Friday, January 23, 2009

ചെന്നൈ തേപ്പ്

പ്രിയപ്പെട്ട കൂട്ടുകാരെ.. നിങ്ങളുടെയൊക്കെ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി അറിയിച്ചു കൊള്ളുന്നു. സുബിനെ തേക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയതാണ് ഈ ബ്ലോഗ് എന്ന തെറ്റിധാരണ മാറ്റാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്.

എഞ്ചിനീയറിംഗ്
പരീക്ഷ എഴുതി കഴിഞ്ഞു റിസള്‍ട്ട് കാത്തു നില്ക്കുന്ന സമയം.. കണ്ടുമുട്ടുന്നവര്കെല്ലാം ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളു...
  1. റിസള്‍ട്ട് വന്നോ ?
  2. ജോലി വല്ലതും ആയോ ?
  3. ഇനി എന്താണ് ഭാവി പരിപാടി ?
ഇതിനൊക്കെ എനിക്ക് റെഡിമേഡ് ഉത്തരങ്ങളും ഉണ്ടായിരുന്നു... അവ ഇങ്ങനെ...
  1. ഇല്ല
  2. ഇല്ല
  3. അറിയില്ല !!
ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാര്‍... എവിടെ ചെന്നാലും ഒരു കാര്യം മാത്രം...അവസാനം റിസള്‍ട്ട് വന്നു... തട്ടിയും മുട്ടിയും പാസ് ആയി. അപ്പോള്‍ ചോദ്യങ്ങളുടെ എണ്ണം ഒരെണ്ണം കുറഞ്ഞു. ബാക്കി രണ്ടെണ്ണം കൂടുതല്‍ ആവേശത്തോടെ എല്ലാരും ചോദിയ്ക്കാന്‍ തുടങ്ങി. ഇങ്ങനെ ഇരിക്കുമ്പോള്‍ ആണ് നമ്മുടെ ദാസപ്പന് ചെന്നൈയില്‍ പോവേണ്ട ആവശ്യം വന്നത്. അവന്‍ അണ്ണാ യുനിവേര്സിടി പ്രോഡക്റ്റ് ആണ്. അവന്റെ റിസള്‍ട്ട് ഒക്കെ നേരത്തെ വന്നു. അതിന്റെ മാര്‍ക്ക് ലിസ്റ്റ് മേടിക്കാന്‍ ചെന്നൈയില്‍ അവന്റെ കോളേജില്‍ പോവണം.

കുറച്ചു ദിവസം മുങ്ങാന്‍ ഇതു തന്നെ പറ്റിയ അവസരം എന്ന് എനിക്ക് മനസ്സിലായി. ചെന്നൈ കാണുകയും ചെയ്യാം ചോദ്യങ്ങളില്‍ നിന്നു രക്ഷപെടുകയും ചെയ്യാം. അങ്ങനെജോലി അന്വേഷിക്കാന്‍ എന്ന വ്യാജേന ഞാനും ദാസപ്പനും ഒരു ആഴ്ച ചെന്നൈ നഗരത്തില്‍ അടിച്ച് പൊളിക്കാന്‍ യാത്ര തിരിക്കുന്നു.

ബസ്സ് യാത്ര മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരിക്കും എന്ന് ഞാന്‍ അപ്പോള്‍ അറിഞ്ഞില്ല. ഉച്ചക്ക് ഊണ് കഴിഞ്ഞു ഞങ്ങള്‍ രണ്ടു പേരും ബസില്‍ യാത്ര ആരംഭിക്കുന്നു. ആദ്യം യാത്രക്കാര്‍ അധികം ഇല്ലായിരുന്നെങ്ങിലും പിന്നെ ഓരോ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ കേറി തുടങ്ങി. എന്നാലും 'ബസ്സ്ഫുള്‍' ആയില്ല. ഞങ്ങളുടെ മുന്നില്‍ ഒരു സ്ത്രീയും അവരുടെ മകളും ആയിരുന്നു ഇരുന്നത്. മകള്‍ എന്ന് പറഞ്ഞാല്‍ ചെറിയ കുട്ടി ആണ് കേട്ടോ... അല്ലെങ്കില്‍ തന്നെ ഞങ്ങള്‍ രണ്ടു പേരും ഡിസന്റ് ആണ്.. സത്യം പറഞ്ഞാല്‍ വെറും നിഷ്കളങ്കര്‍..!!രാത്രി ഞങ്ങള്‍ പാര്‍സല്‍ ചെയ്തു കൊണ്ടു വന്ന ചപ്പാത്തിയും ബീഫ് ഫ്രൈയും കഴിച്ചു. പുറത്തു നിന്നു ഭക്ഷണം കഴിച്ചു വെറുതെ റിസ്ക് എടുക്കണ്ട എന്ന് വെച്ചു.

യാത്രയില്‍ ഉടനീളം ദാസപ്പന്‍ ചെന്നൈ വിശേഷങ്ങള്‍ വിളമ്പി. പഴയ പട്ടാളക്കാര്‍ പറയുന്നതു പോലെ ദാസപ്പന്‍ തുടങ്ങി... "വെന്‍ വാസ് ഇന്‍ ചെന്നൈ.." ലൈന്‍ കേട്ടപ്പോള്‍ തന്നെ ഞാന്‍ താടിക്ക് കൈയും കൊടുത്തു ഇരുന്നു പോയി..!!കോളേജില്‍ അവന്‍ ഹീറോ ആയിരുന്നു എന്നും പെണ്‍കുട്ടികളുടെ പ്രേമലേഖനങ്ങള്‍ തൂകി വിറ്റു അവന്‍ മരിന ബീച്ചില്‍ കപ്പലണ്ടി മേടിച്ചു കഴിക്കാരുണ്ടായിരുന്നു എന്നും അവന്റെ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ അവന് ഒരു പൈസ പോലും മുടക്കേണ്ടി വന്നില്ല, പകരം അതൊക്കെ അവന്റെ ഗേള്‍ ഫ്രണ്ട്സ് ചെയ്തു കൊടുക്കുമെന്നും നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു. പണ്ടത്തെ ദാസപ്പന്‍ തന്നെ അല്ലെ ഇതു എന്ന് ഞാന്‍ സൂക്ഷിച്ചു നോക്കി. അതെ !! പണ്ടു XL ആയിരുന്ന ഇവന്‍ ഇപ്പോള്‍ XXL ആയെന്നു മാത്രം. ഇതൊക്കെ അല്പം ഓവര്‍ അല്ലെ എന്ന് നിങ്ങള്ക്ക് തോന്നാം. ഓവറും കഴിഞ്ഞു ഓവര്‍ ബ്രിഡ്ജിന്റെ മുകളിലൂടെ ദാസപ്പന്‍ അവന്റെ കോടാലി ട്രാവല്‍സ് ഓടിച്ചു. രാത്രി ആവുന്നത് വരെ ഞാന്‍ "ങ്ങാ, അതെയോ, ഓഹോ, നീ ഭയങ്കരന്‍ തന്നെടാ" എന്നൊക്കെ പറഞ്ഞു അവനെ സുഖിപ്പിച്ചു. ഒന്‍പതു മണി ആയതും ഞാന്‍ "ഭയങ്കര ക്ഷീണം" എന്ന് പറഞ്ഞു കണ്ണ് പൂട്ടി. ദാസപ്പന്‍ അവന്റെ വായും പൂട്ടി. സമാധാനം !!

അങ്ങനെ എപ്പോഴോ ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു. നല്ല ഒന്നാന്തരം ഒരു പേടിസ്വപ്നവും കണ്ടു. അത് ഇപ്രകാരം ആയിരുന്നു. ഏതോ ഒരു ഭീകരജീവി "ഘ്രാ ഘ്രാ" എന്ന് ഒച്ച വെച്ചു കൊണ്ടു എന്നെ ഓടിക്കുന്നു. ഞാന്‍ മരണവെപ്രാളം കൊണ്ടു ഓടുന്നു. അതിനിടയില്‍ ജീവി എന്നെ മാന്തുന്നു. അതോടെ എന്റെ ശരീരം മുഴുവന്‍ ചൊറിയാന്‍ തുടങ്ങുന്നു. ഇങ്ങനെ ആകെ അസ്വസ്ഥനായി ഞാന്‍ ഞെട്ടി ഉണരുന്നു...!! അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത് ... ശബ്ദം ഇപ്പോഴും ഞാന്‍ കേള്‍ക്കുന്നു. ചൊറിച്ചിലിനും കുറവൊന്നുമില്ല.. ഇതെന്തു മറിമായം? ഇരുട്ടത്ത്‌ ഞാന്‍ കണ്ണുകള്‍ ഫോക്കസ് ചെയ്തു ചുറ്റുവട്ടം ഒന്നു സ്കാന്‍ ചെയ്തു. ശബ്ദത്തിന്റെ ഉറവിടം ഞാന്‍ കണ്ടു പിടിച്ചു !!

എന്റെ അടുത്തിരുന്നു ദാസപ്പന്‍ മോട്ടോര്‍ സ്റ്റാര്‍ട്ട് ചെയ്തത് പോലെ കൂര്‍ക്കം വലിക്കുന്നു. ബസ്സ് എഞ്ചിന്റെ ശബ്ദം ഒക്കെ ഇതു വെച്ചു നോക്കുമ്പോള്‍ ഒന്നുമല്ല. "കുര്‍ര്‍ കുര്‍ര്‍" എന്ത് ഈണത്തില്‍ ആണ് ഇവന്‍ ആലപിക്കുന്നത്. സംഗതികള്‍ ഒക്കെ പെര്‍ഫെക്റ്റ്!! അപ്പോള്‍ ഇതാണ് ഭീകരജീവി. 'ജുരാസ്സിക് പാര്ക്ക് ' , 'ഗോട്സില്ല' തുടങ്ങിയ പടങ്ങളില്‍ ദിനോസറിനു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയിട്ട് ഇവന് പോകാമായിരുന്നു എന്ന് ഒരു നിമിഷം ഞാന്‍ ആലോചിച്ചു പോയി. അത്രയ്ക്ക് സാമ്യം ഉണ്ടായിരുന്നു !!എന്നാലും ചൊറിച്ചിലിന്റെ ഗുട്ടന്‍സ് മനസ്സിലാവുന്നില്ലല്ലോ. അപ്പോഴാണ്‌ മുന്നിലുള്ള സീറ്റില്‍ നിന്നും പതിഞ്ഞ സ്വരത്തില്‍ "അയ്യോ അമ്മേ" എന്നുള്ള വിളികള്‍ കേട്ടത്... എന്താണ് സംഭവം എന്നറിയാന്‍ വേണ്ടി ഞാന്‍ എത്തി വലിഞ്ഞു നോക്കി.. !!

ഡിസ്കവറി ചാനല്‍ , അനിമല്‍ പ്ലാനെറ്റ് മുതലായ ചാനലുകളില്‍ ഇടയ്ക്കിടെ കാണാന്‍ പറ്റുന്ന ഒരു കഴ്ച്ചയുണ്ടല്ലോ... ഒരു മമ്മി കുരങ്ങു തന്റെ ബേബി കുരങ്ങിനെ മുന്നില്‍ പിടിച്ചിരുത്തി ചൊറിഞ്ഞു കൊടുക്കല്‍.അതിന്റെ മോഡേണ്‍ വെര്‍ഷന്‍ ആയിരുന്നു ഇവിടെ. ചൊറിച്ചില്‍ സഹിക്കാന്‍ വയ്യാതെ കുട്ടി അമ്മയുടെ സഹായം തേടിയതാണ്. അപ്പോള്‍ എനിക്ക് മാത്രമല്ലല്ലോ പ്രശ്നം. നട്ടപ്പാതിരക്കു തല പുകഞ്ഞു ആലോചിച്ചപ്പോള്‍ അത് വെറും ചിന്ന പ്രോബ്ലം ആണെന്ന് പിടികിട്ടി. മൂട്ട !! ലക്ഷുറി ബസ്സ് എന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം... മൂട്ടകള്‍ക്ക്‌ മാത്രം ഒരു കുറവുമില്ല..

പക്ഷെ ദാസപ്പന് മാത്രം ഒരു പ്രശ്നവുമില്ല.. മൂട്ടകളുടെ അറ്റാക്ക്‌ അറിയാത്തതാണോ എന്തോ, അവന്‍ കുംബകര്‍ണനെ പോലെ നിദ്ര തുടരുന്നു. ഒരു പക്ഷെ കൂര്‍ക്കംവലിയുടെ ശബ്ദം കേട്ടു പേടിച്ചു മൂട്ടകള്‍ എല്ലാം കൂടി എന്നെ ആക്രമിക്കുവായിരിക്കും... അല്ലെങ്കില്‍ ഇവന് തൊലിക്കട്ടി കൂടിയിരിക്കും... എന്തായാലും പാവം ഞാന്‍.. രക്തസാക്ഷി അഥവാ രക്തം ദാനം ചെയ്തു സാക്ഷിയെ പോലെ ഒന്നും ചെയ്യാന്‍ ആവാതെ ഇരിക്കേണ്ട അവസ്ഥ വന്നല്ലോ ദൈവമേ..

എങ്ങനെയൊക്കെയോ ഞാന്‍ നേരം വെളുപ്പിച്ചെടുത്തു. രാവിലെ ചെന്നൈ നഗരത്തില്‍ ബസ്സ് ബ്രേക്ക് ചവിട്ടുന്നു. ഞാനും ദാസപ്പനും ഒരു ഓട്ടോ പിടിച്ചു ദാസപ്പന്റെ കസിന്‍ താമസിക്കുന്ന ലോഡ്ജിലേക്ക് പോയി. അവിടെ ചെന്നിട്ടു ഒന്നു ഫ്രെഷ് ആവാമെന്ന് കരുതി ഷര്‍ട്ട്‌ ഊരുന്നു. എന്റെ വിശ്വരൂപം കണ്ടു ദാസപ്പന്റെ കസിന്‍ ഇങ്ങനെ ചോദിച്ചു " ഡേയ്... നീ ജിമ്മില്‍ പോവരുണ്ടോ ? "

ഇതു കെട്ട് ഞാന്‍ ഞെട്ടുന്നു. മുരിങ്ങകൊല് പോലെ ഇരിക്കുന്നെ എന്നെ കണ്ടിട്ട് ജിമ്മില്‍ പോവുന്നുണ്ടോ എന്നോ ? ഞാന്‍ പതുക്കെ അടുത്ത് കണ്ട കണ്ണാടിയിലേക്ക് ഒന്നു നോക്കി... അപ്പോഴുണ്ട് ദേഹത്ത് അവിടവിടെ വീര്‍ത്തിരിക്കുന്നു. "ചിലന്തി മാപ്പിള്ള " സിനിമയില്‍ നായകന്‍ ചിലന്തിയുടെ കടി കിട്ടിയതിനു ശേഷം സല്‍മാന്‍ ഖാനെ പോലെ മസിലും പെരുപ്പിച്ചു നില്‍കുന്ന ഒരു രംഗം ഉണ്ട്. അത് പോലെ മൂട്ടകളുടെ കടി കൊണ്ടു നീര് വന്നത് മസ്സില്‍ ആണെന്ന് തെറ്റിധരിച്ചു ചോദിച്ചതാണെന്ന് എനിക്ക് മനസ്സിലായി.

" പ്ഫാ പുല്ലേ... ഇന്നലെ ബസില്‍ വെച്ചു മൂട്ടകള്‍ കേറി നിരങ്ങി, ദാസപ്പന്റെ ഒന്നൊന്നര കൂര്‍ക്കംവലിയും സഹിച്ചു ഇപ്പൊ റൂമില്‍ എത്തിയപ്പോള്‍ ആളെ കളിയാക്കുന്നോ @#%&#$ !!!" ഇങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്. പക്ഷെ ഞാന്‍ ഉടന്‍ തന്നെ മാക്സിമം എയര്‍ കേറ്റി മിസ്റ്റര്‍ പോഞ്ഞിക്കര സ്റ്റയിലില്‍ ഇന്നാ പിടിച്ചോ എന്ന മട്ടില്‍ ഒരു പോസും കൊടുത്തിട്ട് ഇത്രയും പറഞ്ഞു ....

"എങ്ങനെ മനസ്സിലായീ ?? "

2 comments:

  1. സന്തോഷം ആയി മക്കളെ സന്തോഷം ആയി...!! നിന്നെ ഒക്കെ നുള്ളി പെറുക്കി എടുതതൊണ്ട് ചെന്നൈ കൊണ്ട്‌ പോയാ എനിക്ക്‌ ഇതു വേണം..!!
    മോനേ കിട്ടീഷേകേ ഐസ് കട്ടെ പൈന്ട് അടിച്ചു കളിക്കെല്ലെ !!!
    എന്നാലും ഇതു ഒരു ഒന്നു ഒന്നര തെപ്പ് തന്നെ .... അങ്ങനെ നിനക്കു ഒരു ഫയല്‍ മാന്‍ ആകാന്‍ പറ്റിയെല്ലോ...!!

    ReplyDelete