Sunday, July 26, 2009

നാരങ്ങാ മിട്ടായി

"മമ്മീ മമ്മീ.... വാണ്ട്‌ സ്നിക്കെര്‍സ് നൌ !" എട്ടു വയസുകാരി അര്‍ച്ചന ഉച്ചത്തില്‍ ബഹളം വെച്ചു തുടങ്ങി.

"അച്ചൂ... ടോള്‍ഡ്‌ യു... ഞാന്‍ പിന്നെ തരാം !" ഇന്ദുവിന് ചെറുതായി ദേഷ്യം വന്നു തുടങ്ങി.

"നോ മമ്മീ... എനിക്ക് ഇപ്പൊ കിട്ടണം !" അച്ചു വിടാന്‍ ഭാവമില്ല.

ഇന്ദുവിന്റെ അമ്മ ദേവകി അപ്പൊ മുറിയിലേക്ക് കടന്നു വന്നു.

"എന്താമോളിങ്ങു വന്നെ..." ദേവകി അച്ചുവിനെ അടുത്ത് പിടിച്ചു ചോക്ലേറ്റ് വേണമെന്നു പറഞ്ഞു വാശി പിടിക്കുന്നതാ..."

"മോളിങ്ങു വന്നെ..." ദേവകി അച്ചുവിനെ അടുത്ത് പിടിച്ചു നിര്ത്തി.

"മോള്‍ക്ക്‌ യാത്ര ചെയ്തതിന്റെ ക്ഷീണം ഒന്നുമില്ലേ? മോള് കുളിച്ചു സുന്ദരികുട്ടിയായിട്ടു വാ... ഞാന്‍ മോള്‍ക്ക്‌ വേണ്ടി പായസം ഉണ്ടാക്കി വെച്ചിട്ടുണ്ട്..."

"നോ ഗ്രാന്‍ഡ്‌ മാ.... എനിക്ക് ക്ഷീണം ഒന്നുമില്ല... എനിക്ക് പായസം വേണ്ട... സ്നിക്കെര്സ് മതി" അച്ചു നിന്നു ചിണുങ്ങി.

"നീ ആള് കൊള്ളാമല്ലോ... ഇങ്ങനെ മിട്ടായി തിന്നുന്നത്‌ നല്ല ശീലമല്ല... നീ എന്നെ കണ്ടു പഠിക്ക് "

"ഉവ്വ ഉവ്വ... ഇതാരാ മിട്ടായി തിന്നില്ലാന്നു പറയണേ.... അച്ചുമോളിങ്ങു വന്നേ " വാസുദേവന്‍ പുറത്തു നിന്നു വിളിച്ചു.

"ഗ്രാന്‍ഡ്‌ പാ !" അച്ചു ഉറക്കെ വിളിച്ചോണ്ട് വാസുദേവന്റെ അരികിലേക്ക് ഓടി.

"മോള്‍ക്ക്‌ അറിയാമോ ? മോള്‍ടെ ഗ്രാന്‍ഡ്‌ മാ കുട്ടികാലത്ത് ഭയങ്കര മിട്ടായി കൊതിച്ചി ആയിരുന്നു"

"ഈസ്‌ ദാറ്റ്‌ ട്രു... ഗ്രാന്‍ഡ്‌ പാ? ഗ്രാന്‍ഡ്‌ മാ ഒരു ദിവസം എത്ര സ്നിക്കെര്‍സ് കഴിക്കുമായിരുന്നു?"

" അന്ന് സ്നിക്കെര്സ് ഒന്നുമില്ല മോളെ... ആകെ ഉണ്ടായിരുന്നത് നാരങ്ങമിട്ടായി ആയിരുന്നു"

"നാരങ്ങ... ?"

"അതെ... നാരങ്ങ ചെറു കഷണങ്ങളായി മുറിച്ച പോലെ.... മഞ്ഞയും ഓറഞ്ചും നിറങ്ങളില്‍... മുറുക്കാന്‍ കടകളില്‍ കുപ്പികള്‍ നിറച്ചും നാരങ്ങ മിട്ടായി ഉണ്ടായിരുന്നു... രണ്ട് അണ കൊടുത്താല്‍ ഒരു പിടി നിറച്ചു കടലാസില്‍ പൊതിഞ്ഞു തരും"

"യു മീന്‍ ന്യൂസ് പേപ്പര്‍ ? അപ്പൊ പ്ലാസ്റ്റിക് പാക്കിംഗ് ഒന്നുമില്ലേ ഗ്രാന്‍ഡ്‌ പാ ?"

"എന്ത് പ്ലാസ്റ്റിക് ? അന്നൊക്കെ മനുഷ്യന്റെ അകവും പുറവും ഒക്കെ വൃത്തിയുള്ളതായിരുന്നു.... അപ്പൊ പറഞ്ഞു വന്നത് നിന്റെ ഗ്രാന്‍ഡ്‌ മാ യുടെ കാര്യം... ഗ്രാന്‍ഡ്‌ മാ ആഴ്ചയില്‍ രണ്ടു മൂന്ന് വട്ടം പോയി നാരങ്ങ മിട്ടായി മേടിക്കും... എന്നിട്ട് ആരും കാണാതെ ഒറ്റയ്കിരുന്നു തിന്നു തീര്‍ക്കും !"

"പിന്നെ... നിങ്ങള്‍ എത്ര പ്രാവശ്യം എന്റെ കൈയില്‍ നിന്നു തട്ടിയെടുത്തിട്ടുണ്ട് ?" ദേവകിയും കഥ പറച്ചിലില്‍ പങ്കു ചേര്‍ന്നു.

" അത് പിന്നെ ചോദിച്ചിട്ട് തന്നില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യാന്‍ ? അയല്‍വാസിയായ ഞാന്‍ ഒരു ദിവസം നോക്കുമ്പോള്‍ പറമ്പിന്റെ അകത്തു മാവിന്‍ ചുവട്ടില്‍ പമ്മിയിരുന്നു നാരങ്ങമിട്ടായി കഴിക്കുന്നു. കണ്ടപ്പോള്‍ എനിക്കും കൊതി വന്നു. ഒരെണ്ണം തരുമോ എന്ന് മര്യാദക്ക് ചോദിച്ചു. തന്നില്ല ! അപ്പോഴാ തട്ടിപ്പറിച്ചത്‌.... അന്ന് നിന്റെ ഗ്രാന്‍ഡ്‌ മായും നിന്നെ പോലെ 'മിട്ടായി വേണം.... ഇപ്പൊ വേണം' എന്ന് പറഞ്ഞു കരഞ്ഞു "

"എന്നിട്ട് ഗ്രാന്‍ഡ്‌ പാ എന്ത് ചെയ്തു? " അച്ചു ആകാംഷയോടെ ചോദിച്ചു.

"എന്ത് ചെയ്യാന്‍ ? ഞാന്‍ തിരികെ എന്റെ വീട്ടില്‍ പോയി അച്ഛന്റെ മേശക്കകത്തു നിന്നു പൈസ മോഷ്ടിച്ച് മിട്ടായി മേടിച്ചു കൊടുത്തു... അപ്പോഴാ ഗ്രാന്‍ഡ്‌ മാ കരച്ചില്‍ നിര്‍ത്തിയത്.... അങ്ങനെ മിട്ടായി കൊടുത്തും വാങ്ങിയും ഇവള്‍ എന്റെ തലയില്‍ ആയി !"

"മിട്ടായി കഴിച്ചു കഴിച്ചു ഞങ്ങള്ക്ക് രണ്ടു പേര്‍ക്കും ഷുഗറും ആയി" ദേവകി ചിരിച്ചു കൊണ്ടു പറഞ്ഞു.

കഥയൊക്കെ കേട്ടിട്ട് അച്ചു കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് ഓടിചെന്നു ഇന്ദുവിനോട് എന്തോ രഹസ്യം പറഞ്ഞു.

" .... അച്ഛാ.... അച്ഛന്റെ കഥ കേട്ടിട്ട് ഇവള്‍ ചോദിക്കുന്നത് കേട്ടോ ?"

"എന്താ മോളേ ?"

"ഇവള്‍ക്ക് മൈക്കിളിനെ കല്യാണം കഴിക്കേണ്ടി വരുമോ എന്ന് !"

"ആരാ മോളേ മൈക്കിള്‍ ?"

"സ്റ്റേട്സില്‍ ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു ബ്രിട്ടീഷ്‌ ഫാമിലി താമസിക്കുന്നുണ്ട്. അവരുടെ മകന്റെ പേരാ മൈക്കിള്‍.... രണ്ടും ഒരുമിച്ചാ സ്കൂളില്‍ പോക്കും കളിയും എല്ലാം !"

അച്ചു ഇന്ദുവിന്റെ പിറകില്‍ ഒളിച്ചു നിന്നു കൊണ്ടു പറഞ്ഞു, "മൈക്കിള്‍ എന്റെ കൈയില്‍ നിന്നും സ്നിക്കെര്‍സ് തട്ടിപറിക്കും. എന്നെ എപ്പോഴും കളിയാക്കും.... ഡോണ്ട് ലൈക്‌ ഹിം ഗ്രാന്‍ഡ്‌ പാ !"

വാസുദേവന്‍ ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് ദേവകിയെ നോക്കി കണ്ണിറുക്കി കൊണ്ടു പറഞ്ഞു.

"ഇന്നത്തെ കാലത്തു അതും സംഭവിച്ചു കൂടായ്കയില്ല !"

Tuesday, July 14, 2009

ചിന്ന സഹായം

"ഹലോ അളിയാ... ഇതു ഞാനാ..."
"ആ നീയോ... എന്നാ ഉണ്ടെടാ വിശേഷങ്ങള്‍ ?"

"ഓ എന്ത് പറയാന്‍... ഇങ്ങനെ ഒക്കെ പോവുന്നു... നിനക്കു സുഖാണോ ?"
"എന്നാ പറയാന്നാന്നെ ? ഇവിടെയും അതെ അവസ്ഥ തന്നെ.. "

"അളിയാ.. ഞാന്‍ വിളിച്ചത്... എനിക്ക് ഒരു ചിന്ന സഹായം വേണം..."
"സഹായമോ ? എന്നതാടാ ? നിന്റെ പണി വല്ലോം തെറിക്കുമോ ? നീ പേടിക്കെന്ടെടാ ഊവേ ഞാനും കൂടെ ഉണ്ട്... നമുക്കു നാട്ടില്‍ പോയി വല്ല ചായക്കടയും തുടങ്ങി ജീവിക്കാമെന്നെ... എനിക്ക് ഇവിടം മടുത്തു !"

"തമാശിക്കല്ലേ അളിയാ... അതല്ല ഞാന്‍ പറഞ്ഞു വന്നത്... "
"പിന്നെ ? നിനക്കു കാശ് വല്ലോം വേണോ? ഞാനേ ഇവിടെ പിച്ചക്കാരനായി ഇരിക്കുവാന്നെ.... അതിരിക്കട്ടെ നിനക്കു എത്രയാ വേണ്ടേ ?"

"അതൊന്നുമല്ലെടാ.... പറയുന്നതു കേള്‍ക്ക്... "
"ആഹാ ... ഇപ്പൊ പിടികിട്ടി... നീയും ലവളും കൂടി ഒളിച്ചോടാന്‍ തീരുമാനിച്ചു അല്ലെ? എടാ ഭയങ്കരാ.. നിന്നെ കുറിച്ചു ഞാന്‍ ഇത്രയും വിചാരിച്ചില്ല... എന്റെ പോന്നോ! പണ്ടു മൂക്കും ഒലിപ്പിച്ചോണ്ട് നടന്ന ചെറുക്കനാ... ഇപ്പൊ ഒരു പെണ്ണിന്റെ പിറകെ ഒലിപ്പിച്ച് നടന്നു അവസാനം കെട്ടാന്‍ പോണു.... കാലം പോയ ഒരു പോക്കേ.... എന്തായാലും അളിയാ എന്റെ വക എല്ലാ ആശംസകളും നേരുന്നു... അല്ലാതെ ഈ കാര്യത്തില്‍ എനിക്ക് നിന്നെ ഒരു വിധത്തിലും സഹായിക്കാന്‍ പറ്റില്ല.... പെണ്ണ് കേസാ... ഒന്നാമത്തെ ഇപ്പൊ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന് പറഞ്ഞാലേ പെണ്ണ് കിട്ടില്ല.... അതിന്റെ കൂടെ ഇതും കൂടി ആയാല്‍ ഞാന്‍ പിന്നെ പള്ളീലച്ചന്‍ ആവേണ്ടി വരും !"

"അല്ലെങ്കിലും നീ ഈ കാര്യത്തില്‍ സഹായിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.... പക്ഷെ ഇതു സംഗതി വേറെ... ഞാന്‍ പറയുന്നതു നീ ഒന്നു കേള്‍ക്കുമോ?"
"അപ്പൊ ഇതൊന്നുമല്ലേ കാര്യം? ശരി അളിയാ... നീ പറ.... ഞാന്‍ എന്നതാ നിനക്കു ചെയ്തു തരേണ്ടത്‌?"

"അത് പിന്നെ.... വേറൊന്നുമല്ല... ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി.... അളിയന്‍ അത് വായിച്ചു കമന്റ്‌ ഇടണം... പിന്നെ ഓഫീസില്‍ കൂടെ വര്‍ക്ക്‌ ചെയ്യുന്ന എല്ലാരെ കൊണ്ടും കമന്റ്‌ ഇടീക്കണം... ബ്ലോഗ് അഡ്രസ്‌ ഞാന്‍ sms അയക്കാം... ഇപ്പൊ പറഞ്ഞാല്‍ അളിയന്‍ മറന്നാലോ? ഇനിയും കുറെ പേരെ വിളിക്കാനുണ്ടേ... അല്പം തിരക്കുണ്ട്‌...... അപ്പൊ എല്ലാം പറഞ്ഞ പോലെ !"
"............."

Monday, July 6, 2009

എങ്കിലുമെന്റെ ആശാനെ......!

എന്റെ സുഹൃത്തായ സുജിത്ത് അഥവാ ഗാസ്തറിന്റെ മറ്റൊരു വീരസാഹസിക കഥയാണ്‌ ഇപ്പ്രാവശ്യം ഞാന്‍ അവതരിപ്പിക്കുന്നത് ....

ചെന്നൈയിലെ ഏകാന്തവാസം ഒക്കെ അവസാനിപ്പിച്ചു സുജിത്ത് നാട്ടില്‍ തിരിച്ചെത്തി. മാതാപിതാക്കള്‍ ഗള്‍ഫില്‍ ആയതിനാല്‍ സുജിത് തന്റെ വീട്ടില്‍ വീണ്ടും ഏകാന്തവാസം ആരംഭിച്ചു. അപ്പോഴാണ്‌ പ്രശ്നങ്ങളുടെ തുടക്കം. സമയം കളയാന്‍ യാതൊരു മാര്‍ഗവും കാണുന്നില്ല. വീട്ടില്‍ ടിവി ഉണ്ട്, കേബിള്‍ കണക്ഷന്‍ ഇല്ല. കമ്പ്യൂട്ടര്‍ ഉണ്ട്, ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ല. പുസ്തകം ഉണ്ട്, വായിക്കാന്‍ ക്ഷമ ഇല്ല. സ്റ്റൗ ഉണ്ട്, പാചകം അറിയില്ല. വണ്ടി ഉണ്ട്, പെട്രോള്‍ അടിക്കാന്‍ കാശില്ല. ഇപ്പൊ പുള്ളിക്കാരന്റെ അവസ്ഥയെ കുറിച്ച് ഒരു ഏകദേശ രൂപം കിട്ടി കാണുമെന്നു വിശ്വസിക്കുന്നു.

സെമിത്തേരിക്കു അടുത്താണ് സുജിത്തിന്റെ വീടെങ്കിലും പ്രേതങ്ങള്‍ പോലും അവനു കമ്പനി കൊടുക്കാന്‍ തയ്യാറല്ലെന്ന് വേണം നമ്മള്‍ കരുതാന്‍. സുജിത്തിന്റെ സുവിശേഷ പ്രസംഗം പേടിച്ചു പ്രേതങ്ങള്‍ കുഴിമാടത്തിനു അകത്തു തന്നെ കഴിഞ്ഞു പോന്നു.

അങ്ങനെയിരിക്കെ അവനു ഒരു ദിവസം ഒരു ഐഡിയ തോനുന്നു. ബീമാപ്പള്ളിയില്‍ പോയി കുറച്ചു ഇംഗ്ലീഷ് സിനിമ DVD മേടിക്കുക. സിനിമകള്‍ കണ്ടു സമയം കളയുക. പിന്നെ അവന്‍ ഒട്ടും താമസിച്ചില്ല. അന്ന് വൈകുന്നേരം തന്നെ കാറും എടുത്തു ബീമാപള്ളിയിലേക്ക് വെച്ച് പിടിച്ചു. അവിടെ എത്തിയപ്പോഴാണ് വേറെ ചില പ്രശ്നങ്ങള്‍.കടന്നല്‍ കൂട്ടില്‍ കല്ലെറിഞ്ഞത് പോലെ ആ പരിസരം മുഴുവന്‍ പോലീസുകാര്‍!പോരാത്തതിന് ഒറ്റ CD കട പോലും തുറന്നിട്ടില്ല. ഒന്നാം തിയതി ബിവറേജ് കടയുടെ മുന്‍പില്‍ തൊണ്ട നനയ്ക്കാന്‍ വന്ന കുടിയനെ പോലെയായി സുജിത്തിന്റെ അവസ്ഥ. എന്തായാലും വന്ന സ്ഥിതിക്ക് ഇവിടെ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വേണ്ടി സുജിത്ത് കാര്‍ ഒരു സൈഡില്‍ ഒതുക്കിയിട്ടു ചുമ്മാ നടന്നു.

"വന്നത് വെറുതെയായി... ഒരു കട പോലും തുറന്നിട്ടില്ലല്ലോ കര്‍ത്താവേ !" സുജിത്ത് മനസ്സില്‍ കരുതി.

വഴിയെ കൂടി പോയ ഒരു പയ്യനെ തടഞ്ഞു നിര്‍ത്തി സുജിത്ത് ചോദിച്ചു, " അനിയാ.... ഇവിടെ എന്താ ഇത്ര പോലീസ് ? ഇന്ന് ബന്ദ്‌ വല്ലതും ആണോ ?"

പയ്യന്‍ സുജിത്തിനെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു," അപ്പൊ അണ്ണന്‍ കാര്യങ്ങള് ഒന്നും അറിഞ്ഞില്ലീ ? കഴിഞ്ഞ ആഴ്ച ഇവിടെ അടി നടന്നീ. രണ്ടെണ്ണത്തിനെ വെട്ടി തള്ളി. അതോടെ പോലീസുകാര് വന്നു കടകളൊക്കെ അടപ്പിച്ചു ! ഇപ്പൊ കച്ചോടം ഒന്നുമില്ല "

"ഓഹോ... എനിക്ക് കുറച്ചു ഇംഗ്ലീഷ് DVD വേണമായിരുന്നല്ലോ. ഇനി ഇപ്പൊ എന്താ ചെയ്ക ?"

"തള്ളെ അത്രേയുള്ളൂ ? അത് നമ്മള് ഏറ്റു ! പക്ഷെ റേറ്റ് അല്പം കൂടും. ഒരു DVD ക്ക് 30 രൂപ തരണം"

"തരാം.... പുതിയ ഇംഗ്ലീഷ് പടങ്ങളുടെ ഒരു മൂന്ന് നാല് DVD കൊണ്ട് വാ !"

പയ്യന്‍ ചുറ്റും നോക്കി. എന്നിട്ട് പറഞ്ഞു, " ഞാന്‍ നമ്മടെ ആശാനോട് പറയാം. പുള്ളിക്കാരന് ഇംഗ്ലീഷ് പടങ്ങള്‍ വലിയ പിടിയില്ല. എന്നാലും ഒള്ളത് കൊണ്ട് വരും. അണ്ണന്‍ ദാ ആ കാണുന്ന കടയുടെ പിറകില്‍ ചെന്ന് നിക്ക്. അഞ്ചു മിനിറ്റ്‌ കഴിയുമ്പോ ആശാന്‍ സാധനവുമായി വരും! "

അങ്ങനെ സുജിത്ത് 'സാധനം കൈയിലുണ്ടോ' എന്ന് മനസ്സില്‍ വിളിച്ചോണ്ട് കടയുടെ പിന്നില്‍ ചെന്ന് തപസ്സു തുടങ്ങി. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ഒരു മീശക്കാരന്‍ അമ്മാവന്‍ കടയുടെ പിന്നിലേക്കു കൈയും വീശി വരുന്നു. സുജിത്തിനെ കണ്ടു അങ്ങേരു ബ്രേക്ക്‌ ഇട്ടു നിന്നു. പിന്നെ ഉടുത്തിരുന്ന മുണ്ടിന്റെ അകത്തേക്ക് കൈ കടത്തി !

"കര്‍ത്താവേ ? ഇങ്ങേരിതു എന്തിനുന്നുള്ള പുറപ്പാടാ? ഗുണ്ടായിസമോ അതോ കുണ്ടായിസമോ?" സുജിത്ത് മനസ്സില്‍ ഹല്ലെലുയാ പാടാന്‍ തുടങ്ങി !

അപ്പോള്‍ ആശാന്‍ മുണ്ടിനകത്തു നിന്നും ഒരു ന്യൂസ്‌ പേപ്പര്‍ പൊതി എടുത്തു സുജിത്തിന് കൊടുത്തു. എന്നിട്ട് പറഞ്ഞു, " രണ്ട് ഇംഗ്ലീഷ് പടമുണ്ട് കേട്ടാ... നമ്മക്ക് ഇതൊന്നും വലിയ പിടിയില്ല.....പിന്നെ കിട്ടിയത് എടുത്തോണ്ട് പോന്നു... മോന്‍ 60 രൂപ തന്നാട്ടെ!"

സുജിത്ത് സന്തുഷ്ടനായി. അതിലുപരി ആശ്വാസവും! കര്‍ത്താവിനു സ്തുതി പാടികൊണ്ട് അവന്‍ ആ പോതികെട്ടു മേടിച്ചു കാശ് കൊടുത്തു. തിരികെ മടങ്ങാന്‍ പോയപ്പോള്‍ ആശാന്‍ പിന്നില്‍ നിന്നും വിളിച്ചു.

"മോനെ... അത് കൈയില്‍ കൊണ്ട് പോണ്ടാ... പോലീസുകാര്‍ക്ക് സംശയം തോന്നും. മോന്‍ ഷര്‍ട്ട്‌ പൊക്കിയിട്ട് പാന്റ്സിനകതെക്ക്‌ പൊതി തിരുകി കേറ്റിക്കോ... എന്നിട്ട് ഒന്നുമറിയാത്തപോലെ പൊയ്ക്കോ !"

"ശരി ആശാനെ..."

ആശാന്റെ ഉപദേശം അവന്‍ ശിരസ്സാവഹിക്കുന്നു. അങ്ങനെ വയറ്റില്‍ സിക്സ് പാക്കിനു പകരം ഡിവിഡി പാക്കുമായി സുജിത്ത് കാറിനടുത്തേക്ക് പമ്മി പമ്മി നടന്നു. കുഴപ്പമൊന്നും ഇല്ല. കാറില്‍ കേറി സ്റ്റാര്‍ട്ട്‌ ചെയ്തു ബീമാപ്പള്ളി ഏരിയ കഴിഞ്ഞിട്ട് സുജിത്ത് വണ്ടി നിര്‍ത്തി. ഏതൊക്കെ പടങ്ങളാണ് എന്നറിയാന്‍ വേണ്ടി അവന്‍ പൊതി അഴിക്കാന്‍ തുടങ്ങി. അകത്തുള്ള ഡിവിഡികള്‍ കണ്ടു സുജിത്ത് അറിയാതെ 'ഓ ജീസസ്' എന്ന് വിളിച്ചു പോയി.

പൊതിക്കുള്ളിലെ സിനിമകള്‍ : ടൈറ്റാനിക് & മാട്രിക്സ് !