ഇതു ഒരു കൈനെടിക് ഹോണ്ട മേടിച്ചു നമ്മള്‍ തേഞ്ഞ കഥ അല്ല. വഴിയേ കൂടി പോയ ഒരു കൈനെടിക് ഹോണ്ട ഞങ്ങളെ തേച്ച കഥയാണ്.
ഞാനും ദാസപ്പനും കൂട്ടുകാരനെ കണ്ടിട്ട് ബൈക്കില്‍ വരുന്നു. ദാസപ്പന്‍ ഡ്രൈവറും ഞാന്‍ മുതലാളിയും. ബൈക്കില്‍ പൊതുവെ പോവുമ്പോ എല്ലാര്ക്കും ഉള്ള ഒരു അസുഖം ഉണ്ട്. റോഡ് തന്റെ തറവാട്ടു വക ആണെന്നും അവിടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ സ്പീഡില്‍ പോയാല്‍ ഒന്നും സംഭവിക്കില്ലെന്നും പോരാത്തതിന് വഴിയില്‍ നില്‍കുന്ന ചെല്ലക്കിളികള്‍ ഒക്കെ തലവെട്ടിച്ചു നോക്കാന്‍ ഇതിലും പറ്റിയ ഉപായം വേറെ ഇല്ല എന്നൊരു തോന്നല്‍ കാലിന്റെ പെരുവിരലില്‍ നിന്നു തുടങ്ങി ശരീരം മുഴുവന്‍ വ്യാപിച്ചു അവസാനം വലതു കൈയില്‍ എത്തി ചേര്‍ന്ന്‍ ബൈക്കിന്റെ ചെവി പിടിച്ചു തിരിക്കുന്ന രീതിയില്‍ ഒരു വശത്തേക്ക് മാത്രം കൈപ്പത്തി വളയുന്ന അവസ്ഥയില്‍ എത്തിച്ചേരും. അങ്ങനെ ഒരു അവസ്ഥ ദാസപ്പനും സംഭവിച്ചതില്‍ അവനെ കുറ്റം പറയാന്‍ പറ്റില്ലല്ലോ. പിറകില്‍ ഇരിക്കുന്ന ഞാന്‍ പറന്നു പോവുമോ എന്ന് പോലും നോക്കാതെ ദാസപ്പന്‍ ബൈക്ക് കത്തിച്ചു വിടുന്നു.
അങ്ങനെ ഞങ്ങള്‍ ഒരു കേറ്റം കേറുമ്പോള്‍ നമ്മുടെ മുന്നില്‍ ഒരു പെട്ടി ഓട്ടോ അത്യാവശ്യം സ്പീഡില്‍ പോയ്കൊണ്ടിരിക്കുന്നു. ദാസപ്പന് ഇതു കണ്ടു സഹിച്ചില്ല. കേവലം ഒരു പെട്ടി ഓട്ടോക്ക് ഇത്രയും സ്പീഡോ ? ദാസപ്പന്‍ അവന്റെ മര്‍ക്കട മുഷ്ടി ബൈക്കിന്റെ ചെവിയില്‍ പ്രയോഗിച്ചു. ബൈക്ക് ആണെങ്കില്‍ ദയനീയമായി കരയാനും തുടങ്ങി. ഇത്രയും ഭാരം അത് താങ്ങുവല്ലേ (എന്നെ കണക്കില്‍ കൂട്ടണ്ട). അത് വിചാരിക്കുന്നുണ്ടാവും.... " പെട്ടി ഓട്ടോയില്‍ ലോഡ് കേറി പോവെണ്ടാവനോക്കെ ബൈക്ക് ഓടിക്കുന്നു.. കലികാലം".
സ്പീഡ് കൂടുന്നത് മനസ്സിലാക്കി ഞാന്‍ അവനോടു പറഞ്ഞു , " എടാ... എനിക്ക് കുറച്ചു കാലം കൂടി ജീവിക്കാന്‍ ആഗ്രഹം ഉണ്ട്... നീ പതുക്കെ പോ.. ആ ഓട്ടോ പോയ്കോട്ടേ... ഒന്നാമത് കേറ്റം.. അതിന്റെ കൂടെ ദാ ഒരു വളവും വരുന്നു... നീ overtake ചെയ്യുമ്പോ വല്ല വണ്ടിയും എതിര്‍വശത്ത് നിന്നു വന്നാല്‍ അറിയാന്‍ കൂടി പറ്റില്ല... നീ പതുക്കെ പോ മോനേ ദാസപ്പാ !!"
ദാസപ്പന് ഇതു കേട്ടിട്ട് ഒരു കൂസലുമില്ല. അവന്‍ പറയുവാ, " നീ അവിടെ മിണ്ടാതിരി.. ഇതു പോലെ എത്ര വണ്ടികള്‍ ചാടി കടന്നവനാ ഈ ഞാന്‍.. അവിടെ നിന്നു വല്ല വണ്ടിയും വന്നാല്‍ നീ സിഗ്നല്‍ തന്നാല്‍ മതി... നിന്നെ പിന്നെ പിറകില്‍ എന്തിനാ ഇരുത്തിയേക്കുന്നെ ?? "
സിഗ്നല്‍ തരാന്‍ ഞാന്‍ എന്താ ട്രാഫിക് പോലീസോ ? പിറകില്‍ ഇരിക്കുന്ന എനിക്ക് മുന്‍പില്‍ വരുന്ന വണ്ടി കാണാന്‍ പോലും പറ്റില്ല. ഗാസ് കുറ്റിയുടെ പിറകില്‍ ഇരിക്കുന്ന പപ്പടം കുത്തിയുടെ അവസ്ഥയാണ് എനിക്ക് എന്നവന്‍ അറിയുന്നില്ലല്ലോ... വരുന്നതു വരട്ടെ എന്ന് രണ്ടും കല്പിച്ചു ഞാന്‍ ബൈക്കില്‍ അള്ളിപിടിച്ച് ഇരുന്നു. ദാസപ്പന്‍ ആ ഓട്ടോയുടെ വലതു വശത്തൂടെ വണ്ടി പായിക്കാന്‍ തുടങ്ങി. അപ്പോഴേക്കും വളവും എത്തിച്ചേര്‍ന്നു. വരാനുള്ളത് എന്തായാലും കൈനെടിക് ഹോണ്ട പിടിച്ചു വരും എന്ന് അന്ന് ഞങ്ങള്ക്ക് മനസ്സിലായി.
അതാ മുന്‍പില്‍ എവിടുന്നോ ഒരു കൈനെടിക് ഹോണ്ട. കണ്ണടിച്ചു പോവുന്ന ഓറഞ്ച് കളര്‍. അതിന് മുകളില്‍ ഓറഞ്ച് കളര്‍ സാരിയും ചുറ്റി ഒരു അമ്മച്ചി. മൊത്തത്തില്‍ ഒരു ധൂമകേതു വരുന്ന ഇഫക്ട്. ഞങ്ങള്‍ നല്ല സ്പീഡില്‍ കേറ്റം കേറുമ്പോള്‍ അമ്മച്ചി അതിന്റെ ഇരട്ടി സ്പീഡില്‍ ഇറക്കം ഇറങ്ങി വരുന്നു. മുന്‍പില്‍ കൈനെടിക് ഹോണ്ട... പിന്നില്‍ ദാസപ്പന്‍... ദാസപ്പന്‍ - കൈനെടിക് ഹോണ്ട... കൈനെടിക് ഹോണ്ട - ദാസപ്പന്‍ !! അവസാനം അത് സംഭവിച്ചു !!
*പട്ക്ക് *
ഇങ്ങനെ ഒരു ഒച്ച ഞങ്ങളുടെ രണ്ടു പേരുടേയും കാതില്‍ മുഴങ്ങി. ബൈക്കും കൈനെടിക് ഹോണ്ടയും തമ്മില്‍ ചെറുതായി തൊട്ടുരുമി കൊണ്ടു പോയി. ദാസപ്പന്‍ അപ്പോള്‍ തന്നെ വണ്ടി നടുറോഡില്‍ സഡന്‍ ബ്രേക്ക് അടിച്ച് നിര്‍ത്തി. ഞങ്ങളുടെ പിറകെ വന്ന രണ്ടു ബൈക്കുകാരും നിര്‍ത്തി. "നീയൊക്കെ വീട്ടില്‍ പറഞ്ഞിട്ട് തന്നെ ആണോ ഇറങ്ങ്യെ ?" എന്നൊരു ഭാവം അവരുടെ മുഖത്ത്. ദാസപ്പന്‍ ഇഞ്ചി കടിച്ച മങ്കിയെ പോലെ ഒരു ചിരി പാസ് ആക്കി. അത് കഴിഞ്ഞു ഞങ്ങള്‍ പതുക്കെ തല ചരിച്ചു പിന്നിലേക്കു നോക്കി. അമ്മച്ചി ഇനി മലയാളത്തില്‍ ലോക്കല്‍ തെറികള്‍ വിളിക്കുമോ അതോ ഇംഗ്ലീഷില്‍ മോസ്റ്റ് മോഡേണ്‍ തെറികള്‍ പഠിക്കാന്‍ അവസരം കിട്ടുമോ എന്നുള സംശയം മാത്രം. അല്ലാതെ അമ്മച്ചി ഇടി കൊണ്ടു ഓടയില്‍ പോയോ അവര്ക്കു വല്ലതും പറ്റിയോ എന്നല്ല. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച !!
ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നത് പോലെ വന്ന സ്പീഡില്‍ തന്നെ ഇറക്കം ഇറങ്ങി അമ്മച്ചി പോവുന്നു !! ഇടിയുടെ ആഘാതത്തില്‍ സ്പീഡ് അല്പം കൂടി എന്ന് വേണമെന്കില്‍ പറയാം. ഓറഞ്ച് നിറം വളവു തിരിഞ്ഞു കണ്ണില്‍ നിന്നു മായുന്നത് ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി നിന്നു. ഇനി അവര്‍ അവിടെ ചെന്നിട്ടു U- ടേണ്‍ എടുത്തു തിരിച്ചു വന്നു തെറി വിളിക്കുമോ എന്നറിയാന്‍ വേണ്ടി ഞങ്ങള്‍ കുറച്ചു നേരം അവിടെ തന്നെ സ്റ്റോപ്പ് ഇട്ടു എന്തുകൊണ്ടാണ് നിര്‍ത്താതെ പോയത് എന്നതിനെ കുറിച്ചു ഞങ്ങള്‍ ഒരു ഗ്രൂപ്പ് ഡിസ്കഷന്‍ തന്നെ നടത്തി.
ഞാന്‍ : "ഇടി കൊണ്ടത് അവര്‍ അറിഞ്ഞു കാണതില്ലേ ?"
ദാസപ്പന്‍ : "അറിയാതിരിക്കാന്‍ നമ്മള്‍ എന്താ പഞ്ഞിക്കെട്ടിന്റെ പുറത്തു ഇരിക്കുവാണോ ?"
ഞാന്‍ : "ഇനി ഇടി കൊണ്ടപ്പോള്‍ വണ്ടിയുടെ ബ്രേക്ക് പൊട്ടി നിര്‍ത്താന്‍ പറ്റാതെ ഇറക്കത്തിന്റെ താഴെ ഓടയില്‍ പോയി വീണു കാണുമോ ? "
ദാസപ്പന്‍ : "കരിനാക്കെടുത്തു വളക്കാതെടാ !! അതൊന്നും ആയിരിക്കില്ല. ഇവന്മാരൊന്നും നന്നാവാന്‍ പോണില്ല. വെറുതെ വണ്ടി നിര്‍ത്തി തെറി വിളിച്ചു എന്റെ സമയം കളയുന്നത് എന്തിനാ എന്ന് വിചാരിച്ചാരിക്കും !"
കൂടുതല്‍ നേരം നടുറോഡില്‍ സംസാരിച്ച് നിന്നാല്‍ ഇനി വരാനുള്ളത് പാണ്ടി ലോറി പിടിച്ചു വരും എന്ന് മനസ്സിലായ ഞങ്ങള്‍ ഉടന്‍ തന്നെ ഫസ്റ്റ് ഗിയര്‍ ഇട്ടു സ്ഥലം കാലിയാക്കി. ഇടിയുടെ ആഫ്ടര്‍ എഫ്ഫെക്ട്സ് ആയിട്ട് വണ്ടിയില്‍ കുറച്ചു പോറലുകള്‍, കാല്‍മുട്ടില്‍ ചെറിയ വേദന തുടങ്ങിയവ പ്രത്യക്ഷപെട്ടെന്കിലും നമ്മുടെ ടെന്‍ഷന്‍ തീര്നത് പിറ്റേ ദിവസത്തെ പത്രത്തില്‍ "ബൈക്ക് ഇടിച്ചു മധ്യവയസ്ക ആശുപത്രിയില്‍", "ടു വീലെരില്‍ നിന്നു ഓടയിലേക്കു" ഇതില്‍ നിന്നൊക്കെ പുരോഗമിച്ചു
"പട്ടാപകല്‍ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമം
തിരുവനന്തപുരം : കൈനെടിക് ഹോണ്ടയില്‍ ഇറക്കം ഇറങ്ങി വന്ന യുവതിയുടെ മാല ബൈക്കില്‍ കേറ്റം കേറി കൊണ്ടു വന്ന രണ്ടു യുവക്കള്‍ പൊട്ടിക്കാന്‍ ശ്രമിച്ചു പരാജിതരായി.ബൈക്കിന്റെ മുന്നില്‍ ഇരുന്നവന്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ വലതു കൈ കൊണ്ടു മുഖമടച്ചു പട്ക്ക് എന്നൊരു അടി കൊടുക്കുകയും വണ്ടി നിര്‍ത്താതെ ഇറക്കത്തിന്റെ താഴെ ഉള്ള പോലീസ് സ്റ്റേഷനില്‍ ചെന്നു വിവരം അറിയിക്കുകയും ചെയ്തു. മുഖത്തിന്റെ ഇടതു വശം വീങ്ങിയതും കള്ള ലക്ഷണം ഉള്ളതും ആയിട്ടുള്ള ആരെയെങ്കിലും കണ്ടാല്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ് "
ഇങ്ങനെ ഉള്ള വാര്‍ത്തകള്‍ ഒന്നും ഇല്ല എന്ന് ഉറപ്പിച്ചതിനു ശേഷം മാത്രമാണ്. ഇന്നും ഞങ്ങളുടെ മനസ്സില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉണ്ട് ... " എന്ത് കൊണ്ടാണ് അവര്‍ വണ്ടി നിര്‍ത്താതെ പോയത് ?"
Subscribe to:
Post Comments (Atom)
കലക്കി!!! സ്വയം നല്ല ബോധം ആണ്. Tarz ന്റെ ഡ്രൈവിങ്ങ് നു ഇതിനേക്കാള്‍ നല്ല കൊമ്പ്ലിമെന്റ്റ് കിട്ടാനില്ല...
ReplyDeleteTarzan Rocks
ReplyDeleteനന്‍ട്രി കൂട്ടുകാരെ നന്ട്രി !!
ReplyDeleteഗാസ് കുറ്റിയുടെ പിറകില്‍ ഇരിക്കുന്ന പപ്പടം കുത്തിയുടെ അവസ്ഥയാണ് !!! i like this :D
ReplyDeletealla....taarzente okke monthakku adi kittiyittu venda chalunganum ....kallalakshanam potti mulakkanum....!janmana ullathayathu karanam rashkappettu...:D
ReplyDeleteAbhi sir..ee postinte charanam valare nannayittundu ketto...:P