Thursday, May 7, 2009

ബാര്‍ബേറിയന്‍ തേപ്പ്

പാഷാണത്തിന്റെ 'കേശഭാരം' എന്ന പോസ്റ്റ് കണ്ടപ്പോള്‍ മുതല്‍ ഇതു എഴുതണമെന്നു വിചാരിച്ചതാണ്. ഇപ്പോഴാണ് അതിനുള്ള സമയവും സാവകാശവും കിട്ടിയത്.

കോളേജ് ജീവിതം ഒക്കെ കഴിഞ്ഞു റിസള്‍ട്ട്‌ വരാന്‍ കാത്തിരിക്കുന്ന സമയം. കോളേജിലോ 'മൊട' കാണിക്കാന്‍ പറ്റിയില്ല. അത് കഴിഞ്ഞിട്ടെന്കിലും കാണിക്കാമെന്നു വിചാരിച്ചു നടക്കുമ്പോഴാണ് നാട്ടില്‍ ' ഹെയര്‍ സ്ട്രയിട്ടെനിംഗ് ' ജ്വരം പിടിപെടുന്നത്. അന്ന് ധോനി, ജോണ്‍ എബ്രഹാം തുടങ്ങിയവര്‍ മുടി ഒക്കെ വളര്‍ത്തി കാറ്റത്ത്‌ പറപ്പിച്ചു നടക്കുന്നത് കണ്ടപ്പോള്‍ എനിക്കും ദാസപ്പനും ഒരു മോഹം. എന്ത് കൊണ്ടു നമുക്കും നേരെ ആയിക്കൂടാ ? സോറി ! മുടി നേരെയാക്കി കൂടാ ?

ഞങ്ങള്‍ ഉടന്‍ തന്നെ ബ്യൂട്ടി കന്സല്ടന്റ്റ്‌ ആയ സുജിത്തിനെ കോണ്ടാക്റ്റ് ചെയ്തു. സുജിത് അപ്പോള്‍ തൊണ്ണൂറുകളിലെ 'പങ്ക് ' സ്റ്റൈലില്‍ നടക്കുന്നു. കാലം മാറിയതൊന്നും അവന്‍ അറിയുന്നില്ല. പിറകില്‍ കൊഴിവാല് പോലെ മുടിയും വളര്‍ത്തി അത് ഇനി എങ്ങനെ കുതിരവാല് ആക്കും എന്ന് റിസര്‍ച്ച് നടത്തുന്ന അവന് ഈ വിഷയത്തില്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ അറിവ് കാണും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അവനെ സമീപിച്ചു. പോരാത്തതിന് ഓരോ ആഴ്ചയും ഓരോ മുഖം ആണ് അവന്. താടിയിലും മീശയിലും അവന്‍ ചെയ്യാത്ത പരീക്ഷണങ്ങള്‍ ഇല്ല.ഒരു ദിവസം താടി കാണും, മീശ കാണില്ല. പിന്നെ മീശ കാണും, താടി കാണില്ല. പിന്നെ രണ്ടും കാണില്ല !

ഉടന്‍ പരിഹാരവും കിട്ടി. അവന് അറിയാവുന്ന ഒരു ബാര്‍ബര്‍ ഷോപ്പ്/ ബ്യൂട്ടി പാര്‍ലര്‍ ഉണ്ട്. അവിടെ മുടി നിവര്‍ത്തുന്ന പരിപാടികള്‍ ഒക്കെ ഉണ്ട്. പക്ഷെ ഇപ്പോള്‍ ഉള്ള അത്ര മുടി പോര. നല്ല നീളം വേണമത്രേ. അപ്പോള്‍ തന്നെ ഞാനും ദാസപ്പനും കൂടി ഒരു തീരുമാനം എടുക്കുന്നു. ഇനി രണ്ടു മാസത്തേക്ക്‌ നോ ഹെയര്‍ കട്ട്‌ ! സ്ട്രയിട്ടെനിങ്ങില്‍ താത്പര്യം ഇല്ലെങ്കില്‍ തന്നെയും ഞങ്ങള്‍ക്ക് കമ്പനി തരാന്‍ വേണ്ടി അവനും വെറുതെ മുടി വളര്‍ത്താന്‍ തീരുമാനിച്ചു.

മുടി വളര്‍ത്തുന്നത് അത്ര എളുപ്പം പണി അല്ല എന്ന് വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ മനസ്സിലാക്കി. പ്രത്യേകിച്ച് ചുരുണ്ട മുടി. അത് ചീകി വെക്കാന്‍ തന്നെ എന്ത് കഷ്ടപ്പാടാണ്. ഞാനും ദാസപ്പനും കൂടി എത്ര ചീപ്പുകള്‍ നശിപ്പിച്ചു. അവസാനം ദാസപ്പന്റെ വീട്ടില്‍ ചീപ്പ് കാണാന്‍ ഇല്ലെങ്കില്‍ അത് അവന്റെ തലയില്‍ അന്വേഷിച്ചാല്‍ മതിയെന്ന അവസ്ഥ ആയി. എണ്ണയും ഹെയര്‍ ജെല്ലും കൂട്ടി കുഴച്ച് തേച്ചിട്ടും മുടി ഒതുങ്ങുന്നില്ല എന്ന് പറഞ്ഞാല്‍ ഉള്ള അവസ്ഥ നിങ്ങള്ക്ക് ഊഹിക്കാമല്ലോ. മൊത്തത്തില്‍ ഒരു പ്രാന്തന്‍ എഫ്ഫക്റ്റ്‌. സുജിത്തിന്റെ വക ആയി "ചകിരിതലയന്‍", "ചട്ടിത്തലയന്‍" തുടങ്ങിയ വിളികള്‍ ഞങ്ങള്‍ കേട്ടില്ല എന്ന് ഭാവിച്ചു. അവന് പുതിയ ഒരു പേരു കൊടുക്കാനും ഞങ്ങള്‍ മറന്നില്ല - "നൂഡില്‍സ് രാമന്‍" തലയില്‍ നൂഡില്‍സ് വെച്ചിരിക്കുന്നത്‌ പോലെയായി അവന്റെ അവസ്ഥ. സ്ട്രയിട്ടെനിംഗ് കഴിയ്യട്ടെ! അത് വരെ സഹിക്കുക തന്നെ.

ഇനി ഇതിന്റെ നല്ല വശങ്ങള്‍ എന്തെന്ന് വെച്ചാല്‍ നമ്മുടെ പൊക്കം ഒന്നര ഇഞ്ച് കൂടി. തൊപ്പി, ഹെല്‍മെറ്റ്‌ തുടങ്ങിയവ ഉപയോഗിക്കേണ്ടി വരുന്നില്ല. ഇനി തലയില്‍ എന്തെങ്കിലും ചുമടു എടുക്കണമെങ്കില്‍ തുണി വെച്ചു കുഷന്‍ ചെയ്യേണ്ടി വരുന്നില്ല. ഇനി പക്ഷി സ്നേഹി ആണെങ്കില്‍ ഒരു കുരുവി കുടുംബത്തിനു താല്‍കാലികമായി താമസിക്കാനുള്ള ഒരു ഫ്ലാറ്റ് തന്നെ തലയില്‍ ഉണ്ട്. അങ്ങനെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുടിയന്മാരായി നടന്നു അവസാനം ആ സുദിനം വന്നെത്തി.

ഞങ്ങള്‍ രണ്ടും കൂടി ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചേര്‍ന്നു. ആദ്യമേ തന്നെ ഞങ്ങള്‍ വന്നത് എന്തിനാണെന്ന് അറിയിച്ചു. അവിടെ നിന്ന മനുഷ്യന്‍ മുടി ഒക്കെ പിടിച്ചു നോക്കിയിട്ട് പറഞ്ഞു, " നീളം പോര... വേണമെങ്കില്‍ മുന്‍പില്‍ മാത്രം സ്ട്രയിട്ടെന്‍ ചെയ്തു തരാം"

ഓഹോ.. നീളം പോരെന്നോ? ഇപ്പോള്‍ തന്നെ ഒരു അരവട്ടന്‍ ലുക്ക്‌ ആണ്. ഇനിയും മുടി വളര്‍ത്തിയാല്‍ നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്തു ഊളമ്പാറയില്‍ എത്തിക്കും. ഞങ്ങള്‍ ചിരിച്ച് കൊണ്ടു പറഞ്ഞു, "മതി ചേട്ടാ... അത് മതി "

അയാള്‍ ഞങ്ങളെ അകത്തേക്ക് വിളിച്ചോണ്ട് പോയി. എന്നിട്ട് രണ്ടു കസേരകളില്‍ ഇരുത്തി. ഉടുപ്പ് നനയാതിടിക്കാന്‍ ഒരു തുണി എടുത്തു കെട്ടി. പിന്നെ ഞങ്ങളെ ഒരു വലിയ വാഷ്‌ ബേസിന്റെ അടുത്ത് കൊണ്ടുപോയിട്ടു തല അതിന്റെ അകത്തോട്ടു വെക്കാന്‍ പറഞ്ഞു. എന്തിനുള്ള പുറപ്പാടാണോ എന്തോ? വെച്ചു കഴിഞ്ഞതും തലയില്‍ കൂടി ഒരു ബക്കറ്റ്‌ വെള്ളം കമിഴ്ത്തി !

"അയ്യോ ചേട്ടാ... ഞാന്‍ കുളിചിട്ടാ വന്നത്. ദെ ഇവനെ കുളിപ്പിച്ചോ... അവന്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമെ കുളിക്കൂ !"

ദാസപ്പന്‍ എന്നെ രൂക്ഷമായി നോക്കി.

"സോറി... ഇപ്പൊ മഴക്കാലം ആണെന്ന് മറന്നു പോയി. അപ്പൊ മാസത്തില്‍ ഒരിക്കല്‍ അല്ലെടാ !"

"നിന്നെ ഞാന്‍ പിന്നെ എടുത്തോളാം !" ദാസപ്പന്‍ അലറി.

"നിങ്ങള്‍ പേടിക്കണ്ട... ഇതു ഹെയര്‍ വാഷ്‌ ചെയ്യുന്നതാ !" ചേട്ടന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

വാഷ്‌ കഴിഞ്ഞിട്ട് തലയില്‍ എന്തോ ഒരു സാധനം തേച്ചു പിടിപ്പിച്ചു. ഇപ്പൊ രണ്ടു പേരും തലയില്‍ ചീനിച്ചട്ടി കമിഴ്ത്തി വെച്ചത് പോലെ ഉണ്ട്. ട്യൂബ് ലൈറ്റിന്റെ വെട്ടത്തില്‍ തല വെട്ടിത്തിളങ്ങുന്നു. അങ്ങനെ അര മണിക്കൂര്‍ അതേ അവസ്ഥയില്‍ ഇരുന്നു. അത് കഴിഞ്ഞു വീണ്ടും ഒരു വാഷ്‌. ഇപ്പോള്‍ മുടി കുറച്ചൊക്കെ മാറിയിട്ടുണ്ട്. ഇത്രേ ഉള്ളോ കാര്യം? ഇതു വെരി സിമ്പിള്‍ ആണല്ലോ. ശെരിക്കുള്ള തേപ്പ് തുടങ്ങാന്‍ ഇരിക്കുന്നത്തെ ഉള്ളു എന്ന് ഞങ്ങള്‍ അറിഞ്ഞില്ല.

ചേട്ടന്‍ കൈയില്‍ ഒരു കുന്ത്രാണ്ടവും ആയിട്ട് വരുന്നു. എന്താണെന്നു ചോദിച്ചപ്പോള്‍ മുടി അയണ്‍ ചെയ്യാനുള്ളതാണെന്നു. അതായത് മുടി തേക്കാന്‍ കൊണ്ടു വന്ന തേപ്പ് പെട്ടിയാണെന്ന് ! ആഹാ... അപ്പൊ പരിപാടി തുടങ്ങാന്‍ പോവുന്നത്തെ ഉള്ളു.

ആ കുന്ത്രാണ്ടം പ്ലഗ് ചെയ്തിട്ട് അങ്ങേരു മുടിയുടെ നീളം ഒക്കെ നോക്കിയിട്ട് എവിടം വരെ സ്ട്രയിട്ടെന്‍ ചെയ്യാന്‍ പറ്റും എന്നൊക്കെ പറഞ്ഞു തന്നു. ഞങ്ങള്‍ തലകുലുക്കി സമതിച്ചു. ആദ്യം ദാസപ്പന്റെ ഊഴം. മുടി കുറേശെ എടുത്തു ഈ കുന്ത്രാണ്ടത്തിന്റെ രണ്ടു പ്ലേറ്റിന്റെ ഇടയിലോട്ടു വെച്ചിട്ട് തേച്ചു എടുക്കുന്നു. ശ്ശ്ശ്ശ്ശ്ഷ് എന്നൊരു ഒച്ചയും കുറച്ചു പുകയും. തല പുകയുക എന്നൊക്കെ പറയുന്നതു ഇതാണോ എന്തോ. അങ്ങനെ ഓരോ മുടിയിഴയും 'എന്നെ കൊന്നേ' എന്ന് പറഞ്ഞോണ്ട് വടി ആവുന്നു. ഇതിന്റെ ഒരു പ്രശ്നം എന്തെന്ന് വെച്ചാല്‍ എങ്ങാനും ആ കുന്ത്രാണ്ടം തലയോട്ടിയില്‍ തട്ടിയാല്‍ അതിന്റെ ചൂടു ബ്രെയിന്‍ വഴി മെടുള്ള ഒബ്ലോങ്ങട്ടയില്‍ കൂടി അണ്ണാക്കില്‍ നിന്നും "കിയ്യോ" എന്നൊരു സൌണ്ട് വേവ് ആയും കണ്ണില്‍ നിന്നും കണ്ണുനീര്‍ എന്ന ലിക്വിഡ് ആയും പുറത്തു വരും എന്നുള്ളത് മാത്രമാണ്.

അങ്ങനെ പുകച്ചിലും തേപ്പും എല്ലാം കഴിഞ്ഞപ്പോള്‍ ദാസപ്പന്റെ തലയില്‍ തെങ്ങിന്‍പ്പൂക്കുല ഫിറ്റ്‌ ചെയ്തു വെച്ചത് പോലെ ആയി. അടുത്തത് എന്റെ ഊഴം. എല്ലാം കഴിഞ്ഞപ്പോള്‍ ചെറിയ ഒരു വ്യത്യാസം. തെങ്ങിന്‍പൂക്കുലയ്ക്ക് പകരം വെഞ്ചാമരം ഫിറ്റ്‌ ചെയ്തത് പോലെയാണെന്ന് മാത്രം. പിന്നെ ചെറിയ ഒരു ഹെയര്‍ കട്ടും തന്നിട്ട് ഞങ്ങളെ പറഞ്ഞു വിട്ടു.

ഇറങ്ങാന്‍ നേരം ദാസപ്പന്‍ എന്നോട് ചോദിച്ചു ," എടാ... രണ്ടു ദിവസം കുളിക്കരുതെന്നല്ലേ അങ്ങേരു പറഞ്ഞതു ?"
"നീ അങ്ങനയേ കേള്‍ക്കൂ... രണ്ടു ദിവസം തല നനക്കരുതെന്നാ.. അത് കഴിഞ്ഞു വീണ്ടും വന്നു എന്തോ ചെയ്യണം... മുടി കൊഴിയാതിരിക്കാന്‍ വേണ്ടിയാണ്"

അങ്ങനെ ഈ പുതിയ കോലത്തില്‍ ഞങ്ങള്‍ സുബിന്റെ വീട്ടില്‍ ഒരു വിസിറ്റ് നടത്തി. അവന്‍ ഞങ്ങളെ കണ്ടു ഞെട്ടി. സംഭവങ്ങള്‍ ഒക്കെ കേട്ടപ്പോള്‍ അവനും ഒരു ആഗ്രഹം. ഒന്നു ചെയ്താലോ. പക്ഷെ അധികം വൈകാതെ അവന്‍ ആ തീരുമാനം മാറ്റി. അതിന് കാരണം എന്തെന്ന് വെച്ചാല്‍ മുടികൊഴിച്ചില്‍ പ്രശ്നം. പോരാത്തതിന് ഒന്നര രണ്ടു മാസം കഴിഞ്ഞപ്പോള്‍ സ്ട്രിട്ടെനിംഗ് എഫ്ഫക്റ്റ്‌ ഒക്കെ അങ്ങ് പോയി. പിന്നെ മുടി വളര്‍ത്തുന്നതിനും ഒരു ലിമിറ്റ് ഒക്കെ ഇല്ലേ (ആണുങ്ങള്‍ക്ക് !). അങ്ങനെ കുറെ കാലം മൊട ഒക്കെ കാണിച്ചിട്ട് ഞങ്ങള്‍ രണ്ടു പേരും മുടി ഒക്കെ വെട്ടി നല്ല കുട്ടികളായി നടക്കുമ്പോള്‍ അത് സംഭവിച്ചു.

കുറച്ചു ദിവസങ്ങളായി സുബിന്റെ ഒരു വിവരവുമില്ല. വെറുതെ അവന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവന്റെ അമ്മ പറയുന്നു -" മക്കളെ, അവന്‍ മൊട്ടയടിച്ചു. അത് കൊണ്ടു പുറത്തിറങ്ങാതെ വീട്ടില്‍ ഒളിച്ചിരിക്കുവാ!"

ഞങ്ങള്‍ ഉടനെ ഒരു ക്യാമറയും എടുത്തു കൊണ്ടു സുബിന്റെ വീട്ടില്‍ വെച്ചു പിടിച്ചു. ആദ്യം സുബിന്‍ ഞങ്ങളെ കാണാന്‍ കൂട്ടാക്കിയില്ലെന്കിലും അവന്റെ വീട്ടുകാരെ പേടിച്ചു റൂം തുറന്നു തന്നു. ക്യാമറ കണ്ടതോടെ സുബിന്‍ മുളക് കടിച്ച കുരങ്ങനെ പോലെ അക്രമാസക്തനായി. പക്ഷെ എങ്ങനെയൊക്കെയോ ഞങ്ങള്‍ കുറച്ചു ഫോട്ടോസ് എടുത്തു. എന്തിനാണ് മോട്ടയടിച്ചതെന്നുള്ള ചോദ്യത്തിന്റെ സുബിന്റെ ഉത്തരം കെട്ട് ഞങ്ങള്‍ ബോധം കേട്ടില്ലെന്നെ ഉള്ളു.

"ഇനി വളര്‍ന്നു വരുന്ന മുടി ഒക്കെ സ്ട്രയിറ്റ്‌ ആയിരിക്കും. നീയൊക്കെ ഇത്രയും കാശ് കൊടുത്തു ചെയ്യിച്ചത് ഞാന്‍ കുറച്ചു സമയമെടുത്ത് ചെയ്യാമെന്ന് വെച്ചു. എങ്ങനെ ഉണ്ട് എന്റെ ബുദ്ധി ?"

പക്ഷെ മാസങ്ങള്‍ക്ക് ശേഷം സുബിന്റെ ബുദ്ധിപരമായ നീക്കം ശുദ്ധമണ്ടത്തരം ആയിരുന്നു എന്ന് തെളിയിക്കപ്പെട്ടു. സുബിന്റെ വളരന്നു വന്ന മുടി പന്തീരാണ്ട് കൊല്ലം കുഴലിന്റെ അകത്തു കിടന്ന പട്ടിയുടെ വാല് പോലെ വളഞ്ഞു തന്നെ ഇരുന്നു. അവസാനം സുബിന്‍ ആ കടുംകൈ ചെയ്യാന്‍ തന്നെ തീരുമാനിച്ചു : മുടി വളര്‍ത്തിയിട്ടു പാര്‍ലറില്‍ പോയി സ്ട്രയിട്ടെന്‍ ചെയ്യുക !

അങ്ങനെ വളര്‍ത്തി വളര്‍ത്തി തോള് വരെ മുടി വളര്‍ത്തി എന്ന് സുബിന്‍ അവകാശപെടുന്നു. ഇതൊക്കെ സുബിന്റെ MCA കോഴ്സ് കഴിഞ്ഞിട്ടാനെന്നു ഓര്‍ക്കുക. പിന്നെ എന്തോ ആവശ്യത്തിനു സുബിന്‍ കോളേജില്‍ പോവുന്നു. ഈ കോലത്തില്‍ സുബിനെ വെല്‍കം ചെയ്തത് പലവിധ അഭിപ്രായങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു. എന്നാല്‍ പിറ്റേ ദിവസം തന്നെ സുബിന്‍ പിന്നില്‍ വളര്‍ന്നു കിടന്ന മുടി വെട്ടി മുന്‍വശം മാത്രം സ്ട്രയിട്ടെന്‍ ചെയ്തു.

ഇതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. സുബിനെ ദൂരെ നിന്നു കണ്ട ചിലര്‍ പുതിയ ഏതോ പെണ്‍കുട്ടി കോഴ്സ് വിവരങ്ങള്‍ അന്വേഷിക്കാന്‍ വന്നതാണെന്ന് വിചാരിച്ചു റാഗ് ചെയ്യാന്‍ ശ്രമിച്ചെന്നും പിന്നെ സീനിയര്‍ ആണെന്ന് മനസ്സിലായപ്പോള്‍ സോറി പറഞ്ഞു മുങ്ങിയത്രേ. സുബിന്റെ ക്ലാസ്സ് മേറ്റ്സ് അവന് സാരി ആണോ ചുരിദാര്‍ ആണോ കൂടുതല്‍ ചേര്‍ച്ച എന്ന വിഷയത്തില്‍ ഗ്രൂപ്പ് ഡിസ്കഷന്‍ നടത്തിയത്രേ. സുബിന് അല്പമെങ്കിലും ആശ്വാസം നല്കിയത് അവന്റെ ഗേള്‍ ഫ്രണ്ട്സ്‌ ഒരു നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ മാത്രമാണ്.ഇപ്പോള്‍ അവനെ കാണാന്‍ ഒരു സിനിമ നടനെ പോലെ ആണ്. സുബിന്‍ ആകാംഷയോടെ അത് ആരാണെന്നു അന്വേഷിച്ചു. അതാരാണെന്നു വെച്ചാല്‍ 'ചാന്തുപൊട്ട്' സിനിമയില്‍ ദിലീപ് മീശ എടുത്തു കളഞ്ഞാല്‍ സുബിന്റെ അതേ ഫേസ് കട്ട് ആണ് പോലും !

ഏറ്റവും അവസാനം കേട്ടത് എന്താണെന്നു വെച്ചാല്‍ മുഖത്ത് അല്പം പൌരുഷം വരുത്താന്‍ വേണ്ടി സുബിന്‍ ഇപ്പോള്‍ 'കരടി നെയ്യ്‌' അന്വേഷിച്ചു നടക്കുവാണ് !


11 comments:

 1. പാവങ്ങള്‍... എന്തെല്ലാം ത്യാഗങ്ങള്‍!

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. എന്‍റെ സ്വന്തം കമന്‍റ് ഞാന്‍ തന്നെ ഡിലീറ്റ് ചെയ്തതാ...ഷെമി...
  ആദ്യത്തെ കമന്‍റ് ഇടാനിള്ള ചാന്‍സ് ശ്രീ കളഞ്ഞു.. :-/
  "എന്ത് കൊണ്ടു നമുക്കും നേരെ ആയിക്കൂടാ " !!! എന്തുകൊണ്ട് ആയിക്കൂടാ???

  അതെന്താ സംഭവം, ഈ 'പങ്ക്'?
  നല്ല വശങ്ങള്‍ ഒക്കെ കലക്കി!!! :D :D
  പിന്നെ മുടി വളര്‍ത്തുന്നതിനും ഒരു ലിമിറ്റ് ഒക്കെ ഇല്ലേ (ആണുങ്ങള്‍ക്ക് !)---അത് അങ്ങനെ എടുത്തു പറയണ്ട ആവശ്യം ഒന്നുല്ല :-/

  സുബിനോടിള്ള അസൂയ അല്ലെ ഈ കോലത്തില്‍ പുറത്തു വന്നത്???

  അതെ അറിയാണ്ട് ചോദിക്കാ,നിങ്ങള്‍ സ്ട്രെയിട്ടന്‍ ചെയ്താല്‍ സുജിത് ആവോ??
  കാക്ക കുളിച്ചാല്‍ കൊക്ക ആവില്ലന്നു എത്ര കാലം ആയിട്ടും അറിയാന്‍ പാടില്ല???

  ReplyDelete
 4. ആരാ അവിടെ മുടി സ്ട്രെയിറ്റ് ചെയ്യുന്ന കാര്യം പറഞ്ഞത്?
  ഓടിക്കോണം... ധോണീ, ജോണ്‍ അബ്രഹാം അവന്മാരുടെ എക്സറ്റന്‍സോ എന്നെക്കോണ്ടൊന്നും പറയിക്കണ്ട

  -- മുടി നീട്ടിപ്പരത്തി പരീക്ഷിച്ച ഒരു ഹതഭാഗ്യന്‍

  ReplyDelete
 5. motta thalaya bhedham :) guruvine anukarichu mudi neetti valarthi odukkan planikku poyi mottayadichu mottayaya nirbhagyavaan :)

  post kalakki :) teenju :)

  ReplyDelete
 6. @ശ്രീ
  ഞങ്ങള്‍ പഞ്ചപാവങ്ങള്‍ ആണെന്ന് മനസ്സിലായല്ലോ !

  @പാഷാണം
  പങ്ക് സ്റ്റൈല്‍ അറിയില്ല ?? 1995-1999 കാലഘട്ടത്തിലെ ഹിന്ദി/ മലയാളം സിനിമകള്‍ കണ്ടു നോക്കൂ..
  സുബിനോടുള്ള അസൂയ അല്ല... അവനോടുള്ള അമിതമായ സ്നേഹം ആണ് ഈ പോസ്റ്റിനു കാരണം !
  കുളിയുടെ കാര്യമൊക്കെ ദാസപ്പന്‍ പറഞ്ഞു തരും... അത് അവന്റെ ഏരിയ ആണ്...

  @കാല്‍വിന്‍
  ഒരു അസോസിയേഷന്‍ തുടങ്ങിയാലോ ?

  @റിജു
  കിട്ടുമ്പോ നിനക്കും കുറച്ചു തരാം... വിഷമിക്കണ്ട ;)

  @ശ്രവണ്‍
  ഗജിനി ഫാന്‍ ആണല്ലേ ?

  ReplyDelete
 7. ആ അതിനെപറ്റി താങ്കള്‍ക്ക് ഒന്നും പറയാന്‍ കാണില്ലന്നു എനിക്കറിയാം...എങ്കിലും അതിങ്ങനെ നാട്ടുകാരെ കാണെ എഴുതി വെക്കണ്ടിരുന്നില്ല്യ... :D :D

  ReplyDelete
 8. kolaam.kollam.thakarthallo .ghajini style kandu kothichch athu svanthamaaki life vellathilaaya oru thallukolli.engine ennu maathram chodikkalle.
  :D(sorry for manglish.no keyman)

  ReplyDelete
 9. Enne Cinemayil edukkathe ini oru commentum idunnathallaada Kittu

  ReplyDelete
 10. Abhi....Awesome do....!really really enjoyed from starting to end...!:-)

  ReplyDelete