Friday, February 27, 2009
ഒരു ജിംനെഷിയം വീരഗാഥ ഭാഗം 2
"ഇന്നു ചെസ്റ്റ് നു അടിക്കാം. നാളെ തോളിനു. മറ്റന്നാള്‍ ബൈസെപ്സ്. അങ്ങനെ ഓരോ ദിവസം ഓരോ ഭാഗം വ്യായാമം ചെയ്യണം !"
ഓഹോ !! അപ്പൊ അങ്ങനെയാണ് കാര്യങ്ങള്‍. ഓരോ ദിവസവും ഓരോ ഭാഗം പഞ്ചര്‍ ആക്കാന്‍ ആണ് മാസ്റ്ററുടെ പ്ലാന്‍.
പ്രദീപ് അടുത്ത് കണ്ട മിസ്റ്റര്‍ യുനിവേര്സിന്റെ ഒരു പടം ചൂണ്ടി കാണിച്ചോണ്ട് ഒരു ചോദ്യം, "മാസ്റ്റര്‍, ഇതു പോലെ മസില്‍ ഉണ്ടാക്കാന്‍ എത്ര ദിവസം ജിമ്മില്‍ വരണം?" മാസ്റ്റര്‍ അവനെ ഒന്നു സൂക്ഷിച്ചു നോക്കി. ഞാനാണെങ്കില്‍ ചിരി വന്നത് അടക്കിപ്പിടിചോണ്ട് നില്കുന്നു.
"രണ്ടുപേരും കൊള്ളാമല്ലോ. ആദ്യ ദിവസം തന്നെ ഇമ്മാതിരി സംശയങ്ങള്‍!!കിടക്കെടാ ഇവിടെ!"
ക്ഷീണം കൂടുതല്‍ ആയിരുന്നതിനാല്‍ പ്രദീപ് ഉടന്‍ തന്നെ ചാടി കേറി കിടന്നു. "അപ്പൊ പൊക്കി തുടങ്ങിക്കോ"
ന്ഹെ ? അപ്പൊ റെസ്റ്റ് എടുക്കാന്‍ അല്ലെ കിടക്കാന്‍ പറഞ്ഞെ ? മാസ്റ്റര്‍ അവന്റെ രണ്ടു കൈയും പിടിച്ചു മുകളില്‍ ഉള്ള കമ്പിയില്‍ വെച്ചു. എന്നിട്ട് ഏറ്റവും കുറഞ്ഞ വെയിറ്റ് ഇട്ടു. അത് അവന്‍ ചുമ്മാ പൊക്കി. വെയിറ്റ് കൂട്ടുന്നു. പ്രദീപ് കഷ്ടപെടുന്നു ! അവസാനം ഒരു മീഡിയം വെയിറ്റ് സെറ്റ് ചെയ്തിട്ട് മാസ്റ്റര്‍ പോവുന്നു. പോവാന്‍ നേരം ഇതും കൂടി പറയുന്നു : "മറക്കേണ്ട... 4 സെറ്റ് !! "
ഈ പ്രക്രിയയെ ബെഞ്ച് പ്രസ് എന്ന് പറയും. അങ്ങനെ പ്രദീപ് ത്രിശങ്കു സ്വര്‍ഗം കാണുമ്പോള്‍ ഞാന്‍ കുത്തിയിരുന്ന് കാറ്റു കൊള്ളുന്നു. പിന്നെ അവന്‍ കാറ്റു കൊള്ളുമ്പോള്‍ ഞാന്‍ സ്വര്‍ഗം കാണുന്നു. അതില്‍ നാല് സെറ്റ് കഴിഞ്ഞപ്പോ ഉടനെ അടുത്ത ഉപകരണത്തിലേക്ക്. അതും വളരെ സിമ്പിള്‍. ഇരുന്നു കൊണ്ടു കൈഅടിക്കുന്ന പോലത്തെ ആക്ഷന്‍. കൂടെ കുറച്ചു വെയിറ്റ് കൈയിന്റെ ഒപ്പം തള്ളണം എന്ന് മാത്രം. പിന്നെ രണ്ടു തുഴ ഉപയോഗിച്ചു വള്ളം തുഴയുന്നത് പോലെ ഒരു വ്യായാമം. അതിലും വെയിറ്റ് ഉണ്ട്.
അങ്ങനെ സെറ്റ് എല്ലാം കഴിഞ്ഞപ്പോള്‍ നെഞ്ചത്ത് അടിച്ച് കരഞ്ഞത് മാതിരി ഒരു ഇഫക്ട്. വിയര്‍ത്തു കുളിച്ചു നനഞ്ഞ കോഴികളെ പോലെ ഇറങ്ങിയപ്പോള്‍ ഒരു ഓട്ടോ പിടിച്ചു തരാനുള്ള സന്മനസ്സു പോലും ആ ദുഷ്ടന്‍ കാണിച്ചില്ല. ആകപ്പാടെ ഇങ്ങനെ ഒരു ഉപദേശം മാത്രം : "ഫുഡ് ഒക്കെ നല്ലോണം കഴിക്കണം. പിന്നെ നാളെ മറക്കാതെ വന്നോണം !"
ലാത്തി ചാര്‍ജിനിടക്ക് കപ്പലണ്ടി വില്‍ക്കാന്‍ പോയവന്റെ അവസ്ഥയില്‍ ആയി ഞങ്ങള്‍. ശരീരം മൊത്തം നല്ല വേദന. എങ്ങനെയൊക്കെയോ റൂമില്‍ തിരിച്ചെത്തി കട്ടിലില്‍ കിടന്നത് മാത്രം ഓര്മ ഉണ്ട്. രണ്ടു മണിക്കൂര്‍ ഉറക്കം കഴിഞ്ഞപ്പോള്‍ എല്ലാം ഓക്കേ ആയി. എന്നാല്‍ പിറ്റേ ദിവസം രാവിലെ ആണ് ആഫ്ടര്‍ എഫ്ഫെക്ട്സ് മനസ്സിലാക്കിയത്. കൈ ഒന്നും അനക്കാന്‍ വയ്യ. പക്ഷെ എന്നാലും നമ്മള്‍ ജിമ്മില്‍ പോയി. ഒരു കൊലചിരിയോടെ മാസ്റ്റര്‍ ഞങ്ങള്‍ സ്വാഗതം ചെയ്തു.
"വരൂ മക്കളെ .... വാമപ്പ് തുടങ്ങിക്കൊളു ... അത് കഴിഞ്ഞു തോളിനു അടിച്ച് തുടങ്ങാം"
വാമപ്പ് എന്തൊക്കെയോ ചെയ്തു. പുഷ് അപ് ഒന്നും എടുക്കാന്‍ വയ്യ. പിന്നെ എടുക്കുന്നത് പോലെ അഭിനയിച്ചു. വാമപ്പ് പെട്ടെന്ന് കഴിഞ്ഞപ്പോള്‍ മാസ്റെര്‍ക്ക് സംശയം തോന്നി. പക്ഷെ ഞങ്ങളുടെ അവസ്ഥ കണ്ടപ്പോള്‍ പുള്ളിക്കാരന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
"ദേ... ആ കമ്പിയില്‍ പിടിച്ചു തൂങ്ങിക്കെ !" ഇപ്പ്രാവശ്യം എന്നെ നോക്കിയിട്ടായിരുന്നു ആജ്ഞ. അനുസരിക്കാതെ നിവര്‍ത്തിയില്ല. ഒറ്റച്ചാട്ടത്തിനു കമ്പിയില്‍ പിടിച്ചു തൂങ്ങി. എന്റെ കഴിവില്‍ എനിക്ക് തന്നെ അഭിമാനം തോന്നി. അങ്ങനെ കമ്പിയില്‍ ടാര്സനെ പോലെ തൂങ്ങിയാടിക്കൊണ്ട് ഞാന്‍ മാസ്റെരിനെ നോക്കി. അങ്ങേരുടെ മുഖത്ത് 'ഇവനാരെടാ' എന്നൊരു ഭാവം. പ്രദീപിന്റെ മുഖത്ത് കാഴ്ച ബന്ഗ്ലാവില്‍ കുരങ്ങനെ നോക്കുന്ന പോലെ ഒരു എക്ഷ്പ്രെസ്ശന്. ഒരു പഴം കൈയില്‍ ഉണ്ടായിരുന്നെങ്ങില്‍ അവന്‍ അത് എനിക്ക് എറിഞ്ഞു തരുമെന്നു വരെ തോന്നി. 'ഇപ്പൊ ഞാന്‍, അടുത്തത് നീയാടാ !' , ഞാന്‍ മനസ്സില്‍ കരുതി.
"തൂങ്ങിയാടാതെ പൊങ്ങാന്‍ നോക്കെടാ" മാസ്റ്റര്‍ അലറി. അപ്പൊ തൂങ്ങികിടക്കല്‍ അല്ലായിരുന്നോ വ്യായാമം. ഞാന്‍ സര്‍വശക്തിയും എടുത്തു പൊങ്ങാന്‍ ശ്രമിച്ചു. പൊങ്ങി !! ഒരു 3 cm പൊങ്ങി. വീണ്ടും ശ്രമിച്ചു. രക്ഷയില്ല. എല്ലുകള്‍ നുരുങ്ങുന്നു. ഞരമ്പുകള്‍ പിണയുന്നു. കണ്ണുകള്‍ നിറയുന്നു. പ്രദീപോ ചിരിക്കുന്നു. അവസാനം തോല്‍വി സമ്മതിച്ചു ഞാന്‍ കിംഗ് കോങ്ങ് കെട്ടിടത്തിനു മുകളില്‍ നിന്നും തളര്‍ന്നു വീഴുന്നത് പോലെ വീഴുന്നു. മാസ്റ്റര്‍ നിസഹായനായി തലകുലുക്കി. അടുത്തത് പ്രദീപിന്റെ തൂങ്ങിയാട്ടം. സംഭവം എല്ലാം പഴയത് പോലെ തന്നെ. കുറ്റം പറയരുതല്ലോ. അവന്‍ കുറെ ശ്രമിച്ചു. ശരീരം വില്ല് പോലെ വളയുന്നത് അല്ലാതെ നോ പ്രോഗ്രസ്സ്. അവസാനം നടു ഉളുക്കും എന്നൊരു അവസ്ഥ വന്നപ്പോള്‍ അവനും തെങ്ങകൊല വീഴുന്നത് പോലെ വീണു.
"കൈ ഒട്ടും സ്ട്രോങ്ങ് അല്ല. അത് കൊണ്ടു ഇതു നിങ്ങള്‍ പതുക്കെ ചെയ്താല്‍ മതി. തല്‍കാലം ബാക്കി മഷീനില്‍ ഒക്കെ പോയി ചെയ്യ് "
ഞങ്ങള്‍ കഴിഞ്ഞ ദിവസത്തെ പോലെ മഷീനുമായി മല്‍പിടുത്തം തുടങ്ങുന്നു. വലിയ വെയ്ത്യാസം ഒന്നുമില്ല. ഇന്നലെ നെഞ്ച് കലങ്ങിയെങ്കില്‍ ഇന്നു തോള് ഉളുക്കുന്നു. അങ്ങനെ അന്നത്തെ അഭ്യാസവും കഴിഞ്ഞു . അപ്പര്‍ ബോഡി മുഴുവന്‍ പഞ്ചര്‍ ആയി ഞങ്ങള്‍ വിട വാങ്ങുന്നു.
മൂന്നാം ദിവസം ഞങ്ങളുടെ ആഗ്രഹം സഫലം ആവുന്നു. മാസ്റ്റര്‍ ടംബെല്ല്സ് തരുന്നു. ആദ്യം 3 kg പൊക്കി തുടങ്ങി. അത് ഒരു പത്തു തവണ ആയപ്പോള്‍ പിന്നെ പൊങ്ങുന്നില്ല. ഞങ്ങള്‍ പരസ്പരം ഒരു വളിച്ച ചിരി ചിരിച്ചു. പിന്നെ ആരും കാണാതെ പോയി 2 kg എടുത്തു. അത് ഒരു 15 തവണ ആയപ്പോള്‍ വീണ്ടും പണിമുടക്ക്. അങ്ങനെ മൂന്നാമത്തെ സെറ്റ് ചെയ്യാന്‍ 1 kg എടുക്കുന്നു. അത് പത്തു പോലും തികയ്ക്കാന്‍ വയ്യ. അപ്പോള്‍ ലാസ്റ്റ് സെറ്റ് ചെയ്യാന്‍ വേണ്ടി അര കിലോ ഉണ്ടോ എന്ന് അന്വേഷിച്ചു നമ്മള്‍ ജിം മുഴുവന്‍ കറങ്ങി. നോട് ഫൌണ്ട് !!
"ഇങ്ങനെ പോയാല്‍ നമ്മള്‍ ആപ്പിള്‍ ഉം ഓറഞ്ചും ഒക്കെ കൊണ്ടു വരേണ്ടി വരും!" പ്രദീപ് ആരോടെന്നില്ലാതെ പറഞ്ഞു.
" അത് നല്ല ഐഡിയ. വ്യായാമത്തിന്റെ കൂടെ ഫ്രൂത്സ് നല്ല കോമ്പിനെഷനാ " ഞാന്‍ അനുകൂലിച്ചു.
"ഞാന്‍ കഴിക്കാന്‍ വേണ്ടി കൊണ്ടു വരുന്ന കാര്യമല്ല പറഞ്ഞെ. അവസാനത്തെ സെറ്റ് രണ്ടു ആപ്പിള്‍ ഒരു കമ്പില്‍ കുത്തി ടംബെല്‍ ഉണ്ടാക്കിയിട്ട് ചെയ്യുന്ന കാര്യമാ ! ചെയ്തു കഴിഞ്ഞിട്ട് നമുക്കു ആപ്പിള്‍ തിന്നുകയും ചെയ്യാം "പ്രദീപ് വ്യക്തമാക്കി.
ഇതിനൊക്കെ ഞാന്‍ എന്ത് മറുപടി പറയാന്‍ ?ഇപ്പോള്‍ ഒരു കിലോ ആപ്പിളിന് എത്രയാ വില എന്ന് ചോദിക്കണോ ?
ഇനി ലോവര്‍ ബോഡി ഔട്ട് ഓഫ് സര്‍വീസ് ആക്കാന്‍ പരീക്ഷണങ്ങള്‍ തുടങ്ങാം എന്ന് വിചാരിച്ചു പിറ്റേ ദിവസം കാലിനു അടിച്ച് തുടങ്ങി. സിറ്റ് അപ്പ്സ് കുറച്ചു എടുത്തപ്പോള്‍ തന്നെ കാല് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.പിന്നെ ഇരുന്നും കിടന്നും കാലാട്ടുക എന്ന സിമ്പിള്‍ കാര്യങ്ങള്‍ മാത്രം. കൂടെ ഒരു അഞ്ചോ പത്തോ കിലോ വെയിറ്റ് ചേര്ത്തു ആട്ടണമെന്ന് മാത്രം. എന്നാല്‍ ഞങ്ങളുടെ നല്ല ജീവന്‍ പോയത് വേറൊരു സംഭവം ചെയ്തപ്പോള്‍ മാത്രം ആണ്. തറയില്‍ പോക്കാച്ചി തവള ദൈസേക്ഷന് കിടക്കുന്നത് പോലെ കിടന്നോണ്ടു വെയിറ്റ് ചവിട്ടി ഉയര്‍ത്തണം. അത് ഒരു നാല് സെറ്റ് കഴിഞപ്പോള്‍ കാലൊക്കെ റബ്ബര്‍ പോലെ ആയി. ജിമ്മില്‍ നിന്നു പടിയിറങ്ങിയത് കുഞ്ഞിക്കൂനന്‍ സ്റ്റൈലില്‍ ആയിരുന്നു. കാലൊക്കെ മരവിച്ചു അന്തരീക്ഷത്തിലൂടെ ഒഴുകിയാരുന്നു നമ്മള്‍ റൂമിലെത്തിയത്.
ജിമ്മുമായി ബന്ധപ്പെട്ട ഒരു സംഭവം കൂടി പറഞ്ഞിട്ട് കഥ അവസാനിപ്പിക്കാം. ഒരു ദിവസം രാവിലെ ഞങ്ങള്‍ ജിമ്മില്‍ നിന്നു ഒടിഞ്ഞു മടങ്ങി വരുന്നു. അപ്പോള്‍ പ്രദീപിന് ചായ കുടിക്കാന്‍ ആഗ്രഹം. രാവിലെ ചായ കുടിച്ചാലുള്ള ഭവിഷ്യതുകളെ ഓര്ത്തു ഞാന്‍ കുടിച്ചില്ല. പ്രദീപ് അടുത്തുള്ള ചായകടയില്‍ നിന്നു കുടിക്കുകയും ചെയ്തു. എന്റെ ഊഹം തെറ്റിയില്ല. അവന്റെ നടത്തത്തിനു സ്പീഡ് കൂടുന്നു.
"എടാ... പതുക്കെ പോടാ..!!" ഞാന്‍ വിളിച്ചു കൂവി.
പ്രദീപ് ഇത്ര മാത്രം പറഞ്ഞു, "നിന്നാല്‍ പ്രശ്നമാടാ... ഞാന്‍ പോവുന്നു !!"
പിന്നെ ഒരു ഓട്ടം ആയിരുന്നു. മിഷന്‍ ഇമ്പോസ്സിബിള്‍ 2 ലെ ടോം ക്രുയിസിനെ പോലെ , ഉയിരിന്‍ ഉയിരെയിലെ സൂര്യയെ പോലെ ഒരു രക്ഷയുമില്ലാത്ത ഓട്ടം. ബാക്ക്ഗ്രൌണ്ട് മുസിക്കിന്റെ കുറവ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഞാന്‍ പതുക്കെ നടന്ന് വീട്ടില്‍ എത്തിയപ്പോ പ്രദീപ് ബാത്‌റൂമില്‍ നിന്നു ഇറങ്ങി വരുന്നു. എന്നിട്ട് ചിരിച്ചു കൊണ്ടു ഇത്ര മാത്രം പറഞ്ഞു..
"നല്ല സ്ട്രോങ്ങ് ചായ !!"
(അവസാനിപ്പിച്ചു )
Saturday, February 21, 2009
ഒരു ജിംനെഷിയം വീരഗാഥ ഭാഗം 1
വാതില്കല്‍ ഹനുമാന്‍ സ്വാമിയുടെ പടം. "ആഞ്ജനേയാ.... എനിക്ക് ശക്തി തരൂ !!" ഇങ്ങനെ മനസ്സില്‍ ധ്യാനിച്ചു ഞങ്ങള്‍ രണ്ടു പേരും വലതു കാല്‍ വെച്ചു അകത്തേക്ക് കേറി. ജിമ്മിന്റെ ഉടമസ്ഥന്‍ ഒരു തടിയന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങള്‍ ജോയിന്‍ ചെയ്യാന്‍ വന്നതാണെന്ന് അറിയിച്ചപ്പോള്‍ പുള്ളിക്കാരന്‍ ഒന്നു ഞെട്ടിയോ എന്നൊരു സംശയം. സൊമാലിയയില്‍ നിന്നു വന്ന അര്നോല്ടിനെയും സല്‍മാന്‍ ഖാനെയും അങ്ങേരു സൂക്ഷിച്ചു നോക്കി. പിന്നെ ഫീസ് കിട്ടുന്ന കാര്യമല്ലേ എന്ന് വിചാരിച്ചു അങ്ങേരു സമ്മതിച്ചു.
പുറമെ നിന്നു നോക്കിയാല്‍ ചെരുതാനെന്കിലും അകത്തു വിശാലമായ ഷോറൂം ആണെനു മനസ്സിലായി. ആദ്യമായി പെണ്ണ് കാണാന്‍ വന്ന ചെറുക്കനെ പോലെ ഞങ്ങള്‍ ആ ജിം മുഴുവന്‍ ഇന്‍സ്പെക്ഷന്‍ നടത്തി. ഉപകരണങ്ങള്‍, കണ്ണാടി, ടംബെല്‍,മ്യൂസിക് എല്ലാം ഉണ്ട്. സെറ്റപ്പ് കൊള്ളാം!പക്ഷെ അവിടെ വന്നവര്‍ക്കൊക്കെ നമ്മുടെ ഇരട്ടി വണ്ണം. "ഇവര്‍ക്കൊക്കെ ഉള്ള വണ്ണം പോരാഞ്ഞിട്ടാണോ ഇവിടെ വന്നിരിക്കുന്നെ ?"പ്രദീപ് സംശയം പ്രകടിപ്പിച്ചു.
"ഇവരൊക്കെ വണ്ണം കുറക്കാന്‍ വന്നതാടാ !! ഫാറ്റ് ബേണിംഗ് !! ഇവിടെ വണ്ണം കൂട്ടാന്‍ വന്നത് നമ്മള്‍ രണ്ടു പേരു മാത്രമേ ഉള്ളെന്നാ തോന്നണേ. എന്തായാലും സമയം കളയേണ്ട. നമുക്കു പരിപാടികള്‍ തുടങ്ങാം" ഞാന്‍ പറഞ്ഞു.
ഞങ്ങള്‍ രണ്ടു പേരും ഓടിച്ചെന്നു ടംബെല്ല്സ് എടുത്തു. "സ്റ്റോപ്പ്!!!" അത് ഒരു അലര്‍ച്ച ആയിരുന്നു. നഴ്സറി പിള്ളേരുടെ പിറകെ ടീച്ചര്‍ ചൂരലുമായി ഓടി വരുന്നതു പോലെ ജിം മാസ്റ്റര്‍ ഓടി വന്നു ഞങ്ങളുടെ കൈയില്‍ നിന്നു ടംബെല്ല്സ് പിടിച്ചു വാങ്ങി. "എന്തോന്നാടാ കാണിക്കുന്നേ ? പോയി വാമപ്പ് ചെയ്യെടാ!!" എന്നിട്ട് കൈയും കാലുമൊക്കെ കൊണ്ടു ഈച്ച, കൊതുക്ക് മുതലായ ക്ഷുദ്രജീവികളെ ഓടിക്കുന്നത് പോലെ കുറെ ആക്ഷന്‍സ് കാണിച്ചു. കഴിച്ചു കൊണ്ടിരുന്ന ഐസ് ക്രീം പാതി വെച്ചു എടുത്തു കൊണ്ടു പോയപ്പോള്‍ ഉള്ള അതെ ഫീലിംഗ്സോടെ നമ്മള്‍ ആ ടംബെല്ല്സിനെ നോക്കി.
"ശ്ശെ !! ഇതൊക്കെ ചെയ്യാന്‍ ഇവിടെ ഫീസും കൊടുത്തു വരേണ്ട വല്ല കാര്യവുമുണ്ടോ ? ഇതു നമ്മള്‍ പണ്ടു നാലാം ക്ലാസ്സില്‍ വെച്ചു വരി വരിയായി നിന്നു ചെയ്ത സംഭവങ്ങള്‍ അല്ലെ ? " പ്രദീപ് ടെസ്പ് ആയി.
"ചിലപ്പോ ഇതൊക്കെ ചെയ്തു കഴിഞ്ഞാല്‍ നമുക്കു ടംബെല്ല്സ് തരുമായിരുക്കും !! വാ തുടങ്ങാം " ഞാന്‍ അവനെ സമാധാനിപ്പിച്ചു.
അങ്ങനെ ഞങ്ങള്‍ കണ്ണാടിക്കു മുന്നില്‍ നിന്നു വാമപ്പ് ചെയ്യാന്‍ ആരംഭിച്ചു. നമ്മുടെ കോപ്രായങ്ങള്‍ കണ്ടു നമുക്കു തന്നെ സഹിച്ചില്ല. അതിനിടെ പ്രദീപ് ഒരു കാര്യം പറഞ്ഞു " എടാ.. ഇവിടെ ലേഡീസ് കൂടി ഉണ്ടായിരുന്നെന്കില്‍ കൊള്ളാമായിരുന്നു. എന്ത് മാത്രം കണ്ണാടികള്‍ ഉണ്ട് ... ഏതെങ്കിലും ഒരു മൂലയില്‍ ഇരുന്നു സുഖമായി വായിനോക്കാം".
ഞാന്‍ : "ഉവ്വുവ്വ് ... കൂടെ വല്ല മെഡിക്കല്‍ സ്ടുടെന്റ്സ് കൂടി വന്നെങ്ങില്‍ നിന്നെ അവര്‍ എപ്പോ എടുത്തോണ്ട് പോയെന്ന് ചോദിച്ചാല്‍ മതി "
പ്രദീപ്: "അതെന്തിനാടാ ? എന്റെ ഗ്ലാമര്‍ കണ്ടിട്ടാണോ ?"
ഞാന്‍ : "അല്ലെടാ... അസ്ഥികൂടത്തിനു പകരമായി നിന്നെ അവിടെ ചില്ലിട്ട് വെക്കും. വേഗം വാമപ്പ് തീര്‍ത്തിട്ട് അടുത്ത പരിപാടി തുടങ്ങണം !!"
അതിനിടെ നമ്മുടെ അടുത്ത് കിടന്ന ഒരു വെയിറ്റ് ചൂണ്ടി കാണിച്ചു ഒരാള് പ്രദീപിനോട് ചോദിച്ചു , " ഇത 10 kg തന്നെ അല്ലെ ? എനിക്ക് 10 kg വേണമായിരുന്നു " പ്രദീപ് സൂക്ഷിച്ചു നോക്കി. പിന്നെ എന്നെയും സൂക്ഷിച്ചു നോക്കി. ഞാന്‍ ഇവന്റെ കൂടെ വന്നവനല്ല ഈ പടത്തില്‍ കാണുന്ന മസില്‍മാന്റെ അനന്തിരവന്‍ ആണെന്ന ഭാവത്തില്‍ പൂര്‍വാധികം ആവേശത്തോടെ വാമപ്പ് തുടര്‍ന്നു. പ്രദീപ് എന്ട്രന്‍സ് പരീക്ഷക്ക് കറക്കി കുത്തുമ്പോള്‍ വിചാരിക്കുന്ന സകല ദൈവങ്ങളെയും ഓര്‍മിച്ചു ഒരു തീരുമാനത്തിലെത്തി. അവന്‍ പിന്നെ കണ്ണും പൂട്ടി ഒരു പറച്ചില്‍ ആയിരുന്നു " എന്താ ചേട്ടാ... ഇതു കണ്ടാല്‍ അറിയില്ലേ ? ഇതു വെറും 10 കിലോ ആണ് !! " ആ മനുഷ്യന്‍ ഒരു താങ്ക്സ് പറഞ്ഞിട്ട് അതില്‍ രണ്ടെണ്ണം എടുത്തു ഒരു റോഡിന്റെ (നീണ്ട കമ്പി) ഇരുവശത്തും എടുത്തു ഇടുന്നു. എന്നിട്ട് കഷ്ടപ്പെട്ട് അത് ഉയര്‍ത്തിയും താഴ്ത്തിയും വ്യായാമം ആരംഭിച്ചു. ചേട്ടന്‍ പുലിയാണല്ലോ എന്ന് നമ്മള്‍ രണ്ടു പേരും മനസ്സില്‍ വിചാരിച്ചു.
അതിനിടെ നമ്മള്‍ ഇപ്പോഴും രണ്ടു കാലില്‍ തന്നെ നില്പുണ്ടോ എന്നറിയാന്‍ വേണ്ടി മാസ്റ്റര്‍ വന്നു. നമ്മുടെ അടുത്ത് നിന്നു ചക്രശ്വാസം വലിക്കുന്ന മനുഷ്യനെ കണ്ടു മാസ്റ്റര്‍ അങ്ങേരുടെ അടുത്ത് പോയി വെയിറ്റ് പോക്കാന്‍ സഹായിക്കുന്നു. എന്നിട്ട് ഇങ്ങനെ ഒരു ഉപദേശവും : " 30 kg ഒക്കെ ആദ്യമേ എടുത്തു പൊക്കി തുടങ്ങ്യാല്‍ എങ്ങനെയാ ? ആദ്യം ചെറിയ വെയിറ്റ് ഇട്ടു തുടങ്ങു !!" പിന്നെ മാസ്റ്റര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഞങ്ങളെ കണ്ടില്ല. ഞങ്ങള്‍ ആ സമയം കൊണ്ടു ജിമ്മിന്റെ അങ്ങേ മൂലയില്‍ എത്തിയിരുന്നു. "എടാ ദ്രൊഹീ... നീ അങ്ങേര്‍ക്കു എടുത്തു കൊടുത്തത് 15 kg ആയിരുന്നെടാ ! മാസ്റ്റര്‍ വന്നില്ലായിരുന്നെന്കില്‍ ഞാന്‍ ഇപ്പോള്‍ കൊലപാതക കുറ്റത്തിന് സമാധാനം പറയേണ്ടി വന്നേനെ !!
"എടാ... അതിന് വെയിറ്റ് വീണു അങ്ങേരു തട്ടിപ്പോയാല്‍ അത് അപകടമരണം അല്ലെ ? അതെങ്ങനെ മര്‍ഡര്‍ ആവും ?" പ്രദീപ് അവന്റെ പോലീസ് ബുദ്ധിയില്‍ തെളിഞ്ഞ സംശയം ചോദിച്ചു.
"പറഞ്ഞതു ശരിയാ.. പക്ഷെ ഞാന്‍ ഉദ്ദേശിച്ചത് അങ്ങേരു ടംബെല്‍ വെച്ചു നിന്നെ തല്ലിക്കൊല്ലുന്ന കാര്യമാ !!"
അപ്പോഴേക്കും മാസ്റ്റര്‍ ഞങ്ങടെ പിറകെ അവിടെ എത്തി. "വാമപ്പ് ഒക്കെ തീര്‍ന്നോ ?". അനുസരണയുള്ള കുട്ടികളെ പോലെ ഞങ്ങള്‍ തലയാട്ടി. "എങ്കില്‍ അടുത്ത പരിപാടി തുടങ്ങാം ". ടംബെല്‍ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ടു മാസ്റ്റര്‍ ഉത്തരവിട്ടു :" പുഷ് അപ്പ് എടുക്കു !!" ഞാനും പ്രദീപും വെട്ടിയിട്ട വാഴ പോലെ നേരെ തറയിലേക്കു വീഴുന്നു. ബോധം പോയതൊന്നുമല്ല കേട്ടോ... പുഷ് അപ് തുടങ്ങുന്നു. അഞ്ചെണ്ണം കുഴപ്പമില്ലാതെ പോയി. പത്തു ആയപ്പോള്‍ കൈയില്‍ ഒക്കെ ചെറിയ വേദന. പതിനഞ്ച് ആയപ്പോള്‍ വേദന കലശലായി. ഇരുപതു ആയപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു : ഇനി പോങ്ങണമെങ്കില്‍ ക്രയിന്‍ വിളിച്ചോണ്ട് വരേണ്ടി വരും. ഞാനും പ്രദീപും കുറച്ചു നേരം ആ പൊസിഷനില്‍ തന്നെ തറയില്‍ കിടന്നു. മാസ്റ്റര്‍ വന്നു തട്ടി വിളിച്ചപ്പോഴാണ് സ്ഥലകാല ബോധം ഉണ്ടായതു.
"നിങ്ങളെന്താ തറയില്‍ കിടന്നു ഉറങ്ങുന്നോ ?? "
"അല്ല മാസ്റ്റര്‍ ... തറയില്‍ വൈറ്റ് മാര്‍ബിള്‍ ആണോ അതോ ബ്ലാക്ക് ടൈല്‍സ് ആണോ എന്ന് നോക്കിയതാ !"
"ഓഹോ... ശെരി ശെരി... എത്ര എണ്ണം എടുത്തു ? "
"ഇരുപതു"
"വെറും ഇരുപതോ ? ഇരുപതിന്റെ 5 സെറ്റ് എടുക്കണം. എന്നിട്ട് എന്നെ വിളിക്ക്"
ഞങ്ങള്‍ വീണ്ടും വീഴുന്നു. ഇപ്പ്രാവശ്യം ചെറിയ ബോധക്ഷയം ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല. വീണ്ടും അങ്കം തുടങ്ങി. എണ്ണം ഇങ്ങനെ പോവുന്നു : 15, 10, 5 ,2 !! ഞാനും പ്രദീപും ഫ്ലാറ്റ്. അവസാനം എങ്ങനെയൊക്കെയോ പരസ്പരം പിടിച്ചു എഴുന്നേറ്റു. "അളിയാ.... ഇന്നത്തേക്ക് മതി. നമുക്കു പോവാമെടാ". നമ്മള്‍ രണ്ടു പേരും പട്ടി കിതക്കുന്നത് പോലെ കിതക്കാന്‍ തുടങ്ങി. അവിടെ ഒരു കുടത്തില്‍ വെച്ചിരുന്ന വെള്ളം പകുതി കുടിച്ചു തീര്ത്തു.മാസ്റ്റര്‍ ഇങ്ങോട്ട് വരുന്നതിനു മുന്പേ നമ്മള്‍ അങ്ങോട്ട ചെന്നു. "മാസ്റ്റര്‍ .... പുഷ് അപ്പ് ഒക്കെ എടുത്തു കഴിഞ്ഞു ... അപ്പൊ പിന്നെ നമ്മള്‍ പോയ്കോട്ടേ ?"
"എന്ത് ?!!! പോവാനോ ? ഇങ്ങനെ മടി പിടിച്ചാല്‍ ശെരിയാവില്ല... നിങ്ങള്‍ ഇങ്ങോട്ട് വന്നെ !! " നമ്മളെ പിടിച്ചു വലിച്ചോണ്ട് ഒരു ഉപകരണത്തിന്റെ മുന്നില്‍ കൊണ്ടു പോയി.
ഞങ്ങള്‍ അറിയാതെ വിളിച്ചു പോയി.... " എന്റെ ഹനുമാന്‍ സ്വാമീ !! "
(തുടരണോ?)
Thursday, February 19, 2009
വേദന
തന്റെ കൈയിലുള്ള ആയുധം അയാള്‍ ഒളിപ്പിച്ചു. എന്നിട്ട് പതുക്കെ അവളുടെ അടുത്തേക്ക് നടന്നു. അയാളെ കണ്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. അതിന് മറുപടിയെന്നോണം അയാളും ഒന്നു ചിരിച്ചു. അവള്‍ ഉടന്‍ തന്നെ അയാളുടെ അടുത്തേക്ക് ചേര്ന്നു നിന്നു. അപ്പോഴ്മ അവളുടെ മുഖത്ത് ആ പുഞ്ചിരി ഉണ്ടായിരുന്നു. അയാള്‍ അവളുടെ നെറ്റിയില്‍ ഒരു ചുംബനം കൊടുത്തു. അയാളുടെ മനസ്സു മന്ത്രിച്ചു.. "എന്നോട് ക്ഷമിക്കൂ !"
പെട്ടെന്ന് അയാള്‍ ഒളിപ്പിച്ചു വെച്ചിരുന്ന ആയുധം പുറത്തെടുത്തു. അവള്‍ ഒന്നു പകച്ചു. അവളുടെ കണ്ണുകളില്‍ ഭയം അല്ലായിരുന്നു. ഒരുതരം കൗതുകം മാത്രം. "ഇതെന്തിനാ ?" എന്നവള്‍ ചോദിക്കുന്നതായി അയാള്‍ക്ക് തോന്നി. അതിന് അയാള്‍ക്ക് മറുപടി പറയാന്‍ ഇല്ലായിരുന്നു. ഒരൊറ്റ കുത്ത് !! തണുത്ത ലോഹം തുളച്ചു കേറിയപ്പോള്‍ അവള്ക്ക് നല്ലോണം വേദനിച്ചു. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ചുണ്ടുകള്‍ വിറച്ചു. അനുഭവിച്ച വേദന മുഴുവന്‍ ഒരു നിലവിളിയായി പുറത്തു വന്നു. അവള്ക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.. "എന്തിന് ? എന്തിന് എന്നോടിത് ചെയ്തു ? "
അയാള്‍ക്ക് കുറ്റബോധം ഒട്ടും ഇല്ലായിരുന്നു. അതുകൊണ്ടാണല്ലോ അയാള്‍ രണ്ടാമതും കുത്തിയത്. രക്തത്തുള്ളികള്‍ നിലത്തു വീണു പൊട്ടിച്ചിതറി. അസഹ്യമായ വേദനയാല്‍ അവള്‍ അലറിവിളിച്ചു. പതുക്കെ പതുക്കെ അലറ്ച്ചകളുടെ ശബ്ദം കുറഞ്ഞു. അയാള്‍ അവളെ തന്റെ മടിയില്‍ കിടത്തി. പതുക്കെ അവളുടെ തലയില്‍ തലോടി. അവളുടെ കണ്ണുകള്‍ അടയുന്നത് വരെ തടവി കൊണ്ടേയിരുന്നു. ആ സമയം മുഴുവന്‍ അയാള്‍ പിറുപിറുക്കുന്ന്നുണ്ടായിരുന്നു... "എന്നോട് ക്ഷമിക്കൂ !!"
.
.
.
.
.
.
.
സ്വര്‍ണ്ണക്കമ്മല്‍ ഇട്ടു കൊണ്ടു മകളുടെ ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ ആ അച്ഛനു മനസ്സിലായി, അവള്‍ തന്നോടു ക്ഷമിച്ചിരിക്കുന്നു !!
Tuesday, February 17, 2009
പ്രതികാരം
സമയം രാത്രി 11:45. അവന് ഉറങ്ങാന്‍ കഴിയുമായിരുന്നില്ല. മനസ്സില്‍ അവളുടെ മുഖം മാത്രം. ആ കണ്ണുകള്‍... ആ ചിരി... ആ നിഷ്കളങ്കത. കുറച്ചു നാളുകളായി അവള്‍ അവന്റെ ഉറക്കം കെടുത്തുന്നു. പക്ഷെ ഇപ്പോള്‍ അവന് ഉറക്കം വരാത്തത് അവളോടുള്ള ഇഷ്ടമോ ആരാധനയോ പ്രേമമോ അല്ലായിരുന്നു. പകരം അവന്റെ മനസ്സില്‍ ഇപ്പോള്‍ ഒരു വികാരം മാത്രം : 'പ്രതികാരം'.
ഇഷ്ടമാണെന്ന് പറഞ്ഞതു അത്ര വലിയ കുറ്റം ആയിട്ട് അവന് തോന്നിയില്ല. അവള്‍ ഉടന്‍ ഒരു മറുപടി തരുമെന്നു അവന് പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ അവന്റെ പ്രതീക്ഷകള്‍ തെറ്റിയത് അവള്‍ ഈ കാര്യം വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ചപ്പോള്‍ മാത്രമാണ്. കൂട്ടുകാരുടെ കളിയാക്കല്‍ അവന് സഹിക്കാവുന്നതിനു അപ്പുറമായിരുന്നു. അവരുടെ ഓരോ വാക്കും അവന്റെ ഹൃദയത്തില്‍ ആഴത്തില്‍ ഉള്ള മുറിവുകള്‍ ഉണ്ടാക്കി. അവരുടെ ഒക്കെ മുന്നില്‍ തല കുനിച്ചു നടക്കേണ്ടി വന്നതിനു കാരണം അവള്‍ ഒരുത്തി ആണ്. അവന്റെ മനസ്സില്‍ ആരോ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു... " അവള്‍ കരയണം... നീ കരയിക്കണം "
പക്ഷെ എങ്ങനെ ? രാത്രി മുഴുവന്‍ അവന്റെ ചിന്ത ഇതു മാത്രമായിരുന്നു. എങ്ങനെ പ്രതികാരം ചെയ്യും ? എന്ത് ചെയ്താല്‍ അവള്‍ തകരും ? താന്‍ അനുഭവിച്ച വേദന അവളെ എങ്ങനെ മനസ്സിലാക്കി കൊടുക്കും? അവസാനം അവന്‍ ഒരു തീരുമാനത്തില്‍ എത്തി. "അതെ... അത് തന്നെ... നാളെ അവള്‍ കരയുന്നത് ഞാന്‍ കണ്ടു ആസ്വദിക്കും !! "
പിറ്റേ ദിവസം രാവിലെ അവന്‍ നേരത്തെ ഉണര്‍ന്നു. അവന്റെ ചലനങ്ങളും പ്രവര്‍ത്തികളും എല്ലാം യാന്ത്രികമായിരുന്നു. ആരോടും സംസാരിക്കാതെ അവന്‍ തന്റെ ദൌത്യം നിര്‍വഹിക്കാന്‍ വേണ്ടി യാത്ര തിരിച്ചു. ക്ലാസ്സ് മുറിയില്‍ അവള്‍ ഒറ്റക്കായിരിക്കും എന്നവനു അറിയാമായിരുന്നു. അവളുടെ വീട് കുറച്ചു ദൂരെ ആയതിനാല്‍ ആദ്യം എത്തുന്നത് അവള്‍ ആയിരുന്നു. അവളെ ഒറ്റക്ക് കിട്ടാന്‍ ഇതിലും നല്ല അവസരം വേറെ ഇല്ല എന്നവന്‍ ഉറപ്പിച്ചു.
ക്ലാസ്സ് റൂമിലേക്ക് കേറി വന്ന അവന്റെ കാലൊച്ച കേട്ടു അവള്‍ ഞെട്ടി. അവനെ അവള്‍ ഈ സമയത്തു പ്രതീക്ഷിച്ചില്ലായിരുന്നു. ചെന്നായുടെ മുന്നില്‍ പെട്ട ആട്ടിന്‍കുട്ടിയുടെ ദൈന്യഭാവം അവളുടെ കണ്ണുകളില്‍ നിഴലിച്ചോ ? ഉറച്ച കാല്‍വെപ്പുകളോടെ അവന്‍ അവളുടെ അടുത്തേക്ക് നടന്നു. അവള്‍ ആകെ സ്തഭ്ധയായി ഇരുന്നിടത്ത് തന്നെ അനങ്ങാതെ അവന്റെ കണ്ണുകളിലേക്കു നോക്കി. അതില്‍ ജ്വലിക്കുന്ന പ്രതികാരത്തിന്റെ അഗ്നിയില്‍ ദഹിച്ചു പോവുമോ എന്നവള്‍ ഭയപ്പെട്ടു. ഒന്നു ഉറക്കെ കരയണം എന്ന് വിചാരിച്ചെങ്കിലും ശബ്ദം പുറത്തു വരുന്നില്ല. കരഞ്ഞാല്‍ തന്നെ ആരും തന്നെ സഹായിക്കാന്‍ വരില്ലെന്ന് അവന് ഉറപ്പായിരുന്നു. അത് കൊണ്ടാണല്ലോ അവന്‍ ഈ അവസരം തന്നെ തിരഞ്ഞെടുത്തത്.
അവന്‍ അടുത്തെത്തിയപ്പോള്‍ ദുശാസനന്റെ മുന്നില്‍ പെട്ട പാഞ്ചാലിയുടെ അവസ്ഥയില്‍ ആയി അവള്‍. അവന്റെ മുഖത്ത് ഒരു ഭാവഭേദവുമില്ല. അവളുടെ കണ്ണീര്‍ മാത്രമെ തനിക്ക് ആശ്വാസം കിട്ടൂ എന്നവന്‍ മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു. ഒട്ടും സമയം കളയാതെ അവന്‍ അവളെ കടന്നു പിടിച്ചു. അവള്‍ പ്രതികരിചെന്കിലും അവന്റെ ബലിഷ്ടമായ കരങ്ങളില്‍ കിടന്നു പുളയാന്‍ മാത്രമെ അവള്ക്ക് കഴിഞ്ഞുള്ളൂ. താന്‍ ആരുടേയും മുന്നില്‍ അടിയറവു വെക്കാതെ കാത്തു സൂക്ഷിച്ചതൊക്കെ അനുവാദമില്ലാതെ അവന്‍ സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്ക്ക് സഹിച്ചില്ല. പക്ഷെ തുനിഞ്ഞിറങ്ങിയ അവന്റെ മുന്‍പില്‍ പരാജയം സമ്മതിക്കാതെ അവള്ക്ക് വേറെ വഴി ഇല്ലായിരുന്നു.
നിമിഷങ്ങള്‍ യുഗങ്ങളായി മാറി. അവന് മുന്നില്‍ വെറും ഒരു കളിപ്പാവയായി നില്‍കാന്‍ മാത്രമെ അവള്ക്ക് കഴിഞ്ഞുള്ളൂ. തന്റെ പ്രിയപ്പെട്ടതൊക്കെ അവന്റെ കൈകളില്‍ ചിന്നിച്ചിതറി പോവുന്നത് അവള്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അവള്‍ ഉറക്കെ കരഞ്ഞപ്പോള്‍ അവനില്‍ ഒരുതരം ഉന്മാദാവസ്ഥ ഉടലെടുത്തു. അവന്‍ കൂടുതല്‍ അക്രമാസക്തന്‍ ആയി. അല്പസമയം കഴിഞ്ഞപ്പോള്‍ പിടിവലികള്‍ അവസാനിച്ചു.
താന്‍ എന്ത് കാര്യമാണോ ചെയ്യാന്‍ വന്നെ അത് ചെയ്തു കഴിഞ്ഞപ്പോള്‍ അവന് എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നി. പാപത്തിന്റെ ചോര പുരണ്ട കൈകള്‍ അവന്‍ പതുക്കെ വിടുവിച്ചു. അവള്‍ തളര്നിരുന്നു. തന്റെ വിലപ്പെട്ടതൊക്കെ ആ ക്ലാസ്സ് റൂമില്‍ വെച്ചു അവന്‍ നശിപ്പിച്ചു എന്ന സത്യം ഉള്‍കൊള്ളാന്‍ അവള്‍ സമയമെടുത്തു. അവളുടെ കണ്ണുകളില്‍ നിന്നു പെയ്ത കണ്ണുനീര്‍ അവന്റെ ഉള്ളില്‍ ഒരു കുളിര്‍മഴയായി പെയ്തിറങ്ങി. അവന്റെ കണ്ണുകളില്‍ ഒരു തിളക്കം പ്രത്യക്ഷപെട്ടു, ചുണ്ടില്‍ ഒരു പുഞ്ചിരിയും. ലോകം കീഴടക്കിയവന്റെ പുഞ്ചിരി.
ആ ചിരി അവളെ ഭ്രാന്ത് പിടിപ്പിച്ചു. അവള്‍ നിലവിളിച്ചോണ്ട് പുറത്തേക്ക് ഓടി. ഓരോ നിലവിളിയും അവന്റെ വിജയം, അവന്റെ ആധിപത്യം വിളിച്ചു കൂവുന്നതായിരുന്നു. ഒന്നും സംഭവിക്കാത്തത് പോലെ അവന്‍ കുറച്ചു നേരം അവിടെ തന്നെ നിന്നു. തന്റെ കൈകളിലേക്ക് അവന്‍ സൂക്ഷിച്ചു നോക്കി... ആ കൈകള്‍ കൊണ്ടാണല്ലോ അവന്‍... അവളുടെ നിലവിളികള്‍ അപ്പോഴും അവന്റെ കാതുകളില്‍ മുഴങ്ങി കൊണ്ടിരുന്നു.
" ടീച്ചറെ... ഈ മനുക്കുട്ടന്‍ എന്റെ സ്കെച്ച് പെന്‍ എല്ലാം നശിപ്പിച്ചേ ... !!"
കൈയില്‍ പറ്റി പിടിച്ച നിറങ്ങള്‍ കഴുകി കളയാന്‍ വേണ്ടി ആ എട്ടു വയസ്സുകാരന്‍ ക്ലാസ്സ് റൂമിന് പുറത്തേക്കിറങ്ങി.
വാല്‍കഷ്ണം : ഇത്രയും നേരം ക്ഷമയോടെ ഇതു വായിച്ചവര്‍ക്ക് ഒരു ചോദ്യം - ഈ കഥയില്‍ തേഞ്ഞതു ആര് ?
Friday, February 13, 2009
കൈനെടിക് തേപ്പ്
ഞാനും ദാസപ്പനും കൂട്ടുകാരനെ കണ്ടിട്ട് ബൈക്കില്‍ വരുന്നു. ദാസപ്പന്‍ ഡ്രൈവറും ഞാന്‍ മുതലാളിയും. ബൈക്കില്‍ പൊതുവെ പോവുമ്പോ എല്ലാര്ക്കും ഉള്ള ഒരു അസുഖം ഉണ്ട്. റോഡ് തന്റെ തറവാട്ടു വക ആണെന്നും അവിടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ സ്പീഡില്‍ പോയാല്‍ ഒന്നും സംഭവിക്കില്ലെന്നും പോരാത്തതിന് വഴിയില്‍ നില്‍കുന്ന ചെല്ലക്കിളികള്‍ ഒക്കെ തലവെട്ടിച്ചു നോക്കാന്‍ ഇതിലും പറ്റിയ ഉപായം വേറെ ഇല്ല എന്നൊരു തോന്നല്‍ കാലിന്റെ പെരുവിരലില്‍ നിന്നു തുടങ്ങി ശരീരം മുഴുവന്‍ വ്യാപിച്ചു അവസാനം വലതു കൈയില്‍ എത്തി ചേര്‍ന്ന്‍ ബൈക്കിന്റെ ചെവി പിടിച്ചു തിരിക്കുന്ന രീതിയില്‍ ഒരു വശത്തേക്ക് മാത്രം കൈപ്പത്തി വളയുന്ന അവസ്ഥയില്‍ എത്തിച്ചേരും. അങ്ങനെ ഒരു അവസ്ഥ ദാസപ്പനും സംഭവിച്ചതില്‍ അവനെ കുറ്റം പറയാന്‍ പറ്റില്ലല്ലോ. പിറകില്‍ ഇരിക്കുന്ന ഞാന്‍ പറന്നു പോവുമോ എന്ന് പോലും നോക്കാതെ ദാസപ്പന്‍ ബൈക്ക് കത്തിച്ചു വിടുന്നു.
അങ്ങനെ ഞങ്ങള്‍ ഒരു കേറ്റം കേറുമ്പോള്‍ നമ്മുടെ മുന്നില്‍ ഒരു പെട്ടി ഓട്ടോ അത്യാവശ്യം സ്പീഡില്‍ പോയ്കൊണ്ടിരിക്കുന്നു. ദാസപ്പന് ഇതു കണ്ടു സഹിച്ചില്ല. കേവലം ഒരു പെട്ടി ഓട്ടോക്ക് ഇത്രയും സ്പീഡോ ? ദാസപ്പന്‍ അവന്റെ മര്‍ക്കട മുഷ്ടി ബൈക്കിന്റെ ചെവിയില്‍ പ്രയോഗിച്ചു. ബൈക്ക് ആണെങ്കില്‍ ദയനീയമായി കരയാനും തുടങ്ങി. ഇത്രയും ഭാരം അത് താങ്ങുവല്ലേ (എന്നെ കണക്കില്‍ കൂട്ടണ്ട). അത് വിചാരിക്കുന്നുണ്ടാവും.... " പെട്ടി ഓട്ടോയില്‍ ലോഡ് കേറി പോവെണ്ടാവനോക്കെ ബൈക്ക് ഓടിക്കുന്നു.. കലികാലം".
സ്പീഡ് കൂടുന്നത് മനസ്സിലാക്കി ഞാന്‍ അവനോടു പറഞ്ഞു , " എടാ... എനിക്ക് കുറച്ചു കാലം കൂടി ജീവിക്കാന്‍ ആഗ്രഹം ഉണ്ട്... നീ പതുക്കെ പോ.. ആ ഓട്ടോ പോയ്കോട്ടേ... ഒന്നാമത് കേറ്റം.. അതിന്റെ കൂടെ ദാ ഒരു വളവും വരുന്നു... നീ overtake ചെയ്യുമ്പോ വല്ല വണ്ടിയും എതിര്‍വശത്ത് നിന്നു വന്നാല്‍ അറിയാന്‍ കൂടി പറ്റില്ല... നീ പതുക്കെ പോ മോനേ ദാസപ്പാ !!"
ദാസപ്പന് ഇതു കേട്ടിട്ട് ഒരു കൂസലുമില്ല. അവന്‍ പറയുവാ, " നീ അവിടെ മിണ്ടാതിരി.. ഇതു പോലെ എത്ര വണ്ടികള്‍ ചാടി കടന്നവനാ ഈ ഞാന്‍.. അവിടെ നിന്നു വല്ല വണ്ടിയും വന്നാല്‍ നീ സിഗ്നല്‍ തന്നാല്‍ മതി... നിന്നെ പിന്നെ പിറകില്‍ എന്തിനാ ഇരുത്തിയേക്കുന്നെ ?? "
സിഗ്നല്‍ തരാന്‍ ഞാന്‍ എന്താ ട്രാഫിക് പോലീസോ ? പിറകില്‍ ഇരിക്കുന്ന എനിക്ക് മുന്‍പില്‍ വരുന്ന വണ്ടി കാണാന്‍ പോലും പറ്റില്ല. ഗാസ് കുറ്റിയുടെ പിറകില്‍ ഇരിക്കുന്ന പപ്പടം കുത്തിയുടെ അവസ്ഥയാണ് എനിക്ക് എന്നവന്‍ അറിയുന്നില്ലല്ലോ... വരുന്നതു വരട്ടെ എന്ന് രണ്ടും കല്പിച്ചു ഞാന്‍ ബൈക്കില്‍ അള്ളിപിടിച്ച് ഇരുന്നു. ദാസപ്പന് ആ ഓട്ടോയുടെ വലതു വശത്തൂടെ വണ്ടി പായിക്കാന്‍ തുടങ്ങി. അപ്പോഴേക്കും വളവും എത്തിച്ചേര്‍ന്നു. വരാനുള്ളത് എന്തായാലും കൈനെടിക് ഹോണ്ട പിടിച്ചു വരും എന്ന് അന്ന് ഞങ്ങള്ക്ക് മനസ്സിലായി.
അതാ മുന്‍പില്‍ എവിടുന്നോ ഒരു കൈനെടിക് ഹോണ്ട. കണ്ണടിച്ചു പോവുന്ന ഓറഞ്ച് കളര്‍. അതിന് മുകളില്‍ ഓറഞ്ച് കളര്‍ സാരിയും ചുറ്റി ഒരു അമ്മച്ചി. മൊത്തത്തില്‍ ഒരു ധൂമകേതു വരുന്ന ഇഫക്ട്. ഞങ്ങള്‍ നല്ല സ്പീഡില്‍ കേറ്റം കേറുമ്പോള്‍ അമ്മച്ചി അതിന്റെ ഇരട്ടി സ്പീഡില്‍ ഇറക്കം ഇറങ്ങി വരുന്നു. മുന്‍പില്‍ കൈനെടിക് ഹോണ്ട... പിന്നില്‍ ദാസപ്പന്‍... ദാസപ്പന്‍ - കൈനെടിക് ഹോണ്ട... കൈനെടിക് ഹോണ്ട - ദാസപ്പന്‍ !! അവസാനം അത് സംഭവിച്ചു !!
*പട്ക്ക് *
ഇങ്ങനെ ഒരു ഒച്ച ഞങ്ങളുടെ രണ്ടു പേരുടേയും കാതില്‍ മുഴങ്ങി. ബൈക്കും കൈനെടിക് ഹോണ്ടയും തമ്മില്‍ ചെറുതായി തൊട്ടുരുമി കൊണ്ടു പോയി. ദാസപ്പന്‍ അപ്പോള്‍ തന്നെ വണ്ടി നടുറോഡില്‍ സഡന്‍ ബ്രേക്ക് അടിച്ച് നിര്‍ത്തി. ഞങ്ങളുടെ പിറകെ വന്ന രണ്ടു ബൈക്കുകാരും നിര്‍ത്തി. "നീയൊക്കെ വീട്ടില്‍ പറഞ്ഞിട്ട് തന്നെ ആണോ ഇറങ്ങ്യെ ?" എന്നൊരു ഭാവം അവരുടെ മുഖത്ത്. ദാസപ്പന്‍ ഇഞ്ചി കടിച്ച മങ്കിയെ പോലെ ഒരു ചിരി പാസ് ആക്കി. അത് കഴിഞ്ഞു ഞങ്ങള്‍ പതുക്കെ തല ചരിച്ചു പിന്നിലേക്കു നോക്കി. അമ്മച്ചി ഇനി മലയാളത്തില്‍ ലോക്കല്‍ തെറികള്‍ വിളിക്കുമോ അതോ ഇംഗ്ലീഷില്‍ മോസ്റ്റ് മോഡേണ്‍ തെറികള്‍ പഠിക്കാന്‍ അവസരം കിട്ടുമോ എന്നുള സംശയം മാത്രം. അല്ലാതെ അമ്മച്ചി ഇടി കൊണ്ടു ഓടയില്‍ പോയോ അവര്ക്കു വല്ലതും പറ്റിയോ എന്നല്ല. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച !!
ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നത് പോലെ വന്ന സ്പീഡില്‍ തന്നെ ഇറക്കം ഇറങ്ങി അമ്മച്ചി പോവുന്നു !! ഇടിയുടെ ആഘാതത്തില്‍ സ്പീഡ് അല്പം കൂടി എന്ന് വേണമെന്കില്‍ പറയാം. ഓറഞ്ച് നിറം വളവു തിരിഞ്ഞു കണ്ണില്‍ നിന്നു മായുന്നത് ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി നിന്നു. ഇനി അവര്‍ അവിടെ ചെന്നിട്ടു U- ടേണ്‍ എടുത്തു തിരിച്ചു വന്നു തെറി വിളിക്കുമോ എന്നറിയാന്‍ വേണ്ടി ഞങ്ങള്‍ കുറച്ചു നേരം അവിടെ തന്നെ സ്റ്റോപ്പ് ഇട്ടു എന്തുകൊണ്ടാണ് നിര്‍ത്താതെ പോയത് എന്നതിനെ കുറിച്ചു ഞങ്ങള്‍ ഒരു ഗ്രൂപ്പ് ഡിസ്കഷന്‍ തന്നെ നടത്തി.
ഞാന്‍ : "ഇടി കൊണ്ടത് അവര്‍ അറിഞ്ഞു കാണതില്ലേ ?"
ദാസപ്പന്‍ : "അറിയാതിരിക്കാന്‍ നമ്മള്‍ എന്താ പഞ്ഞിക്കെട്ടിന്റെ പുറത്തു ഇരിക്കുവാണോ ?"
ഞാന്‍ : "ഇനി ഇടി കൊണ്ടപ്പോള്‍ വണ്ടിയുടെ ബ്രേക്ക് പൊട്ടി നിര്‍ത്താന്‍ പറ്റാതെ ഇറക്കത്തിന്റെ താഴെ ഓടയില്‍ പോയി വീണു കാണുമോ ? "
ദാസപ്പന്‍ : "കരിനാക്കെടുത്തു വളക്കാതെടാ !! അതൊന്നും ആയിരിക്കില്ല. ഇവന്മാരൊന്നും നന്നാവാന്‍ പോണില്ല. വെറുതെ വണ്ടി നിര്‍ത്തി തെറി വിളിച്ചു എന്റെ സമയം കളയുന്നത് എന്തിനാ എന്ന് വിചാരിച്ചാരിക്കും !"
കൂടുതല്‍ നേരം നടുറോഡില്‍ സംസാരിച്ച് നിന്നാല്‍ ഇനി വരാനുള്ളത് പാണ്ടി ലോറി പിടിച്ചു വരും എന്ന് മനസ്സിലായ ഞങ്ങള്‍ ഉടന്‍ തന്നെ ഫസ്റ്റ് ഗിയര്‍ ഇട്ടു സ്ഥലം കാലിയാക്കി. ഇടിയുടെ ആഫ്ടര്‍ എഫ്ഫെക്ട്സ് ആയിട്ട് വണ്ടിയില്‍ കുറച്ചു പോറലുകള്‍, കാല്‍മുട്ടില്‍ ചെറിയ വേദന തുടങ്ങിയവ പ്രത്യക്ഷപെട്ടെന്കിലും നമ്മുടെ ടെന്‍ഷന്‍ തീര്നത് പിറ്റേ ദിവസത്തെ പത്രത്തില്‍ "ബൈക്ക് ഇടിച്ചു മധ്യവയസ്ക ആശുപത്രിയില്‍", "ടു വീലെരില്‍ നിന്നു ഓടയിലേക്കു" ഇതില്‍ നിന്നൊക്കെ പുരോഗമിച്ചു
"പട്ടാപകല്‍ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമം
തിരുവനന്തപുരം : കൈനെടിക് ഹോണ്ടയില്‍ ഇറക്കം ഇറങ്ങി വന്ന യുവതിയുടെ മാല ബൈക്കില്‍ കേറ്റം കേറി കൊണ്ടു വന്ന രണ്ടു യുവക്കള്‍ പൊട്ടിക്കാന്‍ ശ്രമിച്ചു പരാജിതരായി.ബൈക്കിന്റെ മുന്നില്‍ ഇരുന്നവന്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ വലതു കൈ കൊണ്ടു മുഖമടച്ചു പട്ക്ക് എന്നൊരു അടി കൊടുക്കുകയും വണ്ടി നിര്‍ത്താതെ ഇറക്കത്തിന്റെ താഴെ ഉള്ള പോലീസ് സ്റ്റേഷനില്‍ ചെന്നു വിവരം അറിയിക്കുകയും ചെയ്തു. മുഖത്തിന്റെ ഇടതു വശം വീങ്ങിയതും കള്ള ലക്ഷണം ഉള്ളതും ആയിട്ടുള്ള ആരെയെങ്കിലും കണ്ടാല്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ് "
ഇങ്ങനെ ഉള്ള വാര്‍ത്തകള്‍ ഒന്നും ഇല്ല എന്ന് ഉറപ്പിച്ചതിനു ശേഷം മാത്രമാണ്. ഇന്നും ഞങ്ങളുടെ മനസ്സില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉണ്ട് ... " എന്ത് കൊണ്ടാണ് അവര്‍ വണ്ടി നിര്‍ത്താതെ പോയത് ?"
Saturday, February 7, 2009
ക്രിക്കറ്റ് തേപ്പ്
നിങ്ങള്‍ വിചാരിക്കും ഇതു ടിവിയില്‍ ക്രിക്കറ്റിനെ കുറിച്ചു ഏതോ മഹാന്‍ പറയുന്നതാണെന്ന്. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. പറയുന്നതു എന്റെ കൂട്ടുകാരന്‍ സനില്‍ ആണ്. ഏത് കാര്യത്തിനെ കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ളവനാണ് സനില്‍ (അവന്‍ അങ്ങനെ വിശ്വസിക്കുന്നു).
അത് ഏറെകുറെ ശരി ആണെങ്കിലും ചിലപ്പോഴൊക്കെ മണ്ടത്തരങ്ങള്‍ അറിയാതെ പറഞ്ഞു പോവുകയും ചെയ്യുമായിരുന്നു. ഏത് സനിലിനും ഒരു അബദ്ധം ഒക്കെ പറ്റും. എന്നാല്‍ അബദ്ധം പറ്റിയാലും 'ഞാനൊന്നും അറിഞ്ഞില്ലേ' എന്ന മട്ടില്‍ ഒരു ചിരി ചിരിച്ചോണ്ട് വീണ്ടും സംസാരം തുടരാന്‍ സനിലിനു ഒരു സ്പെഷല്‍ കഴിവ് തന്നെ ഉണ്ടായിരുന്നു.
ഞങ്ങള്ക്ക് ജനറല്‍ ഷിഫ്റ്റില്‍ ആയിരുന്നു ജോലി. സനിലിനു ഫസ്റ്റ് ഷിഫ്ടും. അതായത് സനില്‍ ഉച്ച കഴിയുമ്പോ റൂമില്‍ തിരിച്ചെത്തും. 20-20 ക്രിക്കറ്റ് നടക്കുന്ന സമയം. എങ്ങനെയെങ്ങിലും ഓഫീസില്‍ നിന്നു ചാടി എത്രയും പെട്ടെന്ന് റൂമില്‍ തിരിച്ചെത്താന്‍ എല്ലാരും മല്‍സരിക്കുന്നു. ഓഫീസില്‍ ക്രിക്കറ്റ് വെബ്‌സൈറ്റ് തുറന്നു വെച്ചു സ്കോര്‍ ഒക്കെ ലൈവ് ആയിട്ട് അറിയുമെങ്കിലും കളി കാണുന്ന ഒരു ത്രില്‍ അതിനില്ലല്ലോ. ഇന്ത്യ കളിക്കുന്നുന്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട.
ഇന്ത്യയുടെ കളി ഉള്ള ഒരു ദിവസം. ഞങ്ങള്‍ ഓഫീസില്‍ നിന്നു ഇറങ്ങാന്‍ നേരം ഉത്തപ്പ തകര്‍ത്തു ബാറ്റ് ചെയ്യുന്നു. ഞങ്ങള്‍ പെട്ടെന്ന് തന്നെ തിരിച്ചു റൂമില്‍ എത്തുന്നു. കളി മിസ് ആക്കാന്‍ പാടില്ലല്ലോ. റൂമില്‍ സനില്‍ അപ്പോഴേക്കും തിരിച്ചെത്തി ടിവിയില്‍ ക്രിക്കറ്റ് ശ്രദ്ധയോടെ കണ്ടു കൊണ്ടിരിക്കുന്നു.
ഞാന്‍ : ഡാ സനിലേ... സ്കോര്‍ എത്രയയെടാ ?
സനില്‍ : 153 /5
ഞാന്‍ : അഞ്ചോ ?? അയ്യോടാ... ആരാ ഔട്ട് ആയെ ??
സനില്‍ : ഉത്തപ്പ !!
ഞങ്ങളുടെ മുഖങ്ങള്‍ ഒക്കെ മണ്ടരി പിടിച്ച തെങ്ങ് പോലെ വാടി. ആക്കപ്പാടെ കുറച്ചെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നതും പോയി കിട്ടി. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. ബാകി കളി കാണാമെന്നു ഞങ്ങള്‍ തീരുമാനിച്ചു.
ഞങ്ങള്‍ വേഗം തന്നെ ടിവിയുടെ മുന്‍പില്‍ സ്ഥാനം പിടിച്ചു. ഇത്ര നന്നായി കളിച്ചു കൊണ്ടിരുന്ന ഉത്തപ്പ എങ്ങനെ ഔട്ട് ആയി എന്നൊരു സംശയം ഞങ്ങളുടെ മനസ്സില്‍ അപ്പോഴും വട്ടം കറങ്ങി കൊണ്ടിരുന്നു. സനിലിനോട് ചോദിക്കുക തന്നെ.
പരസ്യത്തിനിടയില്‍ അടുത്ത വീട്ടിലെ ചേച്ചിയെ വായിനോക്കാന്‍ പോയ അവന്‍ തിരിച്ചു വന്നപ്പോള്‍ ഞങ്ങള്‍ എല്ലാരും ഒന്നിച്ചു ചോദിച്ചു, " ഡാ.. ഉത്തപ്പ എങ്ങനെയാ ഔട്ട് ആയെ ? "
സനില്‍ : "ഓ ഒന്നും പറയേണ്ടാന്നെ... ആ ബോള്‍ വെറുതെ വിട്ടാല്‍ മതിയാരുന്നു. വെറുതെ ബാറ്റ് എടുത്തു വീശി. ഇങ്ങനെ ഉള്ള ബോള്‍ ഒക്കെ ദിഫെണ്ട് ചെയ്യണം. ദാ ഇങ്ങനെ"
ഇത്രയും പറഞ്ഞിട്ട് അവന്‍ എഴുന്നേറ്റു നിന്നു ഒരു ഇമാജിനറി ബാറ്റ് കൊണ്ടു ദിഫെണ്ട് ചെയ്തു കാണിച്ചു തരുന്നു. ഞങ്ങള്‍ ഇതൊക്കെ കണ്ടു കണ്ണ് തള്ളുന്നു.
"ഡാ... ടയലോഗ് നിര്‍ത്ത്. ബാറ്റ് വീശിയിട്ട് എന്ത് സംഭവിച്ചു ? "
സനില്‍ ഉടന്‍ തന്നെ തന്റെ ബാറ്റ് വലിച്ചെറിയുന്നു. എന്നിട്ട് കൊച്ചു കുട്ടികള്‍ അപ്പിയിടാന്‍ പോവുന്ന രീതിയില്‍ 'വേണോ... അതോ വേണ്ടയോ ' എന്ന മട്ടില്‍ ചെറുതായി ഇരിക്കുന്നു. എന്നിട്ട് ഒരു ഇമാജിനറി ബോള്‍ രണ്ട് കൈപത്തിയും ചേര്ത്തു പിടിക്കുന്നു. ബോള്‍ വളരെ സ്പീഡില്‍ വരുന്നു എന്ന് കാണിക്കാന്‍ വേണ്ടി കൈ രണ്ടും പതുക്കെ പിറകോട്ടു കൊണ്ടു പോവുന്നു. ഞങ്ങള്ക്ക് കാര്യങ്ങള്‍ ഒക്കെ മനസ്സിലാവുന്നു. മനസ്സില്‍ പലവിധ ചിന്തകള്‍ ഓടുന്നു.
'ഹും.. അപ്പോള്‍ ക്യാച്ച് ആണല്ലേ '
'കാലമാടന്‍ കീപ്പര്‍ അത് വിട്ടില്ല '
'ആ ബോള്‍ വെറുതെ വിട്ടാല്‍ മതിയാരുന്നു '
ഇങ്ങനെ ഞങ്ങള്‍ തല സ്മോക്ക് ചെയ്തു വീണ്ടും കളി കാണാന്‍ വേണ്ടി തയ്യാറെടുക്കുന്നു. അപ്പോഴും സനില്‍ അവന്റെ പെര്‍ഫോര്‍മന്‍സ് തീര്‍ത്തിട്ടില്ലായിരുന്നു. മിന്നലിനു പിന്നാലെ ഇടിമുഴക്കം എന്നത് പോലെ അഭിനയത്തിന്റെ പിന്നാലെ ടയലോഗ് വരുന്ന്നു ... ആ ടയലോഗ് ഇപ്രകാരമായിരുന്നു :
" ഉത്തപ്പ ബൌള്‍ഡ് !!"
പിന്നെ അവിടെ നടന്ന കൂട്ടച്ചിരിയില്‍ സനിലിന്റെ ചെറുപുഞ്ചിരി മുങ്ങി പോയി !!
ബ്ലീസ് നോട്ട് ദ പോയിന്റ് : ഇത്രയും വായിച്ചിട്ട് ഇതില്‍ എന്താ ഇത്ര ചിരിക്കാന്‍ ഉള്ളെ എന്ന് ആര്കെങ്കിലും തോന്നിയാല്‍ ടിവി ഓണ്‍ ചെയ്തു സ്പോര്‍ട്സ് ചാനലില്‍ ഒരാഴ്ച ക്രിക്കറ്റ് കാണുക, google.com ഓപ്പണ്‍ ചെയ്തു ക്രിക്കറ്റ് സൈറ്റുകളില്‍ പോയി നിയമങ്ങള്‍ മനസിലാക്കുക ഇവയൊക്കെ ചെയ്യേണ്ടതാണ്. ഇതൊന്നും ചെയ്യാന്‍ പറ്റാത്തവര്‍ അടുത്തുള്ള റോഡില്‍ ക്രിക്കറ്റ് കളിക്കുന്ന പിള്ളാര്‍ക്ക് മിട്ടായി മേടിച്ചു കൊടുത്തു വിവരങ്ങള്‍ മനസിലാക്കുക... അല്ല പിന്നെ !!
ഗാസ്തര്‍ പുരാണം
സുജിത് നാടകത്തില്‍ അഭിനയിക്കാന്‍ പോവുന്നു. സ്കൂളിലും കോളേജിലും വെച്ചു സ്ടേജില്‍ പോലും കേറാത്ത സുജിത് ഇതാ ഇപ്പൊ ഒരു നാടകത്തില്‍ അഭിനയിക്കാന്‍ പോവുന്നു. തെറ്റിദ്ധരിക്കരുത്.. ലീഡ് റോള്‍ ഒന്നുമല്ല.. രണ്ടോ മൂന്നോ ടയലൊഗ്സ് ഉള്ള ഒരു സ്മാള്‍ കഥാപാത്രം. എന്നാലെന്ത് ?? സുജിത്തിന്റെ അരങ്ങേറ്റം ഞങ്ങള്‍ ഒരു വിധത്തിലും മിസ് ചെയ്യാന്‍ പാടില്ല എന്ന് തീരുമാനിച്ചു.
ഇതിന്റെ എല്ലാം തുടക്കം ഇങ്ങനെ. സുജിത് ഭക്തി മാര്‍ഗത്തില്‍ സഞ്ചാരം ആരംഭിച്ച ഒരു കാലം ഉണ്ടായിരുന്നു. കടുത്ത വിശ്വാസി ആയി മാറിയ അവന്‍ പിന്നെ പള്ളികാര്യങ്ങളിലും ആക്റ്റീവ് ആയിട്ട് പങ്കെടുക്കാന്‍ തുടങ്ങി. ഞങ്ങള്‍ മൊബൈലില്‍ വിളിക്കുമ്പോള്‍ അവന്‍ ഫോണ്‍ എടുത്തില്ലെങ്ങില്‍ ഉറപ്പിക്കാം - ഒന്നുകില്‍ അവന്‍ കക്കൂസില്‍ ആയിരിക്കും അല്ലെങ്ങില്‍ അവന്‍ പള്ളിയില്‍ ആയിരിക്കും!!ഞങ്ങള്‍ ഒത്തു കൂടുമ്പോഴൊക്കെ സുജിത് ഞങ്ങളെ നന്നാക്കാന്‍ ശ്രമിക്കുമായിരുന്നു.
"എടാ, നമ്മള്‍ ഇങ്ങനെ ഒക്കെ ആയിതീര്‍ന്നത് നമ്മുടെ മിടുക്കല്ല. എല്ലാം ദൈവത്തിന്റെ കാരുണ്യം. നമ്മള്‍ എല്ലാം ദൈവത്തിന്റെ കുഞ്ഞാടുകളാണ് !! "
ഇതു കേള്‍കുമ്പോള്‍ സത്യമായും ഞങ്ങള്‍ ദൈവത്തെ വിളിച്ചു പോവും. ഇവന് ഭക്തി കൂടി ഭ്രാന്തായോ അതോ ഭ്രാന്തു കൂടി ഭക്തി ആയോ അതല്ല രണ്ടും കൂടി 1:1 അനുപാതത്തില്‍ ഇരിക്കുവാണോ എന്ന് ഞങ്ങള്‍ തര്‍ക്കിച്ചു.
ഞാന്‍ ഉടന്‍ ചാടി കേറി പറയും, " നീ എന്നെ കുഞ്ഞാട് എന്ന് വിളിച്ചോ... ബട്ട് ദാസപ്പനെ വിളിച്ചാല്‍ ഞാന്‍ സഹിക്കില്ല... വേണമെങ്ങില്‍ മുട്ടനാട് എന്ന് വിളിച്ചോ.. "
ദാസപ്പന്‍ : "അയ്യെടാ... എങ്കില്‍ സുബിനെ ജിറാഫ് എന്ന് വിളിക്കേണ്ടി വരും... അത്രയും പൊക്കമുള്ള വേറെ ആടോന്നും ഇല്ല "
ജിറാഫും ആടും അനിയനും ചേട്ടനും ആണോ എന്ന് ഞാന്‍ ആലോചിക്കുമ്പോള്‍ സുബിന്‍ സുജിത്തിന്റെ നേരെ ചാടും, "ഇത്രയൊക്കെ ആയ സ്ഥിതിക്ക് ദൈവത്തിന്റെ കുഞ്ഞു പോത്തായ നിനക്കു ഇനി എന്താണ് പറയാനുള്ളത്? ഇവന്‍ ഒറ്റ ഒരുത്തന്‍ കാരണം എനിക്ക് ഇപ്പൊ വീട്ടില്‍ ഇരിക്കാന്‍ വയ്യ.'സുജിത്തിനെ കണ്ടു പഠിക്കൂ... അവന്‍ എന്നും പള്ളിയില്‍ പോവും.. നോയമ്പ് നോക്കും.. പരിപാടികളില്‍ പന്കെടുക്കും..'ഇതാണ് വീട്ടുകാരുടെ സംസാരം.ഞാന്‍ എങ്ങനെയെങ്ങിലും ജീവിച്ചോട്ടെ അണ്ണാ... "
അങ്ങനെ എല്ലാരും പേരൊക്കെ കിട്ടി ഹാപ്പി ആകുമ്പോള്‍ സുജിത് സംസാരം തുടരും. ഞങ്ങള്‍ അത് പൂച്ചക്കുട്ടി റേഡിയോയില്‍ F.M ചാനല്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നത് പോലെ കേട്ടുകൊണ്ടിരിക്കും. അവസാനം ഇവന്മാരെ ഒന്നും നന്നാക്കാന്‍ പറ്റില്ല എന്ന് അവന് ബോധോദയം ഉണ്ടായപ്പോള്‍ അവന്‍ സ്വയം നന്നാവാം എന്ന് തീരുമാനം എടുക്കുകയും സുജിത് ചിലപ്പോ പള്ളിലച്ചന്‍ ആവാന്‍ ചാന്‍സ് ഉണ്ടെന്നും അങ്ങനെ ഒരു പെണ്ണിന്റെ ജീവിതം രക്ഷപെട്ടു എന്ന് ഞങ്ങള്‍ ആശ്വസിക്കുകയും സുബിന് വീട്ടില്‍ സമാധാനത്തിന് യാതൊരു കുറവും സംഭവിച്ചില്ല എന്നും അറിയിച്ചു കൊള്ളുന്നു.
ഒരു ദിവസം സുജിത് അനൌണ്‍സ് ചെയ്യുന്നു ," പള്ളിയില്‍ ഒരു നാടകം അവതരിപ്പിക്കുന്നുണ്ട്. എനിക്കും അതില്‍ ഒരു റോള്‍ ഉണ്ട്. നിങ്ങള്‍ എല്ലാരും കാണാന്‍ വരണം !!"
കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരം: ക്രിസ്മസ് സമയത്തു പള്ളിയില്‍ ഒരു നാടകം അവതരിപ്പിക്കുന്നു. അതില്‍ ഉണ്ണിയേശുവിനെ കാണാന്‍ വരുന്ന മൂന്ന് പുരോഹിതന്മാരില്‍ ഒരാളുടെ റോള്‍ ആണ് സുജിത്തിന്. കഥാപാത്രത്തിന്റെ പേരു "ഗാസ്തര്‍". 'ഞങ്ങള്‍ കിഴക്ക് പേര്‍ഷ്യയില്‍ നിന്നു വന്ന രാജാക്കന്മാര്‍ ആണ് ' - ഇതാണ് പറയേണ്ട ടയലോഗ്. പണ്ടത്തെ രാജകീയ വേഷവും താടിയും ഒക്കെ വെച്ചു അഭിനയിക്കാം എന്നറിഞ്ഞ സുജിത് ത്രില്ലടിച്ചു ഇരിക്കുവാണ്. മലയാളം ടയലൊഗ്സ് ഇന്ഗ്ലിഷില്‍ എഴുതി (പുള്ളിക്കാരന്‍ മലയാളം പഠിച്ചിട്ടില്ല പക്ഷെ വായിക്കാനും സംസാരിക്കാനും അറിയാം... ശരിക്കും പറഞ്ഞാല്‍ ഒരു നാടന്‍ സായിപ്പ്) പഠിക്കുന്ന അവന്റെ ടെടികേഷന്‍ എങ്ങനെയാ കണ്ടില്ലാണ് വെക്കുക. ക്രിസ്മസ് അവധിസമയം ആയതിനാല്‍ നമ്മളൊക്കെ നാട്ടിലും ഉണ്ടാവും.
ദിവസവും റിഹേഴ്സല്‍. അതും കൂടി ആയതോടെ സുജിത് പള്ളിയില്‍ സ്ഥിരതാമസം ആയോ എന്ന് വരെ ഞങ്ങള്‍ സംശയിച്ചു. നാടകത്തിന്റെ തലേദിവസം ഞങ്ങള്‍ എല്ലാരും ഒരുമിച്ചു കൂടി. സുജിത്തിന്റെ മുഖത്ത് 100 വാട്ട് ബള്‍ബിന്റെ തിളക്കം.
സുജിത് : " ഡേയ്.. നാളെ ക്യാമറ കൊണ്ടു വന്നോണം. നാളെ താടി ഒക്കെ വെച്ചു ജോര്‍ജ് മൈക്കിള് (പ്രസിദ്ധ പോപ്പ് ഗായകന്‍, സുജിത്തിന്റെ റോള്‍ മോഡല്‍ ) സ്റ്റൈലില്‍ എന്റെ കുറച്ചു ഫോട്ടോസ് എടുക്കണം. "
ദാസപ്പന്‍ : "പിന്നേ... കാത്തിരുന്നോ... താടി ഒക്കെ വെച്ചു കരടിയുടെ കോലം ആവാതിരുന്നാല്‍ മതി. എങ്കില്‍ പിന്നേ നിനക്കു താടി വളര്തിക്കൂടാരുന്നോ ? അതാവുമ്പോ ഒരിജിനാലിട്ടി ഉണ്ടാവുമായിരുന്നു ."
സുബിന്‍ : "ശെരിയാ... ഇവന് ആറാം ക്ലാസ്സില്‍ വെച്ചു മീശ വന്നതാണല്ലോ... അതോ മൂന്നാം ക്ലാസ്സില്‍ ആയിരുന്നോ... നിനക്കു താടി വളര്‍ത്തിയാല്‍ മതിയാരുന്നു "
സുജിത് : "എടാ... നിനക്കു ഇല്ലാത്തതിന്റെ അസൂയ അല്ലെ ? നിനക്കും നാടകത്തില്‍ അഭിനയിക്കാമായിരുന്നു... പുല്‍കൂടിനെ താങ്ങി നിര്‍ത്തുന്ന ഒരു കമ്പ് ഇന്നലെ ഒടിഞ്ഞു... ആ റോളിലേക്ക് ഞാന്‍ നിന്നെ ശുപാര്‍ശ ചെയ്യാം. "
ഞാന്‍ : "ഡാ ഡാ... മതിയെടാ. നിനക്കു ലാദന്റെ താടി കിട്ടാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം. എന്താ പോരെ ? അപ്പൊ നാളെ വൈകിട്ട് പള്ളിയില്‍ കാണാം."
അങ്ങനെ സുജിത്തിന് മംഗളകരമായ 'താടിസ്വപ്നങ്ങള്‍' ആശംസിച്ചു ഞങ്ങള്‍ പിരിയുന്നു. നാളെ ഇനി എന്തൊക്കെ കാണുമോ എന്തോ !!
പിറ്റേദിവസം വൈകിട്ട് ഞങ്ങള്‍ 6 മണി ആയപ്പോള്‍ പള്ളിയില്‍ എത്തുന്നു. പള്ളിയില്‍ അത്യാവശ്യം തിരക്കുണ്ടായിരുന്നു. "ഇവന്റെ നാടകം കാണാന്‍ ഇത്രയും പേരോ ? പള്ളി ആയതു കാരണം കൂവാനും പറ്റില്ലല്ലോ. വാ... നമുക്കു അവനെ കണ്ടുപിടിക്കാം !!"
ഞങ്ങള്‍ പതുക്കെ പള്ളിയുടെ പിന്നില്‍ കെട്ടിയിട്ടുള്ള പന്തലിലേക്ക് നടന്നു. അവിടെ ആവണം മേക്കപ്പ് ചെയ്യുന്നത്. അവിടെ ചെന്നപ്പോള്‍ താടി സമ്മേളനം!! ഇതിനിടയില്‍ നിന്നു സുജിത്തിനെ എങ്ങനെ കണ്ടു പിടിക്കും എന്ന് ഞങ്ങള്‍ ആലോചിച്ചു.
"അതാ... വെള്ള വേഷവും ഇട്ടോണ്ട് സുജിത്തിനെ പോലെ ഒരാള് പോവുന്നു.. ഡാ സുജിത്തേ !! ഞങ്ങള്‍ എത്തിയെടാ " ദാസപ്പന്‍ വിളിച്ചു കൂവാന്‍ തുടങ്ങി. ഞാനും സുബിനും ഇതു കണ്ടു ഞെട്ടുന്നു. ദാസപ്പനെ പിടിച്ചു വലിച്ച് മാറ്റി നിര്‍ത്തിയിട്ട് ഞങ്ങള്‍ രഹസ്യമായി പറഞ്ഞു, " എടാ തെണ്ടി , അത് സുജിത്തല്ലാ.. പള്ളിലച്ചനാ... നീ ഇവിടെ നിന്നാ മതി. ഞങ്ങള്‍ പോയി അവനെ കണ്ടുപിടിക്കാം"
ഇതിനിടയില്‍ ഞങ്ങള്‍ നില്കുന്നതിന്റെ അടുത്തായി ഒരു രൂപം പ്രത്യക്ഷപെടുന്നു. ഇരുട്ട് ആയതിനാല്‍ ഒന്നും വ്യക്തമായി കാണാന്‍ വയ്യ. ആ രൂപം പതുക്കെ ദാസപ്പന്റെ തോളില്‍ തട്ടി. ദാസപ്പന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മുഷിഞ്ഞ താടി ഒക്കെ ആയിട്ട് ഒരു മനുഷ്യന്‍ ദയനീയമായി നോക്കി ചിരിക്കുന്നു.
"എന്തോന്നടെ ഇതു ? പിച്ചക്കാരെ ഒക്കെ ഇവിടെ കടത്തി വിടാന്‍ തുടങ്ങ്യോ ? ഡാ സുബിനെ.. വല്ല ചില്ലറയും കൊടുത്തു പറഞ്ഞു വിട് !!" ദാസപ്പന്‍ ചൂടായി.
"പിച്ചക്കാരന്‍ നിന്റെ മറ്റവന്‍ !! ഡാ അലവലാതികളെ... ഇതു ഞാനാ !!" പരിചിതമായ ശബ്ദം കെട്ട് ഞങ്ങള്‍ ആ മനുഷ്യനെ സൂക്ഷിച്ചു നോക്കി. വെളിച്ചത്തിലേയ്ക്കു കടന്നു വന്നപ്പോള്‍ മനസ്സിലായി.. അത് വേറാരുമല്ല... നമ്മുടെ സ്വന്തം സുജിത് തന്നെ !!
വേഷം ഒക്കെ അടിപൊളി. പക്ഷെ മുഖത്തെ മേക്കപ്പ് ആന്‍ഡ് താടി... വര്‍ണിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല. കാലാപാനിയില്‍ അമ്രിഷ് പുരി വെച്ചിരിക്കുന്ന താടിയുടെ ഒരു ചീപ്പ് വേര്‍ഷന്‍. അതിന്റെ കൂടെ മീശയും. കണ്ണിനു മുകളില്‍ മണ്ണ് കുഴച്ച് നീളത്തില്‍ ഒട്ടിച്ചു വെച്ചിരിക്കുന്നത് പോലെ എന്തോ ഒന്നു. അതിനെ പുരികം എന്നും വിളിക്കാം. ഇനി ചെളി ഉപയോഗിച്ചാണോ താടിക്ക് നിറം കൊടുത്തെ എന്ന് വരെ ഞങ്ങള്‍ സംശയിച്ചു.മുഖം മുഴുവന്‍ കുമ്മായം പൂശിയത് പോലെ വെളുത്തു തുടുത്തിരിക്കുന്നു. ആ കോലം ഇങ്ങനെ...
"എന്തോന്നാടെ നിന്റെ മുഖത്ത് ? ചകിരി ഒട്ടിച്ചു വെച്ചിരിക്കുന്നോ ? ഞങ്ങള്‍ ഇവിടെ ബുള്‍ഗാന്‍ , ഫ്രഞ്ച്, മെക്സിക്കന്‍ ഇങ്ങനെ പല ടൈപ്പ് താടികള്‍ പ്രതീക്ഷിച്ചു വന്നതാണ്. ഇങ്ങനെ ഒരെണ്ണം ആവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല " ഞങ്ങള്‍ പതുക്കെ അടക്കിവെച്ചിരുന്ന ചിരി പുറത്തെടുത്തു. ആദ്യം ചെറുപുഞ്ചിരി ആയതു പിന്നെ അട്ടഹാസം ആവാന്‍ അധികനേരം ഒന്നും വേണ്ടി വന്നില്ല.
ദാസപ്പന്‍ : "സത്യം പറയെടാ.. നിനക്കു രാജാവിന്റെ റോള്‍ തന്നെ ആണോ ? അതോ വല്ല പിച്ചക്കാരന്റെയും ആണോ ? മുഖത്ത് രണ്ടിഞ്ചു കനത്തില്‍ പെയിന്റ് അടിച്ചിരിക്കുവാണോ ? പെയിന്റ് അടിക്കാന്‍ യുസ് ചെയ്ത ബ്രഷ് ആണോ നീ താടി ആയി ഫിറ്റ് ചെയ്തത് ?"
സുബിന്‍ : "നാടകം കഴിഞ്ഞു എന്തായാലും മേക്കപ്പ് മാറ്റേണ്ട... മുഖത്ത് കുറച്ച് കരി വാരി തേച്ചിട്ട് നമുക്കു ഒരു തോര്‍ത്തും വിരിച്ചു ഇവനെ പള്ളിയുടെ മുന്നില്‍ ഇരുത്താം.. നല്ല കളക്ഷന്‍ കിട്ടും... ആ ലുക്ക് കറക്റ്റ് ആയിട്ട് വന്നിട്ടുണ്ട്... ഞാന്‍ മേക്കപ്പ് ചെയ്തവന് ഷേക്ക് ഹാന്‍ഡ് കൊടുത്തിട്ട് വരാം !"
വില്ലന്മാരുടെ ഇടയില്‍ പെട്ട് രക്ഷപെടാന്‍ നിവര്‍ത്തിയില്ലാത്ത നായികയുടെ അവസ്ഥയില്‍ സുജിത് പകച്ചു നില്കുന്നു. ബാക്കി നടന്‍മാര്‍ ഒക്കെ കുഴപ്പമില്ലാത്ത താടിയും ഫിറ്റ് ചെയ്തു തയ്യാറായി ഇരിക്കുന്നു. അവസാനം അവന്‍ വിഷമത്തോടെ പറഞ്ഞു , "ശവത്തില്‍ കുത്തല്ലേ !!വലിയ പ്രതീക്ഷയോടെ വന്നതാ. അവസാനം ഈ കോലത്തില്‍ ആക്കി വിട്ടു. ഈ താടി എനിക്ക് ചേരും എന്ന് പറഞ്ഞാ ഫിറ്റ് ചെയ്തത് !!"
ഞാന്‍ : " നന്നായി ചേരുന്നുണ്ട്... ക്ലാസ്സിക് ബെഗ്ഗര്‍ ലുക്ക് !! എന്തായാലും നീ ചെല്ല്. നാടകം തുടങ്ങാറായി. അഭിനയം എങ്ങനെ ഉണ്ടെന്നു നോക്കട്ടെ !! "
ഞങ്ങള്‍ ഓരോരുത്തരായി അവന്റെ ഒപ്പം നിന്നു ഫോട്ടോ എടുക്കുന്നു. അത് കഴിഞ്ഞു നാടകം കാണാന്‍ വേണ്ടി പോവുന്നു. നാടകം തുടങ്ങുന്നു. എല്ലാരും തകര്ത്തു അഭിനയിക്കുന്നു. സുജിത് വരുന്നു. ടയലോഗ് പറയുന്നു, " ഞങ്ങള്‍ കണക്കു പരീക്ഷയ്ക്ക് വന്ന രാജാക്കന്മാര്‍ ആണ് !!"
മൈക്ക് അല്പം ദൂരെ ആയിരുന്നതിനാല്‍ കാണികള്‍ ആരും അത്ര കാര്യമായി ഇതു കേട്ടില്ല. പക്ഷെ സ്ടേജിന്റെ മൂട്ടില്‍ നില്‍കുന്ന ഞങ്ങള്‍ ഇതു വ്യക്തമായി കേള്‍കുന്നു. പാവം സുജിത് ഇതൊന്നും അറിയാതെ സീന്‍ കഴിയാന്‍ കാത്തിരുന്നു. പിന്നെ അപ്രത്യക്ഷനാവുന്നു. നാടകം തീര്ന്നു.
ഞങ്ങള്‍ വീണ്ടും പന്തലിലേക്ക് പോവുന്നു. ആകാംഷയോടെ സുജിത് ഞങ്ങളെ നോക്കി ചോദിച്ചു , "എന്റെ അഭിനയം എങ്ങനെ ഉണ്ടായിരുന്നു ?"
"നിന്റെ മുഖം കാണാന്‍ പറ്റാത്തതു കൊണ്ടു അഭിനയം ഞങ്ങള്ക്ക് ഇഷ്ടപ്പെട്ടു. ടയലോഗ് പറയുമ്പോള്‍ എങ്കിലും ഓടിയെന്സിന്റെ നേരെ ഒന്നു തിരിഞ്ഞൂടെ ?"
താടിക്ക് തീ പിടിച്ചപ്പോള്‍ കെടുത്താന്‍ വേണ്ടി പെട്രോള്‍ ഒഴിച്ചവന്റെ മാനസികാവസ്ഥയില്‍ സുജിത് അവിടെ വെച്ചു ഒരു തീരുമാനം എടുക്കുന്നു, " ഞാന്‍ ഈ പരിപാടി ഇവിടെ വെച്ചു നിര്ത്തുന്നു "
വാല്‍കഷ്ണം : മേക്കപ്പ് മായ്ച്ചു കളയാന്‍ വേണ്ടി സുജിത് ഒരു കടയില്‍ വെളിച്ചെണ്ണ മേടിക്കാന്‍ കേറിയെന്നും അവന്റെ കോലം കണ്ടു കടക്കാരന്‍ വെളിച്ചെണ്ണ ഫ്രീ ആയിട്ട് കൊടുത്തെന്നും മാത്രമല്ല ചായക്കുള്ള പൈസയും കൊടുത്തെന്നും ഒരു സംസാരം ഉണ്ട്. എന്നാല്‍ തനിക്ക് ചായ ഇഷ്ടമല്ലാത്തത് കാരണം കടക്കാരന്‍ ഒരു കുപ്പി കോളയാണ് കൊടുത്തതെന്ന് സുജിത് പറയുന്നു.
Sunday, February 1, 2009
ഗുണപാഠം
തേപ്പുപെട്ടിയിലെ പ്രധാന കഥാപാത്രങ്ങളെ ഒക്കെ നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ . പക്ഷെ ഇതു വരെ സുജിത്തിനെ പറ്റി തേപ്പുകഥ ഒന്നും ഇട്ടില്ല. ആ ഒരു പരാതി തീര്‍ക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്.
നമ്മുടെ കൂട്ടത്തില്‍ ഗ്ലാമര്‍ താരം ആണ് സുജിത്. ഹൃതിക് റോഷന്റെ മുഖഛായയൊ കട്ടന്ചായയോ ഉണ്ടെന്നു എപ്പോഴും പറയുന്നതു കേള്‍കാം. കുട്ടിക്കാലം കുവൈറ്റില്‍ ചിലവഴിച്ചത് കൊണ്ടാവാം അറബിപ്പാട്ട് എന്ന് വെച്ചാല്‍ ജീവന്‍ ആണ്.അത് കൊണ്ടു തന്നെ എങ്ങനെയെങ്ങിലും അറബിനാട്ടില്‍ പോയി രക്ഷപെടണം എന്നുള്ളതാണ് ഇവന്റെ ജീവിതസ്വപ്നം. ഇങ്ങനെയൊക്കെ ആണെങ്ങിലും അത്യാവശ്യം മുന്കോപി കൂടിയാണ് ഈ വിദ്വാന്‍. സൂക്ഷിച്ചും കണ്ടും ഇടപെട്ടില്ലെങ്ങില്‍ തല്ലു കിട്ടുമെന്ന് ചുരുക്കം ….! ഇപ്പോള്‍ സുജിത്തിനെ കുറിച്ചു ഒരു ഏകദേശ രൂപം നിങ്ങള്ക്ക് കിട്ടിയെന്നു ഞാന്‍ വിശ്വസിക്കുന്നു .
സീന്‍ 1
അങ്ങനെ ഒരു അവസരത്തില്‍ ഞാനും സുജിത്തും കൂടി നഗരത്തിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ ലഞ്ച് കഴിക്കാന്‍ പോവുന്നു . പൊറോട്ട പണ്ടു മുതലേ ഞങ്ങളുടെ വീക്ക്നെസ്സ് ആയതിനാല്‍ ഞങ്ങള്‍ പൊറോട്ടയും ബട്ടര്‍ ചിക്കനും ഓര്‍ഡര്‍ ചെയ്യുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ പൊറോട്ടയും ഒരു വലിയ പാത്രത്തില്‍ ചിക്കനും എത്തുന്നു. ഞാന്‍ ഉടന്‍ തന്നെ എന്റെ പാത്രത്തിലേക്ക് സംഭവങ്ങള്‍ എല്ലാം തട്ടി കഴിക്കാന്‍ തുടങ്ങുന്നു. 'ഇവനെന്താ ഭക്ഷണം ഇതു വരെ കണ്ടിട്ടില്ലേ ? ' എന്ന മട്ടില്‍ സുജിത്ത് എന്നെ ഒന്നു നോക്കുന്നു. എന്നിട്ട് സാവധാനം ഒരു പൊറോട്ട എടുക്കുന്നു , കൂടെ അല്പം കറിയും. അത് പാത്രത്തില്‍ വെച്ചിട്ട് ഭംഗി ഒക്കെ നോക്കിയിട്ട് പോരോട്ടക്ക് വേദന എടുക്കാതെ ഇച്ചിരി മുറിച്ചെടുക്കുന്നു. അത് കറിയില്‍ മിക്സ് ചെയ്യുന്നു , അതിന്റെ കൂടെ ഒരു ചെറിയ പീസ് ചിക്കനും എടുക്കുന്നു. ഇത്രയും നേരം കൊണ്ടു ഞാന്‍ ഒരു പൊറോട്ട കഴിച്ചു തീര്‍ന്നു അടുത്തത് എടുക്കുന്നു !
അങ്ങനെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മിക്സ് ചെയ്ത പൊറോട്ട വിത്ത് ചിക്കന്‍ കഷണം സുജിത്ത് പതുക്കെ കഴിക്കുന്നു. മുഖത്ത് ഒരു ഭാവവ്യെതിയാസവും ഇല്ല. ചവച്ചു ഇറക്കി കഴിഞ്ഞിട്ട് ഗ്ലാസില്‍ നിന്നും അല്പം വെള്ളം കുടിച്ചിട്ട് എന്നെ നോക്കി ഇങ്ങനെ പറഞ്ഞു , " ഈ ബട്ടര്‍ ചിക്കന്‍ എനിക്ക് ഇഷ്ടപെട്ടില്ല... അത് കൊണ്ടു ഞാന്‍ പൊറോട്ട മാത്രം കഴിച്ചോളാം ".
ഇതു കേട്ട ഞാന്‍ പൊറോട്ട തൊണ്ടയില്‍ തുടങ്ങി ഒരു ചെറിയ ബ്രേക്ക് എടുക്കേണ്ടി വന്നു. ഞാന്‍ എന്തൊക്കെ പറഞ്ഞിട്ടും അവന്‍ അവന്റെ തീരുമാനത്തില്‍ നിന്നും മാറുന്നില്ല. സഹികെട്ട് ഞാന്‍ ഇന്ഗ്ലിഷില്‍ പറഞ്ഞു നോക്കി,"മിസ്റ്റര്‍ സുജിത്ത്... ബട്ടര്‍ ചിക്കന്‍ യു ഡോണ്ട് ലൈക്, ഐ ലൈക്.. യു ഡോണ്ട് ഈറ്റ്, ഹൂ ഇസ് ദി രേസ്പോന്സിബിലിട്ടി ഇന്‍ വേസ്റ്റ് ബാസ്കെറ്റ്... ടെല്‍ മി മാന്‍!!" നോ രക്ഷ !! അവസാനം എനിക്ക് ആ കടുംകൈ ചെയ്യേണ്ടി വന്നു. ആ വലിയ പാത്രത്തിലെ ചിക്കന്‍ മുഴുവനും ഞാന്‍ തന്നെ തിന്നു തീര്‍ക്കേണ്ടി വന്നു (കാണാന്‍ ഒരു ലുക്ക് ഇല്ലെന്നേ ഉള്ളു , ഭയങ്കര തീറ്റിയാ കേട്ടോ ).
സീന്‍ 2
സുജിത്തും ഞാനും അവന്റെ വീടിനടുത്തുള്ള ഒരു ലോക്കല്‍ ഹോട്ടലില്‍ ഊണ് കഴിക്കാന്‍ പോവുന്നു ( അതെ , സാമ്പത്തിക മാന്ദ്യം ഉള്ളപ്പോള്‍ ഞങ്ങള്‍ വല്ലപ്പോഴും ഊണും കഴിക്കാറുണ്ട് ). അങ്ങോട്ട് നടന്നു പോകുമ്പോള്‍ സുജിത് അവിടെ ഉള്ള പരിപ്പുകറിയെ കുറിച്ചു പുകഴ്തുവാരുന്നു. പഠിക്കുന്ന കാലത്തും ഞങ്ങള്‍ ഹോട്ടലില്‍ നിന്നു ഊണ് കഴിക്കുമ്പോള്‍ ഇവന്‍ പരിപ്പുകറി വെച്ചു മാത്രം ചോറ് കഴിക്കുന്നത് ഞാന്‍ ഓര്ത്തു. അങ്ങനെ ഹോട്ടലില്‍ എത്തി, കൈ ഒക്കെ കഴുകി ചോറ് കഴിക്കാന്‍ റെഡി ആവുന്നു. ഒഴിക്കാന്‍ ഉള്ള പരിപ്പുകറി, സാമ്പാര്‍, രസം ഒക്കെ മേശമേല്‍ തന്നെ ഉണ്ട്. ചോറ് വന്നുടനെ സുജിത്ത്
“ശെരി , നിന്റെ ഇഷ്ടം ”. ഇത്രയും പറഞ്ഞിട്ട് അവന്‍ കറിയില്‍ നിന്നും മുളകും കറിവേപ്പിലയും എടുത്തു മാറ്റുന്നു. അങ്ങനെ മാറ്റികൊണ്ടിരുന്നപ്പോള്‍ ഒരു മുളകിന് എന്തോ ഒരു വശപിശക്. അതിന് കാലും കൈയും ഒക്കെ ഉണ്ട്. സൂക്ഷിച്ചു നോക്കിയപ്പോളുണ്ടെടാ , അത് മുളകല്ല … ഒരു മീഡിയം സൈസ് പാറ്റ !! സുജിത്തിന്റെ മുഖത്ത് സന്തോഷം ഒഴികെ ബാക്കി എല്ലാ നവരസങ്ങളും മിന്നി മറഞ്ഞു . എനിക്കാണെങ്കില്‍ ചിരിക്കാനും വയ്യ , ചിരിക്കാതിരിക്കാനും വയ്യ … ഞാന്‍ വളരെ ഗൌരവത്തില്‍ അവനോടു പറഞ്ഞു , “ നിന്നെ പോലെ പാറ്റക്കും പരിപ്പുകറി ഇഷ്ടമാണെന്ന് തോന്നുന്നു ”. അതിന് മറുപടിയായി സുജിത്ത് പറഞ്ഞതു ഇവിടെ ഞാന്‍ എഴുതുന്നില്ല. അല്ലെങ്കില്‍ തന്നെ ഇവന്‍ ഇത്ര ചൂടാവുന്നത് എന്തിനാ ? ഓര്‍ഡര്‍ ചെയ്തതിന്റെ കൂടെ എന്തെങ്ങിലും ബോണസ് ആയി കിട്ട്യാല്‍ സന്തോഷിക്കുവല്ലേ വേണ്ടത് ??
സ്ഥിരം കസ്റ്റമര്‍ ആയതിനാല്‍ സുജിത്തിന് ഈ കാര്യം ഹോട്ടല്‍കാരോട് പറയാനും വയ്യ. ചോറ് കഴിക്കാതെ ഇറങ്ങി പോവാനും പറ്റില്ല. ഇപ്രാവശ്യം കടുംകൈ ചെയ്യാനുള്ള അവസരം സുജിത്തിന്റെ ആയിരുന്നു. അവന്‍ പാറ്റകുട്ടനെ ആരും കാണാതെ എടുത്തു കളയുന്നു. എന്നിട്ട് ഒരക്ഷരം മിണ്ടാതെ മനസ്സില്ലാമനസ്സോടെ പരിപ്പുകറിയും കുഴച്ച് ചോറ് കഴിക്കാന്‍ തുടങ്ങി.എന്തായാലും ഞാന്‍ ഒരു കാര്യം ചെയ്തു.. പരിപ്പുകറി വെച്ചിരുന്ന പത്രം സുജിത്തിന്റെ കൈയെത്തും ദൂരത്ത് (സിനിമയല്ല കേട്ടോ) നിന്നും ഞാന്‍ മാറ്റി വെച്ചു.. ഇനി എങ്ങാനും അവന്‍ അബദ്ധത്തില്‍ ആ പാത്രം തട്ടി വീഴ്തെണ്ട എന്ന് വിചാരിച്ചാണ് കേട്ടോ... അല്ലാതെ വേറൊന്നും കൊണ്ടല്ല !!
ഇതില്‍ നിന്നും മനസ്സിലാകുന്ന ഗുണപാഠം എന്തെന്നാല്‍ നിങ്ങള്ക്ക് ബട്ടര്‍ ചിക്കന്‍ ഇഷ്ടപെട്ടിലെങ്കിലും അത് കഴിക്കാതെ ഇരിക്കരുത്. അഥവാ കഴിച്ചില്ലെങ്കില്‍ അടുത്ത പ്രാവശ്യം ഊണ് കഴിക്കാന്‍ പോവുമ്പോള്‍ പരിപ്പുകറി കൂട്ടാതെ നോക്കുക !!