Tuesday, November 11, 2014

ഗുരുവായൂർ തേപ്പ് RELOADED


വീണ്ടും ഒരു ഗുരുവായൂർ  യാത്ര. ഇപ്പ്രാവശ്യം നമ്മടെ ചങ്ങായി ഹരിയുടെ കല്യാണം കൂടാൻ വേണ്ടിയാരുന്നു. ഞാൻ, ബിനു പിന്നെ ജഗ്ഗു മാമ  തുടങ്ങിയവർ ആയിരുന്നു യാത്രക്കാർ. ബിനുവിൻറെ ഗംഭീര ഡ്രൈവിങ്ങിൽ റോഡിലെ ഒരു കുഴി പോലും മിസ്സ്‌ ചെയ്യാതെ കാർ ചീറി പാഞ്ഞു കൊണ്ടിരുന്നു. പിന്നിലെ സീറ്റിൽ ഞാൻ പെൻഡുലം കണക്കെ അങ്ങോട്ടും ഇങ്ങോട്ടും  ഉരുളുന്നു. ഇടയ്ക്കിടയ്ക്ക് ഞാൻ റോഡ്‌ ഉണ്ടാക്കിയവനിട്ടു നാല് പെരിയ തെറിയും ബിനുവിനിട്ട് (അവൻ കേൾക്കാതെ ) രണ്ടു ചിന്ന തെറിയും കാച്ചി നിർവൃതി അടയുന്നു. ജഗ്ഗുമാമയെ സീറ്റ്‌ ബെൽട്ടിട്ടു കെട്ടി ഇട്ടത്തിനാൽ ഇനി കാർ കീഴ്മേൽ മറിഞ്ഞാലും മൂപ്പർക്ക് ഒരു പ്രശ്നവും ഉണ്ടാവാൻ പോണില്ല! കുലുക്കം ഒന്നും  അറിയാതെ ജഗ്ഗു മാമ മുൻസീറ്റിൽ കൂർക്കം വലി തുടര്ന്നു . 

കല്യാണ തലേന്ന് അതിരാവിലെ ആരംഭിച്ച യാത്ര അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ തുടരുമ്പോൾ  വിശപ്പിൻറെ  വിളി കേട്ട്  അടുത്തുള്ള ഒരു ഹോട്ടലിലേക്ക് ബിനു വണ്ടി തിരിച്ചു. അത്രയും നേരം നിദ്രയിലാണ്ടു കിടന്ന ജഗ്ഗുമാമ ഉണക്ക മീൻ മണത്ത പൂച്ചയെ പോലെ മീശ വിറപ്പിച്ചു കൊണ്ട് കണ്ണുകൾ  തുറന്നു !

ബിനു അപ്പോഴേക്കും ഒരു മരത്തിനു മുന്നിലായി കാർ  പാർക്ക് ചെയ്യാൻ ഉള്ള ശ്രമം ആരഭിച്ചു. വണ്ടി റിവേർസ് എടുക്കുന്നതിനിടെ വെറുതെ എന്നോടൊരു ചോദ്യം. ചുമ്മാ... ഒരാവശ്യവും ഇല്ലായിരുന്നു. 

"എടാ....മരം എങ്ങനുണ്ടെടാ ?"

ഞാൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി തല പുറത്തേക്കിട്ടു കാറിന്റെ പിന്നിലേക്ക്‌ നോക്കി. 

"മരം അവിടെ തന്നെ ഉണ്ടെടാ!!"

ബിനുവിനു സന്തോഷമായി ! 

ജഗ്ഗു മാമയ്ക്ക് സഹിച്ചില്ല - "പുല്ല് ..!! അതിനോട് മാറി നിക്കാൻ പറയെടാ !"

ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിട്ട് വീണ്ടും യാത്ര തുടര്ന്നു. 
കൊച്ചി എത്തിയതോടെ പിന്നെ റോഡിലാണോ കുഴി അതോ കുഴിയിലാണോ റോഡ്‌  എന്ന് മൊത്തത്തിൽ കണ്ഫ്യൂഷൻ ആയി.അതിനിടെ ലുലു മാളിൽ കൂടി ഒന്ന്  കേറി (നമ്മളും കാണട്ടെ ലുലു !)  ഒരു ചെറിയ ഫോട്ടോസെഷൻ ഒക്കെ നടത്തി. ലഞ്ച് അവിടുന്നു തട്ടി. അവസാനം രാത്രി 7 മണിയോട് കൂടി തൃശൂർ എത്തി ചേർന്നു.

ഹരി & ഫാമിലി നേരത്തെ തന്നെ എത്തിയിട്ടുണ്ടായിരുന്നു. ഹോട്ടൽ റൂമിൽ ബാഗൊക്കെ വെച്ചിട്ട് ഞങ്ങൾ അത്താഴം കഴിക്കാൻ ഇറങ്ങി. ഗുരുവായൂരിൽ കല്യാണങ്ങൾക്ക് പഞ്ഞമില്ലാതതിനാൽ പിറ്റേ ദിവസം രാവിലെ 8 മണിക്ക് നടയിൽ എത്താമെന്നു തീരുമാനം ആയി. 

"എല്ലാരും മുണ്ടൊക്കെ എടുത്തിട്ടുണ്ടല്ലോ ല്ലേ ?" റൂമിലേക്ക്‌ പോവും മുൻപേ ഹരി ചോദിച്ചു.

"പിന്നേ ... അതൊക്കെ റെഡി ആണ് " ഞങ്ങൾ കോറസ് ആയിട്ട് ഉത്തരം നൽകി.

രാവിലെ 6:30 നു അലാറം വെച്ച് ഞങ്ങൾ ഉണർന്നു. ഞാനും ബിനുവും കുളിയൊക്കെ പാസാക്കിയിട്ട് മുണ്ട് ഉടുക്കൽ ചടങ്ങിലേക്ക് പ്രവേശിച്ചു. ഉടുക്കാൻ അറിയാത്തവർക്ക് ഇതൊരു ചടങ്ങ് തന്നെ ആണല്ലോ ! ജഗ്ഗു മാമ ഇതിലൊക്കെ ഒരു എക്സ്പെർട്ട് ആയതിനാൽ പുള്ളി  പതുക്കെ ഉണര്ന്നിട്ടു കുളിക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. 

"എടാ... നമ്മൾ ഇത് എങ്ങനെ ഉടുക്കും ?" എന്ന്  പറഞ്ഞു തിരിഞ്ഞുനോക്കിയ  ഞാൻ കണ്ട കാഴ്ച - കൊണ്ട് വന്ന ഡബിൾ മുണ്ടിനകത്തു കൈയും തലയും പുറത്തിട്ട്  മുണ്ട് ഏതാ ബിനുവേതാ  എന്നറിയാൻ പറ്റാത്ത രീതിയിൽ നിന്നോണ്ട്‌ എന്നെ നോക്കി പുഞ്ചിരിക്കുന്ന ബിനു ! 

ഇവൻ ഇതിനകതെങ്ങനെ കേറിപ്പറ്റി  എന്ന് ആലോചിച്ചു വെറുതെ തല പുകയ്ക്കാതെ ഞാൻ എന്റെ മുണ്ട് കൈയിലെടുത്തു .

"നിന്റെ മുണ്ടിൽ ഒടുക്കത്തെ  കസവ് ആണല്ലോടാ !" - ബിനുവിന്റെ വക കമൻറ് ! 

"പിന്നേ ... മുണ്ട് ഉടുത്തു  കഴിഞ്ഞാൽ നീ എനിക്ക് സല്യൂട്ട് അടിക്കും. അതാ ഐറ്റം !" - ബിനുവിന്റെ കമന്റ് ലൈക്ക് ചെയ്തോണ്ട് ഞാനും വെച്ച് കാച്ചി!

പക്ഷെ കാര്യങ്ങൾ വിചാരിച്ച പോലെ ആയില്ല. എന്തോ ഒരു വശപ്പിശക് ! മുണ്ട് ചുറ്റി ചുറ്റി എങ്ങും  എത്തുന്നില്ല. 

"ഇത് ഡബിൾ മുണ്ട് തന്നെ അല്ലെ ?" - ബിനുവിന്റെ ഒടുക്കത്തെ ചോദ്യം!

"തുളുനാട്ടിൽ നിന്ന് മുണ്ട് ഉടുക്കാൻ പഠിച്ച കള്ളാ ബടുവാ ! നീ മുണ്ടിന്റെ ഒരു അറ്റം പിടിച്ചേ ... ഇത് ഉടുക്കാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ !" 

കുളി കഴിഞ്ഞിറങ്ങിയ ജഗ്ഗു മാമ കണ്ടതോ - മുണ്ടിന്റെ ഒരറ്റം പിടിച്ചു കൊണ്ട് ബിനു ; മറ്റേ അറ്റത് പമ്പരം പോലെ കറങ്ങുന്ന ഞാൻ !

"എന്തുവാടെ ഇത് ? രാവിലെ തന്നെ മനുഷ്യനെ വെറുപ്പിക്കുന്ന ഓരോ കാഴ്ചകളും ആയിട്ട് ഇറങ്ങിക്കോണം !"

"അല്ല ജഗ്ഗു മാമ... ഈ മുണ്ടിനു നീളം അല്പം കൂടുതലാണോ എന്നൊരു സംശയം. ഉടുത്തിട്ടു അങ്ങട് ശരിയാവുന്നില്ല !" - പാവം ഞാൻ.

 ജഗ്ഗുമാമ മുണ്ടിനെ സൂക്ഷിച്ചു നോക്കി. എന്നിട്ട് താടിയും തടവി കൊണ്ട് ഒരു അലർച്ച  - "എടാ മണ്ടൻ കൊണാപ്പീ..അവന്റെ ഒരു ഡബിൾമുണ്ട്
കെട്ടിയോളുടെ  നേര്യത്  സാരി എടുത്തോണ്ട് വന്നിട്ട് ഉടുക്കാൻ പറ്റുന്നില്ലെന്ന് ... ഹും !!! "

പ്ലിംഗ് !! ഉറക്കപ്പിച്ചിൽ അലമാരയിൽ നിന്ന് കസവു കണ്ട തുണി എടുത്തു ബാഗിലോട്ടു ഇട്ടു. അത് മുണ്ടാണോ സാരിയാണോ എന്ന് നോക്കാൻ വിട്ടു പോയല്ലോ  ഹെൻറെ ഗുരുവായൂരപ്പാ   !

"നല്ല വീതിയിൽ  കസവു കണ്ടപ്പോഴേ എനിക്ക് ഇത് മുണ്ട് അല്ലെന്നു തോന്നിയതാ" - എരിതീയിൽ പെട്രോൾ ഒഴിചോണ്ട് ബിനു കമന്റ്‌ പോസ്റ്റ്‌ ചെയ്യുന്നു.

"മുണ്ടരുത്... ഛെ മിണ്ടരുത്! ഇനി ഇപ്പൊ എന്താ ചെയ്ക ?"

ജഗ്ഗു മാമ ഒപ്ഷന്സ് തന്നു 

" ഓപ്ഷൻ A :  നീ മീശ എടുത്തു കളയുക. എന്നിട്ട് ഈ സാരി ഉടുക്കുക.ബ്ലൌസിന് പകരം ഞാൻ എൻറെ  സില്ക്ക് ഷർട്ട്  തരാം. സാരിതല വഴി മൂടിയാൽ ആരും അറിയില്ല. അര മണിക്കൂറിൽ റെഡി ആവാം. അടുത്തത് ഓപ്ഷൻ B : 10 മിനിറ്റ് കൊണ്ട് നീ ഓടി പോയി ഒരു മുണ്ട് മേടിക്കുന്നു , ഉടുക്കുന്നു, പോവുന്നു !"

എനിക്ക് സംശയമേയില്ല.

"മാമാജി... ഓപ്ഷൻ B ലോക്ക് ചെയ്യൂ !! "

അങ്ങനെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു മുണ്ട്മേടിച്ച് ഉടുത്ത് ഞങ്ങൾ അമ്പല നടയിൽ എത്തി. അവിടെ എത്തിയപ്പോൾ അടുത്ത കോമഡി. കല്യാണങ്ങൾ നടക്കുന്നത് നടയിൽ ആയതിനാൽ മുണ്ട് നിര്ബന്ധമില്ല ! എന്നെ നിലം തൊടാതെ ഓടിച്ചു മുണ്ട് മേടിപ്പിച്ച രണ്ടു പേരെയും ഞാൻ തിരിഞ്ഞു നോക്കി.ബിനു ആൻഡ്‌ ജഗ്ഗു മാമ  സ്റ്റാറ്റസ്  അപ്ഡേറ്റ് ചെയ്തു - ഫീലിംഗ് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമാ നാരായണാ !

അങ്ങനെ കല്യാണവും സദ്യയും ഒക്കെ കഴിഞ്ഞു വൈകിട്ട് ഞങ്ങൾ യാത്ര തിരിച്ചു. വണ്ടി ഡ്രൈവ് ചെയ്യുന്നതിനിടയിലും ബിനുവിനു സംശയം മാറുന്നില്ല. 

"എടാ... നീ മുണ്ട് ഉടുത്തോണ്ട് വന്നാൽ എന്തടിക്കുമെന്നാ പറഞ്ഞെ ?"

"ചെലക്കാണ്ടിരുന്നു വണ്ടി ഓടിക്കെടാ. ഇല്ലെങ്കിൽ നിന്റെ കരണ കുറ്റിക്കിട്ടു ഞാൻ  അടിക്കും. ഹോ....കസവ് മുണ്ടിനൊക്കെ ഇപ്പ എന്താ വില !!"

2 comments:

  1. അങ്ങനെ പണി പാലും വെള്ളതിൽ കിട്ടി ... പണ്ട് നിർമാല്യം തൊഴാൻ പോയപ്പോൾ കിട്ടിയ പണി ഒക്കെ നീ മറന്നു പോയോ രമണ ....

    ReplyDelete
  2. നീ മുണ്ടരുത്‌ ചുപ്പ് രഹോ :P :D

    ReplyDelete