Monday, March 23, 2009

ബൈക്ക് തേപ്പ്

കോളേജില്‍ എന്റെ സുഹൃത്ത് ഹരികൃഷ്ണന്‍ ആണ് എന്നെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചത്. ബൈക്ക് മേടിച്ചതിനു ശേഷം കുറച്ചു കാലം എന്റെ ഡ്രൈവര്‍ പണിയും അവന്‍ ഒട്ടും മടി കൂടാതെ ചെയ്തിട്ടുണ്ട്. പത്താം ക്ലാസ്സ് മുതലേ ബൈക്ക് ഓടിച്ചു തുടങ്ങിയ അവന് അത്യാവശ്യം നല്ല രീതിയില്‍ ബൈക്ക് ഓടിക്കാന്‍ അറിയാം. അത് കൊണ്ടു തന്നെ ബൈക്ക് പറപ്പിച്ചാലും നല്ല ട്രാഫിക്കിന്റെ ഇടയില്‍ കൂടി പാമ്പിനെ പോലെ നുഴഞ്ഞും ഇഴഞ്ഞും ഓടിക്കുമ്പോഴും എനിക്ക് അവന്റെ പിറകെ ബൈക്കില്‍ ഇരിക്കാന്‍ പേടി തോന്നിയിട്ടില്ല. ദാസപ്പന്റെ കൂടെ ബൈക്കില്‍ പോയ അനുഭവം നിങ്ങള്‍ നേരത്തെ വായിച്ചിട്ടുണ്ടാവുമല്ലോ. അത് പോലെ ഞാനും ഹരിയും കൂടി തേഞ്ഞ ഒരു അനുഭവം ഞാന്‍ വിവരിക്കാം.

ടോര്‍ക്ക് (TORQUE) എന്നൊരു ഇംഗ്ലീഷ് പടം ഇറങ്ങിയ സമയം. സിനിമ ബൈകേര്‍ ഗാങ്ങ്സിനെ കുറിച്ചാണ്. പടത്തില്‍ ഇഷ്ടം പോലെ ബൈക്ക് സ്ടണ്ടുകള്‍ ഉണ്ട്. ബൈക്ക് അതിഭീകര സ്പീഡില്‍ ഓടിക്കുക, ബൈക്ക് ജമ്പ് ചെയ്യിച്ചു ഓടുന്ന ട്രെയിനിന്റെ മുകളില്‍ ബ്രേക്ക് ചവിട്ടി നിര്‍ത്തുക, പിന്‍ചക്രത്തില്‍ മാത്രം ബൈക്ക് ഓടിക്കുക (wheelie) ഇത്യാദി ഇഷ്ടം പോലെ സീനുകള്‍ സിനിമയില്‍ ഉണ്ട്. ഈ പടത്തിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ഞാനും ഹരിയും ഒരു കാര്യം ഉറപ്പിച്ചു : ഈ പടം കണ്ടേ തീരു.

കാത്തു കാത്തിരുന്നു അവസാനം പടം കേരളത്തില്‍ തിരുവനന്തപുരത്ത് ന്യൂ തിയേറ്ററില്‍ റിലീസ് ആയി. നമ്മള്‍ ഹാപ്പി. റിലീസ് ചെയ്ത വെള്ളിയാഴ്ച ദിവസം ഞങ്ങള്‍ ഉച്ചക്ക് ക്ലാസ്സ് കട്ട് ചെയ്തു ഇറങ്ങുന്നു. കോളേജില്‍ നിന്നു തിയേറ്റര്‍ലേക്ക് ഹരിയുടെ ബൈക്കില്‍ (ഹീറോ ഹോണ്ട സ്പ്ലെണ്ടാര്‍) ഞങ്ങള്‍ എത്തുന്നു. അന്ന് എനിക്ക് ബൈക്ക് ഇല്ല. പോരാത്തതിന് ഓടിക്കാനും അറിയില്ല. പിന്നെ ഹരി ഉള്ളപ്പോള്‍ വണ്ടി ഓടിക്കാന്‍ വേറെ ആളെന്തിനു ?

സിനിമ കുഴപ്പമില്ല എന്ന് പറയാം. ബൈക്ക് ഭ്രാന്തന്മാര്‍ക്ക് എന്തൊക്കെ ആയാലും ഇഷ്ടപെടും. അത് കൊണ്ടു തന്നെ നമുക്കു രണ്ടു പേര്‍ക്കും ഇഷ്ടപ്പെട്ടു. പടം ഒക്കെ കണ്ടിട്ട് നമ്മള്‍ തിരികെ യാത്ര ആരംഭിക്കുന്നു. സിനിമയുടെ ഹാങ്ങോവര്‍ ഹരിക്ക് ഉണ്ട്. സ്പ്ലെണ്ടാര്‍ വെച്ചു ഇവന്‍ ഇനി വല്ല സ്ടണ്ടും കാണിക്കാന്‍ ട്രൈ ചെയ്യുമോ എന്ന് ഞാന്‍ ഒന്നു സംശയിച്ചു. പക്ഷെ അതിന് ഗിയര്‍ ഒക്കെ ഇട്ടു ടോപ്പ് സ്പീഡ് വരെ എത്തണമല്ലോ. അതിന് മുന്പ് തന്നെ സംഭവിക്കാനുള്ളത് സംഭവിച്ചു.

ഹരി ആദ്യം ബൈക്ക് ഫസ്റ്റ് ഗിയര്‍ ഇട്ടു പതുക്കെ നീക്കി തുടങ്ങുന്നു. പിന്നെ സെക്കന്റ് ഇട്ടു തേര്‍ഡ് ഇട്ടു പതുക്കെ സ്പീഡ് കൂട്ടുന്നു. അപ്പോഴുണ്ട് ഒരു വളവ്‌. എത്ര എത്ര വളവുകള്‍ പുഷ്പം പോലെ വളച്ച് മടക്കിയെടുത്തവന്‍ ഹരി. എത്ര പ്രാവശ്യം ബൈക്ക് ചരിച്ചു കിടത്തി വളച്ചവന്‍ ഹരി. എത്ര വണ്ടികളെ വളവില്‍ വെച്ചു ഓവര്‍ടേക്ക് ചെയ്തവന്‍ ഹരി. അങ്ങനെ ഉള്ള ഹരിയെ തോല്‍പ്പിക്കാന്‍ ഈ വളവിനാവുമോ മക്കളെ ?

ഞാന്‍ ഒരു ടെന്‍ഷനും ഇല്ലാതെ പുറകില്‍ ഇരിക്കുവാണ്. ബ്രീത്ത്‌ ഈസി ! ഹരി വളവു ഒരു 25 - 30 km/hr സ്പീഡില്‍ വളക്കുന്നു. അപ്പോള്‍ റോഡില്‍ എന്തോ തിളങ്ങുന്നു. വെള്ളം? ഓയില്‍? എന്തായാലും കിടിലം സംഭവം തന്നെ ആയിരുന്നു കേട്ടാ. ബൈക്ക് സ്കിഡ്‌ ചെയ്തു! അതിന്റെ സൌണ്ട് എഫ്ഫെക്ട്സ് ഇപ്പ്രകാരം.

തോം തോം തോം ...... തജം തജം തകജം !

തോം നം 1 : ബൈക്ക് ചരിയുന്നു. റോഡില്‍ വീഴുന്നു. കുറച്ചു തേയുന്നു.

തോം നം 2 : ബൈക്ക് വീഴുമ്പോള്‍ സ്വാഭാവികമായും ഹരി വീഴുമല്ലോ. അവന്‍ പൂച്ചയെ പോലെ നാല് കാലില്‍ വീഴുന്നു. അത്യാവശ്യം തേഞ്ഞു കിട്ടി.

തോം നം 3 : ബൈക്ക് മറിഞ്ഞാല്‍ വായുവില്‍ നില്ക്കാന്‍ മാത്രം ഞാന്‍ മജിഷ്യന്‍ മുതുകാടിന്റെ സ്ടുടെന്റ്റ് ഒന്നുമല്ലല്ലോ. ഞാനും വീഴുന്നു. പക്ഷെ കാര്യമായി ഒന്നും സംഭവിച്ചില്ല. കാരണം ഞാന്‍ ലാന്‍ഡ്‌ ചെയ്തത് ഹരിയുടെ പുറത്തു. പാവം എന്റെ വീഴ്ച മുഴുവന്‍ താങ്ങി എന്നെ രക്ഷിച്ചു.

തജം തജം തകജം : നാട്ടുകാര്‍ ഓടി കൂടുന്നു. പിടിച്ചു എഴുന്നെല്പിക്കുന്നു. ഉപദേശം. ശകാരം etc etc.

ഞാന്‍ എന്റെ ബോഡി പാര്‍ട്സ് ഒക്കെ അതാതു സ്ഥാനങ്ങളില്‍ തന്നെ ഉണ്ടോ എന്ന് പരിശോധിച്ചു. ഇട്ടിരുന്ന ജീന്‍സ് മുട്ടിന്റെ ഭാഗത്തായി അല്പം കീറിയിട്ടുണ്ട്. ഞാന്‍ സന്തോഷത്തോടെ ഹരിയെ നോക്കി പറഞ്ഞു, " എടാ... മറിഞ്ഞടിച്ചു വീണിട്ടും ഭാഗ്യത്തിന് എനിക്ക് ഒന്നും പറ്റിയില്ല. നിനക്കു വല്ലോം പറ്റിയോ?"

കൈപത്തി, കൈ ആന്‍ഡ് കാല്‍മുട്ട് ഇത്യാദി ഭാഗങ്ങളില്‍ ഒക്കെ പെയിന്റ് പോയി പോരാത്തതിന് എന്റെ വീഴ്ചയും താങ്ങി ഒടിഞ്ഞ പോസ്റ്റ് പോലെ നില്‍കുന്ന ഹരി അതിന് എന്ത് മറുപടി പറയാന്‍ ? എനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയാത്തത് കാരണം അവന്‍ തന്നെ വലിഞ്ഞു കേറി വണ്ടി ഓടിച്ചു എന്നെ വീട്ടില്‍ കൊണ്ടാക്കുന്നു.

രണ്ടു ദിവസം ഹരി ഉഴിച്ചില്‍ പിഴിച്ചില്‍ മുറിവിനു ട്രീട്മെന്റ്റ് ഒക്കെ കഴിഞ്ഞു പൂര്‍വാധികം ശക്തിയോടെ ഒരു തിരിച്ചു വരവ് നടത്തുന്നു. പിന്നെ എന്നെയും കൊണ്ടു പോവുമ്പോള്‍ അവന്‍ ഒരേ ഒരു റിക്വസ്റ്റ് മാത്രമെ ചെയ്തിട്ടുള്ളൂ : " ഡാ.. എങ്ങാനും ബൈക്ക് ചരിഞ്ഞാല്‍ നീ ദയവു ചെയ്തു എന്നെ ഒരു ലാണ്ടിംഗ് ഗ്രൌണ്ട് ആയിട്ട് കാണരുത് "

4 comments:

  1. ഇവിടെ തേഞ്ത്‌ നീയോ അതോ ഹരിയോ..??? ഇതു നീ ഹരിയെ റോട്ടിലിട്ട് തേച്ച്‌ റോട്ടി ആകിയത്‌ അല്ലേ...!!

    Paavam Potter..!!!!

    ReplyDelete
  2. നല്ല എഴുത്ത്. ആശംസകള്‍

    ReplyDelete
  3. C-dac Ormakal thelinju varunnu

    ReplyDelete
  4. @ ദാസപ്പന്‍
    ഞാന്‍ തേച്ചത് തന്നെയാ !

    @കുമാരന്‍
    നന്ട്രി !

    @അനില്‍
    ഓര്‍മ്മകള്‍ ഒക്കെ ബ്ലോഗ് ആക്കെടാ...

    ReplyDelete