Sunday, March 15, 2009

അബദ്ധം

മനോഹരമായ ഒരു വെള്ളച്ചാട്ടം. അതിന് അടുത്തായി ഞാന്‍ ഒരാളെ കാത്തു നില്‍ക്കുവാണ്. ആരെയാ ? ആ എനിക്കും അറിയില്ല. എന്നാലും ഇതു വരെ കണ്ടിട്ടില്ലാത്ത ഒരാളെ കാണാന്‍ വേണ്ടി വെയിറ്റ് ചെയ്യുക എന്നത് തന്നെ ഒരു ത്രില്‍ ഉള്ള കാര്യമല്ലേ ? കേട്ടിട്ടില്ലേ ? കണ്ടത് മനോഹരം.. കാണാത്തത് അതിമനോഹരം !

അങ്ങനെ ഒരു സുന്ദര സ്വപ്നത്തിന്റെ ചിറകില്‍ ഞാന്‍ ആ ആപരിചിത (അതെ.. കണ്ട അപരിചിതന്മാരെയൊക്കെ വെയിറ്റ് ചെയ്തു നില്ക്കാന്‍ എന്റെ തലയില്‍ കൂടി തീവണ്ടി ഓടുവാണോ ?) വരുന്ന ശബ്ദവും കാതോര്‍ത്തു അങ്ങനെ നില്ക്കുന്നു.

അപ്പോള്‍ ഞാന്‍ കേട്ടു. വെള്ളത്തില്‍ കൂടി ചില്‍ ചില്‍ ശബ്ദം ( വെള്ളത്തില്‍ അങ്ങനെ ഒരു ശബ്ദം കേള്‍കുമോ എന്നല്ലേ നിങ്ങളുടെ സംശയം. ആക്ച്വലി ബ്ലും ബ്ലും എന്നാ കേള്‍ക്കുക. പക്ഷെ ആ ശബ്ദത്തിന് ഒരു റൊമാന്റിക്‌ മൂഡ് ഇല്ല.. ഏത് ?). ആരാണ് വരുന്നതു ? ഐശ്വര്യ റായി ആണോ ? ഞാനും ഒരു അഭിഷേക് ആണല്ലോ.

ആഹാ... ഞാന്‍ നില്ക്കുന്ന പാറക്കെട്ടിന്റെ അപ്പുറത്ത് നിന്നാണ് ശബ്ദം. ഞാന്‍ ശ്രദ്ധിച്ചു. ചില്‍ ചില്‍ ശബ്ദം നിലച്ചു. ഞാന്‍ പതുക്കെ പാറയുടെ മറുവശത്തേക്ക് നടന്നു. വെള്ളച്ചാട്ടത്തിനു വളരെ അടുത്തായത് കാരണം ചിതറി തെറിക്കുന്ന വെള്ളത്തുള്ളികള്‍ എന്റെ മുഖത്ത് വീണു എനിക്ക് രോമാഞ്ചം വന്നു. അപ്പുറത്ത് ചുവന്ന ഡ്രസ്സ് ഇട്ടു ഒരു പെണ്കുട്ടി. തിരിഞ്ഞു നില്‍ക്കുവാണ്. അത് കാരണം മുഖം നേരെ കാണാന്‍ വയ്യ. വെള്ളം വീണു ആകെ നനഞ്ഞു കുതിര്‍ന്നു നില്ക്കുന്നു.

"അഭീ... എനിക്ക് ഒരു അബദ്ധം പറ്റി !!"

ഈശ്വരാ... ഇങ്ങനെ ഒരു ടയലോഗ് ഞാന്‍ പ്രതീക്ഷിചില്ലല്ലോ. ഞാന്‍ അതിവേഗം ബഹുദൂരം പിന്നോട്ട് നടക്കാന്‍ തുടങ്ങി.

"ഡാ അഭീ.. പ്രശ്നമാണെന്ന് !!"

ഞാന്‍ ചുവടു മാറ്റി. നടത്തം ടു ഓട്ടം. ഞാന്‍ വിളിച്ചു കൂവി, " ഞാന്‍ അല്ല ഇതിന് ഉത്തരവാദി ! എന്നെ വെറുതെ വിടൂ !!"

അവള്‍ അടുത്തെത്തി കഴിഞ്ഞു . എന്റെ തോളില്‍ ആ തണുത്ത സ്പര്‍ശം എനിക്ക് അനുഭവപ്പെട്ടു.

"നീ അല്ലെന്നു എനിക്കറിയാം. പക്ഷെ പറ്റി പോയി. നീ സഹായിക്കണം !"

എന്ത് ? ഞാന്‍ ഉത്തരവാദി അല്ലാത്ത പ്രശ്നങ്ങള്‍ ഞാന്‍ എന്തിന് ചുമക്കണം ? നോ ചാന്‍സ് ! ഞാന്‍ പറഞ്ഞു. "ഇല്ല ... നെവര്‍.. നഹി. നീ സ്വയം പരിഹരിച്ചാല്‍ മതി"

"ഫ പട്ടി !!"

ശബ്ദത്തിന് ഒരു മാറ്റം. ഇവള്‍ക്ക് മിമിക്രിയും അറിയാമോ? എന്റെ സഹമുറിയന്‍ വിനുവിന്റെ അതേ ശബ്ദം. ഇനി വിനു ആണോ ഉത്തരവാദി ? എന്റെ മനസ്സില്‍ സംശയങ്ങളുടെ വേലിയേറ്റം.

വെള്ളച്ചാട്ടത്തിനു വളരെ അടുത്തെത്തിയത് കൊണ്ടാവും ശരീരം മൊത്തം നനയുന്നത് പോലെ ഒരു ഫീലിംഗ്. "സ്വപ്നം കണ്ടോണ്ട് കിടക്കാതെ എഴുന്നെല്‍ക്കെടാ !" ഇങ്ങനെ ഒരു അലര്‍ച്ചയും നടുവിന് ഒരു ചവിട്ടും ഒരുമിച്ചായിരുന്നു. കണ്ണ് തുറന്നു നോക്കുമ്പോള്‍ കണ്ട കാഴ്ച.

വിനു ഒരു ചുവന്ന തോര്‍ത്തും കെട്ടി നനഞ്ഞ കോഴിയെ പോലെ നില്ക്കുന്നു. പോലെ അല്ല മൊത്തത്തില്‍ നനഞ്ഞിട്ടുണ്ട്. ഇവനും എന്റെ സ്വപ്നത്തില്‍ ഉണ്ടായിരുന്നൊ ? ഞാന്‍ കണ്ടില്ലല്ലോ.

"എന്താടാ മിഴിച്ചു നോക്കുന്നെ ? എത്ര നേരമായി നിന്നെ ഞാന്‍ വിളിക്കുന്നു. ഉറക്കത്തില്‍ പിച്ചും പേയും പറയുന്നതല്ലാതെ കണ്ണ് തുറക്കാത്ത ശവം. എഴുന്നെല്‍ക്കെടാ. !"

ഞാന്‍ കണ്ണ് തിരുമ്മി അടുത്തിരുന്ന മൊബൈല് എടുത്തു നോക്കി. സമയം രാത്രി 10:30. എനിക്ക് ദേഷ്യം വന്നു. നല്ലൊരു സ്വപ്നം ഇങ്ങനെ സ്ക്രിപ്റ്റ് തിരുത്തി എഴുതി അവാര്‍ഡ് പടം ആക്കിയ ദുഷ്ടാ !

"എന്താടാ ഈ പാതിരാക്ക്‌ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ? " ഞാന്‍ ദേഷ്യത്തില്‍ ചോദിച്ചു.

"എടാ.. ബാത്ത് റൂമിലെ പൈപ്പ് അടയുന്നില്ല. അത് നേരാവണ്ണം അടയാത്തത് കൊണ്ടു ഞാന്‍ ഒന്നു മുറുക്കി നോക്കിയതാ. അതിന്റെ പിരി പോയെന്നാ തോന്നണേ. ഇപ്പൊ ഒരു വിധത്തിലും അടയുന്നില്ല. നമുക്കു അത് നന്നാക്കണം !"

ആഹാ.. അപ്പൊ അതാണ്‌ അബദ്ധം. ഞാന്‍ എന്തൊക്കെ ആലോചിച്ചു കൂട്ടി. പ്ലംബിംഗ് തൊഴിലില്‍ എനിക്കുള്ള എക്സ്പീരിയന്‍സ് ഞാന്‍ ഒന്നു വിശകലനം ചെയ്തു. പണ്ടു സ്കൂളില്‍ പഠിക്കുമ്പോ വീട്ടില്‍ ഒറ്റക്കായിരുന്ന സാഹചര്യത്തില്‍ അടുക്കളയിലെ പൈപ്പ് നേരാവണ്ണം അടയാത്തത് ഞാന്‍ ശ്രദ്ധിച്ചു. വെള്ളം പാഴാക്കരുതെന്ന ഉപദേശം മനസ്സില്‍ വന്നത് കൊണ്ടു അല്പം ബലം പ്രയോഗിച്ചു അത് അടക്കാന്‍ ശ്രമിച്ചപ്പോള്‍ പഴകി ദ്രവിച്ച ആ പൈപ്പ് പൊട്ടി കൈയില്‍ ഇരിക്കുന്നു. 'ഐ അം എ കോമ്പ്ലാന്‍ ബോയ്' എന്ന് അന്ന് എനിക്ക് മനസ്സിലായി. പിന്നെ കത്തി, സ്പൂണ്‍ മുതലായ സാമഗ്രികള്‍ കൊണ്ടു പൊട്ടിയ പൈപ്പ് അടക്കാന്‍ ശ്രമിച്ചതും ഫെവിക്വിക് ഉണ്ടായിരുന്നെന്കില്‍ അപ്പോള്‍ തന്നെ പൊട്ടിയ പൈപ്പ് ഒട്ടിക്കാന്‍ പറ്റുമായിരുന്നു എന്ന് ചിന്തിച്ചതും ഞാന്‍ ഇന്നലെ നടന്നത് പോലെ ഓര്ത്തു. അവസാനം തിരുവനന്തപുരം നഗരത്തെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടി ഞാന്‍ വീട്ടുകാരെ ഫോണ്‍ വിളിച്ചു മെയിന്‍ വാല്‍വ് എവിടെയാണെന്നു മനസ്സിലാക്കി അടച്ചപ്പോള്‍ ധീരതക്കുള്ള അവാര്‍ഡ് പ്രതീക്ഷിച്ചത് തെറ്റാണോ? ഈ എക്സ്പീരിയന്‍സ് വച്ചോണ്ട് പൈപ്പ് നന്നാക്കാന്‍ പോവണോ?

"എടാ.. അത് വേണോ? ഇപ്പൊ എന്തെങ്ങിലും വെച്ചു അത് അടക്കാം. നമുക്കു നാളെ പ്ലംബറെ വിളിക്കാം. അത് പോരെ ?" ഞാന്‍ ദയനീയമായി ചോദിച്ചു.

"നീ ഇങ്ങനെ പേടിച്ചാലോ? ഇതൊക്കെ സിമ്പിള്‍ അല്ലെ ? എനിക്ക് ഒറ്റയ്ക്ക് ചെയ്യാവുന്നതെ ഉള്ളു. പിന്നെ നിനക്കു കണ്ടു പഠിക്കാലോ. അതിനാ നിന്നെയും വിളിച്ചേ."

ഉവ്വുവ്വ്. ഇതിപ്പോ ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞതു പോലെ ആവുമല്ലോ ദൈവമേ.ഉറക്കവും പോയി.

ഞങ്ങള്‍ ബാത്ത് റൂമിലേക്ക്‌ നടന്നു. സംഭവം ശെരിയാ. പൈപ്പ് അടയുന്നില്ല. അങ്ങോട്ട് തിരിച്ചാല്‍ അങ്ങോട്ട്. ഇങ്ങോട്ട് തിരിച്ചാല്‍ ഇങ്ങോട്ട്. ചാടിക്കളിക്കെടാ കൊച്ചിരാമാ സ്റ്റൈല്‍.

"ആദ്യം ഇതിന്റെ മുകള്‍ ഭാഗം തുറക്കണം. എന്നിട്ട് വേണം ഇതു പാര്‍ട്ട് പാര്‍ട്ട് ആയിട്ട് അഴിച്ചെടുക്കാന്‍."

ചുമരില്‍ ചാരി നിന്നു ഉറക്കം തൂങ്ങിയ എന്നെ നോക്കി വിനു പറഞ്ഞു," പോയി സ്ക്രൂ ഡ്രൈവര്‍ എടുത്തോണ്ട് വാടാ"

മനസ്സില്ലാമനസ്സോടെ ഞാന്‍ ഞാന്‍ എടുത്തോണ്ട് വന്നു. എന്തായാലും ഞാന്‍ റിപെരിംഗ് പണിയില്‍ എര്‍പെടില്ല എന്ന് നേരത്തെ അവനോടു പറഞ്ഞു. തിരുവനന്തപുരം നഗരത്തെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിച്ചതിന് അവാര്‍ഡ് കിട്ടാത്തതിന്റെ പ്രതിഷേധം ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തി. അത് കൊണ്ടു എന്റെ പണി എന്തെന്ന് വെച്ചാല്‍ വെളിച്ചം വീശുക..അതായത് പൈപ്പ് ന്റെ അകത്തേക്ക് ടോര്‍ച്ച് അടിച്ച് കൊടുക്കുക. സ്വസ്ഥം സുഖം.

അങ്ങനെ വിനു പണി ആരംഭിക്കുന്നു. ആദ്യം സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചു മുകള്‍ ഭാഗം സോഡയുടെ അടപ്പ് പൊട്ടിക്കുന്ന ലാഘവത്തോടെ ഊരുന്നു.

പിശ്ശ്ശ്ശ്ശ്ശ്ശ്ഷ്

ദീപാവലിക്ക് പൂക്കുറ്റി കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന അതേ ഇഫക്ട്. തീപ്പോരിക്ക് പകരം വെള്ളം ആണെന്ന് മാത്രം. ഒരു കുട എടുക്കാമായിരുന്നു എന്ന് ഞാന്‍ അപ്പോള്‍ വിചാരിച്ചു.

വിനുവിന് ഇതൊന്നും പൂക്കുറ്റി സോറി പുത്തരിയല്ല. അവന്‍ അതിന് മുകളില്‍ കൈ അമര്‍ത്തി പിടിച്ചു. ഇപ്പോള്‍ പൂക്കുറ്റി തറച്ചക്രം ആയി മാറി. 90 ഡിഗ്രിയില്‍ പുറത്തേക്ക് വന്നു കൊണ്ടിരുന്ന വെള്ളം എത്ര പെട്ടെന്നാണ്‌ 360 ഡിഗ്രി ആയതു. പണ്ടേ ഇവന്‍ കണക്കില്‍ മിടുക്കനാ. അങ്ങനെ വെള്ളത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ മെട്രിക്സ് സിനിമയില്‍ നായകനെ പോലെ ഒരു ശ്രമം നടത്തിയെന്കിലും ഗുരുത്വാകര്‍ഷണം എന്നൊരു സംഭവം ഉള്ളത് കൊണ്ടു ഞാനും വെള്ളതുള്ളികളും തറയില്‍ കൃത്യമായി ലാന്‍ഡ്‌ ചെയ്യുന്നു.

"തറയില്‍ കിടന്നു ഉറങ്ങാതെ എഴുന്നേറ്റു വന്നു ടോര്‍ച്ച് അടിച്ച് താടാ" വിനു അക്ഷമനായി.

ഇവന്‍ എന്നെയും കൊണ്ടേ പോവു‌.. ഞാന്‍ മനസ്സില്‍ ഓര്ത്തു.

വിനു പിന്നെയും എന്തൊക്കെയോ ചെയ്യുന്നു. പൂക്കുറ്റി, തറച്ചക്രം പിന്നെ ഇടയ്ക്കിടയ്ക്ക് റോക്കറ്റ് (കൈയിന്റെ ചെറിയ ഗാപിലൂടെ വെള്ളം ചീറ്റുന്നത് ) തുടങ്ങിയവ വിനു വിക്ഷേപിച്ചു കൊണ്ടിരുന്നു. ഇവന്‍ എന്താണ് ചെയ്യുന്നതെന്ന് ഇവന് അറിയാമോ എന്തോ. അതിനിടക്ക് ഞാന്‍ മിനിമം ഒരു മൂന്നു കുളി എങ്കിലും കുളിച്ചു കഴിഞ്ഞു .

അവസാനം വിനു പൈപ്പ് ന്റെ മുകള്‍ ഭാഗം അടക്കുന്നു. ആശ്വാസമായി. ഇനി വെള്ളം നേരെ താഴോട്ടു മാത്രമല്ലെ പോവു‌. എന്നിട്ട് പതുക്കെ പൈപ്പ് അടക്കാന്‍ തുടങ്ങുന്നു. വെള്ളത്തിന്റെ പുറത്തേയ്ക്കുള്ള തോത് കുറഞ്ഞു വരുന്നു. എനിക്ക് വയ്യ. ഇവന്‍ ഇതു ശരിയാക്കിയെന്നോ ? ഒരു മണിക്കൂര്‍ നീണ്ട അധ്വാനം വെറുതെ ആയില്ല.അങ്ങനെ കറക്കി കറക്കി അങ്ങ് അറ്റം എത്തുന്നു. വെള്ളം ഏതാണ്ട് നിന്നു. ഇപ്പൊ തുള്ളി തുള്ളിയായി മാത്രം പുറത്തേക്ക്. വിനു എന്നെ അഭിമാനത്തോടെ നോക്കി. പിന്നെ തുള്ളികളെ കൂടി നിര്‍ത്താന്‍ വേണ്ടി വിനു പതുക്കെ ഒന്നു കൂടെ പൈപ്പ് തിരിക്കുന്നു.

ക്ടിന്‍ ! പൈപ്പ് വീണ്ടും ചാടിക്കളിക്കെടാ കൊച്ചിരാമാ !!

ഞാന്‍ അപ്പോള്‍ തന്നെ ടോര്‍ച്ച് വിനുവിനെ എല്പിചോണ്ട് പറഞ്ഞു " ഇനി മോന്‍ തന്നെ ഇരുന്നു ശരിയാക്കിയാല്‍ മതി. ഇനിയും കുളിക്കാന്‍ എനിക്ക് മനസ്സില്ല !"

റൂമില്‍ കിടന്ന കുറച്ചു പ്ലാസ്റ്റിക് കവറുകള്‍ എടുത്തു പൈപ്പ് ന്റെ വായ മൂടി കെട്ടുന്നു. പിന്നെ വിനുവിന്റെ വായ മൂടിക്കെട്ടാന്‍ എന്റെ വക ഒരു ഫ്രീ ഉപദേശവും :"അറിയാത്ത പണിക്കു പോവുന്നതിനെ അബദ്ധം എന്നല്ല മണ്ടത്തരം എന്നാ വിളിക്കുന്നെ"

വാല്‍ക്കഷ്ണം : പിറ്റേ ദിവസം പ്ലംബറെ വിളിച്ചു വരുത്തി. പുള്ളിക്കാരന്‍ പുതിയ പൈപ്പ് മേടിക്കുന്നു. ഫിറ്റ് ചെയ്യുന്നു. ടോട്ടല്‍ കോസ്റ്റ് : Rs.50/-

7 comments:

  1. Ninte swapanam Kollaam..!! Sathyam parayeda..!! aarada aval..!!!!

    ReplyDelete
  2. പാഷാണം :)

    അനില്‍ TG :)

    വിന്‍സ് :)
    ബ്ലോഗ് സന്ദര്‍ശിച്ചതില്‍ സന്തോഷം !!

    ദാസപ്പന്‍ :)
    അജ്ഞാത സുന്ദരി !! മനസ്സിലായാ ?

    ReplyDelete
  3. സംഭവത്തിനെ ഒന്നു മിനുക്കില്ലേ...
    നല്ല ഗ്ലാമര്‍ ആയി ഇപ്പൊ...
    പിന്നെ... അത് കൊച്ചി രാമനാണോ? കുഞ്ഞി രാമന്‍ അല്ലെ???

    ReplyDelete
  4. കൊച്ചായാലും കുഞ്ഞായാലും ചാടുന്നുണ്ടല്ലോ !

    ReplyDelete