Thursday, September 10, 2009

ഹൈദരാബാദ് തേപ്പ്

തേപ്പുപെട്ടിയിലെ അന്‍പതാമത്തെ പോസ്റ്റ്‌ എഴുതുന്ന ഈ അവസരത്തില്‍ ബ്ലോഗ്‌ വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും എന്‍റെ നന്ദി ഞാന്‍ ഇവിടെ അറിയിച്ചു കൊള്ളുന്നു (നന്ദി മാത്രമേ ഒള്ളോ എന്ന് ചോദിച്ചു കളയല്ലേ)

ഇത്രയും പോസ്റ്റുകളില്‍ ഇത് വരെ വരാത്ത ഒരു കഥാപാത്രത്തെ ആണ് ഞാന്‍ ഇപ്പോള്‍ പരിചയപെടുത്താന്‍ പോവുന്നത്. നമ്മുടെ എല്ലാം പ്രിയങ്കരനായ ബിനു! ബിനുവിനെ കുറിച്ച് പറയുകയാണെങ്കില്‍ അവനു പത്ത് തലയാ... തനി രാവണന്‍! നമ്മുടെ കോളേജിലെ ചെസ്സ്‌ ചാമ്പ്യന്‍. എഞ്ചിനീയറിംഗ് വര്‍ക്ക്‌ ഷോപ്പില്‍ കാര്‍പെന്‍ട്രി ചെയ്യുമ്പോള്‍ കൈ മുറിഞ്ഞു രണ്ട് തുള്ളി ചോര കണ്ടപ്പോള്‍ മയക്കുവെടി കൊണ്ട ആനയെ പോലെ ചെരിഞ്ഞവന്‍ ബിനു. ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങള്‍ അറിയാതെ ഡ്രൈവിംഗ് പഠിക്കാന്‍ വേണ്ടി ഒരുത്തന്റെ കൈനെടിക്‌ ഹോണ്ട മേടിച്ചു താമരശ്ശേരി ചൊരം ഇറങ്ങി വാഴയില്‍ ഇടിച്ചു നിര്‍ത്തിയത് പോലെ കോളേജിന്റെ അകത്തു വെറുതെ കിടന്ന ബസ്സില്‍ നല്ലൊരു ഇടി ഇടിച്ചു അവിടെയും ഫ്ലാറ്റ് ആയവന്‍ ബിനു (ഭാഗ്യത്തിന് ബസ്സിനു ഒന്നും സംഭവിച്ചില്ല). എഞ്ചിനീയറിംഗ് പഠിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ പരീക്ഷകള്‍ എഴുതി ജോലി കരസ്ഥമാക്കി ബാക്കി ഒള്ളവന്മാരെ IT ഫീല്‍ഡില്‍ സാമ്പത്തിക മാന്ദ്യം കാരണം കമ്പനിയില്‍ നിന്നു ചവിട്ടി പുറത്താക്കിയപ്പോള്‍ പരിപ്പ് വടയും ചായയും മേടിച്ചു തന്ന് ആശ്വസിപ്പിച്ചവന്‍ ബിനു !

പക്ഷെ ബിനുവിന്റെ ആദ്യത്തെ ഹൈദരാബാദ് യാത്ര അവനു ഒരു ഒന്നൊന്നര തേപ്പ് ആവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ദാസപ്പന്‍, ബിനു, ഹരി തുടങ്ങിയവര്‍ ഒരു ദിവസം യാത്ര തിരിക്കുന്നു. ഹരി ബാംഗ്ലൂരില്‍ നിന്നും ബിനു ആന്‍ഡ്‌ ദാസപ്പന്‍ തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ കേറുന്നു. ബിനുവിന്റെ കണ്ടകശനി ആ യാത്ര തുടങ്ങിയപ്പോള്‍ തന്നെ തുടങ്ങുന്നു. യാത്രയുടെ തലേ ദിവസം ദാസപ്പന്റെ ടിക്കറ്റ്‌ കണ്‍ഫേം ആവുന്നു, ബിനു അപ്പോഴും RAC..! പിന്നീട് ടിക്കറ്റ്‌ ചെക്ക്‌ ചെയ്യാന്‍ വന്ന TT മാരെ ദാസപ്പന്‍ കണ്ണുരുട്ടിയും കണ്ണിറുക്കിയും കാലു പിടിച്ചും സമാധാനിപ്പിച്ചു വിട്ടു. ബിനു A/C കോച്ചില്‍ തന്നെ യാത്ര പൂര്‍ത്തിയാക്കിയതിന്റെ ക്രഡിറ്റ്‌ മുഴുവന്‍ ദാസപ്പന് മാത്രം. ആകെമൊത്തം 10 TT മാറി മാറി വന്നു എന്ന് ബിനു പറയുന്നു. ഇനി അവന്‍ കറുത്ത കുപ്പായമിട്ട എല്ലാവരെയും TT ആയിട്ട് തെറ്റിധരിച്ചോ എന്നറിയില്ല.

അങ്ങനെ ഹൈദരാബാദില്‍ എത്തിയ ആദ്യ ദിവസം തന്നെ ബിരിയാണി കഴിച്ചിട്ട് ഞങ്ങള്‍ നാല് പേരും കറങ്ങാന്‍ ഇറങ്ങി. സ്നോ വേള്‍ഡ്, ബിര്‍ള മന്ദിര്‍ ഒക്കെ കണ്ടിട്ട് രാത്രി IMAX ലെ McDonalds-ല്‍ ബര്‍ഗര്‍ കഴിക്കാന്‍ കേറുന്നു. ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈ, കോള എല്ലാം വന്നപ്പോള്‍ ബിനുവിന്റെ അകത്തു ഉറങ്ങി കിടന്ന തീറ്റിപണ്ടാരം സട കുടഞ്ഞു എഴുന്നേറ്റു. ഞൊടിയിട കൊണ്ട് എല്ലാം അപ്രത്യക്ഷം. ബിനുവിന്റെ ഗ്ലാസും ഫ്രീ കിട്ടിയ കുഞ്ഞു ഗ്ലാസും എന്റെയും ഹരിയുടെയും ദാസപ്പന്റെയും ഗ്ലാസില്‍ നിന്നും കുടിച്ച വകയും എല്ലാം കൂടി ഒരു ലിറ്ററില്‍ കൂടുതല്‍ കോളയും അവന്‍ അകത്താക്കി. അങ്ങനെ ഒരു യുദ്ധം കഴിഞ്ഞു തളര്‍ന്നു അവശരായി ഞങ്ങള്‍ റൂമില്‍ വന്നു കിടപ്പായി.

പിറ്റേ ദിവസം രാവിലെ ഏതാണ്ട് അഞ്ചു മണി ആയപ്പോള്‍ എന്തോ ശബ്ദം കേട്ടു ഞാന്‍ ഉണര്‍ന്നു. ചുറ്റും നോക്കിയപ്പോള്‍ ഒരു ബോഡി മിസ്സിംഗ്‌. അതാ ബാത്രൂം തുറന്നു ഒരു തോര്‍ത്തും കെട്ടി ബിനു ഇറങ്ങി വരുന്നു. മൊത്തത്തില്‍ നനഞ്ഞു കുളിച്ചു നില്കുന്നു. ഞാന്‍ കണ്ണ് തിരുമ്മി ഇത് സ്വപ്നം വല്ലതും ആണോ എന്ന് നോക്കി. ബിനുവിന്റെ സ്വഭാവം വെച്ച് നോക്കിയാല്‍ തരം കിട്ടിയാല്‍ ഉറങ്ങുന്ന ടൈപ്പ് ആണ്. ഉറക്കം ആയാല്‍ കുംഭകര്‍ണനു സമം! (ഉറക്കം മാത്രം). ഇതിപ്പോ രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റു കുളിച്ചു കുട്ടപ്പനായി വന്നു നില്‍ക്കുന്നു. കാലം പോയ പോക്കേ ! എന്തായാലും ബിനുവിനെ കണ്ടു പഠിക്കാന്‍ മനസ്സില്ലാത്തത് കൊണ്ട് ഞാന്‍ വീണ്ടും ഉറക്കമായി.

പിന്നെ കണ്ണ് തുറന്നത് 7 മണിക്കാണ്. അപ്പോഴേക്കും ഹരിയും ദാസപ്പനും എഴുന്നേറ്റു. എന്നാല്‍ ബിനു വീണ്ടും കിടപ്പ് തുടരുന്നു. ഇതെന്തു മറിമായം ? രാവിലെ എഴുന്നേറ്റു കുളിച്ചിട്ടു വീണ്ടും കിടക്കുന്നോ ? ഞാന്‍ ചോദിച്ചു : " ഡാ ബിനു... നീ രാവിലെ കുളിച്ചിട്ടു വീണ്ടും ഉറങ്ങുന്നോ ? എന്ത് പറ്റി ??"

ബിനു ഒരു ചമ്മിയ ചിരി ചിരിച്ചു. എന്നിട്ട് പറഞ്ഞു, " കുളിയോ ?? ആര് കുളിച്ചു ? രാവിലെ വയറ്റിനകത്ത് ഒരു ന്യൂനമര്‍ദ്ധം രൂപാന്തരപ്പെട്ടു. പിന്നെ കക്കൂസില്‍ പോയി പേമാരി പോലെ വാള് വെച്ചപ്പോഴാ ആശ്വാസം ആയത്‌. അങ്ങനെ വിയര്‍ത്തു കുളിച്ചു വന്നതായിരിക്കും നീ കണ്ടത് !"

അങ്ങനെ ബിനുവിനു പണി കിട്ടി. അന്ന് കറങ്ങാന്‍ വരില്ല എന്ന് വാശി പിടിച്ച ബിനുവിനെ അനുനയിപ്പിക്കാന്‍ ദാസപ്പന്‍ രംഗപ്രവേശം ചെയ്തു. സംഭാഷണം ഇങ്ങനെ :-

ദാസ്‌ : "ബിനു.... നീ വന്നെ പറ്റൂ... നീ ഇല്ലാതെ നമുക്കെന്തു ജലദോഷം... ഛെ ആഘോഷം ?"
ബിനു : "അതി മനോഹരമായിരിക്കുന്നു ദാസപ്പാ !"
ദാസ്‌ : "എന്നെയാണോ ഉദേശിച്ചത്‌ ?"
ബിനു : "നിന്നെയല്ല... നിന്റെ ഷര്‍ട്ട്‌ ! കണ്ണടിച്ചു പോവുന്ന ചൊമല കളര്‍.... എനിക്ക് അത് കാണുമ്പോഴേ വാള് വെക്കാന്‍ തോന്നുന്നു!"
( ചുവന്ന adidas T shirt ഇട്ടു നിന്ന ദാസപ്പന് അത് സഹിക്കാനായില്ല... )
ദാസ്‌ : "പോടാ തെണ്ടി... 750 രൂപ കൊടുത്തു മേടിച്ച ഒറിജിനല്‍ T shirt ആണിത്....!"
ബിനു: "പഷ്ട്ട് !!! എടാ മണ്ടാ .... 150 രൂപയുടെ സാധനം 750 എന്ന് പറഞ്ഞപ്പോള്‍ ഒറിജിനല്‍ തന്നെ എന്ന് വിചാരിച്ചു മേടിചോളും... !"

എഴുന്നേല്‍ക്കാന്‍ വയ്യെങ്കിലും നാക്കിനു മാത്രം ഒരു പ്രശ്നവുമില്ലാത്ത ബിനുവിന്റെ വക ഐശ്വര്യമായി ഒരു ഗോള്‍ മേടിച്ചു ദാസപ്പന്‍ പിന്‍വാങ്ങുന്നു. അവസാനം ബിനു വരാമെന്ന് സമ്മതിച്ചു (conditions apply). കൊച്ചു കുട്ടികള്‍ക്ക് കുപ്പിപാല് കരുതുന്നത് പോലെ ബിനുവിനു ഒരു energy drink കരുതണം. ORS അഥവാ Electral powder ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആ കുപ്പിയുമായിട്ടയിരുന്നു ബിനു രണ്ട് ദിവസം തള്ളി നീക്കിയത്...!! Golconda ഫോര്‍ട്ട്‌, രാമോജി ഫിലിം സിറ്റി ഇതൊക്കെ കറങ്ങാന്‍ ബിനുവിനു താങ്ങായത് ആ കുപ്പിയില്‍ നിന്നുള്ള ഊര്‍ജം മാത്രമാണ് എന്ന് പറഞ്ഞാല്‍ ആരും ഞെട്ടരുത് !

നമ്മളൊക്കെ ഓരോ ഹോട്ടലില്‍ കേറി വെട്ടി വിഴുങ്ങുമ്പോള്‍ ബിനു കുറച്ചു വെള്ളം കുടിച്ചും കുപ്പി റീഫില്‍ ചെയ്തും സമയം കളഞ്ഞു. അവസാനം കറക്കം ഒക്കെ കഴിഞ്ഞത് കേരളത്തിലേക്ക് തിരിച്ചുള്ള ട്രെയിന്‍ യാത്രയിലും ഒരു കുപ്പി energy drink കരുതാന്‍ ബിനു മറന്നില്ല. പണ്ടേ ചുള്ളികമ്പ്, ഇപ്പോഴോ ഈര്‍ക്കില്‍ എന്ന് പറഞ്ഞത് പോലെയായി തിരികെ പോവുമ്പോള്‍ ബിനുവിന്റെ കോലം!

വാല്‍കഷ്ണം : തന്റെ ജീവന്‍ നിലനിര്‍ത്തിയ ആ കുപ്പിയെ ബിനു ഷോകേസില്‍ തനിക്കു കിട്ടിയ ട്രോഫികള്‍ക്കൊപ്പം പ്രതിഷ്ടിച്ചു എന്നാണ് അവസാനം കിട്ടിയ വാര്‍ത്ത. ദഹനക്കേട് ഇടക്കിടക്കിടക്ക്‌ ബിനുവിനെ പിടികൂടുന്നതിനാല്‍ അവന്റെ ആരോഗ്യവും ആക്രാന്തവും ദിനംപ്രതി കുറഞ്ഞു വരുന്നു എന്ന വിവരവും അറിയിച്ചു കൊള്ളുന്നു.

11 comments:

  1. mcdonalds ഇന് ഇത്ര ശക്തിയോ... പറശ്ശിനി കടവ് മുത്തപ്പാ.. ഞാന്‍ ഇനി അങ്ങോട്ട്ടില്ല..

    ReplyDelete
  2. അമ്പതാം പോസ്റ്റിന് അഭിനന്ദനങ്ങള്‍ :)

    ReplyDelete
  3. Avasanam BINUvineyum thechu allee.......

    ReplyDelete
  4. Nee onnum karangan poyappo enne vilichillallo...Binu karuthi kaanun RAC ennal reserved AC Coach aanennu..athaanu avan Dhyryamaayi koode vannathu...Dasappanu pinne pandey vivaram illathondu avanum onnum nokkiyilla..Poor fellows...enikku chiri varunnu

    ReplyDelete
  5. അങ്ങനെ ബിനുവിന്‍റെ ജീവിതവും സഫലം ആയി... :D

    mcdonalds ലെ ബര്‍ഗര്‍ ന് ഈ ജാതി ഇഫക്റ്റോ??

    ReplyDelete
  6. abhinandanagal mashe..for 50th post :P

    ReplyDelete
  7. പാവം ബിനു...എനി അവന്‍ ഹൈദരാബാദ് കാണാന്‍ വരില്ല..
    അമ്പതു കഴിഞ്ഞു ഇനി നൂറു തേപ്പുകള്‍ ഇവിടെ നിന്ന് പോരട്ടെ...
    :).

    ReplyDelete
  8. അഭിപ്രായം അറിയിച്ച എല്ലാര്‍ക്കും നന്ദി :)
    ആദ്യത്തെ anonymous കമന്റ്‌ ബിനുവിന്റെ വകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു ;)

    ReplyDelete
  9. @ കണ്ണനുണ്ണി
    കോളയാണ് പണി പറ്റിച്ചത് !

    @ ശ്രീ
    നന്ദി .... ഇനിയും വരിക !

    @ Anonymous
    ഹരി അല്ലെ ????

    @ അനില്‍
    നിന്നെ വിളിച്ചാല്‍ പിന്നെ തേപ്പു ഏറ്റുവാങ്ങാന്‍ നീ മാത്രമല്ലേ കാണൂ.... ബാക്കി ഉള്ളവര്‍ക്കും ചാന്‍സ് കൊടുക്കണ്ടേ ?

    ReplyDelete
  10. @ Sesh
    Thank you :)

    @ പാഷാണം
    എല്ലാരും ബര്‍ഗരിനെ കുറ്റം പറയുന്നത് എന്തിനാ ? :o :o :o

    @ കുക്കു
    നന്ദി :)

    ReplyDelete