Friday, May 22, 2009

അമാവാസി



അന്ന് ഒരു കറുത്തവാവ് ആയിരുന്നു.എങ്ങും കുറ്റാ കുരിരുട്ടു.ബസ്‌ സ്റ്റോപ്പില്‍ വണ്ടി ഇറങ്ങി സഹദേവന്‍ ഒന്ന് ചുറ്റും കണ്ണോടിച്ചു നോക്കി.. സമയം സന്ധ്യ കഴിഞ്ഞു ഏറെ ആയിരിക്കുന്നു.. എങ്ങും ഒരു മനുഷ്യര്‍ പോലുമില്ല . തന്‍റെ ഉള്ളില്‍ ലേശം ഭയം ഉണ്ടോന്നു ഒരു സംശയം..." ഏയ്‌ ഇല്ലിയാ ..! തനിക്കു പണ്ടേ ഈ യക്ഷിയിലും പ്രേതത്തിലും ഒന്നും വിശ്വാസം ഇല്ല .. ഈ ഇരുട്ടത്ത്‌ ഏതേലും പിടിച്ചുപറിക്കാരോ കള്ളന്മാരോ പതുങ്ങി ഇരിപ്പുണ്ടോ എന്ന് ഒരു പേടി !"

ഇനിയും രണ്ടു കിലോമീറ്റര്‍ നടന്നാലേ തന്‍റെ ഇല്ലം എത്തു. എവിടെയൊക്കെയോ പട്ടികള്‍ ഓരിയിടുന്ന ശബ്ദം കേള്‍ക്കാം. അമാവാസിക്കും പട്ടികള്‍ ഒരിയിടുന്നതിലും എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് സഹദേവന്‍ വെറുതെ ആലോചിച്ചു. തന്നെ ആരോ പിന്തുടരുന്നത് പോലെ തോന്നിയപ്പോള്‍ അയാള്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി. അതെ.. താന്‍ ഒറ്റയ്ക്കല്ല.. കറുത്ത ഒരു നാടന്‍ ശ്വാനന്‍ തന്റെ പിന്നാലെ ഉണ്ട്. സഹദേവന്‍ ഒരു കല്ലെടുത്ത്‌ എറിഞ്ഞു," ഓടെടാ... നീ നമ്മളെ പേടിപ്പിക്കാന്‍ വന്നിരിക്ക്യാ ?" നടത്തത്തിന്റെ വേഗത കൂട്ടാനും അയാള്‍ മറന്നില്ല.

സഹദേവന്‍ തന്‍റെ ഇല്ലത്തേക്ക് വന്നു കയറി.. എങ്ങും ഒരു പ്രകാശനാളം ഇല്ല.. "ഇവിടെ എല്ലാര്‍ക്കും എന്താ സന്ധ്യ കഴിഞ്ഞാല്‍ ഒരു വിളക്ക് കത്തിച്ചു വയിക്കാന്‍ വയ്യേ..? ഹും! ഇപ്പോള്‍ എങ്ങും സീരിയല്‍ ഭ്രാന്ത് ആണെല്ലോ.. കള്ളന്‍ കയറിയാല്‍ കൂടെ അറിയില്യ ..! "

വീടിന്‍റെ മുന്‍വാതില്‍ അടച്ചിരിക്കുന്നു... "ഹാവു..! അത്രേലും ചെയ്തിട്ട് ഉണ്ടെല്ലോ...' സഹദേവന്‍ മനസ്സില്‍ പറഞ്ഞു ..

ഉമ്മറത്ത്‌ നിന്ന് കൊണ്ട് അയാള്‍ തന്റെ പ്രിയപത്നി രാധികയെ ഉറക്കെ വിളിച്ചു... "രാധികേ കതകു തുറക്കു.. നാം വന്നിരിക്കുന്നു.. എന്താ നിനക്ക് സന്ധ്യക്ക്‌ ഉമ്മറത്ത്‌ ഒരു വിളക്ക് കത്തിച്ചു വച്ചൂടെ ??" സഹദേവന്‍ തന്‍റെ തോളില്‍ തൂക്കിയിരുന്ന ബാഗ്‌ എടുത്തു താഴെ വച്ചു.. മുറ്റത്ത്‌ വച്ചിരുന്ന കിണ്ടിയിലെ വെള്ളം കൊണ്ട് തന്‍റെ കാലു കഴുകി.

അകത്തു ആളനക്കം ഒന്നും കാണാത്തത് കൊണ്ട് അയാള്‍ പതുക്കെ വാതിലില്‍ മുട്ടി നോക്കി. ഒരു ഞരങ്ങലോടെ വാതില്‍ തുറന്നു.

"ആഹ ... ഇത് നല്ല കാര്യമായി പോയി... വാതില്‍ അടച്ചിട്ടുണ്ട്.. എന്നാല്‍ അകത്തു നിന്ന് പൂട്ടിയിട്ടില്ല... കേമം !"

ഇവളിത് എവിടെ പോയി കിടക്കുവാ ? സഹദേവന്‍ മനസ്സില്‍ ഓര്‍ത്തു. വെട്ടവും വെളിച്ചവുമില്ലാതെ ഇല്ലം കണ്ടാല്‍ ഒരു ഭാര്‍ഗവി നിലയം പോലെ ഉണ്ട്. താന്‍ പണ്ടേ പറഞ്ഞതാ പട്ടണത്തില്‍ വീട് വാടകയ്ക്ക് എടുത്തു അങ്ങോട്ട്‌ താമസം മാറാം എന്ന്.പക്ഷെ രാധിക സമ്മതിക്കണ്ടേ? അവള്‍ക്കു ജനിച്ചു വളര്‍ന്ന വീട് വിട്ടു പോവാന്‍ മനസ്സ് വരുന്നില്ലത്രേ. അച്ഛനും അമ്മയും അകാലത്തില്‍ മരണമടഞ്ഞ അവളെ പിന്നെ നോക്കിയതും വളര്‍ത്തിയതും ഒക്കെ അവളുടെ ഇളയമ്മ ആയിരുന്നു. ഇപ്പൊ കല്യാണം കഴിഞ്ഞതോടെ അവര് അവരുടെ മക്കളുടെ ഒപ്പം പോയി. അല്ലെങ്കില്‍ തന്നെ ഇനി രാധിക്കക്ക് താനുണ്ടല്ലോ. സഹദേവന്‍ ഓര്‍മകളില്‍ മുഴുകി.

അകത്തു കേറി സ്വിച്ച് ഇട്ടപ്പോഴാണ് കാര്യം മനസ്സിലായത്‌. കറന്റ്‌ ഇല്ല. താന്‍ വരുമ്പോള്‍ നല്ല കാറ്റ് വീശുന്നത് സഹദേവന്‍ ഓര്‍ത്തു.പോസ്റ്റ്‌ വല്ലതും ഒടിഞ്ഞു വീണു കാണും. അമ്മാതിരി കാറ്റ് അല്ലെയോ വീശിയെ. ഇന്നത്തെ കാര്യം തീരുമാനമായി. "കറന്റ്‌ ഇല്ലെങ്കില്‍ ഒരു മെഴുകുതിരിയോ മണ്ണെണ്ണ വിളക്കോ കത്തിച്ചു വെച്ച് കൂടെ ? ഇരുട്ടത്ത്‌ ഇരിക്കാന്‍ ഈ കുട്ടിക്കെന്താ വട്ടുണ്ടോ ? രാധികേ... എവിടെയാ നീയ് ?"

സഹദേവന്‍ തപ്പി തടഞ്ഞു അടുക്കളയില്‍ എത്തിച്ചേര്‍ന്നു. അടുപ്പിന്റെ അടുത്ത് കിടന്ന തീപ്പെട്ടി എടുത്തു. ഒരു കൊള്ളി എടുത്തു ഉരച്ചു.

"ങ്യാ.... !!!!"

ഞെട്ടി തിരിഞ്ഞ സഹദേവന്‍ തിളങ്ങുന്ന രണ്ടു കണ്ണുകള്‍ മാത്രമേ കണ്ടുള്ളൂ. അപ്പോഴേക്കും കൊള്ളി അണഞ്ഞു.

"നാശം പിടിച്ച പൂച്ച. ഈ ജന്തുവിനെ അടുക്കളയില്‍ കേറ്റരുത്‌ എന്ന് എത്ര പ്രാവശ്യം പറഞ്ഞതാ... രാധികേ.. എവിടെ പോയി കിടക്കുവാ നീ? എനിക്ക് ദേഷ്യം വരണുട്ടോ.. ഒളിച്ചു കളിയ്ക്കാന്‍ പറ്റിയ സമയം അല്ലിത് !"

അടുത്ത കൊള്ളി ഉരച്ചു അത് അണയുന്നതിനു മുന്‍പ് സഹദേവന്‍ ഒരു മെഴുകുതിരി കത്തിച്ചു. പിന്നെ വീട് മുഴുവന്‍ അരിച്ചു പെറുക്കി. ഇല്ല.. രാധിക വീട്ടില്‍ ഇല്ല. നൂറു തരം. ഇനിയിപ്പോ സര്‍പ്പകാവില്‍ എങ്ങാനും പോയി കാണുമോ? നേരം ഇരുട്ടുന്നതിനു മുന്‍പ് അവിടെ പോയി വിളക്ക് വെക്കണം എന്ന് പറഞ്ഞാല്‍ കേള്‍ക്കില്ല. സീരിയല്‍ ഒക്കെ കഴിഞ്ഞു സാവധാനമേ പോവതുള്ളൂ.കൈയില്‍ ഒരു ടോര്‍ച്ചും പിടിച്ചോണ്ട് പോവുമ്പോള്‍ ചിലപ്പോഴൊക്കെ താനും കൂടെ പോവാറുണ്ട്. സഹദേവന്‍ ടോര്‍ച്ച്‌ വെച്ചിരിക്കുന്ന സ്ഥലം നോക്കി. അവിടം ശൂന്യം. അപ്പോള്‍ അവിടെ പോയത് തന്നെ.

മെഴുകുതിരി കാറ്റത്ത്‌ അണയാന്‍ സാധ്യത ഉള്ളത്‌ കൊണ്ട് സഹദേവന്‍ ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചിട്ട് അതുമായി വീടിന്റെ പിന്‍വശത്തേക്ക്‌ നടന്നു. അവിടം ഒരു ചെറിയ കാട് തന്നെയാണ്. സര്‍പ്പകാവ് കുറച്ചു ഉള്ളിലേക്കാണ്. ഒരു ചെറിയ ഇടവഴിയില്‍ കൂടി നടന്നു വേണം അവിടെ എത്താന്‍. രാത്രിയിലെ പലവിധ ജീവികളുടെ ഒച്ച സഹദേവനെ കുറച്ചൊന്നുമല്ല ഭയപെടുത്തിയത്. മെഴുകുതിരിനാളം ആടുന്നത് അനുസരിച്ച് നിഴലുകള്‍ നൃത്തം വെക്കുന്നു. ചീവീടുകള്‍ അതിനു സംഗീതം നല്‍കുന്നു. തന്റെ ഹൃദയം പടപട മിടിക്കുന്നത്‌ സഹദേവന്‍ കേട്ടു "ഈശ്വരാ.. കാത്തുകൊള്ളേണമേ" അയാള്‍ പ്രാര്‍ത്ഥിച്ചു. പാലമരത്തിന്റെ മുകളില്‍ ഇരുന്നു ഒരു മൂങ്ങ ഇതൊക്കെ വീക്ഷിച്ചു കൊണ്ടിരുന്നു.

അവസാനം സര്‍പ്പകാവ് എത്താറായി. സഹദേവന്റെ കണക്കുക്കൂട്ടല്‍ തെറ്റിയില്ല. അവിടെ അരണ്ട വെളിച്ചത്തില്‍ ഒരു സ്ത്രീരൂപം!

"രാധികേ... നീ എന്താ അവിടെ കാണിക്കണേ ... ഇങ്ങോട്ട് വര്യാ ... ഞാന്‍ എത്ര നേരമായി നിന്നെ അന്വേഷിക്കണൂ.."

"ദേവേട്ടന്‍ വന്നുവോ .. ഞാന്‍ ദേവേട്ടനെ കാത്തിരുന്നു മടുത്തപ്പോ വെറുതെ നടക്കാന്‍ ഇറങ്ങിയതാ ... അപ്പോഴേക്കും കറന്റും പോയി .. "

ആ രൂപം തിരിഞ്ഞു. അതെ... രാധിക തന്നെ.. പക്ഷെ എന്തോ ഒരു മാറ്റം. ഇത് വരെ മുഖത്ത് കാണാത്ത ഒരു തരം ഭാവം. സഹദേവന്‍ അവളുടെ അടുത്തേക്ക് നടക്കാന്‍ഒരുങ്ങി.

"ദേവേട്ടന്‍ വീട്ടിലേക്കു പൊയ്കൊള്ളൂ... എന്നിട്ട് ഉഷാറായി ഒന്ന് കുളിച്ചു വര്യാ... അപ്പോഴേക്കും ഞാന്‍ അത്താഴം വിളമ്പാം !"

അവളുടെ ശബ്ദത്തില്‍ ആജ്ഞയുടെ ഒരു സ്വരം കലര്‍ന്നത് കൊണ്ടോ എന്തോ സഹദേവന് എതിരഭിപ്രായം പറയാന്‍ തോന്നിയില്ല.

"നിന്റെ കൈയില്‍ ടോര്‍ച്ച്‌ ഇല്ലേ കുട്ട്യേ ? ഈ കൂരിരുട്ടില്‍ നീ ഇവിടെ ഉണ്ടോ ഇല്ലെയോ എന്ന് പോലും കാണാന്‍ സാധിക്കുന്നില്ല !"

"ദേവേട്ടന്‍ പേടിക്കണ്ട... എനിക്ക് ഈ വഴി ഒക്കെ നല്ല പരിചയമാ ... ഞാന്‍ എത്തിക്കോളാം.. ദേവേട്ടന്‍ നടന്നോളു‌ "

മനസ്സില്ലാമനസ്സോടെ സഹദേവന്‍ വീട്ടിലേക്കു തിരികെ നടക്കാന്‍ ആരംഭിച്ചു. ഇടയ്ക്കു തിരിഞ്ഞു നോക്കിയപ്പോള്‍ രാധിക ഒരു പുഞ്ചിരി തൂകി നില്‍പ്പുണ്ട്‌. ആ കാഴ്ച എന്ത് കൊണ്ട് തന്നെ ഭയപ്പെടുത്തുന്നു എന്ന് അയാള്‍ക്ക്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പാലമരത്തില്‍ മൂങ്ങ ഇരുന്നിടം അപ്പോള്‍ ശൂന്യം ആയിരുന്നു.

വീട്ടില്‍ എത്തിയ സഹദേവന്‍ തന്റെ മുറിയില്‍ നിന്ന് തോര്‍ത്തും മുണ്ടും എടുത്തു കുളിമുറിയില്‍ കേറി. പൈപ്പ് തുറന്നപ്പോള്‍ കാറ്റ് മാത്രം.

"കറന്റും ഇല്ല... വെള്ളവുമില്ല.. ഇന്നൊരു നശിച്ച ദിവസം തന്നെ ആണല്ലോ !" ഇങ്ങനെ പിറുപിറുത്തു കൊണ്ട് അയാള്‍ കിണറ്റിന്‍ കരയിലേക്ക് നീങ്ങി.

മണ്ണെണ്ണ വിളക്ക് കിണറിന്റെ അടുത്ത് തറയില്‍ വെച്ചിട്ട് സഹദേവന്‍ തൊട്ടിയെടുത്തു കിണറ്റിലേക്ക് എറിഞ്ഞു. അപ്പോള്‍ ഉണ്ടായ ശബ്ദം കേട്ടു കാട്ടില്‍ നിന്ന് ഒരു കൂട്ടം വവ്വാലുകള്‍ പറന്നു ഉയര്‍ന്നു. ക്ഷീണം കാരണം വളരെ ആയാസപ്പെട്ട്‌ അയാള്‍ വെള്ളം നിറഞ്ഞ തൊട്ടി മുകളിലേക്ക് വലിച്ചു എടുത്തു. വെള്ളം തലയിലേക്ക് ഒഴിക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ അത് ശ്രദ്ധിച്ചത്. തൊട്ടിയില്‍ ഒരു തിളക്കം. വെള്ളത്തിനൊപ്പം എന്തോ ഒരു സാധനം കൂടി കിടപ്പുണ്ട്. സഹദേവന്‍ പതുക്കെ തൊട്ടി ചെരിച്ചു വെള്ളം കളഞ്ഞു. അപ്പോള്‍ കണ്ടു... തോട്ടിക്കകത്തു രാധികയുടെ കൈയില്‍ ഉണ്ട് എന്ന് പറയപ്പെടുന്നു ടോര്‍ച്ച്‌ !!

"ഇത്... എങ്ങനെ... അപ്പൊ രാധിക പറഞ്ഞത്... ??" വാക്കുകള്‍ അയാളുടെ തൊണ്ടയില്‍ കുടുങ്ങി.

ടോര്‍ച്ച്‌ എടുത്തു അതിന്റെ സ്വിച്ചില്‍ വിരല്‍ അമര്‍ത്തി. അത് തെളിഞ്ഞു. സഹദേവന്‍ രണ്ടും കല്‍പ്പിച്ചു കിണറ്റിന്റെ അകത്തേക്ക് ടോര്‍ച്ച്‌ തെളിയിച്ചു. അപ്പോള്‍ കണ്ട കാഴ്ച! തന്റെ രാധിക... അതിനകത്ത്‌... കണ്ണുകള്‍ മേല്പോട്ട് ആയി... മുഖം വീര്‍ത്ത്..ചലനമറ്റു കിടക്കുന്നു. ഇനിയൊരിക്കലും ദേവേട്ടാ എന്ന് അവള്‍ വിളിക്കില്ല. സഹദേവന് അയാളുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എല്ലാം ഒരു ദുസ്വപ്നം മാത്രംആവണേ എന്ന് അയാള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു.

അപ്പോള്‍ താന്‍ സര്‍പ്പകാവില്‍ വെച്ച് കണ്ടതും സംസാരിച്ചതും ഒക്കെ ആരോടായിരുന്നു? അത് തന്റെ രാധിക അല്ലായിരുന്നോ?

"ദേവേട്ടാ... !"

പിന്നില്‍ നിന്നും ഒരു വിളി. അതിനൊപ്പം തണുത്ത ഒരു കൈപത്തി തോളില്‍ പതിച്ചു.

"അമ്മേ.... എന്നെ ഒന്നും ചെയ്യരുതേ... !"
"എന്താടി നിലവിളിക്കുന്നെ ? ഇത് ഞാനാ !"
"ഹോ... നിങ്ങളായിരുന്നോ മനുഷ്യാ... ഞാന്‍ പേടിച്ചു പോയല്ലോ.. "
"കണ്ട വാരികയിലെ പ്രേത നോവലൊക്കെ വായിചോണ്ടിരുന്നോളും... പോയി ചായ ഉണ്ടാക്കെടീ !"

7 comments:

  1. ശ്ശൊ...ചുമ്മാ മനുഷ്യനെ പേടിപ്പിച്ചു....
    എന്തായാലും കഥ നന്നായിട്ടോ

    ReplyDelete
  2. endayalum kollam! ottaykkirunnu vayichatondu orale koode angatttu pedippikkan tarayi... danke... (itu vayichu kondirunnappol roomilekku keri vanna hatabhagyaya roomie aanu itinde ultimate victim!!! :P

    ReplyDelete
  3. vayichu thudangiyapolae thoneernu..enganae velathum akum ending enn!!..thettilya nnik..

    ReplyDelete
  4. ദുഷ്ടാ... കെടന്നൊറങ്ങാൻ സമ്മദിക്കൂലാ ല്ലേ?

    ReplyDelete
  5. അവസാനം സ്വപ്നം ആവുമെന്നു തോന്നിയെങ്കിലും ചെറുതായൊന്നു പേടിപ്പിച്ചു..:)

    ReplyDelete
  6. @ കണ്ണനുണ്ണി
    നന്ദി ഉണ്ട് കേട്ടോ :)

    @ അനാമിക
    റൂം മേറ്റ്‌ നു ബോധക്കേടോന്നും സംഭവിച്ചില്ലല്ലോ അല്ലേ ?

    @ സ്നേഹ
    വായിച്ചു തുടങ്ങുമ്പോഴേ ഓരോന്ന് വിചാരിക്കുന്നത് എന്തിനാ ? ഡോണ്ട് റിപീറ്റ് ദിസ്‌ !

    @ കാല്‍വിന്‍
    ഞാന്‍ പകല്‍ സമയത്താ ഇത് എഴുതി തീര്‍ത്തെ... അല്ലെങ്കില്‍ എന്റെ ഉറക്കവും പോയേനെ !

    @rare rose
    എഴുതിയ ഞാന്‍ വരെ പേടിച്ചു ... അപ്പോഴാ ;)

    ReplyDelete