Wednesday, April 29, 2009

കൂളര്‍ തേപ്പ്

ഹൈദരാബാദില്‍ സമ്മര്‍ എന്ന് പറഞ്ഞാല്‍ അത് ഒരു ഒന്നൊന്നര സമ്മര്‍ തന്നെയാണ്. അതിനെക്കാളും ഒടുക്കത്തെ ചൂടാണ് അതിന് മേലോട്ടുള്ള സ്ഥലങ്ങളില്‍. അവിടെയൊക്കെ അടിയന്‍ വിസിറ്റ് നടത്താത്തത് കൊണ്ടു തത്കാലം ഹൈദരാബാദ് വേനല്‍ വിശേഷങ്ങള്‍ പറയുവാനെ നിവര്‍ത്തിയുള്ളൂ.

ഇവിടുത്തെ പ്രത്യേകത എന്തെന്ന് വെച്ചാല്‍ എത്ര ചൂടാണെങ്കിലും വിയര്‍ക്കത്തില്ല. ഹുമിടിട്ടി (സോറി.. അതിന്റെ മലയാളം അറിയില്ല) കുറവാണത്രേ. അത് കൊണ്ടു ഒരു മാതിരി പുഴുങ്ങുന്ന എഫ്ഫക്റ്റ്‌ ആണ് ഫലം. മൈക്രോവേവ്‌ അവനില്‍ ചിക്കെന്റെ അവസ്ഥ എങ്ങനെയാണെന്ന് മനസ്സിലായത് ഇവിടെ ചൂടു തുടങ്ങിയപ്പോള്‍ മാത്രം ആണ്.

അങ്ങനെ ചൂടു അന്‍സഹിക്കബിള്‍ ആയപ്പോള്‍ ഞങ്ങള്‍ റൂം മേറ്റ്സ് എല്ലാരും ചേര്ന്നു ഒരു കൂളര്‍ മേടിക്കാന്‍ തീരുമാനിച്ചു. വിലയോ തുച്ഛം ഗുണമോ മെച്ചം. അല്ലെങ്കില്‍ തന്നെ മൂന്ന് മാസത്തേക്ക് AC മേടിക്കാന്‍ പറ്റില്ലല്ലോ. പോരാത്തതിന് കറന്റ് ബില്‍ ആര് കൊടുക്കും. അന്ന് സാമ്പത്തികമാന്ദ്യം ഒന്നുമില്ലെങ്കില്‍ തന്നെയും നമുക്കു എപ്പോഴും മാന്ദ്യം തന്നെയാ. അങ്ങനെ ഒരു നല്ല ദിവസം നോക്കി കൂളര്‍ മേടിക്കാന്‍ രണ്ടു പേരു പോയി.

കൂളര്‍ എന്താണെന്നു സഹമുറിയന്‍ അപ്പോള്‍ വിവരിച്ചു തന്നു. ഒരു കൂട്...അതിനകത്ത്‌ ഒരു പമ്പും ഫാനും. നമ്മള്‍ വെള്ളം നിറച്ചു കഴിഞ്ഞിട്ട് പമ്പ് ഓണ്‍ ചെയ്യുമ്പോള്‍ ചെറിയ ട്യുബിലൂടെ വെള്ളം കൂടിന്റെ മുകളില്‍ നിന്നു താഴേക്ക് ഒഴുകും. ഇങ്ങനെ വെള്ളം ഒഴുകുന്ന വശങ്ങളില്‍ വൈക്കോല് പോലെ ഒരു സംഭവം വെച്ചിട്ടുണ്ട്. അത് നനയും. പിന്നെ ഫാന്‍ ഓണ്‍ ചെയ്യുമ്പോള്‍ നനഞ്ഞ വശങ്ങളില്‍ നിന്നു ചൂടു കാറ്റിനെ തണുപ്പിച്ചു പുറത്തോട്ടു വീശി നമ്മളെ കുളിര് കൊരിക്കും. കേട്ടപ്പോള്‍ തന്നെ ചെറിയ ഒരു കുളിര് !

അങ്ങനെ സംസാരിച്ചിരുന്നപ്പോള്‍ മേടിക്കാന്‍ പോയവര്‍ ഓട്ടോയില്‍ തിരിച്ചെത്തി. ഓട്ടോയുടെ മുകളില്‍ വാഷിംഗ്‌ മെഷീന്‍ പോലെ ഒരു സംഭവം കെട്ടി വെച്ചിട്ടുണ്ട്. കൂളര്‍ ഇത്രയും വലുതായിരിക്കുമെന്ന്‌ പ്രതീക്ഷിച്ചില്ല. എന്തായാലും സംഭവം എത്തിയല്ലോ. എല്ലാരും കൂടി താങ്ങി പിടിച്ചു അത് റൂമില്‍ എത്തിച്ചു.

സംഭവം കൊള്ളാം. ഉരുട്ടി കൊണ്ടു നടക്കാന്‍ താഴെ വീല്‍ ഒക്കെ ഉണ്ട്. ഞങ്ങള്‍ ഉടന്‍ തന്നെ അത് ടെസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. കൂളര്‍ മേടിച്ചോണ്ട് വന്നവര്‍ അപ്പോഴേക്കും കഴിക്കാന്‍ പോയി. ആദ്യം വെള്ളം നിറയ്ക്കല്‍ ആണ്. അതിന് ഒരു ചെറിയ ഓപ്പണിംഗ് മാത്രമെ ഉള്ളു. ഹോസ് ഉണ്ടായിരുന്നെങ്കില്‍ എളുപ്പം നിറയ്ക്കാമായിരുന്നു. ഹോസ് ഇല്ല ! അപ്പൊ ഇനി ഏക വഴി ബക്കറ്റില്‍ വെള്ളം നിറച്ചു മഗ് വച്ച കോരി അതില്‍ ഒഴിക്കുക. ഞാന്‍ ബക്കറ്റില്‍ വെള്ളം എത്തിക്കാന്‍ തുടങ്ങി. കൂടെ ഉള്ളവന്‍ മഗില്‍ കോരി നിറച്ചു കൊണ്ടിരുന്നു. റൂമില്‍ ഒരു ചെറിയ ബള്‍ബിന്റെ വെട്ടത്തില്‍ ആണ് ഈ പരിപാടി.

അങ്ങനെ നല്ല രീതിയില്‍ സംഭവം മുന്നോട്ടു പോയ്കൊണ്ടിരുന്നു. പക്ഷെ ഒഴിച്ചിട്ടും ഒഴിച്ചിട്ടും കൂളര്‍ നിറയുന്നില്ല. ഇതിന് ഇത്ര മാത്രം കാപ്പാസിട്ടിയോ? ഇനി ഒരു തവണ നിറച്ചാല്‍ ഒരു ആഴ്ച നിറയ്ക്കേണ്ടി വരില്ലേ ? മഗില്‍ കോരി ഒഴിച്ച് ഒഴിച്ച് സഹമുറിയന്‍ തളര്‍ന്നു.

"എടാ... ഇതു വരെ അത് നിറഞ്ഞില്ലേ? കുറെ ഒഴിച്ചല്ലോ !" ഞാന്‍ ചോദിച്ചു.

"ഇല്ലെടാ... പകുതി ആയതേ ഉള്ളു... ഇതു നിറക്കുന്നത് ഇത്രയും മിനക്കെട്ട പരിപാടി ആണെന്ന് അറിഞ്ഞില്ല" അവന്‍ മറുപടി നല്കി.

അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്. അവന്‍ വെള്ളം നിറയ്ക്കുന്നതിനു അടുത്തായി തറയില്‍ വെള്ളം കെട്ടി കിടക്കുന്നു. ഇവന് സൂക്ഷിച്ചു നിറച്ചു കൂടെ ?

"നീ എവിടെയാടാ വെള്ളം ഒഴിക്കുന്നത് ? നോക്ക്... തറയില്‍ ഒക്കെ വെള്ളം വീഴ്ത്തി. അതൊക്കെ നീ തന്നെ തുടച്ചു മാറ്റണം" ഞാന്‍ ദേഷ്യപ്പെട്ടു.

അപ്പോഴാണ്‌ അവനും അത് കാണുന്നത്. " അത് ഞാന്‍ ചെയ്തതല്ല... നീ ബക്കറ്റില്‍ വെള്ളം കൊണ്ടു വന്നപ്പോള്‍ വീണതാവും. നീ തന്നെ അത് തുടച്ചോ !"

അങ്ങനെ വരാന്‍ വഴിയില്ലല്ലോ. ഞാന്‍ കൂളറിന്റെ അടുത്ത് ചെന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ വെള്ളം അവിടെ മാത്രമല്ല. അവന്‍ മുട്ടുകുത്തി ഇരുന്നതിന്റെ മറുവശത്ത് തറയില്‍ മുഴുവന്‍ വെള്ളം. ഇവന്‍ ഇനി ഇതിനകത്തോട്ടു തന്നെ അല്ലെ ഒഴിചോണ്ടിരുന്നെ ? തറയില്‍ ഇരുന്നും കിടന്നും ഉരുണ്ടും പരിശോധിച്ചപ്പോള്‍ പിടികിട്ടി.... കൂളര്‍ ചോരുന്നു ! ചുമ്മാതല്ല.

"എടാ... കൂളര്‍ ലീക്ക്‌ ചെയ്യുന്നെടാ !" എന്തോ വലിയ കണ്ടുപിടിത്തം നടത്തിയത് പോലെ സഹമുറിയന്‍ പറഞ്ഞു.

"ഓഹോ... നിനക്കെങ്ങനെ മനസ്സിലായി ?"

"അതോ ? എന്റെ ലുങ്കി മുഴുവന്‍ നനഞ്ഞു. ഇപ്പോഴാ ഞാന്‍ ശ്രദ്ധിച്ചേ !"

"ഓഹോ... കാല്‍ച്ചുവട്ടില്‍ നിന്നും ലുങ്കി ഒലിച്ചു പോവുന്നത് നീ അറിഞ്ഞില്ലേ? കൂളറിന്റെ അകത്തു പാതിരാപടം കണ്ടുകൊണ്ടിരിക്കുവായിരുന്നോ ? "

അപ്പോഴേക്കും കഴിക്കാന്‍ പോയവര്‍ തണുത്ത കാറ്റു കൊള്ളാം എന്നുള്ള പ്രതീക്ഷയില്‍ മടങ്ങി എത്തി. കൂളരില്‍ ചോര്‍ച്ച എന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖത്തുള്ള സന്തോഷവും ചോര്‍ന്നു പോയി. ഉടന്‍ തന്നെ ഇന്‍പുട്ട് ചെയ്ത വെള്ളം മുഴുവന്‍ കൂളര്‍ ചരിച്ചു ഔട്പുട്ട് ചെയ്തിട്ട് അവന്മാര്‍ ഓട്ടോയില്‍ അതും വെച്ചു കെട്ടി കൊണ്ടു പോയി. ഭാഗ്യത്തിന് നേരത്തെ വന്ന ഓട്ടോക്കാരന്‍ അതിനടുത്ത് സിഗരറ്റും വലിച്ചോണ്ട് നില്‍പ്പുണ്ടായിരുന്നു. അത് കൊണ്ടു സംഭവങ്ങള്‍ വിവരിച്ചു സമയം കളയേണ്ടി വന്നില്ല.

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുതിയ കൂളര്‍ എത്തിച്ചേര്‍ന്നു. ഇപ്പ്രാവശ്യം ചോര്‍ച്ച ആദ്യമേ ടെസ്റ്റ്‌ ചെയ്യാന്‍ ഒരു ബക്കറ്റ്‌ വെള്ളം ഒഴിച്ചിട്ടു ഞങ്ങള്‍ നാല് പേരും നാല് വശങ്ങളിലായി നിന്നു ICU ഇല്‍ കിടക്കുന്ന പേഷിയന്റിനെ നോക്കുന്ന ഡോക്ടര്‍മാരെ പോലെ നിലയുറപ്പിച്ചു. കുഴപ്പം ഒന്നുമില്ല. അങ്ങനെ ഞങ്ങള്‍ വീണ്ടും വെള്ളം നിറക്കാന്‍ തുടങ്ങി. ഇപ്പ്രാവശ്യം കൂളര്‍ നിറഞ്ഞു. പക്ഷെ പ്രശ്നങ്ങള്‍ തുടങ്ങാന്‍ ഇരിക്കുന്നത്തെ ഉണ്ടായിരുന്നുള്ളു.

തനിക്ക് മുന്നേ മറ്റൊരു കൂളര്‍ റൂമില്‍ കേറിയത്‌ കൊണ്ടോ അതോ വലതു വീലിനു പകരം ഇടതു വീല്‍ ആദ്യം കേറ്റിയത് കൊണ്ടോ എന്തോ കൂളര്‍ പ്രതിഷേധം രേഖപ്പെടുത്തി. എങ്ങനെയെന്നു വെച്ചാല്‍ ഫുള്‍ ടാങ്ക് ആയ കൂളരിനെ തള്ളി ബെഡ് റൂമില്‍ എത്തിക്കാന്‍ നോക്കിയപ്പോള്‍ അതിന്റെ ഒരു വീല്‍ അതാ ഒടിഞ്ഞു ഉരുണ്ടു കാശിക്കു പോവുന്നു. കൂളര്‍ അങ്ങനെ ഒരു വശം ചരിഞ്ഞു ലാലേട്ടനെ പോലെ 'നീ പോ മോനേ ദിനേശാ' എന്ന് ഞങ്ങളെ നോക്കി വിളിക്കുന്നത് പോലെ തോന്നി.

ഞാന്‍ വെറുതെ ബാല്‍ക്കണിയില്‍ നിന്നു താഴോട്ടു നോക്കിയപ്പോള്‍ ആ ഓട്ടോക്കാരന്‍ അപ്പോഴും 'ഞാന്‍ നിക്കണോ അതോ പോവണോ' എന്ന മട്ടില്‍ അവിടെ തന്നെ നില്‍പ്പുണ്ട്‌. ഇനിയും ഇതും താങ്ങി കൊണ്ടു പോവുക എന്ന് വെച്ചാല്‍... രാത്രി കട അടയ്ക്കുന്ന സമയവും ആയി. ഇനി ഇതും കൊണ്ടു ചെന്നാല്‍ ഇവന്മാര്‍ കൂളര്‍ ഒക്കെ കൊണ്ടു പോയി കേടാക്കുവാണോ എന്ന് തെറ്റിദ്ധരിച്ചാലോ? അവസാനം ചോര്‍ച്ച ഇല്ലാത്തതു കൊണ്ടു ഉള്ളത് കൊണ്ടു അഡ്ജസ്റ്റ് ചെയ്യാം എന്ന് തീരുമാനം ആയി.

വീല്‍ ഇല്ലെങ്കില്‍ എന്താ പ്രശ്നം എന്ന് നിങ്ങള്ക്ക് സംശയം തോന്നാം. ഉരുട്ടി കൊണ്ടു പോവാന്‍ മാത്രം അല്ല വീല്‍. കൂളര്‍ നേരാവണ്ണം ഇരുന്നില്ലെങ്ങില്‍ പമ്പ് ഓണ്‍ ചെയ്യുമ്പോള്‍ മുകളില്‍ കൂടി വെള്ളം ചോരും. അത് കൊണ്ടു വീലിനു പകരം ഒരു സിമന്റ്‌ സ്ലാബില്‍ കൂളരിനെ പ്രതിഷ്ടിച്ചു. അങ്ങനെ സാധനം കട്ടപ്പുറത്ത് ഇരുന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വേനല്‍ അവസാനിച്ചതോടെ ശെരിക്കും കട്ടപ്പുറതായി. റൂമിന്റെ ഒരു മൂലയില്‍ കൂളര്‍ ഉപേക്ഷിക്കപ്പെട്ടു.

കഴിഞ്ഞ മാസം വീണ്ടും വേനല്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടി 'ഓര്‍മ്മയുണ്ടോ ഈ മുഖം? ' എന്നും ചോദിച്ചോണ്ട് കൂളരിനെ സമീപിച്ചു. വീണ്ടും പ്രതിഷേധം രേഖപെടുത്തിയത് രണ്ടാമതൊരു വീലിനെ രാമേശ്വരതോട്ടു പറഞ്ഞു വിട്ടു കൊണ്ടു ആയിരുന്നു. കൂളര്‍ ഇപ്പോള്‍ ഹൈ ഹീല്‍ ചെരുപ്പിട്ട പെണ്‍കുട്ടിയെ പോലെ നില്ക്കുന്നു. വേറെ സിമന്റ്‌ കട്ട ഒന്നും ഇല്ലാത്തതു കൊണ്ടു കാല്‍ വെച്ചു പിടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ആദ്യം കൂളരിനെ കുളിപ്പിച്ച് കുട്ടപ്പന്‍ ആക്കിയെടുതിട്ടു ഓപ്പറേഷന്‍ കാല് വാരല്‍ ആരംഭിച്ചു. രണ്ടു പ്ലാസ്റ്റിക് ഗ്ലാസ്‌ എടുക്കുന്നു. അതിനകത്ത്‌ ന്യൂസ് പേപ്പര്‍ കുത്തി നിറയ്ക്കുന്നു. വീല്‍ പോയിടത്ത് ഈ സംഭവം വെച്ചു പിടിപ്പിക്കുന്നു. ലെവല്‍ കറക്റ്റ് ആവുന്നത് വരെ ന്യൂസ് പേപ്പറിന്റെ അളവ് കൂട്ടിയും കുറച്ചും അട്ജസ്റ്മന്റ്സ് നടത്തുന്നു. അവസാനം സംഭവം നേരെയാക്കി. ടെസ്റ്റ്‌ ചെയ്തു നോക്കിയപ്പോള്‍ കുഴപ്പം ഒന്നുമില്ല. അങ്ങനെ ഈ വേനല്‍ കാലവും കൂളറിന്റെ സഹായത്തോടെ തീര്‍ക്കാമെന്ന് വിശ്വസിക്കുന്നു.

അപ്പോള്‍ പറഞ്ഞു വന്നത് എന്തെന്ന് വെച്ചാല്‍ ... എന്തെരപ്പി ? ഇങ്ങനെയൊക്കെ നടന്നാല്‍ മതിയാ ? ഓഫീസില്‍ AC യില്‍ ഇരുന്നോണ്ട് ഇതൊക്കെ വായിച്ചു തള്ളാതെ പണികളൊക്കെ ചെയ്യിന്‍. എന്നാല്‍ അല്ലെ മാസാവസാനം ശമ്പളങ്ങള്‍ ഒക്കെ കിട്ടിയിട്ട് ഒരു കൂളര്‍ ഒക്കെ മേടിക്കാന്‍ ഒക്കതോള്ളൂ !



5 comments:

  1. Nammalum ithu poley Cooler medikkan padhathi ittatha..But coolerinu munnil kidannal pani pidichu paNi paalum ennurappaayppol Firdge vaangi adjust cheythu....

    ReplyDelete
  2. എന്തായാലും ഒരു കാര്യം ഉറപ്പായി, കൂളര്‍ വാങ്ങിച്ച കാരണം ആ ഹ്യുമിഡിറ്റിയിലും നന്നായി വിയര്‍ത്തെന്ന്.അപ്പൊഴെ കമന്‍റ്‌ ഇന്ന് വരും നാളെ പോകും,
    പോയിരുന്ന് ജോലി ചെയ്യ്.

    ReplyDelete
  3. “ഓപ്പറേഷന്‍ കൂളര്‍” കൊള്ളാം. :)

    ReplyDelete
  4. kollallo mashe :) :)) nale harthal, pareeksha maativechu.. de evide vannu chirikkom cheythu :)

    ReplyDelete
  5. kollam, friendsinodu parayan puthiyoru thamasa kitti.thank u abhi

    ReplyDelete