Sunday, March 22, 2009

ഒറിജിനല്‍ തേപ്പ്

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയാല്‍ ഏറ്റവും ആവശ്യമായ ഗുണങ്ങളാണ് 'മള്‍ടിടാസ്കിംഗ്', 'ടീം വര്‍ക്ക്' മുതലായവ.. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങള്‍ കാണണമെങ്കില്‍ കുറച്ചു ബാച്ചിലര്‍ സോഫ്റ്റ്‌വെയര്‍ പുലികള്‍ ജീവിക്കുന്ന മടയില്‍ രാവിലെ 7 മണിക്ക് വന്നു നോക്കണം. എന്റെ റൂമില്‍ മൊത്തം നാല് പേരാണ് താമസിക്കുന്നെ. അതില്‍ ഒന്നാമന്‍ സ്വപ്നത്തിലെ സുന്ദരിയുമായി പഞ്ചാര അടിക്കുമ്പോള്‍ നിലവിളി തുടങ്ങുന്ന അലാറം സ്നൂസ് മോഡ് ആക്കുന്നു. രണ്ടാമന്‍ പല്ലു തേക്കുന്നതിന് ഒപ്പം റോഡില്‍ കൂടി പോവുന്ന പെണ്പിള്ളേരെ വായിനോക്കുന്നു. മൂന്നാമന്‍ അപ്പോഴേക്കും ഷര്‍ട്ട്‌ തേക്കുകയോ ഷൂ തേക്കുകയോ (പോളിഷിംഗ്) ചെയ്യുമ്പോള്‍ നാലാമന്‍ ബാത്ത്റൂമില്‍ നീരാടി തകര്‍ക്കുകയായിരിക്കണം. ഇതിനിടയില്‍ പത്രം വായന, ഷേവിംഗ്, മേക്കപ്പ് തുടങ്ങിയവയ്ക്ക് എക്സ്ട്രാ സമയം കണ്ടെത്തണം.

ഇതില്‍ ഒന്നാമന്റെ റോള്‍ ആണ് ഏറ്റവും പ്രധാനം. പുള്ളിക്കാരന്റെ സ്പീഡ് അനുസരിച്ചാണ് ബാക്കി ഉള്ളവര്‍ റെഡി ആവുന്നത്. ഒന്നാമന്‍ ആയാല്‍ ഉള്ള ഒരു ഗുണം ഒരിക്കലും ലേറ്റ് ആവില്ല, ടെന്‍ഷന്‍ അടിക്കണ്ട, ഒരുങ്ങാന്‍ ഇഷ്ടം പോലെ സമയം കിട്ടും എന്നിവയാണ്. പക്ഷെ മൈനസ് പോയിന്റ് എന്തെന്ന് വെച്ചാല്‍ ബാകി ഉള്ളവരുടെ പെണ്ടിംഗ് ടാസ്ക് ഒക്കെ ചെയ്യേണ്ടി വരും. അതില്‍ സ്ഥിരം കിട്ടുന്ന പണി ഷര്‍ട്ട്‌ തേപ്പു തന്നെ. ഒന്നുകില്‍ ഷര്‍ട്ട്‌ തേച്ചു കൊടുക്കുക, അല്ലെങ്കില്‍ സ്വന്തം ഷര്‍ട്ട്‌ കലെക്ഷനില്‍ നിന്നു ഒരെണ്ണം കൊടുത്തു അഡ്ജസ്റ്റ് ചെയ്യുക.

പണ്ടേ മടിയനായ ഞാന്‍ സാധാരണ മൂന്നാമതോ നാലമതോ ഉണരത്തെ ഉള്ളു. പക്ഷെ ഒരു ദിവസം ഞാന്‍ ആദ്യമേ ഉണര്‍ന്നു. പതിവു പോലെ തേപ്പുകള്‍ എല്ലാം കഴിഞ്ഞു ഞാന്‍ കുളിക്കാന്‍ കേറി. കുളി കഴിഞ്ഞു ഒരുങ്ങാന്‍ തുടങ്ങുമ്പോള്‍ നാലാമനായി ഷാനി എഴുന്നേറ്റു വരുന്നു. ഒരു കള്ളച്ചിരിയുമായി അവന്‍ ഷര്‍ട്ട്‌ എടുത്തു എനിക്ക് തരുന്നു. ചിരിയുടെ അര്ത്ഥം 'തേച്ചു താടാ' എന്നാണെന്ന് മനസ്സിലായി. പക്ഷെ പാവം അറിഞ്ഞില്ല അത് ശെരിക്കും ഒരു തേപ്പു ആയി തീരുമെന്ന്.

നമ്മുടെ റൂമിലെ തേപ്പുപെട്ടി പ്രദീപിന്റെ സ്വത്താണ്. അതിന്റെ ചൂടു കണ്ട്രോള്‍ ചെയ്യുന്നത് എങ്ങനെയാണെന്ന് എനിക്ക് ഇതു വരെ പിടികിട്ടിയിട്ടില്ല. ഓരോ തരം വസ്ത്രങ്ങള്‍ക്കും ഓരോ ചൂടാണല്ലോ വേണ്ടത്. പിന്നെ അതിന്റെ ലൈറ്റ് ചിലപ്പോ കത്തും ചിലപ്പോ കത്തില്ല. അത് കൊണ്ടു തേക്കുന്നതിന് മുന്‍പ് ചൂടു ടെസ്റ്റ് ചെയ്യണം. അതിന് ചെയ്യുന്നത് തേപ്പു ക്ലോത്ത് അഥവാ ഒരു ബെഡ്ഷീറ്റ് ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. അതിന് മുകളില്‍ ആണ് ഡ്രസ്സ് തേക്കുന്നത്. ആ ബെഡ്ഷീറ്റില്‍ തെപ്പുപെട്ടിയുടെ മുന്‍ഭാഗത്തെ കൂര്‍ത്ത അറ്റം വെച്ചു ഒന്നു മുട്ടിച്ചു നോക്കും. അപ്പോള്‍ പുക ഒന്നും വന്നില്ലെങ്ങില്‍ ചൂടു കുഴപ്പമില്ല. ഇനി അവിടം നിറം മാറിയാല്‍ ചൂടു കൂടുതലാണ്. ബെഡ്ഷീറ്റിന്റെ മറ്റൊരു ഭാഗം നനച്ചു വെച്ചിട്ടുണ്ട്. അവിടെ തേപ്പുപെട്ടി കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും ട്രിപ്പ്‌ അടിച്ച് ചൂടു കുറയ്ക്കണം.

ഇങ്ങനെ ചൂടു ടെസ്റ്റ് ചെയ്തു ചെയ്തു ആ ബെഡ്ഷീറ്റില്‍ പലതരം ഡിസൈനുകള്‍ നമ്മള്‍ ഉണ്ടാക്കി. പൂക്കള്‍, റോക്കറ്റ്, അമ്പ്‌, ക്രിസ്മസ് ട്രീ തുടങ്ങിയവ അതില്‍ ചിലത് മാത്രം. ഇത്രയൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇവര്ക്ക് പുതിയൊരു തേപ്പുപെട്ടി മേടിച്ചു കൂടെ എന്ന്. ഓള്‍ഡ് ഇസ് ഗോള്‍ഡ്... നമ്മള്‍ ഇതില്‍ ഉറച്ചു വിശ്വസിക്കുന്നു. പിന്നെ ഇതു വരെ ആ ഉപകരണം കൊണ്ടു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.. എന്ന് വെച്ചാല്‍ ഷാനി അന്ന് ഷര്‍ട്ട്‌ തന്ന ദിവസം വരെ !

അങ്ങനെ തേപ്പുപെട്ടി ചൂടാക്കാന്‍ വെച്ചിട്ട് ഞാന്‍ നോക്കുമ്പോള്‍ ഷാനി വീണ്ടും ചുരുണ്ടു കൂടി കിടക്കുന്നു. എന്നെ ഷര്‍ട്ട്‌ തേക്കാന്‍ ഏല്‍പ്പിച്ചിട്ട് അണ്ണന്‍ വീണ്ടും കിടക്കുവാന് !

"എടാ തെണ്ടി.. എണീക്കെടാ. നിനക്കു സമയം ഇല്ലാന്ന് പറഞ്ഞിട്ട് വീണ്ടും കിടക്കുന്നോ. നിന്റെ ഷര്‍ട്ട്‌ സ്വയം അങ്ങ് തേച്ചാല്‍ മതി !"

"അളിയാ.. അങ്ങനെ പറയരുത്. രാത്രി ഉറക്കം ശെരിയായില്ല. അത് കൊണ്ട. ഒരു അഞ്ചു മിനിറ്റ് കൂടി. നീ ഒന്നു തേച്ചു താടാ. തേക്കാന്‍ നിന്നെ കഴിഞ്ഞേ വേറെ ആരുമുള്ളൂ !!"

അവസാനം പറഞ്ഞതില്‍ ഞാന്‍ വീണു. ആത്മപ്രശംസ എനിക്ക് ഇഷ്ടമല്ല. പക്ഷെ വേറെ ആരെങ്ങിലും പ്രശംസിക്കുന്നത് കേള്‍ക്കാന്‍ എനിക്ക് ഇഷ്ടകുറവ് ഒന്നുമില്ല. അവസാനം ഞാന്‍ സമ്മതിച്ചു.

അതിന്റെ ഹാങ്ങോവറില്‍ ഞാന്‍ ഷര്‍ട്ട്‌ എടുത്തു ഒന്നു കുടഞ്ഞിട്ടു ബെഡ്ഷീറ്റിന്റെ പുറത്തു നിവര്‍ത്തി വെച്ചു. എന്നിട്ട് തേപ്പുപെട്ടി എടുത്തു ഒരു അമര്‍ത്തു കൊടുത്തു.

എന്തോ കരിഞ്ഞ ഒരു മണം എന്റെ മൂക്ക് തുളച്ചു കേറുന്നു. ഇതാരാ രാവിലെ തണ്ടൂരി ഉണ്ടാക്കണേ എന്ന് ഞാന്‍ വെറുതെ ആലോചിച്ചു. ഇനി വയറു കരിഞ്ഞു ഉണ്ടാവുന്ന മണം ആണോ?എന്തായാലും വേഗം ഷര്‍ട്ട്‌ തേച്ചിട്ട് വേണം ബാക്കി പരിപാടികള്‍ ചെയ്യാന്‍.

ഞാന്‍ തേപ്പുപെട്ടി നീക്കാന്‍ ശ്രമിച്ചു. ഹച്ച് പരസ്യത്തിലെ പട്ടിയെ പോലെ തെപ്പുപെട്ടിയുടെ പിന്നാലെ ഷര്‍ട്ടും നീങ്ങുന്നു. തേപ്പുപെട്ടി പൊക്കിയപ്പോള്‍ ഇണ പിരിയാത്ത സുഹൃത്തിനെ പോലെ ഷര്‍ട്ട്‌ ഉം കൂടെ വരുന്നു.സംഭവം ഇങ്ങനെ : കത്തിച്ച സാംബ്രാണി തിരിയുടെ അറ്റം ഒരു പ്ലാസ്റ്റിക് കവറില്‍ വെച്ചാല്‍ ഉരുകി തുള വീഴുമല്ലോ. അത് പോലെ ചുട്ടു പഴുത്ത തേപ്പുപെട്ടി ഷാനിയുടെ ഷര്‍ട്ടിന്റെ പോക്കറ്റ് ഏതാണ്ട് മുഴുവനും ഉരുക്കി നെഞ്ചുംകൂട് തകര്ത്തു അകത്തേക്ക് പ്രവേശിച്ചു കൊണ്ടു ഇരിക്കുന്നു.

ഞാന്‍ ഉടന്‍ തന്നെ സ്വിച്ച് ഓഫ് ചെയ്തു. തേപ്പുപെട്ടി ഷര്‍ട്ടില്‍ നിന്നു പറിച്ചെടുത്തു. പോക്കറ്റ് പകുതി മാത്രം ഉടുപ്പില്‍ ബാക്കി ഉണ്ട്. അതും ഒന്നു ഊതിയാല്‍ പറന്നു പോവുന്ന രീതിയില്‍ ഇരിക്കുന്നു. പരിഹാരക്രിയ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് അനാലിസിസ്‌ നടത്തി. ഒരു മാര്‍ഗം മാത്രമെ അവസാനം കിട്ടിയുള്ളൂ. പകരം വേറെ ഷര്‍ട്ട്‌ കൊടുക്കുക. തേപ്പിന്റെ ആഫ്ടര്‍ ഇഫക്ട് അത്ര മാത്രം ഭീകരമായിരുന്നു

അപ്പോഴേക്കും ഷാനി തലയും ചൊറിഞ്ഞു കൊണ്ടു വന്നു.

"എന്തായി അളിയാ ? തേച്ചു കഴിഞ്ഞോ ?

ഷര്‍ട്ട്‌ മടക്കി വെച്ചിരിക്കുന്നത്‌ കൊണ്ടു ഞാന്‍ ചെയ്ത കലാപരിപാടികള്‍ അവന്‍ കണ്ടില്ല.

"ഉം... തേച്ചു !"

"നല്ലോണ്ണം തേച്ചോ ഡാ ?"

"പിന്നെ ... നല്ലോണം തേച്ചു. എന്റെ ജീവിതത്തില്‍ ഇത്രയും നന്നായി ഞാന്‍ തേച്ചിട്ടില്ല"

ഷാനിക്ക് ആ ഡയലോഗില്‍ എന്തോ പന്തികേട്‌ തോന്നി. അവന്‍ സംശയത്തോടെ എന്നെയും ഷര്‍ട്ട്‌നെയും മാറി മാറി നോക്കി.

"നീ ആ ഷര്‍ട്ട്‌ ഇങ്ങു തന്നെ. ഞാന്‍ ഒന്നു നോക്കട്ടെ !"

ഞാന്‍ മടിച്ചു മടിച്ചു ഷര്‍ട്ട്‌ അവന് കൊടുത്തു. അവന്‍ ഷര്‍ട്ട്‌ മേടിച്ചു ആഞ്ഞു ഒന്നു കുടഞ്ഞു. ഷര്‍ട്ട്‌ ന്റെ പോക്കറ്റ് തെറിച്ചു പോവുന്നു. ഷാനി 2 ഷര്‍ട്ട്‌ അര മീറ്റര്‍. ഷര്‍ട്ട്‌ 2 പോക്കറ്റ് രണ്ടു മീറ്റര്‍. ഷാനി 2 ഞാന്‍ അമ്പതു മീറ്റര്‍. അതായത് ഞാന്‍ അപ്പോഴേക്കും റൂമില്‍ നിന്നിറങ്ങി മെയിന്‍ റോഡില്‍ എത്തി കഴിഞ്ഞു .

തേഞ്ഞ ഷര്‍ട്ട്‌ നു പകരം വേറെ ഒരു ഷര്‍ട്ട്‌ കൊടുത്തു ഷാനിയെ സമാധാനിപ്പിച്ചു. അന്ന് എല്ലാവരും കൂടി ചേര്ന്നു ഒരു തീരുമാനം എടുത്തു. എത്രയും പെട്ടെന്ന് പുതിയ തേപ്പുപെട്ടി മേടിക്കണം എന്നല്ല കേട്ടോ. എന്തൊക്കെ സംഭവിച്ചാലും ഷര്‍ട്ട്‌ തേക്കാന്‍ എന്നെ മാത്രം ചുമതലപ്പെടുതരുത് !

4 comments:

  1. വോണ്ടെര്‍ഫുള്ള്‌ ....!! നീ അതി പരാക്രമി ആയ ഒരു തെപ് ആണ് എന്നു ഇപ്പോള്‍ മനസിലായി..!!!

    ReplyDelete
  2. entammo... kidu thepayi poyi mashe..

    ReplyDelete
  3. Ente roomilum undarunnu ithu poley orennam..avasaanam nammadeyonnum theppu sahikkan vayyanju athu Swamedhayaa Adichu Poyi..pinne innevare avan choodayittilla..ennum njan kuthi nokkum..oru alpum choodu avanu tharan kazhinjirunnenkil ennu..enthu parayan...closetil veena palliye poley vikararahithamaaya oru iruppanu avanu...Ente nenchakam kathum..njan appozhe oori petteelottu ketti bhadramaayi kondu veykkum..

    ReplyDelete
  4. @ ദാസപ്പന്‍
    ഇപ്പോഴേ മനസ്സിലായതെ ഉള്ളോ ?

    @anonymous
    ആദ്യത്തെ അനോണി കമന്റ് നു താങ്ക്സ്

    @TG
    നീ അത് വെച്ച് എന്താടാ ചെയ്തത് ? സത്യം പറ !

    ReplyDelete