എന്റെ കോളേജിന്റെ തൊട്ടടുത്ത് തന്നെ ഒരു ഓടിറ്റൊരിയം ഉണ്ടായിരുന്നു. അവിടെ എല്ലാ ആഴ്ചയും മിനിമം മൂന്നോ നാലോ കല്യാണങ്ങള്‍ നടക്കുന്നതിനാല്‍ ഒട്ടുമിക്ക ദിവസങ്ങളിലും കോളേജിലെ കുറച്ചു പേരെങ്കിലും പട്ടിണി കൂടാതെ സദ്യ കഴിച്ചു പോവുന്നുണ്ടായിരുന്നു. എന്റെ ക്ലാസ്സിലും ഇങ്ങനെ ജീവിച്ചു പോവുന്നവര്‍ ഉണ്ടായിരുന്നു. അവരൊക്കെ ഉച്ചക്ക് മുന്പുള്ള ലാസ്റ്റ് ഹവര്‍ ആവുമ്പോഴേക്കും മുങ്ങും. സദ്യ ഒക്കെ കഴിച്ചു കഴിഞ്ഞിട്ട് ഞങ്ങളുടെ അടുത്ത് വന്നു വിശേഷങ്ങള്‍ പറയും. ഞാനും ചില സുഹൃത്തുക്കളും ഇതൊക്കെ കേട്ടു കേട്ടു ഒരു തീരുമാനത്തില്‍ എത്തി. ഞങ്ങള്‍ക്കും ഒരു തവണ സദ്യ കഴിക്കണം. ക്ലാസ്സില്‍ ഞങ്ങള്‍ക്ക് ക്ലീന്‍ ഇമേജ് ആയിരുന്നതിനാല്‍ ( ക്ലാസ്സ് കട്ട് ചെയ്തു പോവാനുള്ള ധൈര്യം ഇല്ലായിരുന്നു) ഞങ്ങള്‍ ലഞ്ച് ബ്രേകിനു "ഓപ്പറേഷന്‍ സദ്യ" നടപ്പാക്കാന്‍ തീരുമാനിക്കുന്നു.
12:30 നു ക്ലാസ്സ് തീര്‍ന്നതും ഞങ്ങള്‍ അഞ്ചു പേരടങ്ങുന്ന സംഘം പരിപാടി ആരംഭിക്കുന്നു. ആദ്യപടിയായി കൂട്ടുകാരുടെ ഹോസ്റ്റലില്‍ പോയി നമ്മുടെ കത്തിവേഷങ്ങള്‍ ഒക്കെ മാറ്റി നല്ല ഫുള്‍ സ്ലീവ് പ്ലെയിന്‍ ഷര്‍ട്ട് ഇടുന്നു. കോളേജ് സ്റ്റയിലില്‍ നിന്നും കല്യാണ സ്റ്റയിലില്‍ മാറിയിട്ട് ഞങ്ങള്‍ സദ്യ കഴിക്കാന്‍ വേണ്ടി മാര്‍ച്ച് നടത്തി. ഓടി എന്ന് പറയുന്നതാണ് ശരി , കാരണം സദ്യ എന്ന് കേട്ടപ്പോള്‍ തന്നെ വിശപ്പ് ഇരട്ടിയായി. അങ്ങനെ ഓടികിതച്ചു അവിടെ എത്തിയപ്പോള്‍ ആ ഏരിയയില്‍ അധികം ആളുകള്‍ ഒന്നുമില്ല.
"ഈശ്വരാ... ഇന്നു കല്യാണം ഒന്നുമില്ലേ ? വന്നത് വെറുതെ ആയോ ?? "
"ഇല്ലെടാ... കല്യാണം ഒക്കെ ഉണ്ടായിരുന്നു... സദ്യ തീര്‍ന്നോ എന്നാണ് എന്റെ സംശയം.. ഞാന്‍ അപ്പോഴേ പറഞ്ഞതാ ക്ലാസ്സ് കട്ട് ചെയ്തു ഇറങ്ങാമെന്ന്... !!"
"ദേണ്ടെ... അതാണ് ഊട്ടുപുരയെന്നു തോനുന്നു... വാടാ നമുക്കു അവിടെ ചെന്നു നോക്കാം !!"
നമ്മള്‍ ഒട്ടും സമയം കളയാതെ അങ്ങോട്ട് ചെന്നു. സംഭവം ശെരിയാണ്. അത് ഊട്ടുപുര തന്നെയായിരുന്നു. പക്ഷെ മൊത്തത്തില്‍ ഒഴിഞ്ഞു കിടക്കുന്നു. എല്ലാരും സദ്യ ഒക്കെ കഴിച്ചിട്ട് പൊടിയും തട്ടി പോയിരിക്കുന്നു.ഞങ്ങള്‍ക്ക് ആണെങ്കില്‍ വിശപ്പ് സഹിക്കാനും വയ്യ. പാല്‍പായസം തരാമെന്നു പറഞ്ഞിട്ട് 50 പൈസയുടെ മിട്ടായി തന്നാല്‍ എന്താ അവസ്ഥ. എന്തെങ്കിലും കിട്ടാന്‍ സാധ്യത ഉണ്ടോ എന്നറിയാന്‍ വേണ്ടി ഞങ്ങള്‍ അകത്തു കേറി വിശദമായി ഒന്നു പരിശോധിച്ചു. അതാ.. ദൂരെ കുറച്ചു പേരു ഇരുന്നു സദ്യ കഴിക്കുന്നു... എല്ലാം കൂടി ഒരു 20 പേരു കാണും. എന്തെങ്ങിലും ആവട്ടെ... ഞങ്ങള്‍ ഉടന്‍ തന്നെ കൈ ഒക്കെ കഴുകി അവരുടെ അടുത്ത് ചെന്നു സ്ഥാനം പിടിച്ചു... ഹാവൂ.. എല്ലാംവിളമ്പാന്‍ തുടങ്ങുന്നതെ ഉള്ളു... രക്ഷപെട്ടു !
അങ്ങനെ ഇല വന്നു.. പപ്പടം, അച്ചാര്, കിച്ചടി, പച്ചടി, അവിയല്‍ ഓരോന്നായി വന്നു തുടങ്ങി. ചോറും കൂടി വന്നിട്ട് എല്ലാം കൂടി ചേര്ത്തു ഒരു പിടി പിടിക്കണം എന്നൊക്കെ മനസ്സില്‍ വിചാരിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് എന്റെ അടുത്തിരുന്നവന്‍ തോണ്ടുന്നു. സസ്പെന്‍സ് സിനിമയുടെ ക്ലൈമാക്സ് സീനില്‍ കറന്റ് പോയാല്‍ വരുന്ന മുഖഭാവത്തോടെ ഞാന്‍ അവനെ രൂക്ഷമായി നോക്കിയിട്ട് പറഞ്ഞു , "ആക്രാന്തം കാട്ടാതെടാ.. ചോറ് ഇപ്പൊ വരും.."
അവന്‍ ആണെങ്കില്‍ പരീക്ഷക്ക് ബിറ്റ് വെച്ചു പിടിക്കപ്പെട്ടവനെ പോലെ എന്റെ ചെവിയില്‍ രഹസ്യമായി പറഞ്ഞു, " അതല്ലെടാ.. നമ്മള്‍ ആരുടെ കൂടെയാ ഇരിക്കുന്നെ എന്ന് നീ ശ്രദ്ധിച്ചോ ?"
ഇവനിതെന്തു പറ്റി ? സദ്യ കഴിച്ചാല്‍ പോരെ... ഇനി ഇപ്പൊ ഇവന് ആരുടെ കൂടെ ഇരുന്നു സദ്യ കഴിക്കണം ?!!... ഇങ്ങനെ പലവിധം സംശയങ്ങളുമായി ഞാന്‍ കൂടെ ആരാണ് ഇരിക്കുന്നതെന്ന് നോക്കി. ഞങ്ങള്‍ ഇരിക്കുന്ന സൈഡില്‍ ഒന്നു രണ്ടു ഫാമിലി ഇരിക്കുന്നുണ്ട്. ഇതിന് ഇവന്‍ കിടന്നു പരുങ്ങുന്നത് എന്തിനാ.. ഇനി ഇവന്റെ പഴയ കാമുകിയുടെ കല്യാണം ആണോ ?എന്തായാലും എതിര്‍വശത്ത് ഇരിക്കുന്നവരെ കൂടി ഒന്നു നോക്കികളയാം.. അവിടെയും അത് പോലെ കുറച്ചു പേരു ഇരിക്കുന്നു... പെട്ടെന്ന് ഫോക്കസ് ഒരിടത്ത് ഫിക്സ് ആയി. ഈ വേഷം ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. വെള്ള മുണ്ടും സില്‍ക്ക് ഷര്‍ട്ടും ഇട്ടു ഒരു വിദ്വാന്‍ ഇരിക്കുന്നു... തൊട്ടടുത്ത് പട്ടുസാരിയും ഒരു കിലോഗ്രാം സ്വര്‍ണം ഒക്കെ ഇട്ടു ഒരു പെണ്‍കൊടിയും... അവരുടെ രണ്ടു വശത്തായി എക്സ്പൈറി ഡേറ്റ് കഴിഞ്ഞ കുറച്ചു സാധനങ്ങളും. കാര്യങ്ങളുടെ കിടപ്പ് വശം എനിക്ക് മനസ്സിലായി. അവസാന പന്തിയില്‍ പെണ്ണും ചെറുക്കനും അടുത്ത ബന്ധുക്കളും സദ്യ കഴിക്കുന്നതിന്റെ കൂടെയാണ് നമ്മള്‍ വലിഞ്ഞു കേറി വന്നിരിക്കുന്നെ !!
ഞാന്‍ പതുക്കെ കൂടെ ഉള്ളവരെ നോക്കി... അവരും എന്നെ പോലെ തന്നെ 'ഇനിയെന്ത്' എന്ന മട്ടില്‍ ഇരിക്കുന്നു. അടുത്തുള്ളവന്‍ വീണ്ടും തോണ്ടുന്നു, " എടാ.. എന്ത് ചെയ്യും ? ഇറങ്ങി പോയാലോ... ??"
ഇങ്ങനെ ക്ഷണിക്കാതെ പോവുമ്പോള്‍ ചെയ്യേണ്ട പ്രധാനപെട്ട കാര്യം തെണ്ടികള്‍ പറഞ്ഞില്ല -- 'ആദ്യത്തെ പന്തിയില്‍ തന്നെ ഇരുന്നു കഴിച്ചിട്ട് മുങ്ങിക്കോണം...!!'
ഞാന്‍ പറഞ്ഞു, " അത് ശെരിയാവില്ല... ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി സദ്യ കഴിച്ചിട്ടേ പോവുന്നുള്ളു... മാനം പോയാലും ഇവിടെ കാണികള്‍ കുറവാണല്ലോ എന്ന് ആശ്വസിക്കാം !!"അങ്ങനെ ചോറ് വന്നു... കറിയും വന്നു... പിന്നെ നമ്മുടെ ശ്രദ്ധ മുഴുവന്‍ ഇലയില്‍ മാത്രമായി. പപ്പടം ഒറ്റ അടിക്കു എത്ര പീസ് ആക്കാം, അച്ചാറും കിച്ചടിയും മിക്സ് ചെയ്താല്‍ കിട്ടുന്ന കറിക്ക് 'അച്ചടി' എന്ന് പേരിടാമോ , അവിയലില്‍ കിടക്കുന്ന മുരിങ്ങക്കയുടെ നീളം എത്ര മുതലായ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരം കണ്ടെത്താന്‍ ഒരു ശ്രമം തന്നെ അങ്ങ് നടത്തി.
ഇടയ്ക്ക് നോക്കിയപ്പോള്‍ കല്യാണപാര്ട്ടി ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നു. 'ഇവന്മാരൊക്കെ ആരുടെ കൂടെ വന്നതാണ് ?' എന്ന ഉത്തരം കിട്ടാത്ത വേറൊരു ചോദ്യം സോള്‍വ് ചെയ്യാന്‍ അവര്‍ ശ്രമിക്കുവാണ് എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ആയിട്ട് അവരുടെ സംശയം തീര്ത്തു കൊടുക്കാന്‍ പോയില്ല. അടുത്തിരിക്കുന്നവന്‍ എന്നെ സമാധാനമായി കഴിക്കാനും സമ്മതിക്കില്ല എന്ന് വെച്ചാല്‍... അവന് സംശയങ്ങള്‍ തീരുന്നില്ല.. " എടാ.. നമ്മള്‍ ആരുടെ ഗ്രൂപ്പ് ആണെന്ന് ചോദിച്ചാല്‍ എന്ത് പറയണം ? "
"ആരെന്തു ചോദിച്ചാലും 'ഗഫൂര്‍ കാ ദോസ്ത് ' എന്ന് പറഞ്ഞാല്‍ മതി !! മിണ്ടാതിരുന്നു കഴിച്ചിട്ട് വേഗം സ്ഥലം കാലിയാക്കാന്‍ നോക്കെടാ !!"
അതിന് ശേഷം പിന്നെ അവന്‍ മിണ്ടിയിട്ടില്ല. എല്ലാരും ഇതൊരു 'ഗോമ്പെടിഷന്‍ ഐറ്റം ' പോലെ മത്സരിച്ചു തിന്നാന്‍ ആരംഭിച്ചു. അവസാനം പായസവും വന്നു. രക്ഷപെട്ടു എന്ന് വിച്ചരിചിരുന്നപ്പോള്‍ പായസത്തിന്റെ പിറകെ വീഡിയോ ക്യാമറയും പിടിച്ചു ഒരു കാലമാടന്‍ വരുന്നു... അയ്യയ്യോ... നമ്മുടെ ഒക്കെ പടം പിടിക്കാന്‍ പോവുന്നേ !! ആദ്യമായി അങ്ങേരു വരന്റെയും വധുവിന്റെയും മറ്റു പരിവാരങ്ങളുടെയും വീഡിയോ എടുക്കുന്നു. പിന്നെ നമ്മള്‍ അഞ്ചു പേരു ഇരിക്കുന്നിടത്തേക്ക് വരുന്നു. പാവം... അങ്ങേരു എന്താണ് ചെയ്യുന്നതെന്ന് അങ്ങേരു അറിയുന്നില്ലല്ലോ.. പാഞ്ചാലി വസ്ത്ത്രാക്ഷേപം നടന്നപ്പോള്‍ പഞ്ച പാണ്ഡവന്മാര്‍ "ഓ മൈ ഗോഡ്" എന്ന് പറഞ്ഞു ഇരുന്നത് പോലെ ഞങ്ങളും ഇരുന്നു കൊടുത്തു.... ഞങ്ങള്‍ പായസം കഴിക്കുന്നതിന്റെ പല പല പോസുകള്‍ വീഡിയോ എടുത്തു തൃപ്തിയടഞ്ഞു അങ്ങേരു മടങ്ങുന്നു.. ബാക്കിയുള്ളവര്‍ എഴുന്നെല്കുന്നതിനു വളരെ മുന്പ് തന്നെ ഞങ്ങള്‍ കൈ കഴുകി സ്ഥലം കാലിയാക്കി..
എന്തായാലും കല്യാണപാര്‍ട്ടിക്കാര്‍ മാന്യന്മാര്‍ ആയിരുന്നത് കൊണ്ടു തടി കേടാകാതെ രക്ഷപെട്ടു. ഈ സംഭവത്തിനു ശേഷം ക്ഷണിക്കാത്ത കല്യാണത്തിന് പോവുന്ന പരിപാടി ഞങ്ങള്‍ ഉപേക്ഷിച്ചു. പേടി കൊണ്ടൊന്നുമല്ല കേട്ടോ... കാന്റീനില്‍ കിട്ടുന്ന ഊണിന്റെ സുഖമൊന്നും സദ്യക്കില്ലെന്നെ !!
Subscribe to:
Post Comments (Atom)
ghafoorkka dhosth pinne tharikida kanichille ?
ReplyDelete