ആറടി പൊക്കവും അതിനൊത്ത വണ്ണവും കാണാന്‍ അതിസുന്ദരനും ആയ ഒരു രൂപം മനസ്സില്‍ വിചാരിക്കുക. ഇനി അതിന് നേരെ വിപരീതമായ ഒരു രൂപം സങ്കല്‍പ്പിക്കുക. അതാണ് അനില്‍. നമ്മളൊക്കെ ഡ്രസ്സ് മേടിക്കാന്‍ പോവുമ്പോള്‍ അനില്‍ കിഡ്സ് വെയര്‍ സെക്ഷനില്‍ അലഞ്ഞു തിരിഞ്ഞു നടക്കും. ബസില്‍ സ്ടുടെന്റ്സ് ടിക്കറ്റില്‍ സ്ഥിരം യാത്ര ചെയ്യുന്ന ഇവന്‍ തരം കിട്ടിയാല്‍ യാത്രക്കാരുടെ മടിയില്‍ ഇരിക്കാനും മടി കാട്ടാറില്ല. ഇന്ത്യയിലെ ഏറ്റവും ചെറിയ ബോഡി ബില്ടെര്‍ സ്ഥാനം കരസ്ഥമാക്കാന്‍ വേണ്ടി ആശാന്‍ ഇപ്പോള്‍ ജിമ്മിലും പോയി തുടങ്ങിയിട്ടുണ്ട്.
അനിലിന്റെ കൂട്ടുകാരന്‍ കിരണിന്റെ ചേച്ചിയുടെ കല്യാണം ആണ് ലൊക്കേഷന്‍. അനിലിനു കൂട്ടായി ദാസപ്പനും അനീഷും ഉണ്ട്. കൃത്യനിഷ്ടത മൂന്നിന്റെയും കൂടപ്പിറപ്പ് ആയതു കൊണ്ടു താലികെട്ട് കഴിഞ്ഞിട്ടാണ് എല്ലാരും എത്തിച്ചേര്‍ന്നത്. പിന്നെ കിരണിനെ ഒക്കെ കണ്ടുപിടിച്ചു തല കാണിച്ചു വധൂവരന്മാരുടെ ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തപ്പോഴേക്കും സമയം കുറച്ചായി. അതിനാല്‍ രണ്ടാമത്തെ പന്തിയില്‍ ആണ് എല്ലാരും സദ്യ ഉണ്ണാന്‍ കേറിയത്.

ഒരു വരിയുടെ അവസാന മൂന്ന് സീറ്റുകളില്‍ അനീഷ്, നടുക്ക് ദാസപ്പന്‍ പിന്നെ ഏറ്റവും അറ്റത്ത് അനിലും സ്ഥാനം പിടിച്ചു. മേശപ്പുറത്തു അപ്പോള്‍ പേപ്പര്‍ വിരിച്ചിട്ടിട്ടുണ്ട്. ഇല ഇട്ടു തുടങ്ങുന്നതെ ഉള്ളു. രാവിലെ മുതല്‍ പട്ടിണി കിടന്നത് ഈ ഒരു സംഭവത്തിനു വേണ്ടിയാണല്ലോ. അങ്ങനെ നമ്മുടെ കഥാനായകന്മാര്‍ ഇരിക്കുന്ന വരിയിലും ഇല ഇട്ടു തുടങ്ങി. അനീഷിനു കിട്ടി. ദാസപ്പന് കിട്ടി. അനിലിന്റെ അടുത്ത് എത്തിയപ്പോള്‍ ഇല തീര്‍ന്നു പോയി. തന്റെ ഊഴം വന്നപ്പോള്‍ ടിക്കറ്റ് കൌണ്ടറില്‍ ഹൌസ് ഫുള്‍ ബോര്‍ഡ് കണ്ട ഭാവത്തോടെ അനില്‍ ആ ചേട്ടനെ നോക്കി.
"അയ്യോടാ.. മോന്‍ വിഷമിക്കേണ്ട... മോന് വേണ്ടി ഒരു ചെറിയ ഇല ഞാന്‍ ഇപ്പൊ കൊണ്ട് വരാം !"
ഇത് കേട്ട ദാസപ്പന്‍ ഞെട്ടുന്നു. അവന്‍ കാര്യങ്ങള്‍ വിശദമാക്കുന്നു.
"ചേട്ടാ... ഈ രൂപം കണ്ടു തെറ്റിദ്ധരിക്കരുത്. ഒടുക്കത്തെ തീറ്റിയാ. ചേട്ടന്‍ കിട്ടാവുന്നതില്‍ ഏറ്റവും വലിയ ഇല തന്നെ കൊണ്ട് വരണേ ! "
അനിലിനു കുറച്ചു സന്തോഷമായി. ദാസപ്പന്‍ തന്നെ കുറിച്ച് ഒരു നല്ല കാര്യം എങ്കിലും പറഞ്ഞല്ലോ. എന്തായാലും ചേട്ടന്‍ പറഞ്ഞത് പോലെ തന്നെ ചെയ്തു. അനിലിനെ പൊതിഞ്ഞു കെട്ടി കൊണ്ട് പോവാന്‍ പാകത്തില്‍ ഒരു ഇല തന്നെ കൊണ്ട് വന്നു വെച്ചു
അടുത്തതായി പഴം വിളമ്പാന്‍ തുടങ്ങി. അത്ഭുതമെന്നു പറയട്ടെ ഇപ്പ്രാവശ്യവും അനിലിന്റെ അടുത്ത് എത്തിയപ്പോള്‍ പഴം തീരുന്നു. പഴം വിളമ്പിയ ചേട്ടന്‍ അനിലിന്റെ വാടിയ മുഖം കണ്ടു അവനെ ആശ്വസിപ്പിച്ചു.
"കുട്ടാ... കരയാതെ. ഞാന്‍ ഇപ്പൊ പോയി പഴം കൊണ്ട് വരാം. അത് വരെ മോന്‍ ഈ മാമന്റെ പഴം വെച്ചോ !"
ഇങ്ങനെ പറഞ്ഞോണ്ട് അയാള്‍ ദാസപ്പന്റെ ഇലയില്‍ വെച്ചിരുന്ന പഴം എടുത്തു അനിലിന്റെ കൈയില്‍ കൊടുത്തു. കൈയില്‍ ഒളിമ്പിക് ടോര്‍ച്ച് കിട്ടിയത് പോലെ ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അനില്‍ പഴവും പിടിച്ചോണ്ട് ദാസപ്പനെ നോക്കി. ദാസപ്പന്‍ തനിക്കു കിട്ടിയ പുതിയ പദവിയില്‍ ഞെട്ടി തരിച്ചു ഇരിക്കുന്നു. പുതിയ ബന്ധങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നു ഈ ആഴ്ചത്തെ വാരഫലത്തില്‍ കണ്ടത് ഇവന്റെ മാമന്‍ ആവാന്‍ ആയിരുന്നോ എന്ന് ഒരു നിമിഷത്തേക്ക് ദാസപ്പന്‍ ആലോചിച്ചു.
"ഡാ ദാസപ്പാ... അങ്ങേരു പറഞ്ഞത് കേട്ടില്ലേ? നീ എന്റെ മാമന്‍ ആണെന്ന് ! ചില്ലി മാന്‍... ഛെ.. സില്ലി മാന്‍ !"
"അളിയാ... പതുക്കെ പറയെടാ... ചുറ്റും പെണ്ണുങ്ങളൊക്കെ ഉണ്ട് !"
"അതിനെന്താടാ ? ഞാന്‍ ഇനി നിന്നെ അങ്ങനെയേ വിളിക്കൂ... മാമാ "
ഉച്ചത്തിലുള്ള ആ വിളി കേട്ട് അപ്പുറത്തെ വരിയില്‍ ഇരുന്ന രണ്ട് പെണ്‍കൊടികള്‍ ദാസപ്പനെ രൂക്ഷമായി നോക്കി. ഇവന്‍ തന്റെ അഭിമാനം സാമ്പാറില്‍ മുക്കും എന്ന് ഉറപ്പിച്ച ദാസപ്പന്‍ ആ കടുംകൈ ചെയ്തു. അടുത്ത പ്രാവശ്യം അനിലിനു 'മാ' എന്ന് പറയാനെ കഴിഞ്ഞുള്ളൂ.രണ്ടാമത്തെ 'മാ' പറയും മുന്‍പ് അവന്റെ കൈയില്‍ ഇരുന്ന പഴം ദാസപ്പന്‍ വായില്‍ തിരുകി കേറ്റി. പഴം കൊണ്ട് വരാന്‍ പോയ ചേട്ടന്‍ തിരികെ വന്നപ്പോള്‍ നമ്മുടെ അനില്‍ എല്ല് കടിച്ചു പിടിച്ച ടോബര്‍മാനെ പോലെ കണ്ണും തള്ളി ഇരിക്കുന്നു.
"മോന്‍ ആള് കൊള്ളാമല്ലോ. വിശപ്പ് സഹിക്കാന്‍ വയ്യാതായപ്പോള്‍ തീറ്റി തുടങ്ങി അല്ലെ. ഒരു പഴം കൂടി പിടിച്ചോ. പിന്നെ തൊണ്ടയില്‍ കുടുങ്ങാതെ സൂക്ഷിക്കണേ !"
ഉവ്വ് ഉവ്വ്. ശല്യം സഹിക്കാന്‍ വയ്യാതെ തിരുകി കേറ്റിയതാണെന്നു ആരും അറിയണ്ട.ദാസപ്പന്‍ മനസ്സില്‍ കരുതി. അനീഷ് ഇതൊന്നും അറിയാതെ അവന്റെ സ്വന്തം ലോകത്തില്‍ ഇരിക്കുവാണ്. വെബ് ഡിസൈനര്‍ ആയ അവന്‍ ആ ഏരിയയില്‍ ഉള്ള ചെല്ലക്കിളികളെ ആരെയെങ്കിലും തന്റെ വെബില്‍ വീഴ്ത്താന്‍ പറ്റുമോ എന്ന് സ്കാന്‍ ചെയ്യുവാണ്. അതിനോടൊപ്പം ഇലയില്‍ കറികള്‍ കൊണ്ട് പുതിയ ഡിസൈനുകള്‍ തീര്‍ക്കാനും അവന്‍ ശ്രമിക്കുന്നുണ്ട്. അനിലിന്റെ തോള്ളവിളി തന്റെ പ്രോഗ്രാം എക്സിക്യുഷനില്‍ ബഗ് ആയിട്ട് കടന്നു വന്നപ്പോള്‍ ദാസപ്പന്‍ ചെയ്ത പഴം ഹാണ്ടലിംഗ് അനീഷിനു നന്നേ ഇഷ്ടപ്പെട്ടു.
ചോറും കറികളും പരിപ്പും ഒക്കെ വന്നു. ദാസപ്പന്‍ പപ്പടം എടുത്തു പരിപ്പിന് പുറത്തു കൂടി ടൈറ്റാനിക് കപ്പല്‍ കടലില്‍ കൂടി പോവുന്നത് പോലെ ഓടിക്കുന്നു. പിന്നെ ഐസ് ബെര്‍ഗ് ഇല്ലാതെ തന്നെ പപ്പടം തവിട് പൊടി ആക്കുന്നു. ഇതൊക്കെ കണ്ടു അനിലിനു സഹിക്കുന്നില്ല.
"എന്തുവാടെ ഇത്? പരിപ്പില്‍ പപ്പടം ഓടിച്ചു കളിക്കുന്നോ? നീ ആരെടെ കപ്പിത്താനോ?" അനില്‍ ചോദിച്ചു.
"അതെ... ക്യാപ്ടന്‍ ജാക്ക് സ്പാരോ !" (pirates of caribbean) ദാസപ്പന്‍ ഗമയില്‍ പറഞ്ഞു.
അനില്‍ അവനെ അടിമുടി നോക്കി.
"പിന്നേ.. ജാക്ക് സ്പാരോ പോലും... നിനക്ക് പറ്റിയ പേര് ഞാന്‍ പറയാം. ക്യാപ്ടന്‍ ചക്ക കുരുവി...!"
അനീഷിന്റെ ചുമ കേട്ടപ്പോഴാണ് ദാസപ്പന് സ്ഥലകാല ബോധം വന്നത്. പാവം അനീഷ് 'ചക്ക കുരുവി' എന്നാ പേര് കേട്ട് ചിരിച്ചു ചിരിച്ചു ചോറ് കപ്പി! വില്ലന്മാര്‍ കത്തി കാട്ടി നാട്ടുകാരെ നിശബ്ധര്‍ ആക്കുന്നത് പോലെ ദാസപ്പന്‍ തന്റെ ഇലയില്‍ ഇരുന്ന പഴം എടുത്തു അനിലിനു നേരെ ചൂണ്ടി. അവനു കാര്യം മനസ്സിലായി. അനില്‍ പിന്നെ നിശബ്ദനായി ചോറ് വിഴുങ്ങുന്നതില്‍ തന്റെ ശ്രദ്ധ കേന്ദ്രികരിച്ചു.
സദ്യ ഉണ്നുന്നതില്‍ മൂന്ന് പേരും ഒന്നിനൊന്നു മെച്ചം ആയിരുന്നു. വിളമ്പുന്ന ആളുകള്‍ ഭൂമി സൂര്യനെ ചുറ്റുന്നത് പോലെ ഇവര്‍ക്ക് ചുറ്റും കറങ്ങി നടന്നു. അനിലിനു വിളമ്പുന്ന മനുഷ്യന്‍ ഇടയ്ക്കിടയ്ക്ക് അവന്റെ സീറ്റിന്റെ അടിയില്‍ ഒക്കെ നോക്കുന്നുണ്ട്. ഇത് കണ്ടു അനിലിനു പരിഭ്രമം.അവന്‍ ദാസപ്പനോട് സംശയം ചോദിച്ചു.
"എടാ ദാസപ്പാ... അങ്ങേരു എന്തിനാടാ എന്നെ ഇങ്ങനെ വല്ലാത്ത രീതിയില്‍ നോക്കണേ ?"
"നിന്റെ ഗ്ലാമര്‍ കണ്ടിട്ടാവും... അല്ല പിന്നെ "
"തമാശ വിട്.... ദാ നോക്ക്... അങ്ങേരു വീണ്ടും എന്റെ ചുറ്റും കറങ്ങി നിന്നിട്ട് പോയി !"
ദാസപ്പന്‍ സിടുവേഷന്‍ അനലൈസ് ചെയ്തു. അവന്റെ തലയിലെ പൊടി പിടിച്ചു കിടന്ന ബള്‍ബ് കത്തി.
"നീ പേടിക്കേണ്ട.. നീ ഇതൊക്കെ ശെരിക്കും തിന്നുവാണോ അതോ പൊതിഞ്ഞു കെട്ടി കൊണ്ട് പോവാണോ എന്ന് പുള്ളിക്കാരന്‍ വെരിഫൈ ചെയ്തതാ... അമ്മാതിരി വെട്ടല്ലെയോ വെട്ടുന്നെ !"
അനിലിനു സമാധാനമായി. അവസാനം എല്ലാരും പായസം ഒക്കെ കഴിച്ചു കൈ കഴുകാന്‍ എഴുന്നേല്‍ക്കുന്നു. അനില്‍ അപ്പോഴും ഒരു കുന്നു ചോറും വെച്ച് വെയിറ്റ്ചെയ്യുവാനു.
"ഡാ... നീ ഇത് വരെ കഴിഞ്ഞില്ലേ ? ഈ ചോറ് എന്തിനാ ബാക്കി വെച്ചേക്കുന്നെ ? "
"അതോ .... ഇനി മോര് കൊണ്ട് വരും. അതും കൂട്ടി കഴിക്കാന്‍ വേണ്ടിയാ.. നിങ്ങള്‍ പൊയ്ക്കോ....ഞാന്‍ വന്നോളാം !"
ദാസപ്പനും അനീഷും പുറത്തിറങ്ങി അനിലിനെ വെയിറ്റ് ചെയ്തു തുടങ്ങി. കാത്തിരുന്നു കാത്തിരുന്നു അടുത്ത പന്തിയില്‍ ആളുകള്‍ കഴിച്ചു തുടങ്ങിയിട്ടും അനിലിനെ കാണ്മാനില്ല. പിന്നെയും ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആശാന്‍ ആടിയാടി വരുന്നു.
"നീ എന്തെടുക്കുവാരുന്നു? എത്ര നേരമായി ഞങ്ങള്‍ കാത്തിരിക്കുന്നു !"
"അതോ... ഒന്നും പറയണ്ട... മോര് ആരും കൊണ്ട് വന്നില്ല.... കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്ത പന്തിയിലേക്കുള്ള വിളമ്പല്‍ തുടങ്ങി. ചോറ് വേസ്റ്റ് ആക്കാന്‍ പാടില്ലല്ലോ. അത് കൊണ്ട് ഞാന്‍ ബാക്കി ഉണ്ടായിരുന്ന ചോറ് വെച്ച് ഒരു റൌണ്ട് കൂടി സദ്യ കഴിച്ചിട്ട് വേഗം ഇറങ്ങി !"
ദാസപ്പനും അനീഷും ഫ്ലാറ്റ് !!
വാല്‍ക്കഷ്ണം : ഈ സംഭവങ്ങള്‍ ഒക്കെ വിശദമായി വിവരിച്ചു തന്ന ദാസപ്പനുള്ള നന്ദി (തേപ്പ്) ഈ പോസ്റ്റില്‍ ഞാന്‍ രേഖപെടുത്തുന്നു . ഈ ബ്ലോഗ്ഗില്‍ കഥാപാത്രങ്ങള്‍ ആവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി സമീപിക്കുക !