തേപ്പുപെട്ടിയിലെ പ്രധാന കഥാപാത്രങ്ങളെ ഒക്കെ നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ . പക്ഷെ ഇതു വരെ സുജിത്തിനെ പറ്റി തേപ്പുകഥ ഒന്നും ഇട്ടില്ല. ആ ഒരു പരാതി തീര്‍ക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്.
നമ്മുടെ കൂട്ടത്തില്‍ ഗ്ലാമര്‍ താരം ആണ് സുജിത്. ഹൃതിക് റോഷന്റെ മുഖഛായയൊ കട്ടന്ചായയോ ഉണ്ടെന്നു എപ്പോഴും പറയുന്നതു കേള്‍കാം. കുട്ടിക്കാലം കുവൈറ്റില്‍ ചിലവഴിച്ചത് കൊണ്ടാവാം അറബിപ്പാട്ട് എന്ന് വെച്ചാല്‍ ജീവന്‍ ആണ്.അത് കൊണ്ടു തന്നെ എങ്ങനെയെങ്ങിലും അറബിനാട്ടില്‍ പോയി രക്ഷപെടണം എന്നുള്ളതാണ് ഇവന്റെ ജീവിതസ്വപ്നം. ഇങ്ങനെയൊക്കെ ആണെങ്ങിലും അത്യാവശ്യം മുന്കോപി കൂടിയാണ് ഈ വിദ്വാന്‍. സൂക്ഷിച്ചും കണ്ടും ഇടപെട്ടില്ലെങ്ങില്‍ തല്ലു കിട്ടുമെന്ന് ചുരുക്കം ….! ഇപ്പോള്‍ സുജിത്തിനെ കുറിച്ചു ഒരു ഏകദേശ രൂപം നിങ്ങള്ക്ക് കിട്ടിയെന്നു ഞാന്‍ വിശ്വസിക്കുന്നു .
സീന്‍ 1
അങ്ങനെ ഒരു അവസരത്തില്‍ ഞാനും സുജിത്തും കൂടി നഗരത്തിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ ലഞ്ച് കഴിക്കാന്‍ പോവുന്നു . പൊറോട്ട പണ്ടു മുതലേ ഞങ്ങളുടെ വീക്ക്നെസ്സ് ആയതിനാല്‍ ഞങ്ങള്‍ പൊറോട്ടയും ബട്ടര്‍ ചിക്കനും ഓര്‍ഡര്‍ ചെയ്യുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ പൊറോട്ടയും ഒരു വലിയ പാത്രത്തില്‍ ചിക്കനും എത്തുന്നു. ഞാന്‍ ഉടന്‍ തന്നെ എന്റെ പാത്രത്തിലേക്ക് സംഭവങ്ങള്‍ എല്ലാം തട്ടി കഴിക്കാന്‍ തുടങ്ങുന്നു. 'ഇവനെന്താ ഭക്ഷണം ഇതു വരെ കണ്ടിട്ടില്ലേ ? ' എന്ന മട്ടില്‍ സുജിത്ത് എന്നെ ഒന്നു നോക്കുന്നു. എന്നിട്ട് സാവധാനം ഒരു പൊറോട്ട എടുക്കുന്നു , കൂടെ അല്പം കറിയും. അത് പാത്രത്തില്‍ വെച്ചിട്ട് ഭംഗി ഒക്കെ നോക്കിയിട്ട് പോരോട്ടക്ക് വേദന എടുക്കാതെ ഇച്ചിരി മുറിച്ചെടുക്കുന്നു. അത് കറിയില്‍ മിക്സ് ചെയ്യുന്നു , അതിന്റെ കൂടെ ഒരു ചെറിയ പീസ് ചിക്കനും എടുക്കുന്നു. ഇത്രയും നേരം കൊണ്ടു ഞാന്‍ ഒരു പൊറോട്ട കഴിച്ചു തീര്‍ന്നു അടുത്തത് എടുക്കുന്നു !
അങ്ങനെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മിക്സ് ചെയ്ത പൊറോട്ട വിത്ത് ചിക്കന്‍ കഷണം സുജിത്ത് പതുക്കെ കഴിക്കുന്നു. മുഖത്ത് ഒരു ഭാവവ്യെതിയാസവും ഇല്ല. ചവച്ചു ഇറക്കി കഴിഞ്ഞിട്ട് ഗ്ലാസില്‍ നിന്നും അല്പം വെള്ളം കുടിച്ചിട്ട് എന്നെ നോക്കി ഇങ്ങനെ പറഞ്ഞു , " ഈ ബട്ടര്‍ ചിക്കന്‍ എനിക്ക് ഇഷ്ടപെട്ടില്ല... അത് കൊണ്ടു ഞാന്‍ പൊറോട്ട മാത്രം കഴിച്ചോളാം ".
ഇതു കേട്ട ഞാന്‍ പൊറോട്ട തൊണ്ടയില്‍ തുടങ്ങി ഒരു ചെറിയ ബ്രേക്ക് എടുക്കേണ്ടി വന്നു. ഞാന്‍ എന്തൊക്കെ പറഞ്ഞിട്ടും അവന്‍ അവന്റെ തീരുമാനത്തില്‍ നിന്നും മാറുന്നില്ല. സഹികെട്ട് ഞാന്‍ ഇന്ഗ്ലിഷില്‍ പറഞ്ഞു നോക്കി,"മിസ്റ്റര്‍ സുജിത്ത്... ബട്ടര്‍ ചിക്കന്‍ യു ഡോണ്ട് ലൈക്, ഐ ലൈക്.. യു ഡോണ്ട് ഈറ്റ്, ഹൂ ഇസ് ദി രേസ്പോന്സിബിലിട്ടി ഇന്‍ വേസ്റ്റ് ബാസ്കെറ്റ്... ടെല്‍ മി മാന്‍!!" നോ രക്ഷ !! അവസാനം എനിക്ക് ആ കടുംകൈ ചെയ്യേണ്ടി വന്നു. ആ വലിയ പാത്രത്തിലെ ചിക്കന്‍ മുഴുവനും ഞാന്‍ തന്നെ തിന്നു തീര്‍ക്കേണ്ടി വന്നു (കാണാന്‍ ഒരു ലുക്ക് ഇല്ലെന്നേ ഉള്ളു , ഭയങ്കര തീറ്റിയാ കേട്ടോ ).
സീന്‍ 2
സുജിത്തും ഞാനും അവന്റെ വീടിനടുത്തുള്ള ഒരു ലോക്കല്‍ ഹോട്ടലില്‍ ഊണ് കഴിക്കാന്‍ പോവുന്നു ( അതെ , സാമ്പത്തിക മാന്ദ്യം ഉള്ളപ്പോള്‍ ഞങ്ങള്‍ വല്ലപ്പോഴും ഊണും കഴിക്കാറുണ്ട് ). അങ്ങോട്ട് നടന്നു പോകുമ്പോള്‍ സുജിത് അവിടെ ഉള്ള പരിപ്പുകറിയെ കുറിച്ചു പുകഴ്തുവാരുന്നു. പഠിക്കുന്ന കാലത്തും ഞങ്ങള്‍ ഹോട്ടലില്‍ നിന്നു ഊണ് കഴിക്കുമ്പോള്‍ ഇവന്‍ പരിപ്പുകറി വെച്ചു മാത്രം ചോറ് കഴിക്കുന്നത് ഞാന്‍ ഓര്ത്തു. അങ്ങനെ ഹോട്ടലില്‍ എത്തി, കൈ ഒക്കെ കഴുകി ചോറ് കഴിക്കാന്‍ റെഡി ആവുന്നു. ഒഴിക്കാന്‍ ഉള്ള പരിപ്പുകറി, സാമ്പാര്‍, രസം ഒക്കെ മേശമേല്‍ തന്നെ ഉണ്ട്. ചോറ് വന്നുടനെ സുജിത്ത്
“ശെരി , നിന്റെ ഇഷ്ടം ”. ഇത്രയും പറഞ്ഞിട്ട് അവന്‍ കറിയില്‍ നിന്നും മുളകും കറിവേപ്പിലയും എടുത്തു മാറ്റുന്നു. അങ്ങനെ മാറ്റികൊണ്ടിരുന്നപ്പോള്‍ ഒരു മുളകിന് എന്തോ ഒരു വശപിശക്. അതിന് കാലും കൈയും ഒക്കെ ഉണ്ട്. സൂക്ഷിച്ചു നോക്കിയപ്പോളുണ്ടെടാ , അത് മുളകല്ല … ഒരു മീഡിയം സൈസ് പാറ്റ !! സുജിത്തിന്റെ മുഖത്ത് സന്തോഷം ഒഴികെ ബാക്കി എല്ലാ നവരസങ്ങളും മിന്നി മറഞ്ഞു . എനിക്കാണെങ്കില്‍ ചിരിക്കാനും വയ്യ , ചിരിക്കാതിരിക്കാനും വയ്യ … ഞാന്‍ വളരെ ഗൌരവത്തില്‍ അവനോടു പറഞ്ഞു , “ നിന്നെ പോലെ പാറ്റക്കും പരിപ്പുകറി ഇഷ്ടമാണെന്ന് തോന്നുന്നു ”. അതിന് മറുപടിയായി സുജിത്ത് പറഞ്ഞതു ഇവിടെ ഞാന്‍ എഴുതുന്നില്ല. അല്ലെങ്കില്‍ തന്നെ ഇവന്‍ ഇത്ര ചൂടാവുന്നത് എന്തിനാ ? ഓര്‍ഡര്‍ ചെയ്തതിന്റെ കൂടെ എന്തെങ്ങിലും ബോണസ് ആയി കിട്ട്യാല്‍ സന്തോഷിക്കുവല്ലേ വേണ്ടത് ??
സ്ഥിരം കസ്റ്റമര്‍ ആയതിനാല്‍ സുജിത്തിന് ഈ കാര്യം ഹോട്ടല്‍കാരോട് പറയാനും വയ്യ. ചോറ് കഴിക്കാതെ ഇറങ്ങി പോവാനും പറ്റില്ല. ഇപ്രാവശ്യം കടുംകൈ ചെയ്യാനുള്ള അവസരം സുജിത്തിന്റെ ആയിരുന്നു. അവന്‍ പാറ്റകുട്ടനെ ആരും കാണാതെ എടുത്തു കളയുന്നു. എന്നിട്ട് ഒരക്ഷരം മിണ്ടാതെ മനസ്സില്ലാമനസ്സോടെ പരിപ്പുകറിയും കുഴച്ച് ചോറ് കഴിക്കാന്‍ തുടങ്ങി.എന്തായാലും ഞാന്‍ ഒരു കാര്യം ചെയ്തു.. പരിപ്പുകറി വെച്ചിരുന്ന പത്രം സുജിത്തിന്റെ കൈയെത്തും ദൂരത്ത് (സിനിമയല്ല കേട്ടോ) നിന്നും ഞാന്‍ മാറ്റി വെച്ചു.. ഇനി എങ്ങാനും അവന്‍ അബദ്ധത്തില്‍ ആ പാത്രം തട്ടി വീഴ്തെണ്ട എന്ന് വിചാരിച്ചാണ് കേട്ടോ... അല്ലാതെ വേറൊന്നും കൊണ്ടല്ല !!
ഇതില്‍ നിന്നും മനസ്സിലാകുന്ന ഗുണപാഠം എന്തെന്നാല്‍ നിങ്ങള്ക്ക് ബട്ടര്‍ ചിക്കന്‍ ഇഷ്ടപെട്ടിലെങ്കിലും അത് കഴിക്കാതെ ഇരിക്കരുത്. അഥവാ കഴിച്ചില്ലെങ്കില്‍ അടുത്ത പ്രാവശ്യം ഊണ് കഴിക്കാന്‍ പോവുമ്പോള്‍ പരിപ്പുകറി കൂട്ടാതെ നോക്കുക !!
CDACile Sambarile Vendaykkayil ninnum Enikku Kittiya Puzhuvine njan ivide Smarikkunnu....annu njan "chey puzhu" ennu paranjathu kaaranam thoaattappurathirunnu OOnu kazhichukondirunna Sundariyaa chechi vaal paniyan thuninjathum njan Smarikkunnu..Chechi ennodu Kshami.
ReplyDelete