Wednesday, August 19, 2009

ബാറാം തമ്പുരാന്‍

മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിനു ഹാനികരം..... വിശ്വാസം ഇല്ലെങ്കില്‍ ഇത് വായിച്ചു നോക്കൂ...

സംഭവം നടക്കുന്നത് എന്റെ കൂട്ടുകാരന്‍ സണ്ണിയുടെ ട്രീറ്റ്‌ ദിവസം. പുള്ളിക്കാരന്‍ onsite പോയതിന്റെയും പിന്നെ രണ്ട് മാസം കഴിഞ്ഞുള്ള കല്യാണത്തിന്റെയും ട്രീറ്റ്‌ ഒരുമിച്ചു നടത്താന്‍ തീരുമാനിക്കുന്നു. എന്നെയും രാജുവിനെയും ക്ഷണിച്ചു. കിട്ടിയ അവസരം പാഴാക്കാതെ ഞങ്ങള്‍ ചാടി പുറപ്പെട്ടു. അങ്ങനെ ഞങ്ങള്‍ മൂന്ന് പേരും കൂടി ഒരു ദിവസം വൈകിട്ട് നഗരത്തിലെ ഒരു മുന്തിയ ബാറില്‍ പോവുന്നു. മൂന്ന് നിലയുള്ള ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ ആണ് ബാര്‍. അകത്തു മുഴുവന്‍ ഇരുട്ടാണ്‌. നമ്മുടെ മുന്നില്‍ ഇരിക്കുന്നവന്റെ മുഖം സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ കാണാന്‍ പറ്റൂ... അത്രയും വെളിച്ചമേ ഉള്ളു. ഹാളില്‍ പല ഭാഗത്തായി ടിവി വെച്ചിട്ടുണ്ട്. അതില്‍ ഏതെങ്കിലും മ്യൂസിക്‌ ചാനലും. കള്ളും കുടിക്കാം പാട്ടും കേള്‍ക്കാം. നല്ല സെറ്റ്അപ്പ്‌ !

സണ്ണി : "മക്കളെ... എന്ത് പറയണം ?"

ഞാനും രാജുവും പരസ്പരം നോക്കി. പിറ്റേ ദിവസം ഓഫീസ് ഉള്ളതിനാല്‍ ഹോട്ട് ഐറ്റംസ് കഴിച്ചാല്‍ ഉണ്ടാവുന്ന തലവേദന പരിഗണിച്ചു ഞങ്ങള്‍ ബിയര്‍ മതിയെന്ന് തീരുമാനിച്ചു. ടച്ചിങ്ങ്സിന് ചിക്കന്‍ 65.

രണ്ട് മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ മേശപ്പുറത്തു മൂന്ന് കുപ്പി ബിയറും ഒരു പ്ലേറ്റ് ചിക്കനും എത്തിച്ചേര്‍ന്നു. സണ്ണി ഒരു കവിള്‍ കുടിച്ചിട്ട് പറഞ്ഞു," എന്നതാടാ ഇത് ? ഇതിനെ ഒക്കെയാണോ ബിയര്‍ എന്ന് പറയുന്നത്. ഞാന്‍ UK യില്‍ വെച്ച് രണ്ട് കാന്‍ ബിയര്‍ ദിവസവും കുടിക്കുമായിരുന്നു. അതായിരുന്നു ബിയര്‍. ഇതൊരുമാതിരി കയ്പ്പ് വെള്ളം... ഛെ !"

രാജു അപ്പോഴേക്കും ഒരു ഗ്ലാസ്‌ തീര്‍ത്തു. "എന്റെ സണ്ണിച്ചാ... ഇവിടെ ഇതൊക്കെയേ കിട്ടൂ... കയ്പ്പുണ്ടോ എന്ന് നോക്കട്ടെ..." അവന്‍ അടുത്ത ഗ്ലാസ്‌ നിറയ്ക്കാന്‍ തുടങ്ങി.

എന്റെ ഗ്ലാസ്‌ അപ്പോഴും നിറഞ്ഞു തുളുമ്പി ഇരിക്കുന്നു. slow and steady. ഇല്ലെങ്കില്‍ steady ആയിട്ട് എഴുന്നെല്‍ക്കില്ല.എളുപ്പം തീര്‍ക്കുന്നതിലല്ല, തീര്‍ത്തിട്ട് എങ്ങനെ പോവുന്നു എന്നതിലാണ് കാര്യം... നോട്ട് ദി പോയിന്റ്‌ !

മുക്കാല്‍ കുപ്പി തീര്‍ന്നപ്പോഴേക്കും സണ്ണി വാചാലനായി. സണ്ണിച്ചന്‍ സണ്ണി അച്ചന്‍ ആയിട്ട് രൂപാന്തരപ്പെട്ടു.

"മക്കളെ... നിങ്ങളെക്കാളും രണ്ട് വയസ്സ് കൂടുതല്‍ ഉണ്ടെനിക്ക്. ജീവിതം കുറെ കണ്ടതാ ഞാന്‍. അത് കൊണ്ട് പറയുവാ.. ഉള്ള സമയം ആസ്വദിക്കുക. കഴിഞ്ഞു പോയ കാലത്തെ കുറിച്ചോര്‍ത്തു സങ്കടപെടരുത്...."

രാജു: "ശരി അച്ചോ.... സോറി സണ്ണിച്ചോ..."

ഞാന്‍: " ഇയാള് ഇത്ര പെട്ടെന്ന് ഫിറ്റ്‌ ആയോ ?"

സണ്ണി: "ഞാന്‍ ഫിറ്റ്‌ ആവാനോ ? ബെസ്റ്റ്... അതിനു കുപ്പികള്‍ ഇനിയും ഒഴിയണം. സായിപ്പന്മാരുടെ കൂടെ വെള്ളമടിച്ചിട്ട് ഈ സണ്ണി ഫിറ്റ്‌ ആയിട്ടില്ല... ഡു യു നോ ദാറ്റ്‌ ?"

പിന്നെ എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് സ്റ്റാര്‍ മൂവീസ് വെച്ചത് പോലെ സണ്ണി നോണ്‍ സ്റ്റോപ്പ്‌ ആയിട്ട് ഇംഗ്ലീഷില്‍ വാചകമടി തുടങ്ങി. ഞാനും രാജുവും subtitle ഇല്ലാത്ത ചൈനീസ് പടം കാണുന്നത് പോലെ സണ്ണിയെ നോക്കി കുറച്ചു നേരം ഇരുന്നു. അവസാനം ഒരു കാര്യം പറഞ്ഞത് മാത്രം ഞങ്ങള്‍ക്ക് മനസ്സിലായി. അത് ഇപ്രകാരം : " ഡു യു വാണ്ട്‌ മോര്‍ ബിയര്‍ ?"

രാജു വേണം എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. വാ തുറന്നു നാല് ഇംഗ്ലീഷ് പറയാന്‍ ഇതാണ് പറ്റിയ അവസരം എന്ന് മനസ്സിലാക്കിയ ഞാന്‍ ഉടന്‍ തന്നെ തട്ടി വിട്ടു : " നോട് ഒണ്‍ലി ബിയര്‍ ബട്ട്‌ ആള്‍സോ ചിക്കന്‍ !"

സണ്ണിക്ക് സന്തോഷം. ഇംഗ്ലീഷ് പറയാന്‍ ഒരു കൂട്ട് കിട്ടിയല്ലോ എന്ന ഭാവം മുഖത്ത് ! പിന്നെ രാജുവിനെ നോക്കി നാല് വര്‍ത്തമാനവും... പരിഭാഷ ഇങ്ങനെ : "എടാ മരങ്ങോടാ.... നിനക്ക് ഒരു വിചാരം ഉണ്ട്... സൌന്ദര്യവും മസിലും പെണ്ണുങ്ങളെ ആകര്‍ഷിക്കുമെന്ന്... എന്നാല്‍ നമ്മുടെ പെരുമാറ്റം വ്യക്തിത്വം തുടങ്ങിയവയാണ് എല്ലാരും നോക്കുന്നത്... നീ നിന്റെ പെണ്ണിനോട് ഫോണില്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടു. പെണ്‍കുട്ടികളോട് ഇങ്ങനെ ആണോ സംസാരിക്കുക ?"

ചിക്കന്‍ തിന്നു കൊണ്ടിരുന്ന രാജു അവസാനത്തെ ചോദ്യം കേട്ടു മുള്ള് തൊണ്ടയില്‍ കുടുങ്ങിയ പൂച്ചയെ പോലെ ഒരു നോട്ടം നോക്കി. 'കാലമാടന്‍ വേറെ എന്തൊക്കെ കേട്ടിട്ടുണ്ടോ എന്തോ ദൈവമേ' എന്ന് സ്വയം പറഞ്ഞു കാണണം.

സണ്ണി പിന്നെയും ഉപദേശങ്ങള്‍ തുടര്‍ന്നു. രാജു എല്ലാം മൂളി കേട്ടു കൊണ്ടിരുന്നു. പ്രേമം പെരുമാറ്റം തുടങ്ങിയവയെ കുറിച്ച് സണ്ണി രാജുവിന് തിയറി ക്ലാസ്സ്‌ എടുക്കുമ്പോള്‍ ചിക്കനെ എങ്ങനെ സ്നേഹിക്കാം പെരുമാറാം എന്നിവയെ കുറിച്ച് ഞാന്‍ practical ക്ലാസ്സ്‌ എടുത്തു. ഇംഗ്ലീഷില്‍ ക്ലാസ്സ്‌ എടുത്തു തകര്‍ക്കുന്നതിനോടൊപ്പം രണ്ടാമത്തെ ബിയര്‍ കുപ്പിയും കാലിയായി.

അകത്തു പോയ സാധനം പ്രവര്‍ത്തനം ആരംഭിച്ചു തുടങ്ങി. ഞങ്ങള്‍ മൂന്ന് പേര്‍ക്കും അത് മനസ്സിലായി. രാജു അപ്പോഴേക്കും ഇതൊരു ഗോംബടിഷന്‍ ഐറ്റം ആക്കി മൂന്നാമത്തെ കുപ്പി പറയാന്‍ റെഡി ആയി നില്‍ക്കുന്നു. എല്ലാവരെയും നിശബ്ദരാക്കി കൊണ്ട് സണ്ണിച്ചന്‍ ഒരു പ്രസ്താവന ഇറക്കുന്നു :"ഞാന്‍ ഒന്ന് ബാത്ത് റൂം വരെ പോയിട്ട് വരാം"

അങ്ങനെ പുള്ളിക്കാരന്‍ ടോയിലെറ്റില്‍ പോയി വന്നിട്ട് പരിപാടി മുന്നോട്ടു കൊണ്ട് പോവാം എന്ന ധാരണയില്‍ ഞങ്ങള്‍ സമ്മതിച്ചു. ആഫ്ടര്‍ ഓള്‍ ട്രീറ്റ്‌ തരുന്നത് സണ്ണി ആണല്ലോ !

നിമിഷങ്ങള്‍ കടന്നു പോയി.ബാത്ത് റൂമിലേക്കെന്നും പറഞ്ഞു പോയ മനുഷ്യനെ കാണ്മാനില്ല! സണ്ണിച്ചന്‍ മിസ്സിംഗ്‌ കേസ് അന്വേഷിക്കാന്‍ ഞാന്‍ രാജുവിനെ പറഞ്ഞു വിട്ടു. ടോയിലെട്ടിന് അകത്തു കടന്ന രാജുവിനെ വരവേറ്റത് മുട്ട് കുത്തി തല കുമ്പിട്ടു നിക്കുന്ന സണ്ണി ആയിരുന്നു. 'ഇതാണോ പ്രാര്‍ത്ഥിക്കാന്‍ കണ്ട നേരം' എന്നും പറഞ്ഞു രാജു സണ്ണിയുടെ അടുത്തേക്ക് വന്നപ്പോഴാണ് കാര്യങ്ങള്‍ ക്ലിയര്‍ ആയത്‌. ആയുധം വെച്ച് കീഴടങ്ങിയ പടയാളിയെ പോലെ സണ്ണിച്ചന്‍ വാളും വെച്ച് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയി ഇരിക്കുന്ന ഇരിപ്പായിരുന്നു അത്.

ഞാനും രാജുവും കൂടി പുള്ളിയെ താങ്ങിയെടുത്ത് തിരികെ കൊണ്ട് വന്നു കസേരയില്‍ ഇരുത്തി. വടിവാളിനു പിറകെ കൊടുവാള്‍ എന്നത് പോലെ നമ്മള്‍ ഇരുന്നിടത്ത് സണ്ണി അടുത്ത ഔട്പുട്ട് പ്രയോഗം നടത്തുന്നു. വെയിറ്റര്‍ ഓടി വന്നിട്ട് ക്ലീനിംഗ് ചാര്‍ജ് എടുക്കും എന്ന് ഭീഷണിപ്പെടുത്തി. ഇനിയും അവിടെ നിന്നാല്‍ മാനം പോവും എന്ന് ഉറപ്പിച്ച നമ്മള്‍ ഉടന്‍ തന്നെ ബില്‍ പേ ചെയ്തിട്ട് ബാറിനു പുറത്തിറങ്ങി.

അത്രയും നേരം ദേഷ്യം അടക്കിപ്പിടിച്ചിരുന്ന രാജു പെട്ടെന്ന് പൊട്ടിത്തെറിച്ചു : "ഉപദേശിക്കാന്‍ വന്നിരിക്കുന്ന തെണ്ടി! രണ്ട് കുപ്പി അകത്തോട്ടു പോയില്ല... അപ്പോഴേക്കും ദേ ഇഴയുന്നു... താനൊക്കെ ആണെന്നും പറഞ്ഞു എന്തിനാടോ നടക്കുന്നെ ?"

കുറച്ചു ബാറ്ററി ലൈഫ് അപ്പോഴും ബാക്കി ഉണ്ടായിരുന്ന സണ്ണി പതുക്കെ പറഞ്ഞു ഒപ്പിച്ചത് ഇങ്ങനെ : "ഷട്ട് അപ്പ്‌ ബ്ലടി ഫൂള്‍!"

ഇത് കേട്ടതോടെ രാജുവിന് ദേഷ്യം ഇരട്ടിയായി. "അവന്റെ ഒരു ഇംഗ്ലീഷ്... എനിക്കും അറിയാമെടാ ഇംഗ്ലീഷ്.... @#(&#&$($^#!*^#....."

കൊടുങ്ങലൂര്‍ ഭരണി പാട്ടും eminem റാപ്പ് സോങ്ങും ഒരുമിച്ചു കേള്‍ക്കുന്ന അതേ എഫ്ഫക്റ്റ്‌....! ഇംഗ്ലീഷ് ഡിക്ഷനറിയില്‍ പുതുതായി ചേര്‍ക്കാന്‍ എന്ത് മാത്രം വാക്കുകള്‍ ഉണ്ടെന്നു എനിക്ക് അന്നാണ് മനസ്സിലായത്‌. ആഹഹ.... ! എന്താ ലാംഗ്വേജ്.... എന്താ ഫ്ലോ...!

ഞങ്ങള്‍ രണ്ട് പേരുടെ തോളില്‍ താങ്ങി സണ്ണി പടികള്‍ ഇറങ്ങി കൊണ്ടിരിക്കുമ്പോഴാണ് രാജു ഈ തെറി ടെടികെഷന്‍ നടത്തിയത്. അതും പോരാഞ്ഞിട്ട്‌ അവസാനത്തെ പടിക്കെട്ട് എത്തിയപ്പോള്‍ രാജു നൈസ് ആയിട്ട് മാറി. നീര്‍ക്കോലിക്ക് പെരുമ്പാമ്പിനെ താങ്ങാന്‍ കഴിയുവോ ??? പുട്ടുകുടം കണക്കെ സണ്ണിച്ചന്‍ പടിക്കെട്ടിലൂടെ ശയന പ്രദക്ഷിണം നടത്തി താഴെ റോഡില്‍ ഉള്ള പോസ്റ്റില്‍ ഇടിച്ചു നിന്നു. അതേ പോസ്റ്റില്‍ ഞങ്ങള്‍ സണ്ണിയെ ചാരി വെച്ചിട്ട് ഒരു ഓട്ടോ പിടിച്ചു.

റൂമിലേക്ക്‌ തിരിച്ചുള്ള യാത്രക്കിടെ രാജുവിന്റെ ബാക്ക്ഗ്രൌണ്ട് മുസിക്കില്‍ സണ്ണിയുടെ പെര്‍ഫോര്‍മന്‍സ് റൌണ്ട് ! സണ്ണിയുടെ അടക്കിപിടിച്ചുള്ള 'ഷട്ട് അപ്പ്‌' വിളികളും പിച്ചാത്തി പേനാക്കത്തി മുതലായ കുഞ്ഞു വാളുകള്‍ പുറത്തെടുക്കാന്‍ ഉള്ള ശ്രമവും ഒഴിച്ച് നിര്‍ത്തിയാല്‍ രണ്ട് പേരും നന്നായി പെര്‍ഫോം ചെയ്തു എന്നാണ് ജഡ്ജ് ആയ എന്റെ അഭിപ്രായം. രാജു യാത്രയില്‍ ഉടനീളം പാട്ടിന്റെ ടെമ്പോ കീപ്‌ ചെയ്തു എന്നതാണ് ഇവിടെ എടുത്തു പറയേണ്ട മറ്റൊരു വസ്തുത. എന്തായാലും പാതിരാത്രി ഓട്ടോ കഴുകി കൊടുക്കേണ്ട ഗതികേട് സംഭവിച്ചില്ല. ഓട്ടോയില്‍ എങ്ങാനും വാള് വെച്ചിരുന്നെങ്കില്‍ പിറ്റേന്ന് സണ്ണിച്ചന്‍ ഓടയില്‍ നിന്നു ഇറങ്ങി വരുന്ന കാഴ്ച പലരും കണ്ടേനെ... നൂറു തരം !

റൂമിലേക്ക്‌ തൂക്കിയെടുത്തു കൊണ്ട് വന്നിട്ട് ഞങ്ങള്‍ സണ്ണിയെ ഒരു മൂലയിലേക്ക് ചുരുട്ടികൂട്ടിയെറിഞ്ഞു. പിറ്റേ ദിവസം ഉച്ചക്ക് ശരീരമാസകലം വേദനയോടെ ബോധം തെളിഞ്ഞ സണ്ണിച്ചന്‍ ഓഫീസില്‍ പോയ എന്നെയും രാജുവിനെയും മൊബൈലില്‍ മാറി മാറി വിളിച്ചിട്ട് ഒരു ചോദ്യം മാത്രമേ ചോദിച്ചുള്ളൂ :" എടാ ദ്രോഹികളെ ... നിങ്ങളെന്നെ എന്നതാടാ കുടിപ്പിച്ചേ ??!!"

9 comments:

  1. എന്തോന്നെടേ ഇത് ബീറിനകത്ത് നിങ്ങൾ ആനമയക്കി എങ്ങാൻ കലക്കി കൊടുത്തോ? :)

    വിവരണം കലക്കീണ്ട്

    ReplyDelete
  2. ഹി ഹി ഈ പെര്‍ഫോര്‍മന്‍സ് ഞാന്‍ പലവട്ടം കണ്ടതാ പലരുടെ അടുത്ത് നിന്നും....
    ബിയര്‍ എന്നൊക്കെ പറയുമ്പോ ഒരു സഹതാപം ആ അവരുടെ മുഖത്ത്...
    അടിച്ചു തുടങ്ങിയാലോ....ഒന്നര കുപ്പി ചെന്നാല്‍ നേരെ ചെന്ന് വണ്ടിയിലോട്ടു ചായും...പിന്നെ ചോമോന്നോണ്ട് പോയി മുറിയില്‍ ഇടണ്ട ഡ്യൂട്ടി നമുക്കൊക്കെ ആവും..
    ബഹുമാനം കൊടുത്തില്ലേ...ബിയറും ചതിക്കും

    ReplyDelete
  3. @ കാല്‍വിന്‍
    നല്ല ശുദ്ധമായ ബാറിലെ വെള്ളം ആണേ കുടിപ്പിച്ചത്‌ !

    @ കണ്ണനുണ്ണി
    അപ്പൊ മാഷിനു ഈ വക കാര്യങ്ങളില്‍ നല്ല പരിചയം ഉണ്ടല്ലേ ??

    ReplyDelete
  4. tht ws too good... !!!

    ReplyDelete
  5. :D :D
    ഉം ഉം...കള്ള് കുടിച്ച് ബാറില്‍ കെടന്നു അലമ്പ് കാണിചിട്ട് അത് നേരെ രാജുന്റെം സണ്ണി അച്ചന്റെം മണ്ടക്കോട്ടു ചാരി അല്ലെ...

    ReplyDelete
  6. പറയാന്‍ മറന്നു...ഹെഡര്‍ കലക്കന്‍ ആയിട്ടൊണ്ട്..

    ReplyDelete
  7. സത്യം പറയെടാ ... വീല്‍ തിരിഞ്ഞത് നിന്റേതു അല്ലെ...?? ഈ ടൈപ്പ് കഥകള്‍ ആണേല്‍ നമ്മുടെ കൈയില്‍ ഒരു ചെറിയ മഹാഭാരതം ഇരിപ്പുണ്ട്..

    നിനക്ക് -- AKKA 'il മെംബെര്‍ഷിപ്‌ ഉണ്ടോ...??

    ReplyDelete
  8. പാവം സണ്ണിചാന്റെ തലക്കിട്ടു വെച്ച് അല്ലെ ... ഹി ഹി
    കൊള്ളാം ... എമിനം റാപ്പ് + ഭരണിപ്പാട്ട് തകര്‍ത്തു :)

    ReplyDelete
  9. @ പാഷാണം
    എല്ലാം എന്റെ തലേലോട്ടു ചാരണ്ട !

    @ ദാസപ്പന്‍
    നീ എന്നെ കൊണ്ട് പല സത്യങ്ങളും പറയിപ്പിക്കും !

    @ ഹാഫ്‌ കള്ളന്‍
    നന്ദി :)

    ReplyDelete