Saturday, April 4, 2009

ബോട്ട് തേപ്പ്

കാമ്പസ് ജീവിതത്തില്‍ ഒരുപാടു തേപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ നിന്നും ഒരു തേപ്പ് ഞാന്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

കോളേജില്‍ മറക്കാന്‍ പറ്റാത്ത ഒരുപാടു അനുഭവങ്ങള്‍ സംഭവിക്കുന്ന ഒരു മെഗാ ഇവന്റ് ആണ് 'ടൂര്‍'. എല്ലാ വര്‍ഷവും ഒരു ടൂര്‍ എങ്കിലും നടക്കാറുണ്ട് അല്ലെങ്കില്‍ നടത്തിക്കാറുണ്ട്. അങ്ങനെ ഒരിക്കല്‍ പോയ ടൂറില്‍ കൊടൈക്കനാല്‍ ഒരു സ്റ്റോപ്പ് ആയിരുന്നു.

അവിടുത്തെ പ്രകൃതി രമണീയമായ കാഴ്ചകള്‍ ഒക്കെ ഞങ്ങള്‍ ആസ്വദിച്ചു. അതിനിടെ അവിടെ ഒരു സംഭവം ഞങ്ങള്‍ കണ്ടു. കൊടൈക്കനാല്‍ കായലില്‍ പെഡല്‍ ബോട്ട് ഓടിക്കാന്‍ കൊടുക്കുന്നു. മണിക്കൂറിനു തുച്ഛമായ വാടക മാത്രം. ഞങ്ങള്‍ ഉടന്‍ തന്നെ അങ്ങോട്ട് വെച്ചു പിടിച്ചു. ഞങ്ങള്‍ എന്ന് വെച്ചാല്‍ ഞാനും പിന്നെ സഹപാഠികള്‍ ആയ അസീബും ബിജുവും. കാശ് അടച്ചു രസീതും മേടിച്ചു ഞങ്ങള്‍ ക്യുവില്‍ കേറി നിന്നു. ബോട്ടുകള്‍ വരുന്നതനുസരിച്ച്‌ ആളുകളെ കേറ്റി വിട്ടുകൊണ്ടിരുന്നു.

ഒരു ബോട്ടിന്റെ കപ്പാസിറ്റി മൂന്ന് പേരാണ്. രണ്ടു പേരു പെഡല്‍ ചവിട്ടണം. മൂന്നാമന്‍ സ്ടീര്‍ ചെയ്യണം. എന്റെ കൂടെ ഉള്ള ബിജു ആണേങ്കില്‍ നല്ല വണ്ണം ഉള്ള കൂട്ടത്തിലാണ്. അസീബിനും മോശമില്ലാത്ത വണ്ണം ഉണ്ട്. അപ്പോള്‍ അവര് രണ്ടു പേരും പെഡല്‍ ചവിട്ടുന്നു. ഞാന്‍ പങ്കായം പിടിക്കുന്നു. ആദ്യം എനിക്ക് അല്പം വിഷമം തോന്നിയെന്കിലും ബോട്ടിംഗ് ഒക്കെ കഴിഞ്ഞു വരുന്നവരുടെ അവസ്ഥ കണ്ടപ്പോള്‍ അതൊക്കെ മാറി. ഒരു മണിക്കൂര്‍ പെഡല്‍ ചെയ്യുന്നത് അത്ര എളുപ്പം പണിയൊന്നുമല്ല. അങ്ങനെ ഞങ്ങള്‍ ഓരോരുത്തരായി ബോട്ടില്‍ കേറി സംഭവബഹുലമായ യാത്രക്ക് തയ്യാറാവുന്നു.

രണ്ടു പേരും പെഡല്‍ ചെയ്യാന്‍ തുടങ്ങി. ഞാന്‍ സ്ടീരിംഗ് അഥവാ ഒരു ലിവറില്‍ പിടിച്ചോണ്ട് പിറകില്‍ ഇരിക്കുന്നു. അതിന്റെ ഓപ്പറേഷന്‍ മനസ്സിലാക്കാന്‍ കുറച്ചു സമയം എടുത്തു. അത് കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി. ബോട്ട് എന്റെ കണ്ട്രോളില്‍ ആയപ്പോള്‍ ഞാന്‍ ടൈറ്റാനിക് കപ്പലിന്റെ കപ്പിത്താന്റെ അവസ്ഥയിലേക്ക് ഉയര്‍ന്നു. എന്ജിന് പവര്‍ പോര എന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ആജ്ഞാപിച്ചു, " വേഗം ചവിട്ടെടാ... നിനക്കൊന്നും ആരോഗ്യം ഒട്ടുമില്ലല്ലോ. 10 മിനിറ്റ് ചവിട്ടിയപ്പോള്‍ തന്നെ തളര്‍ന്നല്ലോ"

ഇതു മാത്രമല്ലായിരുന്നു പ്രശ്നം. വേറെ ബോട്ടുകളില്‍ നല്ല സുന്ദരിമാര്‍ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നുണ്ട്. അവരുടെ ഒക്കെ ഏഴയലത്ത് എത്തണമെങ്കില്‍ എന്‍ജിന്‍ സ്പീഡ് വേണമല്ലോ. എനിക്ക് നിര്‍ദേശങ്ങള്‍ നല്കാന്‍ മാത്രമല്ലെ പറ്റൂ. എന്ത് ചെയ്യാന്‍? ക്യാപ്റ്റന്‍ ആയി പോയില്ലേ? അങ്ങനെ അതിവിധഗ്ദ്ധമായി ഞാന്‍ ബോട്ടിനെ ആ കായലില്‍ കൂടി പറപ്പിച്ചു കൊണ്ടിരുന്നു. കൂട്ടത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാനും മറന്നില്ല.

ആദ്യമാദ്യം അവര്‍ കാര്യമായി എടുത്തില്ല. പിന്നെ സഹികെട്ടപ്പോള്‍ ബിജു ഒരു ചോദ്യം : "നിനക്കു നീന്താന്‍ അറിയാമോ?"

ആ ഒറ്റചോദ്യത്തില്‍ നിന്നു അവന്‍ എന്താണ് ഉദ്ദേശിച്ചതെന്നു എനിക്ക് മനസ്സിലായി. പിന്നെ ഞാന്‍ മര്യാദയുള്ള ക്യാപ്റ്റന്‍ ആയി മാറി. അങ്ങനെ ഒരു മണിക്കൂര്‍ ഏതാണ്ട് തീരാറായപ്പോള്‍ ഞങ്ങള്‍ ബോട്ട് തടി കൊണ്ടു കെട്ടിയിട്ടുള്ള പ്ലാറ്റ്ഫോം ലക്ഷ്യമാക്കി അടുപ്പിക്കാന്‍ നോക്കി. അപ്പോഴാണ്‌ പ്രശ്നം. ഞങ്ങള്‍ അവിടേക്ക് എത്തുമ്പോള്‍ വേറെ ഏതെങ്കിലും ബോട്ട് അവിടെ അടുപ്പിക്കും. ഞങ്ങള്‍ വീണ്ടും U ടേണ്‍ അടിച്ച് വരുമ്പോള്‍ അതെ അവസ്ഥ. ബോട്ടില്‍ U ടേണ്‍ അടിക്കുക എന്ന് പറയുന്നതു ചില്ലറ കാര്യമല്ല. പോരാത്തതിന് ഇന്ധനം ഏതാണ്ട് കത്തിതീരാറായി.

അവസാനം രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ ബോട്ട് അടുപ്പിക്കുന്നു. അപ്പോള്‍ ഉണ്ട് അടുത്ത പ്രശ്നം. ബോട്ട് ബാലന്‍സ് ചെയ്തു ഓരോരുത്തരായി എങ്ങനെ ഇറങ്ങും? ബോട്ട് അടുപ്പിച്ചപ്പോള്‍ ബിജു ആയിരുന്നു പ്ലാട്ഫോര്‍മിന്റെ അടുത്ത് ഉണ്ടായിരുന്നത്. അവന്‍ ചാടി ഇറങ്ങി. ബോട്ട് പെട്ടന്ന് ആടി ഉലയാന്‍ തുടങ്ങി. ഞാനും അസീബും കൂടി ബോട്ടില്‍ ചെറിയ ഡാന്‍സ് ഒക്കെ കളിച്ചു വീണ്ടും നേരെയാക്കി. കായലില്‍ അത്യാവശ്യം ഒഴുക്കുള്ളത് കൊണ്ടു വീണ്ടും ബോട്ട് അടുപ്പിക്കേണ്ടി വന്നു.

അസീബ് ഇറങ്ങാന്‍ പോയപ്പോള്‍ ഞാന്‍ പറഞ്ഞു, " എടാ ഞാന്‍ ഇറങ്ങാം. നീ ഇറങ്ങിയാല്‍ ബോട്ട് വീണ്ടും അടുപ്പിക്കാന്‍ ആരുമില്ല. ഞാന്‍ ഇറങ്ങി കഴിഞ്ഞാല്‍ നിനക്കു കുറച്ചു പെഡല്‍ ചെയ്തു ബോട്ട് അടുപ്പിക്കാം.. എന്നിട്ട് ഇറങ്ങുകയും ചെയ്യാം"

പാവം അസീബ് അത് വിശ്വസിച്ചു. അങ്ങനെ ഇപ്പ്രാവശ്യം ഞാന്‍ ചാടി ഇറങ്ങി. ഉടന്‍ തന്നെ അസീബ് അതിവേഗം പെഡല്‍ ചെയ്തു ബോട്ട് അടുപ്പിക്കുന്നു. ചാടി ഇറങ്ങാന്‍ നോക്കുമ്പോള്‍ ബോട്ട് പതുക്കെ അനങ്ങുന്നു.അസീബ് കണ്ണുമടച്ചു വലതു കാലെടുത്തു പ്ലാട്ഫോര്‍മിലേക്ക് വെക്കുന്നു. ഇപ്പൊ ഒരു കാല്‍ കരയിലും ഒരു കാല്‍ ബോട്ടിലും. അപ്പോഴേക്കും ഞാനും ബിജുവും കൂടി അവന്‍റെ കൈയില്‍ പിടിച്ചു കരയിലേക്ക് വലിച്ചു കേറ്റി.അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കരക്ക്‌ കേറിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ബോട്ട് തന്ന തമിഴന്‍ അസീബിനെ രൂക്ഷമായി നോക്കുന്നു. എന്താണ് സംഭവം എന്ന് മനസ്സിലാകാതെ നില്‍ക്കുമ്പോള്‍ അയാള് കായലിലേക്ക് കൈ ചൂണ്ടുന്നു.

അതാ.. അവിടെ... ഞങ്ങള്‍ ഇത്രയും നേരം യാത്ര ചെയ്ത... ഞാന്‍ ക്യാപ്റ്റന്‍ ആയിരുന്ന ബോട്ട് അനാഥപ്രേതത്തെ പോലെ ഒഴുകി നടക്കുന്നു. ബാക്ക്ഗ്രൌണ്ട് മ്യൂസിക് : " കണ്ണീര്‍ കായലില്‍ ഏതോ.... കടലാസിന്റെ തോണി..."അവസാനം ചാടി ഇറങ്ങിയ അസീബ് ബോട്ടില്‍ കെട്ടിയിരുന്ന കയറ് ആ തമിഴനെ എല്പിച്ചില്ല. പിന്നെ പറയേണ്ടല്ലോ... ബോട്ട് കൈ വിട്ടു പോയി !

ഞങ്ങള്‍ വീണ്ടും തമിഴനെ നോക്കി. ഇപ്പ്രാവശ്യം അങ്ങേരു അസീബിന്റെ നേരെ കൈ ചൂണ്ടുന്നു, "അട പാപി, അറിവ് കേട്ട മുണ്ടം ! എന്നോടെ ബോട്ടെ തിരുമ്പി കൊണ്ടു വാടാ... മൂന്ചിയെ പാര്... തിരുട്ടു റാസ്കല്‍... $#$&*@#മഹനേ ! "

തെറിയുടെ ഡോസ് കൂടുന്നത് കണ്ടപ്പോള്‍ ഞാനും ബിജുവും അവിടെ നിന്നു മുങ്ങി.ഇതെന്താപ്പാ ഇങ്ങേരു പറയുന്നതു എന്ന ഭാവത്തില്‍ അസീബ് വായും പൊളിച്ചു നില്‍ക്കുന്നതിനിടെ വെറുതെ ഒന്നു തിരിഞ്ഞു നോക്കുന്നു. ഞങ്ങളെ കാണാത്തപ്പോള്‍ അസീബ് ചെവിയും പൊത്തി ഓടുന്നു.

ഓടികിതച്ചു വരുന്ന അസീബിനോട് ഞങ്ങള്‍ ചോദിച്ചു," എടാ.. അങ്ങേരു എന്താടാ പറഞ്ഞെ ?"

അസീബ് കുറച്ചു നേരം ആലോചിച്ചിട്ട് പറഞ്ഞു," അതോ ? അതൊന്നുമില്ലെടാ... സാരമില്ല മോനേ. ഒരു അബദ്ധം ആര്ക്കും പറ്റും. മോന്‍ പൊയ്ക്കോ എന്നാ പറഞ്ഞെ!"

അത്രയും നേരം അടക്കിപ്പിടിച്ചു വെച്ചിരുന്ന ചിരി പുറത്തു വന്നു. "ഉവ്വുവ്വ്... മോനേ എന്ന് വിളിക്കുന്നത് ഞങ്ങളും കേട്ടു. അതുകൊണ്ടല്ലേ ഞങ്ങള്‍ ആദ്യം മുങ്ങിയത് !"

2 comments:

  1. ambada captaaaaaaaaaaaaaa....

    ReplyDelete
  2. Enkilum ente Ishttaa.... Kappalu mungumbol, Athinte Captain'um koode mungum ennu kettitundu..!! But ivide nee aa plot'il ninnu thanne mungiyello..!!

    ReplyDelete