Wednesday, October 21, 2009

ഒരു കമ്പ്യുട്ടറിന്റെ ആത്മഗതം

ബ്ലോഗിങ്ങ് തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ എഴുതിയ ഒരു സംഭവം ( ചെറുകഥ എന്നൊക്കെ പറയാമോ എന്നറിയില്ല... എന്നാലും വായിച്ചു നോക്കിക്കോ )

സമയം രാവിലെ 10:30. എന്നെത്തെയും പോലെ ഇന്നും ഉണരാന്‍ താമസിച്ചു. ആരെങ്കിലും വന്ന് സ്വിച്ച് ഓണ്‍ ചെയ്താല്‍ മാത്രമല്ലേ ഉണരാന്‍ സാധിക്കൂ. ഏതെങ്കിലും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ CEO ഉപയോഗിക്കുന്ന സിസ്റ്റം ആവാനായിരുന്നു എന്‍റെ ആഗ്രഹം... പക്ഷെ ഞാന്‍ ഒരു ലാപ്‌ ടോപ്‌ അല്ലല്ലോ. അവസാനം വന്ന് പെട്ടതോ.... ബിസിനസ് വെയിറ്റ് അഥവാ 'ബെഞ്ച്‌' എന്ന് ചെല്ലപ്പേരിട്ടു വിളിക്കുന്ന സ്ഥലത്ത്!

ഇവിടെ വന്നതില്‍ പിന്നെയാണ് ഞാന്‍ അലസ ജീവിതം തുടങ്ങിയത്. മുന്‍പ് ഞാന്‍ നെറ്റ്വര്‍കിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു. അവിടെ എനിക്കൊന്നു കണ്ണടക്കാന്‍ പോലും സമയം കിട്ടുമായിരുന്നില്ല. എപ്പോഴും പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍, പുതിയ കാര്യങ്ങള്‍ ചെയ്യല്‍,ചുറ്റും സുഹൃത്തുക്കള്‍.... സമയം പോവുന്നത് ഞാന്‍ അറിയാറില്ലായിരുന്നു. കാലത്തിനനുസരിച്ച് ഞാനും വയസ്സനായി. പുതിയ ചുറുചുറുക്കുള്ള പയ്യന്മാര്‍ വന്നപ്പോള്‍ പഴഞ്ചനായ എന്‍റെ സ്ഥാനം ബെഞ്ചിലേക്കായി.

'ബെഞ്ച്‌' എന്ന് പറയുന്നത് കമ്പനിയുടെ യുവത്വത്തിന്റെ പ്രതീകമാണെങ്കിലും കമ്പ്യൂട്ടറുകളെ വെച്ചു നോക്കിയാല്‍ 'റിട്ടയര്‍മെന്റ്റ്‌ ഹോം', മ്യൂസിയം, ശ്മശാനം എന്നൊക്കെ പറയാം. എന്നെ പോലെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നു പെന്‍ഷന്‍ പ്രായമെത്തിയ മോഡലുകള്‍ എല്ലാം അവസാനകാലം ചിലവഴിക്കാന്‍ ഇവിടെ എത്തിയിട്ടുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ ആണല്ലോ നമ്മള്‍! കാര്യങ്ങള്‍ പറഞ്ഞ് പറഞ്ഞ് ബൂട്ടിംഗ് കഴിഞ്ഞത് ഞാന്‍ അറിഞ്ഞില്ല.

എന്നും രാവിലെ ഒരേ ഭക്ഷണം കഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ ?എന്‍റെ കാര്യവും ഒട്ടും വ്യതസ്തമല്ല. ടൈം ഷീറ്റ്, മെയില്‍സ്‌, ചാറ്റിങ്, ഫ്ലാഷ് ഗെയിംസ് ഇതൊക്കെയല്ലാതെ എന്‍റെ പ്രോസേസ്സര്‍ ചാലഞ്ചിംഗ് ആയിട്ട് എന്തെങ്കിലും ജോലി ചെയ്ത കാലം ഞാന്‍ മറന്നു തുടങ്ങി. പിന്നെ ഈ വയസ്സാം കാലത്ത് എടുത്താല്‍ പൊങ്ങാത്ത ഭാരം തലയിലേക്ക് എടുത്തു വെയ്ക്കാതിരിക്കുന്നതാണ് നല്ലത്.

സമയം വൈകുന്നേരം 4:30. എനിക്ക് ഉറങ്ങാനുള്ള സമയം ആവുന്നു. ബെഞ്ചില്‍ 24 മണിക്കൂറും കണ്ണ് തുറന്നു ഇരിക്കേണ്ട ആവശ്യമില്ല. ഈ റിട്ടയര്‍മെന്റ്റ്‌ ജീവിതത്തോട് ഞാന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ശിഷ്ട ജീവിതം ഇങ്ങനെ ഒക്കെ അങ്ങ് പോവട്ടെ. അപ്പോള്‍ എല്ലാവര്ക്കും ഗുഡ്‌ ബൈ....

" IT IS NOW SAFE TO TURN OFF YOUR COMPUTER "

4 comments:

  1. നല്ല കണ്സപ്റ്റ്‌ അഭി....
    ശരിയാ ബെഞ്ച്‌ എത്തിയാ കമ്പ്യൂട്ടര്‍ കളുടെ കാര്യം കഷ്ടം തന്നെയാ

    ReplyDelete