Saturday, March 7, 2009

അവള്‍

ഓര്‍ക്കാപ്പുറത്ത് ആയിരുന്നു അവളുടെ വരവ്. ഒരു മുന്നറിയിപ്പ് പോലും തരാതെ. അവളുടെ വരവിനെ കുറിച്ചു പലരും അവനോടു സൂചിപ്പിച്ചിരുന്നു. എന്നാലും ഇത്ര വേഗം അവള്‍ വരുമെന്ന് അവന്‍ പ്രതീക്ഷിച്ചില്ല.

അവന്‍ സന്തുഷ്ടനായിരുന്നു. ജീവിതത്തില്‍ അവന്‍ ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കാന്‍ അവന് കഴിഞ്ഞു .അവളുടെ വരവോടെ അവന്റെ ജീവിതത്തിന്റെ താളം തെറ്റി. അപശകുനങ്ങള്‍ സാധാരണയായി. എല്ലാത്തിനും അവന്‍ അവളെ പഴി ചാരി. അവള്‍ നിശബ്ദയായി അവന്റെ കൂടെ തന്നെ കഴിഞ്ഞു . അവള്ക്ക് അവനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. എല്ലാം സഹിക്കാന്‍ അവള്‍ തയ്യാറായിരുന്നു.

ഓരോ ദിവസം കഴിയുന്തോറും അവന്‍ അവളെ വെറുത്തു കൊണ്ടിരുന്നു. അവര്‍ തമ്മില്‍ വഴക്കുകള്‍ പതിവായി. കൂട്ടുകാരോട് അവന്‍ പരിഹാരം ആരാഞ്ഞു. പക്ഷെ അവര്‍ നിസഹായര്‍ ആയിരുന്നു. പതുക്കെ പതുക്കെ അവന്‍ അവളെ തന്റെ മേല്‍ കൂടിയിരിക്കുന്ന ഒരു ബാധ ആയി കണക്കാക്കി തുടങ്ങി. അവളെ ഒഴിപ്പിക്കാന്‍ അവന്‍ പല വഴികളും തേടി. പക്ഷെ അത് കൊണ്ടു പ്രയോജനം ഒന്നുമില്ലായിരുന്നു.

ദിവസങ്ങള്‍ കഴിയുന്തോറും അവന്‍ ഒരു ഭ്രാന്തനെ പോലെ പെരുമാറാന്‍ തുടങ്ങി. സമൂഹം അവനെ ഒറ്റപ്പെടുത്താന്‍ തുടങ്ങി. അവന് ജോലിയില്‍ ശ്രദ്ധ നഷ്ടപെട്ടു. ഭാവിയെ കുറിച്ചു ചിന്തിച്ചു അവന് ഒരു എത്തും പിടിയും കിട്ടിയില്ല.

ഒരു ദിവസം രാവിലെ അവള്‍ മുഖേന അവന് ഒരു കത്ത് കിട്ടുന്നു. അവനോടു ഒപ്പമുള്ള ജീവിതം അവള്‍ക്കു മതിയായെന്നും അവള്‍ വേറെ ഒരുത്തന്റെ കൂടെ പോവുകയാണെന്നും ആയിരുന്നു ആ കത്തില്‍ നിന്നും അവന്‍ മനസ്സിലാക്കിയത്‌. അവന് അപ്പോള്‍ സന്തോഷം ഒന്നും തോന്നിയില്ല. തന്റെ തകര്‍ച്ച പരിപൂര്‍ണം ആക്കിയിട്ടാണല്ലോ അവള്‍ പോയത്. ഇനി സന്തോഷിച്ചിട്ടെന്തു ചെയ്യാന്‍ ?

കൈയില്‍ ഇരുന്ന പിങ്ക് സ്ലിപ് നോക്കി അവന്‍ നെടുവീര്‍പ്പിട്ടു, "എങ്കിലും എന്റെ സാമ്പത്തിക മാന്ദ്യമേ.......!"

No comments:

Post a Comment