Thursday, March 26, 2009

ഉത്തരവാദിത്വം

"ഇതെന്തോന്നാ ഉണ്ടാക്കി വെച്ചിരിക്കുന്നെ? ഇങ്ങനെ ആണോ ചായ ഉണ്ടാക്കണേ?"
" അത്... പിന്നെ.. തേയില തീരാറായി. ഇന്നത്തേക്ക് ക്ഷെമിക്കൂ"

"ശെരി ശെരി... എന്താണ് കഴിക്കാന്‍ ഉണ്ടാക്കിയത് ?"
"ദോശ ... പിന്നെ ചമ്മന്തി ഇപ്പൊ ഉണ്ടാക്കി തരാം"

".. പിന്നെയും ദോശ.. ദോശയും പുട്ടും അല്ലാതെ വേറൊന്നും ഉണ്ടാക്കരുത്. അതാവുമ്പോ കഷ്ടപാടോന്നുമില്ലല്ലോ "
"നാളെ ഇഡലി ഉണ്ടാക്കാം... ഉറപ്പ് !"

***** ബ്രേക്ക്ഫാസ്റ്റ്നു ഒരു ചെറിയ ബ്രേക്ക് *****

"വൈകിട്ട് കുട്ടികള്‍ സ്കൂളില്‍ നിന്നു വരുമ്പോള്‍ അവര്ക്കു കഴിക്കാന്‍ എന്തെങ്കിലും കൊടുക്കണം. അത് കഴിഞ്ഞു അവരെ ടുഷന്‍ ക്ലാസ്സില്‍ കൊണ്ടു വിടണം"
"ശെരി"

"വൈകുന്നേരം ഞാന്‍ വരാന്‍ അല്പം ലേറ്റ് ആകും. മാര്‍ക്കെറ്റില്‍ ഒന്നു പോവണം. ഇവിടെ എല്ലാം തീരാറായി ഇരിക്കുവാണല്ലോ. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കിയോ?"
"ഉണ്ടാക്കി.. ദാ ലിസ്റ്റ്"

"വീടൊക്കെ അഴുക്കായി കിടക്കുവാ. റൂമൊക്കെ തൂത്ത് വാരണം. പിന്നെ സമയം കിട്ടിയാല്‍ തറ തുടയ്ക്കാനും മറക്കേണ്ട"
"ശെരി"

"ഇതാ കറന്റ് ബില്‍, ഫോണ്‍ ബില്‍ എന്നിവ അടയ്ക്കാനുള്ള കാശ്. ചില്ലറ ഇല്ലാത്തതു കൊണ്ടു കൃത്യം പൈസ തരാന്‍ നിവര്‍ത്തി ഇല്ല.ബാക്കി കാശ് ഞാന്‍ വൈകുന്നേരം വരുമ്പോ തിരികെ തരണം "
"ആയിക്കോട്ടെ"

"അപ്പൊ ഞാന്‍ ഇറങ്ങുവാ"
"അതെ.. എനിക്ക് ഒരു കാര്യം..."

"ശോ... പിന്നില്‍ നിന്നു വിളിക്കരുതെന്നു ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.. എന്താണാവോ ?"
"നടുവേദനക്കുള്ള കുഴമ്പ്... "

".. എനിക്ക് ഓര്‍മയുണ്ട്. വൈകിട്ട് വൈദ്യശാലയില്‍ നിന്നും ഞാന്‍ കൊണ്ടു വരാം. സന്തോഷമായോ?"
"മതി.. സന്തോഷം"

"അപ്പൊ പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ. വൈകുന്നേരം കാണാം. "
........

സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആയ ഭാര്യ ഓഫീസിലേക്കും IT കമ്പനിയില്‍ നിന്നു പുറത്താക്കപ്പെട്ട ഭര്‍ത്താവ് അടുക്കളയിലേക്കും നീങ്ങുന്നു !

Monday, March 23, 2009

ബൈക്ക് തേപ്പ്

കോളേജില്‍ എന്റെ സുഹൃത്ത് ഹരികൃഷ്ണന്‍ ആണ് എന്നെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചത്. ബൈക്ക് മേടിച്ചതിനു ശേഷം കുറച്ചു കാലം എന്റെ ഡ്രൈവര്‍ പണിയും അവന്‍ ഒട്ടും മടി കൂടാതെ ചെയ്തിട്ടുണ്ട്. പത്താം ക്ലാസ്സ് മുതലേ ബൈക്ക് ഓടിച്ചു തുടങ്ങിയ അവന് അത്യാവശ്യം നല്ല രീതിയില്‍ ബൈക്ക് ഓടിക്കാന്‍ അറിയാം. അത് കൊണ്ടു തന്നെ ബൈക്ക് പറപ്പിച്ചാലും നല്ല ട്രാഫിക്കിന്റെ ഇടയില്‍ കൂടി പാമ്പിനെ പോലെ നുഴഞ്ഞും ഇഴഞ്ഞും ഓടിക്കുമ്പോഴും എനിക്ക് അവന്റെ പിറകെ ബൈക്കില്‍ ഇരിക്കാന്‍ പേടി തോന്നിയിട്ടില്ല. ദാസപ്പന്റെ കൂടെ ബൈക്കില്‍ പോയ അനുഭവം നിങ്ങള്‍ നേരത്തെ വായിച്ചിട്ടുണ്ടാവുമല്ലോ. അത് പോലെ ഞാനും ഹരിയും കൂടി തേഞ്ഞ ഒരു അനുഭവം ഞാന്‍ വിവരിക്കാം.

ടോര്‍ക്ക് (TORQUE) എന്നൊരു ഇംഗ്ലീഷ് പടം ഇറങ്ങിയ സമയം. സിനിമ ബൈകേര്‍ ഗാങ്ങ്സിനെ കുറിച്ചാണ്. പടത്തില്‍ ഇഷ്ടം പോലെ ബൈക്ക് സ്ടണ്ടുകള്‍ ഉണ്ട്. ബൈക്ക് അതിഭീകര സ്പീഡില്‍ ഓടിക്കുക, ബൈക്ക് ജമ്പ് ചെയ്യിച്ചു ഓടുന്ന ട്രെയിനിന്റെ മുകളില്‍ ബ്രേക്ക് ചവിട്ടി നിര്‍ത്തുക, പിന്‍ചക്രത്തില്‍ മാത്രം ബൈക്ക് ഓടിക്കുക (wheelie) ഇത്യാദി ഇഷ്ടം പോലെ സീനുകള്‍ സിനിമയില്‍ ഉണ്ട്. ഈ പടത്തിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ഞാനും ഹരിയും ഒരു കാര്യം ഉറപ്പിച്ചു : ഈ പടം കണ്ടേ തീരു.

കാത്തു കാത്തിരുന്നു അവസാനം പടം കേരളത്തില്‍ തിരുവനന്തപുരത്ത് ന്യൂ തിയേറ്ററില്‍ റിലീസ് ആയി. നമ്മള്‍ ഹാപ്പി. റിലീസ് ചെയ്ത വെള്ളിയാഴ്ച ദിവസം ഞങ്ങള്‍ ഉച്ചക്ക് ക്ലാസ്സ് കട്ട് ചെയ്തു ഇറങ്ങുന്നു. കോളേജില്‍ നിന്നു തിയേറ്റര്‍ലേക്ക് ഹരിയുടെ ബൈക്കില്‍ (ഹീറോ ഹോണ്ട സ്പ്ലെണ്ടാര്‍) ഞങ്ങള്‍ എത്തുന്നു. അന്ന് എനിക്ക് ബൈക്ക് ഇല്ല. പോരാത്തതിന് ഓടിക്കാനും അറിയില്ല. പിന്നെ ഹരി ഉള്ളപ്പോള്‍ വണ്ടി ഓടിക്കാന്‍ വേറെ ആളെന്തിനു ?

സിനിമ കുഴപ്പമില്ല എന്ന് പറയാം. ബൈക്ക് ഭ്രാന്തന്മാര്‍ക്ക് എന്തൊക്കെ ആയാലും ഇഷ്ടപെടും. അത് കൊണ്ടു തന്നെ നമുക്കു രണ്ടു പേര്‍ക്കും ഇഷ്ടപ്പെട്ടു. പടം ഒക്കെ കണ്ടിട്ട് നമ്മള്‍ തിരികെ യാത്ര ആരംഭിക്കുന്നു. സിനിമയുടെ ഹാങ്ങോവര്‍ ഹരിക്ക് ഉണ്ട്. സ്പ്ലെണ്ടാര്‍ വെച്ചു ഇവന്‍ ഇനി വല്ല സ്ടണ്ടും കാണിക്കാന്‍ ട്രൈ ചെയ്യുമോ എന്ന് ഞാന്‍ ഒന്നു സംശയിച്ചു. പക്ഷെ അതിന് ഗിയര്‍ ഒക്കെ ഇട്ടു ടോപ്പ് സ്പീഡ് വരെ എത്തണമല്ലോ. അതിന് മുന്പ് തന്നെ സംഭവിക്കാനുള്ളത് സംഭവിച്ചു.

ഹരി ആദ്യം ബൈക്ക് ഫസ്റ്റ് ഗിയര്‍ ഇട്ടു പതുക്കെ നീക്കി തുടങ്ങുന്നു. പിന്നെ സെക്കന്റ് ഇട്ടു തേര്‍ഡ് ഇട്ടു പതുക്കെ സ്പീഡ് കൂട്ടുന്നു. അപ്പോഴുണ്ട് ഒരു വളവ്‌. എത്ര എത്ര വളവുകള്‍ പുഷ്പം പോലെ വളച്ച് മടക്കിയെടുത്തവന്‍ ഹരി. എത്ര പ്രാവശ്യം ബൈക്ക് ചരിച്ചു കിടത്തി വളച്ചവന്‍ ഹരി. എത്ര വണ്ടികളെ വളവില്‍ വെച്ചു ഓവര്‍ടേക്ക് ചെയ്തവന്‍ ഹരി. അങ്ങനെ ഉള്ള ഹരിയെ തോല്‍പ്പിക്കാന്‍ ഈ വളവിനാവുമോ മക്കളെ ?

ഞാന്‍ ഒരു ടെന്‍ഷനും ഇല്ലാതെ പുറകില്‍ ഇരിക്കുവാണ്. ബ്രീത്ത്‌ ഈസി ! ഹരി വളവു ഒരു 25 - 30 km/hr സ്പീഡില്‍ വളക്കുന്നു. അപ്പോള്‍ റോഡില്‍ എന്തോ തിളങ്ങുന്നു. വെള്ളം? ഓയില്‍? എന്തായാലും കിടിലം സംഭവം തന്നെ ആയിരുന്നു കേട്ടാ. ബൈക്ക് സ്കിഡ്‌ ചെയ്തു! അതിന്റെ സൌണ്ട് എഫ്ഫെക്ട്സ് ഇപ്പ്രകാരം.

തോം തോം തോം ...... തജം തജം തകജം !

തോം നം 1 : ബൈക്ക് ചരിയുന്നു. റോഡില്‍ വീഴുന്നു. കുറച്ചു തേയുന്നു.

തോം നം 2 : ബൈക്ക് വീഴുമ്പോള്‍ സ്വാഭാവികമായും ഹരി വീഴുമല്ലോ. അവന്‍ പൂച്ചയെ പോലെ നാല് കാലില്‍ വീഴുന്നു. അത്യാവശ്യം തേഞ്ഞു കിട്ടി.

തോം നം 3 : ബൈക്ക് മറിഞ്ഞാല്‍ വായുവില്‍ നില്ക്കാന്‍ മാത്രം ഞാന്‍ മജിഷ്യന്‍ മുതുകാടിന്റെ സ്ടുടെന്റ്റ് ഒന്നുമല്ലല്ലോ. ഞാനും വീഴുന്നു. പക്ഷെ കാര്യമായി ഒന്നും സംഭവിച്ചില്ല. കാരണം ഞാന്‍ ലാന്‍ഡ്‌ ചെയ്തത് ഹരിയുടെ പുറത്തു. പാവം എന്റെ വീഴ്ച മുഴുവന്‍ താങ്ങി എന്നെ രക്ഷിച്ചു.

തജം തജം തകജം : നാട്ടുകാര്‍ ഓടി കൂടുന്നു. പിടിച്ചു എഴുന്നെല്പിക്കുന്നു. ഉപദേശം. ശകാരം etc etc.

ഞാന്‍ എന്റെ ബോഡി പാര്‍ട്സ് ഒക്കെ അതാതു സ്ഥാനങ്ങളില്‍ തന്നെ ഉണ്ടോ എന്ന് പരിശോധിച്ചു. ഇട്ടിരുന്ന ജീന്‍സ് മുട്ടിന്റെ ഭാഗത്തായി അല്പം കീറിയിട്ടുണ്ട്. ഞാന്‍ സന്തോഷത്തോടെ ഹരിയെ നോക്കി പറഞ്ഞു, " എടാ... മറിഞ്ഞടിച്ചു വീണിട്ടും ഭാഗ്യത്തിന് എനിക്ക് ഒന്നും പറ്റിയില്ല. നിനക്കു വല്ലോം പറ്റിയോ?"

കൈപത്തി, കൈ ആന്‍ഡ് കാല്‍മുട്ട് ഇത്യാദി ഭാഗങ്ങളില്‍ ഒക്കെ പെയിന്റ് പോയി പോരാത്തതിന് എന്റെ വീഴ്ചയും താങ്ങി ഒടിഞ്ഞ പോസ്റ്റ് പോലെ നില്‍കുന്ന ഹരി അതിന് എന്ത് മറുപടി പറയാന്‍ ? എനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയാത്തത് കാരണം അവന്‍ തന്നെ വലിഞ്ഞു കേറി വണ്ടി ഓടിച്ചു എന്നെ വീട്ടില്‍ കൊണ്ടാക്കുന്നു.

രണ്ടു ദിവസം ഹരി ഉഴിച്ചില്‍ പിഴിച്ചില്‍ മുറിവിനു ട്രീട്മെന്റ്റ് ഒക്കെ കഴിഞ്ഞു പൂര്‍വാധികം ശക്തിയോടെ ഒരു തിരിച്ചു വരവ് നടത്തുന്നു. പിന്നെ എന്നെയും കൊണ്ടു പോവുമ്പോള്‍ അവന്‍ ഒരേ ഒരു റിക്വസ്റ്റ് മാത്രമെ ചെയ്തിട്ടുള്ളൂ : " ഡാ.. എങ്ങാനും ബൈക്ക് ചരിഞ്ഞാല്‍ നീ ദയവു ചെയ്തു എന്നെ ഒരു ലാണ്ടിംഗ് ഗ്രൌണ്ട് ആയിട്ട് കാണരുത് "

Sunday, March 22, 2009

ഒറിജിനല്‍ തേപ്പ്

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയാല്‍ ഏറ്റവും ആവശ്യമായ ഗുണങ്ങളാണ് 'മള്‍ടിടാസ്കിംഗ്', 'ടീം വര്‍ക്ക്' മുതലായവ.. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങള്‍ കാണണമെങ്കില്‍ കുറച്ചു ബാച്ചിലര്‍ സോഫ്റ്റ്‌വെയര്‍ പുലികള്‍ ജീവിക്കുന്ന മടയില്‍ രാവിലെ 7 മണിക്ക് വന്നു നോക്കണം. എന്റെ റൂമില്‍ മൊത്തം നാല് പേരാണ് താമസിക്കുന്നെ. അതില്‍ ഒന്നാമന്‍ സ്വപ്നത്തിലെ സുന്ദരിയുമായി പഞ്ചാര അടിക്കുമ്പോള്‍ നിലവിളി തുടങ്ങുന്ന അലാറം സ്നൂസ് മോഡ് ആക്കുന്നു. രണ്ടാമന്‍ പല്ലു തേക്കുന്നതിന് ഒപ്പം റോഡില്‍ കൂടി പോവുന്ന പെണ്പിള്ളേരെ വായിനോക്കുന്നു. മൂന്നാമന്‍ അപ്പോഴേക്കും ഷര്‍ട്ട്‌ തേക്കുകയോ ഷൂ തേക്കുകയോ (പോളിഷിംഗ്) ചെയ്യുമ്പോള്‍ നാലാമന്‍ ബാത്ത്റൂമില്‍ നീരാടി തകര്‍ക്കുകയായിരിക്കണം. ഇതിനിടയില്‍ പത്രം വായന, ഷേവിംഗ്, മേക്കപ്പ് തുടങ്ങിയവയ്ക്ക് എക്സ്ട്രാ സമയം കണ്ടെത്തണം.

ഇതില്‍ ഒന്നാമന്റെ റോള്‍ ആണ് ഏറ്റവും പ്രധാനം. പുള്ളിക്കാരന്റെ സ്പീഡ് അനുസരിച്ചാണ് ബാക്കി ഉള്ളവര്‍ റെഡി ആവുന്നത്. ഒന്നാമന്‍ ആയാല്‍ ഉള്ള ഒരു ഗുണം ഒരിക്കലും ലേറ്റ് ആവില്ല, ടെന്‍ഷന്‍ അടിക്കണ്ട, ഒരുങ്ങാന്‍ ഇഷ്ടം പോലെ സമയം കിട്ടും എന്നിവയാണ്. പക്ഷെ മൈനസ് പോയിന്റ് എന്തെന്ന് വെച്ചാല്‍ ബാകി ഉള്ളവരുടെ പെണ്ടിംഗ് ടാസ്ക് ഒക്കെ ചെയ്യേണ്ടി വരും. അതില്‍ സ്ഥിരം കിട്ടുന്ന പണി ഷര്‍ട്ട്‌ തേപ്പു തന്നെ. ഒന്നുകില്‍ ഷര്‍ട്ട്‌ തേച്ചു കൊടുക്കുക, അല്ലെങ്കില്‍ സ്വന്തം ഷര്‍ട്ട്‌ കലെക്ഷനില്‍ നിന്നു ഒരെണ്ണം കൊടുത്തു അഡ്ജസ്റ്റ് ചെയ്യുക.

പണ്ടേ മടിയനായ ഞാന്‍ സാധാരണ മൂന്നാമതോ നാലമതോ ഉണരത്തെ ഉള്ളു. പക്ഷെ ഒരു ദിവസം ഞാന്‍ ആദ്യമേ ഉണര്‍ന്നു. പതിവു പോലെ തേപ്പുകള്‍ എല്ലാം കഴിഞ്ഞു ഞാന്‍ കുളിക്കാന്‍ കേറി. കുളി കഴിഞ്ഞു ഒരുങ്ങാന്‍ തുടങ്ങുമ്പോള്‍ നാലാമനായി ഷാനി എഴുന്നേറ്റു വരുന്നു. ഒരു കള്ളച്ചിരിയുമായി അവന്‍ ഷര്‍ട്ട്‌ എടുത്തു എനിക്ക് തരുന്നു. ചിരിയുടെ അര്ത്ഥം 'തേച്ചു താടാ' എന്നാണെന്ന് മനസ്സിലായി. പക്ഷെ പാവം അറിഞ്ഞില്ല അത് ശെരിക്കും ഒരു തേപ്പു ആയി തീരുമെന്ന്.

നമ്മുടെ റൂമിലെ തേപ്പുപെട്ടി പ്രദീപിന്റെ സ്വത്താണ്. അതിന്റെ ചൂടു കണ്ട്രോള്‍ ചെയ്യുന്നത് എങ്ങനെയാണെന്ന് എനിക്ക് ഇതു വരെ പിടികിട്ടിയിട്ടില്ല. ഓരോ തരം വസ്ത്രങ്ങള്‍ക്കും ഓരോ ചൂടാണല്ലോ വേണ്ടത്. പിന്നെ അതിന്റെ ലൈറ്റ് ചിലപ്പോ കത്തും ചിലപ്പോ കത്തില്ല. അത് കൊണ്ടു തേക്കുന്നതിന് മുന്‍പ് ചൂടു ടെസ്റ്റ് ചെയ്യണം. അതിന് ചെയ്യുന്നത് തേപ്പു ക്ലോത്ത് അഥവാ ഒരു ബെഡ്ഷീറ്റ് ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. അതിന് മുകളില്‍ ആണ് ഡ്രസ്സ് തേക്കുന്നത്. ആ ബെഡ്ഷീറ്റില്‍ തെപ്പുപെട്ടിയുടെ മുന്‍ഭാഗത്തെ കൂര്‍ത്ത അറ്റം വെച്ചു ഒന്നു മുട്ടിച്ചു നോക്കും. അപ്പോള്‍ പുക ഒന്നും വന്നില്ലെങ്ങില്‍ ചൂടു കുഴപ്പമില്ല. ഇനി അവിടം നിറം മാറിയാല്‍ ചൂടു കൂടുതലാണ്. ബെഡ്ഷീറ്റിന്റെ മറ്റൊരു ഭാഗം നനച്ചു വെച്ചിട്ടുണ്ട്. അവിടെ തേപ്പുപെട്ടി കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും ട്രിപ്പ്‌ അടിച്ച് ചൂടു കുറയ്ക്കണം.

ഇങ്ങനെ ചൂടു ടെസ്റ്റ് ചെയ്തു ചെയ്തു ആ ബെഡ്ഷീറ്റില്‍ പലതരം ഡിസൈനുകള്‍ നമ്മള്‍ ഉണ്ടാക്കി. പൂക്കള്‍, റോക്കറ്റ്, അമ്പ്‌, ക്രിസ്മസ് ട്രീ തുടങ്ങിയവ അതില്‍ ചിലത് മാത്രം. ഇത്രയൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇവര്ക്ക് പുതിയൊരു തേപ്പുപെട്ടി മേടിച്ചു കൂടെ എന്ന്. ഓള്‍ഡ് ഇസ് ഗോള്‍ഡ്... നമ്മള്‍ ഇതില്‍ ഉറച്ചു വിശ്വസിക്കുന്നു. പിന്നെ ഇതു വരെ ആ ഉപകരണം കൊണ്ടു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.. എന്ന് വെച്ചാല്‍ ഷാനി അന്ന് ഷര്‍ട്ട്‌ തന്ന ദിവസം വരെ !

അങ്ങനെ തേപ്പുപെട്ടി ചൂടാക്കാന്‍ വെച്ചിട്ട് ഞാന്‍ നോക്കുമ്പോള്‍ ഷാനി വീണ്ടും ചുരുണ്ടു കൂടി കിടക്കുന്നു. എന്നെ ഷര്‍ട്ട്‌ തേക്കാന്‍ ഏല്‍പ്പിച്ചിട്ട് അണ്ണന്‍ വീണ്ടും കിടക്കുവാന് !

"എടാ തെണ്ടി.. എണീക്കെടാ. നിനക്കു സമയം ഇല്ലാന്ന് പറഞ്ഞിട്ട് വീണ്ടും കിടക്കുന്നോ. നിന്റെ ഷര്‍ട്ട്‌ സ്വയം അങ്ങ് തേച്ചാല്‍ മതി !"

"അളിയാ.. അങ്ങനെ പറയരുത്. രാത്രി ഉറക്കം ശെരിയായില്ല. അത് കൊണ്ട. ഒരു അഞ്ചു മിനിറ്റ് കൂടി. നീ ഒന്നു തേച്ചു താടാ. തേക്കാന്‍ നിന്നെ കഴിഞ്ഞേ വേറെ ആരുമുള്ളൂ !!"

അവസാനം പറഞ്ഞതില്‍ ഞാന്‍ വീണു. ആത്മപ്രശംസ എനിക്ക് ഇഷ്ടമല്ല. പക്ഷെ വേറെ ആരെങ്ങിലും പ്രശംസിക്കുന്നത് കേള്‍ക്കാന്‍ എനിക്ക് ഇഷ്ടകുറവ് ഒന്നുമില്ല. അവസാനം ഞാന്‍ സമ്മതിച്ചു.

അതിന്റെ ഹാങ്ങോവറില്‍ ഞാന്‍ ഷര്‍ട്ട്‌ എടുത്തു ഒന്നു കുടഞ്ഞിട്ടു ബെഡ്ഷീറ്റിന്റെ പുറത്തു നിവര്‍ത്തി വെച്ചു. എന്നിട്ട് തേപ്പുപെട്ടി എടുത്തു ഒരു അമര്‍ത്തു കൊടുത്തു.

എന്തോ കരിഞ്ഞ ഒരു മണം എന്റെ മൂക്ക് തുളച്ചു കേറുന്നു. ഇതാരാ രാവിലെ തണ്ടൂരി ഉണ്ടാക്കണേ എന്ന് ഞാന്‍ വെറുതെ ആലോചിച്ചു. ഇനി വയറു കരിഞ്ഞു ഉണ്ടാവുന്ന മണം ആണോ?എന്തായാലും വേഗം ഷര്‍ട്ട്‌ തേച്ചിട്ട് വേണം ബാക്കി പരിപാടികള്‍ ചെയ്യാന്‍.

ഞാന്‍ തേപ്പുപെട്ടി നീക്കാന്‍ ശ്രമിച്ചു. ഹച്ച് പരസ്യത്തിലെ പട്ടിയെ പോലെ തെപ്പുപെട്ടിയുടെ പിന്നാലെ ഷര്‍ട്ടും നീങ്ങുന്നു. തേപ്പുപെട്ടി പൊക്കിയപ്പോള്‍ ഇണ പിരിയാത്ത സുഹൃത്തിനെ പോലെ ഷര്‍ട്ട്‌ ഉം കൂടെ വരുന്നു.സംഭവം ഇങ്ങനെ : കത്തിച്ച സാംബ്രാണി തിരിയുടെ അറ്റം ഒരു പ്ലാസ്റ്റിക് കവറില്‍ വെച്ചാല്‍ ഉരുകി തുള വീഴുമല്ലോ. അത് പോലെ ചുട്ടു പഴുത്ത തേപ്പുപെട്ടി ഷാനിയുടെ ഷര്‍ട്ടിന്റെ പോക്കറ്റ് ഏതാണ്ട് മുഴുവനും ഉരുക്കി നെഞ്ചുംകൂട് തകര്ത്തു അകത്തേക്ക് പ്രവേശിച്ചു കൊണ്ടു ഇരിക്കുന്നു.

ഞാന്‍ ഉടന്‍ തന്നെ സ്വിച്ച് ഓഫ് ചെയ്തു. തേപ്പുപെട്ടി ഷര്‍ട്ടില്‍ നിന്നു പറിച്ചെടുത്തു. പോക്കറ്റ് പകുതി മാത്രം ഉടുപ്പില്‍ ബാക്കി ഉണ്ട്. അതും ഒന്നു ഊതിയാല്‍ പറന്നു പോവുന്ന രീതിയില്‍ ഇരിക്കുന്നു. പരിഹാരക്രിയ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് അനാലിസിസ്‌ നടത്തി. ഒരു മാര്‍ഗം മാത്രമെ അവസാനം കിട്ടിയുള്ളൂ. പകരം വേറെ ഷര്‍ട്ട്‌ കൊടുക്കുക. തേപ്പിന്റെ ആഫ്ടര്‍ ഇഫക്ട് അത്ര മാത്രം ഭീകരമായിരുന്നു

അപ്പോഴേക്കും ഷാനി തലയും ചൊറിഞ്ഞു കൊണ്ടു വന്നു.

"എന്തായി അളിയാ ? തേച്ചു കഴിഞ്ഞോ ?

ഷര്‍ട്ട്‌ മടക്കി വെച്ചിരിക്കുന്നത്‌ കൊണ്ടു ഞാന്‍ ചെയ്ത കലാപരിപാടികള്‍ അവന്‍ കണ്ടില്ല.

"ഉം... തേച്ചു !"

"നല്ലോണ്ണം തേച്ചോ ഡാ ?"

"പിന്നെ ... നല്ലോണം തേച്ചു. എന്റെ ജീവിതത്തില്‍ ഇത്രയും നന്നായി ഞാന്‍ തേച്ചിട്ടില്ല"

ഷാനിക്ക് ആ ഡയലോഗില്‍ എന്തോ പന്തികേട്‌ തോന്നി. അവന്‍ സംശയത്തോടെ എന്നെയും ഷര്‍ട്ട്‌നെയും മാറി മാറി നോക്കി.

"നീ ആ ഷര്‍ട്ട്‌ ഇങ്ങു തന്നെ. ഞാന്‍ ഒന്നു നോക്കട്ടെ !"

ഞാന്‍ മടിച്ചു മടിച്ചു ഷര്‍ട്ട്‌ അവന് കൊടുത്തു. അവന്‍ ഷര്‍ട്ട്‌ മേടിച്ചു ആഞ്ഞു ഒന്നു കുടഞ്ഞു. ഷര്‍ട്ട്‌ ന്റെ പോക്കറ്റ് തെറിച്ചു പോവുന്നു. ഷാനി 2 ഷര്‍ട്ട്‌ അര മീറ്റര്‍. ഷര്‍ട്ട്‌ 2 പോക്കറ്റ് രണ്ടു മീറ്റര്‍. ഷാനി 2 ഞാന്‍ അമ്പതു മീറ്റര്‍. അതായത് ഞാന്‍ അപ്പോഴേക്കും റൂമില്‍ നിന്നിറങ്ങി മെയിന്‍ റോഡില്‍ എത്തി കഴിഞ്ഞു .

തേഞ്ഞ ഷര്‍ട്ട്‌ നു പകരം വേറെ ഒരു ഷര്‍ട്ട്‌ കൊടുത്തു ഷാനിയെ സമാധാനിപ്പിച്ചു. അന്ന് എല്ലാവരും കൂടി ചേര്ന്നു ഒരു തീരുമാനം എടുത്തു. എത്രയും പെട്ടെന്ന് പുതിയ തേപ്പുപെട്ടി മേടിക്കണം എന്നല്ല കേട്ടോ. എന്തൊക്കെ സംഭവിച്ചാലും ഷര്‍ട്ട്‌ തേക്കാന്‍ എന്നെ മാത്രം ചുമതലപ്പെടുതരുത് !

Saturday, March 21, 2009

ദൌത്യം

ഇരുളിന്റെ മറവു പറ്റി അയാള്‍ കാട്ടിന്റെ നടുക്കുള്ള ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടം ലക്ഷ്യമാക്കി നടന്നു. തന്റെ ഇര ആ കെട്ടിടത്തിന്റെ അകത്തു ഉണ്ടെന്നു അയാള്‍ക്ക്‌ ഉറപ്പായിരുന്നു.

ഇവിടെ വരെ എത്തിപ്പെടാന്‍ അയാള്‍ക്ക്‌ നല്ലവണ്ണം അധ്വാനിക്കേണ്ടി വന്നു. ശരീരമാസകലം ഉള്ള മുറിവുകള്‍ അതിന്റെ തെളിവുകളായിരുന്നു. അരയില്‍ തിരുകി വെച്ചിരുന്ന കത്തിയില്‍ നിന്നും അപ്പോഴും ചോരത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.

കെട്ടിടത്തിനു മുന്‍പില്‍ എത്തിയപ്പോള്‍ അയാള്‍ ഒരു മരത്തിന്റെ മറവില്‍ ചുറ്റുപാടുകള്‍ വീക്ഷിച്ചു. നിലാവത്ത് അയാള്‍ കണ്ടു. ആയുധധാരികളായ രണ്ടു കാവല്‍ക്കാര്‍ റോന്തു ചുറ്റുന്നു. തന്റെ തോക്കില്‍ ഇനി വെറും മൂന്നു തിര മാത്രമെ ഉള്ളു. അത് പാഴാക്കാന്‍ പാടില്ല. ഇവരെ കീഴ്പെടുത്താന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്. ശക്തിയല്ല ബുദ്ധിയാണ് പ്രധാനം.

അയാള്‍ വീണ്ടും ഇരുട്ടിന്റെ മറവു പറ്റി നീങ്ങി. പതുക്കെ കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് എത്തി. അവിടെയും ഒരു വാതില്‍ ഉണ്ട്. ഇവിടെ ഒരു കാവല്‍ക്കാരന്‍ മാത്രമെ ഉള്ളു. അയാള്‍ തയ്യാറായി.

പതുങ്ങി പതുങ്ങി അയാള്‍ കാവല്‍ക്കാരന്റെ പിന്നില്‍ എത്തിച്ചേര്‍ന്നു. പിന്നെ എല്ലാം മിന്നല്‍ വേഗത്തില്‍ ആയിരുന്നു. അരയില്‍ നിന്നു കത്തി വലിച്ചൂരി ഒരു വീശല്‍. നിലാവത്തുള്ള ആ തിളക്കം തന്റെ മരണം ആണെന്ന് ആ കാവല്ക്കാരന് മനസ്സിലായില്ല. ശവശരീരം കാട്ടിനകത്തു ഒളിപ്പിച്ചു വെച്ചിട്ട് അയാള്‍ പിന്‍വശത്തെ വാതില്‍ ലക്ഷ്യമാക്കി നടന്നു. ഇപ്പ്രാവശ്യം കൈയില്‍ തോക്ക് കരുതാന്‍ അയാള്‍ ശ്രദ്ധിച്ചു. ഇനിയുള്ള നീക്കങ്ങള്‍ വളരെ സൂക്ഷിച്ചു വേണം.

അയാള്‍ ഓരോ മുറിയായി കേറിയിറങ്ങി. എല്ലാം ശൂന്യം! അല്പം അമ്പരന്നെങ്കിലും തനിക്ക് ലഭിച്ച വിവരങ്ങള്‍ തെറ്റാവാന്‍ സാധ്യതില്ലെന്നു അയാള്‍ക്ക്‌ ഉറപ്പായിരുന്നു. താഴത്തെ നില മുഴുവന്‍ അരിച്ചു പെറുക്കിയതിനു ശേഷം അയാള്‍ രണ്ടാമത്തെ നിലയിലേക്ക് പടി കേറാന്‍ തുടങ്ങി. താന്‍ ലക്ഷ്യ സ്ഥാനത്തേക്ക് എത്തികൊണ്ടിരിക്കുന്നത്‌ അയാള്‍ക്ക്‌ അനുഭവപെട്ടു. മുകളില്‍ ആകെ രണ്ടു മുറികള്‍ മാത്രം.

ആദ്യത്തെ മുറിയുടെ വാതില്‍ ചവിട്ടിപോളിച്ചു അയാള്‍ അകത്തു കേറി. അവിടെയും ശൂന്യം. ദേഷ്യം കൊണ്ടു അയാള്‍ക്ക്‌ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. രണ്ടാമത്തെ വാതിലിനു അടുത്തെത്തിയപ്പോള്‍ അകത്തു നിന്നു എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടു. തന്റെ ശത്രു ഇതിനകത്ത് തന്നെ ഉണ്ടെന്നു അയാള്‍ ഉറപ്പിച്ചു.

സര്‍വ്വശക്തിയുമെടുത്ത്‌ അയാള്‍ ആ വാതിലില്‍ ചവിട്ടി. വാതില്‍ പൊളിഞ്ഞു വീണതും അയാള്‍ മുറിയുടെ അകത്തു ഓടി കയറി. ഒട്ടും തന്നെ തിരയേണ്ടി വന്നില്ല. തന്റെ നേര്‍ക്ക്‌ ഒരു നിഗൂഢമായ ചിരിയുമായി ശത്രു നില്ക്കുന്നു. അയാള്‍ തോക്ക് അവന്റെ നെറ്റിക്ക് നേരെ ഉന്നം പിടിച്ചു.

"ഠോ"

നിലത്തേക്ക്‌ വീഴുമ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി. വാതിലിന്റെ വശങ്ങളിലായി നിന്നിരുന്ന അംഗരക്ഷകന്മാര്‍ തന്നെ വെടി വെച്ചു വീഴ്ത്തിയെന്നു. കാഴ്ച മങ്ങി കൊണ്ടിരിക്കുമ്പോള്‍ തന്റെ നേരെ നടന്നു വന്ന രണ്ടു കാലുകള്‍ അയാള്‍ കണ്ടു. വീണ്ടും ഒരു വെടിയൊച്ച ! പിന്നെ മൊത്തം ഇരുട്ട് മാത്രം.

"ഛെ... നശിപ്പിച്ചു !"

റീസ്റ്റാര്‍ട്ട് ലെവല്‍ എന്ന ഓപ്ഷന്‍ മൗസ് വെച്ചു ക്ലിക്ക് ചെയ്യുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു പോയി.

Sunday, March 15, 2009

അബദ്ധം

മനോഹരമായ ഒരു വെള്ളച്ചാട്ടം. അതിന് അടുത്തായി ഞാന്‍ ഒരാളെ കാത്തു നില്‍ക്കുവാണ്. ആരെയാ ? ആ എനിക്കും അറിയില്ല. എന്നാലും ഇതു വരെ കണ്ടിട്ടില്ലാത്ത ഒരാളെ കാണാന്‍ വേണ്ടി വെയിറ്റ് ചെയ്യുക എന്നത് തന്നെ ഒരു ത്രില്‍ ഉള്ള കാര്യമല്ലേ ? കേട്ടിട്ടില്ലേ ? കണ്ടത് മനോഹരം.. കാണാത്തത് അതിമനോഹരം !

അങ്ങനെ ഒരു സുന്ദര സ്വപ്നത്തിന്റെ ചിറകില്‍ ഞാന്‍ ആ ആപരിചിത (അതെ.. കണ്ട അപരിചിതന്മാരെയൊക്കെ വെയിറ്റ് ചെയ്തു നില്ക്കാന്‍ എന്റെ തലയില്‍ കൂടി തീവണ്ടി ഓടുവാണോ ?) വരുന്ന ശബ്ദവും കാതോര്‍ത്തു അങ്ങനെ നില്ക്കുന്നു.

അപ്പോള്‍ ഞാന്‍ കേട്ടു. വെള്ളത്തില്‍ കൂടി ചില്‍ ചില്‍ ശബ്ദം ( വെള്ളത്തില്‍ അങ്ങനെ ഒരു ശബ്ദം കേള്‍കുമോ എന്നല്ലേ നിങ്ങളുടെ സംശയം. ആക്ച്വലി ബ്ലും ബ്ലും എന്നാ കേള്‍ക്കുക. പക്ഷെ ആ ശബ്ദത്തിന് ഒരു റൊമാന്റിക്‌ മൂഡ് ഇല്ല.. ഏത് ?). ആരാണ് വരുന്നതു ? ഐശ്വര്യ റായി ആണോ ? ഞാനും ഒരു അഭിഷേക് ആണല്ലോ.

ആഹാ... ഞാന്‍ നില്ക്കുന്ന പാറക്കെട്ടിന്റെ അപ്പുറത്ത് നിന്നാണ് ശബ്ദം. ഞാന്‍ ശ്രദ്ധിച്ചു. ചില്‍ ചില്‍ ശബ്ദം നിലച്ചു. ഞാന്‍ പതുക്കെ പാറയുടെ മറുവശത്തേക്ക് നടന്നു. വെള്ളച്ചാട്ടത്തിനു വളരെ അടുത്തായത് കാരണം ചിതറി തെറിക്കുന്ന വെള്ളത്തുള്ളികള്‍ എന്റെ മുഖത്ത് വീണു എനിക്ക് രോമാഞ്ചം വന്നു. അപ്പുറത്ത് ചുവന്ന ഡ്രസ്സ് ഇട്ടു ഒരു പെണ്കുട്ടി. തിരിഞ്ഞു നില്‍ക്കുവാണ്. അത് കാരണം മുഖം നേരെ കാണാന്‍ വയ്യ. വെള്ളം വീണു ആകെ നനഞ്ഞു കുതിര്‍ന്നു നില്ക്കുന്നു.

"അഭീ... എനിക്ക് ഒരു അബദ്ധം പറ്റി !!"

ഈശ്വരാ... ഇങ്ങനെ ഒരു ടയലോഗ് ഞാന്‍ പ്രതീക്ഷിചില്ലല്ലോ. ഞാന്‍ അതിവേഗം ബഹുദൂരം പിന്നോട്ട് നടക്കാന്‍ തുടങ്ങി.

"ഡാ അഭീ.. പ്രശ്നമാണെന്ന് !!"

ഞാന്‍ ചുവടു മാറ്റി. നടത്തം ടു ഓട്ടം. ഞാന്‍ വിളിച്ചു കൂവി, " ഞാന്‍ അല്ല ഇതിന് ഉത്തരവാദി ! എന്നെ വെറുതെ വിടൂ !!"

അവള്‍ അടുത്തെത്തി കഴിഞ്ഞു . എന്റെ തോളില്‍ ആ തണുത്ത സ്പര്‍ശം എനിക്ക് അനുഭവപ്പെട്ടു.

"നീ അല്ലെന്നു എനിക്കറിയാം. പക്ഷെ പറ്റി പോയി. നീ സഹായിക്കണം !"

എന്ത് ? ഞാന്‍ ഉത്തരവാദി അല്ലാത്ത പ്രശ്നങ്ങള്‍ ഞാന്‍ എന്തിന് ചുമക്കണം ? നോ ചാന്‍സ് ! ഞാന്‍ പറഞ്ഞു. "ഇല്ല ... നെവര്‍.. നഹി. നീ സ്വയം പരിഹരിച്ചാല്‍ മതി"

"ഫ പട്ടി !!"

ശബ്ദത്തിന് ഒരു മാറ്റം. ഇവള്‍ക്ക് മിമിക്രിയും അറിയാമോ? എന്റെ സഹമുറിയന്‍ വിനുവിന്റെ അതേ ശബ്ദം. ഇനി വിനു ആണോ ഉത്തരവാദി ? എന്റെ മനസ്സില്‍ സംശയങ്ങളുടെ വേലിയേറ്റം.

വെള്ളച്ചാട്ടത്തിനു വളരെ അടുത്തെത്തിയത് കൊണ്ടാവും ശരീരം മൊത്തം നനയുന്നത് പോലെ ഒരു ഫീലിംഗ്. "സ്വപ്നം കണ്ടോണ്ട് കിടക്കാതെ എഴുന്നെല്‍ക്കെടാ !" ഇങ്ങനെ ഒരു അലര്‍ച്ചയും നടുവിന് ഒരു ചവിട്ടും ഒരുമിച്ചായിരുന്നു. കണ്ണ് തുറന്നു നോക്കുമ്പോള്‍ കണ്ട കാഴ്ച.

വിനു ഒരു ചുവന്ന തോര്‍ത്തും കെട്ടി നനഞ്ഞ കോഴിയെ പോലെ നില്ക്കുന്നു. പോലെ അല്ല മൊത്തത്തില്‍ നനഞ്ഞിട്ടുണ്ട്. ഇവനും എന്റെ സ്വപ്നത്തില്‍ ഉണ്ടായിരുന്നൊ ? ഞാന്‍ കണ്ടില്ലല്ലോ.

"എന്താടാ മിഴിച്ചു നോക്കുന്നെ ? എത്ര നേരമായി നിന്നെ ഞാന്‍ വിളിക്കുന്നു. ഉറക്കത്തില്‍ പിച്ചും പേയും പറയുന്നതല്ലാതെ കണ്ണ് തുറക്കാത്ത ശവം. എഴുന്നെല്‍ക്കെടാ. !"

ഞാന്‍ കണ്ണ് തിരുമ്മി അടുത്തിരുന്ന മൊബൈല് എടുത്തു നോക്കി. സമയം രാത്രി 10:30. എനിക്ക് ദേഷ്യം വന്നു. നല്ലൊരു സ്വപ്നം ഇങ്ങനെ സ്ക്രിപ്റ്റ് തിരുത്തി എഴുതി അവാര്‍ഡ് പടം ആക്കിയ ദുഷ്ടാ !

"എന്താടാ ഈ പാതിരാക്ക്‌ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ? " ഞാന്‍ ദേഷ്യത്തില്‍ ചോദിച്ചു.

"എടാ.. ബാത്ത് റൂമിലെ പൈപ്പ് അടയുന്നില്ല. അത് നേരാവണ്ണം അടയാത്തത് കൊണ്ടു ഞാന്‍ ഒന്നു മുറുക്കി നോക്കിയതാ. അതിന്റെ പിരി പോയെന്നാ തോന്നണേ. ഇപ്പൊ ഒരു വിധത്തിലും അടയുന്നില്ല. നമുക്കു അത് നന്നാക്കണം !"

ആഹാ.. അപ്പൊ അതാണ്‌ അബദ്ധം. ഞാന്‍ എന്തൊക്കെ ആലോചിച്ചു കൂട്ടി. പ്ലംബിംഗ് തൊഴിലില്‍ എനിക്കുള്ള എക്സ്പീരിയന്‍സ് ഞാന്‍ ഒന്നു വിശകലനം ചെയ്തു. പണ്ടു സ്കൂളില്‍ പഠിക്കുമ്പോ വീട്ടില്‍ ഒറ്റക്കായിരുന്ന സാഹചര്യത്തില്‍ അടുക്കളയിലെ പൈപ്പ് നേരാവണ്ണം അടയാത്തത് ഞാന്‍ ശ്രദ്ധിച്ചു. വെള്ളം പാഴാക്കരുതെന്ന ഉപദേശം മനസ്സില്‍ വന്നത് കൊണ്ടു അല്പം ബലം പ്രയോഗിച്ചു അത് അടക്കാന്‍ ശ്രമിച്ചപ്പോള്‍ പഴകി ദ്രവിച്ച ആ പൈപ്പ് പൊട്ടി കൈയില്‍ ഇരിക്കുന്നു. 'ഐ അം എ കോമ്പ്ലാന്‍ ബോയ്' എന്ന് അന്ന് എനിക്ക് മനസ്സിലായി. പിന്നെ കത്തി, സ്പൂണ്‍ മുതലായ സാമഗ്രികള്‍ കൊണ്ടു പൊട്ടിയ പൈപ്പ് അടക്കാന്‍ ശ്രമിച്ചതും ഫെവിക്വിക് ഉണ്ടായിരുന്നെന്കില്‍ അപ്പോള്‍ തന്നെ പൊട്ടിയ പൈപ്പ് ഒട്ടിക്കാന്‍ പറ്റുമായിരുന്നു എന്ന് ചിന്തിച്ചതും ഞാന്‍ ഇന്നലെ നടന്നത് പോലെ ഓര്ത്തു. അവസാനം തിരുവനന്തപുരം നഗരത്തെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടി ഞാന്‍ വീട്ടുകാരെ ഫോണ്‍ വിളിച്ചു മെയിന്‍ വാല്‍വ് എവിടെയാണെന്നു മനസ്സിലാക്കി അടച്ചപ്പോള്‍ ധീരതക്കുള്ള അവാര്‍ഡ് പ്രതീക്ഷിച്ചത് തെറ്റാണോ? ഈ എക്സ്പീരിയന്‍സ് വച്ചോണ്ട് പൈപ്പ് നന്നാക്കാന്‍ പോവണോ?

"എടാ.. അത് വേണോ? ഇപ്പൊ എന്തെങ്ങിലും വെച്ചു അത് അടക്കാം. നമുക്കു നാളെ പ്ലംബറെ വിളിക്കാം. അത് പോരെ ?" ഞാന്‍ ദയനീയമായി ചോദിച്ചു.

"നീ ഇങ്ങനെ പേടിച്ചാലോ? ഇതൊക്കെ സിമ്പിള്‍ അല്ലെ ? എനിക്ക് ഒറ്റയ്ക്ക് ചെയ്യാവുന്നതെ ഉള്ളു. പിന്നെ നിനക്കു കണ്ടു പഠിക്കാലോ. അതിനാ നിന്നെയും വിളിച്ചേ."

ഉവ്വുവ്വ്. ഇതിപ്പോ ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞതു പോലെ ആവുമല്ലോ ദൈവമേ.ഉറക്കവും പോയി.

ഞങ്ങള്‍ ബാത്ത് റൂമിലേക്ക്‌ നടന്നു. സംഭവം ശെരിയാ. പൈപ്പ് അടയുന്നില്ല. അങ്ങോട്ട് തിരിച്ചാല്‍ അങ്ങോട്ട്. ഇങ്ങോട്ട് തിരിച്ചാല്‍ ഇങ്ങോട്ട്. ചാടിക്കളിക്കെടാ കൊച്ചിരാമാ സ്റ്റൈല്‍.

"ആദ്യം ഇതിന്റെ മുകള്‍ ഭാഗം തുറക്കണം. എന്നിട്ട് വേണം ഇതു പാര്‍ട്ട് പാര്‍ട്ട് ആയിട്ട് അഴിച്ചെടുക്കാന്‍."

ചുമരില്‍ ചാരി നിന്നു ഉറക്കം തൂങ്ങിയ എന്നെ നോക്കി വിനു പറഞ്ഞു," പോയി സ്ക്രൂ ഡ്രൈവര്‍ എടുത്തോണ്ട് വാടാ"

മനസ്സില്ലാമനസ്സോടെ ഞാന്‍ ഞാന്‍ എടുത്തോണ്ട് വന്നു. എന്തായാലും ഞാന്‍ റിപെരിംഗ് പണിയില്‍ എര്‍പെടില്ല എന്ന് നേരത്തെ അവനോടു പറഞ്ഞു. തിരുവനന്തപുരം നഗരത്തെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിച്ചതിന് അവാര്‍ഡ് കിട്ടാത്തതിന്റെ പ്രതിഷേധം ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തി. അത് കൊണ്ടു എന്റെ പണി എന്തെന്ന് വെച്ചാല്‍ വെളിച്ചം വീശുക..അതായത് പൈപ്പ് ന്റെ അകത്തേക്ക് ടോര്‍ച്ച് അടിച്ച് കൊടുക്കുക. സ്വസ്ഥം സുഖം.

അങ്ങനെ വിനു പണി ആരംഭിക്കുന്നു. ആദ്യം സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചു മുകള്‍ ഭാഗം സോഡയുടെ അടപ്പ് പൊട്ടിക്കുന്ന ലാഘവത്തോടെ ഊരുന്നു.

പിശ്ശ്ശ്ശ്ശ്ശ്ശ്ഷ്

ദീപാവലിക്ക് പൂക്കുറ്റി കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന അതേ ഇഫക്ട്. തീപ്പോരിക്ക് പകരം വെള്ളം ആണെന്ന് മാത്രം. ഒരു കുട എടുക്കാമായിരുന്നു എന്ന് ഞാന്‍ അപ്പോള്‍ വിചാരിച്ചു.

വിനുവിന് ഇതൊന്നും പൂക്കുറ്റി സോറി പുത്തരിയല്ല. അവന്‍ അതിന് മുകളില്‍ കൈ അമര്‍ത്തി പിടിച്ചു. ഇപ്പോള്‍ പൂക്കുറ്റി തറച്ചക്രം ആയി മാറി. 90 ഡിഗ്രിയില്‍ പുറത്തേക്ക് വന്നു കൊണ്ടിരുന്ന വെള്ളം എത്ര പെട്ടെന്നാണ്‌ 360 ഡിഗ്രി ആയതു. പണ്ടേ ഇവന്‍ കണക്കില്‍ മിടുക്കനാ. അങ്ങനെ വെള്ളത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ മെട്രിക്സ് സിനിമയില്‍ നായകനെ പോലെ ഒരു ശ്രമം നടത്തിയെന്കിലും ഗുരുത്വാകര്‍ഷണം എന്നൊരു സംഭവം ഉള്ളത് കൊണ്ടു ഞാനും വെള്ളതുള്ളികളും തറയില്‍ കൃത്യമായി ലാന്‍ഡ്‌ ചെയ്യുന്നു.

"തറയില്‍ കിടന്നു ഉറങ്ങാതെ എഴുന്നേറ്റു വന്നു ടോര്‍ച്ച് അടിച്ച് താടാ" വിനു അക്ഷമനായി.

ഇവന്‍ എന്നെയും കൊണ്ടേ പോവു‌.. ഞാന്‍ മനസ്സില്‍ ഓര്ത്തു.

വിനു പിന്നെയും എന്തൊക്കെയോ ചെയ്യുന്നു. പൂക്കുറ്റി, തറച്ചക്രം പിന്നെ ഇടയ്ക്കിടയ്ക്ക് റോക്കറ്റ് (കൈയിന്റെ ചെറിയ ഗാപിലൂടെ വെള്ളം ചീറ്റുന്നത് ) തുടങ്ങിയവ വിനു വിക്ഷേപിച്ചു കൊണ്ടിരുന്നു. ഇവന്‍ എന്താണ് ചെയ്യുന്നതെന്ന് ഇവന് അറിയാമോ എന്തോ. അതിനിടക്ക് ഞാന്‍ മിനിമം ഒരു മൂന്നു കുളി എങ്കിലും കുളിച്ചു കഴിഞ്ഞു .

അവസാനം വിനു പൈപ്പ് ന്റെ മുകള്‍ ഭാഗം അടക്കുന്നു. ആശ്വാസമായി. ഇനി വെള്ളം നേരെ താഴോട്ടു മാത്രമല്ലെ പോവു‌. എന്നിട്ട് പതുക്കെ പൈപ്പ് അടക്കാന്‍ തുടങ്ങുന്നു. വെള്ളത്തിന്റെ പുറത്തേയ്ക്കുള്ള തോത് കുറഞ്ഞു വരുന്നു. എനിക്ക് വയ്യ. ഇവന്‍ ഇതു ശരിയാക്കിയെന്നോ ? ഒരു മണിക്കൂര്‍ നീണ്ട അധ്വാനം വെറുതെ ആയില്ല.അങ്ങനെ കറക്കി കറക്കി അങ്ങ് അറ്റം എത്തുന്നു. വെള്ളം ഏതാണ്ട് നിന്നു. ഇപ്പൊ തുള്ളി തുള്ളിയായി മാത്രം പുറത്തേക്ക്. വിനു എന്നെ അഭിമാനത്തോടെ നോക്കി. പിന്നെ തുള്ളികളെ കൂടി നിര്‍ത്താന്‍ വേണ്ടി വിനു പതുക്കെ ഒന്നു കൂടെ പൈപ്പ് തിരിക്കുന്നു.

ക്ടിന്‍ ! പൈപ്പ് വീണ്ടും ചാടിക്കളിക്കെടാ കൊച്ചിരാമാ !!

ഞാന്‍ അപ്പോള്‍ തന്നെ ടോര്‍ച്ച് വിനുവിനെ എല്പിചോണ്ട് പറഞ്ഞു " ഇനി മോന്‍ തന്നെ ഇരുന്നു ശരിയാക്കിയാല്‍ മതി. ഇനിയും കുളിക്കാന്‍ എനിക്ക് മനസ്സില്ല !"

റൂമില്‍ കിടന്ന കുറച്ചു പ്ലാസ്റ്റിക് കവറുകള്‍ എടുത്തു പൈപ്പ് ന്റെ വായ മൂടി കെട്ടുന്നു. പിന്നെ വിനുവിന്റെ വായ മൂടിക്കെട്ടാന്‍ എന്റെ വക ഒരു ഫ്രീ ഉപദേശവും :"അറിയാത്ത പണിക്കു പോവുന്നതിനെ അബദ്ധം എന്നല്ല മണ്ടത്തരം എന്നാ വിളിക്കുന്നെ"

വാല്‍ക്കഷ്ണം : പിറ്റേ ദിവസം പ്ലംബറെ വിളിച്ചു വരുത്തി. പുള്ളിക്കാരന്‍ പുതിയ പൈപ്പ് മേടിക്കുന്നു. ഫിറ്റ് ചെയ്യുന്നു. ടോട്ടല്‍ കോസ്റ്റ് : Rs.50/-

Saturday, March 14, 2009

മത്സരം

ഇന്നും ഉഷയെ മിസ് ചെയ്തു. രാഹുല്‍ മനസ്സില്‍ ഓര്ത്തു.

മൂന്നു ദിവസമായി അവന്‍ ഉഷയെ ഫോളോ ചെയ്യാന്‍ ശ്രമിക്കുവാന്. പക്ഷെ എന്താണെന്നറിയില്ല അവന്‍ ഏഴയലത്തു എത്തുന്നതിനു മുന്പ് ഉഷ സ്ഥലം വിടും.

ആദ്യത്തെ ദിവസം ഒരു മിന്നായം പോലെ കണ്ടു. രണ്ടാമത്തെ ദിവസം നല്ലോണം കണ്ടു. പക്ഷെ അടുത്തെത്താന്‍ കഴിഞ്ഞില്ല.

മൂന്നാമത്തെ ദിവസം രാഹുല്‍ പിന്നാലെ ഓടി. പക്ഷെ പ്രയോജനം ഉണ്ടായില്ല.

ഇന്നു അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ല. രണ്ടിലൊന്ന് അറിഞ്ഞേ മതിയാവൂ. രാഹുല്‍ ഉറപ്പിച്ചു.

രാവിലെ അവന്റെ നേരത്തെ ഇറങ്ങി. കോളേജിലേക്കുള്ള വഴിയില്‍ ഉഷയെ സ്ഥിരം കാണുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു. ഉഷ എത്തുന്നതിനു മുന്പ് അവിടെ എത്താന്‍ ആയിരുന്നു അവന്റെ പ്ലാന്‍. പക്ഷെ അവന്റെ കണക്കു കൂട്ടലുകള്‍ തെറ്റി. മെയിന്‍ റോഡില്‍ കേറിയപ്പോള്‍ തന്നെ ഉഷ തന്നേക്കാള്‍ മുന്പേ അവിടെ എത്തിച്ചേര്‍ന്നത് രാഹുല്‍ കണ്ടു. ഇന്നു വിടാന്‍ പാടില്ല.

അവന്റെ ഓടി. ഉഷ അത് കണ്ടിട്ടെന്ന പോലെ ഓടാന്‍ തുടങ്ങി. രാഹുല്‍ തോല്‍വി സമ്മതിക്കാന്‍ തയ്യാറായില്ല. അവന്‍ ഓടി ഓടി ഉഷയുടെ അടുത്തെത്തി.

"അവിടെ നില്കാന്‍...... നില്‍ക്കാനാ പറഞ്ഞെ !!" അവന്‍ അലറി...

പക്ഷെ ഉഷ നിന്നില്ല. പകരം വേഗത കൂടിയെന്ന് മാത്രം.

രാഹുല്‍ തന്റെ സര്‍വശക്തിയുമെടുത്തു ഓട്ടം തുടര്‍ന്നു. ഉഷയെ തൊട്ടു തൊട്ടില്ല എന്ന അവസ്ഥ എത്തിയപ്പോള്‍ അവന്‍ ചാടിപ്പിടിച്ചു.

ഉഷ ചെറുതായി ഒന്നു വിറച്ചു. രാഹുല്‍ കിതച്ചു കൊണ്ടിരുന്നു.

"എന്താടാ ഈ കാണിക്കുന്നേ ? "

"സോറി ചേട്ടാ... ഒരു അത്യാവശ്യം ഉണ്ടായിരുന്നു. കോളേജ് ജന്ക്ഷനിലേക്ക് ഒരു ടിക്കറ്റ് താ "

അഞ്ചു രൂപ നോട്ടു കണ്ടക്ടര്‍ക്ക് നീട്ടി കൊണ്ടു രാഹുല്‍ പറഞ്ഞു !!

:)

Sunday, March 8, 2009

ഹലോ

ഹലോ
ഹലോ
ഇതു ****** കമ്പനിയില്‍ ജോലി ചെയ്യുന്ന ജയന്‍ അല്ലെ ?
അതെ ... ഇതാരാണ് ?
എന്നെ മറന്നോ ?
നല്ല പരിചയമുള്ള ശബ്ദം ആണല്ലോ..
ഒന്നു ഓര്‍ത്തു നോക്കിയെ
*കുറച്ചു നേരത്തെ നിശബ്ദത*
ഇന്ദു ?
അപ്പോള്‍ ഓര്‍മയുണ്ട്... ഞാന്‍ വിചാരിച്ചു ജയേട്ടന്‍ എന്നെ മറന്നു കാണുമെന്നു..
നീ... എങ്ങനെ.. എവിടെ ? എന്റെ നമ്പര്‍ എവിടുന്നു കിട്ടി ?
അതൊക്കെ കിട്ടി... ജയേട്ടന് സുഖാണോ?
സുഖം തന്നെ.. നിനക്കോ ?
എനിക്കും സുഖം... എന്നാലും കല്യാണത്തിന് എന്നെ വിളിച്ചില്ലല്ലോ..
അത് പിന്നെ.. നീ വീട്ടുകാരോടൊപ്പം നാടു വിട്ടപ്പോ..
നാടു വിട്ടപ്പോ എന്നെ മറന്നല്ലേ ? എന്നാലും എനിക്ക് ജയെട്ടനെ മറക്കാന്‍ കഴിഞ്ഞില്ല...
ഇന്ദൂ.. നീ എന്തൊക്കെയാ ഈ പറയുന്നേ ?
സത്യം.. എന്നെങ്ങിലും ജയേട്ടന്‍ എന്റെ കഴുത്തില്‍ താലി കെട്ടുമെന്ന പ്രതീക്ഷയോടെ ഇപ്പോഴും ഞാന്‍ അവിവാഹിതയായി കഴിയുകയാണ്... അപ്പോഴാ ജയേട്ടന്‍ നാട്ടില്‍ തന്നെ ഉണ്ടെന്നു ഞാന്‍ അറിഞ്ഞതും ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ചതും...
പക്ഷെ എനിക്ക് ഇപ്പോള്‍ ഒരു കുടുംബം ഒക്കെ ഉണ്ട്.
എനിക്ക് ജയേട്ടന്‍ മാത്രമെ ഉള്ളു
ഇന്ദൂ.. ഞാന്‍ പറയുന്നതു നീ മനസ്സിലാക്കു. നമുക്കു പഴയത് പോലെ ആവാന്‍ കഴിയില്ല..
അപ്പൊ എന്നെ സ്നേഹിച്ചതും മോഹിപ്പിച്ചതും ഒക്കെ എന്തിനായിരുന്നു ? ഇത്രയും കാലം ഞാന്‍ കാത്തിരുന്നത് എന്തിന് വേണ്ടിയായിരുന്നു ? ഞാന്‍ ജയെട്ടനെ കുറിച്ച് ഇങ്ങനെ ഒന്നുമല്ല വിചാരിച്ചത്.
*ബാക്ക്ഗ്രൌണ്ടില്‍ കരച്ചില്‍*
ഇന്ദൂ.. പ്ലീസ്.. ഞാന്‍ ഇപ്പോള്‍ ഒരു പെണ്‍കുട്ടിയെ മാത്രമെ സ്നേഹിക്കുന്നുള്ളൂ.. അത് പ്രിയ ആണ്.
അപ്പോള്‍ ഞാന്‍ ആരുമല്ലേ? എന്നെ മാത്രമേ സ്നേഹിക്കുന്നുള്ളൂ.. എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്നൊക്കെ പറഞ്ഞിട്ട് ? ഇപ്പോള്‍ വേറെ ഒരു സുന്ദരിയെ കണ്ടപ്പോള്‍ എന്നെ വേണ്ട.. അല്ലെങ്കിലും ആണുങ്ങള്‍ എല്ലാം ഇങ്ങനെ തന്നെയാ.
നീ അങ്ങനെ പറയരുത്. എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. ഒരുപാടു ഒരുപാടു ഇഷ്ടമായിരുന്നു. പക്ഷെ എന്തുകൊണ്ടോ വിധി നമ്മളെ അകറ്റി. നീ പോയതില്‍ പിന്നെ ഞാന്‍ എന്ത് മാത്രം വിഷമിച്ചു ? പിന്നീടെപ്പോഴോ എന്റെ ജീവിതത്തില്‍ താങ്ങും തണലുമായി പ്രിയ വന്നു. പതിയെ പതിയെ അവളോട്‌ എനിക്ക് ഇഷ്ടം തോന്നി.ഇപ്പോള്‍ ഞങ്ങളുടെ ജീവിതത്തിലെ സന്തോഷം തകര്‍ക്കാന്‍ വേണ്ടി നീ വരരുതു. ഇതു എന്റെ അപേക്ഷ ആണ്.
അപ്പോള്‍ എന്റെ സന്തോഷത്തിനും ആഗ്രഹത്തിനും ഒരു വിലയുമില്ലേ ? ഞാന്‍ ജയെട്ടനെ സ്നേഹിച്ചത് പോലെ അവള്ക്ക് സ്നേഹിക്കനാവുമോ? അവളെ ജയേട്ടന് സ്നേഹിക്കാന്‍ കഴിയുമോ ?
ഇന്ദൂ.. സ്നേഹം ഒരിക്കലും അളക്കാന്‍ ശ്രമിക്കരുത്. ഒരാളെ കൂടുതല്‍ സ്നേഹിക്കുക, കുറവ് സ്നേഹിക്കുക അങ്ങനെ ഒന്നുമില്ല. നിന്നെ ഞാന്‍ ഇപ്പോഴും സ്നേഹിക്കുന്നു. പക്ഷെ നിനക്കു വേണ്ടി പ്രിയയെ ഉപേക്ഷിക്കാന്‍ എനിക്കാവില്ല
ഇതു അവസാന വാക്കാണോ ?
*നിശബ്ദത*
അതെ
തീരുമാനത്തിന് ഒരു മാറ്റവുമില്ല ?
ഇല്ല
*നിശബ്ദത*
മിസ്റ്റര്‍ ജയന്‍
........
ഇതു ****** ചാനലിലെ ***** പരിപാടിയില്‍ നിന്നാണ് വിളിക്കുന്നെ. നിങ്ങള്‍ വിചാരിക്കുന്നതു പോലെ ഞാന്‍ ഇന്ദു ഒന്നുമല്ല. നിങ്ങളുടെ കമ്പനിയില്‍ ഉള്ള കൂട്ടുകാര്‍ വഴിയാണ് നിങ്ങളുടെ നമ്പര്‍ കിട്ടിയത്. ഇന്ദു ആരാണെന്നു പോലും എനിക്കറിയില്ല. എന്തായാലും ഏപ്രില്‍ ഫൂള്‍സ് ദിനത്തില്‍ നിങ്ങളെ വിളിച്ചു ചെറുതായി ഒന്നു പേടിപ്പിക്കുക മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. നിങ്ങള്‍ ഒരു മാതൃക ഭര്‍ത്താവാണെന്ന് തെളിയിച്ചു കഴിഞ്ഞു . താങ്കളുടെ കുടുംബത്തിനു എല്ലാ വിധ ആശംസകളും നേര്‍ന്നു കൊണ്ടു കോമഡി സീന്‍ ഞങ്ങള്‍ വെച്ചു തരുന്നു.

നെറ്റിയില്‍ നിന്നു വിയര്‍പ്പു തുള്ളികള്‍ ഒപ്പുമ്പോള്‍ തന്റെ ഭാര്യ ഗീത ഈ പരിപാടി കാണാന്‍ ഇട വരരുതേ എന്നായിരുന്നു ജയന്റെ പ്രാര്ത്ഥന !!

Saturday, March 7, 2009

അവള്‍

ഓര്‍ക്കാപ്പുറത്ത് ആയിരുന്നു അവളുടെ വരവ്. ഒരു മുന്നറിയിപ്പ് പോലും തരാതെ. അവളുടെ വരവിനെ കുറിച്ചു പലരും അവനോടു സൂചിപ്പിച്ചിരുന്നു. എന്നാലും ഇത്ര വേഗം അവള്‍ വരുമെന്ന് അവന്‍ പ്രതീക്ഷിച്ചില്ല.

അവന്‍ സന്തുഷ്ടനായിരുന്നു. ജീവിതത്തില്‍ അവന്‍ ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കാന്‍ അവന് കഴിഞ്ഞു .അവളുടെ വരവോടെ അവന്റെ ജീവിതത്തിന്റെ താളം തെറ്റി. അപശകുനങ്ങള്‍ സാധാരണയായി. എല്ലാത്തിനും അവന്‍ അവളെ പഴി ചാരി. അവള്‍ നിശബ്ദയായി അവന്റെ കൂടെ തന്നെ കഴിഞ്ഞു . അവള്ക്ക് അവനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. എല്ലാം സഹിക്കാന്‍ അവള്‍ തയ്യാറായിരുന്നു.

ഓരോ ദിവസം കഴിയുന്തോറും അവന്‍ അവളെ വെറുത്തു കൊണ്ടിരുന്നു. അവര്‍ തമ്മില്‍ വഴക്കുകള്‍ പതിവായി. കൂട്ടുകാരോട് അവന്‍ പരിഹാരം ആരാഞ്ഞു. പക്ഷെ അവര്‍ നിസഹായര്‍ ആയിരുന്നു. പതുക്കെ പതുക്കെ അവന്‍ അവളെ തന്റെ മേല്‍ കൂടിയിരിക്കുന്ന ഒരു ബാധ ആയി കണക്കാക്കി തുടങ്ങി. അവളെ ഒഴിപ്പിക്കാന്‍ അവന്‍ പല വഴികളും തേടി. പക്ഷെ അത് കൊണ്ടു പ്രയോജനം ഒന്നുമില്ലായിരുന്നു.

ദിവസങ്ങള്‍ കഴിയുന്തോറും അവന്‍ ഒരു ഭ്രാന്തനെ പോലെ പെരുമാറാന്‍ തുടങ്ങി. സമൂഹം അവനെ ഒറ്റപ്പെടുത്താന്‍ തുടങ്ങി. അവന് ജോലിയില്‍ ശ്രദ്ധ നഷ്ടപെട്ടു. ഭാവിയെ കുറിച്ചു ചിന്തിച്ചു അവന് ഒരു എത്തും പിടിയും കിട്ടിയില്ല.

ഒരു ദിവസം രാവിലെ അവള്‍ മുഖേന അവന് ഒരു കത്ത് കിട്ടുന്നു. അവനോടു ഒപ്പമുള്ള ജീവിതം അവള്‍ക്കു മതിയായെന്നും അവള്‍ വേറെ ഒരുത്തന്റെ കൂടെ പോവുകയാണെന്നും ആയിരുന്നു ആ കത്തില്‍ നിന്നും അവന്‍ മനസ്സിലാക്കിയത്‌. അവന് അപ്പോള്‍ സന്തോഷം ഒന്നും തോന്നിയില്ല. തന്റെ തകര്‍ച്ച പരിപൂര്‍ണം ആക്കിയിട്ടാണല്ലോ അവള്‍ പോയത്. ഇനി സന്തോഷിച്ചിട്ടെന്തു ചെയ്യാന്‍ ?

കൈയില്‍ ഇരുന്ന പിങ്ക് സ്ലിപ് നോക്കി അവന്‍ നെടുവീര്‍പ്പിട്ടു, "എങ്കിലും എന്റെ സാമ്പത്തിക മാന്ദ്യമേ.......!"