"എന്താ മോനേ ... നിന്റെ കൈക്കെന്തു പറ്റി ?"
ഭക്ഷണം വിളമ്പുന്ന അമ്മയുടെ ചോദ്യം രഘു കേട്ടില്ലെന്നു നടിച്ചു. അതിനൊപ്പം കൈകള്‍ മറച്ചു പിടിക്കാന്‍ ഒരു വിഫല ശ്രമം നടത്തി.
"നീ ഒളിപ്പിക്കുകയൊന്നും വേണ്ടാ... ഇത് അവളുടെ പണിയാ അല്ലേ ?"
രഘു മൌനം പാലിച്ചു .
"ഞാന്‍ അന്നേ പറഞ്ഞതാ... ഇതൊന്നും ഈ വീട്ടില്‍ ശരിയാവില്ലാന്ന്... പക്ഷെ നിനക്കായിരുന്നു വാശി... നീയും നിന്റെ ഒരു മണിക്കുട്ടിയും !"
അമ്മയുടെ ശബ്ദത്തിനു കനം കൂടി വരുന്നത് രഘു തിരിച്ചറിഞ്ഞു...
"എനിക്ക് ഒന്നും പറ്റിയില്ല അമ്മേ... മണിക്കുട്ടി പാവമാ.. പിന്നേ അല്പം മുന്‍കോപം കൂടുതലാ.. അവള്‍ വേണമെന്ന് വച്ച് ചെയ്യുന്നതല്ലാ..."
"ഉവ്വുവ്വ്... ദേഷ്യം വന്നാല്‍ ഇങ്ങനെ ഉപദ്രവിക്കുകയാണോ ചെയ്യുക ? നിന്റെ കൈയില്‍ ചോര പൊടിയുന്നത് നീ അറിയുന്നില്ലേ ?"
"അമ്മ ഒന്ന് പോയേ.. മണിക്കുട്ടിയുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്നു എനിക്കറിയാം !"
അമ്മയുടെ നീരസം സമ്പാദിചെങ്കിലും ആ സംസാരം അവിടെ വെച്ച് അവസാനിപ്പിക്കേണ്ടത് രഘുവിന്റെ ആവശ്യം തന്നെ ആയിരുന്നു.
രംഗം ശാന്തമായപ്പോള്‍ അടുക്കള വാതിലിന്റെ പിന്നില്‍ നിന്നും രണ്ട് കണ്ണുകള്‍ രഘുവിനെ ഉറ്റുനോക്കി. മണിക്കുട്ടിയുടെ പേടിച്ചിരണ്ട മുഖം കണ്ട രഘുവിന്റെ മനസ്സില്‍ ചിരിയായിരുന്നു. വിടര്‍ന്ന കണ്ണുകളുമായി മണിക്കുട്ടി കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു.
"എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല മണിക്കുട്ടീ ... നീ പേടിക്കണ്ട.. അമ്മ പോയീട്ടോ... ഇങ്ങു വന്നേ..!"
മണിക്കുട്ടി ഒന്നുകൂടി ചുറ്റുപാടും കണ്ണോടിച്ചു നോക്കി. പിന്നേ മന്ദം മന്ദം രഘുവിന്റെ അടുത്തേക്ക് നടന്നു ചെന്നു. എന്നിട്ട് രഘുവിനോട് ചേര്‍ന്നു നിന്നു മന്ത്രിച്ചു - "മ്യാവൂ !"
Subscribe to:
Post Comments (Atom)
മ്യാവൂ.................
ReplyDeleteകൊള്ളാം... നന്നായിരിക്കുന്നു
meow!!~
ReplyDelete