Friday, December 30, 2011

പാചകറാണി

--- കല്യാണ പിറ്റേന്ന് ---

"എടീ... നിനക്ക് പാചകം വല്ലതും അറിയാവോ ?"

"പിന്നേ... ഞാന്‍ അസ്സലായി potato curry വെക്കും "

"എങ്കില്‍ ‍ഇന്ന് അത് തന്നെ ആയിക്കോട്ടെ ! "

-- ഒരു മണിക്കൂര്‍ കഴിഞ്ഞ്--

"ചേട്ടാ... ദോശയും കറിയും റെഡി !"

"ആഹാ... അതിമനോഹരമായിരിക്കുന്നു... നിന്നെ അല്ല... നിന്റെ പാചകം ആണ് ഉദ്ദേശിച്ചത് !"

"ഒന്ന് പോ ചേട്ടാ അവിടുന്ന്..."

--- അടുത്ത ദിവസം ---

"ഇന്നെന്താടി സ്പെഷല്‍ ??"

"ഇന്ന് ചപ്പാത്തി ആന്‍ഡ്‌ കിഴങ്ങ് സ്റ്റൂ !"

"എടീ.. ഈ കിഴങ്ങ് സ്റ്റൂ കഴിച്ചപ്പോ ... 'ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാല്‍ ഉപമ '... "

"എന്താ ചേട്ടാ... ഉപ്പുമാവോ ? അത് വേറെ ഒരു ദിവസം ഉണ്ടാക്കി തരാമേ !"

"ഉപ്പുമാവ് അല്ലേടി കഴുതേ ... 'ഉപമ'... അല്ലെങ്കിലും നിന്നോടിതോന്നും പറഞ്ഞിട്ട് കാര്യമില്ല "

--- അതിനുമടുത്ത ദിവസം ---

"ബ്രേക്ക്ഫാസ്റ്റ് ആയോടീ ? "

"ആയി ചേട്ടാ.. ഇടിയപ്പവും ആലൂ മസാലയും... നോര്‍ത്ത് ഇന്ത്യന്‍ ഡിഷ്‌ ആണ്... ട്രൈ ചെയ്തു നോക്കൂ... "

"ആഹാ... ഇത് കഴിച്ചപ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് ...'അതു താനല്ലെയോ ഇത് എന്ന് വർണ്ണ്യത്തിലാശങ്ക....' "

"വയറ്റിലെ ശങ്ക ഒക്കെ തീര്‍ത്തിട്ട് കഴിക്കാന്‍ വന്ന പോരായിരുന്നോ ??"

"നോ കമന്റ്സ് !"

--- അതേ ദിവസം രാത്രി ----

"നാളെ എന്തുണ്ടാക്കണം ചേട്ടാ ?"

"ഓര്‍മിപ്പിച്ചത് നന്നായി.... അമ്മേ... അമ്മേ, നാളെ രാവിലെ ഇഡലിയും സാമ്പാറും മതി ട്ടോ !"

(ശുഭം)

Tuesday, December 27, 2011

ഗുരുവായൂര്‍ തേപ്പ്


കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഗുരുവായൂര്‍ പോവണമെന്ന് ഫാമിലി-in-laws ണ് ഒരേ നിര്‍ബന്ധം. അങ്ങനെയെങ്കിലും ഗുരുവായൂര്‍ കാണാമല്ലോ എന്ന് വിചാരിച്ചു ഞാനും സമ്മതം മൂളി. ഞാനും വൈഫും (നിഷ) ഡാഡിയും മമ്മിയും പിന്നേ നിഷയുടെ ചേച്ചിയും ഭര്‍ത്താവും രണ്ട് മക്കളും അടങ്ങുന്ന സംഘം ഒരു കാറില്‍ യാത്ര തിരിച്ചു.

അല്‍പ ദൂരം പോയിട്ട് കാര്‍ ഒരു കടയുടെ മുന്നില്‍ നിര്‍ത്തി ഡാഡി കുറെ പ്ലാസ്റ്റിക്‌ കവര്‍ മേടിക്കുന്നു. എനിക്ക് ഒന്നും തന്നെ മനസ്സിലാവുന്നില്ല. അതിനു ശേഷം കാറില്‍ ഇരിക്കുന്ന ഓരോരുത്തര്‍ക്കും കവര്‍ വിതരണം ചെയ്യുന്നു. അവസാനം എന്‍റെ ഊഴം എത്തി.

"മോന് കവര്‍ വേണോ ?"

എന്‍റെ മനസ്സില്‍ സംശയങ്ങളുടെ തിരയിളക്കം! ഇനി ഗുരുവായൂരില്‍ നിന്നും എന്തെങ്കിലും മേടിച്ചു കവറിലാക്കി കൊണ്ട് വരാന്‍ വേണ്ടിയിട്ടാണോ മുന്‍കൂട്ടി തരുന്നേ ?

"വേണ്ട ഡാഡി... അതിന്റെ ഒന്നും ആവശ്യം ഇല്ല. ഇതിലും വലിയ കവര്‍ എന്‍റെ കൈയില്‍ ഉണ്ട്. ഞാന്‍ അത് ഉപയോഗിച്ച് കൊള്ളാം !"

എല്ലാവരും എന്നെ പകച്ചു നോക്കുന്നു. രംഗം കൂടുതല്‍ വഷളം ആകും മുന്‍പ് നിഷ ഇടപെട്ടു.

"അയ്യോ ചേട്ടാ... അത് യാത്ര ചെയ്യുമ്പോ vomit ചെയ്യാന്‍ തോന്നിയാല്‍ ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാ... നമ്മുടെ കുടുംബത്തില്‍ ഡാഡി ഒഴികെ എല്ലാര്‍ക്കും ആ പ്രശ്നം ഉണ്ട് !"

ആഹാ.. അങ്ങനെ ആണോ കാര്യങ്ങള്‍.... വയറിനകത്ത്‌ തിരയിളക്കം വരുമ്പോ വിമാനത്തില്‍ ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കണം എന്ന് അതിനകത്തുള്ള പെങ്കൊച്ചുങ്ങള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് എന്തായാലും എനിക്ക് ആദ്യത്തെ അനുഭവം ആയിരുന്നു !

"എനിക്ക് അങ്ങനത്തെ പ്രശ്നങ്ങള്‍ ഒന്നുമില്ല. ഡാഡി കവര്‍ നിഷയ്ക്ക് കൊടുത്തേരെ..."

കവര്‍ കിട്ടി വണ്ടി അല്പം മുന്നോട്ടു നീങ്ങിയതും മമ്മി ഉത്ഘാടനം നിര്‍വഹിച്ചു. യാത്ര പുരോഗമിക്കുന്തോറും ഓരോരുത്തരായി നാരങ്ങ മണപ്പിക്കാനും വിക്ക്സ് ഗുളിക കഴിക്കാനും ആരംഭിച്ചു (അതൊക്കെ നേരത്തെ സ്റ്റോക്ക്‌ നിറച്ചു വെച്ചിട്ടുണ്ടായിരുന്നു ) .

നിഷ പതിവിലും സന്തോഷവതിയായി കാണപ്പെട്ടു.

"എന്ത് പറ്റിയെടീ... ഭയങ്കര സന്തോഷമാണല്ലോ ??" ഞാന്‍ ചോദിച്ചു.

"അത് പിന്നെ ... ഞാന്‍ ഇത് വരെ vomit ചെയ്തില്ലാ ...!"

"മണ്ടി പെണ്ണേ... അതിനു കല്യാണം കഴിഞ്ഞിട്ട് രണ്ട് ദിവസം അല്ലെ ആയുള്ളൂ...!!"

"അയ്യോ... ഈ മനുഷ്യന്റെ കാര്യം ! ഞാന്‍ ആ vomit ന്റെ കാര്യം (പച്ച മാങ്ങ പച്ച മാങ്ങാ... ) അല്ല പറഞ്ഞത് !"

"ഐ അം ദി സോറി !"

യാത്ര മദ്ധ്യേ വടക്കുംനാഥ ക്ഷേത്രത്തില്‍ കൂടി ഒന്ന് കേറി. പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞു തിരികെ വന്നു കാറില്‍ കേറാന്‍ നേരം ചേച്ചിയുടെ മകള്‍ കുക്ക് എന്നോടൊരു ചോദ്യം : "ചാച്ചന്‍ (കൊച്ചച്ചന്‍ ) അല്ലെ നടയ്ക്കിരിക്കുന്നത് ?"

എന്‍റെ ഗുരുവായൂരപ്പാ... ഞാന്‍ എന്താ ഈ കേള്‍ക്കുന്നത് ? നടയ്ക്കിരുത്തുകയോ ?? പണ്ടൊക്കെ ആനകളെ ആയിരുന്നല്ലോ നടയ്ക്കിരുത്തുന്നത്. ആ സമ്പ്രദായം മാറി ഇപ്പൊ മരുമക്കളെ നടയ്ക്കിരുത്താന്‍ ആരംഭിച്ചോ ?? ഇതിനായിരുന്നോ ഉടനെ തന്നെ യാത്ര പോവണമെന്ന് പറഞ്ഞത് ? അമ്പല നടയില്‍ എന്നെ ഇരുത്തിയിട്ട് ഭാര്യയും കുടുംബവും ടാറ്റാ പറഞ്ഞു പോവുന്ന രംഗം ഒരു നിമിഷത്തേക്ക് ഞാന്‍ ഒന്നാലോചിച്ചു നോക്കി. ഹോ.. ഭയാനകം തന്നെ !

ഞാന്‍ ഇടിവെട്ടിയ തെങ്ങിനെ പോലെ വാടി നില്‍ക്കുന്നത് കണ്ട് കുക്കു ചോദ്യം ആവര്‍ത്തിച്ചു - "ചാച്ചാ...ചാച്ചന്‍ സീറ്റില്‍ നടുക്കിരിക്കുമോ ? എനിക്ക് സൈഡ് സീറ്റ്‌ വേണം !"

ഹാവൂ.. മനസ്സില്‍ ഒരു മുല്ലപ്പെരിയാര്‍ പെയ്തിറങ്ങി. ഇത് നേരത്തെ അങ്ങ് പറഞ്ഞു കൂടായിരുന്നോ ?? അല്ലെങ്കില്‍ തന്നെ വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് 'മലയാലം' വഴങ്ങാന്‍ കുറച്ചു ബുദ്ധിമുട്ടാ....!

"പിന്നെന്താ... നടുക്കോ താഴെയോ കാറിന്റെ മണ്ടയില്‍ വേണമെങ്കിലും ഇരിക്കാം. എന്നെ കളഞ്ഞിട്ടു പോവാതിരുന്നാ മതി !"

അന്ന് രാത്രി ഗുരുവായൂര്‍ തങ്ങിയിട്ടു പിറ്റേ ദിവസം രാവിലെ ദര്‍ശനം കഴിഞ്ഞ് തിരികെ യാത്ര ആരംഭിച്ചു. ഇപ്പ്രാവശ്യവും കവര്‍ വിതരണം ചെയ്യാന്‍ ഡാഡി മറന്നില്ല. എല്ലാവരും പതിവ് കലാപ്രകടനങ്ങള്‍ കാഴ്ച വെച്ച് തുടങ്ങി. അതിന്റെ കൂടെ നിഷയും 'അയ്യോ വയ്യേ ' എന്ന് പറഞ്ഞു മൂക്കില്‍ ഒരു നാരങ്ങ മൂക്കുത്തിയും അണിഞ്ഞു ഇരിപ്പായി. അവളെ ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു..

"എടീ .. നീ വിഷമിക്കാതെ... ഇതൊക്കെ സ്വാഭാവികം... കൈയില്‍ കവരും മൂക്കില്‍ നാരങ്ങയും വെച്ച് കൊണ്ട് ഇനി എത്രയോ യാത്രകള്‍ ബാക്കി കിടക്കുന്നു. .."

"അതല്ല ചേട്ടാ പ്രശ്നം... നമ്മള്‍ വള മേടിക്കാന്‍ കേറിയപ്പോ അവിടെ നിന്ന ഒരു പെങ്കൊച്ചു എന്നെ കേറി 'ആന്റീ' എന്ന് വിളിച്ചില്ലേ... ആ കൊച്ചിന് എട്ട്-ഒന്‍പതു വയസ്സല്ലേ കാണൂ ??? "

ഞാന്‍ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു -"എട്ടും ഒന്‍പതും കൂടി കൂട്ടിയാല്‍ എത്രയാണോ ഏതാണ്ട് അത്രയും വയസ്സ് കാണും !"

വെടിമരുന്ന് ശാലയിലേക്ക് ആണ് ബോംബ്‌ എറിയുന്നതെന്ന് എനിക്ക് മനസ്സിലായത് പിന്നീടാണ്.

"ചേട്ടന്‍ ആ കൈ ഒന്ന് നീട്ടിക്കേ... " നിഷ ഭാവഭേദമില്ലാതെ പറഞ്ഞു.

"എന്ത് പറ്റി ? " ഞാന്‍ കൈ നീട്ടി കൊണ്ട് ചോദിച്ചു.

നിഷ അവളുടെ കൈയില്‍ ഉണ്ടായിരുന്ന നാരങ്ങ എനിക്ക് തന്നിട്ട് പറഞ്ഞു - "ഇന്ന് രാത്രി ഇത് പിഴിഞ്ഞ് കുടിച്ചിട്ട് കിടന്നു ഉറങ്ങിക്കോ ട്ടോ !"

പിന്നീടുള്ള യാത്ര ഒരു അവാര്‍ഡ്‌ പടത്തിനു തുല്യമായിരുന്നു...!

(ശുഭം)

Thursday, September 8, 2011

നഖക്ഷതങ്ങള്‍

"എന്താ മോനേ ... നിന്റെ കൈക്കെന്തു പറ്റി ?"

ഭക്ഷണം വിളമ്പുന്ന അമ്മയുടെ ചോദ്യം രഘു കേട്ടില്ലെന്നു നടിച്ചു. അതിനൊപ്പം കൈകള്‍ മറച്ചു പിടിക്കാന്‍ ഒരു വിഫല ശ്രമം നടത്തി.

"നീ ഒളിപ്പിക്കുകയൊന്നും വേണ്ടാ... ഇത് അവളുടെ പണിയാ അല്ലേ ?"

രഘു മൌനം പാലിച്ചു .

"ഞാന്‍ അന്നേ പറഞ്ഞതാ... ഇതൊന്നും ഈ വീട്ടില്‍ ശരിയാവില്ലാന്ന്... പക്ഷെ നിനക്കായിരുന്നു വാശി... നീയും നിന്റെ ഒരു മണിക്കുട്ടിയും !"

അമ്മയുടെ ശബ്ദത്തിനു കനം കൂടി വരുന്നത് രഘു തിരിച്ചറിഞ്ഞു...

"എനിക്ക് ഒന്നും പറ്റിയില്ല അമ്മേ... മണിക്കുട്ടി പാവമാ.. പിന്നേ അല്പം മുന്‍കോപം കൂടുതലാ.. അവള്‍ വേണമെന്ന് വച്ച് ചെയ്യുന്നതല്ലാ..."

"ഉവ്വുവ്വ്... ദേഷ്യം വന്നാല്‍ ഇങ്ങനെ ഉപദ്രവിക്കുകയാണോ ചെയ്യുക ? നിന്റെ കൈയില്‍ ചോര പൊടിയുന്നത് നീ അറിയുന്നില്ലേ ?"

"അമ്മ ഒന്ന് പോയേ.. മണിക്കുട്ടിയുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്നു എനിക്കറിയാം !"

അമ്മയുടെ നീരസം സമ്പാദിചെങ്കിലും ആ സംസാരം അവിടെ വെച്ച് അവസാനിപ്പിക്കേണ്ടത് രഘുവിന്റെ ആവശ്യം തന്നെ ആയിരുന്നു.

രംഗം ശാന്തമായപ്പോള്‍ അടുക്കള വാതിലിന്റെ പിന്നില്‍ നിന്നും രണ്ട് കണ്ണുകള്‍ രഘുവിനെ ഉറ്റുനോക്കി. മണിക്കുട്ടിയുടെ പേടിച്ചിരണ്ട മുഖം കണ്ട രഘുവിന്റെ മനസ്സില്‍ ചിരിയായിരുന്നു. വിടര്‍ന്ന കണ്ണുകളുമായി മണിക്കുട്ടി കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു.

"എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല മണിക്കുട്ടീ ... നീ പേടിക്കണ്ട.. അമ്മ പോയീട്ടോ... ഇങ്ങു വന്നേ..!"

മണിക്കുട്ടി ഒന്നുകൂടി ചുറ്റുപാടും കണ്ണോടിച്ചു നോക്കി. പിന്നേ മന്ദം മന്ദം രഘുവിന്റെ അടുത്തേക്ക് നടന്നു ചെന്നു. എന്നിട്ട് രഘുവിനോട് ചേര്‍ന്നു നിന്നു മന്ത്രിച്ചു - "മ്യാവൂ !"

Wednesday, April 6, 2011

ഒരു ആദ്യ രാത്രി


ഒരു ആദ്യ രാത്രി


വരൂ മോളെ നിര്‍ണായകമായ നമ്മുടെ ആദ്യരാത്രിയിലേക്കു കടന്നു വരൂ... എന്തിനാ മടിച്ചു നില്കുന്നത് , കടന്നു വന്നോള്ളൂ....

"ങ്ങേ ഇതെന്താ നൈറ്റിയോ പച്ച സാരിയും നീല ബ്ലൌസും തലയില്‍ മുല്ലപൂ മാലയും... "

"എന്തോന്നാ ?"

"ഏയ്‌ അല്ല സങ്കല്‍പം.. അല്ലാ ഒന്നുമില്ലാ "

മോളെ ഞാനൊരു കലാകാരനാണ് , ചിത്രകാരന്‍ ആണ് ചിത്രം വരച്ച വകുപ്പില്‍ എനിക്കൊരുപാട് കിട്ടാനും ഉണ്ട് , നന്നായി പാടുകയും ചെയ്യും... ഞാനൊരു പാട്ട് പാടാം... ഓ പ്രിയേ.. ഓ പ്രിയേ... ഓഒ പ്രിയേ... അംഗനവാടിയിലെ..."

"അയ്യോ ചേട്ടാ വേണ്ടാ എനിക്ക് ബോധ്യമായി,... "

"കണ്ടോ എന്‍റെ പാട്ട് കേട്ടു ആരോ കൂടെ പാടുന്നു "
" അത് റോഡിലെ പട്ടികള്‍ ഓരി ഇട്ടതാ "

"ങേ അത് പോട്ടെ.. ഹോര്‍ലിക്സ്ന്റെ കാര്യം എന്തായി ? നല്ലവണ്ണം കലക്കി ഒരു ഗ്ലാസ്‌ ഹോര്‍ലിക്സ് ..."
"ഹോര്‍ലിക്സോ, ആ എനിക്കറിയില്ല, താഴെ അമ്മയോട് പോയി ചോദിക്ക് "

"ങ്ങേ എന്നാല്‍ വേണ്ടാ "

"എന്‍റെ ഡ്രസ്സ്‌ ഈ അലമാരയില്‍ വക്കട്ടെ ചേട്ടാ"

"ങ്ങേ എന്ത് അലമാരയോ.. ഇതിലൊ ഇതില്‍ വേണ്ടാ.. അത്.. ഇത് അലമാരയേ അല്ലാ, ഇത് ചുമ്മാ അലമാര ആണ് , ഇത് തുറകാനേ പാടില്ലാ ഇതിനകത്ത് മുഴുവന്‍ കൂട്ട ഇടി ആണ് .. ഇതിന്റെ താക്കോല്‍ കളഞ്ഞു പോയി.."

"എന്നാ വേണ്ടാ, എന്താ ചേട്ടാ വിയര്‍ക്കുന്നത് ? "

"എയ്യ് ഞാന്‍ വിയര്‍ക്കാറെ ഇല്ലാ.. ആദ്യ രാത്രി എന്ന് പറഞ്ഞാല്‍ എനിക്കൊരു പേടിയുമില്ല .... നിനക്ക് പേടിയുണ്ടോ "
ജന്നാലയില്‍ നിന്നുള്ള അപാരതയിലേക്കു നോക്കി അവന്‍ മന്ദം മന്ദം അവനെ മണ്ടനാക്കാന്‍ വരുന്ന അവളോട്‌ ചോദിച്ചു

"എന്തിനാ പേടിക്കുന്നത് ഇത് ഞാനല്ലേ നിന്‍റെ കിട്ടു. സംശയമുണ്ടോ bow bow "അവന്‍ അവളെ നോക്കി കൊഞ്ചി..

അപ്പോള്‍ പുറത്തു നിന്നും ഒരു ശബ്ദം
"ആ പട്ടികൊന്നും തിന്നാന്‍ കൊടുത്തില്ലേ ? "

അത് മൈന്‍ഡ് ചെയ്യാതെ, എല്ലിന്‍ കക്ഷണങ്ങള്‍ വാരി ഇട്ടതു പോലുള്ള അവന്റെ ആരോഗ്യ ദരിദ്രമായ ശരീരത്തില്‍ നോക്കി അവള്‍ മൊഴിഞ്ഞു
"കിട്ടു ചേട്ടന്റെ ഈ ശൌര്യത്തിനും ഘ്രാണ ശക്തിക്കും മുന്നേ അല്ലെ ഞാന്‍ വീണു അനുരക്തയായത്.... അത് പോട്ടെ ആ ജന്നാലയിലൂടെ ആരെയാ നോക്കി നിന്നത് ? "

ഈശ്വരാ ഇന്ന് തന്നെ ഇവള്‍ ഭാര്യ കളി തുടങ്ങിയല്ലോ..

"എയ്യ്... ആരെ എന്ത് ? ഞാന്‍ വെറുതെ കാറ്റ് കൊള്ളാന്‍..."

"ഹും കാറ്റ് .... പിന്നെ നാളെ തന്നെ ഈ അലമാരയുടെ താക്കോല്‍ കണ്ടു പിടിച്ച് വച്ചോണം കേട്ടാ.. ആഹ് എന്നാ നമുക്ക് കിടക്കാം ചേട്ടാ എനിക്കുറക്കം വരുന്നു"

"ഉറങ്ങാന്‍ പോകുന്നാ ? ഞാന്‍... എനിക്ക് സംസാരിക്കാന്‍, ഭാവി ഭൂതം വര്‍ത്തമാനം.. "
"എന്താ ?"

"ഏയ്‌ എന്ത് ഒന്നുമില്ലാ"

കഷ്ടപെട്ടിരുന്നു കാണാതെ പഠിച്ച ഡയലോഗ്സ് എല്ലാം വെറുതെ ആയല്ലോ ഈശ്വരാ

"ഒന്ന് സ്വപ്പം നീങ്ങി കിടക്കുവോ എനിക്കും കൂടെ ഇച്ചിരി സ്ഥലം പ്ലീസ് "


അവര്‍ കട്ടിലിലേക്ക് ചരിഞ്ഞു... വിളകണഞ്ഞു...

" ബെഡില്‍ പൊടി ആണല്ലോ ചേട്ടാ... "
"പോടീ അത് പൊടി അല്ല മുല്ല പൂ ആണ് .. മുല്ലപൂ പല്‍... "
"മുല്ല പൂ ചൊറിയുമോ ചേട്ടാ "

"ഈശ്വരാ !!! അവന്മാര്‍ പണി പറ്റിചെന്നാ തോന്നുന്നത് "
.
.
.
.
.
.
.
.
.
.
.

അയ്യോ പറ്റില്ലാ തീരെ പറ്റില്ലാ

Sunday, April 3, 2011

ഒരു വേള്‍ഡ് കപ്പ്‌ ഉടമ്പടി



ശ്രീശാന്ത്‌  : നീ  നിര്‍ബന്ധിച്ചാല്‍   സെലക്ഷന്‍  കമ്മിറ്റി  സമ്മതിക്കും 
ധോണി  : എങ്ങനെ  ?
ശ്രീശാന്ത്‌  : അല്ലാ...  നീ നിര്‍ബന്ധിച്ചാല്‍   സെലക്ഷന്‍  കമ്മിറ്റി  സമ്മതിക്കും
ധോണി  : ഇല്ല , ഞാന്‍  നിര്‍ബന്ധിക്കില്ല.....
ശ്രീശാന്ത്‌  : അല്ലാ, ഈ  വേള്‍ഡ്  കപ്പ്‌  
ഫൈനല്‍  കളിക്കാ  എന്നൊക്കെ  പറഞ്ഞാല്‍ ... മനുഷ്യ  ജീവിതത്തില്‍  ആകെ  കിട്ടുന്ന  ചാന്‍സാണ് 
ധോണി  : അത്  കൊണ്ടാണല്ലോ  ഞാന്‍ കളിക്കുനത്  ......
ശ്രീശാന്ത്‌  : നീ  പറയുവാണെങ്കില്‍  ശ്രീകാന്ത്  സമ്മതിക്കും
ധോണി  : എടാ  ശ്രീശാന്തേ , നിനക്ക്  അഹങ്കാരം  വളരെ  കൂടുതലാണ് !!!!!!
ശ്രീശാന്ത്‌  : അയ്യോ...  ഞാന്‍  വെറും  പാവമല്ലേ ....
ധോണി  : ഒരു  കളിക്കാരന്‍ ക്യാപ്ടനോട്  പെരുമാറുന്നത്  പോലെയല്ല , നീ  എന്നോട്  പെരുമാറുന്നത് .. ഞാന്‍  വല്ലപ്പോഴും  നിന്നെ  'എടാ' എന്ന്  വിളിച്ചാല്‍  നിനക്ക്  വലിയൊരു  ഇത്  അല്ലേ
ശ്രീശാന്ത്‌  : ഇനി  നീ  എന്നെ  പട്ടീന്ന്  വിളിച്ചാലും, ഞാന്‍  മറുത്തൊരു  അക്ഷരം  മിണ്ടില്ല
ധോണി : ഇല്ലേ  ? എടാ  പട്ടി..
ശ്രീശാന്ത്‌  : എന്തോ ?
ധോണി : എടാ  പട്ടീ......
ശ്രീശാന്ത്‌ : വിളിച്ചോ വിളിച്ചോ എന്ത് വേണേലും വിളിച്ചോ.. ഇനി  നീ  എന്നെ  തല്ലിയാല്‍ പോലും  ഞാന്‍  മറുത്തൊരു  അക്ഷരം  മിണ്ടില്ല 
ധോണി   : എടാ....... നല്ല  കവിള് ....!!!!!!!
ശ്രീശാന്ത്‌  : തല്ലിക്കോ... ഇനിയും  തല്ലിക്കോ...എങ്ങനെയെങ്ങിലും.......
ധോണി : ഹും ഞാന്‍ ഒന്ന് ആലോചിക്കട്ടെ 
ശ്രീശാന്ത്‌ : ഉയ്യോ... മീന്‍ അവിയല്‍ എന്തായോ എന്തോ :P

Friday, April 1, 2011

പാക്കിസ്ഥാന്‍ ഇന്ത്യ ക്രിക്കറ്റ്‌ കല്യാണ രാമന്‍ സ്റ്റൈല്‍


മിസ്സ്ബാഹ്  (സച്ചിന്‍  27*) : ചേട്ടാ  ഒരു  ക്യാച്ച്  ഡ്രോപ്പ്  ചെയ്യട്ടെ..!!

സച്ചിന്‍  :  വേണ്ട..!!

യൂനിസ് ( സച്ചിന്‍  41*) : ഒരു  ഹാഫ്  സെഞ്ച്വറി  അടിക്കാന്‍ ..!!

സച്ചിന്‍  : വേണ്ടന്നല്ലേ  പറഞ്ഞത് ...!!

കമ്രാന്‍ അക്മല്‍ ( സച്ചിന്‍  70*) : കുറച്ചു  കൂടി  റണ്‍സ്  എടുത്തു  ടോപ്‌ സ്കൊരെര്‍  ആവാന്‍ ..!!

സച്ചിന്‍  : വേണ്ടെന്നു ..!!

ഉമര്‍ അക്മല്‍ (സച്ചിന്‍  81*)  :  ഒരു  സെഞ്ച്വറി  അടിക്കാന്‍ ..!!

സച്ചിന്‍  : എടൊ  തന്നോടല്ലേ  വേണ്ടെന്നു  പറഞ്ഞത് ...!!

അഫ്രിദി  : ഇതെവിടുന്നു  വന്നതാണീ  പന്നി... ഒരു  ക്യാച്ച്  ഡ്രോപ്പ്  ചെയ്താലും  വേണ്ടാത്തവന്‍..!!

സച്ചിന്‍  (സച്ചിന്‍  85*) : എടൊ  അല്ലേല്‍  ഒരു  ക്യാച്ച്  ഡ്രോപ്പ്  ചെയ്യ് ..!! മതിയായി.. പോയേക്കാം

അഫ്രിദി  : ഹും... എടൊ  ഞാന്‍  തന്നോട്  ഒരു  ആയിരം  പ്രാവശ്യം  ചോദിച്ചതല്ലേ  ക്യാച്ച്  ഡ്രോപ്പ്  ചെയ്യട്ടേ ക്യാച്ച്  ഡ്രോപ്പ്  ചെയ്യട്ടെ  എന്ന് ... ഡ്രോപ്പ്  എന്ന്  തന്നെയല്ലേ ഞാന്‍  പറഞ്ഞത് ... അക്ഷരമൊന്നും  മാറിയിട്ടില്ലല്ലോ... ഞങ്ങള്‍ക്ക്  എപ്പോഴും  ഇങ്ങനെ  ക്യാച്ച്  ഡ്രോപ്പ്  ചെയ്യാന്‍  പറ്റില്ല... പഴയ  WC ചാമ്പിയനാ ... നീ  എന്നാ  വേഷം  കെട്ട്  ഇറക്കുവാ ??  ...!!!!

സൈമണ്‍ ടുഫെല്‍  : എന്താ  പ്രശ്നം ?....!!

അഫ്രിദി  : അല്ല  ടുഫെല്‍  അങ്ക്ലെ... ഞാന്‍  ഒരു  4 പ്രാവശ്യം  ഈ  @#@#@ മോന്റെ  അടുത്ത്
ചോദിച്ചതാ  ക്യാച്ച്  ഡ്രോപ്പ്  ചെയ്യട്ടെ  ക്യാച്ച്  ഡ്രോപ്പ്   ചെയ്യട്ടെ  എന്ന് .. അപ്പൊ  അവന്റെ
അമ്മേടെ...

സൈമണ്‍  ടുഫെല്‍  : ശ്ശ് ശ്ശ്ശ്  ...

അഫ്രിദി  :  അല്ലാ  അവന്റെ  അമ്മേടെ  വീട്  കശ്മീരിന്റെ  അടുത്ത്  തന്നെയാ  എന്റെയും  വീട്  ... എന്നിട്ടാ  അവന്‍  എന്നോടിങ്ങനെ  പെരുമാറണത് ..

വിരാട്  കോഹ്ലി  : ചേട്ടാ...... ഒരു  ക്യാച്ച്  ഡ്രോപ്പ് ...

അഫ്രിദി  : തൊട്ടപ്പുറത്ത്  നിക്കുന്ന  കമ്രനോട് ചോദിക്കെടാ ..!! ഓരോന്ന്  ബാറ്റ്  വാടകയ്ക്ക് എടുത്താ  കളിയ്ക്കാന്‍  വന്നു  ക്യാച്ച്  ചോദിക്കുന്നത്..... എനിക്ക്  ദേഷ്യം  വന്നാല്‍ ഞാന്‍  തുപ്പിട്ടു  ബൌള്‍  ചെയ്യുട്ടോ ... എന്നെ  അവര്‍ക്ക് അറിയില്ല  ..!!!!


Sunday, February 13, 2011

ട്രെയിന്‍ തേപ്പ് RELOADED

"നിന്നോട് നേരത്തെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ എത്ര പ്രാവശ്യം പറഞ്ഞതാ. ഇപ്പൊ എന്തായി? രണ്ട് പേര്‍ക്കും കൂടി ഒരു സീറ്റ്‌ !" ട്രെയിനില്‍ കേറാനുള്ള തിരക്കിനിടയിലും ഞാന്‍ ഹരിയെ ഓര്‍മിപ്പിക്കാന്‍ മറന്നില്ല.

"മിണ്ടാതെ നടക്കെടാ.. ! ഒരു സീറ്റ്‌ എങ്കിലും കിട്ടിയത് തന്നെ ഭാഗ്യം!" ഹരിയുടെ മറുപടി.

സീറ്റും തേടിയുള്ള യാത്ര അവസാനിച്ചതോ ഒരു ആള്‍ കൂട്ടത്തിനിടയില്‍ ! കുറെ ഗുജറാത്തി അമ്മച്ചിമാര്‍ ഞങ്ങളുടെ സീറ്റ്‌ ഉള്‍പെട്ട പ്രദേശത്ത് പെട്ടിയും ബാഗും കുത്തി നിറയ്ക്കുന്ന കാഴ്ചയാണ് ഞങ്ങളെ വെല്‍ക്കം ചെയ്തത്. അതിനിടയില്‍ കൂട്ടം തെറ്റി പോയ കുഞ്ഞാടിനെ പോലെ ഒരു മദാമ്മ അമ്മച്ചിയും! ഹരിയുടെ "എച്ചൂസ് മീ" ക്ക് മറുപടി നല്‍കിയ ഏക അമ്മച്ചി ആ മദാമ്മ ആയതിനാല്‍ അവരോടു നമ്മള്‍ കാര്യം അന്വേഷിച്ചു.

കഴിഞ്ഞ ജന്മം ചെയ്ത പാപത്തിന്റെ ഫലമോ എന്തോ അവരുടെ സീറ്റ്‌ ആ കൂട്ടത്തിന്റെ ഒത്ത നടുക്ക് ! വേറൊരു ഞെട്ടിപ്പിക്കുന്ന വസ്തുത അവരുടെ ഭര്‍ത്താവിനെ ആ കൂട്ടത്തിനിടയില്‍ നഷ്ടപ്പെട്ടു പോയത്രേ. ഞാനും ഹരിയും ഏന്തി വലിഞ്ഞു നോക്കിയപ്പോള്‍ അങ്ങ് അറ്റത്ത്‌ ജനല്‍ കമ്പിയില്‍ അള്ളി പിടിച്ച് ഒരു സായിപ്പ് ഇരിക്കുന്നുണ്ട്‌. പൊട്ടക്കിണറ്റിലെ തവള 'ക്രോം,ക്രോം' (ചളിയന്മാരുടെ ശ്രദ്ധക്ക് : ഗൂഗിള്‍ ക്രോം അല്ല) വിളിക്കുന്നത്‌ പോലെ 'ഡാര്‍ലിംഗ് ' എന്ന് ഇടയ്ക്കിടയ്ക്ക് ഭാര്യയെ അയാള്‍ വിളിക്കുന്നുണ്ട്.

അവസാനം കൊടുങ്കാറ്റ് ഒക്കെ അടങ്ങി രംഗം ശാന്തമായപ്പോള്‍ 'നാം രണ്ട്, നമുക്ക് ഒന്ന്' എന്ന് പറഞ്ഞു വെച്ച ഒറ്റ സീറ്റ്‌ ഞങ്ങള്‍ കൈയടക്കി. എതിര്‍ വശത്ത് ഗുജറാത്തി സൂപ്പര്‍സ്റ്റാര്‍ : 'ശാന്താ ബേന്‍'. ചെവിക്കല്ല് പൊട്ടുന്ന ഫ്രീക്വന്‍സിയിലെ അവര്‍ സംസാരിക്കൂ. സംസാര രീതി ആണെങ്കിലോ 'അമരം' സിനിമ ഗുജറാത്തിയില്‍ ഡബ് ചെയ്താല്‍ എങ്ങനെ ഇരിക്കുമോ അങ്ങനെയും ! നമുക്ക് അറിയാവുന്ന ഹിന്ദിയില്‍ കുറച്ചു കാര്യങ്ങള്‍ ഒക്കെ ചോദിച്ചു മനസ്സിലാക്കി. ഗുജറാത്തി സംഘം മൊത്തം 12 പേരുണ്ട്. അതിനിടയില്‍ എങ്ങനെയോ നമ്മള്‍ രണ്ടും സായിപ്പ് ഫാമിലിയും കുടുങ്ങി പോയി.

"എടാ.. നമുക്ക് TT യോട് പറഞ്ഞ് ഇവരെയൊക്കെ ഒന്നിച്ചു ആക്കിയിട്ടു ഇവിടം ഒരു ജില്ലയാക്കി പ്രഖ്യാപിച്ചാലോ?" - ഹരിയുടെ ആശയത്തിനോട് എനിക്കും യോജിപ്പായിരുന്നു.

അതിനിടയില്‍ ശാന്ത ബെന്‍ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പറഞ്ഞു - 'അവരുടെ കൂട്ടത്തിലുള്ള ഒരു അമ്മച്ചിയുടെ പേഴ്സ് കാന്മാനില്ലത്രേ ! ' എന്നിട്ട് ഞങ്ങളെ രണ്ട് പേരെയും ഒരു നോട്ടം ! ഞാന്‍ ഉടന്‍ തന്നെ ഹരിക്ക് ഒരു ബൈ പറഞ്ഞ് വേറെ സീറ്റ്‌ തപ്പി സ്കൂട്ടായി. ഹരി അവന്റെ ഏറ്റവും നിഷ്കളങ്കമായ മുഖഭാവം പുറത്തെടുത്ത് ഒരു ചിരി ചിരിച്ചു.

ആ ബഹളത്തില്‍ നിന്നും മാക്സിമം അകലെ ഒരു ഒഴിഞ്ഞ സീറ്റ്‌ കണ്ടുപിടിച്ച് ഞാന്‍ ഇരിപ്പുറച്ചു. അര മണിക്കൂര്‍ കഴിഞ്ഞ് മിസ്റ്റര്‍ ഹരി ജോയിന്‍ ചെയ്യുന്നു. മൊത്തത്തില്‍ ഒരു അവശ കേശവന്‍ ലുക്ക്‌ !

"എന്ത് പറ്റിയെടാ? പേഴ്സ് കിട്ടിയോ? " ഞാന്‍ ചോദിച്ചു.

"പിന്നേ.... കുറെ കിട്ടും. ഈ ബോഗി മൊത്തം അവര്‍ അരിച്ചു പെറുക്കി. ഇങ്ങനെ അന്വേഷിച്ചാല്‍ പിന്നെ ഡ്രൈവറുടെ കീശയില്‍ വരെ അന്വേഷിക്കേണ്ടി വരും. അതിനിടക്ക് അവരുടെ ഫോണില്‍ കൂടി ഉള്ള കീറി വിളിയും ! "

"ഓഹോ... അതിരിക്കട്ടെ. നീ എന്താ ഇങ്ങോട്ട് പോന്നെ ? സീറ്റ്‌ വേണ്ടേ ?"

ഹരി എന്നെ ദയനീയമായി നോക്കി - "അവിടെ ഇരുന്നിട്ട് ശ്വാസം മുട്ടുന്നെടാ.. ട്രെയിനില്‍ കേറിയപ്പോ മുതല്‍ അമ്മച്ചിമാര്‍ കപ്പലണ്ടിയും കപ്പ വറ്റലും ചിപ്സും എല്ലാം തട്ടാന്‍ തുടങ്ങിയതാ.. അതൊക്കെ ഇപ്പൊ ബോംബുകള്‍ ആയിട്ട് പൊട്ടി കൊണ്ടിരിക്കുവാ.. AC കമ്പാര്‍ട്ട്മന്റ്റ് ആയത്‌ കൊണ്ട് ജനല്‍ തുറന്നു ഓക്സിജന്‍ ശ്വസിക്കാനും നിവര്‍ത്തിയില്ല. നീ വന്നേ.. നമുക്ക് കുറച്ചു നേരം പുറത്ത് പോയി നില്‍ക്കാം."

അങ്ങനെ ഞങ്ങള്‍ രണ്ട് പേരും വാതിലിനു അടുത്തായി സ്ഥാനം പിടിച്ചു. അവിടെയും ഒരു അമ്മച്ചി. ബട്ട്‌ ഇത് മലയാളി ! രണ്ട് വയസുള്ള ഒരു ചുണ കുട്ടനെയും താങ്ങി പിടിച്ചു നില്‍ക്കുന്നു. കുലച്ച വാഴ പോലെ അമ്മച്ചി ബാലന്‍സ് കിട്ടാതെ ട്രെയിനില്‍ ആടി ആടി നില്കുന്നു. അമ്മച്ചിയുടെ പരിതാപകരമായ അവസ്ഥ കണ്ടത് കൊണ്ടോ ഹരിക്ക് കൊച്ചു കുട്ടികള്‍ ഒരു വീക്നെസ് ആയത്‌ കൊണ്ടോ എന്തോ... ഉടന്‍ തന്നെ 'മോനേ ചക്കരേ... ' എന്ന് വിളിച്ചു അമ്മച്ചിയുടെ കൈയില്‍ നിന്നും കൊച്ചിനെ കൈവശമാക്കി. എന്തതിശയം... ഇപ്പൊ ഹരി ആടാന്‍ തുടങ്ങി! "മുടിഞ്ഞ വെയിറ്റ് അളിയാ" ... അനുഭവിച്ചോ എന്ന് ഞാനും ! ഭാരം ഇറക്കി വെച്ച സമാധാനത്തില്‍ അമ്മച്ചിയും നില്‍പ്പ് തുടര്‍ന്നു.

അല്പം കഴിഞ്ഞപ്പോള്‍ കൊച്ച് ഞെരി പിരി കൊള്ളുന്നു. ഹരിക്ക് നല്ല ഇടിയും തൊഴിയും ഒക്കെ കിട്ടി തുടങ്ങി. ഇതെന്തു മറിമായം എന്ന് ഞങ്ങള്‍ പരസ്പരം നോക്കി. അപ്പോഴേക്കും അമ്മച്ചി ഞങ്ങളുടെ രക്ഷയ്ക്ക് എത്തി - "അയ്യോ മക്കളെ.. കൊച്ചിനെ ഇങ്ങു തന്നെ അവനെ ടോയിലറ്റില്‍ പോവാന്‍ വേണ്ടി കൊണ്ട് വന്നതാ.. ഒഴിയുന്നതും നോക്കി നില്‍ക്കുവായിരുന്നു ." നിമിഷ നേരം കൊണ്ട് കൊച്ചു കൂട് വിട്ടു കൂട് മാറി അമ്മച്ചിയുടെ തോളില്‍ സ്ഥാനം പിടിച്ചു !

"ജസ്റ്റ്‌ മിസ്സ്‌.. രക്ഷപ്പെട്ടു ! " ഹരിയുടെ ആശ്വാസ വാക്കുകള്‍.

"ഉവ്വ് ഉവ്വ്... അല്‍പ നേരം കൂടി കഴിഞ്ഞെങ്കില്‍ കൊച്ചിന്റെ വയറ്റില്‍ ന്യൂന മര്‍ദം രൂപാന്തരപെട്ടു നിന്റെ ശരീരത്തില്‍ 5 സെന്റി മീറ്റര്‍ മഴ രേഖപെടുത്തിയേനെ... ! നമുക്ക് സീറ്റില്‍ ചെന്നു ഇരിക്കാം."

തിരികെ ഹരിയുടെ സീറ്റില്‍ എത്തിയപ്പോള്‍ അവിടെ കച്ചേരി മേളം - അന്താക്ഷരി കളി ആരംഭിച്ചിരിക്കുന്നു. ഗുജറാത്തി, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് (മദാമ്മയുടെ വക ) ഗാനങ്ങളുടെ ഒരു അവിയല് പരുവം. ഹരി എത്തിയതും ശാന്ത ബേന്‍ അവനെയും ക്ഷണിച്ചു.

"ആജാ ബേട്ടാ... തൂ ഭി ഹമാരെ സാത്ത് ഗാ !"

ഹരി പാടി തുടങ്ങി ........

"നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു ?
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു ?
ഭൂമിയില്‍ വന്നവതാരമെടുത്ത ഇവരോടോ ?
ഇവിടെന്നെ ഇരുത്തിയ റെയില്‍വേയോടോ ?
ഇവിടെന്നെ ഉപേക്ഷിച്ച നിന്നോടോ ?
പിന്നെയോ... പത്ത് സീറ്റ്‌ അകലെ എന്നെ മാറ്റാത്ത കറുത്ത കോട്ടിട്ട TT യോടോ ?"

അന്താക്ഷരി കഴിഞ്ഞപ്പോ മൊബൈല്‍ ഫോണില്‍ പാട്ട് കേള്‍പ്പിക്കല്‍. അത് കഴിഞ്ഞ് കൂട്ട പ്രാര്‍ത്ഥന. എങ്ങനെയൊക്കെയോ രാത്രിയായി. അതിനിടയില്‍ എനിക്ക് ബെര്‍ത്ത്‌ ശരിയായി. ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ച് കിടക്കാന്‍ വേണ്ടി പോയ ഹരി ഞെട്ടുന്നു. സീറ്റിന്റെ അടിയില്‍ വെച്ചിരുന്ന ലഗ്ഗേജ് കാണുന്നില്ല. ഓപ്പോസിറ്റ് സീറ്റില്‍ ഇരുന്ന ശാന്ത ബെനോട്‌ ഹരി വിക്കി വിക്കി ചോദിച്ചു - " അമ്മച്ചീ.. ഏക്‌ പെട്ടി ഏക്‌ ബാഗ്‌ ഇത് വഴി പോവുന്നത് കീ ?"

ശാന്ത ബേന്‍ അപ്പുറത്തെ സീറ്റിനടിയിലേക്ക്‌ വിരല്‍ ചൂണ്ടി. അവിടെ ഏക്‌ പെട്ടി ഏക്‌ ബാഗ്‌ അവരുടെ പെട്ടികളുടെ കൂടെ ചങ്ങലയില്‍ വരിഞ്ഞു മുറുക്കി മണിചിത്രത്താഴിട്ടു പൂട്ടി കിടക്കുന്നു. ട്രെയിനില്‍ കള്ളന്മാരുടെ ശല്യമാ... അവരുടെ വിശദീകരണം!

'ശല്യമാ... കള്ളന്മാരുടെ അല്ലെന്നു മാത്രം' - ഹരിയുടെ ആത്മഗതം !

പിറ്റേ ദിവസം രാവിലെ അമ്മച്ചിമാരോട് വിട പറഞ്ഞ് പെട്ടിയും തൂക്കി ട്രെയിനില്‍ നിന്നു ഇറങ്ങാന്‍ നേരം ഞാന്‍ ഹരിയോട് ചോദിച്ചു, "എങ്ങനെ ഉണ്ടായിരുന്നു അളിയാ യാത്ര ?"

"ഇതൊരു മെഗാ തേപ്പായി പോയി അളിയാ !"

NB: ഹരി മാത്രമല്ല തേഞ്ഞത്. പാതിരാത്രി ഒരു അമ്മാവന്‍ എന്‍റെ നേരെ ഒപ്പോസിറെ ഉള്ള ബെര്‍ത്തില്‍ കേറി കിടന്നിട്ടു മോട്ടോര്‍ അഥവാ കൂര്‍ക്കം വലി സ്റ്റാര്‍ട്ട്‌ ചെയ്തു. എന്നാ 'ടമാര്‍' കൂര്‍ക്കം വലി ആയിരുന്നെന്നോ ? പിറ്റേ ദിവസം രാവിലെ 9 മണി ആയപ്പോള്‍ മാത്രമാണ് ബോഗി കുലുക്കി കൊണ്ടുള്ള ആ കൂര്‍ക്കം വലി അവസാനിച്ചത്‌ !