Wednesday, October 7, 2009

ബ്രേക്കിംഗ് ന്യൂസ്‌

"നിഷാന്ത്‌..... ഇത് സ്റ്റുഡിയോയില്‍ നിന്നാണ്.... കേള്‍ക്കുന്നുണ്ടോ ?"
"കേള്‍ക്കുന്നുണ്ട്‌ ജോസഫ്‌ ...!!"
"നിഷാന്ത്‌ ഇപ്പോള്‍ സംഭവ സ്ഥലത്തുണ്ടോ? എന്താണ് അവിടുത്തെ അവസ്ഥ ?"
"ഞാന്‍ ഇപ്പോള്‍ റോഡ്‌ അപകടം നടന്ന മാര്‍ക്കറ്റ്‌ ജങ്ക്ഷനില്‍ ഉണ്ട്. രണ്ട് ഇരു ചക്ര വാഹനങ്ങള്‍ ആണ് അപകടത്തില്‍ പെട്ടത്. സഡന്‍ ബ്രേക്ക്‌ ഇട്ട ബസിനു പിന്നില്‍ വന്നു ഇടിക്കുകയായിരുന്നു.സംഭവം നടന്നപ്പോള്‍ ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ബസിനു പിന്നില്‍ നടുവേ പിളര്‍ന്ന തണ്ണിമത്തന്‍ കഷണങ്ങള്‍ പോലെ വാഹനങ്ങള്‍ ഒരെണ്ണം ഇടത്തോട്ടും ഒരെണ്ണം വലത്തോട്ടും ചെരിഞ്ഞു കിടപ്പുണ്ട്. വാഹനം ഓടിച്ചിരുന്നവര്‍ അപ്പോള്‍ തന്നെ ചാടി ഇറങ്ങിയതിനാല്‍ കുഴപ്പം ഒന്നും പറ്റിയില്ല. എന്നാല്‍ ബസിനു അകത്തു സഞ്ചരിച്ച ഒരാള്‍ക്ക് multiple fractures ഉണ്ടായി എന്നൊരു അത്ഭുതകരമായ വസ്തുത അറിയിച്ചു കൊള്ളട്ടെ... "
"ബസിനകത്തു സഞ്ചരിച്ച ആള്‍ക്ക് പരിക്കോ... അത് കുറച്ചു കൂടി വിശദീകരിക്കാമോ ?"

"തീര്‍ച്ചയായും. സംഭവത്തില്‍ പരിക്കേറ്റ ആന്റോ ഇപ്പൊ നമ്മോടൊപ്പം ഉണ്ട്. ആന്റോ... എങ്ങനെയാണ് താങ്കള്‍ ഈ അവസ്ഥയില്‍ എത്തിയത് ?"
"ഒന്നും പറയേണ്ട എന്‍റെ സാറേ... കഴിഞ്ഞ സ്റ്റോപ്പില്‍ നിന്നും നല്ല വണ്ണമുള്ള ഒരു ചേച്ചിയും അവരുടെ സുന്ദരിയായ അനിയത്തിയും കേറി. ബസില്‍ സീറ്റ്‌ ഒഴിവ് ഇല്ലായിരുന്നു.രണ്ട് പേരുടെ സീറ്റില്‍ ഞാനും പ്രായമായ ഒരു അമ്മച്ചിയും. പരോപകാരം ചെയ്യാമെന്ന് കരുതി ഞാന്‍ സീറ്റ്‌ ഒഴിഞ്ഞു കൊടുത്തു. എന്നാല്‍ അവര്‍ അനിയത്തിയെ പിടിച്ചു ഇരുത്തി. എന്നിട്ട് എന്നോട് മുന്നോട്ടു നീങ്ങി നില്‍ക്കാനും പറഞ്ഞു. അവരുടെ അനിയത്തിയെ വായിനോക്കതിരിക്കാന്‍ വേണ്ടിയായിരിക്കും. വെളുക്കാന്‍ തേച്ചു പാണ്ടായെന്നു പറഞ്ഞാല്‍ മതിയല്ലോ. അപ്പോഴാണ്‌ ഈ സഡന്‍ ബ്രേക്ക്‌ ! ബാലന്‍സ് തെറ്റിയ ചേച്ചി മലമ്പാമ്പ് പിടിക്കണ പോലെ എന്നെ കേറി പിടിച്ചു. താങ്ങാനായില്ല എന്‍റെ സാറേ... ഞാന്‍ വീണു പോയി. എന്തായാലും ഭാഗ്യത്തിന് ഒന്നും പറ്റിയില്ല...."
"എന്ത് ??? ഒന്നും പറ്റിയില്ലെന്നോ ? അപ്പൊ ആര്‍ക്കോ ഒടിവും ചതവും സംഭവിച്ചു എന്ന് പറഞ്ഞത് ?"
"അത് എനിക്കല്ല... കണ്ടക്ടര്‍ക്കാ... ഞങ്ങള്‍ രണ്ടും കൂടി വീണത്‌ അങ്ങേരുടെ പുറത്താ... വീഴ്ച മുഴുവന്‍ പാവം താങ്ങി... പപ്പടം പൊടിയുന്നത് പോലെ എന്തൊക്കെയോ ശബ്ദം കേട്ടു ! എല്ലാവരും കൂടി അങ്ങേരെ പെറുക്കി എടുത്തു ഓട്ടോയില്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ടുണ്ട് !"

(സ്റ്റുഡിയോയില്‍ നിന്നു ) "നിഷാന്ത്... ട്രാഫിക്‌ പോലീസിന്റെ അനാസ്ഥ കാരണമാണ് അപകടം ഉണ്ടായത് എന്നൊരു ആരോപണം ഉണ്ട്. അതില്‍ എത്രത്തോളം സത്യം ഉണ്ട് ?"
"ജോസഫ്‌.... ഈ ആരോപണത്തിന് മറുപടി പറയാന്‍ ഇവിടെ ട്രാഫിക്‌ നിയന്ത്രിക്കുന്ന പുരുഷോത്തമന്‍ സാര്‍ നമ്മോടൊപ്പം ഉണ്ട്. എന്താണ് സര്‍ റോഡ്‌ അപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നത് ? ഡ്യൂട്ടി സമയത്ത് ഡിസൈനര്‍ ഷര്‍ട്ട്‌ ഇട്ടു കൊണ്ടു വന്നാല്‍ പാവം ജനങ്ങള്‍ സാറിനെ എങ്ങനെ തിരിച്ചറിയും ?"
"താന്‍ എന്തോക്കെയാടോ ഈ പറയുന്നേ ? ഇത് എന്‍റെ യുണിഫോം തന്നെയാ !"
"ട്രാഫിക്‌ പോലീസിന്റെ യുണിഫോം വെള്ളയില്‍ നിന്നും പിങ്കില്‍ ചുവന്ന പുള്ളികള്‍ എന്നതാക്കിയോ സര്‍ ?"
"എടോ.... ഇത് മുറുക്കാന്‍ മഴ പെയ്തതാ ! ബസില്‍ നിന്നും ഒരുത്തന്‍ മുറുക്കാന്‍ തുപ്പിയത് സഡന്‍ ബ്രേക്ക്‌ കാരണം ലക്‌ഷ്യം തെറ്റി എന്നെ അഭിഷേകം ചെയ്തതാ... അവനിപ്പോ സ്റ്റേഷനില്‍ ചോര തുപ്പുന്നുണ്ടാവും... ആരുടെ അനാസ്ഥ കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് അറിയാന്‍ ദേ ആ നിക്കണ നാണി തള്ളയോട് പോയി ചോദിക്ക്... അവര് കാരണമാ ബസ്‌ നിര്‍ത്തേണ്ടി വന്നത് !"

"അപകടത്തിനു കാരണക്കാരി എന്ന് പറയപ്പെടുന്ന നാണി തള്ള നമ്മളോടൊപ്പം ഉണ്ട്. നാണി തള്ള എന്തിനാണ് ബസ്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് ? എന്തായിരുന്നു ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ ഉണ്ടായ കാരണം ?"
" എന്‍റെ കുഞ്ഞേ ...പ്രായം കുറെ ആയില്ലേ... മറവി ഒക്കെ നല്ലോണം ഉണ്ട്. ബസ്സില്‍ നിന്നിറങ്ങി ചന്തയിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു കാര്യം ഓര്‍മ വന്നത്.. ഓര്‍മ വന്ന സ്ഥിതിക്ക് അത് അങ്ങനെ വിട്ടു കളയാന്‍ പാടില്ലല്ലോ. ഞാന്‍ ഉടനെ വലിയ വായില്‍ നിലവിളിച്ചോണ്ട് ബസിന്റെ പിറകെ എന്നാലാവും വിധം ഓടി. ഈശ്വരാനുഗ്രഹം കൊണ്ട് ബസ്‌ പെട്ടെന്ന് നിന്നു...!"
"അപ്പോള്‍ വിലപിടിപ്പുള്ള എന്തോ ഒന്ന് ബസില്‍ വെച്ചു മറന്നതിനാണ് നാണി തള്ള ബസ്‌ നിര്‍ത്തിച്ചത്.... എന്നിട്ട് ആ സാധനം കിട്ടിയോ? വിരോധമില്ലെങ്കില്‍ അതെന്താണെന്ന് പറയാമോ? മാല? വള? കമ്മല്‍?"
"അതൊന്നുമല്ല മക്കളെ... അഞ്ച് രൂപ തുട്ടു കൊടുത്ത് നാല് രൂപേടെ ടിക്കറ്റ്‌ എടുത്തിട്ട് ബാക്കി ഒരു രൂപ മേടിച്ചില്ല... ഇറങ്ങി കഴിഞ്ഞപ്പോഴാ ഓര്‍ത്തത്‌... മോന്‍ കണ്ടക്ടറെ ഇവിടെ എങ്ങാനും കണ്ടോ ?"
"------"

3 comments: