Saturday, October 24, 2009

വെള്ളത്തിലാശാന്‍

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ
രാജു തിരിഞ്ഞു നോക്കി
മുറ്റത്തൊരു മൈന............

ഇത് പഴയത്.... ഇതില്‍ അല്പം വെള്ളം ചേര്‍ത്താലോ... ???

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ
രാജു തിരിഞ്ഞു നോക്കി
തറയിലൊരു മൈ_ന്‍ വാളും വെച്ചു കിടക്കുന്നു....!!

വെള്ളമടി പാര്‍ട്ടികളില്‍ സ്ഥിരമായി കണ്ടു വരുന്ന ഒരു സംഭവ വികാസമാണ് പറഞ്ഞത്. വീക്കെന്‍ഡില്‍ വെള്ളമടി ഇല്ലാതെ നമുക്കെന്തു ആഘോഷം അല്ലേ ?



വാള് വെപ്പിന്റെ ചരിത്രം ഹോസ്റ്റല്‍ മുറികളിലെ തറകളില്‍ നിന്നും ടൂര്‍ പോയപ്പോള്‍ താമസിച്ച ഹോട്ടലുകളിലെ ബാത്ത് റൂമുകളില്‍ നിന്നും വായിച്ചു എടുക്കാവുന്നതാണ്. കൂര്‍ഗില്‍ ടൂര്‍ പോയപ്പോള്‍ നടന്ന സംഭവങ്ങള്‍ ഇപ്പോഴും നല്ലത് പോലെ ഓര്‍മ നില്‍ക്കുന്നു. ഹൈ റേഞ്ചിലെ തണുപ്പ് അസഹനീയം ആയപ്പോള്‍ അല്പം ചൂട് ഐറ്റംസ് അകത്താക്കാം എന്ന് എല്ലാവരും കൂടി തീരുമാനിച്ചു. മുന്തിയ ഇനം ഒന്നും കിട്ടിയില്ലെങ്കില്‍ എന്താ ലോക്കല്‍ ഐറ്റം മതിയല്ലോ... ലോക്കല്‍ ആണെങ്കില്‍ എന്ത്? രണ്ടെണ്ണം അകത്തു പോയതോടെ എല്ലാവരും ' ആട് പാമ്പേ ആടാട് പാമ്പേ' അവസ്ഥയില്‍ ആയി.

ചിരിക്കുട്ടന്‍ അപ്പോഴേക്കും ചിരിയുടെ വോളിയം കൂട്ടി. ഫിറ്റ്‌ ആയാല്‍ പിന്നെ നോണ്‍ സ്റ്റോപ്പ്‌ ചിരിയാണ്. അങ്ങനെയാണ് ആ പേര് കിട്ടിയത്. ബാബു തന്റെ ഗ്ലാസ്‌ റീഫില്‍ ചെയ്യാന്‍ ചെയ്യാന്‍ ശ്രമിക്കുവാണ്. ഗ്ലാസില്‍ മാത്രം ഒരു തുള്ളി വീഴുന്നില്ലെന്നു മാത്രം! മദ്യം പാഴാക്കാന്‍ പാടില്ലാത്തത് കൊണ്ട് അപകടം മുന്‍കൂട്ടി കണ്ട് ബാബുവിന് വേണ്ടി ഒരു കുപ്പി കരിങ്കാലി വെള്ളം നേരത്തെ തന്നെ റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു. കെമിസ്ട്രി ലാബില്‍ ടൈട്രേഷന്‍ ചെയ്യുമ്പോലെ ബാബു ആ കുപ്പിയും ഗ്ലാസും വെച്ചു പരീക്ഷണങ്ങള്‍ നടത്തി കൊണ്ടിരുന്നു.

മഹേഷ്‌ അവന്റെ പ്രേമകഥ ബോധം പോയ രഘുവിനോട് വിസ്തരിച്ചു പറഞ്ഞ് കൊണ്ടിരുന്നു. വാള് വെക്കണോ വേണ്ടയോ എന്ന് ഉറപ്പിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയ ജോജി ബാത്ത് റൂമിന്റെ വാതിലിനു അടുത്തായി ഒരു കസേര പിടിച്ചിട്ടു അവിടെ ആസനസ്ഥനായി (ഇനി പേടിക്കാനില്ലല്ലോ). റൂമിന്റെ മറ്റൊരു അറ്റത്ത്‌ തെറി വിളികളുടെ അകമ്പടിയില്‍ ചീട്ടു കളി പുരോഗമിക്കുന്നു. റമ്മി, ആസ്, ബ്ളഫ്ഫ്, സെറ്റ് എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞു ഒരു അവിയല്‍ പരുവത്തിലെ കളിയാണ് അവിടെ നടക്കുന്നത്. അതിനിടെ ഒരുത്തന്‍ ഫാനിന്റെ ചുവട്ടില്‍ ഇരുന്നു ചീട്ടു കൊട്ടാരം ഉണ്ടാക്കുന്നത് കണ്ട് നമ്മള്‍ ആരും ഞെട്ടിയില്ല !

ആരാദ്യം ആരാദ്യം എന്ന് പരസ്പരം നോക്കി ഇരിക്കുന്ന വേളയില്‍ വാളുമായി ചാടി വന്നത് നമ്മുടെ ഫയല്‍വാന്‍ അപ്പു ആയിരുന്നു. വാള്‍ എന്ന് പറഞ്ഞാല്‍ ഒറിജിനല്‍ വാള്‍ ! മൈസൂരില്‍ നിന്നും മേടിച്ച അത്യാവശ്യം മൂര്‍ച്ചയുള്ള ഒരു കുഞ്ഞു വാള്‍ കൈയില്‍ പിടിച്ചു ടിപ്പു സുല്‍ത്താന്‍ കുതിരപ്പുറത്തു നിന്നു ചാടിയത് പോലെ അപ്പു കട്ടിലില്‍ നിന്നും ഒരൊറ്റ ചാട്ടം! പാമ്പുകള്‍ എല്ലാം ചിതറി മാറി... എല്ലാര്‍ക്കും ജീവനില്‍ കൊതിയുണ്ടേ...! പിന്നെ അവിടെ ഒരു ഭീകര സ്ടണ്ട് ഒക്കെ നടന്നതിനു ശേഷം 'വാളെടുത്തവന്‍ വാളാല്‍' എന്ന് പറയുമ്പോലെ അപ്പു ഒരു വാള് വെച്ചു ഓഫ്‌ ആയി. വാളൊക്കെ കോരി എല്ലാവരെയും അവരവരുടെ റൂമില്‍ എത്തിക്കേണ്ട ചുമതല മുഴുവന്‍ ടൂര്‍ oragnisers എന്ന ഹതഭാഗ്യവാന്മാരുടെ തലയില്‍ ആയിരുന്നു. ഹോട്ടലിന്റെ മുറ്റത്ത്‌ സ്ഥാപിച്ച പെണ്ണിന്റെ പ്രതിമയോടു കൊച്ചുവര്‍ത്തമാനം പറഞ്ഞ് കൊണ്ടിരുന്ന ശശിയെ കുളിപ്പിച്ച് കിടത്തിയപ്പോള്‍ മാത്രമാണ് അവരുടെ അന്നത്തെ ജോലി തീര്‍ന്നത്.

പിറ്റേ ദിവസം അടുത്ത പുലിവാല്‍. ലോക്കല്‍ ഐറ്റം ആയത്‌ കൊണ്ട് കിക്ക് വിടുന്നില്ല! എല്ലാവര്‍ക്കും ഒരു അഴകൊഴമ്പന്‍ സ്വഭാവം. ബോധം ഉണ്ട് പക്ഷെ ഇല്ലെയോ എന്നൊരു സംശയം. എല്ലാത്തിനെയും organisers പായ്ക്ക് ചെയ്തു ബസില്‍ കെട്ടി വഴിയില്‍ ഒരു ഹോട്ടലില്‍ കേറ്റി മോരുംവെള്ളം കുടിപ്പിച്ചു. അപ്പോള്‍ മാത്രമാണ് തലയ്ക്ക്‌ അകത്തുള്ള ബള്‍ബിന്റെ വോള്‍ട്ടേജ് നേരെ ആയത്‌.

പറഞ്ഞ് വന്നത് വെള്ളത്തിലാശാനെ കുറിച്ചാണ്. ആശാന്‍ ഒരു സംഭവം ആണ് ! എവിടെ വെള്ളമടി ഉണ്ടോ അവിടെ ആശാന്‍ ഉണ്ട്. ഷെയര്‍ ഒന്നും ഇടാതെ വെള്ളമടിക്കാന്‍ ആശാനെ കഴിഞ്ഞേ വേറെ ആരുമുള്ളൂ. കാശ് ഇല്ലാഞ്ഞിട്ടല്ല , പിശുക്ക് തന്നെ! പ്രായത്തില്‍ മൂത്തത് ആയത്‌ കൊണ്ട് ഞങ്ങള്‍ സഹിച്ചു പോന്നു. പിന്നെ പാര്‍ട്ടികള്‍ ഉഷാറാക്കാന്‍ ആശാന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്. അങ്ങനെയിരിക്കെ ഒരിക്കല്‍ ആശാനുമായി ഞങ്ങള്‍ ഒന്ന് തെറ്റി. റൂമില്‍ വാള് വെച്ചു കുളമാക്കിയിട്ടു അത് വൃത്തിയാക്കാന്‍ ആശാന്‍ കൂട്ടാക്കിയില്ല. എങ്കില്‍ അടുത്ത പാര്‍ട്ടിയില്‍ ഒരു പണി കൊടുക്കുക തന്നെ എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ശനിയാഴ്ച രാത്രി പാര്‍ട്ടി ആരംഭിച്ചു. ആശാന്‍ പതിവ് പോലെ ഹാജര്‍. ഞങ്ങള്‍ അനിഷ്ടം ഒന്നും പുറമേ കാണിച്ചില്ല. വിസ്കി, വോഡ്ക, ബിയര്‍ എല്ലാം തയ്യാര്‍. പാര്‍ട്ടി ആരംഭിച്ചു. ഗ്ലാസ്സുകള്‍ ഒഴിഞ്ഞു കൊണ്ടിരുന്നു. ആശാന്‍ നാല് പെഗ് ഒക്കെ കഴിഞ്ഞു നല്ല ഫോമില്‍ ഇരിക്കുന്നു. ഇത് തന്നെ പറ്റിയ അവസരം. ആശാന് ഒരു സ്പെഷല്‍ ഡ്രിങ്ക് ഞങ്ങള്‍ ഉണ്ടാക്കി : വിസ്കി ആന്‍ഡ്‌ വോഡ്ക. വെള്ളം, സോഡാതുടങ്ങിയവ ഒഴിച്ച് അശുദ്ധം ആക്കിയില്ല . ഇപ്പോള്‍ കണ്ടാല്‍ ഒരു നോര്‍മല്‍ പെഗ് പോലെ തന്നെ ഉണ്ട്. ഗ്ലാസ്‌ ആശാന് മുന്നിലേക്ക് നീക്കി വെച്ചിട്ട് ഞങ്ങള്‍ പ്രോഗ്രാം ആരംഭിച്ചു.

"ആശാനെ.... ആശാന്‍ ഫിറ്റ്‌ ആണോ ?"

"ഫിറ്റോ.... ഞാനോ? ഞാന്‍ ഫിറ്റ്‌ ആവാന്‍ ഇത്രയൊന്നും പോര... കേട്ടോടാ ____മോനെ !"

"എന്നാല്‍ ഞാന്‍ പറയുന്നു ആശാന് ഈ ഗ്ലാസ്‌ തീര്‍ക്കാന്‍ പറ്റില്ലെന്ന്... ബെറ്റ്‌ ഉണ്ടോ ?"

"ഉണ്ട്.... ഈ ഗ്ലാസ്‌ ഒറ്റ വലിക്കു ഞാന്‍ തീര്‍ക്കും.... കാണണോ ?"

"എന്നാല്‍ അതൊന്നു കണ്ടിട്ട് തന്നെ ബാക്കി കാര്യം !"

ആശാന്‍ ഗ്ലാസ്‌ ഉയര്‍ത്തി. ഞങ്ങളെയും ഗ്ലാസ്സിനെയും മാറി മാറി നോക്കി. പിന്നെ കണ്ണും പൂട്ടി ഒരു കുടി ! കുടിച്ചു തീര്‍ന്നതും 'പിശ്‌ശ്ശ്ശ്ശ്ശ്ശ്ശ് ' എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. വായില്‍ നിന്നും പുക വന്നോ എന്നൊരു സംശയം. നാവിന്റെ തുമ്പ് മുതല്‍ വയറ്റിന്റെ അണ്ടകടാഹം വരെ പുകഞ്ഞു കാണണം. നിലത്തേക്ക്‌ വെച്ച ഗ്ലാസ്‌ ചരിഞ്ഞതിനൊപ്പം ആശാനും കൂടെ ചരിഞ്ഞു !

സുപ്രഭാതത്തില്‍ ആശാന്‍ ഞങ്ങളുടെ മുഖങ്ങള്‍ കണി കണ്ടുണര്‍ന്നു. ആയാസപ്പെട്ട്‌ കിടപ്പില്‍ നിന്നു എഴുന്നേറ്റു നിലത്തു കുത്തിയിരുന്ന് ഞങ്ങളെ ഒന്ന് കൂടെ നോക്കി.

"എങ്ങോട്ടാടാ രാവിലെ ഒരുങ്ങി കെട്ടി പോവുന്നെ ? സിനിമക്കാണോ ? "

"സിനിമയോ ? അപ്പൊ ആശാന്‍ ഇന്ന് ഓഫീസിലേക്കില്ലേ ?"

"എന്ത് ? ഓഫീസോ ? ഞായറാഴ്ചയോ ?"

"ഹ ഹ ഹ ...ആശാനെ ഇന്ന് തിങ്കളാഴ്ചയാ... ഇന്നലെ മുഴുവന്‍ ആശാന്‍ ഫ്യൂസ് പോയി കിടക്കുവായിരുന്നു... എന്നാലും എന്നാ ഉറക്കമായിരുന്നു ഇത് ? അപ്പൊ ഞങ്ങള്‍ ഇറങ്ങുവാ...!"

ആശാന്‍ വീണ്ടും ഫ്ലാറ്റ് !

3 comments:

  1. ബെസ്റ്റ്!!
    ഒരു ദിവസം മൊത്തം ഫിറ്റോ??
    ഇത് സണ്‍ഡേ എന്ന ഹിന്ദി സിനിമയുടെ കഥയാ, അത് ശരിക്കും നടന്നു എന്ന് കേട്ടപ്പോള്‍ ഒരു ഞെട്ടല്‍
    :)

    ReplyDelete
  2. ithokke sarvva saadhaaranam...alle aasaane....

    ReplyDelete
  3. നമ്മളെയും തേച്ചു തുടങ്ങിയോട ക്യാമറമോനെ ..Appu

    ReplyDelete