Thursday, October 8, 2009

ജൂനിയര്‍ മാന്‍ഡ്രേക്ക്

ചെറുപ്പത്തില്‍ എനിക്ക് മാജിക്കിനോട് ഭയങ്കര ഇഷ്ടം ആയിരുന്നു. അന്തരീക്ഷത്തില്‍ നിന്നും പൂക്കള്‍ വരുത്തുന്ന, തൊപ്പിയില്‍ നിന്നും മുയലിനെ എടുക്കുന്ന, ആടിനെ പട്ടിയാക്കുന്ന മജിഷ്യനെ ടിവിയില്‍ കാണുമ്പോള്‍ തന്നെ ഞാന്‍ തുള്ളിച്ചാടാന്‍ തുടങ്ങും. ഓരോ മാജിക്ക് കാണുമ്പോഴും അത് എങ്ങനെയാ ചെയ്തേ എന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുമെങ്കിലും ഒന്നും നടക്കാറില്ല. അങ്ങനെയിരിക്കെ മാജിക്ക് സ്വയം പഠിച്ചാലോ എന്നൊരു ഐഡിയ എന്‍റെ തലയില്‍ ഉദിച്ചു. വീട്ടില്‍ ഇരിക്കുന്ന സാധനങ്ങള്‍ വെച്ചു പരീക്ഷണങ്ങള്‍ നടത്താം... ഫീസും ലാഭം! പോരാത്തതിന് എന്ത് മാജിക്ക് കാണിക്കാനും ഉള്ള മന്ത്രവും അറിയാം : "ആബ്ര കടാബ്ര"

ആദ്യമായി കയറിനെ രണ്ടായി മുറിച്ചു വീണ്ടും കൂട്ടിച്ചേര്‍ക്കുന്ന മാജിക്ക്. അടുക്കളയില്‍ ഒരു മുങ്ങി തപ്പല്‍ നടത്തിയപ്പോള്‍ അഞ്ച് മീറ്റര്‍ നീളത്തില്‍ കയറ് കിട്ടി. അവിടെ നിന്നു തന്നെ ഒരു കറി കത്തിയും അടിച്ചു മാറ്റി പഠനം ആരംഭിക്കുന്നു. മജിഷ്യന്‍ ടിവിയില്‍ കാണിച്ചത് പോലെ കൃത്യം പകുതി വെച്ചു മുറിച്ചു, എന്നിട്ട് മുറിഞ്ഞ രണ്ട് അറ്റവും ചേര്‍ത്തു പിടിച്ചു കണ്ണും പൂട്ടി മന്ത്രം ചൊല്ലി. ഒന്നും സംഭവിച്ചില്ല !!! ഞാന്‍ ഒന്ന്,കയര്‍ ഒന്ന് എന്നത് ഇപ്പൊ ഞാന്‍ ഒന്ന്,കയര്‍ രണ്ട് ആയെന്നു മാത്രം. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. വീണ്ടും മുറിച്ചു.... കുച്ച് നഹി ! വീണ്ടും.... അങ്ങനെ മുറിച്ചു മുറിച്ചു അഞ്ച് മീറ്റര്‍ കയറിനെ ഞാന്‍ 25 സെന്റീമീറ്റര്‍ നീളമുള്ള ഇരുപത് കഷണങ്ങള്‍ ആക്കി(കണക്ക് ശരിയല്ലേ?). അതോടെ ഞാന്‍ ആ മാജിക്ക് വെച്ചു കെട്ടി !

തുണി വിരിക്കാന്‍ വേണ്ടി മേടിച്ച കയര്‍ എവിടെ പോയി എന്ന് അന്വേഷിച്ചു വന്ന അമ്മ നോക്കുമ്പോള്‍ കണ്ട കാഴ്ച : എല്ലാം തുണ്ടം തുണ്ടം ആയി കിടക്കുന്നു. ഉടന്‍ തന്നെ എന്നെ വിളിച്ചു ക്രോസ് വിസ്താരം നടത്തി. അളവും നീളവും എല്ലാം കൃത്യമായി നോക്കിയിട്ട് കരണ്ട് നശിപ്പിക്കുന്ന എലിയുടെ കഥ എനിക്ക് പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റിയില്ല. അത് കൊണ്ട് രണ്ട് അടി കിട്ടിയെങ്കിലും ഞാന്‍ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.

അടുത്ത ഐറ്റം മൃഗങ്ങളെ വെച്ചുള്ള മാജിക്ക്. മുയലിനെ ഒപ്പിക്കാന്‍ ഒരു നിവര്‍ത്തിയുമില്ല. അതിനും ഞാന്‍ പരിഹാരം കണ്ടുപിടിച്ചു. വീട്ടിലുള്ള പൂച്ചക്കുട്ടി മതിയല്ലോ...!! അങ്ങനെ പൂച്ചക്കുട്ടിയെ മയത്തില്‍ എടുത്തു കൊണ്ട് വന്നു മാജിക്ക് ആരംഭിച്ചു. മജിഷ്യന്‍ പെട്ടിക്കുള്ളിലെ മുയലിനെ അപ്രത്യക്ഷം ആക്കുന്നത് പോലെ ഞാന്‍ തൊട്ടിക്കുള്ളിലെ പൂച്ചയെ കാണാതാക്കും... അല്ല പിന്നെ! ഫൈവ് സ്റ്റാര്‍ഡിന്നര്‍ പ്രതീക്ഷിച്ചു എന്‍റെ ഒപ്പം വന്ന പൂച്ച അടുത്ത നിമിഷം തോട്ടിക്കുള്ളില്‍. കമിഴ്ത്തി വെച്ചിരിക്കുന്ന തൊട്ടിയെ നോക്കി മന്ത്രം ഉരുവിട്ടു... എന്നിട്ട് സാവധാനം ഉയര്‍ത്തി...!

പ്ലാസ്റ്റിക്‌ മീനിനെ വിഴുങ്ങിയത് പോലെ പൂച്ചക്കുട്ടി എന്നെ മിഴിച്ചു നോക്കുന്നു... പിന്നെ പതുക്കെ സ്ഥലം വിടാന്‍ ഒരുങ്ങി. ഞാന്‍ സമ്മതിക്കുമോ?? പൂച്ച വീണ്ടും തോട്ടിക്കുള്ളില്‍. ഇപ്പ്രാവശ്യം മന്ത്രം കൂടുതല്‍ ഉച്ചത്തില്‍ കൂവി. തൊട്ടിക്കു ചുറ്റും നടന്നു. അന്തരീക്ഷത്തില്‍ നിന്നു കാര്‍ബണ്‍ ടൈ ഓക്സൈഡ് തോട്ടിയിലേക്ക് വിതറി. അല്പം പ്രതീക്ഷയോടെ തോട്ടി പൊക്കി നോക്കി. പ്രാണന്‍ തിരിച്ചു കിട്ടിയ പൂച്ചക്കുട്ടി ഓടെടാ ഓട്ടം... അതിനു കാര്യം പിടിക്കിട്ടി! താന്‍ ഒരു ഭ്രാന്തന്‍ ശാസ്ത്രജ്ഞന്റെ പരീക്ഷണ വസ്തു ആയിരുന്നു എന്ന് വൈകിയെങ്കിലും അത് മനസ്സിലാക്കി.

'വിടമാട്ടേ.... ഉന്നെ ഞാന്‍ വിടമാട്ടേന്‍... ഇന്നേക്ക് ദുര്‍ഗാഷ്ടമി... ഉന്നെ തൊട്ടിക്കുളെ ആക്കി ഉന്നോട ബോഡിയെ ആവിയാക്കാതെ എന്നോടെ ആത്മാ ശാന്തി അടയാത്...' വീടിനു ചുറ്റും രണ്ട് റൌണ്ട് ഓടിയെങ്കിലും പൂച്ചക്കുട്ടിയെ കിട്ടി... ക്യാറ്റ്‌ ഇന്‍സൈഡ്‌ ബക്കറ്റ്‌ എഗൈന്‍ ! മന്ത്രം സമയം എടുത്തു ചൊല്ലി. തൊട്ടിക്കു കുറച്ചു ഇടിയും ചവിട്ടും കൊടുത്തു... ഒന്നിനും ഒരു കുറവ് വേണ്ട. എല്ലാം കഴിഞ്ഞു പതുക്കെ തൊട്ടി പൊക്കി നോക്കി. സഹികെട്ട പൂച്ചക്കുട്ടി എന്‍റെ കൈയില്‍ ഒരു മാന്തും വെച്ചു തന്നിട്ട് ഓടി മതിലിന്റെ മണ്ടയില്‍ കേറി... എന്നിട്ട് അവിടെ നിന്നു കുറെ തെറി വിളി : 'ങ്യാവോ ങ്യാ ങ്യാവൂ ങ്യാ' . അതിന്റെ വിവര്‍ത്തനം ഇങ്ങനെ ആയിരിക്കാം : 'എനിക്ക് മാജിക്ക് അറിയില്ലാന്നു ഈ മറുതായോട് ആരെങ്കിലും പറഞ്ഞു കൊടുക്കെടാ '

അടുത്ത ദിവസം രാവിലെ എന്ത് മാജിക്ക് പരീക്ഷിക്കാം എന്ന് ആലോചിക്കുമ്പോഴാണ് പേപ്പര്‍ വെച്ചുള്ള മാജിക്ക് ഓര്‍മ വന്നത്. മജിഷ്യന്‍ പേപ്പര്‍ നാലായി കീറുന്നു, ചുരുട്ടുന്നു, മന്ത്രം പറയുന്നു... പേപ്പര്‍ പഴയ പടി ആവുന്നു. അത് പഠിക്കുക തന്നെ ! മേശപ്പുറത്തു ന്യൂസ്‌ പേപ്പര്‍ ഇരിക്കുന്നു. ഐശ്വര്യമായിട്ടു ഫ്രണ്ട് പേജ് എടുക്കുന്നു, കീറുന്നു, മന്ത്രം ചൊല്ലുന്നു...പഴയ പടി ആവുന്നില്ല. സ്പോര്‍ട്സ് പേജ് എടുക്കുന്നു, കീറുന്നു... ഫലം തഥൈവ. സപ്പ്ലിമെന്റ്റ്‌ വരെ കീറി പീസ്‌ പീസ്‌ ആക്കിയിട്ടും രക്ഷയില്ല. എത്ര ആലോചിച്ചിട്ടും എന്താണ് പ്രശ്നം എന്ന് പിടിക്കിട്ടുന്നില്ല.. പേപ്പറിന്റെ പ്രശ്നമാണോ അതോ കീറിയതിന്റെ കുഴപ്പമോ?

ചൂടുള്ള വാര്‍ത്ത വായിക്കാമെന്ന മോഹവുമായി അച്ഛന്‍ അപ്പോള്‍ റൂമിലേക്ക്‌ വന്ന് നോക്കിയപ്പോഴോ : മാജിക്കും പേപ്പര്‍ കഷ്ണങ്ങളും പിന്നെ ഞാനും !

പേപ്പര്‍ കിട്ടാതെ ചായ ഇറങ്ങില്ലെന്നു വാശി പിടിക്കുന്ന അച്ഛന്‍ അലറി : "എന്തോന്നാടാ ഇത് ?"

ഞാന്‍ : "അത്... ഞാന്‍.. മാജിക്ക് പഠിക്കുവായിരുന്നു..!!"

അച്ഛന്‍: "ഓഹോ... എനിക്കും മാജിക്ക് അറിയാമെടാ... നിന്നെ അപ്രത്യക്ഷം ആക്കുന്ന മാജിക്ക് കാണണോ?"

അച്ഛനില്‍ ഒളിച്ചിരുന്ന മജിഷ്യന്‍ അന്ന് പുറത്ത് വന്നു. അച്ഛന്‍ ചൂരല്‍ എടുത്തപ്പോഴേക്കും ഞാന്‍ ആ പരിസരത്ത് നിന്നും അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു !

4 comments:

 1. "സഹികെട്ട പൂച്ചക്കുട്ടി എന്‍റെ കൈയില്‍ ഒരു മാന്തും വെച്ചു തന്നിട്ട് ഓടി മതിലിന്റെ മണ്ടയില്‍ കേറി... എന്നിട്ട് അവിടെ നിന്നു കുറെ തെറി വിളി : 'ങ്യാവോ ങ്യാ ങ്യാവൂ ങ്യാ' . അതിന്റെ വിവര്‍ത്തനം ഇങ്ങനെ ആയിരിക്കാം : 'എനിക്ക് മാജിക്ക് അറിയില്ലാന്നു ഈ മറുതായോട് ആരെങ്കിലും പറഞ്ഞു കൊടുക്കെടാ '"

  ഹ ഹ. ഈ ഭാഗം വായിച്ച് ശരിയ്ക്കു ചിരിച്ചു.

  അച്ഛന്‍ തന്നെ മികച്ച മജീഷ്യന്‍!

  ReplyDelete
 2. നല്ല രസമുള്ള വായന ആസ്വദിച്ചൂട്ടാ..ഇനിയും എഴുതുക ..തമാശ എഴുതി ഫലിപ്പിക്കാനുള്ള കഴിവു നിങ്ങൾക്കുണ്ട്..ആശംസകൾ !!

  ReplyDelete
 3. nannayittundu!!! ippo full-swing il aanallo ezhuthu, go ahead!

  ReplyDelete
 4. :D :D :D
  ലത് ഗൊള്ളാം

  [OT-ആഴ്ചയില്‍ ഒരു പോസ്റ്റില്‍ കൂടുതല്‍ ഇട്ടാല്‍ ഇടി കിട്ടും; വന്നു വായിക്കാന്‍ ഇത്തിരി സംശയം വേണ്ടേ...]

  ReplyDelete