Sunday, October 18, 2009

ഓപ്പറേഷന്‍ നിര്‍മ്മാല്യം

സമയം രാവിലെ 2:30. മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നു. ഉറക്കച്ചടവില്‍ എങ്ങനെയൊക്കെയോ കണ്ണ് മിഴിച്ചു ഫോണ്‍ എടുത്തു നോക്കി. ദാസപ്പന്‍ ആണ് !

"ഹലോ "

"ഡാ... ഞാന്‍ മൂന്ന് മണി കഴിയുമ്പോള്‍ അങ്ങ് വരാം. റെഡി ആയി ഇരുന്നോ. ബിനുവിനെ വിളിച്ചു കാര്യം പറഞ്ഞേരെ"

"ഓക്കേ !"

അതിരാവിലെ ഈ മൂവര്‍ സംഘം തേങ്ങാ മോഷണത്തിന് പോവുന്ന ഒരു കോമഡി കഥയോ കൊട്ടേഷന് പോവുന്ന ഒരു ആക്ഷന്‍ ത്രില്ലറോ അല്ല ഇത്. മനസ്സ് നിറയെ ഭക്തി മാത്രം ഉള്ള മൂന്ന് ചെറുപ്പക്കാര്‍ രാവിലെ 3:30 നു ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിര്‍മാല്യം തൊഴാന്‍ പോവുന്ന ഒരു സംഭവം മാത്രം !

ഈ ക്ഷേത്രത്തിന്റെ ഒരു സവിശേഷതയാണ് മുണ്ട്. ഞാന്‍ മുണ്ടില്ല, നീ മുണ്ട് എന്നതിലെ മുണ്ടല്ല.... 'ദാസപ്പനു മുണ്ടില്ല ബിനുവോ തോര്‍ത്തില്ല' എന്നതിലെ മുണ്ട്. ആണുങ്ങള്‍ മുണ്ട് ഉടുത്തോണ്ട് വേണം ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാന്‍. അതിനാല്‍ തലേ ദിവസം തന്നെ ഞാന്‍ അമ്മയോട് കാര്യം അവതരിപ്പിച്ചു. അമ്മ ഒരു മുണ്ട് എടുത്തു തന്നു.

"അമ്മേ, നേര്യത് സാരി അല്ല ചോദിച്ചേ, ഒരു ചെറിയ മുണ്ടാ !"

"മൈ ഡിയര്‍ സണ്‍, ഇത് മുണ്ട് തന്നെയാ .... ഡബിള്‍ മുണ്ട് "

"ഡബിള്‍ മുണ്ട് എന്ന് വെച്ചാല്‍ നമ്മുടെ ഡബിള്‍ സൈസില്‍ ഉള്ള മുണ്ട് എന്നാണോ ?"

"ഒന്ന് പോടാ... ഇവിടെ ഇതേ ഉള്ളു... വേണമെങ്കില്‍ ഇതും ഉടുത്തോണ്ട് പൊയ്ക്കോ!"

അന്നേരം സംഗതി കാര്യമായിട്ട് എടുത്തില്ലെങ്കിലും രാവിലെ കുളിയൊക്കെ കഴിഞ്ഞു മുണ്ട് ഉടുക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് പ്രശ്നങ്ങള്‍. എങ്ങനെയൊക്കെ ഉടുത്തിട്ടും ശരിയാവുന്നില്ല. ഒരു സിംഗിള്‍ മുണ്ട് കിട്ടിയിരുന്നെങ്കില്‍ മര്യാദക്ക് ഉടുക്കാമായിരുന്നു ഊ ഊ ഊ ! അവസാനം സാരി ചുറ്റുന്നത്‌ പോലെ ചുറ്റി കെട്ടി വെച്ചു. വലിയ കുഴപ്പമില്ല. നടക്കാന്‍ മാത്രം അല്പം ബുദ്ധിമുട്ട്... നോ പ്രോബ്ലം. ക്ഷേത്രത്തില്‍ പ്രദക്ഷിണം വെക്കാന്‍ അല്ലേ പോവുന്നെ.. ഓട്ടം മത്സരം ഒന്നും അല്ലല്ലോ. അപ്പോഴാണ്‌ റോഡില്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു സ്കിഡ്‌ ചെയ്യുന്ന ഒരു ഒച്ച കേട്ടത് - ദാസപ്പന്‍ എത്തിയിട്ടുണ്ട് !

കാറില്‍ ഞങ്ങള്‍ ബിനുവിനെ പൊക്കാന്‍ യാത്രയായി. ഞാന്‍ ദാസപ്പനോട് ബ്രേക്ക്‌ ടെസ്റ്റ്‌ ചെയ്യാന്‍ ഉണ്ടായ കാരണം ആരാഞ്ഞു.

"എന്താടാ രാവിലെ റോഡില്‍ തെന്നി കളിച്ചത് ?"

"ഒന്നും പറയേണ്ട... വിജനമായ റോഡില്‍ ഞാന്‍ ചീറി പാഞ്ഞു വരികയായിരുന്നു. അപ്പോഴാണ്‌ റോഡിന്റെ നടുക്ക് ഒരു പ്ലാസ്റ്റിക്‌ കവര്‍ കിടക്കുന്നത് കണ്ടത്...."

"ഇങ്ങനെ ബ്രേക്ക്‌ ഇടാന്‍ മാത്രം ആ പ്ലാസ്റ്റിക്‌ കവറിനകത്തു ഷാംപെയിന്‍ കുപ്പി ആയിരുന്നോ ?"

"ഛെ....രാവിലെ മനുഷ്യനെ ആശിപ്പിക്കാതെടെ... അതൊന്നുമല്ല. അടുത്ത് വന്നപ്പോള്‍ ആ പ്ലാസ്റ്റിക്‌ കവര്‍ Transformers സിനിമയിലെ റോബോട്ടുകളെ പോലെ രൂപം മാറി ഒരു പട്ടി ആയി തീര്‍ന്നു. പിന്നെ ഒന്നും നോക്കിയില്ല.... ഒറ്റ ചവിട്ട്‌ ! പട്ടിയെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വണ്ടി നിന്നു. അലവലാതി പട്ടി ഒരു താങ്ക്സ് പോലും പറയാതെ എന്നെ നോക്കി കുരച്ചിട്ടു എങ്ങോട്ടോ പോയി !"

ബിനുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അവനും എന്‍റെ അതേ അവസ്ഥയില്‍ മുണ്ട് ചുറ്റിക്കെട്ടി നില്‍ക്കുന്നു.

"അളിയാ.... ഇതെപ്പോ അഴിഞ്ഞു എന്ന് ചോദിച്ചാല്‍ മതി. മിക്കവാറും നിനക്ക് ബ്ലോഗ്ഗില്‍ ഇടാനുള്ള വകുപ്പ് ഇന്ന് തന്നെ കിട്ടും !"

അധികം വൈകാതെ ഞങ്ങള്‍ ക്ഷേത്ര സന്നിധിയില്‍ എത്തി. നടക്കാനുള്ള ബുദ്ധിമുട്ട് കാരണം ദാസപ്പന്‍ മുന്നിലും ഞാനും ബിനുവും താറാവ് കുഞ്ഞുങ്ങളെ പോലെ ചെറിയ സ്ടെപ്പുകള്‍ വെച്ചു കൊണ്ട് പിന്നിലുമായി നടന്നു. അങ്ങനെ എന്‍റെ പിറന്നാള്‍ ദിവസം വിഷ്ണു ഭഗവാനെ മുഖം കാണിച്ച് wishlist ഒക്കെ വിസ്തരിച്ചു പറഞ്ഞു കേള്‍പ്പിച്ചു. ബിനു പേടിച്ചത് പോലെ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല... നാട്ടുകാരുടെ ഭാഗ്യം! എല്ലാം മംഗളകരമായി നടത്തിയിട്ട് അഞ്ച് മണിക്ക് ഞങ്ങള്‍ തിരികെ യാത്രയായി.

വാല്‍കഷ്ണം : ദാസപ്പന്‍ മനമുരുകി പ്രാര്‍ത്ഥിച്ചത്‌ എന്ത് ? ഉത്തരം : 'ദൈവമേ, തിരികെ പോവുമ്പോള്‍ ആ transformer പട്ടി കാറിനു മുന്നില്‍ വട്ടം ചാടരുതേ !'

3 comments:

  1. എന്ടിംഗ് വന്നിട്ട് ഒരു ഫിനിഷിങ് ആയില്ല എന്ന് തോനുന്നു.....ട്ടോ

    ReplyDelete
  2. പെട്ടെന്ന് തട്ടി കൂട്ടിയതാ..... ക്ഷെമി ;)
    ആ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു :D:D:D

    ReplyDelete
  3. appo wish list okke angu ethikkarundalle?

    ReplyDelete