Saturday, February 7, 2009

ഗാസ്തര്‍ പുരാണം

ഞങ്ങള്‍ മൂന്ന് പേരും വാര്‍ത്ത‍ കേട്ടു ഞെട്ടി !!

സുജിത് നാടകത്തില്‍ അഭിനയിക്കാന്‍ പോവുന്നു. സ്കൂളിലും കോളേജിലും വെച്ചു സ്ടേജില്‍ പോലും കേറാത്ത സുജിത് ഇതാ ഇപ്പൊ ഒരു നാടകത്തില്‍ അഭിനയിക്കാന്‍ പോവുന്നു. തെറ്റിദ്ധരിക്കരുത്.. ലീഡ് റോള്‍ ഒന്നുമല്ല.. രണ്ടോ മൂന്നോ ടയലൊഗ്സ് ഉള്ള ഒരു സ്മാള്‍ കഥാപാത്രം. എന്നാലെന്ത് ?? സുജിത്തിന്റെ അരങ്ങേറ്റം ഞങ്ങള്‍ ഒരു വിധത്തിലും മിസ് ചെയ്യാന്‍ പാടില്ല എന്ന് തീരുമാനിച്ചു.

ഇതിന്റെ എല്ലാം തുടക്കം ഇങ്ങനെ. സുജിത് ഭക്തി മാര്‍ഗത്തില്‍ സഞ്ചാരം ആരംഭിച്ച ഒരു കാലം ഉണ്ടായിരുന്നു. കടുത്ത വിശ്വാസി ആയി മാറിയ അവന്‍ പിന്നെ പള്ളികാര്യങ്ങളിലും ആക്റ്റീവ് ആയിട്ട് പങ്കെടുക്കാന്‍ തുടങ്ങി. ഞങ്ങള്‍ മൊബൈലില്‍ വിളിക്കുമ്പോള്‍ അവന്‍ ഫോണ്‍ എടുത്തില്ലെങ്ങില്‍ ഉറപ്പിക്കാം - ഒന്നുകില്‍ അവന്‍ കക്കൂസില്‍ ആയിരിക്കും അല്ലെങ്ങില്‍ അവന്‍ പള്ളിയില്‍ ആയിരിക്കും!!ഞങ്ങള്‍ ഒത്തു കൂടുമ്പോഴൊക്കെ സുജിത് ഞങ്ങളെ നന്നാക്കാന്‍ ശ്രമിക്കുമായിരുന്നു.

"എടാ, നമ്മള്‍ ഇങ്ങനെ ഒക്കെ ആയിതീര്‍ന്നത്‌ നമ്മുടെ മിടുക്കല്ല. എല്ലാം ദൈവത്തിന്റെ കാരുണ്യം. നമ്മള്‍ എല്ലാം ദൈവത്തിന്റെ കുഞ്ഞാടുകളാണ് !! "

ഇതു കേള്‍കുമ്പോള്‍ സത്യമായും ഞങ്ങള്‍ ദൈവത്തെ വിളിച്ചു പോവും. ഇവന് ഭക്തി കൂടി ഭ്രാന്തായോ അതോ ഭ്രാന്തു കൂടി ഭക്തി ആയോ അതല്ല രണ്ടും കൂടി 1:1 അനുപാതത്തില്‍ ഇരിക്കുവാണോ എന്ന് ഞങ്ങള്‍ തര്‍ക്കിച്ചു.

ഞാന്‍ ഉടന്‍ ചാടി കേറി പറയും, " നീ എന്നെ കുഞ്ഞാട് എന്ന് വിളിച്ചോ... ബട്ട് ദാസപ്പനെ വിളിച്ചാല്‍ ഞാന്‍ സഹിക്കില്ല... വേണമെങ്ങില്‍ മുട്ടനാട് എന്ന് വിളിച്ചോ.. "

ദാസപ്പന്‍ : "അയ്യെടാ... എങ്കില്‍ സുബിനെ ജിറാഫ് എന്ന് വിളിക്കേണ്ടി വരും... അത്രയും പൊക്കമുള്ള വേറെ ആടോന്നും ഇല്ല "

ജിറാഫും ആടും അനിയനും ചേട്ടനും ആണോ എന്ന് ഞാന്‍ ആലോചിക്കുമ്പോള്‍ സുബിന്‍ സുജിത്തിന്റെ നേരെ ചാടും, "ഇത്രയൊക്കെ ആയ സ്ഥിതിക്ക് ദൈവത്തിന്റെ കുഞ്ഞു പോത്തായ നിനക്കു ഇനി എന്താണ് പറയാനുള്ളത്? ഇവന്‍ ഒറ്റ ഒരുത്തന്‍ കാരണം എനിക്ക് ഇപ്പൊ വീട്ടില്‍ ഇരിക്കാന്‍ വയ്യ.'സുജിത്തിനെ കണ്ടു പഠിക്കൂ... അവന്‍ എന്നും പള്ളിയില്‍ പോവും.. നോയമ്പ് നോക്കും.. പരിപാടികളില്‍ പന്കെടുക്കും..'ഇതാണ് വീട്ടുകാരുടെ സംസാരം.ഞാന്‍ എങ്ങനെയെങ്ങിലും ജീവിച്ചോട്ടെ അണ്ണാ... "

അങ്ങനെ എല്ലാരും പേരൊക്കെ കിട്ടി ഹാപ്പി ആകുമ്പോള്‍ സുജിത് സംസാരം തുടരും. ഞങ്ങള്‍ അത് പൂച്ചക്കുട്ടി റേഡിയോയില്‍ F.M ചാനല്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നത് പോലെ കേട്ടുകൊണ്ടിരിക്കും. അവസാനം ഇവന്മാരെ ഒന്നും നന്നാക്കാന്‍ പറ്റില്ല എന്ന് അവന് ബോധോദയം ഉണ്ടായപ്പോള്‍ അവന്‍ സ്വയം നന്നാവാം എന്ന് തീരുമാനം എടുക്കുകയും സുജിത് ചിലപ്പോ പള്ളിലച്ചന്‍ ആവാന്‍ ചാന്‍സ് ഉണ്ടെന്നും അങ്ങനെ ഒരു പെണ്ണിന്റെ ജീവിതം രക്ഷപെട്ടു എന്ന് ഞങ്ങള്‍ ആശ്വസിക്കുകയും സുബിന് വീട്ടില്‍ സമാധാനത്തിന് യാതൊരു കുറവും സംഭവിച്ചില്ല എന്നും അറിയിച്ചു കൊള്ളുന്നു.

ഒരു ദിവസം സുജിത് അനൌണ്‍സ് ചെയ്യുന്നു ," പള്ളിയില്‍ ഒരു നാടകം അവതരിപ്പിക്കുന്നുണ്ട്. എനിക്കും അതില്‍ ഒരു റോള്‍ ഉണ്ട്. നിങ്ങള്‍ എല്ലാരും കാണാന്‍ വരണം !!"

കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരം: ക്രിസ്മസ് സമയത്തു പള്ളിയില്‍ ഒരു നാടകം അവതരിപ്പിക്കുന്നു. അതില്‍ ഉണ്ണിയേശുവിനെ കാണാന്‍ വരുന്ന മൂന്ന് പുരോഹിതന്മാരില്‍ ഒരാളുടെ റോള്‍ ആണ് സുജിത്തിന്. കഥാപാത്രത്തിന്റെ പേരു "ഗാസ്തര്‍". 'ഞങ്ങള്‍ കിഴക്ക് പേര്‍ഷ്യയില്‍ നിന്നു വന്ന രാജാക്കന്മാര്‍ ആണ് ' - ഇതാണ് പറയേണ്ട ടയലോഗ്. പണ്ടത്തെ രാജകീയ വേഷവും താടിയും ഒക്കെ വെച്ചു അഭിനയിക്കാം എന്നറിഞ്ഞ സുജിത് ത്രില്ലടിച്ചു ഇരിക്കുവാണ്. മലയാളം ടയലൊഗ്സ് ഇന്ഗ്ലിഷില്‍ എഴുതി (പുള്ളിക്കാരന്‍ മലയാളം പഠിച്ചിട്ടില്ല പക്ഷെ വായിക്കാനും സംസാരിക്കാനും അറിയാം... ശരിക്കും പറഞ്ഞാല്‍ ഒരു നാടന്‍ സായിപ്പ്) പഠിക്കുന്ന അവന്റെ ടെടികേഷന്‍ എങ്ങനെയാ കണ്ടില്ലാണ് വെക്കുക. ക്രിസ്മസ് അവധിസമയം ആയതിനാല്‍ നമ്മളൊക്കെ നാട്ടിലും ഉണ്ടാവും.

ദിവസവും റിഹേഴ്സല്‍. അതും കൂടി ആയതോടെ സുജിത് പള്ളിയില്‍ സ്ഥിരതാമസം ആയോ എന്ന് വരെ ഞങ്ങള്‍ സംശയിച്ചു. നാടകത്തിന്റെ തലേദിവസം ഞങ്ങള്‍ എല്ലാരും ഒരുമിച്ചു കൂടി. സുജിത്തിന്റെ മുഖത്ത് 100 വാട്ട് ബള്‍ബിന്റെ തിളക്കം.

സുജിത് : " ഡേയ്.. നാളെ ക്യാമറ കൊണ്ടു വന്നോണം. നാളെ താടി ഒക്കെ വെച്ചു ജോര്‍ജ് മൈക്കിള് (പ്രസിദ്ധ പോപ്പ് ഗായകന്‍, സുജിത്തിന്റെ റോള്‍ മോഡല്‍ ) സ്റ്റൈലില്‍ എന്റെ കുറച്ചു ഫോട്ടോസ് എടുക്കണം. "

ദാസപ്പന്‍ : "പിന്നേ... കാത്തിരുന്നോ... താടി ഒക്കെ വെച്ചു കരടിയുടെ കോലം ആവാതിരുന്നാല്‍ മതി. എങ്കില്‍ പിന്നേ നിനക്കു താടി വളര്തിക്കൂടാരുന്നോ ? അതാവുമ്പോ ഒരിജിനാലിട്ടി ഉണ്ടാവുമായിരുന്നു ."

സുബിന്‍ : "ശെരിയാ... ഇവന് ആറാം ക്ലാസ്സില്‍ വെച്ചു മീശ വന്നതാണല്ലോ... അതോ മൂന്നാം ക്ലാസ്സില്‍ ആയിരുന്നോ... നിനക്കു താടി വളര്‍ത്തിയാല്‍ മതിയാരുന്നു "

സുജിത് : "എടാ... നിനക്കു ഇല്ലാത്തതിന്റെ അസൂയ അല്ലെ ? നിനക്കും നാടകത്തില്‍ അഭിനയിക്കാമായിരുന്നു... പുല്‍കൂടിനെ താങ്ങി നിര്‍ത്തുന്ന ഒരു കമ്പ്‌ ഇന്നലെ ഒടിഞ്ഞു... റോളിലേക്ക് ഞാന്‍ നിന്നെ ശുപാര്‍ശ ചെയ്യാം. "

ഞാന്‍ : "ഡാ ഡാ... മതിയെടാ. നിനക്കു ലാദന്റെ താടി കിട്ടാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം. എന്താ പോരെ ? അപ്പൊ നാളെ വൈകിട്ട് പള്ളിയില്‍ കാണാം."

അങ്ങനെ സുജിത്തിന് മംഗളകരമായ 'താടിസ്വപ്നങ്ങള്‍' ആശംസിച്ചു ഞങ്ങള്‍ പിരിയുന്നു. നാളെ ഇനി എന്തൊക്കെ കാണുമോ എന്തോ !!

പിറ്റേദിവസം വൈകിട്ട് ഞങ്ങള്‍ 6 മണി ആയപ്പോള്‍ പള്ളിയില്‍ എത്തുന്നു. പള്ളിയില്‍ അത്യാവശ്യം തിരക്കുണ്ടായിരുന്നു. "ഇവന്റെ നാടകം കാണാന്‍ ഇത്രയും പേരോ ? പള്ളി ആയതു കാരണം കൂവാനും പറ്റില്ലല്ലോ. വാ... നമുക്കു അവനെ കണ്ടുപിടിക്കാം !!"

ഞങ്ങള്‍ പതുക്കെ പള്ളിയുടെ പിന്നില്‍ കെട്ടിയിട്ടുള്ള പന്തലിലേക്ക് നടന്നു. അവിടെ ആവണം മേക്കപ്പ്‌ ചെയ്യുന്നത്. അവിടെ ചെന്നപ്പോള്‍ താടി സമ്മേളനം!! ഇതിനിടയില്‍ നിന്നു സുജിത്തിനെ എങ്ങനെ കണ്ടു പിടിക്കും എന്ന് ഞങ്ങള്‍ ആലോചിച്ചു.

"അതാ... വെള്ള വേഷവും ഇട്ടോണ്ട് സുജിത്തിനെ പോലെ ഒരാള് പോവുന്നു.. ഡാ സുജിത്തേ !! ഞങ്ങള്‍ എത്തിയെടാ " ദാസപ്പന്‍ വിളിച്ചു കൂവാന്‍ തുടങ്ങി. ഞാനും സുബിനും ഇതു കണ്ടു ഞെട്ടുന്നു. ദാസപ്പനെ പിടിച്ചു വലിച്ച് മാറ്റി നിര്‍ത്തിയിട്ട്‌ ഞങ്ങള്‍ രഹസ്യമായി പറഞ്ഞു, " എടാ തെണ്ടി , അത് സുജിത്തല്ലാ.. പള്ളിലച്ചനാ... നീ ഇവിടെ നിന്നാ മതി. ഞങ്ങള്‍ പോയി അവനെ കണ്ടുപിടിക്കാം"

ഇതിനിടയില്‍ ഞങ്ങള്‍ നില്കുന്നതിന്റെ അടുത്തായി ഒരു രൂപം പ്രത്യക്ഷപെടുന്നു. ഇരുട്ട് ആയതിനാല്‍ ഒന്നും വ്യക്തമായി കാണാന്‍ വയ്യ. ആ രൂപം പതുക്കെ ദാസപ്പന്റെ തോളില്‍ തട്ടി. ദാസപ്പന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മുഷിഞ്ഞ താടി ഒക്കെ ആയിട്ട് ഒരു മനുഷ്യന്‍ ദയനീയമായി നോക്കി ചിരിക്കുന്നു.

"എന്തോന്നടെ ഇതു ? പിച്ചക്കാരെ ഒക്കെ ഇവിടെ കടത്തി വിടാന്‍ തുടങ്ങ്യോ ? ഡാ സുബിനെ.. വല്ല ചില്ലറയും കൊടുത്തു പറഞ്ഞു വിട് !!" ദാസപ്പന്‍ ചൂടായി.

"പിച്ചക്കാരന്‍ നിന്റെ മറ്റവന്‍ !! ഡാ അലവലാതികളെ... ഇതു ഞാനാ !!" പരിചിതമായ ശബ്ദം കെട്ട് ഞങ്ങള്‍ ആ മനുഷ്യനെ സൂക്ഷിച്ചു നോക്കി. വെളിച്ചത്തിലേയ്ക്കു കടന്നു വന്നപ്പോള്‍ മനസ്സിലായി.. അത് വേറാരുമല്ല... നമ്മുടെ സ്വന്തം സുജിത് തന്നെ !!

വേഷം ഒക്കെ അടിപൊളി. പക്ഷെ മുഖത്തെ മേക്കപ്പ്‌ ആന്‍ഡ് താടി... വര്‍ണിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല. കാലാപാനിയില്‍ അമ്രിഷ് പുരി വെച്ചിരിക്കുന്ന താടിയുടെ ഒരു ചീപ്പ് വേര്‍ഷന്‍. അതിന്റെ കൂടെ മീശയും. കണ്ണിനു മുകളില്‍ മണ്ണ് കുഴച്ച് നീളത്തില്‍ ഒട്ടിച്ചു വെച്ചിരിക്കുന്നത്‌ പോലെ എന്തോ ഒന്നു. അതിനെ പുരികം എന്നും വിളിക്കാം. ഇനി ചെളി ഉപയോഗിച്ചാണോ താടിക്ക് നിറം കൊടുത്തെ എന്ന് വരെ ഞങ്ങള്‍ സംശയിച്ചു.മുഖം മുഴുവന്‍ കുമ്മായം പൂശിയത് പോലെ വെളുത്തു തുടുത്തിരിക്കുന്നു. ആ കോലം ഇങ്ങനെ..."എന്തോന്നാടെ നിന്റെ മുഖത്ത് ? ചകിരി ഒട്ടിച്ചു വെച്ചിരിക്കുന്നോ ? ഞങ്ങള്‍ ഇവിടെ ബുള്‍ഗാന്‍ , ഫ്രഞ്ച്, മെക്സിക്കന്‍ ഇങ്ങനെ പല ടൈപ്പ് താടികള്‍ പ്രതീക്ഷിച്ചു വന്നതാണ്. ഇങ്ങനെ ഒരെണ്ണം ആവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല " ഞങ്ങള്‍ പതുക്കെ അടക്കിവെച്ചിരുന്ന ചിരി പുറത്തെടുത്തു. ആദ്യം ചെറുപുഞ്ചിരി ആയതു പിന്നെ അട്ടഹാസം ആവാന്‍ അധികനേരം ഒന്നും വേണ്ടി വന്നില്ല.

ദാസപ്പന്‍ : "സത്യം പറയെടാ.. നിനക്കു രാജാവിന്റെ റോള്‍ തന്നെ ആണോ ? അതോ വല്ല പിച്ചക്കാരന്റെയും ആണോ ? മുഖത്ത് രണ്ടിഞ്ചു കനത്തില്‍ പെയിന്റ് അടിച്ചിരിക്കുവാണോ ? പെയിന്റ് അടിക്കാന്‍ യുസ്‌ ചെയ്ത ബ്രഷ് ആണോ നീ താടി ആയി ഫിറ്റ് ചെയ്തത് ?"

സുബിന്‍ : "നാടകം കഴിഞ്ഞു എന്തായാലും മേക്കപ്പ്‌ മാറ്റേണ്ട... മുഖത്ത് കുറച്ച് കരി വാരി തേച്ചിട്ട് നമുക്കു ഒരു തോര്‍ത്തും വിരിച്ചു ഇവനെ പള്ളിയുടെ മുന്നില്‍ ഇരുത്താം.. നല്ല കളക്ഷന്‍ കിട്ടും... ആ ലുക്ക് കറക്റ്റ് ആയിട്ട് വന്നിട്ടുണ്ട്... ഞാന്‍ മേക്കപ്പ്‌ ചെയ്തവന് ഷേക്ക്‌ ഹാന്‍ഡ് കൊടുത്തിട്ട് വരാം !"

വില്ലന്മാരുടെ ഇടയില്‍ പെട്ട് രക്ഷപെടാന്‍ നിവര്‍ത്തിയില്ലാത്ത നായികയുടെ അവസ്ഥയില്‍ സുജിത് പകച്ചു നില്കുന്നു. ബാക്കി നടന്‍മാര്‍ ഒക്കെ കുഴപ്പമില്ലാത്ത താടിയും ഫിറ്റ് ചെയ്തു തയ്യാറായി ഇരിക്കുന്നു. അവസാനം അവന്‍ വിഷമത്തോടെ പറഞ്ഞു , "ശവത്തില്‍ കുത്തല്ലേ !!വലിയ പ്രതീക്ഷയോടെ വന്നതാ. അവസാനം ഈ കോലത്തില്‍ ആക്കി വിട്ടു. ഈ താടി എനിക്ക് ചേരും എന്ന് പറഞ്ഞാ ഫിറ്റ് ചെയ്തത് !!"

ഞാന്‍ : " നന്നായി ചേരുന്നുണ്ട്... ക്ലാസ്സിക് ബെഗ്ഗര്‍ ലുക്ക് !! എന്തായാലും നീ ചെല്ല്. നാടകം തുടങ്ങാറായി. അഭിനയം എങ്ങനെ ഉണ്ടെന്നു നോക്കട്ടെ !! "

ഞങ്ങള്‍ ഓരോരുത്തരായി അവന്റെ ഒപ്പം നിന്നു ഫോട്ടോ എടുക്കുന്നു. അത് കഴിഞ്ഞു നാടകം കാണാന്‍ വേണ്ടി പോവുന്നു. നാടകം തുടങ്ങുന്നു. എല്ലാരും തകര്ത്തു അഭിനയിക്കുന്നു. സുജിത് വരുന്നു. ടയലോഗ് പറയുന്നു, " ഞങ്ങള്‍ കണക്കു പരീക്ഷയ്ക്ക് വന്ന രാജാക്കന്മാര്‍ ആണ് !!"

മൈക്ക് അല്പം ദൂരെ ആയിരുന്നതിനാല്‍ കാണികള്‍ ആരും അത്ര കാര്യമായി ഇതു കേട്ടില്ല. പക്ഷെ സ്ടേജിന്റെ മൂട്ടില്‍ നില്‍കുന്ന ഞങ്ങള്‍ ഇതു വ്യക്തമായി കേള്‍കുന്നു. പാവം സുജിത് ഇതൊന്നും അറിയാതെ സീന്‍ കഴിയാന്‍ കാത്തിരുന്നു. പിന്നെ അപ്രത്യക്ഷനാവുന്നു. നാടകം തീര്ന്നു.

ഞങ്ങള്‍ വീണ്ടും പന്തലിലേക്ക് പോവുന്നു. ആകാംഷയോടെ സുജിത് ഞങ്ങളെ നോക്കി ചോദിച്ചു , "എന്റെ അഭിനയം എങ്ങനെ ഉണ്ടായിരുന്നു ?"

"നിന്റെ മുഖം കാണാന്‍ പറ്റാത്തതു കൊണ്ടു അഭിനയം ഞങ്ങള്ക്ക് ഇഷ്ടപ്പെട്ടു. ടയലോഗ് പറയുമ്പോള്‍ എങ്കിലും ഓടിയെന്സിന്റെ നേരെ ഒന്നു തിരിഞ്ഞൂടെ ?"

താടിക്ക് തീ പിടിച്ചപ്പോള്‍ കെടുത്താന്‍ വേണ്ടി പെട്രോള്‍ ഒഴിച്ചവന്റെ മാനസികാവസ്ഥയില്‍ സുജിത് അവിടെ വെച്ചു ഒരു തീരുമാനം എടുക്കുന്നു, " ഞാന്‍ ഈ പരിപാടി ഇവിടെ വെച്ചു നിര്ത്തുന്നു "


വാല്‍കഷ്ണം : മേക്കപ്പ്‌ മായ്ച്ചു കളയാന്‍ വേണ്ടി സുജിത് ഒരു കടയില്‍ വെളിച്ചെണ്ണ മേടിക്കാന്‍ കേറിയെന്നും അവന്റെ കോലം കണ്ടു കടക്കാരന്‍ വെളിച്ചെണ്ണ ഫ്രീ ആയിട്ട് കൊടുത്തെന്നും മാത്രമല്ല ചായക്കുള്ള പൈസയും കൊടുത്തെന്നും ഒരു സംസാരം ഉണ്ട്. എന്നാല്‍ തനിക്ക് ചായ ഇഷ്ടമല്ലാത്തത്‌ കാരണം കടക്കാരന്‍ ഒരു കുപ്പി കോളയാണ് കൊടുത്തതെന്ന് സുജിത് പറയുന്നു.

4 comments:

 1. heheheeh......this one is too gud...this is a realllll theppu.......anyway....Sujith ithrem pavamanennu kandal parayillaa...;-)

  sathyathil ningal nalu peril aaranu valiya theppum valiya mandan....gombetition aanalle....:-D

  ReplyDelete
 2. Aliyaa.... Polichu Adukki..!!!!

  Sujith mar Gasthar mar Beggarious..!!!!

  ReplyDelete
 3. ദാസപ്പന്‍ ഉള്ളപ്പോള്‍ പിന്നെ എന്ത് ഗോമ്പെടിഷന്‍ ? ;)

  ReplyDelete
 4. Sujithine kandappo njan ithrem vicharichilla..sherikkum avanoru Paleelachan aakanulla Look okke ondu....

  ReplyDelete