രം എന്താ അങ്ങനെ തോന്നാന്‍ ?"

സുബിന്‍ എന്‍റെ നേരെ സൂക്ഷിച്ചു നോക്കി. എന്നിട്ട് ഒരു ചോദ്യം !

"നിന്റെ കണ്ണട എവിടെ ?"

"അതല്ലേ മൂക്കില്‍ ഇരിക്കുന്നത് ?"

"3D കണ്ണട അല്ലടാ... പവര്‍ ഗ്ലാസ്‌ എവിടെ ?"

"അതും ഇരിപ്പുണ്ട് ... രണ്ടും കൂടി ഒരുമിച്ച് വെച്ചിരിക്കുവാടാ !"

"ഓഹോ .... is that so?"

പവര്‍ ഗ്ലാസ്‌ പോക്കറ്റില്‍ ഇട്ടിട്ടു 3D കണ്ണട മാത്രം വെച്ചിട്ട് ഒരുത്തന്‍ ഇംഗ്ലീഷ് ടയലോഗ് അടിക്കുന്നു. അപ്പൊ പിന്നെ മങ്ങല്‍ അല്ലാതെ വേറെ എന്തോന്ന് കാണാന്‍ ?

ഞാന്‍ സുബിനെ ഉപദേശിച്ചു.

"രണ്ടും കൂടി ഒരുമിച്ച് വെച്ചാല്‍ മതി. എല്ലാം ശരിയാവും "

വെടിമരുന്നും തീപ്പെട്ടിയും ഒന്നിച്ചു വെക്കാന്‍ പറഞ്ഞത് കൂട്ട് സുബിന്‍ എന്നെ ദയനീയമായി നോക്കി.

"രക്ഷയില്ലാ... എന്‍റെ മൂക്കില്‍ രണ്ടും ഒരുമിച്ച് വെക്കാന്‍ പറ്റില്ല.."

സുബിന്റെ മൂക്കിന്റെ കഥനകഥ : ആനക്ക് സൗന്ദര്യം തുമ്പിക്കൈ എന്നത് പോലെ സുബിന്റെ ഗ്ലാമര്‍ മുഴുവന്‍ മൂക്കിലാണ്. ഗ്ലാമര്‍ കൂടി കൂടി ഇനി എല്ലാരേയും മൂക്കില്‍ കേറ്റി കളയും എന്നൊരു വിചാരം സുബിന് വരണ്ടാന്നു വെച്ചിട്ട് ദൈവം ഒരു ചെറിയ പണി കൊടുത്തു. മൂക്കിന്റെ പാലത്തില്‍ ഒരു സ്പീഡ് ബ്രേക്കര്‍ ഫിറ്റ്‌ ചെയ്തു! അവിടെ ഇപ്പൊ കഷ്ടിച്ച് ഒരു കണ്ണട വെക്കാനുള്ള സ്ഥലം മാത്രമേ ഉള്ളു.രണ്ട് കണ്ണട വെച്ചാല്‍ ഒന്ന് പൊങ്ങിയും ഒന്ന് താണും ഇരിക്കും. ഇതാണ് സുബിനെ കുഴപ്പത്തിലാക്കിയത്

അപ്പോഴേക്കും പടം തുടങ്ങിയതിനാല്‍ 'രണ്ട് കണ്ണടയും ഒരു സുബിനും' എന്ന റിയാലിറ്റി ഷോ ഞാന്‍ ഉപേക്ഷിച്ചു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്.

ബിനുവിന്റെ തലയ്ക്കു പിന്നിലായി എന്തോ ശക്തിയായി വന്ന് തട്ടി. സ്ക്രീനില്‍ നിന്നു വല്ല കല്ലോ കട്ടയോ തെറിച്ചു തലയില്‍ വീണതാവാം എന്നാണുഅവന്‍ ആദ്യം വിചാരിച്ചത്. അങ്ങനെ സംഭവിക്കില്ല എന്ന് വൈകി ആണെങ്കിലും ബിനുവിനു ബോധോധയമുണ്ടായി. അവന്‍ പതുക്കെ തിരിഞ്ഞു നോക്കി. അപ്പോഴോ ?

ബിനുവിന്റെ പിന്നില്‍ ഉള്ള സീറ്റില്‍ ഒരു അവതാരം ഇരിക്കുന്നു.... ഭൂമിയില്‍ അവതിരിച്ചിട്ടു അധിക ദിവസങ്ങള്‍ ആവാത്ത ഒരു അവതാരം! അമ്മയുടെ മടിയില്‍ ഇരുന്നു കൊണ്ടു ആ പിഞ്ചു കുഞ്ഞ് ബിനുവിനെ നോക്കിയ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഒരു വിഷമവുമില്ലയിരുന്നു.

'നോക്കെടാ നമ്മുടെ മാര്‍ഗേ ഇരിക്കുന്ന
മര്‍ക്കടാ നീയങ്ങു മാറി ഇരി ശ്ശെടാ !'

നഴ്സറി പിള്ളേര്‍ ടീച്ചറോട് പരാതി പറയുന്നത് പോലെ ബിനു എന്നെ തട്ടി വിളിച്ചിട്ട് പറഞ്ഞു,"ഡാ, അവന്‍ എന്നെ ചവിട്ടി !"

തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ബിനുവിന്റെ തല എങ്ങനെ സിസ്സര്‍ കട്ട് അടിക്കാം എന്ന് റിസര്‍ച്ച് നടത്തുന്ന അവതാരത്തെ! പ്രതികരിക്കണോ വേണ്ടയോ എന്ന് ഞാന്‍ ഒരു നിമിഷം ആലോചിച്ചു. എന്തിനു വെറുതെ കൊച്ചു കുഞ്ഞുങ്ങളുടെ കൈയില്‍ നിന്നും തല്ല് മേടിച്ചു പിടിക്കണം? ഇത് സമാധാനപരമായി ഒതുക്കി തീര്‍ക്കാം.

ബിനുവിനു വീണ്ടും ചവിട്ട്‌ ഏല്‍ക്കാതിരിക്കാന്‍ ഞാന്‍ വെച്ചു നീട്ടിയ ഹെല്‍മെറ്റ്‌ അവന്‍ സ്നേഹപുരസരം നിരസിച്ചു.,,! ഈ കാലത്ത് ഒരു സഹായം ചെയ്യാമെന്ന് വെച്ചാല്‍ അതിനും സമ്മതിക്കില്ല.

അര മണിക്കൂര്‍ കഴിഞ്ഞതും കറന്റ്‌ പോയി...! തിയേറ്ററില്‍ കൂക്ക് വിളിയും ബഹളവും. കൊച്ചിനും സഹിക്കാനായില്ല... അതും ബഹളത്തില്‍ പങ്കു ചേര്‍ന്നു.

"ങാ ആ ആ ആ......"

ജഡ്ജ് 1 ബിനു : "ശ്രുതി ചേര്‍ന്നില്ല.... തൊട്ടപ്പുറത്തെ സീറ്റില്‍ ആയിരുന്നെകില്‍ ശ്രുതിയുമായി ചേര്‍ന്നു ഇരിക്കാമായിരുന്നു"

ജഡ്ജ് 2 ഞാന്‍ : "മൊത്തം ഫ്ലാറ്റും ഷാര്‍പ്പും ആണല്ലോ... കൂടുതല്‍ കേട്ടാല്‍ ഞാന്‍ ഫ്ലാറ്റ് ആവും!"

ജഡ്ജ് 3 ദാസപ്പന്‍ : "ഫാന്റാസ്ടിക്.. ബോംബ്ലാസ്ടിക് .. പ്ലാസ്റ്റിക്‌ .. അതന്നെ... ആരെങ്കിലും പ്ലാസ്റ്റിക്‌ കുപ്പിയില്‍ പാല് കൊണ്ടു കൊടുക്കുവോ ???"

സെലെബ്രിടി ജഡ്ജ് സുബിന്‍ : "കൊസ്ട്യൂം and എക്സ്പ്രഷന്‍ നന്നായി.. പിന്നെ ബിനുവിനെ തൊഴിക്കുന്ന ആ പെര്‍ഫോര്‍മന്‍സ് വളരെ വളരെ ഇഷ്ടപ്പെട്ടു !"

കറന്റ്‌ വരാത്തതിനാല്‍ ഞങ്ങള്‍ സ്നാക്ക്സ് കൊണ്ടു വന്ന ബാഗ്‌ തുറന്നു. ആഹാര സാധനങ്ങള്‍ കണ്ടപ്പോള്‍ ദാസപ്പന്‍ ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കതോരന്‍ കണ്ടത് പോലെ ചാടി വീണു. എല്ലാം മിനിട്ടുകള്‍ കൊണ്ടു ശൂന്യം!

അപ്പോഴേക്കും തിയേറ്റര്‍ ഒരു വിധം ശാന്തമായി. കൂവിയത് കൊണ്ടൊന്നും കാര്യമില്ല, ഇത് ഇന്റെര്‍വല്‍ ആയിട്ട് വിചാരിച്ചോണം എന്ന് എല്ലാര്‍ക്കും മനസ്സിലായി.

ഞങ്ങള്‍ ഇരിക്കുന്നതിന്റെ അടുത്തായി ഒരു ശബ്ദം കേള്‍ക്കുന്നത് അപ്പോഴാണ് ശ്രദ്ധയില്‍ വന്നത്.

"ക്ര്‍ര്‍... ക്ര്‍ര്‍ ... ക്ര്‍ര്‍ ..."

കുറച്ചു നേരം ശ്രദ്ധിച്ചു കേട്ടിട്ട് ഞങ്ങള്‍ ഒരു നിഗമനത്തില്‍ എത്തി.

"വല്ല എലിയോ പെരുച്ചാഴിയോ ആയിരിക്കും... ഇപ്പൊ തിയേറ്ററില്‍ ഒക്കെ ഇവറ്റകളുടെ വിളയാട്ടമാ "

പിന്നെയും 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ കറന്റ്‌ വന്നു. പടം വീണ്ടും തുടര്‍ന്നു വിത്തൌട്ട് ഇന്റര്‍വല്‍. പടം ഒക്കെ കഴിഞ്ഞു പുറത്തിറങ്ങി ഞാന്‍ സുബിനോട് ചോദിച്ചു.

"ഡ സുബിനെ, നീ പവര്‍ ഗ്ലാസ്‌ വെക്കാതെ 3D വല്ലതും കണ്ടാരുന്നോ ?"

സുബിന്റെ മുഖത്ത് ഭയങ്കര സന്തോഷം.

"എടാ .. നീയൊക്കെ എന്ത് വിചാരിച്ചു? എനിക്ക് ഒന്നും കാണാന്‍ പറ്റില്ലെന്നോ? ഞാന്‍ എന്‍റെ 3D കണ്ണട customize ചെയ്തെടാ ... ദേ നോക്ക് !"

ഞങ്ങള്‍ നോക്കുമ്പോ സുബിന്റെ 3D കണ്ണടക്കു മാത്രം ഒരു വ്യത്യാസം. അതില്‍ മൂക്കിന്റെ വിടവ് വലുതായിരിക്കുന്നു. ചുറ്റും എലി കരണ്ടതു പോലെ! അപ്പോള്‍ കറന്റ്‌ ഇല്ലാത്ത നേരത്ത് കരണ്ടു കൊണ്ടിരുന്നവന്‍ ആരാണെന്നു ഇപ്പോഴല്ലേ പിടി കിട്ടിയത്.

അങ്ങനെ രണ്ട് കണ്ണടയും മൂക്കില്‍ പ്രതിഷ്ടിച്ച സുബിനെ നോക്കി ഞങ്ങള്‍ ഒരുമിച്ച് പറഞ്ഞു...

"മിസ്റ്റര്‍ സുബിന്‍.... നീ ഒരു അവതാരം തന്നെടാ... മൂഷികാവതാരം!"

5 comments:

  1. പാവം..എന്തൊക്കെ കഷ്ടപ്പാടാ... ഒരു കണ്ണട ഉണ്ടായി പോയാല്‍...ല്ലേ

    ReplyDelete
  2. അവതാരത്തിന് വാല്‍ ഉണ്ടോ?

    ReplyDelete
  3. nannayittundu ketto........nalla narmarasmundayirunnu.......

    ReplyDelete