Sunday, November 14, 2010

മൈ ഡിയര്‍ മീശ


ഓഫീസില്‍ പണിയൊന്നുമില്ലാതെ മീശയും തടവി ഇനി ബാക്കി ഉള്ള സമയം എങ്ങനെ കളയാം എന്ന് തല പുകഞ്ഞു ആലോചിച്ചു കൊണ്ടിരുന്ന എന്നെ ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണര്‍ത്തിച്ച "ട്ടോ" എന്ന ശബ്ദത്തിന്റെ ഉറവിടം അറിയാന്‍ വേണ്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് അപ്പുറത്തെ ക്യുബിക്കിളില്‍ ഇരിക്കുന്ന പ്രിയങ്ക ശര്‍മ എന്ന സുന്ദരിക്കുട്ടിയെ കുറച്ചു ദിവസമായി മുട്ടാന്‍ വേണ്ടി എന്‍റെ അടുത്ത് വന്നു ഓരോ കോമാളിത്തരങ്ങള്‍ കാട്ടിക്കൂട്ടി സ്വയം കോമാളി ആവുന്ന എന്‍റെ സഹമുറിയന്റെ തിരുമുഖം ആയിരുന്നു!

"എന്തുവാടെ ഇത് ? ബോംബ്‌ പൊട്ടിക്കാന്‍ വേറെ സ്ഥലം ഒന്നും കണ്ടില്ലേ ? " ഞെട്ടലില്‍ നിന്നും റിക്കവര്‍ ചെയ്തു മീശ പിരിച്ചു ദേഷ്യത്തോടെ ഞാന്‍ അരഞ്ഞു.. ഛെ.. ആരാഞ്ഞു.

"ചുമ്മാ.. വെറുതെ..." മറുപടി എനിക്കും, നോട്ടം പ്രിയങ്കക്കും !

ഇവനൊന്നും നന്നാവില്ലെന്നു മനസ്സില്‍ വിചാരിച്ചു എന്‍റെ ദിവാസ്വപ്നം കണ്ടിന്യു ചെയ്യാന്‍ തുടങ്ങുമ്പോള്‍ ആണ് ഞാന്‍ അത് കണ്ടത്. മീശ പിരിച്ചു കൊണ്ടിരുന്ന എന്‍റെ വിരലുകളുടെ ഇടയില്‍ മൈ... മൈ... അല്ലെങ്കില്‍ അത് വേണ്ട... മൈ ഡിയര്‍ മീശയുടെ 1 ശതമാനം പറിഞ്ഞു വന്നിരിക്കുന്നു. ഒരു പക്ഷെ ഞെട്ടലില്‍ സംഭവിച്ചതാവാം എന്ന് വിചാരിച്ചു സഹമുറിയനെ മൈ...മൈ.. മൈ ഫേവറിറ്റ് തെറിയും വിളിച്ചു ഞാന്‍ മീശ തടവല്‍ പുനരാരംഭിച്ചു. അധികം വൈകാതെ ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു. വീരപ്പനെയും ശിക്കാരി ശംഭുവിനെയും റോള്‍ മോഡല്‍ ആയി മനസ്സില്‍ കൊണ്ട് നടക്കുന്ന ഇതൊരു പുരുഷനെയും തളര്‍ത്തുന്ന ആ ഭീകര സത്യം :"മീശ കൊഴിച്ചില്‍"

ഇത്രയും കാലം പാല് കുടിച്ചാല്‍ ഉറുമ്പരിക്കും എണ്ണ തേച്ചില്ലേല്‍ പേനരിക്കും എന്ന് വിചാരിച്ചു ആറ്റു നോറ്റ് വളര്‍ത്തിയ എന്‍റെ പൊന്നോമന മീശ ഇതാ എന്നെ വിട്ടു പോകാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ ഇതെങ്ങനെ സഹിക്കും ? അന്നത്തെ ഓഫീസ് സമയം ഞാന്‍ എങ്ങനെയൊക്കെയോ തള്ളി നീക്കി.

തിരികെ റൂമില്‍ എത്തിയിട്ടും എനിക്കൊരു സമാധാനം കിട്ടുന്നില്ല. സഹമുറിയന്മാര്‍ മൂന്നെണ്ണം ഉണ്ടായിട്ടു എന്ത് കാര്യം? രണ്ടെണ്ണം ക്ലീന്‍ ഷേവ്. പിന്നെ ഒരുത്തനുണ്ട് - മീശ ഇല്ല, താടി ഉണ്ട്. ബുള്‍ഗാന്‍ ആണത്രേ ബുള്‍ഗാന്‍ ! ആട് വൈക്കോല്‍ കടിച്ചു പിടിച്ചിരിക്കുന്നത് പോലെയുണ്ട് കാണാന്‍.... കാലം പോയ ഒരു പോക്കേ. ഇവനോടൊക്കെ മീശ പ്രശ്നം പറയാതിരിക്കുന്നതാ നല്ലത്. ഇതൊരു രോഗമാണോ ഡോക്ടര്‍ എന്ന് ആരോട് ചോദിക്കും ? ഡോക്ടറുടെ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു ! ഞാന്‍ മൊബൈല്‍ എടുക്കുന്നു....

Call സുജിത്ത്
==========
"ഹലാ സുജിത്തേ..."
"ങാ പറയെടാ... എന്തുണ്ട് വിശേഷം ?"
"ഡാ... എന്‍റെ മീശ കൊഴിയുന്നു !"
"ഹാ ഹാ.. അതിനെന്താ... മീശയല്ലേ.. പല്ലോന്നും അല്ലല്ലോ... "
"എന്നാലും മീശ ഇല്ലാത്ത പുരുഷനും പല്ല് കൊഴിഞ്ഞ സിമ്മവും ഒരു പോലെയാടാ.."
"ഡാ... നീ വിചാരിക്കുംപോലെ ഒന്നുമല്ല.. മീശയിലല്ല കാര്യം... "
"പിന്നെ ?"
കര്‍ത്താവിന്റെ കുഞ്ഞാടായിരുന്ന സുജിത്ത് സാത്താന്റെ സന്തതിയായോ എന്ന് അറിയാന്‍ അവന്റെ അടുത്ത ടയലോഗിനായി ഞാന്‍ കാതോര്‍ത്തു.
"കീശയിലാ കാര്യം !" (ഹാവൂ !)
"എന്നാലും സ്വാമി രോമാനന്ദ തിരുവടികള്‍ ആയ നീ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരൂ !"
"ഒന്ന് പോടെ... ഞാന്‍ ഇവിടെ തലയിലെ മുടി കൊഴിച്ചില്‍ എങ്ങനെ കുറയ്ക്കാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴ അവന്റെ ഒരു മീശ... ഹും !"
എന്‍റെ മീശയെ അധിക്ഷേപിച്ചത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല....
"സുജിത്തേ... നിന്റെ താമസ സ്ഥലത്ത് കറുത്ത കരടിയെ കണ്ടതായി വാര്‍ത്ത കേട്ടു... നീ ഷര്‍ട്ട്‌ ഇടാതെ വല്ലോം പുറത്ത് ഇറങ്ങിയോ?"
അതിനു മറുപടിയായി കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ അഥവാ തെറി കേട്ടു തുടങ്ങിയപ്പോള്‍ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു !


Call സുബിന്‍
==========
"ഹലോ സുബിന്‍ "
"ഹലോ "
ആ ഹലോ കേട്ടപ്പോഴാണ് എനിക്ക് ബോധോദയം ഉണ്ടായത്. കൃഷിയിറക്കി ഒരു നെല്‍ കതിരിനായി കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന കര്‍ഷകന്റെ മനസ്സും, ഒരു തുള്ളി മഴയ്ക്ക്‌ വേണ്ടിയുള്ള വേഴാമ്പലിന്റെ ദാഹവും, പിഞ്ചു കുഞ്ഞിന്റെ പുഞ്ചിരി തൂകുന്ന "മീശ ഇല്ലാത്ത" സന്തൂര്‍ (ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല) മുഖവും ഉള്ള സുബിനെ ആണല്ലോ ഞാന്‍ അബദ്ധത്തില്‍ ഡയല്‍ ചെയ്തത്. എന്‍റെ മീശ പ്രശ്നം പറഞ്ഞു പാവം അവനെ കൂടുതല്‍ ദുഖിതന്‍ ആക്കാന്‍ ഞാന്‍ ഒരുക്കമല്ല!

"ഹലോ സുബിന്‍.. സുഖാണോ ? എനിക്ക് സുഖമാ... ഇവിടെ വേറെ വിശേഷം ഒന്നുമില്ല... അവിടെ നല്ല വിശേഷം തന്നെ എന്ന് കരുതുന്നു... സംസാരിച്ചതില്‍ സന്തോഷം.. അപ്പൊ ശരി... പിന്നെ വിളിക്കാം.. bye !"
"...."

ഇനി ഫ്രഞ്ച് ദാസപ്പന്‍ തന്നെ ശരണം !


Call ദാസപ്പന്‍
===========
"ഹലോ ദാസപ്പാ "
"ഹലോ ഹലോ ...നീ പറയുന്നത് ഒന്നും ക്ലിയര്‍ അല്ല.. ഇവിടെ റേഞ്ച് കുറവാ..എന്താടാ ?"
"എടാ.. എന്‍റെ മീശ കൊഴിയുന്നു !"
"ഹലോ...എന്ത് ? നിന്റെ ദോശ കരിയുന്നെന്നോ ? നീ പാചകവും തുടങ്ങിയാ...?? കരിയുന്നെങ്കില്‍ തിരിച്ചിടെടാ... മണ്ടന്‍ !"
"ഓ.. എടാ തലതിരിഞ്ഞവനേ ... റേഞ്ച് ഉള്ള വല്ലിടത്തും പോടാ... എന്‍റെ മീശ കൊഴിയുന്നെന്ന് !"
"മീശ കൊഴിച്ചില്‍... ബുഹഹഹ.. എന്‍റെ ഊശാന്‍ താടിയെ കളിയാക്കിയ നിനക്ക് അത് തന്നെ വരണമെടാ.. ഇവിടെ പ്രൊജക്റ്റ്‌ വര്‍ക്കുമായി തല പുകഞ്ഞു ഇരിക്കുവാ "
"തല പുകയാന്‍ നീ തലയില്‍ കുന്തിരിക്കം കത്തിച്ചു വെച്ചിട്ടുണ്ടോ ? എന്തെങ്കിലും പോംവഴി പറഞ്ഞു താടാ !"
"ഒരു വഴിയെ ഉള്ളു... പുകഞ്ഞ കൊള്ളിയും കൊഴിഞ്ഞ മീശയും പുറത്ത് ... ഷേവ് ചെയ്യുക !"
"എന്ത് ??? ഇത്ര കണ്ണില്‍ ചോരയില്ലാത്ത വര്‍ത്തമാനം പറയാന്‍ നിനക്ക് എങ്ങനെ മനസ്സ് വന്നു? എന്‍റെ പ്രിയപ്പെട്ട മീശ ഞാന്‍ എങ്ങനെ ഷേവ് ചെയ്തു കളയും ?"

"i will explain... സൂക്ഷിച്ചു കേട്ടോണം...
ആദ്യം Requirement Analysis - അതായത് മീശ എത്ര വളര്‍ന്നിട്ടുണ്ട്, എത്ര സമയം കൊണ്ട് ഷേവ് ചെയ്യണം, ഷേവ് ചെയ്യാന്‍ എത്ര പേര് വേണം എന്നിങ്ങനെ.. അടുത്തത് Tools - ഷേവിംഗ് സെറ്റ് അല്ലെങ്കില്‍ ബ്ലേഡ്, ഷേവിംഗ് കരീം, കണ്ണാടി etc... Environment - വീട്,റൂം അല്ലെങ്കില്‍ ബാര്‍ബര്‍ ഷോപ്പ്... പിന്നെ Design phase - ഷേവിംഗ് ക്രീമോ സോപ്പോ എടുത്ത് മീശക്കു മുകളില്‍ ഒരു design തീര്‍ക്കുക.. ഇനി Coding അഥവാ ചിരയ്ക്കല്‍ ആരംഭിക്കാം. എങ്ങാനും മുറിഞ്ഞു ചോര വന്നാല്‍ Exception അടിച്ചു എന്ന് ഓര്‍ക്കുക. ഇനി Testing - കണ്ണാടി നോക്കി എല്ലാം ക്ലീന്‍ ആയോ ഇല്ലെയോ എന്ന് verify ചെയ്യുക... ആയില്ലെങ്കില്‍ വീണ്ടും ചിരയ്ക്കുക.. ഏറ്റവും അവസാനം Deployment & Release - അതായത് മുഖം നല്ലോണം കഴുകിയിട്ട് ഗെറ്റ് ഔട്ട്‌ ഹൗസ് !"

ഇത്രയും കേട്ടതോടെ എന്‍റെ സ്വബോധം ഏതാണ്ട് നഷ്ടപ്പെട്ടു !
"എല്ലാം മനസ്സിലായി... ഇതൊരു രോഗമാണ് ദാസപ്പാ... gudnite !"

അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കൊതുകുകള്‍ പതിവിലും രൂക്ഷമായി അറ്റാക്ക്‌ നടത്തി. പോരാത്തതിനു മീശ പ്രശ്നവും! എന്തായാലും നേരം വെളുത്തപ്പോഴേക്കും ഞാന്‍ ഒരു തീരുമാനം എടുത്ത് കഴിഞ്ഞിരുന്നു.

പിറ്റേ ദിവസം പുഴുങ്ങിയ കോഴിമുട്ട കണക്കെ മിനുസമുള്ള മുഖവുമായി ഞാന്‍ ലോകത്തിനു മുന്നില്‍ ഇറങ്ങി ചെന്നു. മറ്റുള്ളവരുടെ "ദീപസ്തംഭം മഹാശ്ചര്യം" നോട്ടവും അടക്കം പറച്ചിലും പരിഹാസച്ചിരിയും ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ചുണ്ടിനു മുകളില്‍ നെഞ്ചും വിരിച്ചു നിന്നിരുന്ന മീശ ഇല്ലാത്തതിന്റെ ദുഃഖം ഞാന്‍ കടിച്ചമര്‍ത്തി. എന്‍റെ ക്യുബിക്കിളിലേക്ക് വേദനയോടെ നടന്നു നടക്കുമ്പോള്‍ പ്രിയങ്ക ശര്‍മ്മയും മുഖം പൊത്തി ചിരിക്കുന്നുണ്ടായിരുന്നു.

അത് കാണാത്ത ഭാവത്തില്‍ ഞാന്‍ സീറ്റില്‍ വന്നിരുന്നു സിസ്റ്റം ഓണ്‍ ചെയ്തു ഇനി എന്ത് ചെയ്യും എന്ന് ആലോചന തുടങ്ങാന്‍ നേരം അടുത്ത് നിന്നു ഒരു കിളിനാദം.

"hey... u look different...nice and cute !"

ഹെന്ത് ?? തള്ളെ... ഈ മോന്ത കൊള്ളാമെന്നു ആ ചെല്ലക്കിളി പറയണ കേട്ടാ... ഇത്രയും കാലം ഒന്ന് വിഷ് പോലും ചെയ്യാതെ ഇരുന്നവള്‍ ഇന്ന് മീശ പോയതോടെ ഇങ്ങോട്ട് മിണ്ടുന്നു. ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു - "താങ്ക്സ്"

മനസ്സില്‍ എവിടുന്നോ ഒരു മൂളിപ്പാട്ട് വന്നു ...'കഭി കഭി മേരെ ദില്‍ മെ ... '

Sunday, July 4, 2010

ബോംബര്‍ മാന്‍

ഈ മനുഷ്യന്‍ എല്ലായിടത്തും ഉണ്ട്. പല വേഷത്തിലും പല രൂപത്തിലും ഇദ്ദേഹം നിങ്ങളുടെ ഒപ്പം കൂടും. ആദ്യനോട്ടത്തില്‍ പാവത്താനെ പോലെ ഇരിക്കുമെങ്കിലും ആക്രമണം തുടങ്ങിയാല്‍ പിന്നെ ജീവനും കൊണ്ടു ഓടുക മാത്രമേ ഒരു പോംവഴി ഉള്ളൂ. ആരാണ് ബോംബര്‍മാന്‍ ? എന്താണ് ഇത്ര ഭയപ്പെടാനുള്ളത് ? പറയാം.... അതിനു മുന്‍പ് ബോംബര്‍മാന്റെ ആക്രമണത്തില്‍ നിന്നും ജീവനും കൊണ്ടു രക്ഷപെട്ട രണ്ട് ചെറുപ്പക്കാരെ നമുക്ക് പരിചയപ്പെടാം - ദാസപ്പന്‍ & ബിനു !

ഹൈദരാബാദ് തേപ്പ് കഴിഞ്ഞ് ദാസപ്പനെയും ബിനുവിനെയും ഞാന്‍ ട്രെയിനില്‍ തിരികെ യാത്രയാക്കുന്നു. AC കോച്ചില്‍ നഴ്സിംഗ് പഠിക്കാന്‍ വരുന്ന തരുണീ മണികളുടെ ഇടയില്‍ ഇരുന്നോണ്ട് ഒരു ഉല്ലാസ യാത്ര സ്വപ്നം കണ്ട അവന്മാരെ ഒരു ആന്ധ്രാ ഫാമിലിയിലെ രണ്ട് അമ്മച്ചിമാരുടെ ഇടയില്‍ പ്രതിഷ്ടിച്ചിട്ടു ടാറ്റാ പറഞ്ഞു ഞാന്‍ പോന്നു.വരാനിരിക്കുന്ന മാരക തേപ്പിനെ കുറിച്ച് പാവങ്ങള്‍ അറിയുന്നില്ലല്ലോ !

പിറ്റേ ദിവസം രാവിലെ ആന്ധ്രാ കുടുംബം ഏതോ സ്റ്റേഷനില്‍ ഇറങ്ങി പോയി. കോച്ച് കാലിയായി തുടങ്ങി. സമയം ഉച്ചക്ക് 12:30. തൃശൂര്‍ സ്റ്റേഷനില്‍ വണ്ടി എത്തി ചേര്‍ന്നു. ദാസപ്പനും ബിനുവും ഊണ് പാര്‍സല്‍ മേടിച്ചത് കഴിക്കാന്‍ തുടങ്ങി. ട്രെയിന്‍ പതുക്കെ അനങ്ങി തുടങ്ങിയപ്പോള്‍ അവര്‍ ഇരിക്കുന്ന കോച്ചില്‍ അയാള്‍ എത്തിച്ചേര്‍ന്നു - സാക്ഷാല്‍ ബോംബര്‍മാന്‍! ഇദ്ദേഹത്തെ നമുക്ക് മിസ്റ്റര്‍ B എന്ന് വിളിക്കാം.ഊണ് കഴിക്കല്‍ കോമ്പടീഷന് നടുവിലേക്ക് ഒരു ചെറു പുഞ്ചിരിയോടെ ആ ആജാനുബാഹു കടന്നു വന്നു. 'നമ്മളെ നോക്കി ചിരിക്കാന്‍ ഇയാളാരുവ്വാ' എന്ന മട്ടില്‍ അവരും തിരിച്ചു ഒരു ചിരി പാസ്‌ ആക്കി. അവര്‍ ഇരിക്കുന്ന അതേ വശത്തുള്ള ഒറ്റ സീറ്റില്‍ ആ മനുഷ്യന്‍ ഇരിപ്പുറച്ചു. എന്നിട്ട് മിസ്റ്റര്‍ B കലാപരിപാടികള്‍ ആരംഭിച്ചു. ആദ്യം ബാഗ്‌ തുറന്നു ഒരു പൊതി പുറത്തെടുത്തു. നല്ല ബെസ്റ്റ് കപ്പയും മീന്‍കറിയും. ദാസപ്പനും ബിനുവും കഴിച്ചു തീരും മുന്‍പേ പുള്ളിക്കാരന്‍ ഒരു കിലോയോളം വരുന്ന കപ്പ മുഴുവന്‍ തിന്നു ഏമ്പക്കം വിട്ടു. പിന്നെ ആര്‍ക്കും ശല്യം ഉണ്ടാക്കാതെ ഒരു പുസ്തകവും തുറന്നു പിടിച്ചു അതില്‍ മുഴുകി ഇരിപ്പായി. ബിനുവും ദാസപ്പനും അപ്പോഴേക്കും ആ ചെറിയ സ്ഥലം അവരുടെ തറവാട് സ്വത്താക്കി പ്രഖ്യാപിച്ചു ലാപ്‌ ടോപ്‌ ഒക്കെ പുറത്തെടുത്തു പാട്ടും കേട്ട്‌ ഇരിപ്പ് തുടര്‍ന്നു.

ഒരു മണിക്കൂര്‍ നേരം പ്രശ്നമൊന്നുമില്ലാതെ യാത്ര തുടര്‍ന്നു. പെട്ടന്നാണ് ഒരു ഒച്ച കേട്ടത്. ചീറ്റിയ പടക്കത്തിന് തീ കൊളുത്തുമ്പോള്‍ ഉണ്ടാവുന്ന ശബ്ദം! ശബ്ദം കേട്ടതും ബിനുവിനു കാര്യം പിടികിട്ടി. അവന്‍ ദാസപ്പനെ രൂക്ഷമായി നോക്കി. എന്നിട്ട് മനസ്സില്‍ വിചാരിച്ചു : "അലവലാതി... കണ്ടതെല്ലാം വാരി വലിച്ച് വിഴുങ്ങിക്കോളും. ഒത്തിരി ദേഹം, പക്ഷെ ഇത്തിരി ശബ്ദം ! എന്‍റെ പോന്നോ..."

പാട്ടും കേട്ടിരുന്ന പാവം ദാസപ്പന്‍ ഇതൊന്നും അറിയുന്നില്ല. ബട്ട്‌ എന്തോ ചീഞ്ഞു നാറുന്നത് ദാസപ്പന്‍ മണത്തു കണ്ട് പിടിച്ചു! അവന്‍ ബിനുവിനെ തുറിച്ചു നോക്കി. എന്നിട്ട് വിചാരിച്ചു: "ഒന്നും അറിയാത്ത പോലെ ഇരിക്കണ കണ്ടില്ലേ... ഇത്തിരി ദേഹം, പക്ഷെ ഒത്തിരി മണം... നാറി !"

അല്‍പ നേരം കഴിഞ്ഞപ്പോള്‍ അടുത്ത ശബ്ദം. ഇപ്പ്രാവശ്യം പടക്കം നല്ലോണം പൊട്ടി. രണ്ട് പേരും വ്യക്തമായി ശബ്ദം കേട്ടു. ശബ്ദത്തിന്റെ ഉറവിടം അറിയാന്‍ വേണ്ടി രണ്ട് പേരും തല തിരിച്ചു. മിസ്റ്റര്‍ B പുസ്തകത്തില്‍ നിന്നും കണ്ണെടുക്കാതെ ഇരിപ്പുണ്ടായിരുന്നു ! AC കോച്ചില്‍ തണുപ്പിനൊപ്പം പെര്‍ഫ്യും അളവും കൂടി കൂടി വന്നു. ദാസപ്പന്‍ ബിനുവിനെ ദയനീയമായി നോക്കി. ബിനു അതിലും ദയനീയമായി ദാസപ്പനെ നോക്കി.

മിനിട്ടുകള്‍ കടന്നു പോയി. ഏറുപടക്കം മാറി ഓലപ്പടക്കം ആയി. ഓലപ്പടക്കം മാറി സാക്ഷാല്‍ മാലപ്പടക്കം വരെ എത്തി. ഇടയ്ക്കിടയ്ക്ക് ഗുണ്ടും ! അപൂര്‍വ്വം ചിലത് ചീറ്റി പോവുന്നു. കാതിനു സംഗീതവും കാറ്റിനു സുഗന്ധവും പരത്തി കൊണ്ടു ആ വെടിക്കെട്ട്‌ തുടര്‍ന്നു.

ദാസപ്പനും ബിനുവും ശ്വാസമടക്കി പിടിച്ചിരുന്നു (വേറെ നിവര്‍ത്തിയില്ലല്ലോ). സഹികെട്ട് ബിനു ദാസപ്പനോട് ഒരു ചോദ്യം : "പഞ്ഞിയുണ്ടോ ദാസപ്പാ മൂക്കില്‍ വെക്കാന്‍ ?"

ദാസപ്പന്‍ ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് പറഞ്ഞു : "പഞ്ഞിയില്ല.. പകരം ഹെഡ് സെറ്റ് ന്റെ ഇയര്‍ പ്ലുഗ് എടുത്ത് മൂക്കില്‍ തിരുകിക്കോ! "

മിസ്റ്റര്‍ B യുടെ നോണ്‍ സ്റ്റോപ്പ്‌ കൊണ്ടാട്ടം തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ ബിനു വീണ്ടും : "ദാസപ്പാ... നിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ എനിക്ക് പണ്ട് സ്കൂളില്‍ വെച്ചു പഠിച്ച ഒരു കവിത ഓര്‍മ വരുന്നു... ഞാന്‍ അത് ചൊല്ലട്ടെ ?"

ദാസപ്പന്റെ കണ്ണ് തള്ളി.. ഇവനിതെന്തു പറ്റി ? എല്ലാം കൂടി വലിച്ച് കെട്ടി പാവം കിറുങ്ങി കാണും. അപ്പോഴേക്കും ബിനു ചൊല്ലി തുടങ്ങി....

"ചക്ഷു ശ്രവണ ഗളസ്ഥമാം ദര്ദുരം
ഭക്ഷണത്തിനപേക്ഷിക്കുന്നത് പോലെ
ദുര്‍ഗന്ധത്താല്‍ പരിഗ്രസ്തമാം ദാസപ്പന്‍
നാസികാ ദ്വാരത്താല്‍ ഓക്സിജന്‍ തേടുന്നു !"

ബിനുവിനു സാഷ്ടാംഗം വീണു കൊണ്ടു ദാസപ്പന്‍ പറഞ്ഞു : "എടാ, എനിക്കും കവിത ചൊല്ലാന്‍ അറിയാം. എനിക്കും ഒരു കവിത ഓര്‍മ വരുന്നുണ്ട്... ഇന്നാ പിടിച്ചോ"

ഊശാന്‍ താടി തടവി കൊണ്ടു ആശാന്‍ ദാസപ്പന്‍ ചൊല്ലി തുടങ്ങി.....

"അങ്കിളിന്‍ ചുവട്ടില്‍ നിന്ന-
ആദ്യത്തെ ബോംബു പൊട്ടേ,
ബിനു തന്‍ നേത്രത്തില്‍ നിന്ന-
ഉതിര്‍ന്നൂ ചുടു കണ്ണീര്‍ !"

ബിനുവിന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു തുളുമ്പി... "മകനെ... നീ ദാസപ്പന്‍ അല്ലെടാ.... പൊന്നപ്പനാ... പൊന്നപ്പന്‍ !"

യുദ്ധം തീര്‍ന്ന രണഭൂമി പോലെ രംഗം ശാന്തമായി. അവശേഷിച്ചത് നിങ്ങള്‍ ഊഹിച്ചത് പോലെ രണ്ട് പോരാളികള്‍ മാത്രം. ബിനു ദാസപ്പനോട് രഹസ്യം പറഞ്ഞു,"അളിയാ അങ്ങേരുടെ സിലിണ്ടര്‍ കാലിയായെന്നാ തോന്നുന്നെ... രക്ഷപെട്ടു!"

ദാസപ്പന്‍ അപ്പോഴും ശ്വാസം വിടാന്‍ മടിച്ചു കൊണ്ടു മൂങ്ങയെ പോലെ മൂളി: "ഊം ഊം "

ശത്രുപാളയത്തിലേക്ക് ഒളികണ്ണിട്ടു നോക്കിയ കമാണ്ടര്‍ ബിനു ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടു !

മിസ്റ്റര്‍ B പുസ്തകം മടക്കി വെച്ചിട്ട് ബാഗിന്റെ അകത്തേക്ക് കൈ ഇട്ടു. എന്നിട്ട് ഒരു വലിയ പൊതി കപ്പ ചിപ്സ് എടുത്ത് വെച്ചു തീറ്റി തുടങ്ങി !

കമാണ്ടര്‍ ബിനു കമാണ്ടര്‍ ദാസപ്പനു വയര്‍ലെസ്സ് വഴി വിവരം അറിയിച്ചു... "ഹലോ ഹലോ ... ശത്രു വീണ്ടും ബോംബാക്രമണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്... വെടിമരുന്നു നിറച്ചു തുടങ്ങി.. ഏതു നിമിഷവും ആക്രമണം പ്രതീക്ഷിക്കാം... ഓവര്‍ !"

കമാണ്ടര്‍ ദാസപ്പന്‍: "ഹലോ ഹലോ ... ആര്‍ യൂ ഷുവര്‍ ? ശത്രു നമ്മളെ തന്നെയാണോ ടാര്‍ജെറ്റ്‌ ചെയ്തെക്കുന്നെ ? ഓവര്‍ !"

ബിനു വീണ്ടും ബൈനോക്കുലര്‍ കണ്ണടയിലൂടെ നോക്കി. മിസ്റ്റര്‍ B കാലുംമേല്‍ കാല്‍ കേറ്റി വെച്ചു കുറച്ചു കൂടി ' ഫ്രീ ' ആയിട്ട് ഇരുന്നു.

ബിനു വീണ്ടും :"ഹലോ ഹലോ ... ശത്രു പീരങ്കി നമുക്ക് നേരെ ഉന്നം പിടിച്ചു കഴിഞ്ഞു..! ഇനി എന്ത് ചെയ്യും ? ഓവര്‍ "

കമാണ്ടര്‍ ദാസപ്പനു രണ്ടാമതൊന്നു ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല... "എസ്ക്കേപ്പ് ...!"

നിമിഷ നേരം കൊണ്ട് തുണിയും ബാഗും ലാപ്‌ ടോപ്പും എല്ലാം വാരി പെറുക്കിയെടുത്തു ദാസപ്പനും ബിനുവും അടുത്ത കോച്ചിലേക്ക് ഓടെടാ ഓട്ടം !

Tuesday, June 29, 2010

തേപ്പ് @ കോഫി ഹൗസ്


സാധാരണ മലയാളികള്‍ക്ക് പഴ്സിന്റെ ഭാരം കുറയാതെയും ശരീരഭാരം കൂടാതെയും ഭക്ഷണം കഴിക്കാന്‍ പറ്റുന്ന ഒരു നല്ല സ്ഥലമാണ് കോഫി ഹൗസ്. ബീച്ചില്‍ പോയി വായിനോട്ടവും കോഫി ഹൗസില്‍ കേറി കടലെറ്റ് തീറ്റിയും ഞങ്ങളുടെ സ്ഥിരം വിനോദങ്ങളില്‍ ഒന്ന് മാത്രം. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍, ദാസപ്പന്‍,അശ്വിന്‍ പിന്നെ ഹരി. ഇതില്‍ പരിചയമില്ലാത്ത കഥാപാത്രം അശ്വിന്‍ !

ആശ്വിനെ കുറിച്ച് പറയുവാണേല്‍ സുന്ദരന്‍,സുമുഖന്‍,സുശീലന്‍,സുരാഗുരാഗന്‍ എന്നൊക്കെ പറഞ്ഞേ തീരൂ. ഈ പോസ്റ്റിന്റെ കൂടെയുള്ള പടം കണ്ടാല്‍ നിങ്ങളും അത് തന്നെ പറയും. ആ നിഷ്കളങ്കമായ മുഖത്ത് നിന്നു കണ്ണെടുക്കാന്‍ തോന്നില്ല. കണ്ടാല്‍ ഒരു പാവത്താന്റെ ലുക്ക്‌ ഒക്കെ ഉണ്ടെങ്കിലും ആള് ഫയങ്കരനാ ! നമ്മുടെ ഭാഗത്ത്‌ നിന്നു എന്തെങ്കിലും ഒരു പാസ്‌ കിട്ട്യാല്‍ മതി,അശ്വിന്‍ ഗോള്‍ അടിച്ചു കേറ്റും.നൂറു തരം!. ഉറങ്ങി കിടക്കുന്നവനെ വിളിച്ചുണര്‍ത്തി ഗോള്‍ അടിച്ച ചരിത്രമുണ്ട്, പിന്നല്ലേഉണര്‍ന്നിരിക്കുന്നവര്‍ ‍! എന്നിരുന്നാലും ആശ്വിനും ഒരിക്കല്‍ തേഞ്ഞു തരിപ്പണമായി... ആ സംഭവം ഇങ്ങനെ.

അശ്വിന്‍ ചെന്നൈയില്‍ നിന്നും ലീവിന് വന്നപ്പോള്‍ ഒരു ദിവസം ഞങ്ങള്‍ കോഫി ഹൗസില്‍ ഒത്തു കൂടി. പതിവ് പോലെ കടലെറ്റ് തീറ്റി ഒക്കെ കഴിച്ചു കഴിഞ്ഞ് തളര്‍ന്നിരിക്കുമ്പോള്‍ വെയിറ്റര്‍ ചേട്ടന്‍ വന്നു കുടിക്കാന്‍ എന്തെങ്കിലും വേണോ എന്ന് ചോദിക്കുന്നു. അശ്വിന്‍ ഉടന്‍ തന്നെ ചാടി കേറി പറഞ്ഞു : " ലെമനേട് (lemonade)!"

വെയിറ്റര്‍ ചേട്ടന്‍ : "എന്തെടുക്കാന്‍ ?" പാവത്തിന് കാര്യം പിടികിട്ടിയില്ല !

അശ്വിന്‍ വീണ്ടും: "ലെമനേട്... ലെമണ്‍ ജൂസ്, ഐസ്, വാട്ടര്‍..."

അശ്വിന്‍ ലെമണ്‍ ട്രീ കേറും എന്നൊരു അവസ്ഥ എത്തുന്നതിനു മുന്‍പ് ഹരി ഇടപെട്ടു :"ചേട്ടാ.. എല്ലാര്‍ക്കും നാരങ്ങവെള്ളം !"

വെയിറ്റര്‍ ചേട്ടന്‍ ആശ്വിനെ അടിമുടി ഒന്ന് നോക്കിയിട്ട് പോയി. അവനു അപ്പോഴും കാര്യങ്ങള്‍ പിടികിട്ടുന്നില്ല.

"ലെമനേട് എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാന്‍ എന്താ ഇത്ര ബുദ്ധിമുട്ട് ?"

ഞങ്ങള്‍ ആകെ ആശയ കുഴപ്പത്തില്‍ ആയി. പണ്ടൊക്കെ 'ഉപ്പിട്ട് ഒരു ബോഞ്ചി വെള്ളം താ അണ്ണാ' എന്നും പറഞ്ഞോണ്ട് നടന്ന ചെറുക്കനായിരുന്നു. ഇപ്പൊ വാ തുറന്നാല്‍ 'ലെമനേട്' ! കാലം പോയ ഒരു പോക്കേ... !

അശ്വിന്‍ പിന്‍വാങ്ങുന്നില്ല. "ചെന്നൈയില്‍ ഒക്കെ ഞാന്‍ ഇങ്ങനെ തന്നെയാ ഓര്‍ഡര്‍ ചെയ്യുന്നേ"

ഗോള്‍ കേറ്റാന്‍ ഇത് തന്നെ പറ്റിയ അവസരം. ഞങ്ങള്‍ മൂന്ന് പേരും തുടങ്ങി.

ദാസപ്പന്‍: "അതേയതേ... ചെന്നൈയില്‍ നീ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കേറി കഞ്ഞിയും പയറും കൊഴുക്കട്ടയും ഓര്‍ഡര്‍ ചെയ്യാറുണ്ട് അല്ലേ ?"

ഹരി: "അങ്ങനെ അല്ലെടാ... ചെന്നൈയില്‍ ഇവന്‍ തട്ടുകടയില്‍ ചെന്ന്‌ കാശ്മീരി പുലാവും മലായ് കൊഫ്തയും ഓര്‍ഡര്‍ ചെയ്യാറുണ്ട് ... ആം ഐ കറക്റ്റ് ?"

ഞാന്‍ : " ഹോട്ടലും തട്ടുകടയും ഒക്കെ പോട്ടെ.... പൂക്കടയില്‍ ചെന്നിട്ടു 'കോളിഫ്ലവര്‍ ഉണ്ടോ' എന്ന് നീ ചോദിച്ചിട്ടില്ലെടാ?"

അശ്വിന്റെ തലയിലെ ട്യൂബ് ലൈറ്റ് അവസാനം ഓണ്‍ ആയി.

"എന്തെര് പറയാന്‍ എന്‍റെ അളിയാ....വയറ് നിറഞ്ഞു ... കത്തിയും മുള്ളും ഒക്കെ ഇട്ടിട്ടു വാടേ.. ബോഞ്ചി വെള്ളങ്ങള് കുടിച്ചിട്ട് വേഗം പോവാം..!"

Tuesday, June 22, 2010

മൊബൈല്‍ തേപ്പ്

സമയം ഉച്ചക്ക് 2 മണി കഴിഞ്ഞു 25 മിനിറ്റ്. കമ്പനിയില്‍ എല്ലാവരും ലഞ്ച് അടിച്ചതിന്റെ ക്ഷീണത്തില്‍ അവരവരുടെ ക്യുബിക്കിളില്‍ ഉറങ്ങാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ചു ഇരിക്കുന്നു. ഇര വിഴുങ്ങിയ ആനക്കൊണ്ടയെ പോലെ ദാസപ്പനും കസേരയില്‍ ചുരുണ്ട് കൂടി ഇരിപ്പുണ്ട്. മുന്നിലുള്ള കമ്പ്യൂട്ടര്‍ സ്ക്രീനില്‍ SQL server. ഡാറ്റാബേസ് കൊറികള്‍ (query) തിരിച്ചും മറിച്ചും എക്സിക്യൂട്ട് ചെയ്ത് പരവശനാവുന്നതല്ലാതെ ഉത്തരം മാത്രം കിട്ടുന്നില്ല. ഈ കൊറികള്‍ കൂടാതെ വൈകിട്ട് ചായക്കൊപ്പം കൊറിക്കാന്‍ പരിപ്പുവടയാണോ അതോ പഴംപൊരിയാണോ എന്നതും ഉത്തരം കിട്ടാത്ത വേറൊരു ചോദ്യം !

ട്രിംഗ് ട്രിംഗ് .... ട്രിംഗ് ട്രിംഗ് !

നിശബ്ദതയ്ക്കു ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു കൊണ്ടു ദാസപ്പന്റെ മൊബൈല്‍ തുള്ളിക്കളിച്ചു. എടുത്ത് നോക്കിയപ്പോള്‍ 'unknown number'. ഇതാരപ്പാ എന്ന് മനസ്സിലോര്‍ത്തു കൊണ്ടു അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

'ഹലോ'
'ഹലോ.....'

അപ്പുറത്ത് നിന്നും ഒരു കിളിനാദം. പെണ്ണ് തന്നെ ! അത്രയും നേരം വാതം വന്നവനെ പോലെ തളര്‍ന്നു കിടന്ന ദാസപ്പന്‍ അടുത്ത നിമിഷം കോമ്പ്ലാന്‍ ബോയ്‌ ആയി.

'ഹലോ... ആരാ ??'
'എന്നെ മനസ്സിലായില്ലേ ? നമ്മള്‍ ഇതിനു മുന്‍പ് സംസാരിച്ചിട്ടുണ്ട് !'

ങേ ??? ദാസപ്പന്‍ കണ്ഫ്യുഷ്യസ് ആയി. ആരാണാവോ ? ബാംഗ്ലൂര്‍ ടീന ? ചെന്നൈ അനന്തലക്ഷ്മി അതോ ഇനി കൊച്ചിയിലെ ആതിര എന്നൊക്കെ പറയാന്‍ ദാസപ്പന്‍ ആഗ്രഹിച്ചു. പക്ഷെ ചുമ്മാ പറഞ്ഞിട്ടെന്തു കാര്യം? ദാസപ്പന്‍ മനസ്സില്‍ ഒരു കൊറി അയച്ചു.

SELECT * FROM പഴയ_കേസുകെട്ട്‌ WHERE സ്റ്റാറ്റസ് = SINGLE order by സൌന്ദര്യം

'ആരാണെന്നു മനസ്സിലാവുന്നില്ല... എങ്ങനെയാ പരിചയം ?'
'ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ... ഇനി ഇത് ഇങ്ങനെ നീട്ടിക്കൊണ്ടു പോവാന്‍ പറ്റില്ല...'

ദാസപ്പന്റെ തലയില്‍ ഒരു കൊള്ളിയാന്‍ മിന്നി! എന്ത് നീട്ടിക്കൊണ്ടു പോവാന്‍ ? അവന്‍ ഉടന്‍ തന്നെ കൊറിയില്‍ ചില മാറ്റങ്ങള്‍ വരുത്തി.

SELECT * FROM പഴയ_കേസുകെട്ട്‌ WHERE ഭാവി IN (പാര, തേപ്പ്, പെരുവഴി, കെണി, പോക്കുമുതല്‍) ORDER BY DISTANCE_FROM_TVM

'കുട്ടി എന്തൊക്കെയ പറയുന്നേ ? എനിക്കൊന്നും മനസ്സിലാവുന്നില്ല !'
'ഇപ്പൊ തന്നെ എല്ലാവരും അറിഞ്ഞു തുടങ്ങി. എന്തൊരു നാണക്കേടാ... ഒന്ന് ആലോചിച്ചു നോക്കൂന്നെ ! ഇനിയെങ്കിലും ഞാന്‍ പറയുന്നത് ഒന്ന് കേട്ടുകൂടെ ?'

AC മുറിയില്‍ ഇരുന്നിട്ട് കൂടി ദാസപ്പന്‍ വിയര്‍ത്തു കുളിച്ചു. എല്ലാരും എന്ന് പറഞ്ഞാല്‍ ആരോക്കെയാടീ കൊച്ചേ ?? നാട്ടുകാര്‍,വീട്ടുകാര്‍,കൂട്ടുകാര്‍ തുടങ്ങിയ കാറുകള്‍ ആയിരിക്കും! തല്ല് മേടിച്ചു കൂട്ടുന്ന വഴി അറിയൂല. ഈ അപവാദം എങ്ങാനും ഓഫീസിലെ റിസപ്ഷനിസ്റ്റ് സുന്ദരി അറിഞ്ഞാല്‍ പിന്നെ ഇവിടെ നിന്നു രാജിവെക്കാനേ നിവര്‍ത്തിയുള്ളൂ.. മൗസ് വെച്ചു സ്ക്രീന്‍ രണ്ട് തവണ റിഫ്രഷ് ചെയ്തിട്ട് എല്ലാം ശരിയാവാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു. ദാസപ്പന്‍ അവസാനമായി മനസ്സില്‍ വിചാരിച്ച കൊറികള്‍ ഇപ്രകാരം...

DELETE പഴയ_കേസുകെട്ട്‌
UPDATE ജീവിതം SET സ്റ്റാറ്റസ് = ബ്രഹ്മചാരി
COMMIT

രണ്ടും കല്‍പ്പിച്ചു ദാസപ്പന്‍ ദേഷ്യത്തില്‍ ചോദിച്ചു...

'നീ എതാടി പെണ്ണേ ? കുറച്ചു നേരമായല്ലോ മനുഷ്യനെ വടി ആക്കണ വര്‍ത്തമാനം തുടങ്ങിയിട്ട്... ആരാണെന്ന് മര്യാദയ്ക്ക് പറഞ്ഞോ...അതാ നല്ലത്...'

അപ്പുറത്ത് നിശബ്ധത... അടുത്ത നിമിഷം മറുപടി വന്നു...

'നിനക്ക് ഈ ബോറടിപ്പിക്കുന്ന ട്രിംഗ് ട്രിംഗ് മാറ്റി നല്ല അടിപൊളി പാട്ട് ഇട്ടു കൂടെ..??? **ഡിഷ്‌** (സൌണ്ട് എഫ്ഫക്റ്റ്‌)
-- കേട്ടില്ലേ കേട്ടില്ലേ എന്‍റെ കള്ള ചെറുക്കന് കല്യാണം --- ഈ പാട്ട് നിങ്ങളുടെ കോളര്‍ ട്യൂണ്‍ ആയി സെറ്റ് ചെയ്യാന്‍ 1 അമര്‍ത്തുക !'

**ഡിഷ്‌** (വീണ്ടും സൌണ്ട് എഫ്ഫക്റ്റ്‌ )... ഫോണ്‍ തറയിലേക്കു വലിച്ച് എറിയുമ്പോ ഉണ്ടാവുന്ന ശബ്ദം ഒന്ന് കേള്‍ക്കേണ്ടത് തന്നെയാണേ !

Thursday, April 29, 2010

മോങ്ങാനിരുന്നവന്റെ തലയില്‍


ദിവസങ്ങളോളം പണിയെടുത്തിട്ടു ലോക്കല്‍ ഹോട്ടലിലെ വെയിറ്റര്‍ നു ടിപ്സ് വെക്കുന്നത് പോലെ കിട്ടുന്ന ഏതാനും കുറച്ചു ലീവിന് ഞാന്‍ നാട്ടിലെത്തി. എന്നെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൂട്ടി കൊണ്ട് പോവാന്‍ സുജിത് വന്നിട്ടുണ്ടായിരുന്നു. പെട്ടികള്‍ അല്പം അധികം ഉണ്ടായിരുന്നതിനാല്‍ സുജിത്തിനെ പോലെ തടിമിടുക്കുള്ള ഒരാള്‍ കൂടെ ഉള്ളത് എനിക്ക് ഒരു ആശ്വാസമായിരുന്നു.

അമ്മിക്കല്ലിന്റെ ശരീരപ്രകൃതിയുള്ള സുജിത്തിനെ അന്വേഷിച്ച എന്റെ കണ്ണുകള്‍ ചെന്ന് പതിച്ചതോ മുരിങ്ങക്കായക്ക്‌ വിഗ്ഗ് വെച്ചത് പോലത്തെ ഒരു രൂപത്തില്‍ ! താടിയും മുടിയും വളര്‍ത്തിയ ആ പട്ടിണി കോലം എന്റെ നേരെ നടന്നു വന്നു. ചിരിക്കുന്നുണ്ടോ എന്നറിയാന്‍ ടോര്‍ച് അടിച്ചു നോക്കേണ്ടി വരുമെന്നത് കൊണ്ട് ഞാന്‍ ചിരിച്ചില്ല. അപ്പോഴാണ്‌ ഒരു ശബ്ദം !

“എന്താടാ മിഴിച്ചു നോക്കണേ ? ഇത് ഞാനാ !”

അതെ... സുജിത്തിന്റെ ശബ്ദം! ആ കോലത്തിന്റെ മുഖത്തുള്ള താടിമീശരോമ കുറ്റിക്കാട്ടില്‍ നിന്നും പുറപ്പെട്ട ആ ധ്വനി എന്റെ കാതില്‍ വന്നു പതിച്ചു.

“ഈശ്വരാ..... എന്ത് പറ്റിയെടാ നിനക്ക് ? വല്ല അസുഖവും വന്നോ? ഭക്ഷണം ഒന്നും കഴിക്കാറില്ലേ ? സന്യസിക്കാന്‍ തീരുമാനിച്ചോ? എന്തെങ്കിലും വിഷമം ഉണ്ടോ ?എപ്പടി ഇരുന്ത നീ ഇപ്പടി ആയിട്ടെന്‍ ?”

എല്ലാ ചോദ്യങ്ങള്‍ക്കും കൂടി സുജിത് ഒറ്റവാക്കില്‍ മറുപടി തന്നു യോഗം പിരിച്ചു വിട്ടു

“ഡയറ്റിംഗ് “

സന്തോഷമായി സുജിത്തേട്ടാ... ഇനി എന്റെ പെട്ടികള്‍ ആര് ചുമക്കും ? എന്റെ ബാഗ്‌ ആര് ചുമക്കും? എന്നെ ആര് ചുമക്കും ?

അപ്പോള്‍ സുജിത് ചുമച്ചു !

“ഡാ... മഴ പെയ്യാന്‍ സാധ്യത ഉണ്ട്. എനിക്ക് തണുപ്പ് കൊള്ളാന്‍ വയ്യ. നല്ല ജലദോഷം ഉണ്ട്. വേഗം പോവാം”

ഞാന്‍ റെഡി. സുജിത്ത് മെലിഞ്ഞാല്‍ പെട്ടി താങ്ങരുത് എന്നുണ്ടോ ? ഐശ്വര്യമായി ലഗ്ഗേജ് ഞാന്‍ സുജിത്തിന് കൈമാറി. ചെറിയ പെട്ടി എനിക്കും വലിയ പെട്ടി സുജിത്തിനും. അവന്‍ വലിയ പെട്ടി വലിച്ചാ മതി ! സുജിത്തിന്റെ മുഖത്ത് ഒരു വിമ്മിഷ്ടം... സെക്കന്റ്‌ ഹാന്‍ഡ്‌ വണ്ടിയെ പരിശോധിക്കുന്നത് പോലെ അവന്‍ പെട്ടിയെ പരിശോധിക്കുന്നു. പെട്ടിയുടെ ഭാരവും ബലവും പിന്നെ വീല്‍ പഞ്ചര്‍ ആണോ എന്നൊക്കെ കാര്യമായി നോക്കുന്നു. ഇവനിതെന്തു പറ്റി?

“നോക്കി നില്‍ക്കാതെ വേഗം വലിച്ചോണ്ട് വാടാ “ എന്റെ ക്ഷമ നശിച്ചു തുടങ്ങി.

മനസ്സില്ലാമനസ്സോടെ സുജിത്ത് പെട്ടിയും വലിച്ചു നടന്നു തുടങ്ങി. ഞാന്‍ പത്തു ചുവടു മുന്നോട്ടു വെച്ചില്ല... അപ്പോഴേക്കും പിന്നില്‍ നിന്നും ദയനീയമായ ഒരു സ്വരം.

“എന്തോന്നാടെ ഇതിനകത്ത് ? കരിങ്കല്ല് വല്ലതും ആണോ? പതുക്കെ പോടാ... ഒടുക്കത്തെ വെയിറ്റ്‌ !”

സുജിത്തിനെ ചുമക്കാന്‍ ഇനി കൂലിക്കാരെ വിളിക്കേണ്ടി വരുമോ എന്നാലോചിച്ചു മുന്നോട്ടു നടന്ന വീണ്ടും ഒരിടത്ത് എത്തി നിന്നു. ഏന്തി വലിഞ്ഞു പരവശനായി സുജിത്തും അവിടെ എത്തി.

ശ്വാസത്തിന് വേണ്ടി കിതക്കുന്നതിനിടെ അവന്‍ ചോദിച്ചു, “ എന്താടാ നിന്നത് ? തളര്‍ന്നു പോയോ ?”

ഞാന്‍ പുഞ്ചിരിച്ചു. എന്നിട്ട് നേരെ വിരല്‍ ചൂണ്ടി. സുജിത് അങ്ങോട്ട്‌ നോക്കി. അവന്‍ ഞെട്ടി.

“ഓ ജീസസ്‌...”

ബാലികേറാമല പോലെ നമ്മുടെ മുന്നില്‍ സ്റേഷന്‍ മേല്‍പ്പാലം. അത് കേറിയാലെ ഒന്നാം പ്ലാറ്റ്‌ ഫോമില്‍ എത്തുള്ളൂ ! പണ്ടേ ദുര്‍ബല ഇപ്പൊ ഗര്‍ഭിണി എന്ന് പറഞ്ഞത് പോലെയായി സുജിത്തിന്റെ അവസ്ഥ.

“നോ... നെവര്‍... ഈ പെട്ടിയും ക്യാരി ചെയ്തു ബ്രിഡ്ജ് കേറി ഇറങ്ങാന്‍ എനിക്ക് പറ്റില്ല.... ഐ ഡോണ്ട് ഹാവ് എനി സ്ട്രെങ്ങ്ത് ...!

സുജിത്തിന്റെ ശക്തി സുജിത്തിന് അറിയില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ ജാംബവാന്റെ റോള്‍ സ്വീകരിച്ചു.വാല്‍ ഇല്ലാത്ത ഹനുമാന്റെ റോളില്‍ തകര്‍ത്തു പെര്‍ഫോം ചെയ്യുന്ന സുജിത്തിനോട് അരുളി ചെയ്തു.

“സുജിത്ത് , മൈ സണ്‍... ഇറ്റ്‌ ഈസ്‌ വെരി ഈസി‍..... യു കാന്‍ ഡു ഇറ്റ്‌ !”

സുജിത് അവന്റെ ഡയലോഗ് ഡെലിവറിയിലുള്ള കഴിവ് പുറത്തെടുത്തു :”പോടാ പട്ടീ !”

അവസാനം പെട്ടി എക്സ്ചേഞ്ച് ചെയ്യാതെ സുജിത് ഒരടി മുന്നോട്ടു വെക്കില്ല എന്നായപ്പോള്‍ എനിക്ക് ആ കടുംകൈ ചെയ്യേണ്ടി വന്നു. എന്റെ ഇരട്ടി വലിപ്പം ഉള്ള പെട്ടിയും താങ്ങി ഞാന്‍ പാലം കേറി ഇറങ്ങി. സത്യത്തില്‍ ശക്തി തിരിച്ചറിയാതെ പോയത് ഞാന്‍ ആയിരുന്നു ! കൂടാതെ മറ്റൊരു കാര്യം കൂടി ഞാന്‍ മനസ്സിലാക്കി – ചങ്ങാതി നന്നായാല്‍ പെട്ടി ചുമക്കണ്ട!

മഴ ചെറുതായി പെയ്തു തുടങ്ങിയതിനാല്‍ സുജിത്ത് കര്‍ചീഫ്‌ എടുത്ത് തലയില്‍ കെട്ടി. പെട്ടികള്‍ ഒക്കെ പ്രയാസപ്പെട്ടു കാറിനകത്ത്‌ കേറ്റി, എന്നിട്ട് ഞങ്ങള്‍ യാത്ര ആരംഭിച്ചു. സുജിത്ത് അപ്പോഴും തലേക്കെട്ട് മാറ്റിയിരുന്നില്ല. ഇത് ശ്രദ്ധിച്ച ഞാന്‍ പറഞ്ഞു," ഇപ്പൊ നിന്നെ കണ്ടാല്‍ തലയ്ക്കു അടി കിട്ടിയത് പോലെ ഉണ്ട്"

സുജിത്ത് മൌനം പാലിച്ചു. എന്നിട്ട് കുറച്ചു കഴിഞ്ഞു പറഞ്ഞു," നിനക്കറിയാമോ? പണ്ട് കോളേജില്‍ വെച്ചു എനിക്ക് തലയ്ക്കടി കിട്ടി ഇത് പോലെ കെട്ടും കെട്ടി ഞാന്‍ നടന്നിട്ടുണ്ട് !"

വണ്ടിയുടെ വേഗതയ്കൊപ്പം സുജിത്തിനെ മനസ്സും പിന്നോട്ട് പോയി. ആ കഥന കഥ നിങ്ങള്‍ക്കും കേള്‍ക്കണ്ടേ ?

*ഫ്ലാഷ് ബാക്ക് *

ഫസ്റ്റ് ഇയര്‍ എഞ്ചിനീയറിംഗ് വര്‍ക്ക്‌ ഷോപ്പ്. സ്മിത്തി ചെയ്യാന്‍ ഉള്ള ലോഹകഷണങ്ങള്‍ മുറിക്കാന്‍ വേണ്ടി ആരോഗ്യമുള്ള മൂന്ന് പേരുടെ സഹായം വേണ്ടി വന്നു. കലികാലം എന്ന് പറഞ്ഞാല്‍ മതിയല്ലോ... അന്ന് നല്ല ആരോഗ്യം ഉണ്ടായിരുന്നത് സുജിത്തിന്റെ
കഷ്ടകാലം.അങ്ങനെ സുജിത്തിനും നറുക്ക് വീണു. പണി വളരെ എളുപ്പം. ഒരു നീണ്ട ലിവര്‍ മൂന്ന് പേരും ചേര്‍ന്നു താഴേക്കു ശക്തിയായി വലിക്കുക. ദാട്സ് ഓള്‍!



എല്ലാവരും ഉയരം അനുസരിച്ച് നിരന്നു നിന്നു. നമ്മുടെ കഥാനായകന്‍ ആയ സുജിത്ത് നടുക്ക് സ്ഥാനം പിടിച്ചു.

റെഡി... വണ്‍... ടൂ.. ത്രീ... ഠിം !

കമ്പി മുറിയുമ്പോ ഇങ്ങനെയും ശബ്ദമോ? സുജിത്ത് മാത്രം ഊഞ്ഞാലാ ഊഞ്ഞാലാ എന്ന് ആടി കൊണ്ടിരിക്കുന്നു. ഭൂമി കറങ്ങുന്നത് സുജിത്ത് അന്ന് നേരില്‍ കണ്ടു. തലയില്‍ കൈ വെച്ചപ്പോ ചോര പൊടിയുന്നു. ബാക്കി ദിവസം ലീവ് മേടിച്ചു നേരെ ആശുപത്രിയിലേക്ക്. അവിടെ ഉണ്ടായിരുന്ന നേഴ്സ് സുജിത്തിന്റെ ഹെയര്‍ സ്റ്റൈല്‍ നു കുഴപ്പം ഒന്നും ഉണ്ടാക്കാതെ തലയില്‍ നല്ലൊരു കെട്ട് കെട്ടിക്കൊടുത്തു.

വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടും സുജിത്തിന് ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍ പേടിയായത് കൊണ്ടും പിറ്റേ ദിവസം തന്നെ ആശാന്‍ ഹാജര്‍. കാണുന്നവരോടൊക്കെ എന്ത് പറയും എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ബാത്‌റൂമില്‍ തെന്നി വീണെന്ന് പറയാമെന്നു വെച്ചാല്‍ പരിക്ക് നെറുകം തലയില്‍ ആണല്ലോ. ബാത്ത് റൂമില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടെന്നു കരുതി തറയിലേക്കു ഡൈവ് ചെയ്താല്‍ മാത്രമേ ഇങ്ങനെ ഒരു പരിക്ക് പറ്റാന്‍ സാധ്യത ഉള്ളു. ഇനി ഇപ്പൊ ആരെങ്കിലും ഇരുട്ടടി അടിച്ചെന്നു വിചാരിക്കുമോ? മാനം പോയത് തന്നെ.

ഇങ്ങനെ നൂറു കൂട്ടം സംശയങ്ങളുമായി സുജിത്ത് ക്ലാസ്സിനു മുന്നിലെത്തി, ഗുണ്ടകളെ അടിച്ചു നിലംപരിശാക്കി പരിക്ക് പറ്റിയ നായകനെ പോലെ വലതു കാല്‍ വെച്ചു ക്ലാസിനകത്തു കേറിയ സുജിത്തിനോട് പിന്‍ ബെഞ്ചില്‍ ഇരുന്ന ഏതോ ഒരു അലവലാതി ഉറക്കെ വിളിച്ചു ചോദിച്ചു....

"എന്ത് പറ്റി അളിയാ ? തലയില്‍ തേങ്ങാ വീണോ ?"

കഥ പറഞ്ഞു പൂര്‍ത്തിയാക്കിയ സുജിത്തിന്റെ മുഖത്ത് വിരിഞ്ഞ ചമ്മല്‍ എങ്ങനെയാ വര്‍ണ്ണിക്കുക ? പ്രൈസ് ലസ് !

Thursday, April 1, 2010

ഷോക്കിംഗ് യാത്ര

വൈകുന്നേരം അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നഗരം മുങ്ങി കുളിച്ചു. ഞാന്‍ വാച്ചിലേക്ക് നോക്കി. സമയം 6 മണി ആവാന്‍ പോവുന്നു. ഇറങ്ങുക തന്നെ ! എന്‍റെ വരവും കാത്തു അവള്‍ പുറത്ത് നില്‍പ്പുണ്ടായിരുന്നു. മഴ മുഴുവന്‍ കൊണ്ടു ആകെ നനഞ്ഞു ഒരു പരുവമായിട്ടുണ്ട്‌. മഴത്തുള്ളികള്‍ ഇറ്റിറ്റു വീണു കൊണ്ടിരുന്ന അവളുടെ ശരീരം ഇളം വെയിലില്‍ വെട്ടിത്തിളങ്ങി. ഞാന്‍ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു. മഴ നനഞ്ഞതിനാലോ അതോ ഞാന്‍ ഇറങ്ങാന്‍ താമസിച്ചത് കൊണ്ടോ എന്തോ അവള്‍ ഒന്ന് ചലിക്കുക പോലും ചെയ്തില്ല. അടുത്തെത്തി കഴിഞ്ഞു ഞാന്‍ അവളുദ് മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളില്‍ എന്‍റെ രൂപം പ്രതിഫലിച്ചു. അവളുടെ തണുത്ത ശരീരത്തില്‍ ഒട്ടി പിടിച്ച ബാക്കി മഴത്തുള്ളികള്‍ ഞാന്‍ കൈ കൊണ്ടു പതുക്കെ തുടച്ചു മാറ്റി.

എന്നിട്ട്.... എന്നിട്ട്... ഞാന്‍ പതുക്കെ അവളുടെ.... പുറത്ത് കേറി ഒരു ചവിട്ട്‌ വെച്ചു കൊടുത്തു !

ഒറ്റച്ചവിട്ടിന് ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കിയ സന്തോഷത്തോടെ ഞാന്‍ വീട്ടിലേക്കു യാത്ര തിരിച്ചു. എന്നത്തേയും പോലെ ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള ഒരു സാധാരണ മടക്കയാത്ര എങ്ങനെയാണ് ഷോക്കിംഗ് ആയത്‌ എന്നല്ലേ അറിയേണ്ടത് ? പറയാം !

തണുത്ത കാറ്റൊക്കെ കൊണ്ടു ബൈക്കില്‍ പോവാന്‍ തന്നെ ഒരു പ്രത്യേക സുഖമാണ്. ചെറിയ ചാറ്റല്‍ മഴയും കൂടി ആയാല്‍ പിന്നെ പറയുകയേ വേണ്ടാ.. കുളിര് കൊണ്ടു ശരീരമാസകലം രോമാഞ്ചം വരും. അങ്ങനെ കുളിരൊക്കെ കൊണ്ടു യാത്ര ചെയ്യുമ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്... രോമാഞ്ചം അല്പം കൂടുതല്‍ അല്ലേ എന്നൊരു സംശയം.... എസ്പെഷലി കൈപ്പത്തികളില്‍. ആദ്യമൊന്നും ഞാന്‍ കാര്യമാക്കിയില്ല. പിന്നെ പിന്നെ കുളിര് മാറി സൂചി കുത്തുന്നത് പോലെ ഒരു ഫീലിംഗ് ഒക്കെ ആയപ്പോ ഞാന്‍ ഇന്‍വെസ്ടിഗേഷന്‍ തുടങ്ങി. ബ്രേക്ക്‌ ആന്‍ഡ്‌ ക്ലച്... രണ്ടും പിടിക്കുമ്പോഴാണ് ഈ പ്രശ്നം. യൂറീക്ക !

ബ്രേക്ക്‌ ആന്‍ഡ്‌ ക്ലച് രണ്ടിലും കറന്റ്‌ അഥവാ ഷോക്ക്‌ അടിക്കുന്നു. ശിവ ശിവ! ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. വലിയ ഷോക്ക്‌ അല്ലെങ്കില്‍ തന്നെയും ഞെരി പിരി കൊല്ലാന്‍ ഇതൊക്കെ മതി. ഉടന്‍ തന്നെ വണ്ടി സൈഡ് ആക്കി കര്‍ചീഫ്‌ എടുത്ത് ഹാന്‍ഡില്‍ മൊത്തത്തില്‍ തുടച്ചു നനവ്‌ ഒക്കെ കളഞ്ഞു. ടെസ്റ്റ്‌ ഡ്രൈവ് നടത്തിയപ്പോ ഷോക്ക്‌ പിന്നേം തെങ്ങില്‍ തന്നെ. വണ്ടി ഉപേക്ഷിച്ചു പോവാന്‍ പറ്റില്ല... തള്ളാന്‍ ഉള്ള ആരോഗ്യമില്ല... നന്നാക്കാന്‍ ഉള്ള ബുദ്ധിയുമില്ല... രണ്ടും കല്‍പ്പിച്ചു ഓടിക്കുക തന്നെ... ഡ്രൈവിംഗ് സ്റ്റൈല്‍ കുറച്ചു മാറ്റം വരുത്തിയെന്ന് മാത്രം.

സദ്യക്ക് ഇലയില്‍ നിന്നും അച്ചാറ് ഒരു വിരല്‍ വെച്ചു തോണ്ടിയെടുക്കുന്നത്‌ പോലെ ഒരു വിരല്‍ കൊണ്ടു ബ്രേക്ക്‌ അല്ലെങ്കില്‍ ക്ലച് പിടിക്കുന്നത്‌ നിര്‍ത്തി. ഒറ്റ വിരലില്‍ കൂടി കറന്റ്‌ പോവുമ്പോ എന്താ ഒരു സുഖം ! അത് കൊണ്ടു അല്പം ആക്രാന്തം കാണിക്കുക തന്നെ... നാല് പറ്റുമെങ്കില്‍ അഞ്ച് വിരലും യുസ് ചെയ്യാന്‍ തുടങ്ങി.

ട്രാഫിക്‌ ബ്ലോക്കില്‍ പെടുമ്പോള്‍ ആണ് പാട്... ക്ലച്ചും ബ്രേയ്കും ഒരുമിച്ച് പിടിച്ചു ഞാന്‍ വെളിച്ചപ്പാടിനെ കൂട്ട് വിറച്ചു കൊണ്ടിരിക്കും. നാട്ടുകാര്‍ നോക്കുമ്പോ ബൈക്ക് നെക്കാളും കുലുക്കം ബൈക്ക് ഓടിക്കുന്ന ആള്‍ക്ക്! എന്‍റെ പ്രാണവേദന അവര്‍ക്ക് മനസ്സിലാവില്ലല്ലോ. അവസാനം ആടിയുലഞ്ഞു എങ്ങനോക്കെയോ വീടെത്തി ചേര്‍ന്നു.

പിറ്റേന്ന് വണ്ടിക്കു യാതൊരു കുഴപ്പവുമില്ല. നനഞ്ഞാല്‍ മാത്രമേ ആള് പിശകാവൂ. ബാറ്ററിയില്‍ നിന്നും എവിടെയോ ഷോര്‍ട്ട് ആവുന്നു എന്നാണു FIR റിപ്പോര്‍ട്ട്‌. അത് ശരിയാക്കുന്നത് വരെ ഞാന്‍ നനഞ്ഞാലും സാരമില്ല പക്ഷെ ബൈക്ക് നനയാന്‍ ഞാന്‍ സമ്മതിക്കൂലാ !

Sunday, February 14, 2010

പ്രണയദിനാശംസകള്‍




" Two souls with but a single thought
Two hearts that beat as one "
- John Keats


എല്ലാവര്‍ക്കും പ്രണയദിനാശംസകള്‍ !

Thursday, February 11, 2010

അവതാരം

ഇത് ഹോളിവുഡ് ചിത്രമായ 'അവതാര്‍' ന്റെ റിവ്യൂ അല്ല. പകരം ആ സിനിമ കാണാന്‍ പോയ ചില അവതാരങ്ങള്‍ക്കു നേരിടേണ്ടി വന്ന കുറച്ചു സംഭവങ്ങള്‍ മാത്രം. ഈ പോസ്റ്റില്‍ പ്രത്യക്ഷപ്പെടുന്ന അവതാരങ്ങള്‍ : ഞാന്‍, ദാസപ്പന്‍, ബിനു, സുബിന്‍.

ടിക്കറ്റ്‌ നേരത്തെ ബുക്ക്‌ ചെയ്തതിനാല്‍ ബുദ്ധിമുട്ടൊന്നുമില്ലാതെ ഞങ്ങള്‍ തിയേറ്ററിന്റെ അകത്തു കേറി സീറ്റുകളില്‍ സ്ഥാനം ഉറപ്പിച്ചു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ലൈറ്റ് ഒക്കെ ഓഫ്‌ ആയി. ആദ്യമായി ഒരു 3D പടത്തിന്റെ ട്രെയിലര്‍ ആയിരുന്നു കാണിച്ചത്. ഉടന്‍ തന്നെ ഞങ്ങള്‍ 3D കണ്ണട ഒക്കെ എടുത്തു വെച്ചു.ട്രെയിലര്‍ കഴിഞ്ഞപ്പോള്‍ അങ്ങേ അറ്റത് നിന്നും ഒരു അശരീരി സുബിന്റെ വക.




"എടാ, നിങ്ങള്‍ക്ക് 3D എഫെക്റ്റ് വല്ലതും തോന്നിയോ? എനിക്ക് മൊത്തത്തില്‍ ഒരു മങ്ങല്‍!"

ഞങ്ങള്‍ പരസ്പരം നോക്കി ഇവന് മാത്രം എന്താണാവോ പ്രശ്നം? ഇനി 3D കണ്ണടക്കു വല്ല പ്രശ്നവും ഉണ്ടോ?

"ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെടാ. നിനക്ക് മാത്രം എന്താ അങ്ങനെ തോന്നാന്‍ ?"

സുബിന്‍ എന്‍റെ നേരെ സൂക്ഷിച്ചു നോക്കി. എന്നിട്ട് ഒരു ചോദ്യം !

"നിന്റെ കണ്ണട എവിടെ ?"

"അതല്ലേ മൂക്കില്‍ ഇരിക്കുന്നത് ?"

"3D കണ്ണട അല്ലടാ... പവര്‍ ഗ്ലാസ്‌ എവിടെ ?"

"അതും ഇരിപ്പുണ്ട് ... രണ്ടും കൂടി ഒരുമിച്ച് വെച്ചിരിക്കുവാടാ !"

"ഓഹോ .... is that so?"

പവര്‍ ഗ്ലാസ്‌ പോക്കറ്റില്‍ ഇട്ടിട്ടു 3D കണ്ണട മാത്രം വെച്ചിട്ട് ഒരുത്തന്‍ ഇംഗ്ലീഷ് ടയലോഗ് അടിക്കുന്നു. അപ്പൊ പിന്നെ മങ്ങല്‍ അല്ലാതെ വേറെ എന്തോന്ന് കാണാന്‍ ?

ഞാന്‍ സുബിനെ ഉപദേശിച്ചു.

"രണ്ടും കൂടി ഒരുമിച്ച് വെച്ചാല്‍ മതി. എല്ലാം ശരിയാവും "

വെടിമരുന്നും തീപ്പെട്ടിയും ഒന്നിച്ചു വെക്കാന്‍ പറഞ്ഞത് കൂട്ട് സുബിന്‍ എന്നെ ദയനീയമായി നോക്കി.

"രക്ഷയില്ലാ... എന്‍റെ മൂക്കില്‍ രണ്ടും ഒരുമിച്ച് വെക്കാന്‍ പറ്റില്ല.."

സുബിന്റെ മൂക്കിന്റെ കഥനകഥ : ആനക്ക് സൗന്ദര്യം തുമ്പിക്കൈ എന്നത് പോലെ സുബിന്റെ ഗ്ലാമര്‍ മുഴുവന്‍ മൂക്കിലാണ്. ഗ്ലാമര്‍ കൂടി കൂടി ഇനി എല്ലാരേയും മൂക്കില്‍ കേറ്റി കളയും എന്നൊരു വിചാരം സുബിന് വരണ്ടാന്നു വെച്ചിട്ട് ദൈവം ഒരു ചെറിയ പണി കൊടുത്തു. മൂക്കിന്റെ പാലത്തില്‍ ഒരു സ്പീഡ് ബ്രേക്കര്‍ ഫിറ്റ്‌ ചെയ്തു! അവിടെ ഇപ്പൊ കഷ്ടിച്ച് ഒരു കണ്ണട വെക്കാനുള്ള സ്ഥലം മാത്രമേ ഉള്ളു.രണ്ട് കണ്ണട വെച്ചാല്‍ ഒന്ന് പൊങ്ങിയും ഒന്ന് താണും ഇരിക്കും. ഇതാണ് സുബിനെ കുഴപ്പത്തിലാക്കിയത്

അപ്പോഴേക്കും പടം തുടങ്ങിയതിനാല്‍ 'രണ്ട് കണ്ണടയും ഒരു സുബിനും' എന്ന റിയാലിറ്റി ഷോ ഞാന്‍ ഉപേക്ഷിച്ചു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്.

ബിനുവിന്റെ തലയ്ക്കു പിന്നിലായി എന്തോ ശക്തിയായി വന്ന് തട്ടി. സ്ക്രീനില്‍ നിന്നു വല്ല കല്ലോ കട്ടയോ തെറിച്ചു തലയില്‍ വീണതാവാം എന്നാണുഅവന്‍ ആദ്യം വിചാരിച്ചത്. അങ്ങനെ സംഭവിക്കില്ല എന്ന് വൈകി ആണെങ്കിലും ബിനുവിനു ബോധോധയമുണ്ടായി. അവന്‍ പതുക്കെ തിരിഞ്ഞു നോക്കി. അപ്പോഴോ ?

ബിനുവിന്റെ പിന്നില്‍ ഉള്ള സീറ്റില്‍ ഒരു അവതാരം ഇരിക്കുന്നു.... ഭൂമിയില്‍ അവതിരിച്ചിട്ടു അധിക ദിവസങ്ങള്‍ ആവാത്ത ഒരു അവതാരം! അമ്മയുടെ മടിയില്‍ ഇരുന്നു കൊണ്ടു ആ പിഞ്ചു കുഞ്ഞ് ബിനുവിനെ നോക്കിയ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഒരു വിഷമവുമില്ലയിരുന്നു.

'നോക്കെടാ നമ്മുടെ മാര്‍ഗേ ഇരിക്കുന്ന
മര്‍ക്കടാ നീയങ്ങു മാറി ഇരി ശ്ശെടാ !'

നഴ്സറി പിള്ളേര്‍ ടീച്ചറോട് പരാതി പറയുന്നത് പോലെ ബിനു എന്നെ തട്ടി വിളിച്ചിട്ട് പറഞ്ഞു,"ഡാ, അവന്‍ എന്നെ ചവിട്ടി !"

തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ബിനുവിന്റെ തല എങ്ങനെ സിസ്സര്‍ കട്ട് അടിക്കാം എന്ന് റിസര്‍ച്ച് നടത്തുന്ന അവതാരത്തെ! പ്രതികരിക്കണോ വേണ്ടയോ എന്ന് ഞാന്‍ ഒരു നിമിഷം ആലോചിച്ചു. എന്തിനു വെറുതെ കൊച്ചു കുഞ്ഞുങ്ങളുടെ കൈയില്‍ നിന്നും തല്ല് മേടിച്ചു പിടിക്കണം? ഇത് സമാധാനപരമായി ഒതുക്കി തീര്‍ക്കാം.

ബിനുവിനു വീണ്ടും ചവിട്ട്‌ ഏല്‍ക്കാതിരിക്കാന്‍ ഞാന്‍ വെച്ചു നീട്ടിയ ഹെല്‍മെറ്റ്‌ അവന്‍ സ്നേഹപുരസരം നിരസിച്ചു.,,! ഈ കാലത്ത് ഒരു സഹായം ചെയ്യാമെന്ന് വെച്ചാല്‍ അതിനും സമ്മതിക്കില്ല.

അര മണിക്കൂര്‍ കഴിഞ്ഞതും കറന്റ്‌ പോയി...! തിയേറ്ററില്‍ കൂക്ക് വിളിയും ബഹളവും. കൊച്ചിനും സഹിക്കാനായില്ല... അതും ബഹളത്തില്‍ പങ്കു ചേര്‍ന്നു.

"ങാ ആ ആ ആ......"

ജഡ്ജ് 1 ബിനു : "ശ്രുതി ചേര്‍ന്നില്ല.... തൊട്ടപ്പുറത്തെ സീറ്റില്‍ ആയിരുന്നെകില്‍ ശ്രുതിയുമായി ചേര്‍ന്നു ഇരിക്കാമായിരുന്നു"

ജഡ്ജ് 2 ഞാന്‍ : "മൊത്തം ഫ്ലാറ്റും ഷാര്‍പ്പും ആണല്ലോ... കൂടുതല്‍ കേട്ടാല്‍ ഞാന്‍ ഫ്ലാറ്റ് ആവും!"

ജഡ്ജ് 3 ദാസപ്പന്‍ : "ഫാന്റാസ്ടിക്.. ബോംബ്ലാസ്ടിക് .. പ്ലാസ്റ്റിക്‌ .. അതന്നെ... ആരെങ്കിലും പ്ലാസ്റ്റിക്‌ കുപ്പിയില്‍ പാല് കൊണ്ടു കൊടുക്കുവോ ???"

സെലെബ്രിടി ജഡ്ജ് സുബിന്‍ : "കൊസ്ട്യൂം and എക്സ്പ്രഷന്‍ നന്നായി.. പിന്നെ ബിനുവിനെ തൊഴിക്കുന്ന ആ പെര്‍ഫോര്‍മന്‍സ് വളരെ വളരെ ഇഷ്ടപ്പെട്ടു !"

കറന്റ്‌ വരാത്തതിനാല്‍ ഞങ്ങള്‍ സ്നാക്ക്സ് കൊണ്ടു വന്ന ബാഗ്‌ തുറന്നു. ആഹാര സാധനങ്ങള്‍ കണ്ടപ്പോള്‍ ദാസപ്പന്‍ ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കതോരന്‍ കണ്ടത് പോലെ ചാടി വീണു. എല്ലാം മിനിട്ടുകള്‍ കൊണ്ടു ശൂന്യം!

അപ്പോഴേക്കും തിയേറ്റര്‍ ഒരു വിധം ശാന്തമായി. കൂവിയത് കൊണ്ടൊന്നും കാര്യമില്ല, ഇത് ഇന്റെര്‍വല്‍ ആയിട്ട് വിചാരിച്ചോണം എന്ന് എല്ലാര്‍ക്കും മനസ്സിലായി.

ഞങ്ങള്‍ ഇരിക്കുന്നതിന്റെ അടുത്തായി ഒരു ശബ്ദം കേള്‍ക്കുന്നത് അപ്പോഴാണ് ശ്രദ്ധയില്‍ വന്നത്.

"ക്ര്‍ര്‍... ക്ര്‍ര്‍ ... ക്ര്‍ര്‍ ..."

കുറച്ചു നേരം ശ്രദ്ധിച്ചു കേട്ടിട്ട് ഞങ്ങള്‍ ഒരു നിഗമനത്തില്‍ എത്തി.

"വല്ല എലിയോ പെരുച്ചാഴിയോ ആയിരിക്കും... ഇപ്പൊ തിയേറ്ററില്‍ ഒക്കെ ഇവറ്റകളുടെ വിളയാട്ടമാ "

പിന്നെയും 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ കറന്റ്‌ വന്നു. പടം വീണ്ടും തുടര്‍ന്നു വിത്തൌട്ട് ഇന്റര്‍വല്‍. പടം ഒക്കെ കഴിഞ്ഞു പുറത്തിറങ്ങി ഞാന്‍ സുബിനോട് ചോദിച്ചു.

"ഡ സുബിനെ, നീ പവര്‍ ഗ്ലാസ്‌ വെക്കാതെ 3D വല്ലതും കണ്ടാരുന്നോ ?"

സുബിന്റെ മുഖത്ത് ഭയങ്കര സന്തോഷം.

"എടാ .. നീയൊക്കെ എന്ത് വിചാരിച്ചു? എനിക്ക് ഒന്നും കാണാന്‍ പറ്റില്ലെന്നോ? ഞാന്‍ എന്‍റെ 3D കണ്ണട customize ചെയ്തെടാ ... ദേ നോക്ക് !"

ഞങ്ങള്‍ നോക്കുമ്പോ സുബിന്റെ 3D കണ്ണടക്കു മാത്രം ഒരു വ്യത്യാസം. അതില്‍ മൂക്കിന്റെ വിടവ് വലുതായിരിക്കുന്നു. ചുറ്റും എലി കരണ്ടതു പോലെ! അപ്പോള്‍ കറന്റ്‌ ഇല്ലാത്ത നേരത്ത് കരണ്ടു കൊണ്ടിരുന്നവന്‍ ആരാണെന്നു ഇപ്പോഴല്ലേ പിടി കിട്ടിയത്.

അങ്ങനെ രണ്ട് കണ്ണടയും മൂക്കില്‍ പ്രതിഷ്ടിച്ച സുബിനെ നോക്കി ഞങ്ങള്‍ ഒരുമിച്ച് പറഞ്ഞു...

"മിസ്റ്റര്‍ സുബിന്‍.... നീ ഒരു അവതാരം തന്നെടാ... മൂഷികാവതാരം!"