Wednesday, November 15, 2017

പുനലൂര്‍ ടൈഗേര്സ്


1. INT. BAR - NIGHT

നഗരപ്രാന്തത്തിലെ ഒരു ലോക്കല്‍ ബാര്‍... ബാറില്‍ മദ്യപിചിരിക്കുന്ന പലതരക്കാര്‍ -  ഡ്രൈവര്‍മാര്‍, യുവാക്കള്‍, ഒറ്റയ്ക്കിരുന്നു  കേറ്റുന്നവര്‍, ഗുണ്ടകള്‍, സാംസ്കാരിക ഊശാന്‍ താടികള്‍ അങ്ങനെ പലതരക്കാര്‍. പല വിഷയങ്ങളിലുള്ള അവരുടെ വെടിക്കെട്ട്‌ പോലുള്ള  സംഭാഷണങ്ങള്‍ ഒന്ന് ചേര്‍ന്ന്, ബാറുകളില്‍ മാത്രം കേള്‍ക്കുന്ന ഉയര്‍ച്ചകളും താഴ്ചകളും ഇടകലര്‍ന്ന ഒരു പ്രത്യേക താളത്തിലെ മുഴക്കം അവിടമാകെ നിറഞ്ഞുനില്‍ക്കുന്നു. പത്തില്‍ ഒന്നെന്ന കണക്കില്‍  വെടിക്കെട്ടില്‍ അമിട്ടുള്ളത് പോലെ ഇവിടെയും ഇടയ്ക്കിടെ അമിട്ടുകള്‍ മാറിയും തിരിഞ്ഞും പൊട്ടുന്നുണ്ട്.
ചെറുപ്പക്കാരുടെ ഒരു ചെറുകൂട്ടം, അതില്‍ നിന്നും ഫിറ്റായ ഒരുവന്‍ പെട്ടെന്ന്‍ ചാടി എഴുന്നേല്‍ക്കുന്നു, എന്തോ തര്‍ക്കിക്കുന്ന പോലെ ആംഗ്യം കാണിച്ചു  അവന്‍ ആടിയാടി ക്യാഷ്  കൌണ്ടര്‍ ലക്ഷ്യമാക്കി നടന്നു. ക്യാഷ് കൌണ്ടറിന് പുറത്ത് നിന്ന് തീരാറായ ടൂത്ത്‌പേസ്റ്റ്‌ ട്യൂബ് ഞെക്കി പിഴിഞ്ഞെടുക്കുന്നത് പോലെ കഷ്ടപ്പെട്ട് കാശ് നുള്ളിപ്പെറുക്കിയെടുത്തു ഒരു ബിയറിനുള്ള പൈസ ഒപ്പിച്ച്, വിജയീഭാവത്തില്‍ കൂട്ടുകാരെ നോക്കുന്ന കുടികാര പയല്‍.
മറ്റൊരു വശത്ത്‌, എന്തോ വാശിയുള്ളത് പോലെ ചിക്കന്റെ കാലുകള്‍ കടിച്ച് പറിച്ചും ഹിപ്പോപോട്ടാമസ് വാ തുറന്നത് പോലുള്ള തന്റെ വായിലേക്ക് മദ്യം ഒഴിച്ചും ഇരിക്കുന്ന ഒരുവനെ നോക്കി ഒരു മൂലയ്ക്ക് ഇരിക്കുന്ന 3  ചെറുപ്പക്കാര്‍. അയാളെ നോക്കി  അവര്‍ ഗൂഡാലോചന പോലെ എന്തോ സംസാരിക്കുന്നു. ഒടുവില്‍  അവരിലൊരുവന്‍  ഇന്‍ ഹരിഹര്‍ നഗറിലെ അമ്മാവനെ  കറക്കിയെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയ അപ്പുക്കുട്ടനെ പോലെ എഴുന്നേറ്റ് അയാളുടെ നേര്‍ക്ക്‌ നടക്കുന്നു. അപ്പോഴേക്കും ആ കുംഭകര്‍ണോദരനും തന്റെ മുഖവ്യായാമം തെല്ലൊന്നു നിര്‍ത്തി, മൂത്രശങ്ക തീര്‍ക്കാനായിരിക്കണം, സീറ്റില്‍ നിന്നും എഴുന്നേറ്റു. നമ്മുടെ  അപ്പുക്കുട്ടന്‍ അയാളുടെ അരികിലെത്തിയതും അയാളെ അങ്ങോട്ട്‌ ഇടിച്ചതും  ഇന്‍  ഹരിഹര്‍ നഗര്‍ സിനിമയിലേതു പോലെ തന്നെ അരങ്ങേറി ... പക്ഷെ ആ സിനിമയിലെ വയസ്സനെ പോലെ ശുഷ്കിച്ച ശരീരമല്ലാത്തതു കൊണ്ടും പര്‍വതശരീരനായതുകൊണ്ടും നമ്മുടെ ബ്രിഹോദരന്‍ ഒന്ന്‍ ചാഞ്ചാടി നേരെ തന്നെ നിന്നു. സോറി പ്രതീക്ഷിച്ചു നിന്ന അയാള്‍ടെ നേര്‍ക്ക്‌, എന്നിട്ടും നായ്ക്കാണ് മുറുമുറുപ്പെന്ന പോലെ വിക്കനായ അപ്പുക്കുട്ടന്‍ ദേഷ്യത്തില്‍ ചാടികടിച്ച് ചോദിച്ചു
APPUKKUTTAN
                നോക്കി നടന്നൂ.. ന്നൂ... ടെഡാ മൈ@$*... !!
അപ്രതീക്ഷിതമായ നീര്‍ക്കോലിയുടെ ശീല്‍ക്കാരം കേട്ട തടിയന്‍ ചൂണ്ടു മര്‍മ്മം പ്രയോഗിക്കുന്ന മര്‍മാണിയെ പോലെ അപ്പുക്കുട്ടന് നേരെ വിരല്‍ ചൂണ്ടി ഉറക്കെ

THADIYAN
                ഡാ...
APPUKKUTTAN
വിരല്‍ കാണിച്ച് പേടിപ്പിക്കുന്നോടാ, അതൊക്കെ അങ്ങ് ഗ്രൗണ്ടില്‍.. 
കേട്ടോടാ പു.. പു.. പ്.പുല്ലേ...

തടിയന്‍ പിന്നൊന്നും നോക്കിയില്ല  കാതില്‍ കടുകുമണി പോയ പോത്തിനെ പോലെ നിന്ന് വിറച്ചുകൊണ്ട് അയാള്‍ അപ്പുക്കുട്ടനെ തുമ്പിയെയെടുക്കുന്നത് പോലെ കൊങ്ങയ്ക്ക് പിടിച്ച് തൂക്കിയെടുത്തു...
ഇതൊന്നും ശ്രദ്ധിക്കാതെ കഷ്ടപ്പെട്ട് കാശ് നുള്ളിപ്പെറുക്കിയെടുത്തു ബിയര്‍ വാങ്ങിയവന്‍ തന്റെ കൂട്ടരില്‍ നിന്നും മാറി, നോമ്പുനോറ്റ്‌ കിട്ടിയ കൈകുഞ്ഞിനെ കൊതിതീരെ കാണുന്ന പോലെ തന്റെ മുന്നിലെ ബിയര്‍ കുപ്പിയെയും നോക്കി, തന്റെ കൂട്ടരെയും ഒന്ന് കൂടി പുച്ചഭാവത്തോടെ നോക്കിയിട്ട്  അതിനെ  എടുക്കാന്‍ കൈ നീട്ടിയതും അവന്റെ മുന്നിലെ ബിയര്‍കുപ്പി അപ്പുക്കുട്ടന്റെ  കൂട്ടുകാരന്‍ തടിയന്റെ തലയില്‍ അടിച്ചു പൊട്ടിച്ചതും ഒരുമിച്ചായിരുന്നു... ട്ടിഷ് !!!
ബിയര്‍കുപ്പി അടിച്ചുപൊട്ടിക്കുന്നതിനോടൊപ്പം ഫുള്‍ട്ടോസ് ബിജുവിന്റെ ചോദ്യം..
FULLTOSS BIJU
പൈസ വാങ്ങിച്ചു ഔട്ട്‌ ആക്കും അല്ലേടാ
        പന്ന അമ്പയര്‍ മോനെ... 
എതിരാളിയെ തറപറ്റിച്ച ആവേശത്തോടെ അപ്പുക്കുട്ടന്റെ  അരികില്‍ ഡയലോഗ് അടിച്ച്  നില്‍ക്കുന്ന ബിജു ഉറക്കെയുള്ള ഒരു ഡാ... വിളി കേട്ട് ഞെട്ടിതിരിയുന്നു...
ബിയര്‍കുപ്പിയുടെ ഉടമ തന്റെ എല്ലാമെല്ലാമായ  ബിയര്‍ നഷ്ടപ്പെട്ടതിലുള്ള ദേഷ്യവും സങ്കടവും അടക്കാനാവാതെ പറക്കും സിംഗിനെ പോലെ ബിജുവിന്റെ നേര്‍ക്ക്‌ പറന്നു വരുന്നു !!
ബിജുവിനെയും കൊണ്ട്  അവന്‍ ദൂരേയ്ക്ക് പറന്നു  വീഴുമ്പോള്‍ അവനു  പുറകില്‍ നിന്നും മറ്റാരോക്കെഴോ എണീറ്റുവരുന്നത്  അപ്പുക്കുട്ടന്‍ കാണുന്നു...
അല്പം മാറിയിരുന്ന ഗുണ്ടാ സംഘം  അടിയുടെ ശക്തിയില്‍ താഴേക്ക്‌ കിറുങ്ങി വീഴുന്ന അമ്പയര്‍ ഷിജുവിനെ നോക്കി ഷിജു അണ്ണാ എന്ന് വിളിച്ചു ചാടി എഴുന്നേറ്റ് വരുന്നു...!!
അപ്പുക്കുട്ടന്‍ താഴെ കിടന്നു അടി കൂടുന്ന ബിജുവിനെ നോക്കുന്നു, ഗുണ്ടാ സംഘത്തെ നോക്കുന്നു, മാറി നില്‍ക്കുന്ന കൂട്ടുകാരനെ നോക്കുന്നു, കിറുക്കത്തില്‍ നിന്നും പയ്യെ എണീറ്റ്‌ വരുന്ന അമ്പയര്‍ ഷിജുവിനെ നോക്കുന്നു... !! എല്ലാം കണ്ടു സീന്‍ മാറുന്നത് അറിഞ്ഞ്  അപ്പുക്കുട്ടന്‍ സ്വയമേ പറഞ്ഞു പോയി...
APPUKKUTTAN
                മ..ര് മൂഞ്ചി !!

2. EXT. BAR - NIGHT
ആ വെടിക്കെട്ടില്‍ നിന്നും മാറി  ബാറിനു പുറത്തൊരു ഓട്ടോ.
അതിന്റെ  ഡ്രൈവര്‍ സീറ്റില്‍ മുപ്പതിന് മേല്‍ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍  ബീഡി ആഞ്ഞ് വലിച്ചു അക്ഷമനായ് ഇരിക്കുന്നുണ്ട്‌. ഇടയ്ക്കിടെ തന്റെ ഡിസ്പ്ലേ പൊട്ടിയ മൊബൈലിലേക്കും ബാറിന്റെ വാതിലിലേക്കും നോക്കി വേഗത്തില്‍ കാലാട്ടി താഴേക്ക് നോക്കി ഇരിക്കുന്നു. പെട്ടെന്ന് അവന്റെ മുന്നില്‍ രണ്ടു കാലുകള്‍ പ്രത്യക്ഷപ്പെട്ടു, അവയ്ക്ക് ഉടമയുണ്ടോ എന്നറിയാന്‍  അവന്‍ മേലേയ്ക്കു നോക്കി, അപ്പോള്‍ അറുപതിന്മേല്‍ പ്രായം തോന്നിക്കുന്ന ഒരു മനുഷ്യന്‍ ആവണക്കെണ്ണ കുടിച്ചവന്റെ ഭാവത്തോടെ വളഞ്ഞോടിഞ്ഞു അവന്റെ  മുന്നില്‍ നില്‍ക്കുന്നു. വിഷാദവിവശനായ്‌ ചെറുപ്പക്കാരനെ നോക്കി  അയാള്‍ വിരലില്‍ 2 എന്ന് ആംഗ്യം കാണിച്ചുകൊണ്ട്  എലിമിനേഷന്‍ റൌണ്ടില്‍ എത്തിയ മത്സരാര്‍ത്ഥി വോട്ട് ചോദിക്കുന്ന പോലെ ഗദ്ഗദകണ്ഠനായി നിസ്സഹായനായ ബാബു നമ്പൂതിരിയെ പോലെ പറഞ്ഞു ...
OLD DRUNKARD
                2 ദിവസായ് മോനെ... ഒരു തുള്ളി  ഉള്ളില്‍ പോയിട്ട്...
സഹായിക്കണം... ഒരു പെഗ്... 

അത് കേട്ട ആ ചെറുപ്പക്കാരന്‍ അറിയാതെ  സീറ്റില്‍ നിന്നും എഴുന്നേറ്റ് ആ മനുഷ്യന്റെ തോളിലേക്ക് കൈ വെച്ച് നിന്നു... ആ വയസ്സനെ നോക്കി നിന്ന അവന്‍ ഒരു തമിഴ് സിനിമയുടെ ബാക്ഗ്രൌണ്ട് മ്യൂസിക്കിനൊപ്പം ഫ്ലാഷ്ബാക്കിലേക്ക് പോയി, ഒരു നിമിഷം  തന്റെ അച്ഛന്റെ വെള്ളമടിയും വാള് വെയ്പ്പും ഓര്‍ത്തു കണ്ണുകള്‍ നിറഞ്ഞ്  അവന്‍ മമ്മൂക്കയെ പോലെ കണ്ഠമിടറി പറഞ്ഞു... 

KAPILAN
ഒരു പെഗല്ലാ.. ബാര്‍ ഞാന്‍ വാങ്ങി തരും... !!

പെട്ടെന്ന് അവന്റെ കൈയിലെ മൊബൈല്‍ ശബ്ദിക്കുന്നു, ഫോണില്‍ നിന്നും അപ്പുക്കുട്ടന്റെ അത്യുച്ചത്തിലുള്ള നിലവിളി...  

APPUKKUTTAN (VO PHONE)
കപിലണ്ണാ... കലിപ്പണ്ണാ... !!

അത് കേട്ട് ബാറിലേക്ക് കുതിക്കുന്ന കപിലന്റെ പുറകെ കിണ്ടിക്കു വാലെന്ന പോലെ ആ വയസ്ക്കന്‍ പുറകെ വേച്ചുവേച്ചു ഓടിക്കൊണ്ട്..
OLD DRUNKARD
ഹോ, എന്തൊരു ഉത്സാഹിയായ ചെറുപ്പക്കാരന്‍... !!
ഞാന്‍ പുറകെയുണ്ട്‌ട്ടോ... പഴയ പോലെ ഓടാനൊന്നും വയ്യേ..

3. INT. BAR - NIGHT
ഓടികിതച്ച്‌ ഒന്നാം നിലയിലെ ബാറിന്റെ  വാതില്‍ തുറന്നു അകത്തേക്ക് എത്തിയ കപിലന്‍ കണ്ടത് പഴയ ചില പ്രിയദര്‍ശന്‍ സിനിമകളുടെ അവസാന സ്റ്റണ്ട് സീനാണ്.. ആരോ ആരെയൊക്കെയോ തല്ലുന്നു, ചിലര്‍ പറന്നു പോകുന്നു, ഇടി കൊണ്ട് വാള് വെയ്ക്കുന്നവര്‍,   മേശകള്‍ ഒടിയുന്നു, മദ്യകുപ്പികള്‍ വായുവില്‍ പറക്കുന്നു, അതിനിടയില്‍ ആരോ ഒന്നാം നിലയിലെ ജന്നലിലൂടെ പുറത്തേക്ക് പറന്ന് പോകുന്നു... ഒന്നും മനസിലാവാതെ നില്‍ക്കുന്ന കപിലന്റെ പുറകില്‍ വയസ്സന്‍ എത്തുന്നു, അയാള്‍ പണ്ട് അര്‍ജുനന്‍ കണ്ടത് പോലെ തന്റെ ലക്ഷ്യമായ മദ്യം മാത്രം മുന്നില്‍ കണ്ടു... വന്നു നിന്നപാടെ എവിടെ നിന്നോ പറന്നു വന്ന ഒരു സീസര്‍ ബോട്ടില്‍ അയാളുടെ കൈയ്യിലേക്ക്, അത് കിട്ടിയതും
എന്റെ കണ്കണ്ട ദൈവമേ എന്ന് വിളിച്ചു കപിലന്റെ  മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു  അയാള്‍ വീണതും ഒരുമിച്ചായിരുന്നു. ആരുടെയോ ഒക്കെ അടിയില്‍ നിന്നും രക്ഷപ്പെട്ട് ഓടി എത്തിയ  അപ്പുക്കുട്ടന്‍ സാഷ്ടാംഗം വീണ് കിടക്കുന്ന ആ വയസ്സനെ കണ്ടു അന്തംവിട്ട്‌ ചോദിക്കുന്നു...
APPUKKUTTAN
അതാര് ?? 

ഒന്നും മനസിലാവാതെ ചുറ്റും നോക്കി  കപിലന്‍
KAPILAN
അച്ഛന്‍..
APPUKKUTTAN
അച്ഛനാ ? ആരുടെ ??
KAPILAN
ങേ ?!!
ഒരു നിമിഷം ആ വയസ്സനെ താഴേക്ക് നോക്കുന്നു...
KAPILAN
ആ ... ആരുടെയോ...

അയാള്‍  തറയില്‍ നിന്നും കിട്ടാവുന്ന കുപ്പികളെല്ലാം പെറുക്കി ഒരു മൂലയിലേക്ക് ഇഴഞ്ഞുനീങ്ങുന്നു... പറന്നു വരുന്ന പലതില്‍ നിന്നും ഒഴിഞ്ഞു മാറി കപിലന്‍ ചോദിക്കുന്നു
KAPILAN
ഇവിടെന്തുവാടെയ് നടക്കുന്നത് ? ബിജുവും സിറാജും എവിടെ ? 

അത് പറഞ്ഞു തീര്‍ന്നതും, ബിജുവും സിറാജും പുറകില്‍  ബിയര്‍ പോയവനും അവന്റെ പുറകെ വേറെ ആരോക്കെയും ഒക്കെ പാഞ്ഞു വരുന്നു, ഓടി എത്തുന്നതിനൊപ്പം ബിജുവും സിറാജും ഒരേ  സ്വരത്തില്‍  ഉച്ചത്തില്‍
FULLTOSS BIJU-SIRAAJ
                കപിലണ്ണാ... വിട്ടോ അണ്ണാ... 

ഓടി വരുന്ന ബിയര്‍ പോയവനെ കപിലന്‍ അടിച്ച് വീഴ്ത്തുന്നു... ഓടാന്‍ ശ്രമിക്കുന്ന കപിലനെ അവന്‍ പിടികൂടുന്നു...  കപിലന്‍  രക്ഷപെടാനായ് അവനെ ആഞ്ഞ് തള്ളുന്നു.. അവന്‍ ദോ.. ഒന്നാം നിലയില്‍ നിന്ന് തലയും കുത്തി താഴേക്കു...!!
ഒരു നിമിഷം പകച്ചു നിന്ന് കപിലനും അപ്പുകുട്ടനും സിറാജും ബിജുവും ആട്ടോയിലെത്തി... തറയില്‍ വീണ് കിടക്കുന്ന  ബിയറന്‍ ഉറക്കെ വിളിച്ചുക്കൂകി

BEER SHAMSU
നിന്നെ ഒക്കെ ഞാന്‍ എടുത്തോളാഡാ...

അവന്‍ കിടന്നുകൊണ്ട് കപിലന്റെ ആട്ടോയുടെ പുറകെ എഴുതിയിരിക്കുന്നത് വായിക്കുന്നു

ക്രിക്കറ്റ് ആണ് എന്റെ മതം, സച്ചിന്‍ ആണെന്റെ ദൈവം


                                            CUT TO:
BAR NIGHT
ബാറിന്റെ മൂലയില്‍ അടിച്ചുപൂസായ് ഇരിക്കുന്ന വയസ്സന്‍
OLD DRUNKARD
എനിക്ക് പിറക്കാതെ പോയ മകനാടാ നീ... ഐ ലവ് യൂ ഡാ

 തുടരും...
 

Tuesday, November 11, 2014

ഗുരുവായൂർ തേപ്പ് RELOADED


വീണ്ടും ഒരു ഗുരുവായൂർ  യാത്ര. ഇപ്പ്രാവശ്യം നമ്മടെ ചങ്ങായി ഹരിയുടെ കല്യാണം കൂടാൻ വേണ്ടിയാരുന്നു. ഞാൻ, ബിനു പിന്നെ ജഗ്ഗു മാമ  തുടങ്ങിയവർ ആയിരുന്നു യാത്രക്കാർ. ബിനുവിൻറെ ഗംഭീര ഡ്രൈവിങ്ങിൽ റോഡിലെ ഒരു കുഴി പോലും മിസ്സ്‌ ചെയ്യാതെ കാർ ചീറി പാഞ്ഞു കൊണ്ടിരുന്നു. പിന്നിലെ സീറ്റിൽ ഞാൻ പെൻഡുലം കണക്കെ അങ്ങോട്ടും ഇങ്ങോട്ടും  ഉരുളുന്നു. ഇടയ്ക്കിടയ്ക്ക് ഞാൻ റോഡ്‌ ഉണ്ടാക്കിയവനിട്ടു നാല് പെരിയ തെറിയും ബിനുവിനിട്ട് (അവൻ കേൾക്കാതെ ) രണ്ടു ചിന്ന തെറിയും കാച്ചി നിർവൃതി അടയുന്നു. ജഗ്ഗുമാമയെ സീറ്റ്‌ ബെൽട്ടിട്ടു കെട്ടി ഇട്ടത്തിനാൽ ഇനി കാർ കീഴ്മേൽ മറിഞ്ഞാലും മൂപ്പർക്ക് ഒരു പ്രശ്നവും ഉണ്ടാവാൻ പോണില്ല! കുലുക്കം ഒന്നും  അറിയാതെ ജഗ്ഗു മാമ മുൻസീറ്റിൽ കൂർക്കം വലി തുടര്ന്നു . 

കല്യാണ തലേന്ന് അതിരാവിലെ ആരംഭിച്ച യാത്ര അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ തുടരുമ്പോൾ  വിശപ്പിൻറെ  വിളി കേട്ട്  അടുത്തുള്ള ഒരു ഹോട്ടലിലേക്ക് ബിനു വണ്ടി തിരിച്ചു. അത്രയും നേരം നിദ്രയിലാണ്ടു കിടന്ന ജഗ്ഗുമാമ ഉണക്ക മീൻ മണത്ത പൂച്ചയെ പോലെ മീശ വിറപ്പിച്ചു കൊണ്ട് കണ്ണുകൾ  തുറന്നു !

ബിനു അപ്പോഴേക്കും ഒരു മരത്തിനു മുന്നിലായി കാർ  പാർക്ക് ചെയ്യാൻ ഉള്ള ശ്രമം ആരഭിച്ചു. വണ്ടി റിവേർസ് എടുക്കുന്നതിനിടെ വെറുതെ എന്നോടൊരു ചോദ്യം. ചുമ്മാ... ഒരാവശ്യവും ഇല്ലായിരുന്നു. 

"എടാ....മരം എങ്ങനുണ്ടെടാ ?"

ഞാൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി തല പുറത്തേക്കിട്ടു കാറിന്റെ പിന്നിലേക്ക്‌ നോക്കി. 

"മരം അവിടെ തന്നെ ഉണ്ടെടാ!!"

ബിനുവിനു സന്തോഷമായി ! 

ജഗ്ഗു മാമയ്ക്ക് സഹിച്ചില്ല - "പുല്ല് ..!! അതിനോട് മാറി നിക്കാൻ പറയെടാ !"

ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിട്ട് വീണ്ടും യാത്ര തുടര്ന്നു. 
കൊച്ചി എത്തിയതോടെ പിന്നെ റോഡിലാണോ കുഴി അതോ കുഴിയിലാണോ റോഡ്‌  എന്ന് മൊത്തത്തിൽ കണ്ഫ്യൂഷൻ ആയി.അതിനിടെ ലുലു മാളിൽ കൂടി ഒന്ന്  കേറി (നമ്മളും കാണട്ടെ ലുലു !)  ഒരു ചെറിയ ഫോട്ടോസെഷൻ ഒക്കെ നടത്തി. ലഞ്ച് അവിടുന്നു തട്ടി. അവസാനം രാത്രി 7 മണിയോട് കൂടി തൃശൂർ എത്തി ചേർന്നു.

ഹരി & ഫാമിലി നേരത്തെ തന്നെ എത്തിയിട്ടുണ്ടായിരുന്നു. ഹോട്ടൽ റൂമിൽ ബാഗൊക്കെ വെച്ചിട്ട് ഞങ്ങൾ അത്താഴം കഴിക്കാൻ ഇറങ്ങി. ഗുരുവായൂരിൽ കല്യാണങ്ങൾക്ക് പഞ്ഞമില്ലാതതിനാൽ പിറ്റേ ദിവസം രാവിലെ 8 മണിക്ക് നടയിൽ എത്താമെന്നു തീരുമാനം ആയി. 

"എല്ലാരും മുണ്ടൊക്കെ എടുത്തിട്ടുണ്ടല്ലോ ല്ലേ ?" റൂമിലേക്ക്‌ പോവും മുൻപേ ഹരി ചോദിച്ചു.

"പിന്നേ ... അതൊക്കെ റെഡി ആണ് " ഞങ്ങൾ കോറസ് ആയിട്ട് ഉത്തരം നൽകി.

രാവിലെ 6:30 നു അലാറം വെച്ച് ഞങ്ങൾ ഉണർന്നു. ഞാനും ബിനുവും കുളിയൊക്കെ പാസാക്കിയിട്ട് മുണ്ട് ഉടുക്കൽ ചടങ്ങിലേക്ക് പ്രവേശിച്ചു. ഉടുക്കാൻ അറിയാത്തവർക്ക് ഇതൊരു ചടങ്ങ് തന്നെ ആണല്ലോ ! ജഗ്ഗു മാമ ഇതിലൊക്കെ ഒരു എക്സ്പെർട്ട് ആയതിനാൽ പുള്ളി  പതുക്കെ ഉണര്ന്നിട്ടു കുളിക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. 

"എടാ... നമ്മൾ ഇത് എങ്ങനെ ഉടുക്കും ?" എന്ന്  പറഞ്ഞു തിരിഞ്ഞുനോക്കിയ  ഞാൻ കണ്ട കാഴ്ച - കൊണ്ട് വന്ന ഡബിൾ മുണ്ടിനകത്തു കൈയും തലയും പുറത്തിട്ട്  മുണ്ട് ഏതാ ബിനുവേതാ  എന്നറിയാൻ പറ്റാത്ത രീതിയിൽ നിന്നോണ്ട്‌ എന്നെ നോക്കി പുഞ്ചിരിക്കുന്ന ബിനു ! 

ഇവൻ ഇതിനകതെങ്ങനെ കേറിപ്പറ്റി  എന്ന് ആലോചിച്ചു വെറുതെ തല പുകയ്ക്കാതെ ഞാൻ എന്റെ മുണ്ട് കൈയിലെടുത്തു .

"നിന്റെ മുണ്ടിൽ ഒടുക്കത്തെ  കസവ് ആണല്ലോടാ !" - ബിനുവിന്റെ വക കമൻറ് ! 

"പിന്നേ ... മുണ്ട് ഉടുത്തു  കഴിഞ്ഞാൽ നീ എനിക്ക് സല്യൂട്ട് അടിക്കും. അതാ ഐറ്റം !" - ബിനുവിന്റെ കമന്റ് ലൈക്ക് ചെയ്തോണ്ട് ഞാനും വെച്ച് കാച്ചി!

പക്ഷെ കാര്യങ്ങൾ വിചാരിച്ച പോലെ ആയില്ല. എന്തോ ഒരു വശപ്പിശക് ! മുണ്ട് ചുറ്റി ചുറ്റി എങ്ങും  എത്തുന്നില്ല. 

"ഇത് ഡബിൾ മുണ്ട് തന്നെ അല്ലെ ?" - ബിനുവിന്റെ ഒടുക്കത്തെ ചോദ്യം!

"തുളുനാട്ടിൽ നിന്ന് മുണ്ട് ഉടുക്കാൻ പഠിച്ച കള്ളാ ബടുവാ ! നീ മുണ്ടിന്റെ ഒരു അറ്റം പിടിച്ചേ ... ഇത് ഉടുക്കാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ !" 

കുളി കഴിഞ്ഞിറങ്ങിയ ജഗ്ഗു മാമ കണ്ടതോ - മുണ്ടിന്റെ ഒരറ്റം പിടിച്ചു കൊണ്ട് ബിനു ; മറ്റേ അറ്റത് പമ്പരം പോലെ കറങ്ങുന്ന ഞാൻ !

"എന്തുവാടെ ഇത് ? രാവിലെ തന്നെ മനുഷ്യനെ വെറുപ്പിക്കുന്ന ഓരോ കാഴ്ചകളും ആയിട്ട് ഇറങ്ങിക്കോണം !"

"അല്ല ജഗ്ഗു മാമ... ഈ മുണ്ടിനു നീളം അല്പം കൂടുതലാണോ എന്നൊരു സംശയം. ഉടുത്തിട്ടു അങ്ങട് ശരിയാവുന്നില്ല !" - പാവം ഞാൻ.

 ജഗ്ഗുമാമ മുണ്ടിനെ സൂക്ഷിച്ചു നോക്കി. എന്നിട്ട് താടിയും തടവി കൊണ്ട് ഒരു അലർച്ച  - "എടാ മണ്ടൻ കൊണാപ്പീ..അവന്റെ ഒരു ഡബിൾമുണ്ട്
കെട്ടിയോളുടെ  നേര്യത്  സാരി എടുത്തോണ്ട് വന്നിട്ട് ഉടുക്കാൻ പറ്റുന്നില്ലെന്ന് ... ഹും !!! "

പ്ലിംഗ് !! ഉറക്കപ്പിച്ചിൽ അലമാരയിൽ നിന്ന് കസവു കണ്ട തുണി എടുത്തു ബാഗിലോട്ടു ഇട്ടു. അത് മുണ്ടാണോ സാരിയാണോ എന്ന് നോക്കാൻ വിട്ടു പോയല്ലോ  ഹെൻറെ ഗുരുവായൂരപ്പാ   !

"നല്ല വീതിയിൽ  കസവു കണ്ടപ്പോഴേ എനിക്ക് ഇത് മുണ്ട് അല്ലെന്നു തോന്നിയതാ" - എരിതീയിൽ പെട്രോൾ ഒഴിചോണ്ട് ബിനു കമന്റ്‌ പോസ്റ്റ്‌ ചെയ്യുന്നു.

"മുണ്ടരുത്... ഛെ മിണ്ടരുത്! ഇനി ഇപ്പൊ എന്താ ചെയ്ക ?"

ജഗ്ഗു മാമ ഒപ്ഷന്സ് തന്നു 

" ഓപ്ഷൻ A :  നീ മീശ എടുത്തു കളയുക. എന്നിട്ട് ഈ സാരി ഉടുക്കുക.ബ്ലൌസിന് പകരം ഞാൻ എൻറെ  സില്ക്ക് ഷർട്ട്  തരാം. സാരിതല വഴി മൂടിയാൽ ആരും അറിയില്ല. അര മണിക്കൂറിൽ റെഡി ആവാം. അടുത്തത് ഓപ്ഷൻ B : 10 മിനിറ്റ് കൊണ്ട് നീ ഓടി പോയി ഒരു മുണ്ട് മേടിക്കുന്നു , ഉടുക്കുന്നു, പോവുന്നു !"

എനിക്ക് സംശയമേയില്ല.

"മാമാജി... ഓപ്ഷൻ B ലോക്ക് ചെയ്യൂ !! "

അങ്ങനെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു മുണ്ട്മേടിച്ച് ഉടുത്ത് ഞങ്ങൾ അമ്പല നടയിൽ എത്തി. അവിടെ എത്തിയപ്പോൾ അടുത്ത കോമഡി. കല്യാണങ്ങൾ നടക്കുന്നത് നടയിൽ ആയതിനാൽ മുണ്ട് നിര്ബന്ധമില്ല ! എന്നെ നിലം തൊടാതെ ഓടിച്ചു മുണ്ട് മേടിപ്പിച്ച രണ്ടു പേരെയും ഞാൻ തിരിഞ്ഞു നോക്കി.ബിനു ആൻഡ്‌ ജഗ്ഗു മാമ  സ്റ്റാറ്റസ്  അപ്ഡേറ്റ് ചെയ്തു - ഫീലിംഗ് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമാ നാരായണാ !

അങ്ങനെ കല്യാണവും സദ്യയും ഒക്കെ കഴിഞ്ഞു വൈകിട്ട് ഞങ്ങൾ യാത്ര തിരിച്ചു. വണ്ടി ഡ്രൈവ് ചെയ്യുന്നതിനിടയിലും ബിനുവിനു സംശയം മാറുന്നില്ല. 

"എടാ... നീ മുണ്ട് ഉടുത്തോണ്ട് വന്നാൽ എന്തടിക്കുമെന്നാ പറഞ്ഞെ ?"

"ചെലക്കാണ്ടിരുന്നു വണ്ടി ഓടിക്കെടാ. ഇല്ലെങ്കിൽ നിന്റെ കരണ കുറ്റിക്കിട്ടു ഞാൻ  അടിക്കും. ഹോ....കസവ് മുണ്ടിനൊക്കെ ഇപ്പ എന്താ വില !!"

Tuesday, July 3, 2012

ഈ ഫേസ് ബുക്ക്‌ വളരെ യാന്ത്രികവും പൈശാചികവും ആയി കൊണ്ടിരികുവാണ് !



പണ്ട് സ്കൂളിലും കോളെജിലും വായിനോക്കിയ സുന്ദരികള്‍ രണ്ടാമത്തെ കൊച്ചിനെ തോളത്തിട്ടു  കൊണ്ട് ആദ്യത്തെ കൊച്ചിനെ സ്കൂളില്‍ വിടുന്ന പടം.


ലാബ്‌ എക്സാമിന് നോക്കി ടൈപ്പ് ചെയ്യാന്‍ അറിയ്യാതിരുന്നവന്‍ ടെക്നിക്കല്‍ ടീം ലീഡ് ആയതിനു ലാസ് വെഗാസില്‍ പാര്‍ട്ടി നടത്തുന്ന ഫോട്ടോ.


നീ ഒന്നും കണ്ണാടിയില്‍ നോക്കാറില്ലേ എന്ന് ചോദിച്ചവന്‍ മാട്ട്രിമോണിയലില്‍ നമ്മ ഫോട്ടോ റിക്വസ്റ്റ് പോലും റിജക്റ്റ്  ചെയ്തവളുടെ കൂടെ ഹണിമൂണിന് മൌരീഷിയസില്‍ പോയി മീന്‍ പിടിക്കാന്‍ ഇരിക്കുന്ന പടം. 


ഈ ഫേസ് ബുക്ക്‌ വളരെ യാന്ത്രികവും പൈശാചികവും ആയി കൊണ്ടിരികുവാണ് !

Friday, December 30, 2011

പാചകറാണി

--- കല്യാണ പിറ്റേന്ന് ---

"എടീ... നിനക്ക് പാചകം വല്ലതും അറിയാവോ ?"

"പിന്നേ... ഞാന്‍ അസ്സലായി potato curry വെക്കും "

"എങ്കില്‍ ‍ഇന്ന് അത് തന്നെ ആയിക്കോട്ടെ ! "

-- ഒരു മണിക്കൂര്‍ കഴിഞ്ഞ്--

"ചേട്ടാ... ദോശയും കറിയും റെഡി !"

"ആഹാ... അതിമനോഹരമായിരിക്കുന്നു... നിന്നെ അല്ല... നിന്റെ പാചകം ആണ് ഉദ്ദേശിച്ചത് !"

"ഒന്ന് പോ ചേട്ടാ അവിടുന്ന്..."

--- അടുത്ത ദിവസം ---

"ഇന്നെന്താടി സ്പെഷല്‍ ??"

"ഇന്ന് ചപ്പാത്തി ആന്‍ഡ്‌ കിഴങ്ങ് സ്റ്റൂ !"

"എടീ.. ഈ കിഴങ്ങ് സ്റ്റൂ കഴിച്ചപ്പോ ... 'ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാല്‍ ഉപമ '... "

"എന്താ ചേട്ടാ... ഉപ്പുമാവോ ? അത് വേറെ ഒരു ദിവസം ഉണ്ടാക്കി തരാമേ !"

"ഉപ്പുമാവ് അല്ലേടി കഴുതേ ... 'ഉപമ'... അല്ലെങ്കിലും നിന്നോടിതോന്നും പറഞ്ഞിട്ട് കാര്യമില്ല "

--- അതിനുമടുത്ത ദിവസം ---

"ബ്രേക്ക്ഫാസ്റ്റ് ആയോടീ ? "

"ആയി ചേട്ടാ.. ഇടിയപ്പവും ആലൂ മസാലയും... നോര്‍ത്ത് ഇന്ത്യന്‍ ഡിഷ്‌ ആണ്... ട്രൈ ചെയ്തു നോക്കൂ... "

"ആഹാ... ഇത് കഴിച്ചപ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് ...'അതു താനല്ലെയോ ഇത് എന്ന് വർണ്ണ്യത്തിലാശങ്ക....' "

"വയറ്റിലെ ശങ്ക ഒക്കെ തീര്‍ത്തിട്ട് കഴിക്കാന്‍ വന്ന പോരായിരുന്നോ ??"

"നോ കമന്റ്സ് !"

--- അതേ ദിവസം രാത്രി ----

"നാളെ എന്തുണ്ടാക്കണം ചേട്ടാ ?"

"ഓര്‍മിപ്പിച്ചത് നന്നായി.... അമ്മേ... അമ്മേ, നാളെ രാവിലെ ഇഡലിയും സാമ്പാറും മതി ട്ടോ !"

(ശുഭം)

Tuesday, December 27, 2011

ഗുരുവായൂര്‍ തേപ്പ്


കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഗുരുവായൂര്‍ പോവണമെന്ന് ഫാമിലി-in-laws ണ് ഒരേ നിര്‍ബന്ധം. അങ്ങനെയെങ്കിലും ഗുരുവായൂര്‍ കാണാമല്ലോ എന്ന് വിചാരിച്ചു ഞാനും സമ്മതം മൂളി. ഞാനും വൈഫും (നിഷ) ഡാഡിയും മമ്മിയും പിന്നേ നിഷയുടെ ചേച്ചിയും ഭര്‍ത്താവും രണ്ട് മക്കളും അടങ്ങുന്ന സംഘം ഒരു കാറില്‍ യാത്ര തിരിച്ചു.

അല്‍പ ദൂരം പോയിട്ട് കാര്‍ ഒരു കടയുടെ മുന്നില്‍ നിര്‍ത്തി ഡാഡി കുറെ പ്ലാസ്റ്റിക്‌ കവര്‍ മേടിക്കുന്നു. എനിക്ക് ഒന്നും തന്നെ മനസ്സിലാവുന്നില്ല. അതിനു ശേഷം കാറില്‍ ഇരിക്കുന്ന ഓരോരുത്തര്‍ക്കും കവര്‍ വിതരണം ചെയ്യുന്നു. അവസാനം എന്‍റെ ഊഴം എത്തി.

"മോന് കവര്‍ വേണോ ?"

എന്‍റെ മനസ്സില്‍ സംശയങ്ങളുടെ തിരയിളക്കം! ഇനി ഗുരുവായൂരില്‍ നിന്നും എന്തെങ്കിലും മേടിച്ചു കവറിലാക്കി കൊണ്ട് വരാന്‍ വേണ്ടിയിട്ടാണോ മുന്‍കൂട്ടി തരുന്നേ ?

"വേണ്ട ഡാഡി... അതിന്റെ ഒന്നും ആവശ്യം ഇല്ല. ഇതിലും വലിയ കവര്‍ എന്‍റെ കൈയില്‍ ഉണ്ട്. ഞാന്‍ അത് ഉപയോഗിച്ച് കൊള്ളാം !"

എല്ലാവരും എന്നെ പകച്ചു നോക്കുന്നു. രംഗം കൂടുതല്‍ വഷളം ആകും മുന്‍പ് നിഷ ഇടപെട്ടു.

"അയ്യോ ചേട്ടാ... അത് യാത്ര ചെയ്യുമ്പോ vomit ചെയ്യാന്‍ തോന്നിയാല്‍ ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാ... നമ്മുടെ കുടുംബത്തില്‍ ഡാഡി ഒഴികെ എല്ലാര്‍ക്കും ആ പ്രശ്നം ഉണ്ട് !"

ആഹാ.. അങ്ങനെ ആണോ കാര്യങ്ങള്‍.... വയറിനകത്ത്‌ തിരയിളക്കം വരുമ്പോ വിമാനത്തില്‍ ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കണം എന്ന് അതിനകത്തുള്ള പെങ്കൊച്ചുങ്ങള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് എന്തായാലും എനിക്ക് ആദ്യത്തെ അനുഭവം ആയിരുന്നു !

"എനിക്ക് അങ്ങനത്തെ പ്രശ്നങ്ങള്‍ ഒന്നുമില്ല. ഡാഡി കവര്‍ നിഷയ്ക്ക് കൊടുത്തേരെ..."

കവര്‍ കിട്ടി വണ്ടി അല്പം മുന്നോട്ടു നീങ്ങിയതും മമ്മി ഉത്ഘാടനം നിര്‍വഹിച്ചു. യാത്ര പുരോഗമിക്കുന്തോറും ഓരോരുത്തരായി നാരങ്ങ മണപ്പിക്കാനും വിക്ക്സ് ഗുളിക കഴിക്കാനും ആരംഭിച്ചു (അതൊക്കെ നേരത്തെ സ്റ്റോക്ക്‌ നിറച്ചു വെച്ചിട്ടുണ്ടായിരുന്നു ) .

നിഷ പതിവിലും സന്തോഷവതിയായി കാണപ്പെട്ടു.

"എന്ത് പറ്റിയെടീ... ഭയങ്കര സന്തോഷമാണല്ലോ ??" ഞാന്‍ ചോദിച്ചു.

"അത് പിന്നെ ... ഞാന്‍ ഇത് വരെ vomit ചെയ്തില്ലാ ...!"

"മണ്ടി പെണ്ണേ... അതിനു കല്യാണം കഴിഞ്ഞിട്ട് രണ്ട് ദിവസം അല്ലെ ആയുള്ളൂ...!!"

"അയ്യോ... ഈ മനുഷ്യന്റെ കാര്യം ! ഞാന്‍ ആ vomit ന്റെ കാര്യം (പച്ച മാങ്ങ പച്ച മാങ്ങാ... ) അല്ല പറഞ്ഞത് !"

"ഐ അം ദി സോറി !"

യാത്ര മദ്ധ്യേ വടക്കുംനാഥ ക്ഷേത്രത്തില്‍ കൂടി ഒന്ന് കേറി. പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞു തിരികെ വന്നു കാറില്‍ കേറാന്‍ നേരം ചേച്ചിയുടെ മകള്‍ കുക്ക് എന്നോടൊരു ചോദ്യം : "ചാച്ചന്‍ (കൊച്ചച്ചന്‍ ) അല്ലെ നടയ്ക്കിരിക്കുന്നത് ?"

എന്‍റെ ഗുരുവായൂരപ്പാ... ഞാന്‍ എന്താ ഈ കേള്‍ക്കുന്നത് ? നടയ്ക്കിരുത്തുകയോ ?? പണ്ടൊക്കെ ആനകളെ ആയിരുന്നല്ലോ നടയ്ക്കിരുത്തുന്നത്. ആ സമ്പ്രദായം മാറി ഇപ്പൊ മരുമക്കളെ നടയ്ക്കിരുത്താന്‍ ആരംഭിച്ചോ ?? ഇതിനായിരുന്നോ ഉടനെ തന്നെ യാത്ര പോവണമെന്ന് പറഞ്ഞത് ? അമ്പല നടയില്‍ എന്നെ ഇരുത്തിയിട്ട് ഭാര്യയും കുടുംബവും ടാറ്റാ പറഞ്ഞു പോവുന്ന രംഗം ഒരു നിമിഷത്തേക്ക് ഞാന്‍ ഒന്നാലോചിച്ചു നോക്കി. ഹോ.. ഭയാനകം തന്നെ !

ഞാന്‍ ഇടിവെട്ടിയ തെങ്ങിനെ പോലെ വാടി നില്‍ക്കുന്നത് കണ്ട് കുക്കു ചോദ്യം ആവര്‍ത്തിച്ചു - "ചാച്ചാ...ചാച്ചന്‍ സീറ്റില്‍ നടുക്കിരിക്കുമോ ? എനിക്ക് സൈഡ് സീറ്റ്‌ വേണം !"

ഹാവൂ.. മനസ്സില്‍ ഒരു മുല്ലപ്പെരിയാര്‍ പെയ്തിറങ്ങി. ഇത് നേരത്തെ അങ്ങ് പറഞ്ഞു കൂടായിരുന്നോ ?? അല്ലെങ്കില്‍ തന്നെ വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് 'മലയാലം' വഴങ്ങാന്‍ കുറച്ചു ബുദ്ധിമുട്ടാ....!

"പിന്നെന്താ... നടുക്കോ താഴെയോ കാറിന്റെ മണ്ടയില്‍ വേണമെങ്കിലും ഇരിക്കാം. എന്നെ കളഞ്ഞിട്ടു പോവാതിരുന്നാ മതി !"

അന്ന് രാത്രി ഗുരുവായൂര്‍ തങ്ങിയിട്ടു പിറ്റേ ദിവസം രാവിലെ ദര്‍ശനം കഴിഞ്ഞ് തിരികെ യാത്ര ആരംഭിച്ചു. ഇപ്പ്രാവശ്യവും കവര്‍ വിതരണം ചെയ്യാന്‍ ഡാഡി മറന്നില്ല. എല്ലാവരും പതിവ് കലാപ്രകടനങ്ങള്‍ കാഴ്ച വെച്ച് തുടങ്ങി. അതിന്റെ കൂടെ നിഷയും 'അയ്യോ വയ്യേ ' എന്ന് പറഞ്ഞു മൂക്കില്‍ ഒരു നാരങ്ങ മൂക്കുത്തിയും അണിഞ്ഞു ഇരിപ്പായി. അവളെ ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു..

"എടീ .. നീ വിഷമിക്കാതെ... ഇതൊക്കെ സ്വാഭാവികം... കൈയില്‍ കവരും മൂക്കില്‍ നാരങ്ങയും വെച്ച് കൊണ്ട് ഇനി എത്രയോ യാത്രകള്‍ ബാക്കി കിടക്കുന്നു. .."

"അതല്ല ചേട്ടാ പ്രശ്നം... നമ്മള്‍ വള മേടിക്കാന്‍ കേറിയപ്പോ അവിടെ നിന്ന ഒരു പെങ്കൊച്ചു എന്നെ കേറി 'ആന്റീ' എന്ന് വിളിച്ചില്ലേ... ആ കൊച്ചിന് എട്ട്-ഒന്‍പതു വയസ്സല്ലേ കാണൂ ??? "

ഞാന്‍ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു -"എട്ടും ഒന്‍പതും കൂടി കൂട്ടിയാല്‍ എത്രയാണോ ഏതാണ്ട് അത്രയും വയസ്സ് കാണും !"

വെടിമരുന്ന് ശാലയിലേക്ക് ആണ് ബോംബ്‌ എറിയുന്നതെന്ന് എനിക്ക് മനസ്സിലായത് പിന്നീടാണ്.

"ചേട്ടന്‍ ആ കൈ ഒന്ന് നീട്ടിക്കേ... " നിഷ ഭാവഭേദമില്ലാതെ പറഞ്ഞു.

"എന്ത് പറ്റി ? " ഞാന്‍ കൈ നീട്ടി കൊണ്ട് ചോദിച്ചു.

നിഷ അവളുടെ കൈയില്‍ ഉണ്ടായിരുന്ന നാരങ്ങ എനിക്ക് തന്നിട്ട് പറഞ്ഞു - "ഇന്ന് രാത്രി ഇത് പിഴിഞ്ഞ് കുടിച്ചിട്ട് കിടന്നു ഉറങ്ങിക്കോ ട്ടോ !"

പിന്നീടുള്ള യാത്ര ഒരു അവാര്‍ഡ്‌ പടത്തിനു തുല്യമായിരുന്നു...!

(ശുഭം)

Thursday, September 8, 2011

നഖക്ഷതങ്ങള്‍

"എന്താ മോനേ ... നിന്റെ കൈക്കെന്തു പറ്റി ?"

ഭക്ഷണം വിളമ്പുന്ന അമ്മയുടെ ചോദ്യം രഘു കേട്ടില്ലെന്നു നടിച്ചു. അതിനൊപ്പം കൈകള്‍ മറച്ചു പിടിക്കാന്‍ ഒരു വിഫല ശ്രമം നടത്തി.

"നീ ഒളിപ്പിക്കുകയൊന്നും വേണ്ടാ... ഇത് അവളുടെ പണിയാ അല്ലേ ?"

രഘു മൌനം പാലിച്ചു .

"ഞാന്‍ അന്നേ പറഞ്ഞതാ... ഇതൊന്നും ഈ വീട്ടില്‍ ശരിയാവില്ലാന്ന്... പക്ഷെ നിനക്കായിരുന്നു വാശി... നീയും നിന്റെ ഒരു മണിക്കുട്ടിയും !"

അമ്മയുടെ ശബ്ദത്തിനു കനം കൂടി വരുന്നത് രഘു തിരിച്ചറിഞ്ഞു...

"എനിക്ക് ഒന്നും പറ്റിയില്ല അമ്മേ... മണിക്കുട്ടി പാവമാ.. പിന്നേ അല്പം മുന്‍കോപം കൂടുതലാ.. അവള്‍ വേണമെന്ന് വച്ച് ചെയ്യുന്നതല്ലാ..."

"ഉവ്വുവ്വ്... ദേഷ്യം വന്നാല്‍ ഇങ്ങനെ ഉപദ്രവിക്കുകയാണോ ചെയ്യുക ? നിന്റെ കൈയില്‍ ചോര പൊടിയുന്നത് നീ അറിയുന്നില്ലേ ?"

"അമ്മ ഒന്ന് പോയേ.. മണിക്കുട്ടിയുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്നു എനിക്കറിയാം !"

അമ്മയുടെ നീരസം സമ്പാദിചെങ്കിലും ആ സംസാരം അവിടെ വെച്ച് അവസാനിപ്പിക്കേണ്ടത് രഘുവിന്റെ ആവശ്യം തന്നെ ആയിരുന്നു.

രംഗം ശാന്തമായപ്പോള്‍ അടുക്കള വാതിലിന്റെ പിന്നില്‍ നിന്നും രണ്ട് കണ്ണുകള്‍ രഘുവിനെ ഉറ്റുനോക്കി. മണിക്കുട്ടിയുടെ പേടിച്ചിരണ്ട മുഖം കണ്ട രഘുവിന്റെ മനസ്സില്‍ ചിരിയായിരുന്നു. വിടര്‍ന്ന കണ്ണുകളുമായി മണിക്കുട്ടി കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു.

"എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല മണിക്കുട്ടീ ... നീ പേടിക്കണ്ട.. അമ്മ പോയീട്ടോ... ഇങ്ങു വന്നേ..!"

മണിക്കുട്ടി ഒന്നുകൂടി ചുറ്റുപാടും കണ്ണോടിച്ചു നോക്കി. പിന്നേ മന്ദം മന്ദം രഘുവിന്റെ അടുത്തേക്ക് നടന്നു ചെന്നു. എന്നിട്ട് രഘുവിനോട് ചേര്‍ന്നു നിന്നു മന്ത്രിച്ചു - "മ്യാവൂ !"

Wednesday, April 6, 2011

ഒരു ആദ്യ രാത്രി


ഒരു ആദ്യ രാത്രി


വരൂ മോളെ നിര്‍ണായകമായ നമ്മുടെ ആദ്യരാത്രിയിലേക്കു കടന്നു വരൂ... എന്തിനാ മടിച്ചു നില്കുന്നത് , കടന്നു വന്നോള്ളൂ....

"ങ്ങേ ഇതെന്താ നൈറ്റിയോ പച്ച സാരിയും നീല ബ്ലൌസും തലയില്‍ മുല്ലപൂ മാലയും... "

"എന്തോന്നാ ?"

"ഏയ്‌ അല്ല സങ്കല്‍പം.. അല്ലാ ഒന്നുമില്ലാ "

മോളെ ഞാനൊരു കലാകാരനാണ് , ചിത്രകാരന്‍ ആണ് ചിത്രം വരച്ച വകുപ്പില്‍ എനിക്കൊരുപാട് കിട്ടാനും ഉണ്ട് , നന്നായി പാടുകയും ചെയ്യും... ഞാനൊരു പാട്ട് പാടാം... ഓ പ്രിയേ.. ഓ പ്രിയേ... ഓഒ പ്രിയേ... അംഗനവാടിയിലെ..."

"അയ്യോ ചേട്ടാ വേണ്ടാ എനിക്ക് ബോധ്യമായി,... "

"കണ്ടോ എന്‍റെ പാട്ട് കേട്ടു ആരോ കൂടെ പാടുന്നു "
" അത് റോഡിലെ പട്ടികള്‍ ഓരി ഇട്ടതാ "

"ങേ അത് പോട്ടെ.. ഹോര്‍ലിക്സ്ന്റെ കാര്യം എന്തായി ? നല്ലവണ്ണം കലക്കി ഒരു ഗ്ലാസ്‌ ഹോര്‍ലിക്സ് ..."
"ഹോര്‍ലിക്സോ, ആ എനിക്കറിയില്ല, താഴെ അമ്മയോട് പോയി ചോദിക്ക് "

"ങ്ങേ എന്നാല്‍ വേണ്ടാ "

"എന്‍റെ ഡ്രസ്സ്‌ ഈ അലമാരയില്‍ വക്കട്ടെ ചേട്ടാ"

"ങ്ങേ എന്ത് അലമാരയോ.. ഇതിലൊ ഇതില്‍ വേണ്ടാ.. അത്.. ഇത് അലമാരയേ അല്ലാ, ഇത് ചുമ്മാ അലമാര ആണ് , ഇത് തുറകാനേ പാടില്ലാ ഇതിനകത്ത് മുഴുവന്‍ കൂട്ട ഇടി ആണ് .. ഇതിന്റെ താക്കോല്‍ കളഞ്ഞു പോയി.."

"എന്നാ വേണ്ടാ, എന്താ ചേട്ടാ വിയര്‍ക്കുന്നത് ? "

"എയ്യ് ഞാന്‍ വിയര്‍ക്കാറെ ഇല്ലാ.. ആദ്യ രാത്രി എന്ന് പറഞ്ഞാല്‍ എനിക്കൊരു പേടിയുമില്ല .... നിനക്ക് പേടിയുണ്ടോ "
ജന്നാലയില്‍ നിന്നുള്ള അപാരതയിലേക്കു നോക്കി അവന്‍ മന്ദം മന്ദം അവനെ മണ്ടനാക്കാന്‍ വരുന്ന അവളോട്‌ ചോദിച്ചു

"എന്തിനാ പേടിക്കുന്നത് ഇത് ഞാനല്ലേ നിന്‍റെ കിട്ടു. സംശയമുണ്ടോ bow bow "അവന്‍ അവളെ നോക്കി കൊഞ്ചി..

അപ്പോള്‍ പുറത്തു നിന്നും ഒരു ശബ്ദം
"ആ പട്ടികൊന്നും തിന്നാന്‍ കൊടുത്തില്ലേ ? "

അത് മൈന്‍ഡ് ചെയ്യാതെ, എല്ലിന്‍ കക്ഷണങ്ങള്‍ വാരി ഇട്ടതു പോലുള്ള അവന്റെ ആരോഗ്യ ദരിദ്രമായ ശരീരത്തില്‍ നോക്കി അവള്‍ മൊഴിഞ്ഞു
"കിട്ടു ചേട്ടന്റെ ഈ ശൌര്യത്തിനും ഘ്രാണ ശക്തിക്കും മുന്നേ അല്ലെ ഞാന്‍ വീണു അനുരക്തയായത്.... അത് പോട്ടെ ആ ജന്നാലയിലൂടെ ആരെയാ നോക്കി നിന്നത് ? "

ഈശ്വരാ ഇന്ന് തന്നെ ഇവള്‍ ഭാര്യ കളി തുടങ്ങിയല്ലോ..

"എയ്യ്... ആരെ എന്ത് ? ഞാന്‍ വെറുതെ കാറ്റ് കൊള്ളാന്‍..."

"ഹും കാറ്റ് .... പിന്നെ നാളെ തന്നെ ഈ അലമാരയുടെ താക്കോല്‍ കണ്ടു പിടിച്ച് വച്ചോണം കേട്ടാ.. ആഹ് എന്നാ നമുക്ക് കിടക്കാം ചേട്ടാ എനിക്കുറക്കം വരുന്നു"

"ഉറങ്ങാന്‍ പോകുന്നാ ? ഞാന്‍... എനിക്ക് സംസാരിക്കാന്‍, ഭാവി ഭൂതം വര്‍ത്തമാനം.. "
"എന്താ ?"

"ഏയ്‌ എന്ത് ഒന്നുമില്ലാ"

കഷ്ടപെട്ടിരുന്നു കാണാതെ പഠിച്ച ഡയലോഗ്സ് എല്ലാം വെറുതെ ആയല്ലോ ഈശ്വരാ

"ഒന്ന് സ്വപ്പം നീങ്ങി കിടക്കുവോ എനിക്കും കൂടെ ഇച്ചിരി സ്ഥലം പ്ലീസ് "


അവര്‍ കട്ടിലിലേക്ക് ചരിഞ്ഞു... വിളകണഞ്ഞു...

" ബെഡില്‍ പൊടി ആണല്ലോ ചേട്ടാ... "
"പോടീ അത് പൊടി അല്ല മുല്ല പൂ ആണ് .. മുല്ലപൂ പല്‍... "
"മുല്ല പൂ ചൊറിയുമോ ചേട്ടാ "

"ഈശ്വരാ !!! അവന്മാര്‍ പണി പറ്റിചെന്നാ തോന്നുന്നത് "
.
.
.
.
.
.
.
.
.
.
.

അയ്യോ പറ്റില്ലാ തീരെ പറ്റില്ലാ