Saturday, February 21, 2009

ഒരു ജിംനെഷിയം വീരഗാഥ ഭാഗം 1

ഒരു ദിവസം എനിക്ക് ഒരു ആഗ്രഹം തോന്നി. എനിക്കും അര്നോല്ട് ശിവശങ്കരനെ പോലെ മസില്‍ ഒക്കെ ഉണ്ടാക്കി എടുക്കണം. ഉടന്‍ തന്നെ ഞാന്‍ ഈ കാര്യം എന്റെ സഹവാസിയായ പ്രദീപിനോട് പറഞ്ഞു. അപ്പോള്‍ അവനും ഉണ്ട് ഒരു ആഗ്രഹം. അര്നോല്ടിന്റെ അത്രയും വേണ്ട, പകരം സല്‍മാന്‍ ഖാന്റെ അത്രയെങ്ങിലും മസില്‍ ഉണ്ടാക്കി എടുത്താല്‍ മതിയെന്ന്. നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാവും - " എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!!" എനിക്ക് കുറ്റിചൂലിന്റെ വണ്ണം ആണെങ്ങില്‍ പ്രദീപിന് ഉലക്കയുടെ ബോഡി ഷേപ്പ് ആണ് (അവന് എന്നെക്കാളും പൊക്കം ഉണ്ടേ, അതാ). എന്നാല്‍ ഞങ്ങള്‍ രണ്ടു പേരും തീരുമാനിച്ചു ഉറപ്പിച്ചു. ഉടന്‍ തന്നെ ഒരു ജിംനെഷിയത്തില്‍ പോയി വ്യായാമം ചെയ്തു തുടങ്ങുക.അങ്ങനെ ഒരു നല്ല ദിവസം രാഹുകാലം ഒക്കെ നോക്കി ഞങ്ങളുടെ താമസ സ്ഥലത്തിന് അടുത്തുള്ള ഒരു ജിമ്മിലേക്ക് വെച്ചു പിടിച്ചു.

വാതില്കല്‍ ഹനുമാന്‍ സ്വാമിയുടെ പടം. "ആഞ്ജനേയാ.... എനിക്ക് ശക്തി തരൂ !!" ഇങ്ങനെ മനസ്സില്‍ ധ്യാനിച്ചു ഞങ്ങള്‍ രണ്ടു പേരും വലതു കാല്‍ വെച്ചു അകത്തേക്ക് കേറി. ജിമ്മിന്റെ ഉടമസ്ഥന്‍ ഒരു തടിയന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങള്‍ ജോയിന്‍ ചെയ്യാന്‍ വന്നതാണെന്ന് അറിയിച്ചപ്പോള്‍ പുള്ളിക്കാരന്‍ ഒന്നു ഞെട്ടിയോ എന്നൊരു സംശയം. സൊമാലിയയില്‍ നിന്നു വന്ന അര്നോല്ടിനെയും സല്‍മാന്‍ ഖാനെയും അങ്ങേരു സൂക്ഷിച്ചു നോക്കി. പിന്നെ ഫീസ് കിട്ടുന്ന കാര്യമല്ലേ എന്ന് വിചാരിച്ചു അങ്ങേരു സമ്മതിച്ചു.

പുറമെ നിന്നു നോക്കിയാല്‍ ചെരുതാനെന്കിലും അകത്തു വിശാലമായ ഷോറൂം ആണെനു മനസ്സിലായി. ആദ്യമായി പെണ്ണ് കാണാന്‍ വന്ന ചെറുക്കനെ പോലെ ഞങ്ങള്‍ ആ ജിം മുഴുവന്‍ ഇന്‍സ്പെക്ഷന്‍ നടത്തി. ഉപകരണങ്ങള്‍, കണ്ണാടി, ടംബെല്‍,മ്യൂസിക് എല്ലാം ഉണ്ട്. സെറ്റപ്പ് കൊള്ളാം!പക്ഷെ അവിടെ വന്നവര്‍ക്കൊക്കെ നമ്മുടെ ഇരട്ടി വണ്ണം. "ഇവര്‍ക്കൊക്കെ ഉള്ള വണ്ണം പോരാഞ്ഞിട്ടാണോ ഇവിടെ വന്നിരിക്കുന്നെ ?"പ്രദീപ് സംശയം പ്രകടിപ്പിച്ചു.
"ഇവരൊക്കെ വണ്ണം കുറക്കാന്‍ വന്നതാടാ !! ഫാറ്റ് ബേണിംഗ് !! ഇവിടെ വണ്ണം കൂട്ടാന്‍ വന്നത് നമ്മള്‍ രണ്ടു പേരു മാത്രമേ ഉള്ളെന്നാ തോന്നണേ. എന്തായാലും സമയം കളയേണ്ട. നമുക്കു പരിപാടികള്‍ തുടങ്ങാം" ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ രണ്ടു പേരും ഓടിച്ചെന്നു ടംബെല്ല്സ് എടുത്തു. "സ്റ്റോപ്പ്!!!" അത് ഒരു അലര്‍ച്ച ആയിരുന്നു. നഴ്സറി പിള്ളേരുടെ പിറകെ ടീച്ചര്‍ ചൂരലുമായി ഓടി വരുന്നതു പോലെ ജിം മാസ്റ്റര്‍ ഓടി വന്നു ഞങ്ങളുടെ കൈയില്‍ നിന്നു ടംബെല്ല്സ് പിടിച്ചു വാങ്ങി. "എന്തോന്നാടാ കാണിക്കുന്നേ ? പോയി വാമപ്പ് ചെയ്യെടാ!!" എന്നിട്ട് കൈയും കാലുമൊക്കെ കൊണ്ടു ഈച്ച, കൊതുക്ക് മുതലായ ക്ഷുദ്രജീവികളെ ഓടിക്കുന്നത് പോലെ കുറെ ആക്ഷന്‍സ് കാണിച്ചു. കഴിച്ചു കൊണ്ടിരുന്ന ഐസ് ക്രീം പാതി വെച്ചു എടുത്തു കൊണ്ടു പോയപ്പോള്‍ ഉള്ള അതെ ഫീലിംഗ്സോടെ നമ്മള്‍ ആ ടംബെല്ല്സിനെ നോക്കി.

"ശ്ശെ !! ഇതൊക്കെ ചെയ്യാന്‍ ഇവിടെ ഫീസും കൊടുത്തു വരേണ്ട വല്ല കാര്യവുമുണ്ടോ ? ഇതു നമ്മള്‍ പണ്ടു നാലാം ക്ലാസ്സില്‍ വെച്ചു വരി വരിയായി നിന്നു ചെയ്ത സംഭവങ്ങള്‍ അല്ലെ ? " പ്രദീപ് ടെസ്പ് ആയി.
"ചിലപ്പോ ഇതൊക്കെ ചെയ്തു കഴിഞ്ഞാല്‍ നമുക്കു ടംബെല്ല്സ് തരുമായിരുക്കും !! വാ തുടങ്ങാം " ഞാന്‍ അവനെ സമാധാനിപ്പിച്ചു.

അങ്ങനെ ഞങ്ങള്‍ കണ്ണാടിക്കു മുന്നില്‍ നിന്നു വാമപ്പ് ചെയ്യാന്‍ ആരംഭിച്ചു. നമ്മുടെ കോപ്രായങ്ങള്‍ കണ്ടു നമുക്കു തന്നെ സഹിച്ചില്ല. അതിനിടെ പ്രദീപ് ഒരു കാര്യം പറഞ്ഞു " എടാ.. ഇവിടെ ലേഡീസ് കൂടി ഉണ്ടായിരുന്നെന്കില്‍ കൊള്ളാമായിരുന്നു. എന്ത് മാത്രം കണ്ണാടികള്‍ ഉണ്ട് ... ഏതെങ്കിലും ഒരു മൂലയില്‍ ഇരുന്നു സുഖമായി വായിനോക്കാം".
ഞാന്‍ : "ഉവ്വുവ്വ് ... കൂടെ വല്ല മെഡിക്കല്‍ സ്ടുടെന്റ്സ് കൂടി വന്നെങ്ങില്‍ നിന്നെ അവര്‍ എപ്പോ എടുത്തോണ്ട് പോയെന്ന് ചോദിച്ചാല്‍ മതി "
പ്രദീപ്: "അതെന്തിനാടാ ? എന്റെ ഗ്ലാമര്‍ കണ്ടിട്ടാണോ ?"
ഞാന്‍ : "അല്ലെടാ... അസ്ഥികൂടത്തിനു പകരമായി നിന്നെ അവിടെ ചില്ലിട്ട് വെക്കും. വേഗം വാമപ്പ് തീര്‍ത്തിട്ട് അടുത്ത പരിപാടി തുടങ്ങണം !!"

അതിനിടെ നമ്മുടെ അടുത്ത് കിടന്ന ഒരു വെയിറ്റ് ചൂണ്ടി കാണിച്ചു ഒരാള് പ്രദീപിനോട് ചോദിച്ചു , " ഇത 10 kg തന്നെ അല്ലെ ? എനിക്ക് 10 kg വേണമായിരുന്നു " പ്രദീപ് സൂക്ഷിച്ചു നോക്കി. പിന്നെ എന്നെയും സൂക്ഷിച്ചു നോക്കി. ഞാന്‍ ഇവന്റെ കൂടെ വന്നവനല്ല ഈ പടത്തില്‍ കാണുന്ന മസില്‍മാന്റെ അനന്തിരവന്‍ ആണെന്ന ഭാവത്തില്‍ പൂര്‍വാധികം ആവേശത്തോടെ വാമപ്പ് തുടര്‍ന്നു. പ്രദീപ് എന്ട്രന്‍സ് പരീക്ഷക്ക്‌ കറക്കി കുത്തുമ്പോള്‍ വിചാരിക്കുന്ന സകല ദൈവങ്ങളെയും ഓര്‍മിച്ചു ഒരു തീരുമാനത്തിലെത്തി. അവന്‍ പിന്നെ കണ്ണും പൂട്ടി ഒരു പറച്ചില്‍ ആയിരുന്നു " എന്താ ചേട്ടാ... ഇതു കണ്ടാല്‍ അറിയില്ലേ ? ഇതു വെറും 10 കിലോ ആണ് !! " ആ മനുഷ്യന്‍ ഒരു താങ്ക്സ്‌ പറഞ്ഞിട്ട് അതില്‍ രണ്ടെണ്ണം എടുത്തു ഒരു റോഡിന്റെ (നീണ്ട കമ്പി) ഇരുവശത്തും എടുത്തു ഇടുന്നു. എന്നിട്ട് കഷ്ടപ്പെട്ട് അത് ഉയര്‍ത്തിയും താഴ്ത്തിയും വ്യായാമം ആരംഭിച്ചു. ചേട്ടന്‍ പുലിയാണല്ലോ എന്ന് നമ്മള്‍ രണ്ടു പേരും മനസ്സില്‍ വിചാരിച്ചു.

അതിനിടെ നമ്മള്‍ ഇപ്പോഴും രണ്ടു കാലില്‍ തന്നെ നില്പുണ്ടോ എന്നറിയാന്‍ വേണ്ടി മാസ്റ്റര്‍ വന്നു. നമ്മുടെ അടുത്ത് നിന്നു ചക്രശ്വാസം വലിക്കുന്ന മനുഷ്യനെ കണ്ടു മാസ്റ്റര്‍ അങ്ങേരുടെ അടുത്ത് പോയി വെയിറ്റ് പോക്കാന്‍ സഹായിക്കുന്നു. എന്നിട്ട് ഇങ്ങനെ ഒരു ഉപദേശവും : " 30 kg ഒക്കെ ആദ്യമേ എടുത്തു പൊക്കി തുടങ്ങ്യാല്‍ എങ്ങനെയാ ? ആദ്യം ചെറിയ വെയിറ്റ് ഇട്ടു തുടങ്ങു !!" പിന്നെ മാസ്റ്റര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഞങ്ങളെ കണ്ടില്ല. ഞങ്ങള്‍ ആ സമയം കൊണ്ടു ജിമ്മിന്റെ അങ്ങേ മൂലയില്‍ എത്തിയിരുന്നു. "എടാ ദ്രൊഹീ... നീ അങ്ങേര്‍ക്കു എടുത്തു കൊടുത്തത് 15 kg ആയിരുന്നെടാ ! മാസ്റ്റര്‍ വന്നില്ലായിരുന്നെന്കില്‍ ഞാന്‍ ഇപ്പോള്‍ കൊലപാതക കുറ്റത്തിന് സമാധാനം പറയേണ്ടി വന്നേനെ !!
"എടാ... അതിന് വെയിറ്റ് വീണു അങ്ങേരു തട്ടിപ്പോയാല്‍ അത് അപകടമരണം അല്ലെ ? അതെങ്ങനെ മര്‍ഡര്‍ ആവും ?" പ്രദീപ് അവന്റെ പോലീസ് ബുദ്ധിയില്‍ തെളിഞ്ഞ സംശയം ചോദിച്ചു.
"പറഞ്ഞതു ശരിയാ.. പക്ഷെ ഞാന്‍ ഉദ്ദേശിച്ചത് അങ്ങേരു ടംബെല്‍ വെച്ചു നിന്നെ തല്ലിക്കൊല്ലുന്ന കാര്യമാ !!"

അപ്പോഴേക്കും മാസ്റ്റര്‍ ഞങ്ങടെ പിറകെ അവിടെ എത്തി. "വാമപ്പ് ഒക്കെ തീര്‍ന്നോ ?". അനുസരണയുള്ള കുട്ടികളെ പോലെ ഞങ്ങള്‍ തലയാട്ടി. "എങ്കില്‍ അടുത്ത പരിപാടി തുടങ്ങാം ". ടംബെല്‍ പ്രതീക്ഷകളെ തകിടം മറിച്ച്‌ കൊണ്ടു മാസ്റ്റര്‍ ഉത്തരവിട്ടു :" പുഷ് അപ്പ് എടുക്കു !!" ഞാനും പ്രദീപും വെട്ടിയിട്ട വാഴ പോലെ നേരെ തറയിലേക്കു വീഴുന്നു. ബോധം പോയതൊന്നുമല്ല കേട്ടോ... പുഷ് അപ് തുടങ്ങുന്നു. അഞ്ചെണ്ണം കുഴപ്പമില്ലാതെ പോയി. പത്തു ആയപ്പോള്‍ കൈയില്‍ ഒക്കെ ചെറിയ വേദന. പതിനഞ്ച് ആയപ്പോള്‍ വേദന കലശലായി. ഇരുപതു ആയപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു : ഇനി പോങ്ങണമെങ്കില്‍ ക്രയിന്‍ വിളിച്ചോണ്ട് വരേണ്ടി വരും. ഞാനും പ്രദീപും കുറച്ചു നേരം ആ പൊസിഷനില്‍ തന്നെ തറയില്‍ കിടന്നു. മാസ്റ്റര്‍ വന്നു തട്ടി വിളിച്ചപ്പോഴാണ് സ്ഥലകാല ബോധം ഉണ്ടായതു.

"നിങ്ങളെന്താ തറയില്‍ കിടന്നു ഉറങ്ങുന്നോ ?? "
"അല്ല മാസ്റ്റര്‍ ... തറയില്‍ വൈറ്റ് മാര്‍ബിള്‍ ആണോ അതോ ബ്ലാക്ക്‌ ടൈല്‍സ് ആണോ എന്ന് നോക്കിയതാ !"
"ഓഹോ... ശെരി ശെരി... എത്ര എണ്ണം എടുത്തു ? "
"ഇരുപതു"
"വെറും ഇരുപതോ ? ഇരുപതിന്റെ 5 സെറ്റ് എടുക്കണം. എന്നിട്ട് എന്നെ വിളിക്ക്"

ഞങ്ങള്‍ വീണ്ടും വീഴുന്നു. ഇപ്പ്രാവശ്യം ചെറിയ ബോധക്ഷയം ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല. വീണ്ടും അങ്കം തുടങ്ങി. എണ്ണം ഇങ്ങനെ പോവുന്നു : 15, 10, 5 ,2 !! ഞാനും പ്രദീപും ഫ്ലാറ്റ്. അവസാനം എങ്ങനെയൊക്കെയോ പരസ്പരം പിടിച്ചു എഴുന്നേറ്റു. "അളിയാ.... ഇന്നത്തേക്ക് മതി. നമുക്കു പോവാമെടാ". നമ്മള്‍ രണ്ടു പേരും പട്ടി കിതക്കുന്നത് പോലെ കിതക്കാന്‍ തുടങ്ങി. അവിടെ ഒരു കുടത്തില്‍ വെച്ചിരുന്ന വെള്ളം പകുതി കുടിച്ചു തീര്ത്തു.മാസ്റ്റര്‍ ഇങ്ങോട്ട് വരുന്നതിനു മുന്പേ നമ്മള്‍ അങ്ങോട്ട ചെന്നു. "മാസ്റ്റര്‍ .... പുഷ് അപ്പ് ഒക്കെ എടുത്തു കഴിഞ്ഞു ... അപ്പൊ പിന്നെ നമ്മള്‍ പോയ്കോട്ടേ ?"
"എന്ത് ?!!! പോവാനോ ? ഇങ്ങനെ മടി പിടിച്ചാല്‍ ശെരിയാവില്ല... നിങ്ങള്‍ ഇങ്ങോട്ട് വന്നെ !! " നമ്മളെ പിടിച്ചു വലിച്ചോണ്ട് ഒരു ഉപകരണത്തിന്റെ മുന്നില്‍ കൊണ്ടു പോയി.

ഞങ്ങള്‍ അറിയാതെ വിളിച്ചു പോയി.... " എന്റെ ഹനുമാന്‍ സ്വാമീ !! "

(തുടരണോ?)

7 comments:

 1. venam venam...Orappayum venam

  ReplyDelete
 2. :D :D :D
  paashanam...!!! athenikku ishtappettu...
  pinne entha samshayam? theerchayyayum thudaranam... :D

  ReplyDelete
 3. Aryanaad Shivashankarooo....?? Ithinu Swapanam ennalla... Athi Moham aanu ennu venam parayaan

  ReplyDelete
 4. ആദ്യമായി പെണ്ണ് കാണാന്‍ പോണ ചെക്കന്മാര്‍ അങ്ങനെ ആണെന്ന് തേപ്പാശനു എങ്ങനെ അറിയാം??
  ഒരു സംശയം കൂടെ, ക്രയിന്‍ കൊണ്ടു വരേണ്ടി വരും എന്ന് പറഞ്ഞത് നിങ്ങളെ പോക്കാന്‍ തന്നാരുന്നോ? അഥവാ ആയിരുന്നെങ്കില്‍ അതിന് ഒരു ക്രയിന്‍ മതിയാവുമോ??

  ReplyDelete
 5. അനില്‍ TG :)
  തുടര്‍ന്നിരിക്കും !!

  ദാസപ്പന്‍ :)
  അതിമോഹങ്ങളില്ലാതെ എന്ത് ജീവിതം ? ;)

  പാഷാണം :)
  ആദ്യമായി പെണ്ണ് കാണാന്‍ പോവുന്നവര്‍ അങ്ങനെ അല്ലെങ്കില്‍ തന്നെയും ഇതു ഒരു സ്ഥിരം പരിപാടി ആക്കാന്‍ ആഗ്രഹിക്കാത്തവര്‍ എന്തായാലും ഇന്‍സ്പെക്ഷന്‍ നടത്തും !!

  ഞങ്ങളെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്താന്‍ മജിഷ്യന്‍ മുതുകാടിനെ വിളിച്ചാലോ എന്ന് ആലോചിച്ചതാ.. പക്ഷെ പുള്ളിക്കാരനെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു ക്രയിനില്‍ ഒതുക്കി !

  ReplyDelete
 6. please read rijurose.blogspot.com (he hee chumma oru advt irikkattei abheee..:P)

  ReplyDelete
 7. പുറമെ നിന്നു നോക്കിയാല്‍ ചെരുതാനെന്കിലും അകത്തു വിശാലമായ ഷോറൂം ആണെനു മനസ്സിലായി. kottayam Ayyappas ennu upayogikkarnnu :D


  @ Dasappan ...
  athimoham avrkkalle .. ninakku thalavidhi with u r ponnathadi :P

  ReplyDelete