Friday, May 15, 2009

ടൂര്‍ തേപ്പ്

കോളേജ് ടൂറില്‍ നടന്ന ഒരു തേപ്പ് ഞാന്‍ മുന്പ് പറഞ്ഞിട്ടുണ്ട്. അതിന് പുറമെ ഒരുപാടു തേപ്പുകള്‍ സംഭവിച്ചിട്ടുള്ളത് കൊണ്ടു ഒരു സീരീസ്‌ ആയിട്ട് അവതരിപ്പിക്കാന്‍ ഞാന്‍ ഇവിടെ ശ്രമിക്കുവാണ്‌.

ബസില്‍ അടിപൊളി പാട്ടൊക്കെ ഇട്ടു എല്ലാരും തുള്ളിച്ചാടി ടൂര്‍ ആരംഭിക്കുന്നു. ഇട്ടാവട്ടത്ത്‌ വെറുതെ കൈയും പൊക്കി ചാടിയാല്‍ അതിനെ ഡാന്‍സ് എന്ന് പറയുന്നതു കൊണ്ടു എല്ലാരും ഈ കലാപരിപാടിയില്‍ പങ്കെടുത്തു വിജപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു. ആ കാലഘട്ടത്തില്‍ വിജയുടെ പാട്ടുക്കള്‍ക്ക് ആണ് ഡിമാണ്ട്. "അപ്പടി പോട്", "മച്ചാ പേരു മധുരൈ", "കൊക്കര കൊക്കാരക്കോ" ഇതൊക്കെ ഇട്ടാല്‍ പിന്നെ ആരും ഇരിക്കാറില്ല. പെണ്ണുങ്ങള്‍ക്ക്‌ പൊതുവെ ഹിന്ദി പാട്ടുകള്‍ ആണ് താത്പര്യം എങ്കിലും നമ്മള്‍ അതൊന്നും വക വെച്ചുകൊടുത്തില്ല. അങ്ങനെ 'ഹാപ്പിലി എവര്‍ ആഫ്ടര്‍' മോടെലില്‍ പോവുമ്പോ അത് സംഭവിച്ചു. ബസിന്റെ ടയര്‍ പഞ്ചര്‍ ആയി ! ഒരു മണിക്കൂര്‍ കൊണ്ടു ടയര്‍ മാറ്റി ഇട്ടു വീണ്ടും തുള്ളല്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ വീണ്ടും അതെ ടയര്‍ പഞ്ചര്‍ ആയി. ചൂടു കൊണ്ടാണത്രേ. ബസിന്റെ നടുവിനിട്ട്‌ ചാടിയതിന്റെ ചൂടാണോ എന്തോ. വീണ്ടും ഒരു മണിക്കൂര്‍ ഡിലെ. മൂന്നാമതൊരു തവണ കൂടി പഞ്ചര്‍ ആയതോടെ ടൂര്‍ കുളമാവുമെന്നു ഉറപ്പായി. ഇനി ദൈവം തന്നെ ശരണം.

ബസിന്റെ ഒരു മൂലയില്‍ കിടന്ന പഴയ കാസ്സെട്ടുകളില്‍ നിന്നു ഒരു ഭക്തിഗാന കാസറ്റ് പോക്കുന്നു. ഇടുന്നു. എല്ലാരും അടങ്ങി ഒതുങ്ങി സീറ്റില്‍ ഇരുന്നു നാമം ജപിക്കാന്‍ തുടങ്ങുന്നു. അത്ഭുതമെന്നു പറയട്ടെ, അന്ന് പിന്നെ ടയര്‍ പഞ്ചര്‍ ആയില്ല ! (നടന്ന സംഭവം ആണ്) പിന്നെ പ്രശ്നം ഉണ്ടായതു ടൂര്‍ തീര്‍ന്നു ബസ്സ് തൃശ്ശൂരില്‍ എത്തിയപ്പോഴാണ്. അപ്പോള്‍ പഞ്ചര്‍ അല്ല ബസ്സ് ബ്രേക്ക്‌ ഡൌണ്‍ ആയി. രാത്രി 12 മണിക്ക് റോഡിലൂടെ ബസ്സ് തള്ളി അത് സ്റ്റാര്‍ട്ട്‌ ആക്കാന്‍ ഒരു ശ്രമം ഒക്കെ നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. അവസാനം വേറെ ബസ്സ് വന്നിട്ടാണ് ഞങ്ങളെ കൊണ്ടു പോയത്. എന്തായാലും ഒരു സംഭവ ബഹുലമായ ടൂര്‍ തന്നെ ആയിരുന്നു!

പിന്നൊരു ടൂറില്‍ ഞങ്ങള്‍ മൂന്നാര്‍ പോയി. നല്ല പച്ചപ്പ്‌ വിരിച്ച സ്ഥലം. ഇടയ്ക്കിടയ്ക്ക് ചെറിയ ജലാശയങ്ങളും. പക്ഷെ എനിക്ക് അവിടെ എത്തിയത് മുതല്‍ എന്തോ ഒരു വല്ലായ്മ. തലേ രാത്രി ഉറക്കം ശരിയാവാത്തത് കൊണ്ടോ അതോ ഇനി ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചത് കുറഞ്ഞു പോയതോ എന്തോ... ആകപ്പാടെ നല്ല ക്ഷീണം. ഞങ്ങള്‍ നാലഞ്ചു പേരു ഒരുമിച്ചു പുല്ലില്‍ കൂടി കാര്യങ്ങളൊക്കെ പറഞ്ഞു നടക്കുവാണ്. ഞാന്‍ ചെറുതായി ആടി തുടങ്ങി(ക്ഷീണം കൊണ്ടുള്ളത്.. ഡോണ്ട് മിസ്സ്‌അന്ടര്സ്ടന്ദ്‌). കണ്ണില്‍ ഇരുട്ട് കേറുക എന്നൊക്കെ കേട്ടിട്ടുണ്ട്.. അപ്പോള്‍ അനുഭവിച്ചു അറിഞ്ഞു. ഇടയ്ക്കിടയ്ക്ക് ആരോ ലൈറ്റ് ഓഫ്‌ ചെയ്യുന്ന എഫ്ഫക്റ്റ്‌. "എന്നെ ആരെങ്കിലും പിടിച്ചോ" എന്നും പറഞ്ഞോണ്ട് ഞാന്‍ നേരെ മുന്നിലേക്ക് 'പോത്തോ' എന്ന് വീഴുന്നു. ജീവിതത്തില്‍ ആദ്യത്തെ ബോധംകെടല്‍ !

ദരിദ്രവാസികള്‍ ആരും എന്നെ പിടിച്ചില്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നേരെ മുന്‍പില്‍ ഒരു ചെളിക്കുഴി ഉണ്ടായിരുന്നത് കൊണ്ടു അവര്‍ രണ്ടു വശത്തായി നീങ്ങി നടന്നു. നടുവില്‍ പോയ്കൊണ്ടിരുന്ന എന്റെ ബ്രയിന് അവിടെ വെച്ചാണല്ലോ ഷട്ട്ഡൌണ്‍ ചെയ്യാന്‍ തോന്നിയത്. എന്തായാലും ചെളിയില്‍ ലാന്‍ഡ്‌ ചെയ്തത് കൊണ്ടു എല്ലിനും പല്ലിനും ഡാമേജ് ഒന്നും സംഭവിച്ചില്ല. പോരാത്തതിന് ചെളി സ്കിന്‍ ട്രീട്മെന്റിനു നല്ലതാണെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. അങ്ങനെ ഒക്കെ വിചാരിച്ചു ആശ്വസിപ്പിച്ച എന്നെ എല്ലാരും കൂടി തൂക്കിയെടുത്തു ഒരു പൈപ്പ് ന്റെ ചോട്ടില്‍ പ്രതിഷ്ടിച്ചു അഭിഷേകം നടത്തി. അവിടെ ഒരു ചേട്ടന്‍ പൈനാപ്പിള്‍ അരിഞ്ഞു വില്‍ക്കുന്നുണ്ടായിരുന്നു. പുള്ളിക്കാരന്റെ കൈയില്‍ നിന്ന്നു ഒരു പൈനാപ്പിള്‍ മൊത്തം കഴിച്ചപ്പോള്‍ ആണ് ബാറ്ററി വീണ്ടും ഫുള്‍ ആയത്‌.ഡിസൈനര്‍ വേഷത്തില്‍ തിരികെ ബസ്സ് കേറാന്‍ വന്നപ്പോള്‍ ഞാന്‍ ആരോടും 'ചെളി ട്രീട്മെന്റ്റ്' കഥ പറഞ്ഞില്ല. അങ്ങനെ അവര്‍ സൌന്ദര്യം കൂട്ടണ്ട !

അടുത്ത സ്റ്റോപ്പ്‌ ബാംഗ്ലൂര്‍ ! ബാംഗ്ലൂര്‍ എന്ന് കേള്‍കുമ്പോള്‍ തന്നെ പയ്യന്മാര്‍ക്കൊക്കെ ഒരു രോമാഞ്ചമാണ്. കാരണം ഞാന്‍ പറയേണ്ടല്ലോ :) അത്രയും നേരം നാട്ടിന്‍പുറത്തെ കോവാലന്മാരെ പോലെ നടന്നവന്മാരോക്കെ ബാംഗ്ലൂര്‍ എത്തിയപ്പോള്‍ പരിഷ്കാരികളായി മാറി. ഷൂസ്, കൂളിംഗ് ഗ്ലാസ്‌, കൈയിലും കഴുത്തിലും ചങ്ങല, ജാകെറ്റ്‌ എന്ന് വേണ്ട ചിലരെ കണ്ടിട്ട് തിരിച്ചറിയാന്‍ പറ്റാത്ത കോലത്തിലായി. ചോദിച്ചപ്പോള്‍ പറയുവാ, " യോ മാന്‍... ദിസ്‌ ഈസ്‌ ബാംഗ്ലൂര്‍ ഫാഷന്‍ ഫോര്‍ നൈറ്റ്‌ ലൈഫ് !" സന്തോഷമായി !

നമ്മുടെ കൂട്ടത്തിലുള്ള ജോണിക്ക് ഇതു കണ്ടു സഹിച്ചില്ല. വേഷം ഇല്ലെങ്ങിലെന്താ... പുതിയത് മേടിച്ചിട്ട് തന്നെ ബാക്കി കാര്യം. അങ്ങനെ അവന് കത്തിവേഷം മേടിക്കാന്‍ ഞങ്ങള്‍ രാത്രി ഷോപ്പിങ്ങിനു ഇറങ്ങി. ജോണി മുന്നിലും ഞങ്ങള്‍ പിന്നിലുമായി നടന്നു തുടങ്ങി. ഓരോ തുണിക്കട എത്തുമ്പോഴും ജോണി അവിടെ കേറും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. അവന്‍ അതൊന്നും മൈന്‍ഡ് ചെയ്യുന്നു കൂടി ഇല്ല. ഇനി ഇവന് അറിയാവുന്ന കട വല്ലതും ഉണ്ടാവുമോ ? എങ്കില്‍ തുച്ചമായ റേറ്റില്‍ നമുക്കും മേടിക്കണം. അവസാനം നടന്നു നടന്നു ജോണി ഒരു വഴിയോരത്ത് ഷര്‍ട്ടും പാന്റും ഒക്കെ കൂട്ടി ഇട്ടു വില്കുന്ന ഒരു കച്ചവടക്കാരന്റെ മുന്‍പില്‍ നിന്നു.

"ഒരു ദിവസത്തേക്ക് ഇവിടുത്തെ തുണി ഒക്കെ മതിയെടെ " അവന്‍ പറഞ്ഞു. ഓഹോ... അമ്പട പിച്ചക്കാരാ... ഇതു നേരത്തെ പറഞ്ഞു കൂടാരുന്നോ?

"ചേട്ടാ... ഒരു അടിപൊളി പാന്റ്സ് പോരട്ടെ.. ലൈറ്റ് കളര്‍ മതി. അതാവുമ്പോ ഡാര്‍ക്ക്‌ ഷര്‍ട്ട്‌ നു മാച്ച് ആവും. ഏറ്റവും വില കുറഞ്ഞത് മതി കേട്ടാ !"

ഹൌ ! ആ അവസാനത്തെ വാചകം വേണ്ടിയിരുന്നോടാ കശ്മലാ... ഞങ്ങള്‍ രണ്ടു സ്റ്റെപ്പ് പിന്നോട്ട് നീങ്ങി മാനത്തേക്ക് നോക്കി നക്ഷത്രങ്ങള്‍ എണ്ണാന്‍ തുടങ്ങി. ഞങ്ങള്‍ ഇവന്റെ കൂടെ വന്നതല്ല, ഇവനെ വഴിയില്‍ നിന്നു കളഞ്ഞു കിട്ടിയതാണ് ചേട്ടാ എന്ന് മനസ്സില്‍ പറഞ്ഞു.

സൈസ് ഒക്കെ ചോദിച്ചിട്ട് ചേട്ടന്‍ ഒരു പാന്റ് എടുത്തിട്ട് പറഞ്ഞു, "ഇതാ! നല്ല തുണിയാ.. വില 700 രൂപ !"

ജോണി എടുത്ത വായില്‍ പറഞ്ഞു, "700 രൂപയോ ? ഇതിനൊ? എന്താ ചേട്ടാ ഇതു ? ഞാന്‍ ഒരു 250 തരും."

ഞങ്ങള്‍ നാല് സ്റ്റെപ്പ് പിന്നോട്ട് നീങ്ങി. ഇവന്‍ മാനത്ത് നോക്കാതെ തന്നെ നക്ഷത്രം കാണും. കിട്ടാനുള്ളത് മൊത്തത്തില്‍ അവന്‍ തന്നെ മേടിച്ചോട്ടെ. നമ്മള്‍ പങ്കു പറ്റാന്‍ പോവുന്നില്ല.

ജോണി തന്റെ ലേലം വിളിയില്‍ ഉറച്ചു നിന്നു. 250 ഇല്‍ നിന്നും അഞ്ചു പൈസ കൂടില്ല. അവസാനം ചേട്ടന് സഹികെട്ടു. പുള്ളിക്കാരന്‍ വേറെ ഒരു പാന്റ്സ് എടുത്തു. എന്നിട്ട് പറഞ്ഞു "300 രൂപയ്ക്കു വേണമെങ്കില്‍ ഇതു തരാം."

കേട്ടപാടെ ജോണി അത് ചാടി മേടിച്ചു വാങ്ങി കാശും കൊടുത്തു സ്ഥലം കാലിയാക്കി. "കണ്ടോടാ മക്കളെ പാതിവിലക്ക് ഞാന്‍ മേടിച്ചത്... വിലപേശല്‍ ഒരു കഴിവാണ്... അത് എല്ലാര്ക്കും കിട്ടില്ല !"

തിരികെ ഹോട്ടല്‍ എത്തുന്നത്‌ വരെ ഇനി ഇവനെ സഹിക്കണമല്ലോ എന്ന് വിചാരിച്ചു ഞങ്ങള്‍ നടന്നു.ഞാനും എന്റെ ഒരു കൂട്ടുകാരനും മുന്നിലും ബാക്കി ഉള്ളവര്‍ പിന്നിലും. അല്പം വിജനമായ സ്ഥലം. ഒരു പാര്ക്ക് ആണെന്ന് തോനുന്നു. കമ്പി വേലി പോലത്തെ മതില്‍ ആണ്. അകത്തു കുറ്റാകൂരിരുട്ട്. ഇടയ്ക്കിടയ്ക്ക് ഹൊറര്‍ പടങ്ങളില്‍ കേള്‍കുന്ന അപശബ്ധങ്ങള്‍ കേള്‍കുന്നുവോ എന്നൊരു സംശയം. ഞങ്ങള്‍ ഓരോന്ന് പറഞ്ഞു നടന്നു കൊണ്ടിരുന്നപ്പോള്‍ ഒരു ശബ്ദം.

"ശ്ശ്ശ്ശ്ഷ്..."

ഞാന്‍ നിന്നു. കൂടെ ഉള്ളവനും നിന്നു. "നീ എന്തെങ്കിലും കേട്ടോ ?" ഞാന്‍ ചോദിച്ചു.

"അതെ... ആരോ വിളിക്കുന്നത് പോലെ... ശ്ശ്ശ്ശ്ശ്ഷ് എന്നൊരു ശബ്ദം!"

ഞങ്ങള്‍ വീണ്ടും ശ്രദ്ധിച്ചു. വീണ്ടും ആ ശബ്ദം -"ശ്ശ്ശ്ശ്ഷ്....."

വേലിയുടെ അപ്പുറത്ത് നിന്നാണ് ആ ശബ്ദം. ഞങ്ങള്‍ പതുക്കെ തിരിഞ്ഞു അങ്ങോട്ട് നോക്കി. 'കള്ളിയന്ക്കാട്ടു നീലി' എന്ന് കേള്‍ക്കുമ്പോള്‍ വെള്ള സാരി ഒക്കെ ഉടുത്ത ഒരു ചേച്ചിയുടെ ഔട്ട് ഓഫ് ഫോക്കസ് രൂപം മനസ്സില്‍ വരില്ലേ... അത് പോലെ വെള്ള വേഷം ഒക്കെ ഉടുത്തു ഒരു പെണ്ണ് ചിരിച്ചു കൊണ്ടു വേലിയുടെ അപ്പുറത്ത് നിന്നു മാടി വിളിക്കുന്നു. രണ്ടു സെക്കന്റ്‌ നേരം ഞങ്ങള്‍ ഫ്രീസ് ആയി നിന്നു. പിന്നെ "അയ്യോ" എന്ന് നിലവിളിച്ചോണ്ട് ഒരു ഓട്ടം ആയിരുന്നു.

നിലവിളി കേട്ടപ്പോള്‍ 'പ്രേതവും' വിരണ്ടെന്നു തോന്നുന്നു. പ്രേതം നിലം തൊടാതെ ഓടുന്നു. പോരാത്തതിന് അകത്തു നിന്നു പലഭാഗങ്ങളിലായി ആരൊക്കെയോ ഓടുന്ന ശബ്ദം. ഇതെന്താ പ്രേതങ്ങളുടെ സംസ്ഥാന സമ്മേളനമോ? ഞങ്ങള്‍ ഓടുന്നത് കണ്ടു പിറകെ നടന്നവന്മാരും ഓടി. കുറച്ചകലെ ചെന്നിട്ടു ഞങ്ങള്‍ നിന്നു.

"എന്താടാ ?? എന്തിനാടാ നിങ്ങള്‍ ഓടിയത് ?"

"അവിടെ... അവിടെ... പ്രേതം ... വെള്ള സാരി... വിളിച്ചു.. " കൂടെ ഉള്ളവന്‍ വിക്കി വിക്കി പറഞ്ഞു.

അപ്പോഴുണ്ട് രണ്ടു പോലീസുകാര്‍ ബൈക്കില്‍ വന്നു ഞങ്ങളുടെ അടുത്ത് സ്റ്റോപ്പ്‌ ഇട്ടു.

"നിങ്ങള്‍ എന്താ ഇവിടെ കറങ്ങി നടക്കുന്നെ ? "

"സാറേ.. ഞങ്ങള്‍ തുണി മേടിക്കാന്‍ ഇറങ്ങിയതാ.. തിരികെ ഹോട്ടലിലേക്ക് പോവുകയാ.."

അവര്‍ ഞങ്ങളെ സൂക്ഷിച്ചു നോക്കി. പറഞ്ഞതു വിശ്വാസമായി എന്ന് തോന്നുന്നു.

"ശെരി ശെരി... ഈ സ്ഥലം അത്ര ശെരിയല്ല... പെണ്ണ് കേസില്‍ അകത്തു കിടക്കണ്ടെങ്കില്‍ വേഗം സ്ഥലം കാലിയാക്കാന്‍ നോക്ക് !"

ഓഹോ... അപ്പൊ അങ്ങനെ ആണ് കാര്യങ്ങള്‍. പ്രേതം വിളിച്ചത് ചുണ്ണാമ്പു കിട്ടാന്‍ വേണ്ടിയല്ല. എന്തായാലും ഹോട്ടല്‍ എത്തുന്നത്‌ വരെ ബാക്കി ഉള്ളവന്മാര്‍ക്ക് കളിയാക്കാന്‍ ഒരു സംഭവം ആയി.

റൂമില്‍ എത്തിയപ്പോള്‍ ജോണി തന്റെ പുതിയ പാന്റ്സ് ട്രൈ ചെയ്യാന്‍ പോയി. അകത്തു പോയ ഉള്ള ആവേശം തിരികെ വന്നപ്പോള്‍ ഇല്ല.

"എടാ... ഈ പാന്റിനു എന്തോ പ്രശ്നം ഉണ്ട്. ഭയങ്കര ഇറുക്കം. വലിച്ചു കേറ്റാന്‍ പെട്ട പാടു എനിക്കറിയാം."

ഞങ്ങള്‍ പാന്റ് മേടിച്ചു പരിശോധന തുടങ്ങി. ഷേപ്പ് ഇല്‍ തന്നെ എന്തോ വശപിശക്‌. പോരാത്തതിന് സിപ്‌ ഇല്ല. ബട്ടണ്‍, കൊളുത്ത് മുതലായവ ഒന്നുമില്ല.. ആക്കപ്പാടെ ഒരു കയറു മാത്രം. അത് വലിച്ചു കെട്ടണം. ആഹാ... സംഭവം പിടിക്കിട്ടി. റൂമില്‍ കൂട്ടച്ചിരി മുഴങ്ങി.

ജോണി അപ്പോഴും ഒന്നുമറിയാത്ത കുഞ്ഞാടിനെ പോലെ നില്കുന്നു.

"എന്താടാ ചിരിക്കുന്നെ ? എന്താടാ പ്രശ്നം ?"

"എടാ... അങ്ങേരു നിന്നെ തേചെടാ... ഇതു ലേഡീസ് പാന്റ്സാ !"

കൂടുതല്‍ തേപ്പുകള്‍ വരും പോസ്റ്റുകളില്‍........ :)

3 comments:

  1. ഹ ഹ .. ഓരോ തേപ്പു വരുന്ന വഴിയെ.... പാവം ജോണികുട്ടി

    ReplyDelete
  2. kashtam... salwar um pants um kandal thirichariyatha aalkkaranalle b'lore il chethan poyatu?

    ReplyDelete
  3. lol!...ithokke ningalkke pattooo...sammathiche....:P

    ReplyDelete