Sunday, June 21, 2009

ട്രെയിന്‍ തേപ്പ്

ട്രെയിനില്‍ ദൂരയാത്ര ചെയ്യുക എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അത് ഒറ്റയ്ക്കാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അടുത്ത സീറ്റില്‍ എങ്ങനയുള്ളവര്‍ ആണ് എന്നതിനെ അപേക്ഷിച്ചിരിക്കും അങ്ങോട്ടുള്ള യാത്രയുടെ അവസ്ഥ. സ്റ്റേഷനില്‍ വന്നു ചാര്‍ട്ട് നോക്കുമ്പോള്‍ തന്നെ നമുക്ക് ഒരു ഏകദേശ ധാരണ കിട്ടും. മിക്കവാറും എന്തെങ്കിലും ഫാമിലി ആയിരിക്കും. മുത്തശ്ശിയും മുത്തച്ചനും ചെറുമക്കളും ഒക്കെ ഉണ്ടെങ്കില്‍ കെങ്കേമം. അങ്ങനെ സംഭവിച്ചാല്‍ ഉള്ള ഗുണങ്ങള്‍ എന്തൊക്കെയെന്നു വെച്ചാല്‍ പിള്ളേര്‍ തമ്മില്‍ ഗുസ്തി നടത്തുമ്പോള്‍ റഫറി ആവാം, രാത്രി മുത്തശ്ശി കഥകള്‍ കേട്ട് ഉറങ്ങാം എന്നിവയാണ്. അതല്ലെങ്കില്‍ കപ്പിള്‍സ്‌ വിത്ത്‌ ഓര്‍ വിത്തൌട്ട് കുട്ടിച്ചാത്തന്‍സ് ആയിരിക്കും. അവരായി അവരുടെ പാടായി. നമ്മള്‍ പിന്നെ പുറത്തു നോക്കി തെങ്ങാകുലകളുടെ ആട്ടം നോക്കിയിരുന്നാല്‍ മതി.

ചുരുക്കം ചില അവസരങ്ങളില്‍ നമ്മളെ പോലെ തരികിട പാര്‍ടീസിനെ കൂട്ട് കിട്ടും. എങ്കില്‍ ചീട്ടു കളിച്ചും തമാശ പറഞ്ഞും യാത്ര ആനന്ദകരം ആക്കാം. ഇനി പറയാന്‍ പോവുന്ന കാര്യം സംഭവിക്കാനുള്ള സാധ്യത ആയിരത്തില്‍ ഒന്ന് മാത്രമാണ്. ചാര്‍ട്ട് നോക്കുമ്പോള്‍ നിങ്ങള്‍ ഇരിക്കുന്ന സ്ഥലത്ത് ബാക്കി സീറ്റുകളില്‍ എല്ലാം പെണ്‍കുട്ടികള്‍! (ഓവര്‍ ആണല്ലേ ? എനിക്കും തോന്നി). എല്ലാം എന്നുള്ളത് പോട്ടെ. കുറഞ്ഞ പക്ഷം ഒരു പെണ്‍കുട്ടിയെങ്കിലും! മനസ്സില്‍ 'No:20 മദ്രാസ്‌ മെയില്‍', 'Jab we met' തുടങ്ങിയ സിനിമകളിലെ സീന്‍സ്‌ ഒക്കെ ഒന്ന് റീവൈണ്ട് ചെയ്തു സീറ്റ്‌ കണ്ടുപിടിച്ച് ആളെ കാത്തിരിക്കുമ്പോഴായിരിക്കും അടുത്ത് നിന്ന് ഒരു അപശബ്ദം കേള്‍ക്കുക.

"എച്ചുസ്‌ മി .... ഒറ്റയ്ക്കാണോ ?"

ഒറ്റയ്ക്കല്ല.... കൂടെ ഈ പെട്ടിയും ബാഗും ഒക്കെ ഉണ്ട് എന്ന് പറയാന്‍ പറ്റില്ലല്ലോ. "അതെ " എന്നൊരു ഉത്തരം പറഞ്ഞാല്‍ സീറ്റ്‌ എക്സ്ചേഞ്ച് എന്ന് പറയപ്പെടുന്ന പ്രോഗ്രാമിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. അങ്ങനെ എക്സ്ചേഞ്ച് ചെയ്തു കിട്ടിയ സീറ്റില്‍ ചെന്നാല്‍ വീണ്ടും മേല്‍പറഞ്ഞ രീതിയില്‍ ആയിരിക്കും അവസ്ഥ. പല പ്രാവശ്യം ട്രെയിനില്‍ യാത്ര ചെയ്തു റിസര്‍ച്ച് നടത്തി കണ്ടത്തിയ വിവരങ്ങള്‍ ആണിത്. റിസര്‍ച്ച് നടത്താതെ ഈ സംഭവവികാസത്തെ 'പാപി ചെല്ലുന്നിടം പാതാളം' എന്നും വിളിക്കാം.

അങ്ങനെ ഹൈദരാബാദില്‍ നിന്ന് നാട്ടിലേക്ക് ഒരു യാത്ര. ഞാന്‍ ഒറ്റയ്ക്കും. ആദ്യമേ തന്നെ ലിസ്റ്റ് നോക്കി. എന്റെ സീറ്റ്‌ നമ്പര്‍ 55. അടുത്ത സീറ്റ്‌ നോക്കി. '56 - Jennifer - F - 24'. ഗുണ്ടൂരില്‍ നിന്ന് കേറും . പാലക്കാട്‌ ഇറങ്ങും. വേഗം അകത്തു കേറി സീറ്റ്‌ കണ്ടുപിടിച്ചു. ആശ്വാസമായി. സിംഗിള്‍ സീറ്റ്‌ ആണ്. അപ്പൊ പിന്നെ ആരും അങ്ങനെ മാറി ഇരിക്കാന്‍ പറയില്ല. ഗുണ്ടൂര്‍ എത്താന്‍ വൈകുന്നേരം ആവും. അത് വരെ കാത്തിരിക്കുക തന്നെ. അടുത്തുള്ള സീറ്റുകളില്‍ ഒക്കെ ഒന്ന് സ്കാന്‍ ചെയ്തു നോക്കി. സ്കാന്‍ റിസള്‍ട്ട്‌ = O. ഇനി ജെന്നിഫര്‍ തന്നെ ശരണം !

പാട്ട് കേട്ടും ഉറങ്ങിയും പുറത്തെ കാഴ്ചകള്‍ കണ്ടും 6 മണി ആയപ്പോ ഗുണ്ടൂര്‍ എത്തി. ഉടന്‍ തന്നെ ഞാന്‍ സ്റ്റേഷനിലേക്ക് ചാടി ഇറങ്ങി. ബോഗിയുടെ ഒരു വാതിലില്‍ നിന്ന് മറ്റേ വാതിലിലേക്ക് രണ്ട് പ്രാവശ്യം മാര്‍ച്ച് ചെയ്തു. ജെന്നിഫര്‍ എന്ന് പേരിടാന്‍ സാധ്യതയുള്ള ആരും തന്നെ കേറുന്നില്ല. കുറച്ചു നേരം അവിടെ കറങ്ങി തിരിഞ്ഞു നിന്നെങ്കിലും ആരും വന്നില്ല. ഗുണ്ടൂരില്‍ ഒരു 10 മിനിറ്റ്‌ എങ്കിലും വണ്ടി നിര്‍ത്തിയിടും. സമയം കളയാന്‍ എന്തെങ്കിലും വേണമല്ലോ. ഞാന്‍ ഒരു ബുക്ക്‌ കട തപ്പി നടപ്പായി. അവസാനം ബുക്സ് ഒക്കെ മേടിച്ചു ഒരു ചായ ഒക്കെ കുടിച്ചു ഞാന്‍ പതുക്കെ ട്രെയിനില്‍ കേറി.

ങേ ??? എന്താത് ? എന്റെ സീറ്റില്‍.... അതാ ഇരിക്കുന്നു... ഒരു വലിയ......സുന്ദരമായ ബാഗ്‌ ! സീറ്റിന്റെ അടിയില്‍ ഒരു വലിയ പെട്ടി.... കാലു വെക്കുന്നിടത് ഒരു കാര്‍ഡ്ബോര്‍ഡ് ബോക്സ്‌.... മുകളില്‍ വേറെ ഒരു പെട്ടി! ആകെമൊത്തം എന്റെ സ്ഥലം കൈയേറ്റം ചെയ്തിരിക്കുന്നു. അഭയാര്‍ഥി ക്യാമ്പില്‍ വന്നു കേറിയത്‌ പോലെ ആയി എന്റെ അവസ്ഥ. ഇതിന്റെയൊക്കെ ഉടമസ്ഥ ഫോണും പിടിച്ചു സുഖമായി സീറ്റില്‍ ഇരിക്കുന്നു. മിസ്‌ ജെന്നിഫര്‍ !

"രണ്ട് സീറ്റിലായി ഇരുന്നോരുത്തനെ
വണ്ടിയില്‍ നില്‍ക്ക വെച്ചതും ഭവാന്‍
മുകളിലെ നല്ലൊരു ബെര്‍ത്തില്‍ നിറച്ചും
തുകലിന്‍ സഞ്ചികള്‍ കേറ്റിയതും ഭവാന്‍"

ദേഷ്യം എന്റെ തലയാകുന്ന പ്രെഷര്‍ കുക്കറില്‍ വിസില്‍ അടിച്ചു. ഞാന്‍ ചെറുതായി ഒന്ന് ചുമച്ചു. കേട്ടില്ലാ ! അല്പം കൂടി ഉച്ചത്തില്‍ ചുമച്ചു... ഫോണില്‍ അപ്പുറത്തുള്ള ആളും ചുമക്കയാണോ? അത് കൊണ്ടാണോ കേള്‍ക്കാതെ? നോ രക്ഷ ! അടുത്ത സൌണ്ട് എഫ്ഫക്റ്റ്‌ ആര്‍ക്കും അവഗണിക്കാന്‍ പറ്റുന്നത്ആയിരുന്നില്ല !

"ങ്യാച്ചീ ......!"

ട്രെയിന്‍ ഒരു നിമിഷത്തേക്ക് നിശ്ചലമായി. അടുത്ത സീറ്റില്‍ കിടന്നു ഉറങ്ങിയിരുന്ന മനുഷ്യന്‍ ഞെട്ടി എഴുന്നേറ്റു ചുറ്റും നോക്കി ഒരു കോട്ടുവാ ഇട്ടിട്ടു വീണ്ടും കിടന്നു ഉറങ്ങാന്‍ തുടങ്ങി! ബിസ്കറ്റ്‌ തിന്നു കൊണ്ടിരുന്ന കുട്ടി അവസാനത്തെ ബിസ്കറ്റ്‌ എടുത്തു തറയില്‍ കളഞ്ഞിട്ടു കവര്‍ തിന്നാന്‍ ആരംഭിച്ചു! ജെന്നിഫര്‍ ടോര്‍ച്ച്‌ കണ്ട മൌസിനെ പോലെ സീറ്റിന്റെ ഒരു മൂലയില്‍ ചുരുണ്ടു കൂടി എന്നെ നോക്കി.

ഞാന്‍ വളരെ ഗൌരവത്തില്‍ പറഞ്ഞു, " എന്റെ സീറ്റ്‌ ആണ് ഇത് !"

"ഓ സോറി" - ഈ ദിവസം ആ കുട്ടി പറയാന്‍ പോവുന്ന അവസാന വാക്കുകള്‍ അതായിരുന്നു എന്ന് ഞാന്‍ അറിഞ്ഞില്ല.

പെട്ടിയും ബാഗും ഒക്കെ മാറ്റി വെച്ചിട്ട് പുള്ളിക്കാരി ഉടന്‍ തന്നെ ഒരു ഇംഗ്ലീഷ് നോവല്‍ എടുത്തു വായന തുടങ്ങി. പാവത്തിന് നാളെ പരീക്ഷ കാണും. എത്ര ശ്രദ്ധയോടെയാ വായിക്കണേ ! ഞാന്‍ ശല്യം ചെയ്യാന്‍ പോയില്ല. നമ്മുടെ പുസ്തകം എടുത്തു ഞാനും വായന തുടങ്ങി - ബോബനും മോളിയും !

അര മണിക്കൂര്‍ കൊണ്ട് ഞാന്‍ മൂന്ന് ബുക്കും വായിച്ചു തീര്‍ത്തു. അപ്പോഴേക്കും ഫുഡ്‌ വന്നു. ഞാന്‍ കഴിക്കുമ്പോഴും അവള്‍ വായന തുടരുന്നു. പുള്ളിക്കാരി ഒന്നും കഴിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് തോന്നുന്നു. ചിലപ്പോ dieting ആയിരിക്കും. ഹേ... ആവില്ല! ട്രെയിനില്‍ കേറുന്നതിനു മുന്‍പ് മൂക്കുമുട്ടെ തിന്നു കാണും. ഇനി സ്ലീപിംഗ് പില്‍സിനു പകരം ആയിരിക്കും ഈ ബുക്ക്‌ വായന.

കൈ കഴുകി കുറച്ചു നേരം വാതിലിനടുത്ത് നിന്ന് കാറ്റൊക്കെ കൊണ്ടിട്ടു ഞാന്‍ തിരികെ സീറ്റില്‍ എത്തി. സീറ്റില്‍ ഒരു ശവം ! തല മുതല്‍ കാലു വരെ മൂടി പുതച്ച് ജെന്നിഫര്‍ ശവാസനത്തില്‍ കിടപ്പായി. ഭാഗ്യത്തിന് മുകളിലെ ബെര്‍ത്ത്‌ കാലിയാക്കി വെച്ചിട്ടുണ്ട്. ഞാന്‍ എന്നോട് തന്നെ ഒരു ഗുഡ്‌ നൈറ്റ്‌ പറഞ്ഞിട്ട് മുകളില്‍ വലിഞ്ഞു കേറി. സമയം 9 ആയതേ ഉള്ളു. കിടന്നിട്ടു ഉറക്കം വരണ്ടേ? ശവത്തിനു കാവലിരിക്കുന്ന പോലീസുകാരനെ പോലെ ഞാന്‍ കുറെ നേരം കണ്ണും ചിമ്മി ഇരുന്നിട്ട് എപ്പോഴോ ഉറങ്ങി.

രാവിലെ 9 മണി വരെ സുഖമായി ഉറങ്ങി. മരക്കൊമ്പില്‍ നിന്ന് വേതാളം വിക്രമാദിത്യനെ നോക്കുന്നത് പോലെ ഞാന്‍ താഴെ കിടന്നിരുന്ന ജെന്നിഫരിനെ നോക്കി. ഭാഗ്യം ! എഴുന്നേറ്റു. നോവല്‍ വായന തുടരുകയാ. ഞാന്‍ താഴെ ഇറങ്ങി ബ്രഷും പേസ്റ്റും ഒക്കെ എടുത്തോണ്ട് ഒന്ന് ഫ്രഷ്‌ ആയിട്ട് തിരികെ വന്നു എന്റെ സീറ്റില്‍ ഇരുന്നു.

"ഇതാ ബ്രേക്ക്‌ ഫാസ്റ്റ് ..." ഒരു പൊതി എനിക്ക് നീട്ടിയിട്ട്‌ ജെന്നിഫര്‍ പറഞ്ഞു.

ഓ... ഞാന്‍ ഉറക്കമായിരുന്നത് കൊണ്ട് പൊതി അവളുടെ കൈയില്‍ കൊടുത്തതാവാം. പൊതി മേടിച്ചു ഞാന്‍ പറഞ്ഞു - "താങ്ക് യു !"

"ഹായ് ... ഞാന്‍ ജെന്നിഫര്‍ "

ആ പേര് ആദ്യമായി കേള്‍ക്കുന്ന ഭാവത്തില്‍ ഞാന്‍ പറഞ്ഞു - "ഹലോ... ഞാന്‍ അഭി "

"ഇന്നലെ എനിക്ക് ഭയങ്കര ക്ഷീണം ആയിരുന്നു... അതാ ഒന്നും പറയാതെ ഞാന്‍ കിടന്നെ... ഒന്നും തോന്നരുതേ ട്ടോ "

എന്ത് തോന്നാന്‍ ? ബാക്കി ഉള്ളവര്‍ ഒക്കെ ചുമ്മാ സമയം കളയാന്‍ അല്ലെ ഉറങ്ങുന്നത്.. ഹും !

"ഇറ്റ്സ് ok !"

പിന്നെ സ്വിച്ച് ഓണ്‍ ചെയ്തത് പോലെ വാചകം ആയിരുന്നു. ഗുണ്ടൂരില്‍ നിന്ന് പാലക്കാടിലേക്ക് shift ചെയ്യുവാണ്, ആദ്യമായിട്ടാണ് ഒറ്റയ്ക്ക് യാത്ര, ബുക്കും വെച്ചോണ്ട് ഇരുന്നാല്‍ വായിനോക്കികള്‍ (ഞാന്‍ അല്ല) ഒന്നും ശല്യം ചെയ്യില്ലാന്ന് ഫ്രണ്ട്സ്‌ പറഞ്ഞെന്നും അങ്ങനെ അങ്ങനെ നോണ്‍ സ്റ്റോപ്പ്‌ കൊണ്ടാട്ടം ആയിരുന്നു പിന്നെ അവിടെ! ചുരുക്കി പറഞ്ഞാല്‍ ഒരു മിനി FM റേഡിയോ.

അവസാനം പത്തര ആയപ്പോള്‍ പാലക്കാട്‌ എത്തി. സംഭാഷണത്തിന് എമര്‍ജന്‍സി ബ്രേക്ക്‌ വലിച്ചോണ്ട് ജെന്നിഫര്‍ ഒരു ചോദ്യം ചോദിച്ചു.....

"അഭി.... ലഗ്ഗേജ് ഇറക്കാന്‍ എന്നെ ഒന്ന് സഹായിക്കുമോ ?"

എന്റമ്മേ.... കൂലിക്കാരെ വിളിച്ചു ഇറക്കേണ്ട സാധനങ്ങള്‍ ഞാന്‍ ഒറ്റയ്ക്ക് താങ്ങാനോ ? ഇന്നലെ ആലുവാമണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ലാതിരുന്നിട്ട് ഇന്ന് രാവിലെ എന്തായിരുന്നു സ്നേഹം! എല്ലാം ഇതിനു വേണ്ടിയായിരുന്നു അല്ലെ ? പറ്റില്ലെന്ന് എങ്ങനെയാ പറയുക ? എന്റെ ഇരട്ടി സൈസ് ഉള്ള പെട്ടികളും ബാഗും നോക്കി ഞാന്‍ പറഞ്ഞു - "നോ പ്രോബ്ലം"

മിസ്റ്റര്‍ ബ്രഹ്മചാരിയിലെ മോഹന്‍ലാലിനെ മനസ്സില്‍ ധ്യാനിച്ചു ലഗ്ഗേജ് ഓരോന്നായി ഇറക്കാന്‍ തുടങ്ങി. എല്ലാത്തിനും മുടിഞ്ഞ ഭാരം. അകത്തു കരിങ്കല്ലാണോ എന്ന് വരെ എനിക്ക് സംശയം തോന്നി.

"നല്ല വെയിറ്റ് ഉണ്ടോ ? ഞാന്‍ സഹായിക്കണോ ? കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ?" - ഇടയ്ക്കിടയ്ക്ക് ഈ വക ചോദ്യങ്ങള്‍ !!

"വേണ്ട... ഐ വില്‍ മാനേജ് ! " ഞാന്‍ പറയും. ഉവ്വ് ! മാനേജ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും ബോഡി ഡാമേജ് ആവുന്ന കാര്യത്തില്‍ ഒരു തീരുമാനം ആയി !

അങ്ങനെ മൂന്ന് നാല് മിനിറ്റ്‌ കൊണ്ട് എല്ലാം പുറത്തു എത്തിച്ചു.

"താങ്ക് യു അഭി.... പോര്‍ട്ടര്‍മാരെ വിളിച്ചെങ്കില്‍ ഇപ്പൊ ഒരു നൂറു രൂപ പോയി കിട്ടിയേനെ... thank you so much !"

ട്രെയിനില്‍ ചാരി നിന്ന് ഞാന്‍ വെറുതെ ചിരിച്ചു (നേരെ നില്ക്കാന്‍ വയ്യാത്തത് കൊണ്ടാ). താങ്ക്സ് മാത്രമേ ഉള്ളല്ലേ ? അഞ്ചു രൂപയുടെ ഒരു ബോഞ്ചി വെള്ളം മേടിച്ചു താടീ !

അപ്പോഴതാ മാടപ്രാവിനെ സോറി മാടിനെ പോലെയുള്ള ഒരു മനുഷ്യന്‍ ഓടികിതച്ചു വരുന്നു. ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ ജെന്നിഫര്‍ ആളെ പരിചയപ്പെടുത്തുന്നു.

"ഇത് എന്റെ husband - ജോസ് !"

അമ്പടി! ഈ തടിമാടന്‍ ഉണ്ടായിട്ടാണോ എന്നെ കൊണ്ട് പെട്ടി മുഴുവന്‍ എടുപ്പിച്ചത്. കീരിക്കാടന്‍ ജോസിനെ കണ്ട കൊച്ചിന്‍ ഹനീഫയുടെ ചിരി എന്റെ മുഖത്തും എങ്ങനെയോ വന്നു.

"ചേട്ടാ.. ഇത് അഭി... എന്റെ ലഗ്ഗേജ് മുഴുവന്‍ ഇറക്കി തന്നത് അഭിയാ !"

ആഹാ... എന്നെ കേവലം ഒരു പോര്‍ട്ടര്‍ ആകിയല്ലെടീ ടോട്ടരെ (മോളെ ) !

കീരിക്കാടന്‍ എന്നെയും പെട്ടികളെയും മാറി മാറി നോക്കി. പറഞ്ഞത് വിശ്വാസം വരാത്തത് പോലെ. എന്നിട്ട് ജെന്നിഫരിനോട് തുള്ളാന്‍ തുടങ്ങി - "നിന്നോട് ഞാന്‍ പറഞ്ഞതല്ലേ എല്ലാം കൂടി ചുമന്നോണ്ട് വരരുതെന്ന് ? "

ജെന്നിഫര്‍ : "പിന്നെ പാത്രങ്ങളൊക്കെ കളഞ്ഞിട്ടു വരാനോ ?"

ഓഹോ... അപ്പൊ ബാഗിനകത്തു കരിങ്കല്ല് അല്ല ... കറിചട്ടിയായിരുന്നു !

കീരി : "ഇനി ഇതൊക്കെ എങ്ങനെ സ്റ്റേഷന് വെളിയില്‍ എത്തിക്കും ?"

രണ്ട് പേരും നേര്‍ച്ചക്കോഴിയെ പോലെ എന്നെ നോക്കി. പക്ഷെ എന്റെ ഭാഗ്യത്തിന് അപ്പോഴേക്കും ട്രെയിന്‍ കൂവി. ഗുഡ്‌ ബൈ പറഞ്ഞു സീറ്റില്‍ എത്താന്‍ എനിക്ക് രണ്ട് സെക്കന്റ്‌ മാത്രമേ വേണ്ടി വന്നുള്ളു‌ !

പിന്നീടുള്ള യാത്ര മുഴുവന്‍ ഞാന്‍ മൌനവ്രതം അനുഷ്ഠിച്ചു !

16 comments:

 1. ഹി ഹി ഓരോ അടി വരുന്ന വഴിയെ
  ഗുണപാഠം: age 24 എന്ന് കണ്ടാലും.. മിസ്സ്‌ ആണോ മിസ്സിസ്സ്‌ ആണോ എന്ന് കൂടെ നോക്കി വെക്കണം..

  ReplyDelete
 2. "എച്ചുസ്‌ മി .... ഒറ്റയ്ക്കാണോ ?" is a tricky one.

  ReplyDelete
 3. @ കണ്ണനുണ്ണി
  age ന്റെ കാര്യം പോട്ടെ... ലഗ്ഗേജ് നോക്കിയിട്ടേ സംസാരിക്കാന്‍ പോകാവൂ.... അതാണ്‌ ഗുണപാഠം !

  @ Ashly
  right.... real tricky ;)

  ReplyDelete
 4. കൊള്ളാം ഒരു രസം ഓക്കേ ഉണ്ട് വായിക്കാന്‍ . ഇതു കൊണ്ട് എങ്ങിലും പഠിച്ചു എന്നാ അറിയേണ്ടേ അതോ ഇതുപോലെ ഇനിയും തേപ്പുകളില്‍ നിന്നും തെപ്പുകളിലേക്ക് യാത്രആണോ

  ReplyDelete
 5. നല്ല നര്‍മ്മം അഭീ. ആ കമന്റു കലക്കി. ഇനി ലഗേജിന്റെ ഭാരം കണക്കാക്കിയിട്ടേ ആരോടെങ്കിലും മിണ്ടാവൂ കേട്ടോ.

  ReplyDelete
 6. @ അഭിലാഷ്‌
  തേപ്പുകള്‍ തേടി നടക്കേണ്ട ആവശ്യമില്ല... അത് നമ്മളെ തേടി വന്നോളും ;)

  @ ഗീത്
  'jab we met' ലെ ഗീത് അല്ലല്ലോ ? :D
  വന്നതിനും കമന്റ്‌ ഇട്ടതിനും നന്ദി !

  ReplyDelete
 7. അദ്ദാണ്...ലവക്ക് മ്മടെ അഭിയെ ശെരിക്കു പിടികിട്ടി...

  സ്റ്റീല്‍ ബോഡി കണ്ടാലും ആരും എന്തും പറഞ്ഞു പോവും!

  ReplyDelete
 8. രണ്ടു നാലു (24) വയസ്സുള്ള ഒരുത്തീടെ
  കൂടെ ലുഗ്ഗെജ് അയയ്ക്കുന്നതും ഭവാന്‍
  കൂടെ വന്നവന്‍ടെ പെടെലിക്ക് അതും കേറ്റി
  ഒരു 'ഡാങ്ക്സ്' മാത്രം തലയില്‍ എഴുതുന്നതും ഭവാന്‍

  ReplyDelete
 9. @ പാഷാണം
  ബോഡി മാത്രമല്ല ഗ്ലാമര്‍, ബുദ്ധി , നിഷ്കളങ്കത തുടങ്ങിയ ഗുണങ്ങളും ഉണ്ടേ !

  @ Saber
  നമ്മളും ഒരു ശവി .... ഛെ... കവി ആണല്ലേ ? :D

  ReplyDelete
 10. എന്തൊക്കെ ചെയ്താലും വരാനുള്ളത് വഴിയില്‍ തങ്ങില്ല അബി, അത് വടിയും പിടിച്ചിങ്ങ് വരും:)

  ReplyDelete
 11. തേച്ചു തേച്ചു പോര്‍ട്ടര്‍ അഭി ആയി...:).

  ReplyDelete
 12. @ അരുണ്‍
  മാഷ്‌ പറഞ്ഞത് 100 ശതമാനം കറക്റ്റ്‌ !

  @ കുക്കു
  ജീവിതത്തില്‍ ഇനി എന്തൊക്കെ വേഷങ്ങള്‍ കെട്ടാന്‍ കിടക്കുന്നു :)

  ReplyDelete
 13. seat 54 jennifer F-24 (married) -- ee informationum athyaavashyam..!

  ReplyDelete
 14. നന്നായി തേച്ചു കേട്ടോ ? :)

  ReplyDelete